Main News

ദീര്‍ഘകാലമായി വിമര്‍ശനം ഏറ്റുവാങ്ങുന്ന ഗോള്‍ഡന്‍ വിസ പദ്ധതി നിര്‍ത്തലാക്കുന്നതില്‍ പരാജയപ്പെട്ട് ഹോം ഓഫീസ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ധനികരായ വിദേശികള്‍ക്ക് പണമീടാക്കി നല്‍കിയിരുന്ന ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇത് നിര്‍ത്തലാക്കുമെന്നായിരുന്നു അറിയിപ്പ്. യുകെയുടെ ടയര്‍ വണ്‍ ഇന്‍വെസ്റ്റര്‍ പ്രോഗ്രാം നിര്‍ത്തലാക്കുകയാണെന്ന് അഞ്ചു ദിവസം മുമ്പ് വാര്‍ത്താക്കുറിപ്പില്‍ ഹോം ഓഫീസ് അറിയിക്കുകയായിരുന്നു. ഈ വിസയുടെ മറവില്‍ സംഘടിത കുറ്റകൃത്യങ്ങളും കള്ളപ്പണ ഇടപാടുകളും നടക്കുന്നുവെന്ന വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.

നമ്മുടെ നിയമങ്ങള്‍ അനുസരിക്കന്‍ തയ്യാറല്ലാത്തവരെയും നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെയും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൊവ്വാഴ്ച ഹോം ഓഫീസ് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിക്കുന്നു. ടയര്‍ വണ്‍ (ഇന്‍വെസ്റ്റര്‍) വിസ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. എന്തായാലും അത് ഉടന്‍ തന്നെ ഇല്ലാതാക്കുമെന്നും സമീപഭാവിയില്‍ തന്നെ അതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ഹോം ഓഫീസ് വക്താവ് അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഹോം ഓഫീസ് തയ്യാറായില്ല.

അഴിമതിക്കും ചൂഷണത്തിനും കാരണമാകുന്നുവെന്ന പേരില്‍ ഗോള്‍ഡന്‍ വിസ സമ്പ്രദായം ഏറെക്കാലമായി വിമര്‍ശിക്കപ്പെട്ടു വരികയാണ്. സ്‌ക്രിപാലിനെതിരെ ഉണ്ടായാ നോവിചോക്ക് ആക്രമണത്തിനു ശേഷം റഷ്യന്‍ ധനികര്‍ക്ക് അനുവദിച്ചിട്ടുള്ള 700 ഗോള്‍ഡന്‍ വിസകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാതെ 3000 ഗോള്‍ഡന്‍ വിസകള്‍ യുകെ വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് 2015ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുകെയില്‍ പുതിയ അവയവദാന നിയമം അംഗീകാരത്തിനായി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍. 2017ല്‍ അവയവദാനത്തിലൂടെ ജീവന്‍ തിരിച്ചു കിട്ടിയ മാക്‌സ് ജോണ്‍സണ്‍ എന്ന പത്തു വയസുകാരന്റെ പേരിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള അവയവദാന നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള നിയമമാണ് നടപ്പിലാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് മാക്‌സ് ജോണ്‍സണ്‍ പറഞ്ഞു. ഈ നിയമം വലിയ മാറ്റമുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ഒരു അവയവ സുനാമി തന്നെ ഇതിനു ശേഷം ഉണ്ടാകും! അവയവ ദാതാക്കള്‍ ഒട്ടേറെ രംഗത്തു വരുമെന്നും മാക്‌സ് പറഞ്ഞു. കരട് നിയമം ലോര്‍ഡ്‌സില്‍ അന്തിമ അംഗീകാരം നല്‍കുന്നതിനു മുമ്പായി സൂക്ഷ്മമായി പരിശോധിക്കും.

