ന്യൂസ് ഡെസ്ക്
ബ്രെക്സിറ്റിന് കൂടുതൽ സമയം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടാൻ ബ്രിട്ടീഷ് പാർലമെൻറ് തീരുമാനിച്ചു. മൂന്നു മാസം സമയം വേണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് ബ്രെക്സിറ്റ് തിയതി ജൂൺ 30 ആയേക്കും. നിലവിൽ മാർച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാകേണ്ടതാണ്. അടുത്തയാഴ്ച ബ്രെക്സിറ്റ് ഡീൽ വീണ്ടും പാർലമെൻറിൽ വോട്ടിനിടും. പാർലമെന്റ് ഇതംഗീകരിച്ചാൽ സാങ്കേതിക കാരണങ്ങളാൽ മൂന്നു മാസവും അതല്ലെങ്കിൽ കൂടുതൽ സമയവും ആവശ്യപ്പെടാനാണ് പ്രധാനമന്ത്രി തെരേസ മേ പദ്ധതിയിടുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്ന സമയപരിധിയിൽ മാറ്റം വരുത്തണമെങ്കിൽ യൂണിയനിലെ അംഗങ്ങളായ 27 രാജ്യങ്ങളുടെയും ഏകകണ്ഠേനയുള്ള തീരുമാനം ഉണ്ടാകണം. തക്കതായ കാരണങ്ങൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയനു മുമ്പിൽ നിരത്തിയാൽ മാത്രമേ യൂറോപ്യൻ പാർലമെന്റ് ഇക്കാര്യം പരിഗണിക്കുകയുള്ളു.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള മറ്റൊരു റഫറണ്ടം വേണമെന്ന ആവശ്യം ബ്രിട്ടീഷ് പാർലമെൻറ് ഇന്ന് തള്ളിക്കളഞ്ഞു. ബ്രെക്സിറ്റിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ 412 എം പിമാർ പിന്തുണച്ചപ്പോൾ 202 എം പിമാർ എതിർത്തു.
കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ച് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി. പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 4 എക്‌സിക്യൂട്ടീവ് സ്‌കോളര്‍ഷിപ്പുകളാണ് യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ ഏതെങ്കിലും കോളേജുകളില്‍ ഒരു വര്‍ഷത്തെ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് 2019-2020 വര്‍ഷം പ്രവേശനം നേടുന്നവര്‍ക്കായാണ് ഈ സ്‌കോളര്‍ഷിപ്പ്. 40,000 പൗണ്ടാണ് സ്‌കോളര്‍ഷിപ്പ് തുക. എഎസ്ബിഎസ് പ്രോഗ്രാമുകള്‍ക്കായി 20,000 പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുകെ 2:1 ഓണേഴ്‌സ് ഡിഗ്രിക്ക് തുല്യമായതോ അതില്‍ ഉയര്‍ന്നതോ ആയ ഗ്രേഡുകള്‍ ബിരുദത്തിന് നേടുകയും മികച്ച അക്കാഡമിക് പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രവേശനത്തിന് ഓഫര്‍ ലഭിച്ചിരിക്കണം. ഫീ പര്‍പ്പസുകള്‍ക്കായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ആയി യോഗ്യത നേടിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേരളത്തില്‍ താമസിക്കുന്നയാളായിരിക്കണം തുടങ്ങിയവയാണ് യോഗ്യതയായി യൂണിവേഴ്‌സിറ്റി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് മേല്‍വിലാസം തെളിയിക്കുന്ന രണ്ടു രേഖകള്‍ സഹിതം അപേക്ഷിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ് രേഖകള്‍ അയക്കേണ്ടത്. യൂട്ടിലിറ്റി ബില്‍, ഫോണ്‍ബില്‍, ലീസ് എഗ്രിമെന്റ് അല്ലെങ്കില്‍ മോര്‍ഗേജ് സ്‌റ്റേറ്റ്‌മെന്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ എതെങ്കിലും രണ്ടെണ്ണമാണ് നല്‍കേണ്ടത്. ഏപ്രില്‍ 30 ആണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി.
പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകുമെന്ന് കണ്‍സര്‍വേറ്റീവ് റിബല്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി തെരേസ മേയുടെ ഭീഷണി. മേയ് മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് ഉടമ്പടി കോമണ്‍സ് രണ്ടാമതും വോട്ടിനിട്ട് തള്ളിയ സാഹചര്യത്തിലാണ് തനിക്കെതിരെ വോട്ടു ചെയ്ത സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി അവര്‍ രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് ഡീല്‍ ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് മേയ് പദ്ധതിയിടുന്നത്. അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഇതിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 50 അനിശ്ചിതകാലത്തേക്ക് നീളുമെന്നാണ് മേയ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രിയിലും മേയ്ക്ക് എതിരെയുള്ള ശക്തമായ വികാരമാണ് കോമണ്‍സില്‍ അലയടിച്ചത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാടില്ലെന്ന പ്രമേയത്തിന് ഇന്നലെ കോമണ്‍സ് അംഗീകാരം നല്‍കിയിരുന്നു. രണ്ടു ദിവസങ്ങളിലായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തിരിച്ചടി നേരിടുന്നതിനിടെ ക്യാബിനറ്റ് മൂന്നായി തിരിയുകയും ചെയ്തത് മേയ്ക്ക് കൂടുതല്‍ പ്രതിസന്ധി സമ്മാനിച്ചിരിക്കുകയാണ്.

നോ ഡീലിനെതിരായ പ്രമേയത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് നാല് ക്യാബിനറ്റ് അംഗങ്ങള്‍ ലംഘിച്ചതാണ് പുതിയ പിളര്‍പ്പുണ്ടാക്കിയിരിക്കുന്നത്. ക്യാബിനറ്റ് മിനിസ്റ്റര്‍മാരായ ആംബര്‍ റൂഡ്, ഡേവിഡ് മുന്‍ഡേല്‍, ഡേവിഡ് ഗോക്ക്, ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരാണ് വിപ്പ് ലംഘിച്ചത്. ആറ് മറ്റു മന്ത്രിമാരും വ്യത്യസ്ത നിലപാടുമായി രംഗത്തെത്തി. ഇനി ഒരിക്കല്‍ കൂടി ബ്രെക്‌സിറ്റ് ഡീല്‍ കോമണ്‍സ് വോട്ടിനായി സമര്‍പ്പിക്കുമെന്നാണ് മേയ് സൂചന നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ വോട്ടിംഗിന് എത്തുകയാണ്.

എന്നാല്‍ തന്റെ ഡീല്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ആര്‍ട്ടിക്കിള്‍ 50 സാങ്കേതികമായി ചെറിയൊരു കാലയളവിലേക്ക് നീട്ടാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കാമെന്നാണ് മേയ് ഇപ്പോള്‍ എംപിമാര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഉടമ്പടിക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് അനന്തകാലത്തേക്ക് നീളാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. അതിനാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുകെയ്ക്ക് പങ്കെടുക്കേണ്ടതായി വരും. അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ശരിയായ കീഴ് വഴക്കമാകില്ലെന്നും മേയ് പറയുന്നു.
യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കാതെ പുറത്തുപോയ യുവാവ് രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 20 ലക്ഷം പൗണ്ടിന്റെ നിക്ഷേപം. ജെയ്ക്ക് ലീ എന്ന 20കാരനാണ് ഈ സമ്പാദ്യം നേടിയത്. ഉന്നത വിദ്യാഭ്യാസമെന്നത് ലോകത്തിലെ തന്നെ ഏറ്റവും മോശം ഏര്‍പ്പാടാണെന്നും മറ്റുള്ളവരും കോഴ്‌സുകള്‍ ഉപേക്ഷിച്ച് തന്റെ മാര്‍ഗ്ഗം പിന്തുടരണമെന്നുമാണ് ലീ പറയുന്നത്. ട്രേഡിംഗ് ബിസിനസിലാണ് ഇയാള്‍ നിക്ഷേപം നടത്തിയത്. ലോഗ്ബറോ യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ കോഴ്‌സ് ഉപേക്ഷിച്ചതിനു ശേഷമാണ് ലീ ബിസിനസ് ആരംഭിച്ചത്. ഇംപ്രൂവ് യുവര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ ഓണ്‍ലൈനില്‍ കറന്‍സി ട്രേഡിംഗ് നടത്തുന്ന ഒരു സ്ഥാപനം ഇയാള്‍ തുടങ്ങി.

