ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
സ്വീഡൻ :- 2019 – ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ- അമേരിക്കൻ വംശജനായ അഭിജിത് ബാനർജി, അദ്ദേഹത്തിന്റെ ഭാര്യ എസ്ഥേർ ദുഫ്ളോ, മൈക്കൽ ക്രിമെർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതലത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതലത്തിൽ ദാരിദ്ര്യ നിർമാർജനത്തിന് ഇവരുടെ പരീക്ഷണങ്ങൾ വളരെയധികം സഹായകമായെന്ന് നോബൽ കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുംബൈയിൽ ജനിച്ച അഭിജിത് ബാനർജി, കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എസ് സി ബിരുദവും, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ബിരുദവും നേടി. പിന്നീട് 1988- ൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി ബിരുദവും നേടി. ഇപ്പോൾ മസ്സാച്യുസ്സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ് അദ്ദേഹം. 2003- ൽ അഭിജിത്ത് ബാനർജി, ഭാര്യ എസ്ഥേർ ദുഫ്ലോയോടും, അമേരിക്കയിലെ കമ്പ്യൂട്ടേഷൻ & ബിഹേവിയറൽ സയൻസ് പ്രൊഫസർ സെന്തിൽ മുല്ലൈനാഥനോടും ചേർന്ന് അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ക്ലബ്ബ് ( ജെ – പാൽ ) രൂപീകരിച്ചു. പോവർട്ടി ലാബിന്റെ ഡയറക്ടർമാരിൽ ഒരാളായി ഇപ്പോഴും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

അഭിജിത്തിനൊപ്പം പുരസ്കാരം ലഭിച്ച ഭാര്യ എസ്ഥേർ ദുഫ്ളോ, മസ്സാച്യുസ്സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായിരുന്നു. 46 കാരിയായ എസ്ഥേർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ്. അഭിജിത് ബാനർജിയുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം ഇന്ത്യയുടെ സാമ്പത്തിക പോളിസികളെയും മറ്റും സംബന്ധിച്ചുള്ളതാണ്. 2019 – ലെ ഇലക്ഷന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയുടെ മികച്ച വാഗ്ദാനങ്ങളിൽ ഒന്നായ ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു അഭിജിത് ബാനർജി. മോദി സർക്കാരിന്റെ ഡെമോണിറ്റായ്സെഷൻ പദ്ധതിയോടും, ജി എസ് ടി പദ്ധതിയോടും അദ്ദേഹം അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക തളർച്ചയ്ക്ക് ഇത് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ തുടങ്ങിയവർ അഭിജിത്തിനെ അഭിനന്ദിച്ച് പോസ്റ്റുകൾ ഇട്ടു. അഭിജിത്തിന് ലഭിച്ച നോബൽ സമ്മാനത്തിൽ ഇന്ത്യ മുഴുവൻ സന്തോഷിക്കുന്നതായി പ്രധാനമന്ത്രി രേഖപ്പെടുത്തി.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ക്ലൈമറ്റ് ചേഞ്ച് ആക്ടിവിസ്റ്റുകൾ ലണ്ടനിലെ വാണിജ്യ ജില്ലയെ ലക്ഷ്യമാക്കി പ്രതിഷേധിച്ചു. തിങ്കളാഴ്ച ബാങ്ക് ജംഗ്ഷനിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പ്രധാന സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാക്കി. ലണ്ടനിലെ ബാങ്കുകൾ പരിസ്ഥിതി ആഘാതങ്ങൾക്ക് വേണ്ടിയാണു പണം ചിലവഴിയ്ക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലണ്ടൻ നഗരത്തിന്റെ ഹൃദയ ഭാഗത്തു തടിച്ചു കൂടിയ പ്രവർത്തകർ റോഡുകൾ തടഞ്ഞു. സംഭവം പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“പ്രകൃതിയെ നശിപ്പിച്ചു, ചൂഷണം ചെയ്തു ഇല്ലാതെ ആക്കുന്ന ആഗോള ശക്തികേന്ദ്രമാണ് ലണ്ടൻ “എന്ന് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിനിധി ആയ കാറോലിൻ പറഞ്ഞു.