ഇങ്ങനെയൊരു നിയമം നടപ്പിലാക്കുന്നതിനായുള്ള മിറര്‍ ക്യാംപെയിനില്‍ മാക്‌സ് ആയിരുന്നു മുന്‍നിരയിലുണ്ടായിരുന്നത്. നിയമം അംഗീകാരത്തിലേക്കുള്ള അന്തിമ ഘട്ടത്തിലാണ്. ഇതനുസരിച്ച് ആളുകള്‍ വിസമ്മതം അറിയിച്ചില്ലെങ്കില്‍ അവരെ അവയവ ദാതാക്കളായി പരിഗണിക്കും. ആശുപത്രികളില്‍ ചികിത്സക്കായി കാത്തിരിക്കുന്ന നിരവധി കുട്ടികള്‍ക്ക് ഈ നിയമം രക്ഷ നല്‍കുമെന്ന് മാക്‌സ് പറയുന്നു. ആശുപത്രിയില്‍ കഴിയുമ്പോള്‍ തനിക്കൊപ്പം മറ്റു കുട്ടികളും ഉണ്ടായിരുന്നു. അവര്‍ തന്റെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അവയവ ദാതാക്കളെ കിട്ടാതെ അവരില്‍ ചിലര്‍ മരിച്ചു പോയി. അവരില്‍ നാലു പേരെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് മാക്‌സ് പറഞ്ഞു.

ചെഷയറിലെ വിന്‍സ്‌ഫോര്‍ഡ് സ്വദേശിയായ മാക്‌സ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. കാറപകടത്തില്‍ കൊല്ലപ്പെട്ട ഡെവണ്‍ സ്വദേശിനിയായ കെയ്‌റ ബോള്‍ എന്ന പെണ്‍കുട്ടിയുടെ ഹൃദയമാണ് മാക്‌സിന് ലഭിച്ചത്. എത്രമാത്രം ഭാഗ്യവാനാണ് താനെന്ന് അറിയാം. ബ്രെക്‌സിറ്റ് വിഷയത്തില് തെരേസ മേയ്ക്ക് വാദപ്രതിവാദങ്ങള്‍ നടത്താനുണ്ടായിരിക്കാം. എന്നാല്‍ വളരെ വേഗം തന്നെ ഈ നിയമം അവര്‍ നടപ്പാക്കുമെന്നാണ് കരുതുന്നതെന്നും മാക്‌സ് പറഞ്ഞു. കെയ്‌റ ബോളിന്റെ കുടുംബത്തിന് നന്ദി പറയാനും മാക്‌സ് മറന്നില്ല.

ബ്രെക്‌സിറ്റ് ധാരണയില്‍ വീണ്ടും ചര്‍ച്ചക്കില്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. നിലവില്‍ അംഗീകരിച്ച ധാരണയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ളവയില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് യൂറോപ്യന്‍ കൗണ്‍സില്‍ സ്വീകരിച്ചിരിക്കുന്നത്. സമയം അതിവേഗത്തില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും ടസ്‌ക് നല്‍കി. പാര്‍ലമെന്റില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്ന ധാരണയില്‍ വോട്ടിംഗ് വേണ്ടെന്നു വെച്ച തെരേസ മേയ്ക്ക് ഈ നിലപാട് തിരിച്ചടിയാകും.

വന്‍ പരാജയമുണ്ടാകും എന്നതിനാലാണ് തെരേസ മേയ് കോമണ്‍സ് വോട്ടിംഗില്‍ നിന്ന് പിന്മാറിയത്. ടോറി റിബലുകള്‍ ഉള്‍പ്പെടെ ബ്രെക്‌സിറ്റ് ധാരണക്കെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയതോടെയാണ് ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്നും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടാമെന്നും മേയ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. ഹേഗില്‍ വെച്ച് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടുമായി മേയ് കൂടിക്കാഴ്ച നടത്തും.

