literature

റ്റിജി തോമസ്

സമയം ഏതാണ്ട് ഉച്ചയോടെ  അടുത്തിരുന്നു. എങ്കിലും എനിക്ക് സന്ധ്യ ആയതുപോലെ തോന്നി. അവളുടെ മുഖത്തും വസ്ത്രങ്ങളിലും ഭാവത്തിലുമെല്ലാം സന്ധ്യയുടെ വിഷാദച്ഛായ പരന്നിരുന്നു.

‘വീട്ടിലോട്ടു പോയാലോന്ന്…… ‘

അതു പറയുമ്പോള്‍ അവളുടെ ഉള്ള് എത്രമാത്രം വേദനിക്കുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു.

അഞ്ജന ജോലി ഉപേക്ഷിച്ച് വീട്ടില്‍ പോകുന്നതിനെ എതിര്‍ക്കാന്‍ പകുതി കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു. ഈ നഗരത്തിലെ ഒറ്റപ്പെടല്‍ പേടിപ്പിക്കുന്ന മരണകരമായ എന്തോ ഒന്ന് പോലെ ഞാന്‍ ഭയപ്പെട്ടു.

ജോലിയുടെ ബുദ്ധിമുട്ടുകളാണ് അഞ്ജനയെ വേദനിപ്പിക്കുന്നത് എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. കുറേ കടമെടുത്ത വാക്കുകള്‍ പറഞ്ഞ് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചതുമാണ്.

‘നീ ഇപ്പോള്‍ സംസാരിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ പോലെ മാത്രം ആണ്……..’

അങ്ങനെയാണ് അഞ്ജനയെ ജോസഫ് മാത്യുവിന്റെ ഓഫീസിലേക്ക് പറഞ്ഞയച്ചത്. ജോസഫ് മാത്യുവിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമായിരുന്നു. ഞാന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിന്റെ അടവുകള്‍പയറ്റുമ്പോള്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്താനുള്ള അയാളുടെ സാമര്‍ത്ഥ്യം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇടയ്‌ക്കൊക്കെ ബൈബിളും ഭഗവത്ഗീതയും ഉദ്ധരിച്ച് തന്റെ പാണ്ഡിത്യം പ്രകടിപ്പിക്കാനും അയാള്‍ മടിച്ചിരുന്നില്ല.

മടങ്ങിവന്ന അഞ്ജനയുടെ മുഖം ഒന്നുകൂടി ചുവന്നതായിരുന്നു.
ജോസഫ് മാത്യുവിന്റെ ഓഫീസ് വീടിന്റെ രണ്ടാമത്തെ നിലയിലാണ്.
ഗേറ്റ് കടന്ന് ചെന്ന അഞ്ജനയെ എതിരേറ്റത് കൂറ്റന്‍ അല്‍സേഷന്‍ നായയുടെ കുരകളാണ്. വിജനമായ അന്തരീക്ഷത്തില്‍ പട്ടി കുരകള്‍ക്ക് സുല്ലിട്ടു കൊണ്ട് അവള്‍ തിരിച്ചു നടന്നു. നായ ബന്ധവസുള്ള കൂട്ടില്‍ആണെന്ന് അവള്‍ക്ക് ചിന്തിക്കാമായിരുന്നു.

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി നഗരത്തില്‍ ജോലി ലഭിച്ച് കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരേ കോളജില്‍ പഠിച്ച അഞ്ജനയെ കണ്ടത്. എന്തോ അപ്പോഴെനിക്ക് അവള്‍ എല്ലാവരെക്കാളും വേണ്ടപ്പെട്ടവളായി തോന്നി. മുങ്ങിത്താഴുന്നവനു കിട്ടുന്ന കച്ചിത്തുരുമ്പ് പോലെ എത്തൊ ഒന്ന്.

‘നിനക്ക് ദുഃഖങ്ങള്‍ ഇല്ലേ…? ‘ ഒരിക്കല്‍ അഞ്ജന ചോദിച്ചപ്പോള്‍ എനിക്ക് പൊട്ടി ചിരിക്കാനാണ് തോന്നിയത്. ഒരു പൊങ്ങുതടിപോലെ ഒഴുകി നടക്കുന്ന അനുഭവം.

ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എപ്പോഴും സന്തോഷവാന്‍ ആയിരിക്കണം. അവന്റെ വാചാലതയില്‍ ഒരിക്കലും ദുഃഖത്തിന്റെ നിഴലുകള്‍ ഉണ്ടാകാന്‍ പാടില്ല. എന്റെ ദുഃഖങ്ങളും പ്രയാസങ്ങളും വാക്കുകളില്‍ കലരാന്‍ പാടില്ല.

‘ഇന്ന് അവനെ വീഴ്ത്തിയ പറ്റൂ സഡന്‍ ഡെത്ത് അല്ലെങ്കില്‍ മറ്റവന്‍ കൊത്തി കൊണ്ടുപോകും’ സീനിയര്‍ മാനേജര്‍ പറഞ്ഞു.

പക്ഷേ പറ്റിയില്ല. ഓര്‍ഡര്‍ കിട്ടിയില്ല. മാനേജറുടെ കറുത്ത മുഖം അത്ര സുഖകരമായിരുന്നില്ല.

ഓര്‍ഡറുകള്‍ ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. നഷ്ടപ്പെട്ട ഓര്‍ഡറുകള്‍ പേക്കിനാവുകള്‍ ആകുന്നു, വീണ്ടും വീണ്ടും മുള്ളുകളായി മനസ്സിനെ വേദനിപ്പിക്കുന്നു.

എന്റെ മനസിന്റെ സന്തോഷം മറ്റുള്ളവരുടെ കാരുണ്യത്തിനു മുന്നില്‍ ഓച്ഛാനിച്ച് നിന്നു.

ഒറ്റപ്പെടലിന്റെ വേദനകളില്‍ ഞാനെന്റെ ഗ്രാമത്തിലേക്ക് മുങ്ങാംകുഴിയിട്ടു.

വേദനയുടെയും അപമാനത്തിനും ഉച്ചസ്ഥായിയില്‍ കണ്ണുകളില്‍ നനവ് ഊറുമ്പോള്‍ മനസ്സുകൊണ്ട് ഞാനെപ്പോഴും എന്റെ ഗ്രാമത്തില്‍ ആയിരിക്കും. അവിടെ സങ്കടങ്ങളുടെയും പരിദേവനങ്ങളും ഭാണ്ഡക്കെട്ട് തുറന്ന് എന്റെ മനസ്സ് നാട്ടുവഴികളിലൂടെ ഉഴറി നടക്കും…

വെയിലും മഴയുമേറ്റ് നിറം നഷ്ടപ്പെട്ട തോരണങ്ങള്‍ പോലെ ഓരോ ദിവസവും കടന്നു പൊയ്‌ക്കൊണ്ടേയിരിക്കുന്നു…

അകലെ എന്റെ ഗ്രാമം ഉണരുമ്പോഴും ഞാനിവിടെ ഏത്തൊ അനിശ്ചിതത്വത്തിന് പിടിയില്‍ വെറുതെ കിടക്കുകയാവും…

അങ്ങനെയുള്ള പുലര്‍കാലങ്ങളില്‍ ചിലപ്പോഴൊക്കെ അഞ്ജന എന്റെ മനസ്സില്‍ കടന്നു വന്നിരുന്നു. ആദ്യകാലങ്ങളില്‍ മുല്ലപ്പൂക്കളുടെ സുഗന്ധവും ഉണ്ടായിരുന്നു.

ഒരു വര്‍ഷത്തിന് മുമ്പാണ് അഞ്ജനയെ അവസാനം കണ്ടത്. വിവാഹത്തിന് ക്ഷണിച്ചിട്ട് അവള്‍ ചോദിച്ചു
‘എങ്ങനെയുണ്ട് ജോലി… നല്ല അലച്ചിലാ അല്ലേ….’
കുറെ നാളുകള്‍ക്ക് മുമ്പ് മാത്രം പിരിഞ്ഞ, എന്റെ ദുഖങ്ങളും സന്തോഷങ്ങളും പങ്കിട്ടിരുന്ന അഞ്ജന അങ്ങനെ ചോദിച്ചപ്പോള്‍ ശരിക്കും ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു.

ഞാന്‍ വെറുതെ ചിരിച്ചു
‘ബാങ്കിലാ ജോലി ഇപ്പൊ ചെന്നൈയിലാണ് ഉടനെ ഞാന്‍ അങ്ങോട്ട് പോയേക്കും. ‘

അവള്‍ക്ക് ഒത്തിരി പറയാനുണ്ടായിരുന്നു

‘നല്ല ഒരു ജോലി ഉള്ളതാ എല്ലാവര്‍ക്കും ഇഷ്ടമായത് ഇന്ന് വരും നാളെ പോകും എന്ന് പറയുന്ന ജോലിയാണെങ്കില്‍….’
അഞ്ജന മുഴുപ്പിചില്ല. അവസാന വാക്കുകള്‍ പറയുമ്പോള്‍ അവള്‍ എന്റെ മുഖത്തുനിന്നും കണ്ണുകള്‍ എടുത്തിരുന്നു. അല്ലെങ്കില്‍ ഒരു ചോദ്യചിഹ്നമായി ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞെനെ….

ഒരുപക്ഷേ അര്‍ത്ഥമില്ലാത്ത ഒരു സ്‌നേഹപ്രകടനം പോലെ അവളുടെ കണ്ണുകളില്‍ എന്നെ അലിയിച്ച് എടുക്കാന്‍ പറ്റിയ ഒരു സഹതാപം ഉറവ എടുത്തേനെ….

അഞ്ജനയോട് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. പലപ്പോഴും അര്‍ത്ഥമില്ലാതെ ചിരിക്കുക മാത്രം ചെയ്തു. ഞങ്ങള്‍ വളരെ വളരെ അകലെയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.

ഇന്നിപ്പോള്‍ ഈ നഗരത്തില്‍ എന്റെ വഴികള്‍ തുരുമ്പ് പിടിച്ചു കിടക്കുന്നു. കാലിടറുന്ന ദൈന്യതയില്‍ ഒരു പിടിവള്ളിക്കുവേണ്ടി മനസ്സ് കൊതിച്ചു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കഞ്ഞിയില്‍ നിന്നും വമിക്കുന്ന ചൂടുള്ള നീരാവി ആത്മാവിനെ സ്പര്‍ശിക്കുന്നത് ഞാനറിഞ്ഞു. മനസ്സുകൊണ്ട് ഞാന്‍ പറന്നു. എന്റെ ഗ്രാമത്തിന്റെ ഗന്ധം എനിക്ക് അനുഭവപ്പെടുക ആയി. ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ ഉയരുന്ന ഞാനറിഞ്ഞു. എനിക്ക് താങ്ങാവുന്നതിലും വലുത്.

തടയിടാന്‍ ശ്രമിക്കുന്തോറും ഓര്‍മ്മകള്‍ ഏതോ പൂര്‍വ്വവൈരാഗ്യത്തില്‍എന്നവണ്ണം കയറിവരുന്നു….

പിന്നെ എപ്പോഴോ ഞാന്‍ വര്‍ത്തമാനകാലത്തിലേക്ക് എത്തിപ്പെട്ടു…….

അവിടെ ഒരിക്കലും പഠിക്കാന്‍ ഇഷ്ടമില്ലാത്ത ഭാഷയിലെ വ്യാകരണ പാഠങ്ങള്‍ പോലെ എന്റെ ജീവിതം .

…………………………………………………………………………………………..

 

 

 

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്.

ഫോട്ടോ- മധു ഓമല്ലൂര്‍, ചിത്രീകരണം- അനുജ. കെ

അനുജ. കെ

മെട്രോ റെയില്‍ ശരവേഗത്തില്‍ കുതിച്ചു പായുകയാണ് ട്രയല്‍റണ്‍ നടത്തുകയാണേ്രത!. ആശുപത്രിയുടെ അഞ്ചാം നിലയിലെ ഇടനാഴിയില്‍ നിന്നും നോക്കിയാല്‍ റെയില്‍ പാതയും സ്റ്റേഷനുമൊക്കെ വ്യക്തമായി കാണാം. റെയിലിന്റെ വേഗം പോലെ എന്റെ മനസും ശരീരവും കുതിക്കുകയാണ്. കാര്‍ന്നു തിന്നുന്ന കാര്‍സിനോമയില്‍ നിന്നും അച്ഛനെ രക്ഷപ്പെടുത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളു മുന്നില്‍.