പ്രകൃതിയെ സാമൂഹികമായും, രാഷ്ട്രീയമായും, സാമ്പത്തികമായും തകർക്കുന്ന ആധുനിക സമൂഹത്തിന്റെ ചെയ്തികൾക്കെതിരെ 2 ആഴ്ച നിസ്സഹകരണസമരത്തിനു തീരുമാനിച്ചിരിക്കുകയാണ് പ്രവർത്തകർ.

പെട്രോളിയം പദ്ധതികൾക്ക് ധനസഹായം നൽകുന്നത് ആഗോളതാപനം പരിമിതപ്പെടുത്താനുള്ള 2015 ലെ പാരീസ് കരാറിന്റെ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത മോളിക്യുലർ ബയോളജിയിൽ പിഎച്ച്ഡി നേടിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ബ്രോഡ്കാസ്റ്റർ എമിലി ഗ്രോസ്മാൻ പറഞ്ഞു.വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാനാണ് സാധ്യത .
ഡോക്ടർ എ. സി. രാജീവ് കുമാർ
ലോക വൈദ്യശാസ്ത്രങ്ങളിൽ അതിപുരാതനവും ഭാരതത്തിന്റെ സംഭവനയുമാണ് ആയുർവ്വേദം. ഒരുവൻ ജനിക്കുമ്പോൾ മുതൽ മരിക്കും വരെ രോഗ രഹിതമായി ജീവിക്കുന്നതിനു ആവശ്യമായത് എല്ലാം ഈ ആരോഗ്യ രക്ഷാ ശാസ്ത്രത്തിൽ വിശദമാക്കുന്നുണ്ട്.
ആഹാരം നിദ്ര വ്യായാമം എന്നിവ ആരോഗ്യ രക്ഷയുടെ അടിസ്ഥാനങ്ങളായിട്ട് ആയുർവ്വേദം പറയുന്നു. ഇന്ന് രോഗങ്ങൾ ഏറെയും ജീവിതശൈലിയിലെ തകരാറുകൾ മൂലമാണ് എന്നത് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ആഹാരം എപ്പോൾ, എന്തെല്ലാം, എങ്ങനെ, എത്രമാത്രം എന്നൊക്കെ വിശദമായി ചർച്ച ചെയ്യപ്പെടുന്നതും ആയുർവേദതിന്റെ മാത്രം പ്രത്യേകതയാണ്.
പോഷകസമൃദ്ധമാകണം ആഹാരമെന്നത് നമുക്കെല്ലാം അറിവുള്ളതാണ്. സമീകൃതവുമാകണ ആഹാരമെന്നതിനും സംശയം ഇല്ല. സമീകൃതാഹാരമെന്നത് ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ഷഡ് രസ സമ്പന്നമായിരിക്കണം. സ്വാദ് അമ്ല ലവണ തിക്ത ഊഷണ കാഷായ എന്നിവയാണവ. ഇവയുടെ പ്രത്യേക പഞ്ചഭൂത ഘടന, പൃഥ്‌വി ജലം അഗ്നി വായു ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന വാത പിത്ത കഫങ്ങൾ എന്ന മൂന്നു ദോഷങ്ങൾ നിയന്ത്രിതമായി സമ അവസ്ഥയിൽ നില നിർത്താൻ സഹായിക്കുന്നു. സമാന ഗുണങ്ങൾ കൊണ്ട് വർദ്ധനയും വിപരീത ഗുണം കൊണ്ട് ക്ഷയവും വരുത്തുന്നു.