200 വോട്ടുകള്‍ക്കെങ്കിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പരാജയപ്പെടാന്‍ ഇടയുണ്ടായിരുന്നു. ഈ സാഹചര്യമാണ് അവസാന നിമിഷം നടത്തിയ പിന്‍മാറ്റത്തിലൂടെ മേയ് ഒഴിവാക്കിയത്. ഒന്നര മാസത്തേക്കെങ്കിലും ബ്രെക്‌സിറ്റ് ധാരണയില്‍ താമസമുണ്ടാകുമെന്നാണ് മെയ് നല്‍കുന്ന സൂചന.

വിന്ററിലെ ആദ്യ മഞ്ഞുവീഴ്ച ഈയാഴ്ച ബ്രിട്ടനില്‍ ഉണ്ടായേക്കും. ഐസ്‌ലാന്‍ഡില്‍ നിന്നുള്ള ശീതവായു പ്രവാഹം ബ്രിട്ടനില്‍ കടുത്ത തണുപ്പ് ഉണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പെനൈന്‍സ് ഉള്‍പ്പെടെയുള്ള നോര്‍ത്തേണ്‍ മേഖലയിലേക്കും തണുത്ത കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച മുതല്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്നാണ് നിഗമനം. ന്യൂനമര്‍ദ്ദ മേഖല പടിഞ്ഞാറേക്ക് സഞ്ചരിക്കുമെന്നും പ്രവചനം പറയുന്നു. ഇന്ന് രാത്രിയോടെ ചില മേഖലകളില്‍ താപനില മൈനസ് 6 ഡിഗ്രി വരെ താഴ്‌ന്നേക്കാം. വാരാന്ത്യത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലെ താപനില മൈനസ് 8 വരെയാകുമെന്നും പ്രവചനം വ്യക്തമാക്കുന്നു.

സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ചയ്ക്കാണ് കളമൊരുങ്ങുന്നതെന്ന് മെറ്റ് ഓഫീസ് വക്താവ് ബെക്കി മിച്ചല്‍ പറയുന്നു. എന്നാല്‍ ഇത് കുറച്ചു കൂടി വ്യക്തമായി പറയണമെങ്കില്‍ കുറച്ചു ദിവസങ്ങള്‍ കൂടി കഴിയണമെന്നും മിച്ചല്‍ പറഞ്ഞു. മഞ്ഞുവീഴ്ചയുടെ തോത്, താഴ്ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകുമോ എന്നീ കാര്യങ്ങളില്‍ അനിശ്ചിതത്വമുണ്ടെന്നും മിച്ചല്‍ വ്യക്തമാക്കി. സൗത്തിലെ രേഖപ്പെടുത്താവുന്ന ഉയര്‍ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസ് ആണ്. നോര്‍ത്തില്‍ അത് 9 ഡിഗ്രി ആയിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞ രാത്രിയില്‍ മൈനസ് 3 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. ആകാശം മേഘാവൃതമായതിനാല്‍ ഇന്നു രാത്രിയും തണുത്ത കാലാവസ്ഥയായിരിക്കും. കിഴക്കന്‍ ബ്രിട്ടനില്‍ തണുത്ത കാലാവസ്ഥ ബുധനാഴ്ചയോടെ എത്തും. വരണ്ടതും തണുത്തതുമായ കാലാവസ്ഥയായിരിക്കും ഇവിടെയുണ്ടാകുകയെന്നും മെറ്റ്ഓഫീസ് അറിയിക്കുന്നു.

വീടു വിട്ടിറങ്ങിയ എട്ടു വയസുകാരി മാതാപിതാക്കളോട് ക്ഷമ പറഞ്ഞുകൊണ്ട് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെഷയര്‍ പോലീസ്. വീടു വിട്ടിറങ്ങിയതിനും മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചതിനും മാപ്പുപറയുന്ന കത്ത് പോലീസിനാണ് കുട്ടി നല്‍കിയത്. താന്‍ ചെയ്തത് ശരിയായില്ലെന്നും ഇനി ഇത്തരം പ്രവൃത്തി തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും കത്തില്‍ കുട്ടി വ്യക്തമാക്കുന്നു. പോലീസിന്റെ സമയം കളഞ്ഞതിനും കുട്ടി ക്ഷമ ചോദിക്കുന്നു. എല്ലാവരെയും സുരക്ഷിതമായി കാക്കുന്നതിന് പോലീസിന് നന്ദിയുണ്ടെന്നും കത്തില്‍ പറയുന്നു. ഇന്നലെയാണ് പോലീസ് ഈ കത്ത് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