ആശുപത്രിയില്‍ എത്തുന്നതിന് ദിവസങ്ങളില്‍ പുലര്‍കാല സ്വപ്‌നങ്ങളില്‍ ഞാനൊരു ക്യാന്‍സര്‍ രോഗിയാവാറുണ്ടായിരുന്നു. മാറില്‍ അടുക്കിപ്പിടിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി ആശുപ്ത്രി വരാന്തയിലൂടെ അലയുന്ന എന്റെ മനസ് പറക്കമുറ്റാത്ത രണ്ട്ു കുഞ്ഞുങ്ങളയോര്‍ത്ത് തേങ്ങുകയായിരുന്നു. സ്വപ്‌നം അച്ഛനായി വഴിമാറിയെന്ന് പിന്നീടറിഞ്ഞു.

താടിയില്‍ കനം തൂങ്ങുന്ന ഒരു മാംസക്കഷ്ണവും ശരീരം നിറയെ ട്യൂബുകളുമായി റെയിലിനെ നോക്കി നില്‍ക്കുന്ന അച്ഛനെ തിരിച്ചുകിട്ടാന്‍ പോകുന്ന ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഊറിയ ചിരിയായിരുന്നു ശിഷ്ടം.

നഴ്‌സിംഗ് സ്‌റ്റേഷനിലെ മണിപ്ലാന്റിനെ നോക്കി ചിരിച്ചു കുശലം പറഞ്ഞിരിക്കുന്ന അച്ഛന്‍, വീട്ടിലെ തന്റെ ഒമനകളായ ഓര്‍ക്കിഡുകളെയും പൂച്ചെടികളെയും അതില്‍ കാണുന്നതായാണ് എനിക്ക് തോന്നിയത്. ഒരു പതിവു അഞ്ചുമിനിറ്റ് നടത്തത്തിന് പോയപ്പോള്‍ മണിപ്ലാന്റിനെ കാണാനില്ല. ആംഗ്യഭാഷയില്‍ എവിടെയെന്നായി അച്ഛന്‍. പതിനാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അച്ഛന്റെ ഭാഷയില്‍ കൈകള്‍കൊണ്ടും കണ്ണുകള്‍കൊണ്ടുമായിരുന്നു…

നഴ്‌സിംഗ് സ്റ്റേഷന്റെയുള്ളില്‍ ആരും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് സ്ഥാനം പിടിച്ചിരിക്കുന്ന മണിപ്ലാന്റിനെ ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഞാന്‍ ഒരിക്കലും നിന്നെ അന്വേഷിക്കുകയില്ലെന്ന്’ അച്ഛന്‍ മനസില്‍ പറയുന്നതായി തോന്നി. വിഷമത്തോടെ പിന്‍തിരിഞ്ഞ് നടന്ന വീണ്ടുമൊരിക്കല്‍ക്കൂടി വരാന്തയിലൂടെ നടത്താന്‍ എനിക്ക് പറ്റിയില്ല.

‘സ്വര്‍ഗ നരകങ്ങളെക്കുറിച്ചോ ജന്മജന്മാന്തരങ്ങളെക്കുറിച്ചോ ഞാന്‍ വ്യാകുലപ്പെടാറില്ല. എനിക്ക് ഇവയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.. എന്റെ ജീവിതം മരണത്തോടുകൂടി കെട്ട തിരിയിലെ നാളം പോലെ നശിപ്പിക്കുന്നു എന്ന ദൃഢമായ ഒരു തോന്നല്‍ മാത്രമുണ്ട്. അത്രത്തോളം ഈ കൈയ്യില്‍ കിട്ടിയ ജീവിതത്തെക്കുറിച്ചുള്ള എന്റെ ഉത്തരവാദിത്വം ഏറുന്നതായി തോന്നുന്നു.’ എ്ന്ന വൈലോപ്പിള്ളിയുടെ വാക്കുകള്‍ക്ക് അച്ഛന്‍ അടിവരയിടുമ്പോള്‍ തൊടിയില്‍ വളര്‍ന്നുവരുന്ന പുതിയയിനം മാവുകളും സപ്പോട്ട, മാതളനാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും എന്നെ നോക്കി ചിരിക്കുന്നു. അച്ഛന്റെ ഉത്തരവാദിത്വം നിറഞ്ഞ ചിരി ഏറ്റെടുത്തപോലെ.

മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അവ്യക്തമായ ഭാഷയില്‍ അമ്മയെ എന്നെ ഏല്‍പ്പിച്ചു ചിരിച്ച മുഖവുമായി തിരിഞ്ഞു കിടക്കുമ്പോള്‍ ഇനിയൊരിക്കലും ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചുവരില്ലേ അല്ലെങ്കില്‍ എന്റെ ജീവിത കാലാവധി 76-ാം വയസില്‍ വസാനിക്കുന്നുവെന്ന വിശ്വാസം അച്ഛനില്‍ നേരത്തെ തന്നെ വേരൂന്നിയിരുന്നുവെന്ന് ആ ഊറിയ ചിരി അടിവരയിടുന്നതായി എനിക്ക് തോന്നുന്നു.

…………………………………………………………………………………………………………………………………………………………….

അനുജ. കെ ലക്ച്ചറര്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാഡമി, ദര്‍ബാര്‍ ഹാള്‍ കൊച്ചില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’ ‘വയനാട്ടുകുലവാന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അദ്ധ്യായം – 39
അമിത വിശ്വാസം ആപത്തായി

നോവലും കഥയും കവിതയുമൊക്കെ സര്‍ഗ്ഗ സൃഷ്ഠികളാണ്. ഈ മനുഷ്യ നിര്‍മ്മിതിയിലും കൃതിമ സൗന്ദര്യം നമ്മള്‍ കാണാറുണ്ട്. ക്രിയാത്മക സാഹിത്യം എഴുത്തുകാരന്റ ഭാവനയില്‍ നിന്ന് വിരല്‍ത്തുമ്പിലെത്തി വിരിയുന്നതാണ്. വൈഞ്ജാനിക ഗ്രന്ഥങ്ങള്‍ വ്യത്യസ്തമാണ്. അതില്‍ സ്വീകരിക്കുന്ന ഘടകങ്ങള്‍ പലയിടത്തു നിന്നും കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് നമ്മുടേതായ ശൈലിയില്‍ അവതരിപ്പിക്കുന്നു. വൈഞ്ജാനിക രചനകള്‍ക്ക് എപ്പോഴും ഗ്രന്ഥങ്ങളും, ലേഖനങ്ങളും, കുറിപ്പുകളും സര്‍വ്വോപരി ഇന്റര്‍നെറ്റും ഉപയോഗിക്കുന്നു. ഇവയെല്ലാം ചേര്‍ത്ത് ഭംഗിയായി അവതരിപ്പിക്കുന്നതിലാണ് ആ കൃതിയുടെ വിജയം. പക്ഷെ, വിവരാന്വേഷണം പാളിയാല്‍ ലക്ഷ്യം പാളും. വിവരശേഖരണത്തിന് നാം ചിലപ്പോള്‍ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടും. എന്നാല്‍ ഈ സുഹൃത്തുകളില്‍ ആരെങ്കിലും വിശ്വാസ വഞ്ചന കാട്ടിയാലോ ? അങ്ങനെയൊരു കെണിയില്‍ ഞാനും പെട്ടു. ഇത്രയും കാലത്തേ എന്റെ സാഹിത്യ ജീവിതത്തില്‍ എന്നെ ഏറെ വേദനിപ്പിച്ച ഒരനുഭവം.

മാതൃഭൂമിയും, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടുമിറക്കിയ എന്റെ പുസ്തകങ്ങളില്‍ ചില ബ്ലോഗ്-ഇന്റര്‍നെറ്റ് എഴുത്തുകാരുടെ ഭാഗങ്ങള്‍ കടന്നുവന്നു എന്ന പരാതി 2017-2018 ല്‍ ഉയര്‍ന്നു. അതിലൊരാളുടെ നാലര പേജ് കോപ്പി ചെയ്തു എന്ന് പറഞ്ഞ് ഒരു വീഡിയോ ഇറക്കി. ആ ഗ്രൂപ്പില്‍പെട്ട ലണ്ടനിലെ ഒരാള്‍ പറയുമ്പോഴാണ് ഞാനത് അറിയുന്നത്. ഈ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ തന്നിട്ട് വിളിച്ചു ഒത്തുതീര്‍പ്പാക്കാന്‍ അറിയിച്ചു. ആ വീഡിയോ കണ്ട് ഞാനും സത്യത്തില്‍ ഒന്നമ്പരന്നു. കാരണം എന്റെ എഴുത്തു ജീവിതത്തില്‍ ആരുടേതും കോപ്പി ചെയ്‌തെടുത്തിട്ടില്ല. വീഡിയോ ഇറക്കിയ ആളിനെ ഞാന്‍ വിളിച്ചു. എല്ലാം തുറന്നു പറഞ്ഞു. വൈഞ്ജാനിക രചനകള്‍കള്‍ക്ക് പലയിടത്തു നിന്നും എടുക്കാറുണ്ട്. എനിക്ക് വിവരങ്ങള്‍ തന്ന സുഹൃത്തിന്റ പാളിച്ചയായി മാത്രമല്ല അലഞ്ഞു തിരിഞ്ഞു നടന്ന എന്റെ യാത്രകളും തിരക്കിനുമിടയില്‍ ഞാനും വേണ്ടത്ര ശ്രദ്ധിച്ചില്ല. സത്യത്തില്‍ എന്റെ സു ഹൃത്തിനെ പൂര്‍ണ്ണമായി വിശ്വസിച്ചു. അദ്ദേഹം എനിക്ക് തന്ന മറുപടി ഇന്റര്‍നെറ്റില്‍ നിന്നാണ് എടുത്തത്. അങ്ങനെയുണ്ടാകാന്‍ പാടില്ലായിരുന്നു എന്നായിരിന്നു എന്റെ വാദം . അങ്ങനെയുണ്ടായതില്‍ ക്ഷമിക്കണമെന്ന് പരാതിക്കാരനോട് പറഞ്ഞു. അദ്ദേഹം ക്ഷമിക്കാന്‍ തയാര്‍ അല്ല പകരം ഒരു കോടി രൂപ നഷ്ടപരിഹാരം തരണം ഇല്ലെങ്കില്‍ നിങ്ങളുടെ എഴുത്തു അവസാനിപ്പിക്കും, കോടതിയില്‍ കയറ്റും എന്ന വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റ ഓരൊ വാക്കിലും ശബ്ദാര്‍ത്ഥങ്ങളിലും എനിക്ക് സംശയങ്ങള്‍ ഇരട്ടിച്ചു. എന്തൊക്കയോ ഒളിഞ്ഞിരിക്കുന്നതായി തോന്നി. ആര്‍ക്കുവേണ്ടിയോ ആരുടേയോ പ്രതിനിധിയായി സംസാരിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. അതിനിടയില്‍ അദ്ദേഹം എന്നോട് പറഞ്ഞു ”ലണ്ടനില്‍ നിങ്ങള്‍ക്ക് ധാരാളം ശത്രുക്കള്‍ ഉള്ളതായി എനിക്കറിയാം” ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു. മനുഷ്യരല്ലേ ശത്രുക്കള്‍ കാണും. അടുത്ത ചോദ്യം ”നിങ്ങള്‍ക്ക് അന്‍പതോളം പുസ്തകങ്ങള്‍ ഉള്ളതായി വായിച്ചു. ഇതെല്ലാം കോപ്പിയടി അല്ലെ” ഞാനതിനും മറുപടി കൊടുത്തു. 1985 മുതല്‍ എന്റെ പുസ്തകങ്ങള്‍ വിപണിയിലുണ്ട്. അതില്‍ കുടുതലും നോവലുകളാണ്. ആരും കോപ്പിയടിച്ചതായി പറഞ്ഞുപോലും കേട്ടിട്ടില്ല. താങ്കള്‍ എന്തൊക്കെയോ തെറ്റിധരിച്ചാണ് സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ചെവി കൊടുക്കാതെ ഞാന്‍ സംസാരം അവസാനിപ്പിച്ചു. അതോടെ ആ ഗ്രൂപ്പില്‍പെട്ട പലരും രംഗത്തു വന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തി ആഘോഷിച്ചു. എന്നോട് സംസാരിച്ചയാളും ഞാന്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് അടുത്ത ദിവസത്തെ ഫേസ്ബുക്കില്‍ എനിക്കതിരെ പലതും എഴുതി.