ഒരു ദ്രവ്യത്തിന്റെ രസമെന്നപോലെ ഗുണം വീര്യം വ്യാപകം പ്രഭാവം എന്നിവയും അതിന്റെ പ്രവർത്തതിന് കാരണം ആകും. ഗുരു മന്ദ ഹിമ സ്നിഗ്ധ ശ്ലഷ്ണ സാന്ദ്ര മൃദു സ്ഥിര സൂക്ഷ്മ വിശദ എന്നീ പത്തു ഗുണങ്ങളും അവയുടെ വിപരീതങ്ങളായ പത്തു കൂടി ചേർത്തുള്ള ഇരുപതു ഗുണങ്ങളും ഒരു ദ്രവ്യത്തിന്റെ പ്രവർത്തനത്തിൽ പങ്കു വഹിക്കുന്നു. ഉഷ്ണം ശീതം എന്നുള്ള രണ്ടു തരം വീര്യം, മധുരം അമ്ലം കടു എന്ന് മൂന്നു തരം വിപാക രസവും, ഓരോ ദ്രവ്യത്തിലും അടങ്ങിയ പ്രത്യേക സ്വഭാവവും അതിന്റെ പ്രവർത്തനത്തിൽ നിർണായക പങ്കു വഹിക്കുന്നു.
നാം കഴിക്കുന്ന ആഹാരം ശരിയായി ദഹിച്ചു, ശരീത്തിനാവശ്യം ആയവ ആഗീരണം ചെയ്കയും, അവശേഷിക്കുന്നവ പുറത്തു കളയുകയും ചെയ്യുന്ന ദഹന വിസർജ്ജന പ്രക്രിയ നിർവഹിക്കുന്നത് വാത പിത്ത കഫങ്ങളായ ത്രിദോഷങ്ങളുടെ സന്തുലിതമായ പ്രവർത്തനം മൂലം ആകുന്നു.
ആഹാരത്തിൽ നിന്നുണ്ടാകുന്ന രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കൾ ശരീരത്തെ ആരോഗ്യ പൂർണമായും രോഗത്തെ പ്രതിരോധിച്ചും സംരക്ഷിക്കുന്നു. മലം മൂത്രം വിയർപ്പ് എന്നീ മൂന്നു മാലിന്യങ്ങളും ആവശ്യമായ സമയത്തു പുറത്തു കളയാൻ ഇടയാക്കുന്നതും ത്രിദോഷങ്ങളുടെ പ്രവർത്തനത്താലാണ്.
പ്രാതലും അത്താഴവുമെന്ന രണ്ടു നേരത്തെ ഭക്ഷണം ആയിരുന്നു മുമ്പ്. ഇന്ന് എപ്പോഴൊക്കെ വേണമെങ്കിലും ആഹാരം ആകാമെന്നായി. അകാലത്തിൽ, അസമയത്ത് അധികമായോ അല്പമായോ കഴിക്കുന്ന ആഹാരം ശരീരത്തിന് ഗുണകരം ആകില്ല. ആഹാരം കഴിച്ചതിനു മേൽ പിന്നെയും കഴിക്കുന്ന അദ്ധ്യശനം അനാരോഗ്യകരമായാണ് തീരുക.
അവനവന്റെ ശരീര പ്രകൃതിക്കും ദേശ കാലാവസ്ഥക്കനുസരിച്ചും ഉള്ള ആഹാരം കഴിക്കുന്നതും, ആരോഗ്യകരമായ വ്യായാമങ്ങളും വിനോദങ്ങളും പഞ്ചേന്ദ്രിയ വിഷയങ്ങളിൽ അമിതമായ ആസക്തിയില്ലാതെയും, സാത്വികമായും ക്ഷമാശീലനായും വ്യവസ്ഥാപിതം ആയവ അംഗീകരിച്ചുമുള്ള ജീവിതം നയിക്കുന്ന ഒരാൾക്ക് രോഗ ഭീതി വേണ്ടെന്നാണ് പറയപ്പെടുന്നത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച് റിസര്‍വ് ബാങ്ക്. വിവരാവകാശ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വയ്കതമാക്കിയത്. രാജ്യത്തെ കളളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കറന്‍സി പ്രിന്റ് അച്ചടിക്കുന്ന ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഒറ്റ 2000 നോട്ട് പോലും അച്ചടിച്ചിട്ടില്ല. ഇന്ത്യന്‍ എക്സ്പ്രസ് പത്രം നല്‍കിയ വിവരാവകാശത്തിന് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എ.ടി.എമ്മുകളിലും മറ്റും ഏറെ നാളുകളായി 2000 നോട്ടിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു പിറകെയാണ് വിവരാവകാശ അപേക്ഷയില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ പറയുന്നത്. 2000 രൂപ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്താനായി റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി പിന്നീടത് പൂര്‍ണമായും നിര്‍ത്തുകയായിരുന്നു.
നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെങ്കിലും അനിയന്ത്രിതമായ അളവിലുള്ള കളളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ കഴിയുമെന്ന് അധികൃതര്‍ കരുതുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പതിവായി ഈ രീതി സ്വീകരിക്കാറുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ നിതിന്‍ ദേശായിയും പറയുന്നു. 2016 ഡിസംബര്‍ 8ന് 500, 1000 നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016-17 സാമ്പത്തിക വര്‍ഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017-18ല്‍ ഇത് 11 കോടി നോട്ടുകളായി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 4.6 കോടി രൂപയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ദിവസവും ഒരു മണിക്കൂര്‍ വ്യായാമം, യോഗ, മെഡിറ്റേഷന്‍, നടത്തം, സൈക്ലിങ്, എയറോബിക്‌സ്, നൃത്തം, പാരമ്പര്യ ആയോധന മുറകള്‍ പോലെയുള്ള ഫിറ്റ്‌നസ് പ്രവര്‍ത്തികള്‍ക്കായി മാറ്റി വയ്ക്കണമെന്ന് യുജിസി നിര്‍ദ്ദേശം. യുജിസിയുടെ ഏറ്റവും പുതിയ ഫിറ്റ് ഇന്ത്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണ് ഈ നിബന്ധന.
അത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഒരു സംവിധാനം ഉരുത്തിരിയേണ്ടതുണ്ടെന്നും യുജിസി കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടറില്‍ ഇതിനായി ഫിസിക്കല്‍ ഫിറ്റ്‌നസ് പീരിയഡുകളും സ്ലോട്ടുകളും ഉള്‍പ്പെടുത്തണം. വിദ്യാർഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയും വിധം ദിവസത്തിന്റെ പല സമയങ്ങളിലായി ഇത്തരം സ്ലോട്ടുകള്‍ ക്രമീകരിക്കണം. കുറഞ്ഞത് ഒരു മണിക്കൂര്‍ ഇതില്‍ പങ്കെടുക്കാന്‍ എല്ലാ വിദ്യാർഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണമെന്നും യുജിസി നിര്‍ദ്ദേശിക്കുന്നു.
വിദ്യാർഥികളെ ഫിറ്റ്‌നസ്സിലേക്ക് മെന്റര്‍ ചെയ്യിക്കുന്നതിന് ഫിറ്റ്‌നസ് ലീഡര്‍മാരെ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിരമിച്ച സൈനികരുടെയും സ്റ്റുഡന്റ് വോളന്റിയര്‍മാരുടെയും ഫാക്കല്‍റ്റി അംഗങ്ങളുടെയും മറ്റും സേവനങ്ങള്‍ ഇതിനായി സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും യുജിസി ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ മേഖലയിലെ ഐക്കണുകളെയും ഫിറ്റ്‌നസ്സുമായി ബന്ധപ്പെട്ട മോട്ടിവേഷണല്‍ സ്പീക്കര്‍മാരെയും വിദ്യാർഥികളുമായി സംവദിക്കാന്‍ ക്യാംപസുകളിലേക്കു ക്ഷണിക്കണം. വിദ്യാർഥികള്‍ക്കു മാതൃകയാകുന്നതിന് കോളജുകളിലെ ഉന്നത നേതൃത്വവും പ്രഫസര്‍മാരും നേരിട്ട് ഇത്തരത്തിലുള്ള ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും യുജിസി പറയുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വത്തിക്കാൻ സിറ്റി : ലോകമെങ്ങും ആദരിക്കപ്പെടുന്ന സാഹിത്യകാരനും ദൈവശാസ്ത്ര പണ്ഡിതനുമായ ഇംഗ്ലീഷ് കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ ഇനി വിശുദ്ധൻ. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് കർദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.ഏകദേശം 50 വർഷത്തിനുള്ളിൽ വിശുദ്ധനാകുന്ന ആദ്യത്തെ ഇംഗ്ലീഷ് വ്യക്തികൂടിയാണ് കർദിനാൾ ന്യൂമാൻ. ബ്രിട്ടനിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. വെയിൽസ് രാജകുമാരനും ചടങ്ങുകളിൽ പങ്കെടുത്തു. കർദിനാൾ ന്യൂമാനൊപ്പം കേരളത്തിൽ നിന്നുള്ള മദർ മരിയ ത്രേസ്യ, സ്വിറ്റസർലണ്ടിൽ നിന്നുള്ള മർഗൂറൈറ്റ് ബേസ്, ഇറ്റലിയിൽ നിന്നുള്ള മദർ ഗ്യൂസെപ്പിന വാനിനി, ബ്രസീലിയൻ വംശജയായ സിസ്റ്റർ ഡൽസ് ലോപ്സ് പോണ്ടെസ് എന്നിവരും വിശുദ്ധരായി ഉയർത്തപ്പെട്ടു.