ഞാന്‍ വീട്ടില്‍ നിന്നു പോയപ്പോള്‍ അമ്മയ്ക്ക് നിങ്ങളെ വിളിക്കേണ്ടി വന്നു. അക്കാര്യത്തില്‍ എനിക്ക് ഖേദമുണ്ട്. അങ്ങനെ ചെയ്തപ്പോള്‍ എന്റെ അമ്മയ്ക്കും അച്ഛനും ഏറെ വിഷമമുണ്ടായി. അതുകൊണ്ട് ഇനി ഇത് ആവര്‍ത്തിക്കില്ല. ഞാന്‍ അധികം ദൂരെയൊന്നും പോയില്ലെങ്കിലും എന്റെ സഹോദരി ഏറെ ഭയപ്പെട്ടു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സമയം വെറുതെ കളഞ്ഞതിലും വിഷമമുണ്ടെന്ന് കുട്ടിയുടെ കത്തില്‍ പറയുന്നു. ഒരു എട്ടു വയസുകാരിയില്‍ നിന്ന് കിട്ടിയതാണ് ഈ കത്ത് എന്ന തലക്കെട്ടോടെയാണ് കത്ത് ചെഷയര്‍ പോലീസ് ട്വീറ്റ് ചെയ്തത്.

കുട്ടിയെയും അവളുടെ മാതാപിതാക്കളെയും അഭിനന്ദിച്ചുകൊണ്ടാണ് ട്വീറ്റില്‍ പ്രതികരണങ്ങള്‍ എത്തിയത്. കുട്ടിയെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പഠിപ്പിച്ച മാതാപിതാക്കള്‍ക്ക് ആദ്യം നന്ദി പറയണമെന്ന് സ്യൂ ലീസ് എന്ന ട്വിറ്റര്‍ യൂസര്‍ പറയുന്നു. കത്ത് വായിച്ച് കണ്ണുനിറഞ്ഞുവെന്നും ചിലര്‍ പ്രതികരിച്ചു.

ഷിബു മാത്യൂ.
ലീഡ്‌സ്. യുകെയിലെ സീറോ മലബാര്‍ സഭയുടെ ആദ്യകാല പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായ ലീഡ്‌സിനെ സീറോ മലബാര്‍ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം 4.15ന് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി ലീഡ്‌സ് രൂപത അനുവദിച്ചു കൊടുത്ത സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സിലര്‍ റവ. ഫാ. മാത്യൂ പിണക്കാട്ട് അഭിവന്ദ്യ പിതാവിന്റെ ഡിക്രി വായിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍, ഔവര്‍ ലേഡിക്യൂന്‍ ഓഫ് പീസ് മിഥര്‍ലന്റ് വികാരി റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. സോണി കടന്തോട്, റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ചെറുപുഷ്പ മിഷന്‍ലീഗ് കമ്മീഷണ്‍ ചെയര്‍മാനും നിയുക്ത ലീഡ്‌സ് മിഷന്‍ ഡയറക്ടറുമായ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിവന്ദ്യ പിതാക്കന്മാരെയും ബഹുമാനപ്പെട്ട വൈദീകരേയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലീഡ്‌സ് രൂപതയിലെ കീത്തിലിയില്‍ സഭയാല്‍ നിയുക്തനായ യുവ വൈദീകന്‍ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ ഏറ്റവും വലിയ ദീര്‍ഘവീക്ഷണമാണ് ഇന്നിവിടെ സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് റവ. ഫാ. മുളയോലില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അഭിവന്ദ്യ വലിയ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ വാക്കുകളെ നിര്‍ത്താതെയുള്ള കൈയ്യടികളോടുകൂടിയായിരുന്നു ലീഡ്‌സ് വിശ്വാസ സമൂഹം സ്വീകരിച്ചത്. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. വിശുദ്ധ കുര്‍ബാന മദ്ധ്യേ അഭിവന്ദ്യ കര്‍ദ്ദിനാള്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സഭയുടെ മിഷന്‍ പ്രഖ്യാപനവുമായി രണ്ടാഴ്ചക്കാലം യൂറോപ്പ് മുഴുവനും നന്ദര്‍ശിച്ച് പാശ്ചാത്യ സഭകളുടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അതില്‍ നിന്നും കണ്ടതും പഠിച്ചതും