ഈ വ്യക്തി മാതൃഭൂമിക്കും , ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിനും പരാതിയോ വക്കീല്‍ നോട്ടീസൊ അയച്ചതായി കേട്ടു. അവര്‍ പുസ്തകം പിന്‍വലിച്ചു. അവര്‍ക്ക് അതിനെ കഴിയൂ. ഞാനതില്‍ അവരെ കുറ്റപെടുത്തില്ല. അവരുടെ മറുപടി എഴുതിവാങ്ങി എനിക്കതിരെ പല മാധ്യമങ്ങള്‍ക്കും പ്രസാധകര്‍ക്കും അയച്ചുകൊടുത്തു. വേട്ടക്കാര്‍ ഒരിക്കലും ഇരകളുടെ വേദനയോ ഞെരുക്കങ്ങളോ തിരിച്ചറിയാറില്ല അതാണ് കലികാല കാഴ്ചകള്‍. എനിക്കതിരെ വ്യക്തിഹത്യ നടത്തിയവരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല കാരണം അതവരുടെ സാമൂഹികബോധം, സംസ്‌കാരം. ചിലരാകട്ടെ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ , പേരുണ്ടാക്കാന്‍, പരിസ്ഥിതി, കോടതി, പോലീസ്, പ്രകൃതി സ്‌നേഹം, മൃഗ സംരക്ഷണം ഇവയുടെ കുത്തക മുതലാളിമാരായി മാധ്യമങ്ങളുടെ പിറകേയാണ്.

കാലാകാലങ്ങളിലായി പുസ്തകങ്ങളില്‍ നിന്നാണ് കോപ്പിയടി കേട്ടിട്ടുള്ളത്. എന്റ അറിവില്‍ എനിക്കതിരെ മുഴങ്ങുന്നത് പ്രധാനമായും ഇന്റര്‍നെറ്റില്‍ നിന്നുള്ള പരാതിയാണ്. ഈ വിഷയത്തില്‍ വീഡിയോകള്‍ ഇറക്കിയും മറ്റും പല വിധത്തിലും അപവാദങ്ങള്‍ നേരിട്ട എഴുത്തുകാരുണ്ടോ എന്നറിവില്ല. എന്റ എഴുത്തിനു മങ്ങലേല്‍പ്പിക്കാന്‍ ഒരു കൂട്ടര്‍ സ്വദേശത്തു നിന്നും മാത്രമല്ല വിദേശത്തും നിന്നുമുണ്ടായി എന്നത് കൗതുകമുണര്‍ത്തുന്നു. എല്ലാം കുട്ടിവായിക്കുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നതുപോലെ ഇതിന്റ പിന്നില്‍ എന്തൊക്കയോ ഗുഡാലോചനകള്‍ ഞാനും സംശയിക്കുന്നു. ചിലര്‍ പറയുന്നു ഒത്തുകളിയാണ്. ഇന്റര്‍നെറ്റില്‍ എഴുതുന്നവര്‍ക്ക് അവരുടേതായ മാറ്റങ്ങള്‍ അതില്‍ വരുത്താം. മറ്റു ചിലര്‍ പറയുന്നു പ്രവാസി എഴുത്തുകാരെ ഗുഡാലോചനകളില്‍പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ്. ഇതിലൂടെ ഇവര്‍ എന്ത് നേട്ടമുണ്ടാക്കി? എന്തായാലും ഒന്ന് പറയാം. തെറ്റുകുറ്റങ്ങള്‍, അപകടങ്ങള്‍ ആര്‍ക്കും എപ്പോഴുമുണ്ടാകാം. ഏതൊരു വിഷയത്തിലും തെറ്റും ശരിയും തീരുമാനിക്കാന്‍ സംവിധാനമുള്ള ഒരു രാജ്യത്തു ഈ കരിവാരി തേയ്ക്കല്‍ പദ്ധതി ആരുടെ നേര്‍ക്കായാലും അവര്‍ക്കും ഒരു കുടുംബമുണ്ട് എന്നോര്‍ക്കണം. ഏതു നീറുന്ന വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുടെ മുന്നില്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. അതുമില്ലെങ്കില്‍ പരാതിക്കാര്‍ക്ക് കോടതിയില്‍ പോയി നീതി തേടാം. സത്യസന്ധമായി കാര്യങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് സാഹിത്യത്തിന്റ സവിശേഷതകളും സാഹിത്യ ലോകത്തു നടക്കുന്നു ചൂഷണങ്ങളും മനസിലാകും. അല്ലാത്തവരെ സംബന്ധിച്ചു നിരവധി നിര്‍വചനങ്ങള്‍ കൊടുക്കാന്‍ സാധിക്കും.

ഭാഷക്കോ സാഹിത്യത്തിനോ ശത്രുക്കളില്ല. നന്മയും സ്‌നേഹവും വാരിപുണരുന്ന ആസ്വാദനബോധമുള്ള മിത്രങ്ങളാണവര്‍.  എന്റ സാഹിത്യ ജീവിതത്തെ ഇളക്കിമറിക്കാമെന്നു ചിലരൊക്കെ കിനാവ് കണ്ടെങ്കിലും അതൊക്കെ അനാഥമായി പോകാന്‍ കാരണം ഈ പ്രപഞ്ച ശക്തിയിലുള്ള എന്റെ വിശ്വാസം, കുടുംബത്തിലുള്ളവരുടെ സഹകരണം, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍, കുറെ നല്ല വായനക്കാര്‍, സാഹിത്യ- സാംസ്‌കാരിക- മാധ്യമ രംഗത്തുള്ളവര്‍ നല്‍കിയ ആത്മ ധൈര്യവുമാണ് വീണ്ടും എഴുത്തില്‍ എന്നെ പ്രാപ്തനാക്കുന്നത്. ഞാന്‍ അക്ഷരങ്ങളില്‍ ശാന്തി നേടുന്നു. മലയാള മനോരമ ഓണ്‍ലൈനില്‍ വന്ന എന്റ കുറ്റാന്വേഷണ നോവലായ – ‘കാര്യസ്ഥന്‍’, കവിമൊഴി മാസികയില്‍ വന്ന ‘കലായവനിക’ നോവല്‍ 2018 ല്‍ കേരളത്തിലും ലണ്ടനിലുമായി പ്രകാശനം ചെയ്തു. സാഹിത്യത്തിന്റ മുഖം തുന്നികെട്ടാന്‍ ഒരു ശക്തിക്കും സാധ്യമല്ല. സാഹിത്യമെന്നും നൊമ്പരപെടുന്നവര്‍ക്ക് ഒപ്പമാണ്. അതെനിക്കും ഒരു സ്വാന്തനമായി. ഇരുളിന്റ ഈ ലോകത്ത് നമ്മുക്ക് ഓരോരുത്തര്‍ക്കും മിന്നാമിനുങ്ങായി, വെളിച്ചമായി മാറാം. ആരും ഇരകളെ സൃഷ്ഠിക്കാതിരിക്കട്ടെ. നന്മകള്‍ നേരുന്നു.

………………………………………..ശുഭം…………………………………..

കാരൂര്‍ സോമന്‍

ഫ്രെയിമഴകില്‍ മഴയഴകായ്
കടലഴകായ്, കാടഴകായ്
കടപുഴകും കണ്‍നിറയും
മഴയഴകായ് ഫ്രെയിമഴകില്‍

മഴത്തോണിയില്‍ മഴപ്രാവായ്
മഴയുണരും മധുവിധുവില്‍
മഴയൊരു വഴിയായ്, വഴിയൊരു
വിധിയായ്, മഴക്കാറിലഴകായ്

മഴത്തെന്നലിന്‍ മധുമഞ്ചലില്‍
മഴത്തേനിന്‍ മധുനുകരാന്‍
മഴക്കുറുകലിന്‍ മരത്തോണിയില്‍
മഴയഴകില്‍ ചിമിഴഴകായ്

മഴയുണര്‍വില്‍ മഞ്ഞലിവില്‍
മഴപാട്ടിന്‍ മലര്‍പ്പൊടിയില്‍
മഴയിതളില്‍ മഴയെഴുതിയ
മഴത്തുള്ളിപ്പോല്‍ നിറയഴകായ്

അഴകായ് പൊടിയുമീമഴക്കാറില്‍
മഴതന്ത്രികള്‍ മഴ നനയവേ
മഴയീറന്‍ മലഞ്ചെരുവില്‍
മഴയറിഞ്ഞ് മഴയഴകായ്

ഏഴഴകിന്‍ മഴച്ചുണ്ടിലാറാടി നിന്‍
കരള്‍ക്കോണില്‍ മഴവീണയില്‍
മലര്‍പ്പാട്ടിന്‍ മഴച്ചീന്തിന്‍ മണിയറയില്‍
മഴയഴകായ് ഫ്രെയിമഴകായ് മഴ…ഴ..ഴ..

വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]

അദ്ധ്യായം – 38
വിമര്‍ശനത്തിനും ആകാം നല്ലഭാഷ

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി. 1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട ആക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം. അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.

ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.  ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാദ്ധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.

വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപണ മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.

വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു. മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.

വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും. എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍വ്വമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അച്ചടി മഷി മായാതിരിക്കട്ടെ.

യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. നമ്പി നാരായണന്‍ കേസില്‍ സുപ്രീം കോടതി വിധി ഉണ്ടാക്കുവാന്‍ പോകുന്ന ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ചു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പരാമര്‍ശിക്കുന്നു. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചതിലൂടെ കാല്‍ നൂറ്റാണ്ട് നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കാണ് അന്ത്യമായത്.

വൈവിധ്യമായ രചനകളാല്‍ സമ്പന്നമായ ഈ ലക്കത്തില്‍ പ്രമുഖ നോവലിസ്റ്റായ പി. സുരേന്ദ്രനുമായി നടത്തിയ അഭിമുഖം വായനക്കാരന് എഴുത്തുകാരന്റെ എഴുത്തിനെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അടുത്തറിയുന്നതിന് സാധിക്കും. വളരെ കുറഞ്ഞ വാക്കുകളാല്‍ തന്റെ സ്മരണകള്‍ എഴുതി വായനക്കാരെ ചിന്തയുടെ മറ്റൊരു ലോകത്തേക്ക് നയിക്കുന്ന ജോര്‍ജ് അറങ്ങാശ്ശേരിയുടെ പംക്തിയില്‍ പുതിയൊരു അനുഭവുമായി ജോര്‍ജ് നിഴലുകള്‍ ഉറങ്ങാറില്ല എന്ന അധ്യായത്തിലൂടെ എത്തുന്നു. 2013ല്‍ ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി കേരളത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രവചനം പോലെയാണ് ഫലിച്ചത്. പ്രളയനാന്തരം എന്ന ലേഖനത്തിലൂടെ വീണ്ടും വായനക്കാരനത് വായിക്കുവാനാകും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ സരസ്വതി രാജാമണിയെക്കുറിച്ചുള്ള അജോ ജോര്‍ജ്ജ് എഴുതിയ ലേഖനം വായനക്കാരനെ ത്രസിപ്പിക്കും. സിനിമാലോകത്തെ വാര്‍ത്തകള്‍ എന്നും വായക്കാരന്‍ ഇഷ്ടപ്പെടുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ വെള്ള എന്ന സിനിമയോട് ബന്ധപ്പെട്ടുള്ള അനുഭവങ്ങള്‍ സംവിധായകനായ ഹരിഹരന്‍ വിവരിക്കുന്നു.

ഹക്കിം മൊറയൂരിന്റെ അങ്കിള്‍, ശ്രീധര്‍ ആര്‍. എന്‍ എഴുതിയ അവസ്ഥാന്തരം, അമ്മു സന്തോഷിന്റെ സ്‌ട്രോബറി എന്നീ കഥകള്‍ കഥാവിഭാഗത്തെ സമ്പന്നമാക്കുന്നു. ശ്രീജ ജയചന്ദ്രന്‍ രചിച്ച കവിത ‘ഞാന്‍ എന്ന നീ’ യും മനോഹരമായ രചനയാണ്.

