യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. നമ്പി നാരായണന്‍ കേസില്‍ സുപ്രീം കോടതി വിധി ഉണ്ടാക്കുവാന്‍ പോകുന്ന ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ചു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പരാമര്‍ശിക്കുന്നു. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചതിലൂടെ കാല്‍ നൂറ്റാണ്ട് നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കാണ് അന്ത്യമായത്.

വൈവിധ്യമായ രചനകളാല്‍ സമ്പന്നമായ ഈ ലക്കത്തില്‍ പ്രമുഖ നോവലിസ്റ്റായ പി. സുരേന്ദ്രനുമായി നടത്തിയ അഭിമുഖം വായനക്കാരന് എഴുത്തുകാരന്റെ എഴുത്തിനെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അടുത്തറിയുന്നതിന് സാധിക്കും. വളരെ കുറഞ്ഞ വാക്കുകളാല്‍ തന്റെ സ്മരണകള്‍ എഴുതി വായനക്കാരെ ചിന്തയുടെ മറ്റൊരു ലോകത്തേക്ക് നയിക്കുന്ന ജോര്‍ജ് അറങ്ങാശ്ശേരിയുടെ പംക്തിയില്‍ പുതിയൊരു അനുഭവുമായി ജോര്‍ജ് നിഴലുകള്‍ ഉറങ്ങാറില്ല എന്ന അധ്യായത്തിലൂടെ എത്തുന്നു. 2013ല്‍ ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി കേരളത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രവചനം പോലെയാണ് ഫലിച്ചത്. പ്രളയനാന്തരം എന്ന ലേഖനത്തിലൂടെ വീണ്ടും വായനക്കാരനത് വായിക്കുവാനാകും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ സരസ്വതി രാജാമണിയെക്കുറിച്ചുള്ള അജോ ജോര്‍ജ്ജ് എഴുതിയ ലേഖനം വായനക്കാരനെ ത്രസിപ്പിക്കും. സിനിമാലോകത്തെ വാര്‍ത്തകള്‍ എന്നും വായക്കാരന്‍ ഇഷ്ടപ്പെടുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ വെള്ള എന്ന സിനിമയോട് ബന്ധപ്പെട്ടുള്ള അനുഭവങ്ങള്‍ സംവിധായകനായ ഹരിഹരന്‍ വിവരിക്കുന്നു.

ഹക്കിം മൊറയൂരിന്റെ അങ്കിള്‍, ശ്രീധര്‍ ആര്‍. എന്‍ എഴുതിയ അവസ്ഥാന്തരം, അമ്മു സന്തോഷിന്റെ സ്‌ട്രോബറി എന്നീ കഥകള്‍ കഥാവിഭാഗത്തെ സമ്പന്നമാക്കുന്നു. ശ്രീജ ജയചന്ദ്രന്‍ രചിച്ച കവിത ‘ഞാന്‍ എന്ന നീ’ യും മനോഹരമായ രചനയാണ്.

ജ്വാല ഇ മാഗസിന്റെ സെപ്തംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.