Fr. Joseph Ponneth

അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളുടെ വ്യക്തമായ മറുപടിയായിരുന്നു വിലയ പിതാവിന്റെ ലീഡ്‌സിലെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത്.
സഭയുടെ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. സഭയുടെ വളര്‍ച്ചയില്‍ എന്റെ ഭാഗം എന്താണ് എന്ന് ഓരോ സഭാ മക്കളും മനസ്സിലാക്കണം. ഭിന്ന

ചിന്താഗതികളെ സമന്വയിപ്പിച്ചു കൊണ്ടു പോകുവാന്‍ തയ്യാറാകണം. സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസത്തിന്റെ ദൃഡതയെ പാശ്ചാത്യ സഭയിലെ ബിഷപ്പ്മാര്‍ പ്രശംസിച്ചു കഴിഞ്ഞു. പാശ്ചാത്യ സഭയെ ഉണര്‍ത്തുവാന്‍ തക്കതാവണം നമ്മുടെ സഭ. നമ്മുടെ സഭയുടെ
കുലീനത്വവും പാരമ്പര്യവും നിങ്ങള്‍ കാത്തു സൂക്ഷിക്കണം. പ്രേക്ഷിത യജ്ഞമാന്ന് നടക്കേണ്ടത്. സന്ദേഹവും സംശയങ്ങളും സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്. അര്‍ഹമായ സമയം സഭയ്ക്ക് കൊടുക്കണം. ക്രിയാത്മകമായ പങ്കുവഹിക്കുന്ന ഒരു പ്രദേശിക സഭയായി സീറോ മലബാര്‍ സഭ യൂറോപ്പില്‍ മാറണമെന്ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ പ്രവാസികളായ യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളോടായി പറഞ്ഞു. സ്രാമ്പിക്കല്‍ പിതാവിന്റെ സംരക്ഷണത്തിലുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രവര്‍ത്തനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കേരളത്തില്‍ എത്തിയാലുടന്‍ കേരളത്തിലെ പിതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ ഇതു ഞാനവതരിപ്പിക്കും. സഭാ വിശ്വാസികളുമായി ഈ അനുഭവം ഞാന്‍ പങ്കുവെയ്ക്കും. അഭിവന്ദ്യ കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മിഷന്‍ പ്രഖ്യാപനത്തിന്റെ ഔദ്യോഗീകമായ സമാപന ചടങ്ങുകള്‍ നടന്നു. ലീഡ്‌സ് മിഷനെ പ്രതിനിധീകരിച്ച് ജോജി തോമസ്സ് അഭിവന്ദ്യ പിതാക്കന്മാര്‍ക്കും ബഹുമാനപ്പെട്ട വൈദീകര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പുതന്നെ സഭയ്ക്കും