ജ്വാല ഇ മാഗസിന്റെ സെപ്തംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

അദ്ധ്യായം – 37
ജന്മനാടിന്റെ തലോടല്‍

പ്രസന്ന സുന്ദരമായ പ്രഭാതത്തില്‍ ചാരുംമൂട് താമരക്കുളത്തിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് ഞങ്ങള്‍ വന്നിറങ്ങി. മുറ്റത്ത് വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും കുളിര്‍ക്കാറ്റും കിളികളുടെ മധുരനാദവുമെല്ലാം ഞങ്ങളെ സ്വാഗതം ചെയ്തു. സ്വരമാധുരിയില്ലാത്ത പാട്ടുകാരെപ്പോലെ കാക്കകളും പാടിപ്പറന്നു. എന്റെ വീട് ഞാന്‍ സൗദിയിലുള്ളപ്പോള്‍ ജേഷ്ഠന്‍ പണി കഴിപ്പിച്ചതാണ്. ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങി തിന്നാലും ജീവിച്ചിരിക്കാന്‍ മോഹമുള്ളതു കൊണ്ടാണ് ഗള്‍ഫിലെ മലയാളികള്‍ എല്ലാ ദുഖഭാരങ്ങളും പേറി അവിടെ ജീവിക്കുന്നത്. അവര്‍ തിരിച്ചു വരുമ്പോള്‍ എന്തു സുരക്ഷിതത്വമാണ് ലഭിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ആ പാവങ്ങളെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പറ്റിച്ചുകൊണ്ടിരിക്കുന്നു.
ഓമനയ്ക്ക് ചെന്നൈയില്‍ ബ്രട്ടീഷ് എംബസിയില്‍ നിന്ന് വീസ അടിച്ചു കിട്ടി. അവള്‍ സൗദിയിലെ കൂട്ടുകാരുമായി ലണ്ടനിലേക്കു പോയി. കുട്ടികളെ ചുനക്കര ചെറുപുഷ്പ ബദനി സ്‌കൂളില്‍ ചേര്‍ത്തു. അവരുടെ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. നാട്ടില്‍ ചെല്ലുമ്പോഴൊക്കെ ഏറ്റവും കൂടുതല്‍ സാഹിത്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് ചുനക്കര ജനാര്‍ദ്ദനന്‍ നായരുമായിട്ടാണ്. അദ്ദേഹം സാഹിത്യ പോഷിണി മാസിക എല്ലാ മാസവുമിറക്കുന്നു. അതില്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ധാരാളം വിശിഷ്ട വിഭവങ്ങളുണ്ട്.

മറ്റൊരാള്‍ ജഗദീഷ് കരിമുളക്കല്‍. ആണ് അദ്ദേഹം കവിതയില്‍ അറിവിന്റെ അല്പത്വം കാണിക്കാറില്ല. എന്റെ ഗുരുക്കന്മാരില്‍ നിന്ന് ലഭിച്ചത് പങ്കുവയ്ക്കാറുണ്ട്. മനുഷ്യന്റെ വിശ്വാസത്തിലും വലുതാണ് വിജ്ഞാനം. അത് വിളവ് നല്‍കുന്ന ധാന്യമാണ്. അത് ജീവിതത്തെ ധന്യമാക്കുന്നു. അത് കച്ചവട സിനിമ കണ്ടാല്‍ ലഭിക്കുന്നതല്ല. മനുഷ്യ മനസ്സിന്റെ ഏകാഗ്രതയില്‍, ഭാവനയില്‍, അറിവില്‍, അനുഭവങ്ങളില്‍ ആര്‍ജിച്ചെടുക്കുന്ന ബുദ്ധിയുടെ സിദ്ധി തന്നെയാണ് സാഹിത്യ സൃഷ്ടിയുടെ ബഹുമുഖ ഭാവം.
ബേബി ജോണ്‍ താമരവേലി, ചാരുംമൂട്ടില്‍ നിന്ന് ബ്രഹ്മശ്രീ എന്ന മാസിക ഇറക്കിയിരുന്നു. അത് ഇപ്പോഴില്ല. പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ ക്ഷണമനുസരിച്ച് സുകുമാര്‍ അഴീക്കോടിന്റെ ഒരു പരിപാടിയില്‍ മാവേലിക്കരയില്‍ ഞാന്‍ പങ്കെടുത്തു. ഷൗക്കത്ത് കോട്ടുക്കലില്‍ നടത്തുന്ന ചാരുംമൂട് പബ്ലിക്ക് ലൈബ്രറി പരിപാടികളിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഓമന ലണ്ടനിലേക്ക് പോയി ഏതാനം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അബുദാബി വഴി ലണ്ടനിലേക്ക് തിരിച്ചു. ലണ്ടനിലെ പ്രധാന വിമാനത്താവളത്തില്‍ ഓമനയും കൂട്ടുകാരിയുടെ മകള്‍ ഡോ.നിഷയും വന്നിരുന്നു. ഒരു മാസം വാടകയ്ക്ക് താമസ്സിച്ചിട്ട് രണ്ടാമത്തെ മാസം ഈസ്റ്റ് ഹാമില്‍ വീട് വാങ്ങി. ഈ രാജ്യത്ത് വന്നുപോകുന്ന നമ്മുടെ ഭരണാധിപന്മാര്‍ ഒരു സ്ഥലം എങ്ങനെ സുന്ദരമാക്കണമെന്ന് പഠിച്ചില്ല. ലണ്ടനിലെ അവര്‍ണ്ണനീയ കാഴ്ച്ചകള്‍ കണ്ടത് തുള്ളിത്തുളുമ്പുന്ന ആഹ്ലാദത്തോടെയാണ്. ആ കൂട്ടത്തില്‍ ചില യുവതീ യുവക്കള്‍ ഗാഢമായി ആശ്ലേഷിക്കുന്നതും കണ്ടു. അവിടെ അതൊന്നും ഒരു പുതുമയല്ല. ആരുമൊട്ടു ശ്രദ്ധിക്കാറുമില്ല. കാമക്കണ്ണുള്ളവര്‍ കേരളത്തിലാണ്. കഴുത്തിലും കാതിലും കൈകളിലും സ്വര്‍ണ്ണമണിഞ്ഞ യുവതിയും അവളുടെ ശരീര കാന്തി സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
ഞാന്‍ കരുതിയിരുന്നത് ഇവിടുള്ളവരെല്ലാം സായിപ്പും മദാമ്മയുമായിരിക്കുമെന്നാണ്. ലോകത്തെ എല്ലാ മനുഷ്യരും ഇവിടെയുണ്ട്. ഇന്ത്യയിലെ കറുത്തവരെക്കാള്‍ ഏറെ കറുപ്പുള്ളവരാണ് ആഫ്രിക്കയിലുള്ള കറുത്ത മനുഷ്യര്‍. സ്ത്രീകള്‍ക്ക് നല്ല മുടിയില്ല. പലതും വെപ്പു മുടിയാണ്. തണുപ്പ് രാജ്യമായതിനാല്‍ അധികം വിയര്‍പ്പുകണങ്ങള്‍ പൊഴിക്കേണ്ടതില്ല. സുഖമായിട്ടുറങ്ങാം. ഞങ്ങള്‍ ആദ്യമായിട്ട് ഇവിടുത്തെ ഒരു കത്തോലിക്ക പള്ളിയില്‍ പോയി. പള്ളീലച്ചന്‍ സ്‌കോട്ട്‌ലന്‍ഡ്കാരനാണ്. പള്ളി നിറയെ ആളുമുണ്ട്. ഏറ്റവും മുന്നിലായ് വിരലിലെണ്ണാവുന്ന പ്രായമുള്ള സായിപ്പും മദാമ്മയും. ബാക്കിയുള്ളവരെല്ലാം ഏഷ്യക്കാരും ആഫ്രിക്കക്കാരുമാണ്. വിശ്വാസം ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് ഈ പട്ടിണി രാജ്യത്തു നിന്ന് വന്നവര്‍ക്കല്ലേ. ആശ്രയിക്കാന്‍ മണ്ണില്‍ ആരെങ്കിലും വേണം. എല്ലാ അപരാധങ്ങളും പൊറുത്ത് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍.

ഞങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു. അഡ്മിനിസ്‌ട്രേറ്ററായി വെറ്റിങ്ങം ഹോസ്പിറ്റലില്‍ എനിക്കു ജോലികിട്ടി. ഈസ്റ്റ്ഹാമില്‍ നിന്ന് വളരെ ദൂരത്തിലായതിനാല്‍ ആ ജോലി ഉപേക്ഷിച്ചു. എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്ന് ഇവിടുണ്ടായിരുന്ന ഏക പത്രം യൂറോപ്പ് ദീപികയാണ്. കേരളത്തിലും ഗള്‍ഫിലും അമേരിക്കയിലും ഓണപതിപ്പുകളില്‍ എഴുത്തു തുടര്‍ന്നു. കേരളത്തില്‍ പോകുമ്പോഴൊക്കെ എഴുതി പൂര്‍ത്തിയാക്കിയതെല്ലാം കൂട്ടത്തില്‍ കൊണ്ടു പോയി പ്രസാധകര്‍ക്ക് കൊടുക്കും. അതവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുസ്തകമാക്കും.  എന്റെ യൂറോപ്യന്‍ യാത്രകള്‍ ആരംഭിക്കുന്നത് 2005 ലാണ്. ബെല്‍ജിയം, സ്ലോക്കിയ, ഓസ്ട്രിയ, അമേരിക്ക, ഫ്രാന്‍സ്, വിയന്ന ഇതില്‍ പലയിടത്തും സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവിടെനിന്നെല്ലാം പുരസ്‌കാരങ്ങളും പൊന്നാടകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എപ്പോഴും ഓര്‍ക്കുന്നത് ജര്‍മ്മനിയില്‍ നടന്ന യൂറോപ്പ് അമേരിക്കന്‍ സാഹിത്യ സംഗമമാണ്. അമേരിക്കയിലും, കാനഡയിലും നിന്നുള്ളവരാണ് കൂടുതല്‍ വന്നത്. കേരളത്തില്‍ നിന്ന് ഡോ.ജോര്‍ജ് ഓണക്കൂറും, കവി സച്ചിദാനന്ദനും, ഇംഗ്ലണ്ടില്‍ നിന്ന് ഞാനുമുണ്ടായിരുന്നു. ഞാന്‍ താമസിച്ചത് കഥാകൃത്ത മുക്കാടന്റെ വീട്ടിലായിരുന്നു. ഇവിടെ കണ്ട പ്രത്യേകത എല്ലാ രാത്രികളിലും എല്ലാ ഭാഷാസ്‌നേഹികളും ഒന്നിച്ച് കൂടിയിരുന്ന് കവിതകള്‍ ചൊല്ലുകയും കഥകള്‍ പറയുകയും ആ കൂട്ടത്തില്‍ നര്‍മ്മം പകരുന്ന കഥകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നതാണ്. ആ കൂട്ടത്തില്‍ ബിയറും വൈനും ആവശ്യമുള്ളവര്‍ക്ക് കുടിക്കാനും ലഭിക്കും. ഞാനും ഓണക്കൂറും അതില്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ സംഗമമായിരുന്നു. അത് കഴിഞ്ഞ് പാരീസ് യാത്രയുമുണ്ടായിരുന്നു. ബസ്സിലാണ് ബല്‍ജിയം വഴി പോയത്. ഞാനും ഓണക്കൂറും പാരീസ് നഗരത്തില്‍ പല കഥകളും പറഞ്ഞു നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഒരു നോവല്‍ ‘ഉള്‍ക്കടല്‍’ സിനിമയാക്കിയതും അതിലെ നായിക പിന്നീട് ആത്മഹത്യ ചെയ്യാനുണ്ടായ സിനിമക്കുള്ളിലെ നാടകങ്ങളും പറയുകയുമുണ്ടായി.

പാരീസ് നഗരത്തില്‍ മൂത്രപ്പുര എവിടെയെന്ന് അറിയില്ല. ഓണക്കൂറിനു കടുത്ത മൂത്രശങ്ക. ഒടുവില്‍ നടന്നു നടന്ന് ഏതോ ഒരു കോണില്‍ നിന്ന് ശങ്കയോടെ മൂത്രമൊഴിച്ചു. ഉള്ളില്‍ ഭയം പോലീസ് വരുന്നുണ്ടോ എന്നായിരുന്നു. ഞാനായിരുന്നു കാവല്‍ക്കാരന്‍. ഞാനും സച്ചിദാനന്ദനും അവിടുത്തെ സംഗമത്തിലാണു പരിചയപ്പെട്ടത്. മുക്കാടനും കുടുംബവും മാത്രമല്ല വീട് പൂട്ടി മൂന്നു ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കാന്‍ വന്നത്. ജര്‍മ്മനിയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തി. സംഗമം നടക്കുന്ന ഹോട്ടലുകളില്‍ തന്നെ എല്ലാവര്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് നേതൃത്വം നല്കിയത് സാംസ്‌കാരിക പ്രവര്‍ത്തകനായ ജോസ് പുതുശേരിയാണ്. മലയാള ഭാഷയെ പ്രാണനോടു ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന ധാരാളം ജോസുമാരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ മലയാളിയെന്നു പറയാന്‍ മടിക്കുന്നവരുമുണ്ട്.