1801 ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ, ആദ്യം ആംഗ്ലിക്കൻ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് അന്തരിച്ചത്. 2010 ലാണ് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ പ്രഖ്യാപിച്ചത്. ലണ്ടനിൽ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ, വിദ്യാഭ്യാസ രംഗത്ത് വലിയ പണ്ഡിതനായിരുന്നു. അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിശ്വാസികൾക്കെന്നപോലെ കേരളീയർക്കും ഏറെ സുപരിചിതനാണ് ഇദ്ദേഹം. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളേജ് സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ പേരിലാണ്. കോതമംഗലം രൂപതയുടെ കീഴിൽ 1964ൽ ആണ് കർദിനാൾ ജോൺ ഹെൻറി ന്യൂമാന്റെ പേരിൽ തൊടുപുഴയിൽ കോളജ് ആരംഭിച്ചത്. ചങ്ങനാശ്ശേരി എസ്ബി കോളേജ് ഹോസ്റ്റലും കർദിനാൾ ന്യൂമാന്റെ പേരിൽ ഉള്ളതാണ്.

കര്‍ദിനാള്‍ ന്യുമാന്‍റെ വിഖ്യാതമായ കവിത ഇന്നും യാമപ്രാര്‍ഥനയില്‍ സഭ ഉപയോഗിക്കുന്നു. ആഗോളതലത്തില്‍തന്നെ പ്രശസ്തമായ കവിതയും പ്രാര്‍ഥനയുമാണിത്. കേരളത്തില്‍ ഇന്നും ഉപയോഗിക്കുന്ന അറിയപ്പെട്ടെ അന്തിമോപചാര ശുശ്രൂഷാഗാനവും ഭക്തിഗാനവുമാണിത്. കർദിനാൾ ന്യൂമാൻ രചിച്ച ‘നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ… ചുറ്റിലും ഇരുൾ പരന്നീടുന്ന വേളയിൽ ‘ എന്ന് തുടങ്ങുന്ന പ്രാർത്ഥന ഗീതം പ്രശസ്തമാണ്. സവിശേഷവും വൈകാരികവുമായ നിമിഷമാണിതെന്ന് ബർമിംഗ്ഹാമിൽ നിന്നുള്ള ഫ്രണ്ട്സ് ഓഫ് ന്യൂമാൻ സെക്രട്ടറി കരോൾ പാർക്കിൻസൺ പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : ഒക്ടോബർ 19ന് നടക്കേണ്ടുന്ന പീപ്പിൾസ് മാർച്ചിനെതിരെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ പോലീസ് അംഗങ്ങളും പ്രതിരോധത്തിന് ഇറങ്ങും. ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റാലി ആയേക്കാവുന്ന ആന്റി ബ്രെക്സിറ്റ് മാർച്ചിനെതിരെയാണ് സേനയുടെ നീക്കം. പാർലമെന്റിനു പുറത്താണ് പീപ്പിൾസ് വോട്ട് മാർച്ച് നടക്കുക. അതേസമയം എക്സ്റ്റിംഗ്ഷൻ റിബല്യൻ ക്ലൈമറ്റ് ക്യാംപെയിൻ തുടരുന്ന അവരുടെ പ്രതിഷേധത്തിന്റെ പിന്നാലെ അന്ന് രാത്രി തന്നെ നടത്തുമെന്നാണ് സൂചന.