രൂപപ്പെടാന്‍ പോകുന്ന രൂപതയുടെ വളര്‍ച്ചയ്ക്കും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച റവ. ഫാ. ജോസഫ് പൊന്നേത്ത് കൃതജ്ഞതയിലും നിറഞ്ഞു നിന്നു. തുടര്‍ന്ന് വലിയ പിതാവ് ലീഡ്‌സ് മിഷനിലെ എല്ലാ സംഘടനകളുമായി കൂടി ചേര്‍ന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നോടെ ലീഡ്‌സ് മിഷന്‍ പ്രഖ്യാപന ചടങ്ങുകള്‍ അവസാനിച്ചു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം അഭിവന്ദ്യ കര്‍ദ്ദിനാള്‍ ഇന്ന് കേരളത്തിലേയ്ക്കു മടങ്ങും. ലീഡ്‌സ് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഇനി മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ എന്ന പേരില്‍ അറിയപ്പെടും.

മലയാളം യുകെ ന്യൂസിന്റ അഭിനന്ദനങ്ങള്‍!

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ ഉയരുന്ന കലാപം നിഷേധിക്കാതെ ബോറിസ് ജോണ്‍സണ്‍. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ജോണ്‍സണ്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചത്. അതേസമയം തന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റില്‍ ടോറികള്‍ക്ക് സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ചൊവ്വാഴ്ച കോമണ്‍സില്‍ നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റില്‍ വ്യക്തിപരമായി തനിക്കുള്ള ഉത്തരവാദിത്തവും സംഭവിച്ച കാര്യങ്ങളും ഇകഴ്ത്തി കാണരുത്. നിരവധി കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയന് അപ്രമാദിത്വമുണ്ടാക്കുന്ന ധാരണയില്‍ ഏര്‍പ്പെടേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അത്തരമൊരു സാഹചര്യത്തെ അസംബന്ധമെന്നേ വിശേഷിപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിന്റെ ബ്രെക്‌സിറ്റ് കരട് ധാരണ പ്രധാനമന്ത്രി അവതരിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ചിരുന്നു. ഈ ധാരണയനുസരിച്ച് യുകെ ഒരു കോളനിയായി മാറുമെന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്. ഐറിഷ് ബോര്‍ഡര്‍ ബാക്ക്‌സ്‌റ്റോപ്പ് ബ്രിട്ടനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപയോഗിക്കുമെന്നും പിന്‍മാറ്റ ബില്‍ അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന 39 ബില്യന്‍ പൗണ്ടിന്റെ പകുതി മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്.

ഭാവി വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ബ്രസല്‍സിനും ബ്രിട്ടനെ ഭീഷണിപ്പെടുത്താനുള്ള അവസരമാണ് ബാക്ക്‌സ്റ്റോപ്പ് എന്നും അദ്ദേഹം പറഞ്ഞു. പ്രധാമന്ത്രിക്കെതിരെ നില്‍ക്കുമോ എന്ന ചോദ്യത്തിന് ഏറ്റവും യുക്തമെന്ന് തോന്നുന്ന കാര്യത്തിന് താന്‍ മുന്നിലുണ്ടാകും എന്ന മറുപടിയാണ് ജോണ്‍സണ്‍ നല്‍കിയത്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വോട്ടിംഗില്‍ ബ്രെക്‌സിറ്റ് ധാരണാ ബില്‍ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി. 1999 മുതല്‍ 2004 വരെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് പ്രോഡി. മാര്‍ച്ചില്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് തെരേസ മേയ്ക്ക് അനുകൂലമായി മാറിയേക്കാമെന്നും പ്രോഡി വ്യക്തമാക്കി. തെരേസ മേയ് മുന്നോട്ടു വെച്ചിട്ടുള്ള ധാരണയല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മുന്നിലില്ല എന്നാണ് നിലവിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറയുന്നത്. അതിന് വിപരീതമായ പ്രസ്താവനയാണ് പ്രോഡിയില്‍ നിന്നുണ്ടായിരിക്കുന്നത്.