2005 ല്‍ ലണ്ടനില്‍ നിന്ന് പ്രവാസി മലയാളം മാസിക കാക്കനാടന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.. ഉപദേശക സമിതിയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ഞാന്‍ ചീഫ് എഡിറ്റര്‍, എഡിറ്റര്‍ ജെ.സുവജന്‍. ആദ്യ ലക്കത്തില്‍ തന്നെ സൗന്ദര്യല്മകമായ കഥകള്‍ തന്നത് ഒ.വി. വിജയന്‍, കാക്കനാടന്‍, സക്കറിയ, ബാബു കുഴിമറ്റം മുതലായവരാണ്. ലണ്ടനില്‍ നിന്നും ആദ്യമായി ഒരു മാസിക പുറത്തു വന്നത് വളരെ സന്തോഷത്തോടെയാണവര്‍ കണ്ടത്. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ ഞാനാണ് മാധ്യമം പത്രത്തിന് റിപ്പോര്‍്ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എന്റെ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചത് മലയാള മനോരമയണ്. മാധ്യമത്തില്‍ എഴുതികൊണ്ടിരുന്ന മുപ്പതോളം ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. അതില്‍ ഞാനും പി.റ്റി. ഉഷയുമായുള്ള അഭിമുഖമുണ്ട്. അതിനു മുമ്പു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഞനെഴുതിയ ‘കളിക്കളം: ലണ്ടന്‍ ഒളിംപിക്‌സ്’ പ്രസിദ്ധീകരിച്ചിരുന്നു.

എന്റെ വിദേശയാത്രകള്‍ മൂലം ‘പ്രവാസി മലയാളം’ മാസിക നിലച്ചു. സ്‌പെയിനിലും ഫ്രാന്‍സിലും ഇറ്റലിയിലും പോയി. ഇറ്റലി, സ്‌പേയിന്‍ യാത്രയില്‍ കുടുംബവുമുണ്ടായിരുന്നു. ലണ്ടനില്‍ വന്നിട്ടുള്ള ഒ.എന്‍.വി. കുറുപ്പ് , സച്ചിദാനന്ദന്‍, സഖറിയ, ജോര്‍ജ് ഓണക്കൂറ്, പ്രഫ. കെ. വി. തോമസ്സ്, സംവിധായകന്‍ സന്ധ്യമോഹന്‍, ലണ്ടനിലെ ഹൈക്കമ്മിഷണര്‍ രഞ്ജന്‍ മത്തായി ഇവരുമായി വേദികള്‍ പങ്കിട്ടു. യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ  യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസ്സിയേഷന്റെ സാഹിത്യ വിഭാഗം കണ്‍വീനറും ജ്വാലാ മാഗസ്സിന്റെ ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിച്ചു. അവരുടെ നാഷണല്‍ മേള 2013ല്‍ ഞാനാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെവെച്ചാണ് ലണ്ടനിലെ സി.എ. ജോസഫിനേയും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ഫാദര്‍ ഡേവിസ് ചിറമേലിനേയും പരിചയപ്പെട്ടത്.

ബ്രിട്ടനില്‍ മലയാള ഭാഷയോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്തിയാണ് മേയര്‍ ആയിരുന്ന ഫിലിപ്പ് എബ്രഹാം. ഇരുപതു വര്‍ഷമായി അദ്ദേഹം കേരള ലിങ്ക് എന്ന പത്രം ഇംഗ്ലീഷിലും മലയാളത്തിലും ഇറക്കുന്നു. നോവലടക്കം ധാരാളമായി ഞാനതില്‍ എഴുതാറുണ്ട്. ബ്രിട്ടണിലെ മലയാള സാഹിത്യ വേദിയുടെ വെളിച്ചം പബ്ലിക്കേഷന്‍സിന്റെ അമരക്കാരനാണ് റജി നന്ദിക്കാട്ട്, മലയാളം വായന ഓണ്‍ലൈനും അദ്ദേഹത്തിന്റേതാണ്. മറ്റൊരാള്‍ ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ അമരക്കാരന്‍ ശശി ചെറായിയും ,സണ്ണി പത്തനംതിട്ടയുമാണ്. ഇവരെല്ലാം മലയാള ഭാഷാ സംസ്‌കാരത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരാണ്. എന്റെ നോവല്‍ ‘മലബാര്‍ എ ഫ്‌ളെയിം’ പ്രകാശനം ചെയ്തത് ഇംഗ്ലീഷ് നോവലിസ്റ്റും തകഴിയുടെ കൊച്ചു മകളുമായ ജയശ്രീ മിശ്രയാണ്. അത് ഏറ്റുവാങ്ങിയത് അന്നത്തെ എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന സിംമ്പോസിയത്തില്‍ പ്രകാശനത്തിന് നേതൃത്വം നല്‍കിയത് പത്രപ്രവര്‍ത്തകനായ കുര്യന്‍ പാമ്പാടിയാണ്. ഡല്‍ഹിയിലുള്ള ഇംഗ്ലീഷ് വിഭാഗം മീഡിയ ഹൗസാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്.

നമ്മേ ഭരിച്ച ബ്രിട്ടീഷ് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പട്ടണത്തിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. ഇവരുടെ ജനാധിപത്യമൂല്യങ്ങള്‍ എത്രയോ ഉയരത്തിലാണ്. നമ്മുടേത് എന്താണ് കുപ്പത്തൊട്ടിയില്‍ കിടക്കുന്നത്. ആരാണ് ഇതിനുത്തരവാദികള്‍. ഇവര്‍ക്ക് എല്ലാ സ്വാതന്ത്രവും ജീവിതമൂല്യങ്ങളുമുണ്ടെങ്കിലും നമ്മുടെ കുടുംബ ജീവിതത്തെ ഇവര്‍ അസൂയയോടെയാണ് നോക്കിക്കാണുന്നത്. അതിന്റെയര്‍ത്ഥം നല്ല കുടുംബജീവിതം ഇവിടെയില്ലെന്നല്ല. നമ്മുടെ കുട്ടികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ്. അതൊക്കെ പഠിക്കുന്ന കാലത്ത് ഗുരുക്കന്മാരില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ ശിക്ഷണമാണ്.
നമ്മുടെ മത രാഷ്ട്രീയ രംഗം ശുദ്ധി ചെയ്യാതെ ജനം രക്ഷപ്പെടില്ല. ഒരുദ്ദാഹരണം പറയാം. 2017 ജൂണ്‍ മാസം ബ്രിട്ടണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ പാര്‍ക്കുന്ന ഈസ്റ്റ്ഹാമില്‍ നിന്ന് എല്ലാ എം.പി.മാരേക്കാളും കൂടുതല്‍ വോട്ട് നേടി ജയിച്ചത് സ്റ്റീഫന്‍ റ്റിംസാണ്. ഈസ്റ്റ് ലണ്ടനില്‍ കൂടുതല്‍ പാര്‍ക്കുന്നത് ഏഷ്യനാഫ്രിക്കക്കാരാണ്. അവരുടെയിടയില്‍ നിന്നാണ് ഈ സായിപ്പ് ജയിച്ചതെന്നോര്‍ക്കണം. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത, എന്റെ അനുഭവം പറയാം. ന്യായമായ ഏതാവശ്യവുമായി ചെന്നാലും മുഖം നോക്കാതെ നടപടിയെടുക്കും, ഒരു പൈസ പോലും കൈക്കൂലി വാങ്ങില്ല. പത്തു വര്‍ഷത്തിനു മുമ്പ് ഈസ്റ്റ്ഹാം ലൈബ്രറിയിലൂടെ മലയാളവുമായി ബന്ധപ്പെട്ട് ഞാനൊരു പരാതി കൊടുത്തു. അടുത്ത ദിവസം രാവിലെ ഇദ്ദേഹം വീട്ടിലെത്തി. മുന്‍കൂറായി സമയം നിശ്ചയിച്ചിട്ടല്ല വന്നത്. പരാതി കേള്‍ക്കുക മാത്രമല്ല പരിഹാരമുണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കണം എന്നു പറഞ്ഞിട്ടാണ് പോയത്. ഞാനത് ഇന്നും ചെയ്യുന്നു. അദ്ദേഹം വന്ന കാര്‍ ശ്രദ്ധിച്ചു. അതൊരു പഴഞ്ചന്‍, അതെന്റെ ഭാര്യയുടെ അഭിപ്രായമാണ്. ഫോട്ടോ ഞങ്ങളുടെ ആല്‍ബത്തില്‍ ഉണ്ട്.

ലളിത ജീവിതം നയിക്കുന്ന എത്രയോ ഉന്നതര്‍. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ സൈക്കിളിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും സ്റ്റീഫന്‍ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ ചായക്കടയില്‍ സാധാരണക്കാരുമായിരുന്ന് ചായ കുടിക്കുന്നത് കാണാം. ഒരു ദിവസം ന്യൂഹാം ടൗണ്‍ഹാളില്‍ വന്നിട്ട് മറ്റുള്ളവര്‍ക്കൊപ്പം ക്യൂ നില്‍ക്കുന്നു. മുന്‍ ലേബര്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയാണെന്ന് കൂടി ഓര്‍ക്കണം. ജൂണ്‍ 2017 ല്‍ വെസ്റ്റഹാം സ്‌റ്റേഷനില്‍ ട്രെയിന്‍ കേറാനായി നില്‍ക്കുന്നു എന്ന് എന്റെ ഭാര്യ പറയുമ്പോഴാണ് ഞാനറിയുന്നത്. സാധാരണക്കാരെപ്പോലെ ലണ്ടനിലെ തെരുവീഥകളില്‍ നിത്യവും അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിക്കുന്നു. അകമ്പടിയോ പരിവാരങ്ങളോ ഇല്ല. നമ്മുടെ മന്ത്രിമാര്‍,ജനപ്രതിനിധികള്‍ ജനത്തിനൊപ്പം സഞ്ചരിക്കാന്‍ ഭയക്കുന്നത് എന്താണ്? വോട്ട് തരണേ എന്ന് വീടിനുമുന്നില്‍ കൈകൂപ്പിയപ്പോള്‍ ഈ ഭയമില്ലായിരുന്നു. ആനപ്പുറത്തായാല്‍ ആരെ ഭയക്കാന്‍?. അണ്ണാനെ ആനയാക്കുന്ന പൊതുജനത്തെ ഓര്‍ത്തു വികസിത രാജ്യത്തുള്ളവര്‍ പുഞ്ചിരിക്കുന്നു. 2016 ല്‍ ഇദ്ദേഹമാണ് എന്റെ ഇംഗ്ലീഷ് നോവല്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണു നല്‍കി ബ്രിട്ടീഷ് പാര്‍ലമമെന്റ് മന്ദിരത്തില്‍ വെച്ച് പ്രകാശനം ചെയ്തത്. ഇവിടുത്തെ ഇലക്ഷന്‍ പോലും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയിലേതു പോലെ ശബ്ദമലിനീകരണമില്ല കളളപണക്കാരുടെ കോടികള്‍ ചിലവാക്കാറുമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികള്‍ കൊടുക്കുന്ന കൊള്ളക്കാര്‍ ആരാണ്. ഒരു തിരഞ്ഞെടുപ്പ് എങ്ങനെയാണു നടത്തുന്നത്.? ബ്രിട്ടണെ ഒരു പാഠമാക്കുന്നത് നല്ലതാണ്.
ഈസ്റ്റ് ഹാമിലെ മനോഹരമായ സെന്‍ട്രല്‍ പാര്‍ക്കിലൂടെ രാവിലെ നടക്കുമ്പോള്‍ ചാരുംമൂട്ടിലെ കുയിലിന്റെ മധുരനാദമോ, പൂമണം പരത്തുന്ന കുളിര്‍ക്കാറ്റോ, ചുവന്നുദിക്കുന്ന സൂര്യനോ, ഭൂമിയെ പിളര്‍ക്കുന്ന ഇടിമിന്നലോ, പെരു മഴയോ, വീട്ടിലെ കോഴികളോ, വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളോ ഇല്ല. ധാരാളം രാജ്യങ്ങളിലൂടെ മനോഹരമായ കാഴ്ച്ചകള്‍ കണ്ട് മടങ്ങുമ്പോള്‍ എന്റെ ജന്മനാടാണ് എനിക്ക് അതിമനോഹരമായി തോന്നിയത്. ചാരുംമൂട് ഇന്നൊരു നഗരമായിരിക്കുന്നു. ജന്മനാടിന്റെ സ്‌നേഹവാല്‍സല്യങ്ങള്‍ ഒരു തലോടലായി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

അദ്ധ്യായം 36
മറക്കരുത് ചരിത്രം; ഗുരുത്വവും വേണം

ചെറുപ്പം മുതല്‍ ഞാന്‍ ചവിട്ടി നിന്ന മണ്ണിലെ ഭാഷാ-സാഹിത്യത്തിനൊപ്പമാണ് സഞ്ചരിച്ചത്. മറ്റു കലകളെക്കാള്‍ ഞാന്‍ സാഹിത്യത്തെ ഇഷ്ടപെട്ടത് എന്നെ അല്ലെങ്കില്‍ മറ്റുള്ളവരെ ദുഃഖദുരിതത്തില്‍ നിന്നും, അനീതിയില്‍ നിന്നും ഇരുട്ടില്‍ നിന്നും അല്‍മാവിന്റെ ആഴം പോലെ അറിവിന്റെ ആഴങ്ങളിലേക്ക് നയിക്കാന്‍ സാഹിത്യത്തിന് മാത്രമേ സാധിക്കു എന്നതു മനസ്സിലാക്കിയാണ്. അതുകൊണ്ടാണ് സാഹിത്യം ഓരോ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രതീകമായിനിലനില്‍ക്കുന്നത്. ഞാന്‍ കാണുന്ന സാഹിത്യം നമ്മുടെ മുന്നില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഒരു പൂങ്കവനമാണ്, ആ മനോഹാരിത കരുത്തുള്ള ഒരു സുഗന്ധമായി സമൂഹത്തില്‍ ശക്തമായി ഇടപെടുകയും കരിങ്കല്‍ കൊട്ടകളെ ഇടിച്ചു തകര്‍ക്കുകയും ചെയ്യുന്നു.