സംഭവത്തിൻെറ പ്രാധാന്യവും വലിപ്പവും പരിഗണിച്ച് സ്കോട്ട്ലൻഡ് യാർഡ് നാഷണൽ പോലീസ് കോർഡിനേഷൻ സെന്ററിലെ ഓഫീസർമാരുടെ സഹായവും തേടും. ശനിയാഴ്ചത്തെ മാർച്ചിന്റെ ചാർജുള്ള പോലീസ് മേധാവി ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടൈലർ ആണ്. സമരക്കാരെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ കൃത്യമായി ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

എക്സ്റ്റിംഗ്ഷൻ റിബൽയൻ പ്രതിഷേധക്കാർ തങ്ങളുടെ പ്രകടനം നടത്താൻ ഇരുന്ന സ്ഥലം ഉൾപ്പെടെ പീപ്പിൾസ് വോട്ട് മാർച്ചിന് വിട്ടു കൊടുത്തിരിക്കുകയാണ്. ബ്രിട്ടൻ കണ്ടതിൽ ഏറ്റവും വലിയ ആന്റി ബ്രക്സിറ്റ് റാലി ആകും ഇത്. ഏകദേശം 172 ഓളംകോച്ചുകളാണ് പ്രതിഷേധക്കാർ ബുക്ക് ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പൗണ്ട് കാമ്പയിനു വേണ്ടി കണ്ടെത്തിക്കഴിഞ്ഞു. പാർലമെന്റിനുള്ളിൽ ബോറിസ് ജോൺസൺ തീരുമാനമെടുക്കുമ്പോൾ പുറത്ത് പ്രതിഷേധക്കാർ ഇരമ്പാൻ ആണ് സാധ്യത. മാർച്ചിന് നേരിടാനുള്ള മുൻകരുതലായി ഇതുവരെ ഏകദേശം 1100 ത്തിൽ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യുകെയിലെ ആദ്യ ചന്ദ്ര റോവർ 2021ൽ ചന്ദ്രനിലേക്ക് യാത്രതിരിക്കും. ചന്ദ്ര ഉപരിതലത്തെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്താനായാണ് ഈ റോവർ വിക്ഷേപിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഈ റോവറിന് ചക്രങ്ങൾക്ക് പകരം ചിലന്തിയുടേതിന് സമാനമായ കാലുകളായിരിക്കും. ഭാവിയിലെ പല പദ്ധതികൾക്കും പഠനങ്ങൾക്കും ഇത് സഹായകരമാവുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. യുകെ സ്റ്റാർട്ട്-അപ്പ് ബഹിരാകാശ കമ്പനിയായ സ്പേസ്ബിറ്റ് ആണ് റോവർ രൂപകൽപന ചെയ്തിരിക്കുന്നത്.

” എല്ലാ മനുഷ്യർക്കും ചന്ദ്രനിൽ പോയി പര്യവേഷണം ചെയ്യാൻ സാധിക്കുമോ എന്ന് കണ്ടെത്തുകയാണ് ഇതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്”. സ്‌പേയ്‌സ്ബിറ്റ് സ്ഥാപകൻ പാവ്‌ലോ തനാസുക് പറഞ്ഞു. ചക്രങ്ങൾക്ക് പകരം കാലുകൾ നൽകിയത് ഒരു മനുഷ്യരൂപം വരാനാണ്. നാല് കാലുകളുള്ള റോവറിന് 1.5 കിലോഗ്രാം മാത്രമാണ് ഭാരം. ആസ്ട്രോബോട്ടിക്ക്സിന്റെ പെരെഗ്രിൻ ലാൻഡറിനുള്ളിലേറിയാണ് റോവർ ചന്ദ്രോപരിതലത്തേക്ക് യാത്രയാവുന്നത്. ചന്ദ്രോപരിതലത്തിലൂടെ ഇഴഞ്ഞു നീങ്ങി വിവരങ്ങൾ ശേഖരിച്ച് ലാൻഡറിലേക്ക് അയക്കും. അതുവഴിയാണ് ഭൂമിയിലേക്ക് വിവരങ്ങൾ എത്തുക. ക്യാമറയും സെൻസറും റോവറിൽ ഘടിപ്പിച്ചിട്ടുണ്ട്.