മേയ് നിര്‍ദേശിച്ചതിലും മികച്ച ഒരു ധാരണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോമണ്‍സില്‍ എതിര്‍ വോട്ട് ചെയ്യാനിരിക്കുന്ന ബ്രിട്ടീഷ് എംപിമാര്‍ നിരാശപ്പെടുകയേ ഉള്ളുവെന്നും ജങ്കര്‍ വ്യക്തമാക്കി. അതേസമയം മേയ് നിര്‍ദേശിച്ച ധാരണ കോമണ്‍സ് തള്ളിയാല്‍ യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ക്കായി തീര്‍ച്ചയായും സമീപിക്കുമെന്ന് പ്രോഡി ഉറപ്പിച്ചു പറയുന്നു. സ്വതന്ത്ര വ്യാപാരം നിലിനിര്‍ത്തണമെന്നു തന്നെയാണ് പ്രോഡി പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും താല്‍പര്യം ഇക്കാര്യത്തില്‍ ഒന്നു തന്നെയാണ്. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായതിനാല്‍ യുകെയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം ദി ഒബ്‌സര്‍വറിനോട് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രശ്‌നങ്ങള്‍ പ്രായോഗിക ബുദ്ധിയാല്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിപദത്തില്‍ തെരേസ മേയുടെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പ്രോഡിയുടെ പ്രസ്താവന പുറത്തുവരുന്നത്. നാളെ നടക്കുന്ന കോമണ്‍സ് വോട്ടിംഗില്‍ പരാജയപ്പെട്ടാല്‍ മേയ് പ്രധാനമന്ത്രി പദത്തില്‍ തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. മേയുടെ നിര്‍ദേശം തള്ളിയാല്‍ നോര്‍വേ മാതൃകയിലുള്ള ധാരണ കൊണ്ടുവരണമെന്നും ഒരു വിഭാഗം എംപിമാര്‍ ആവശ്യപ്പെടുന്നു.

ഹൃദ്രോഗ മരണങ്ങളുടെ എണ്ണം സാരമായി കുറയ്ക്കാന്‍ ഉയര്‍ന്ന ഡോസില്‍ സ്റ്റാറ്റിന്‍ നല്‍കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളിലൂടെയുള്ള മരണങ്ങളെ ചെറുക്കാന്‍ സ്റ്റാറ്റിനുകള്‍ക്ക് സാധിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെയും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് വ്യക്തമാക്കുന്നത്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളായ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ വരുന്നതിന്റെ തോത് സ്റ്റാറ്റിന്റെ അളവ് വ്യത്യാസപ്പെടുത്തിയാല്‍ കുറയുമെന്നും വ്യക്തമായി. ഈ രോഗങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. 12,000 ഹാര്‍ട്ട് അറ്റാക്കുകളോ സ്‌ട്രോക്കുകളോ ഈ വിധത്തില്‍ ഒഴിവാക്കാനായി. ഒരിക്കല്‍ ഇത്തരം രോഗങ്ങള്‍ വന്നവരിലും സാധാരണക്കാരിലുമാണ് പഠനം നടത്തിയത്. ആദ്യമായാണ് സ്റ്റാറ്റിന്‍ ഉയര്‍ന്ന അളവില്‍ നല്‍കിക്കൊണ്ടുള്ള പഠനം നടത്തുന്നത്.

ജെഎഎംഎ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേര്‍ണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റാറ്റിന്‍ ഉയര്‍ന്ന ഡോസില്‍ ഉപയോഗിച്ചവരില്‍ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ നിരക്ക് താഴ്ന്നതായി കണ്ടു. രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഉപദ്രവകാരിയായ കൊളസ്‌ട്രോളാണ് ഇത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സ്റ്റാറ്റിന്‍ സ്വീകരിച്ച രോഗികളില്‍ ഇതിന്റെ അളവ് സാരമായി കുറഞ്ഞുവെന്നും വ്യക്തമായിട്ടുണ്ട്. രോഗികള്‍ മരുന്നുകള്‍ ശരിയായി കഴിക്കുകയും ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യവും പഠനവിധേയമാക്കിയിരുന്നു. മരുന്നുകള്‍ യഥാക്രമം കഴിക്കാതിരിക്കുകയും മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുകയും ചെയ്യുന്നത് ചികിത്സയെ ബാധിക്കും.