മനുഷ്യജീവനെ അന്ധകാരത്തിലേക് നയിച്ച, ഫ്യൂഡല്‍ വ്യവസ്ഥിതി, അന്ധവിശ്വാസങ്ങള്‍, അരാജകത്വം, ജാതിമത അടിമത്വം ഇങ്ങനെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിന്ന എല്ലാ ജീര്‍ണതകള്‍ക്കുമെതിരെ തൂലിക എന്ന പടവാള്‍ ഉയര്‍ത്തിയവരാണ് ഉന്നത എഴുത്തുകാര്‍. എന്നാല്‍ നമ്മുടെ രാജ്യത്തെ എഴുത്തുകാരില്‍ കൂടുതലും ഓരോരോ മത-രാഷ്ടിയക്കാരുടെ ചേരികളിലാല്‍. ഈ കൂട്ടര്‍ അധികാരത്തിലെത്തിയാല്‍ അവര്‍ കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കഴിച്ചു തൃപതരായി സസുഖം വാഴുന്നു. ഈ കൂട്ടരെ നമ്മള്‍ കൂടുതലായി അറിയുന്നത് അവരുടെ പദവി, അംഗീകാരങ്ങളിലൂടെയാണ്. ഈ കൂട്ടര്‍ ഭാഷയ്ക് നല്‍കിയ സംഭവനകള്‍ വിലയിരുത്തപ്പെടാറുണ്ടോ? ചെറുപ്പത്തില്‍ എറണാകുളത്ത് ഒരു സാഹിത്യ ശില്പശാല മനോരമയുടെ യുവസാഹിത്യ സഖ്യം നടത്തി. ട്രെയില്‍ ടിക്കറ്റിനു കാശില്ലാത്തതിനാല്‍ എന്റെ ഒരു കോഴിയെ അമ്മയ്ക്ക് വിറ്റിട്ടാണ് പോയത്. അന്നൊക്കെ ഞാനീ നാടകവുമായി നടക്കുമ്പോള്‍ എന്റെ അച്ഛന്‍ പറയും ”ചെറുപ്പത്തിലേ അവന്റെ തല തിരിഞ്ഞതാണ്. പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് കാണുന്നില്ലേ? ഇവന്‍ നന്നാകില്ല.” അല്പസംതൃപ്തിക്കായി എഴുതിയവ സാഹിത്യമാണെന്നു എനിക്കറിയില്ലായിരുന്നു. ഒരു വിഷയത്തെ ആസ്പദമാക്കി കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ നാടകമാകുമെന്നു നാടകം കണ്ടപ്പോഴാണ് മനസ്സിലായത്. 2018-19 ല്‍ എത്തിനില്‍ക്കുമ്പോള്‍ അന്‍പതിനടുത്തു പുസ്തകങ്ങള്‍ എന്റെ പേരിലുണ്ട്. നീണ്ട നാളുകളായി കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ പത്ര-മാസികകളിലും ഓണപതിപ്പുകളിലും കഥ, കവിത, ലേഖനങ്ങള്‍ എഴുതുന്നുണ്ടെങ്കിലും എന്നും മനസ്സില്‍ ഒരു മധുരഗാനലാപനംപോലെ എനിക്ക് അല്‍മാനന്ദം നല്‍കുന്നത് 2006 ല്‍ ദീപിക ഓണപതിപ്പില്‍ ഞാന്‍ ആദ്യമായി എഴുതിയ പതിനാറുപേജുള്ള ‘സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി’ എന്ന യാത്ര വിവരണമാണ്.

2003 ല്‍ ഗള്‍ഫില്‍ നിന്നു ലണ്ടനില്‍ വന്നു. അതിന്റെ പ്രധാന കാരണം കുട്ടികളുടെ പഠനം ലണ്ടനില്‍ നടത്താനായിരുന്നു. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി (അരാംകൊ)യില്‍ എന്റെ ഒപ്പം ജോലി ചെയ്ത ബ്രിട്ടീഷ്-അമേരിക്കന്‍-കാനഡ പൗരന്മാരുടെ വിദ്യാഭ്യാസത്തിന്റെ തനിമ, മേന്മ അന്നാണ് ഞാന്‍ കാണുന്നത്. ഇവരുടെ പേരുകള്‍ ക്രിസ്താനിയുടേത് ആണെങ്കിലും ഇവരൊന്നും പള്ളിയില്‍ പോകുന്നവരല്ലെന്നും അതിന്റെ പ്രധാന കാരണം പൗരോഹിത്യം വെറും വെള്ളതേച്ച ശവക്കല്ലറകളായി മാറി എന്നുള്ളതാണ്. ഈ ശവ കല്ലറകളില്‍ കുട്ടികള്‍, സ്ത്രീകള്‍ നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്നു. മരണം-വിവാഹം-സെമിത്തേരി തുടങ്ങിയ ആചാരങ്ങളാണ് വിശ്വാസികളെ അതിലേക്ക് അടുപ്പിക്കുന്നത്. ഈ ചൂഷണം ഭരണത്തിലുള്ളവര്‍ മനസ്സിലാക്കിയതുകൊണ്ടാണ് വികസിത രാജ്യങ്ങളില്‍ പള്ളിയോട് ചേര്‍ന്ന് ശവ കല്ലറകള്‍ ഇല്ലാത്തതും യുവതി യുവാക്കള്‍ കൂടുതലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതും. മരണം-വിവാഹം സമ്പന്നരുടെ ഭവനത്തിലെങ്കില്‍ ഇവര്‍ കൂട്ടത്തോടെ വിലപിടിപ്പുള്ള കാറുകളില്‍ വരുന്നതും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഒരു പാവപ്പെട്ടവന്റെ വീട്ടില്‍ ഇതുനൊന്നും അവര്‍ പോകില്ല. മതവും അധികാരവും കൂട്ടുകച്ചവടം നടത്തി എത്ര നാള്‍ ഇവര്‍ മനുഷ്യനെ അടിമകളായി നടത്തുമെന്ന സായിപ്പിന്റെ ചോദ്യം എന്നിലും ഒരു ചോദ്യമായി കിടക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പാശ്ചാത്യര്‍ പഠിച്ചിരിക്കുന്നു. എന്തും പാശ്ചാത്യരില്‍ നിന്നും കടമെടുക്കുന്ന പൗരസ്ത്യര്‍ ഇതൊക്കെ എന്നറിയുമോ? വീട്ടില്‍ വളര്‍ത്തുന്ന നായും പൂച്ചയും ചത്താല്‍ പോലും മനുഷ്യനെപ്പോലെ എല്ലാ ബഹുമതികളോടെ അടക്കം ചെയ്ത് ശവകുടീരങ്ങള്‍ തീര്‍ക്കുന്ന ഇവരുടടെ സംസ്‌കാരം എന്നെ അശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മതമല്ല മനുഷ്യനാണ് വലുത് എന്നവര്‍ പഠിച്ചിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസം ഇന്ത്യയിലെപോലെ വിറ്റഴിക്കുന്ന ഒരുല്പന്നമല്ലെന്നു ഞാന്‍ മനസ്സിലാക്കി. നമ്മുടെ നാട്ടില്‍ പ്രായം കൂടിയ സ്ത്രീകളെ പുരുഷന്മാര്‍ വിവാഹം കഴിക്കില്ല അതൊരു കുറവായി കാണുന്നു. ഇവിടെ പ്രായം ഒരു വിഷയമല്ല. ജാതി മത രാഷ്ട്രങ്ങള്‍ ഒരുവിഷയമല്ല. ആര്‍ക്കും ആരെയും പ്രണയിക്കാം. നല്ല മനുഷ്യര്‍ക്ക് നല്ല ജീവിതം നയിക്കാം.

മിടുക്കരായ കുട്ടികള്‍ക്ക് എത്ര വേണമെങ്കിലും പഠിക്കാം. ബാങ്കുകള്‍ സഹായിക്കും. ജോലി കിട്ടുമ്പോള്‍ അല്പമായ് അടച്ചു തീര്‍ത്താല്‍ മതി. പതിനെട്ടു വയസ്സുവരെ പഠനം എല്ലാം സര്‍ക്കാര്‍ ചെലവിലാണ്. കൈക്കൂലി കൊടുക്കേണ്ട ഒരു കാര്യവുമില്ല. എന്റെ മകനും മകളും സയന്‍സ്സില്‍ ഉപരി പഠനം നടത്തിയത് ഇവിടയാണ്. ഞങ്ങള്‍ക്ക് ഒരു തലവേദനയും ഈ കാര്യത്തിലുണ്ടായില്ല. അതുപോലെ ജോലിയിലും ഓരോരുത്തരുടെ കഴിവുകള്‍ക്ക് അനുസരിച്ചു തൊഴില്‍ ലഭിക്കുന്നു. ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കേണ്ടതില്ല. ചിലര്‍ ചിന്തിക്കും ബ്രിട്ടീഷുകള്‍ അവര്‍ക്കല്ലേ തൊഴില്‍ കൊടുക്കു. അവിടേയും ആ വിവേചനമില്ല. അവരവരുടെ യോഗ്യതകളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.

ചില ചെറുകിട പ്രസാധകരു ഭാഷയുമായി ബന്ധമുള്ളവരുമാണ് പ്രവാസത്തില്‍ കഴിയുന്ന കുറച്ചുപേരെ എഴുത്തുകാരാക്കിയതും ചൂഷണം ചെയ്തതും. പലരും കബളിപ്പിക്കപ്പെട്ടു. സാഹിത്യലോകത്തുള്ളവര്‍ ആശയ-ആദര്‍ശങ്ങളില്‍ പരസ്പരം പൊരുതുന്നവരാണെങ്കിലും ശത്രുത വച്ചു പുലര്‍ത്തുന്നവരായി അറിയില്ല. വിദേശത്തുള്ള അഭിനവ എഴുത്തുകാരാണ് പ്രതിഭാധനരായ എഴുത്തുകാരോട് ശത്രുത പുലര്‍ത്തുന്നതായി എനിക്ക് അനുഭവപ്പെട്ടത്. ലണ്ടനില്‍ എഴുത്തുകാരായ വായിക്കപ്പെടുന്നവരാണ് സിസിലി ജോര്‍ജ്, മലയാളികളായ ഇംഗ്ലീഷ് മലയാളം എഴുത്തുകാര്‍ ഡോ. സിറിയക് മാപ്രായില്‍, മീര കമല, നാടകസംവിധാന സംഗീതവിദ്വാന്‍ മനോജ് ശിവ, ജിന്‍സണ്‍ ഇരിട്ടി, സാംസ്‌കാരിക-സാമൂഹിക രംഗത്തുള്ള അപ്പച്ചന്‍ കണ്ണഞ്ചിറ, പ്രിയവ്രതന്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനും ന്യൂഹാം കൗണ്‍സിലറുമായ സുഗതന്‍ തെക്കേപുരയില്‍, ആന്റണി പട്ടേരി, ബിലാത്തി പട്ടണം മുരളി, മുകുന്ദന്‍, വക്കം ജി. സുരേഷ്‌കുമാര്‍ (തമ്പി), ശാമുവേല്‍തോമസ്, ലിവര്‍പൂളിലെ തോമസുകുട്ടി, ബിജു പീറ്റര്‍, അഡ്വ. ശ്രീജിത്ത്, ജോയ് അഗസ്തി, അരുണ ശശി, ബിന്ദു ബിനു, പ്രഭ ശശിധരന്‍, രമ ഫ്രാന്‍സിസ്, ബ്രിട്ടനിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെയുടെ പത്രാധിപര്‍ ബിന്‍സു ജോണ്‍, അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ ഈ മലയാളീ ജോര്‍ജ് ജോസഫ്, മലയാളം പത്രിക ടാജ് മാത്യു, ജോയിച്ചന്‍ പുതുക്കുളം, ഡെയിലി മലയാളം ന്യൂസ്, കേരള എക്‌സ്പ്രസ്സ്, സംഗമം, ജര്‍മനിയിലെ പ്രവാസി ഓണ്‍ലൈന്‍ ജോസ് കുമ്പിളിവേലില്‍, നമ്മുടെ ലോകം, ജോസ് പുതുശ്ശേരി ഇവരെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ ഭാഷയുടെ തനിമയും സംസ്‌കാരവും നിലനിര്‍ത്തി പോകുന്നവരാണ്.