ലാവ ട്യൂബുകളെപ്പറ്റിയും പഠനം നടത്താൻ റോവറിന് കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ചന്ദ്ര ലാൻഡറുകൾ നിർമ്മിക്കുന്നതിന് ആസ്ട്രോബോട്ടിക്കും മറ്റ് രണ്ട് സ്ഥാപനങ്ങൾക്കും ധനസഹായം നൽകിയതായി മെയ് മാസത്തിൽ നാസ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി വിജയിച്ചാൽ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ റോവർ എത്തിക്കുന്ന നാലാമത്തെ രാജ്യമാവും യുകെ.
ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കർദിനാൾ ഹെന്റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേർ.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ നാമകരണം നിർവഹിച്ചത്.വിശുദ്ധരായി ഉയർത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാർ സഹ കാർമികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനാണ് സഹകാർമികനായത്.
മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. അഞ്ചുപേരിൽ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിച്ചത്. തുടർന്നു ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വച്ചു. ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങിയതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമായി.
ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയർന്നു. അൽഫോൻസാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ മദർ തെരേസയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജീവിത വിശുദ്ധി കൊണ്ട് ലോകത്തിനു സുഗന്ധമായി മാറിയ ചാവറയച്ചനും എവുപ്രാസ്യമ്മയും 2014ൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ഇവർക്കുശേഷം ഇതാ, മറിയം ത്രേസ്യയും കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിനു യോഗ്യയായിരിക്കുന്നു.
വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി എന്നിവരും 44 ബിഷപ്പുമാരും ചടങ്ങിൽ സംബന്ധിച്ചു.
മഹാരാഷ്ട്ര∙ നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർത്തെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വരുന്ന കുറച്ചു മാസങ്ങള്‍ക്കകം രാജ്യത്തെ സമ്പദ് വ്യവസ്ഥ പൂർണമായും തകരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യഥാർഥ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആർട്ടിക്കിൾ 370നെ കുറിച്ചും ചന്ദ്രയാനെ ക്കുറിച്ചുമെല്ലാം സംസാരിച്ചു ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോദിസർക്കാർ നശിപ്പിച്ചു. അടുത്ത 6–7 മാസത്തിനകം കാര്യങ്ങൾ കൂടുതൽ വഷളാകും. വർഷങ്ങളെടുത്താണു മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉയരങ്ങളിലെത്തിച്ചത്. അതാണ് ഏതാനും മാസങ്ങൾക്കകം മോദി സർക്കാർ തകർത്തത്– രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ലത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 6.9 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി കുറച്ച ദിവസമാണ് മോദി സർക്കാരിനെതിരെ രാഹുലിന്റെ രൂക്ഷ വിമർശനം. വർഷങ്ങളെടുത്ത് ഇസ്രോ തയാറാക്കിയതാണ് ചന്ദ്രയാൻ. എന്നാൽ ഇപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ചിലർ ശ്രമിക്കുകയാണ്. യുവാക്കൾ ജോലി ആവശ്യപ്പെടുമ്പോൾ അവരോടു ചന്ദ്രനെ നോക്കാനാണ് മോദി പറയുന്നതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ വർഷം ദോക്‌ലാ പ്രവിശ്യയിൽ ചൈന നടത്തിയ കടന്നുകയറ്റത്തെ പറ്റി ചൈന പ്രസിഡന്റ് ഷീ ചിൻ പിങ്ങിനോട് എന്തുകൊണ്ടാണ് മോദി സംസാരിക്കാതിരുന്നതെന്നും രാഹുൽ ചോദിച്ചു.