രക്തത്തില്‍ കൊളസ്‌ട്രോളിന്റെ നിരക്ക് കൂടുതലാണെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകണമെന്നില്ല. ചികിത്സ തുടരുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കാര്യമായി കുറയുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫ. കൗശിക് റായ് പറഞ്ഞു. രോഗികളിലെ അപായ സാധ്യത കുറയാനും കൂടുതല്‍ കാലം മരുന്നുകള്‍ കഴിക്കുന്നതു തന്നെയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. 450 ജിപി പ്രാക്ടീസുകളില്‍ നിന്നുള്ള അഞ്ചുലക്ഷം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ക്ലിനിക്കല്‍ പ്രാക്ടീസ് റിസര്‍ച്ച് ഡേറ്റാലിങ്ക് വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് രാജ്യത്തെ വലിയൊരു ഭൂരിപക്ഷം ചിന്തിക്കുന്നുവെന്ന് സര്‍വേ. ബ്രെക്‌സിറ്റില്‍ നിര്‍ണ്ണായകമായ വോട്ടെടുപ്പ് പാര്‍ലമെന്റില്‍ നടക്കാനിരിക്കെയാണ് ഈ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം നടത്തിയ സര്‍വേയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ 52 ശതമാനം പേര്‍ അനുകൂലിച്ചു. ഇന്‍ഡിപ്പെന്‍ഡന്റിനു വേണ്ടി ബിഎംജി റിസര്‍ച്ച് നടത്തിയ സര്‍വേയിലെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ മുതല്‍ യൂറോപ്പ് അനുകൂലികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റിന്റെ സങ്കീര്‍ണ്ണതയും യാഥാര്‍ത്ഥ്യവും വ്യക്തമായതോടെ ഡിസംബറിലാണ് മിക്കയാളുകളും അഭിപ്രായത്തില്‍ നിന്ന് മാറിയത്.

പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍മാറ്റ കരാര്‍ വളരെ മോശം എന്ന അഭിപ്രായം പുലര്‍ത്തുന്നവരാണ് പകുതിയോളം പേര്‍. ചൊവ്വാഴ്ച കോമണ്‍സില്‍ വോട്ടിനെത്തുമ്പോള്‍ എംപിമാര്‍ ഈ ധാരണ തള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും രാജ്യമൊട്ടാകെ ഓടിനടന്ന് നടത്തുന്ന പ്രചാരണങ്ങള്‍ സമയം മെനക്കെടുത്തലാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം പുറത്തു കൊണ്ടുവരാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളൂ. ഒരു രണ്ടാം ഹിതപരിശോധനയോ നോര്‍വേ മോഡലിലുള്ള ബന്ധത്തെക്കുറിച്ചോ ചിന്തിക്കാന്‍ സാധിച്ചില്ലെന്ന കുറ്റപ്പെടുത്തലും സര്‍വേയില്‍ പങ്കെടുത്തവര്‍ നടത്തുന്നു.

നോര്‍വേ മാതൃകയെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ആംബര്‍ റൂഡ് സംസാരിച്ചിരുന്നു. ഇത് പ്രധാനമന്ത്രി പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് കാരണമായത്. പിന്മാറ്റ ബില്‍ കോമണ്‍സ് തള്ളിയാല്‍ ബ്രസല്‍സ് വീണ്ടും ചര്‍ച്ചക്ക് സന്നദ്ധരാകുമെന്നും അതിലൂടെ കൂടുതല്‍ ഇളവുകള്‍ ചോദിച്ചു വാങ്ങാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നും മുന്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് റൊമാനോ പ്രോഡി പറഞ്ഞു.

Copyright © . All rights reserved