വിശ്വപ്രസിദ്ധനായിരുന്ന ടോള്‍സ്റ്റോയ് തന്നെ സമീപിച്ച പ്രമുഖ എഴുത്തുകാരന്‍ മാര്‍ക്‌സിം ഗോര്‍ക്കിയോട് പറഞ്ഞു. ”താങ്കള്‍ എഴുത്തില്‍ മിടുമിടുക്കന്‍ പക്ഷെ ഒരു കുറവുണ്ട്. ഗുരുത്വമില്ല.” ഇവിടെയുള്ളവര്‍ പണവും പ്രശസ്തിയും ആഗ്രഹിക്കുന്നവര്‍ അല്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങളില്‍ വളരെ പിന്നിലാണ്. നല്ല സാഹിത്യകൃതികള്‍ പോലെ നമ്മേക്കാള്‍ മുതിര്‍ന്ന എഴുത്തുകാരുടെ വാക്കുകള്‍ കേള്‍ക്കുക അതുള്‍കൊള്ളുക എന്നതും ഒരു ലഹരിയായിട്ടാണ് ഞാന്‍ കണ്ടിട്ടിട്ടുള്ളത്. കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഗുരുത്വം കുറഞ്ഞതും ഇതുമായി കുട്ടിവയ്ക്കാവുന്നതാണ്. ഇതു കേരളത്തിലെ കുറെ യുവഎഴുത്തുകാരിലും കാണാന്‍ സാധിക്കും. അവരുടെ രചനകളില്‍ സൗന്ദര്യ തുളുമ്പി നില്ക്കുമെങ്കിലും ഇവരില്‍ എത്രപേര്‍ക് ഒരു കാവ്യത്തിന്റെ അല്മഭാവങ്ങളായ അലങ്കാരം, ശബ്ദം, ആശയം, ഗുണം, മാര്‍ഗ്ഗം, ലക്ഷ്യം, അനുകമ്പ, ഭാഷയുടെ ഭാവരൂപങ്ങള്‍, സ്‌നേഹം എന്നിവ അറിയാം. സാഹിത്യത്തിന് സാധാരണ ഭാഷ മതി എന്നാല്‍പോലും അവിടേയും ഒരു സര്‍ഗ്ഗപ്രതിഭയുടെ കരകൗശലമുണ്ട്.

സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും മത വിഷയത്തിലായാലും പൂര്‍വ്വികര്‍ രേഖപ്പെടുത്തിയിട്ടുള്ള മഹത്തായ ചരിത്രമുണ്ട് അതൊക്കെമായിക്കപ്പെടുകയോ മറക്കപ്പെടുകയോ ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷത്തിലാണ് ഇന്ന് കേരളം നീങ്ങുന്നത്. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഓരോരുത്തനും ആദ്യം കണ്ണാടിയില്‍ നോക്കി അവനവനെത്തന്നെ തിരിച്ചറിയണമെന്ന ഉള്‍ക്കാഴ്ചയോടെയായിരുന്നു ഇന്നിപ്പോള്‍ മൊബൈല്‍ യുഗത്തില്‍ സെല്‍ഫിയിലൂടെ സ്വന്തം മുഖം മിനുക്കി ലോകര്‍ക്ക് കാണാനായി സമര്‍പ്പിച്ചു കൊണ്ട് അതിന്റെ ലൈക്കിന്റെ എണ്ണം നോക്കി പരമാനന്ദം കൊണ്ടിരിക്കുമ്പോള്‍ ആ തലമുറയ്ക്ക് ലോകത്തെ കാണാനോ സമൂഹത്തെ കാണാനോ എവിടെയാണ് നേരം.

അഞ്ജു റ്റിജി

സ്‌കൂളിലെ പരീക്ഷകള്‍ക്ക് ശേഷം വേനല്‍ അവധി വന്നെത്തി. എന്റെയും കുഞ്ഞനുജത്തിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന്‍ ഞങ്ങളെ അമ്മ വീട്ടിലേക്ക് കൊണ്ടുവരാന്‍ സമ്മതിച്ചത്. മുട്ടാര്‍ എന്നു പേരുള്ള മനോഹരമായ ഒരു കുട്ടനാടന്‍ ഗ്രാമത്തിലാണ് എന്റെ അമ്മവീട്. കേരളത്തിന്റെ ഐശ്വര്യം എന്ന് തന്നെ വിളിക്കാന്‍ സാധിക്കാവുന്ന നാട്. പ്രകൃതിയെ ആസ്വദിക്കാനും അറിയാനും ഉചിതമായ പ്രകൃതി രമണീയമായ ഈ നാട്ടിലേക്ക് വരുന്നത് എനിക്ക് ഇഷ്ടമാണ്.

ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ പാടത്തു വിളഞ്ഞു നില്‍ക്കുന്ന നെല്‍ കതിരുകളായിരുന്നു എന്റെ കൗതുകം. ഇളം കാറ്റില്‍ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് അവ താളത്തില്‍ ആടുന്നു. എന്നോ പെയ്ത മഴയിലും കാറ്റിലും പാടത്തെ നെല്‍ച്ചെടികളില്‍ കുറേ എണ്ണം നിലം പറ്റിയിരുന്നു. എനിക്ക് അവധിക്കാലത്ത് വായിക്കാനായി അച്ഛന്‍ തന്ന എസ്.കെ പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്ന നോവല്‍ ഞാന്‍ ചിറയില്‍ പോയിരുന്നു വായിക്കാന്‍ തുടങ്ങി. നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ് ചിറ. ഈ ചിറയെ അഭിമുഖീകരിച്ചാണ് വയലുള്ളത്. വയലിന്റെയും നെല്‍ക്കതിരുകളുടെയും പശ്ചാത്തലത്തില്‍ നോവലിലെ അതിരാണിപ്പാടം ഞാന്‍ മനസിലേറ്റി.

പറമ്പലുടനീളമുള്ള മാവുകളില്‍ സമൃദ്ധമായി മാങ്ങകള്‍ കായ്ച്ചു കിടക്കുന്നു. ഞങ്ങള്‍ കേട്ടിട്ടില്ലാത്ത പേരുകളിലുള്ള മാവുകള്‍. കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, നാട്ടുമാവ് പിന്നെ തേന്‍ രുചിയുള്ള ചകിരി മാവും. മാവിന്‍ ചുവടായിരുന്നു ഞങ്ങളുടെ കളിസ്ഥലങ്ങളില്‍ ഒന്ന്. നാട്ടുമാമ്പഴം ചൊനയിറ്റിച്ച് കളഞ്ഞ് ആസ്വദിച്ച് കഴിക്കുന്നതിന്റെ രുചി ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടയില്‍ ഞങ്ങളാല്‍ പറ്റുന്ന പുതിയ പാചക രീതികളും ഞങ്ങള്‍ പരീക്ഷിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴം ചെറുതായി കൊത്തിയരിഞ്ഞ് മുളകും ഉള്ളിയും പച്ചവെളി്‌ച്ചെണ്ണയും കലര്‍ത്തി ഇപ്പോഴും നാവില്‍ വെള്ളം ഊറുന്ന രൂചിയുള്ള ഒരു പുതിയ വിഭവം.

കൊയ്ത്തിന്റെ ദിവസം എനിക്കേറെ പുതുമയുള്ളതായിരുന്നു. പാഠപുസ്തകത്തില്‍ മാത്രം കാണുന്ന കൊയ്ത്തു യന്ത്രത്തെ ഞാന്‍ ആദ്യമായി നേരിട്ടുകണ്ടു. എന്റെ മനസ്സിലറഞ്ഞാവണം കൊയ്ത്ത് യന്ത്രത്തില്‍ അമ്മാവനൊപ്പം ചുറ്റി സഞ്ചരിക്കാന്‍ സാധിച്ചു. നെല്‍ചെടികള്‍ അരിഞ്ഞ് അതിലെ നെല്ലും കച്ചിയും തരംതിരിച്ച് മാറ്റുന്നത് ഒരു വിസ്മയകരമായ കാഴ്ച്ച തന്നെയായിരുന്നു. നാം കഴിക്കുന്ന ചോറ് എത്ര മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഫലമാണെന്ന് എനിക്ക് മനസിലായത് ഈ കൊയ്ത്തിലൂടെയാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഓടിക്കളിക്കുക ഞങ്ങള്‍ പതിവാക്കി. ഒരുവട്ടം കളിക്കുന്നതിനിടയില്‍ പാടത്തിന് നടുവിലെ ഇടത്തോടിന്റെ ചതുപ്പില്‍ എന്റെ കാല്‍ പൂഴ്ന്ന് പോയപ്പോള്‍ പേടിച്ചെങ്കിലും ഇന്ന് രസകരമായ ഓര്‍മ്മയാണ്.

ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ പാടത്ത് വെള്ളം നിറഞ്ഞിരുന്നു, ഒപ്പം കൊറ്റികളും താറാവുകളും പാടത്ത് തീറ്റ തേടിക്കൊണ്ടിരിക്കുന്നു. അന്ന് മീന്‍കൂടയില്‍ കിട്ടിയ മത്സ്യങ്ങളെ ഞാന്‍ അദ്ഭുതത്തോടെ നോക്കികണ്ടു. എത്ര ഇനം മത്സ്യങ്ങള്‍! ഓരോന്നിന്റെയും പേരുകള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു. പരല്‍, മുഷി, കല്ലമുട്ടി, അങ്ങനെ ഒട്ടേറെ രസകരമായ പേരുകള്‍ ഞാന്‍ പഠിച്ചു. ഒരു ദിവസം വയലിലേക്ക് വെള്ളം വരുന്ന തോട്ടില്‍ ധാരാളം മീനുകള്‍! ചെറിയ കോരുവല ഉപയോഗിച്ച് ഞങ്ങള്‍ പരല്‍ മീനുകളെ പിടിച്ചു. പിന്നീട് പത്രത്തില്‍ തണ്ണീര്‍മുക്കം ഷട്ടര്‍ തുറന്നതിനെപ്പറ്റിയുള്ള വായിച്ചു അതിനാലാണ് പാടത്ത് വെള്ളം കയറിയതും മത്സ്യങ്ങള്‍ വന്നതും. കുറച്ച് നേരത്തിന് ശേഷം ഞാന്‍ തോട്ടില്‍ വീണ്ടും വന്ന് നോക്കിയപ്പോള്‍ പരല്‍ മീനുകള്‍ പലതും ചത്ത് പോയതായി കണ്ട്ു. ഇതിന്റെ കാരണം പിന്നീട് അമ്മായി എനിക്ക് പറഞ്ഞു തന്നു. പരലുകള്‍ വെള്ളം അല്‍പ്പം ചൂടായാല്‍ പോലും ചത്തു പോകും, എന്നാല്‍ മറ്റു മ്ത്സ്യങ്ങള്‍ക്ക്
ഈ സ്വഭാവ വിശേഷണം ഇല്ല. ദൈവം ഓരോ മത്സ്യത്തെപോലും എത്ര വ്യത്യാസത്തോടു കൂടിയാണ് സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാതെ ഓര്‍ത്തുപോയി.

ഞങ്ങള്‍ തിരിച്ച് എന്റെ സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ആരും കാണാതെ കുപ്പിയിലാക്കിയ പരല്‍ മീനുകള്‍ ചാകരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഒപ്പം ഇനിയും ഒരു അവധിക്കാലത്തിനായി എന്റെ മനസ് കൊതിച്ചുകൊണ്ടേയിരുന്നു.

-അഞ്ജു റ്റിജി തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. റേഡിയോ മാക്‌സ്ഫാസ്റ്റ് നടത്തിയ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ അഞ്ജു റ്റിജിയുടെ ‘എന്റെ കുട്ടനാടന്‍ അവധിക്കാല’ത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

അദ്ധ്യായം 34
ഞാന്‍ കണ്ട സാഹിത്യ, രാഷ്ട്രീയ മുഖങ്ങള്‍

ഒരു പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റയാള്‍ക്കു വരാന്‍ സാധിക്കാതെ വരിക. ഗ്രന്ഥകര്‍ത്താവും പ്രസാധകനും ഒരു പോലെ പ്രതിസന്ധിയിലാകും. ഇങ്ങനെയുള്ള അവസരങ്ങളില്‍ സന്നിഹിതരായവരില്‍ ഒരാളേക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുകയാണു പതിവ്. കാരണം ക്ഷണക്കത്ത് ഒക്കെ അച്ചടിച്ചുകഴിഞ്ഞ് മറ്റൊരാളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പകരക്കാരനായി വരാന്‍ സാധാരണ എല്ലാവരും വിസമ്മതിക്കും. രാഷ്ട്രീയക്കാരോ സാഹിത്യകാരന്മാരോ ആണങ്കില്‍ പറയുകയും വേണ്ട. രണ്ടു കൂട്ടര്‍ക്കും ‘ഈഗോ’ പ്രശ്‌നമാണ്.
എന്റെ ‘കിനാവുകളുടെ തീരം’ എന്ന നോവല്‍ പ്രകാശനത്തിന് സംഘാടകരായ പേരൂര്‍ കാരാഴ്മ നേതാജി ക്ലബ് ക്ഷണിച്ചിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. ക്ഷണക്കത്തും അച്ചടിച്ചു വിതരണംചെയ്തു. പ്രകാശനത്തലേന്ന് അഴീക്കോട് മാഷിന്റെ ഫോണ്‍ വന്നു ‘കാലിനു നല്ല നീരും വേദനയുമുണ്ട്, ഇത്രദൂരം യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചാരുംമൂട് വരെ നല്ല ദൂരമല്ലേ, മറ്റൊന്നും തോന്നരുത്.’
എന്നെക്കാള്‍ വിഷമിച്ചത് നേതാജി ക്ലബ് ഭാരവാഹികളാണ്. പകരം ആരെന്നു ഞാന്‍ ചോദിച്ചു. ക്ലബ് ഭാരവാഹികളായ അരവിന്ദാക്ഷനും ഷിബുവും പറഞ്ഞു. ‘എം. എ. ബേബിയെ വിളിക്കാം.’ അദ്ദേഹം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം കൂടിവഹിച്ചിരുന്നു. അദ്ദേഹം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ് എന്ന പൊതു അഭിപ്രായം ഉയര്‍ന്നു. ഫോണില്‍ സംസാരിച്ചത് ഞാന്‍ തന്നെയാണ്. ഒരു എതിര്‍പ്പും പറഞ്ഞില്ല. വരാമെന്നു സമ്മതിച്ചു. നിശ്ചിത സമയത്തിനു മുമ്പേ എത്തി. അതിമനോഹരമായി പ്രസംഗിച്ചു. പുരോഗമന ആശയങ്ങള്‍ നിറഞ്ഞതായിരുന്നു പ്രസംഗം. കാറുകൂലി നല്‍കിയതുപോലും വാങ്ങാതെയാണു മടങ്ങിയത്.

2008 ല്‍ എം.എ. ബേബി, വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് എന്റെ ‘കാല്‍പ്പാടുകള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തിരുന്നു. ജി.എന്‍ പണിക്കര്‍, ഏഴാച്ചേരി രാമചന്ദ്രനും കരീപ്പുഴ ശ്രീകുമാറും വിതുര ബേബിയും ബാബു കുഴിമറ്റവും എല്ലാം ഉള്‍പ്പെട്ട സാഹിത്യവേദിയിലായിരുന്നു പ്രകാശനം. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും എം.എ. ബേബി വ്യത്യസ്തനാണ്. സത്യത്തിനു വേണ്ടി നിലകൊള്ളാനും മറ്റുള്ളവരുടെ ആവലാതികള്‍ ശ്രദ്ധയോടും ക്ഷമയോടും കൂടെ കേള്‍ക്കാനും പരിഹാരം കാണാനും അദ്ദേഹത്തിനു പലപ്പോഴും കഴിയാറുണ്ട്.
തലേ വര്‍ഷം, ഇംഗ്ലണ്ടില്‍ ഈസ്റ്റ്ഹാമിലെ ഗുരുമിഷനില്‍ അദ്ദേഹം എത്തിയിരുന്നു. ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്നു ഞാന്‍ മനസ്സിലാക്കിയതാണ്.
രാഷ്ട്രീയത്തില്‍ ഞാന്‍ അറിഞ്ഞ മറ്റൊരു വ്യത്യസ്ത വ്യക്തിത്വമാണ് ജി. സുധാകരന്‍. അദ്ദേഹം സഹകരണ മന്ത്രിയായപ്പോഴാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുനര്‍ജീവിപ്പിച്ചതും എഴുത്തുകാര്‍ക്കു റോയല്‍റ്റി കുടിശിക നല്‍കിയതും. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എനിക്കും കിട്ടി ഒരു തുക. പുതിയ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റി തുക കുറച്ച് മുന്‍കൂറായി നല്‍കിയും അദ്ദേഹം പരീക്ഷണം നടത്തി. ഞാന്‍ എഴുതിയ ‘കാണാപ്പുറങ്ങള്‍’ എന്ന നോവല്‍ ഏഴാച്ചേരി രാമചന്ദ്രനു നല്‍കി ജി. സുധാകരനാണു പ്രകാശനം ചെയ്തത്. ജി. സുധാകരന്റെ അയല്‍ക്കാരനാണു ഞാന്‍ എന്നു പറയാം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരം പൊളിച്ചു പണിതതുപോലെ ഒട്ടേറെ പൊളിച്ചടുക്കലുകള്‍ പല രംഗങ്ങളിലും അദ്ദേഹം നടത്തിയിട്ടുണ്ട്.

മാവേലിക്കര രാമചന്ദ്രനുമൊത്താണ് ഡല്‍ഹി കേരള ഹൗസില്‍, ഞാന്‍ അന്തരിച്ച മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായ ജി. കാര്‍ത്തികേയനെ പരിചയപ്പെട്ടത്. എന്റെ നോവല്‍ ‘കനല്‍’ കോട്ടയത്ത് ജോസ് പനച്ചിപ്പുറത്തിനു നല്‍കി പ്രകാശനം ചെയ്തത് ജി. കാര്‍ത്തികേയനാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയ നേതാവ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സത്യസന്ധത പൂലര്‍ത്തിയ വ്യക്തി. അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടകന്നത്.
ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെങ്കിലും രമേശ് ചെന്നിത്തലയിലും ഞാന്‍ നന്മയും സൗഹൃദവും കണ്ടിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ചാരുംമൂട്ടില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങിന് അദ്ദേഹം ഒരിക്കല്‍ എത്തിയത് മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ്. ‘കാരൂര്‍ സോമനെ നിരാശപ്പെടുത്താന്‍ കഴിയില്ല. അതാണ് ഓടിയെത്തിയത്’ രമേശ് പറഞ്ഞു.

ഇവിടെ ഞാന്‍ അഴീക്കോട് മാഷിലും നന്മകാണുന്നു. അദ്ദേഹത്തിന്റെ ശാരീരിക വൈഷമ്യങ്ങളും വരാന്‍ സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം ഫോണില്‍ നേരിട്ടുവിളിച്ചാണു പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ‘ശാന്തസുന്ദര സാഗര ഗര്‍ജനം’ കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ദുഃഖം തോന്നിയെന്നു മാത്രം. മാവേലിക്കരയില്‍ ഒരു ചടങ്ങിലാണ് മാഷിനെ ഞാന്‍ പരിചയപ്പെട്ടത്. എന്റെ എഴുത്തിന്റെ വഴികളില്‍ എന്നെ സഹായിച്ച ധാരാളം പേരുണ്ട്. അതില്‍ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തവരും സ്വീകരിച്ചവരും പുരസ്‌കാരങ്ങള്‍ തന്നവരുമായ പ്രമുഖരാണ് മുന്‍ പ്രധാന മന്ത്രി നരസിംഹറാവു, ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , ബിനോയ് വിശ്വം, എം.എം. ഹസ്സന്‍, കായംകുളം എം.എല്‍.എ പ്രതിഭഹരി, മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ്, ഡോ.എം.ആര്‍.തമ്പാന്‍, കെ.എ.ഫ്രാന്‍സിസ്, ഡോ. നെടുമുടി ഹരികുമാര്‍, ഡോ.ചേരാവള്ളി ശശി, ഡോ.മുഞ്ഞിനാട് പദ്മകുമാര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, പി.ടി. ചാക്കോ, കെ.എല്‍. മോഹന വര്‍മ്മ, സിപ്പി പള്ളിപ്പുറം, മണ്മറഞ്ഞ ഡേ. കെ. എം. ജോര്‍ജ്, ഒ.എന്‍.വി കുറുപ്പ്, കാക്കനാടന്‍, ലീലാ മേനോന്‍, മാടവന ബാലകൃഷ്ണപിള്ള, പ്രൊഫ.പ്രയാര്‍ പ്രഭാകരന്‍, ജോര്‍ജ് തഴക്കര, വി.പി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ മഹത് വ്യക്തികളാണ് സി.രാധാകൃഷ്ണന്‍ (എനിക്ക് അദ്ദേഹമെന്നും ഗുരുതുല്യനാണ്), പി. വത്സല ടീച്ചര്‍, സാറ ടീച്ചര്‍, പി.കെ പാറക്കടവ്, ഡോ.പുനലൂര്‍ സോമരാജന്‍, ഡോ.സന്തോഷ്. ജെ.കെ.വി, ഡോ.പോള്‍ മണലില്‍, കെ.രാഘവന്‍, നടന്‍ മുകുന്ദന്‍, എസ്.ലാല്‍, പി.ജെ.ജെ. ആന്റണി, സാബു മുരിക്കവേലി, എസ്. ഹനീഫാ റാവുത്തര്‍, അഡ്വ.സുധീര്‍ ഖാന്‍, അഡ്വ.മുജീബ് റഹ്മാന്‍, അജീഷ് ചന്ദ്രന്‍, ഡോ.മിനി നായര്‍, മാസ്റ്റേഴ്‌സ് ജി. സാം, വിശ്വന്‍ പടനിലം, എഞ്ചിനീയര്‍ സുജിത്ത് കുമാര്‍. വി, കൊപ്പാറ. കെ.എന്‍ ഗോപാലകൃഷ്ണന്‍, വസന്ത സോമന്‍, പ്രകാശ് കളീക്കല്‍, രാജന്‍പിള്ള, ചിത്രാലയ പ്രസാദ്, തൈവിള തങ്കപ്പന്‍, കാരൂര്‍ അനിയന്‍കുഞ്ഞ്, പുതുക്കാട് മണലില്‍ വില്‍സണ്‍, എം. ശമുവേല്‍, റ്റി. പാപ്പച്ചന്‍, സണ്ണി ഡാനിയേല്‍, വള്ളികുന്നം രാജേന്ദ്രന്‍, സലാമത്ത് എം.എസ്, കുറ്റിപ്പുറം ഗോപാലന്‍, കറ്റാനം ഓമനക്കുട്ടന്‍, രാജന്‍ കൈലാസ്, ഡോ.സിമി ജിം കാരൂര്‍, ഡോ.അനില്‍ സാംസണ്‍ കാരൂര്‍, താമരക്കുളം ഖാന്‍ എന്നിവര്‍ക്കും ഈ രംഗത്ത് എന്നെ വിമര്‍ശ്ശിച്ചവര്‍ക്കും, അപമാനിച്ചവര്‍ക്കും ഒപ്പം കേരള-ഗള്‍ഫ്-യൂറോപ്പ്-അമേരിക്കയിലെ ഓണ്‍ലൈന്‍ അടക്കമുള്ള എല്ലാ മാധ്യമ-പ്രസാധകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീടുള്ള നാളുകളില്‍ ഭാഷാ പോഷിണി, കലാകൗമുദി, മനോരമ, മാതൃഭൂമി, ദീപിക, കേരള കൗമുദി, മാധ്യമം, മംഗളം, കുങ്കുമം, സാഹിത്യപോഷിണി മറ്റ് മാധ്യമങ്ങളിലും ലേഖനം, കഥ, കവിതകള്‍ വന്നു. പിന്നീട് വിദ്യാര്‍ത്ഥി മിത്രം എന്റെ കടല്‍ക്കര എന്ന നാടകം പുസ്തക രൂപത്തില്‍ പുറത്തിറക്കി. നോവല്‍ എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു. 2018 ല്‍ എന്റെ വിധേയന്‍ എന്ന കഥ ഫ്രാന്‍സിസ് ജൂനിയര്‍ മാവേലിക്കര ടെലിഫിലിമായി പുറത്തിറക്കി.

Copyright © . All rights reserved