ബിസിനസ് പച്ചപിടിച്ചതോടെ കാനറി, വാര്‍ഫ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ച ലീ ഇപ്പോള്‍ സഞ്ചരിക്കുന്നത് 120,000 പൗണ്ട് വിലയുള്ള ബിഎംഡബ്ല്യു ഐ8 കാറിലാണ്. വളരെ അതിശയകരമായ സമയമായിരുന്നു എന്നിക്ക് യൂണിവേഴ്‌സിറ്റി പഠനകാലത്തുണ്ടായത്. അത് ജീവിതത്തില്‍ വലിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വസ്ത്രങ്ങള്‍ സ്വയം കഴുകുകയും ഡിന്നര്‍ സ്വയം പാചകം ചെയ്യുകയുമൊക്കെ ചെയ്യണമായിരുന്നു. വീട്ടില്‍ അമ്മയുടെ ഓമനയായിരുന്നതിനാല്‍ ഇതൊന്നും നേരത്തേ ചെയ്തിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്തതാണ് തനിക്ക് വളര്‍ച്ചയുണ്ടാക്കിയത്. എന്നാല്‍ ബിസിനസ് എന്ന ആശയം ഇതോടെ തന്നില്‍ നിന്ന് വിട്ടു പോകുകയായിരുന്നു.

യൂണിവേഴ്‌സിറ്റിയിലുള്ള മറ്റുള്ളവരും അവിടെ നടക്കുന്ന കാര്യങ്ങളില്‍ മുഴുകാനാണ് ശീലിപ്പിക്കുന്നത്. ജിസിഎസ്ഇ മുതല്‍ എ ലെവല്‍ വരെയും പിന്നെ ഡിഗ്രി എടുക്കാനുമൊക്കെയാണ് നിര്‍ദേശിക്കപ്പെടുന്നത്. ഇതാണ് ശരിയെന്ന് വിശ്വസിപ്പിക്കാന്‍ സമൂഹം പഠിപ്പിക്കുകയാണ്. സത്യത്തില്‍ ലോകത്തെ ഏറ്റവും മോശം കാര്യങ്ങളിലൊന്നാണ് ഈ പഠനമെന്ന് ലീ പറയുന്നു. റിസ്‌കെടുക്കാന്‍ നിങ്ങള്‍ ധൈര്യമുള്ളവരാകണം. അതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ലീ വ്യക്തമാക്കുന്നു. കെന്റിലെ ബോര്‍ഡന്‍ സ്വദേശിയായ ലീ ഇപ്പോള്‍ ഏഴു പേര്‍ക്കാണ് സ്ഥിരം ജോലി നല്‍കിയിരിക്കുന്നത്. ഇവര്‍ എല്ലാവരും തന്നെ 25 വയസില്‍ താഴെ പ്രായമുള്ളവരാണ്. 13 ഫ്രീലാന്‍സ് ജീവനക്കാരും ലീയുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.
എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കും. 79 മില്യന്‍ പൗണ്ട് ചെലവിട്ടാണ് ഇത് സ്ഥാപിക്കുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ച സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലാണ് പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള സൂപ്പര്‍കമ്പ്യൂട്ടറിനു പകരമാണ് ഇത് സ്ഥാപിക്കുന്നത്. 2013ലാണ് ആര്‍ച്ചര്‍ സിസ്റ്റം എന്ന പേരിലുള്ള സൂപ്പര്‍ കമ്പ്യൂട്ടര്‍ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചത്. 43 മില്യന്‍ പൗണ്ട് ചെലവിട്ട് സ്ഥാപിച്ച ഇതിന് ഒരു സെക്കന്‍ഡില്‍ ഒരു മില്യന്‍ ബില്യന്‍ കണക്കുകൂട്ടലുകള്‍ നടത്താനുള്ള ശേഷിയുണ്ട്. ആര്‍ച്ചര്‍ 2 എന്ന പേരിലാണ് പുതിയ സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കുക. യുകെയില്‍ നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടറിനേക്കാള്‍ അഞ്ചിരട്ടി വേഗം ഇതിന് ഉണ്ടായിരിക്കും. ഈസ്റ്റര്‍ ബുഷിലെ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയിലാണ് ആര്‍ച്ചര്‍ ഇപ്പോള്‍ ഉള്ളത്. സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് ഉപകരണങ്ങളുടെ വലിപ്പം കുറയുകയാണ് പതിവെങ്കിലും ആര്‍ച്ചര്‍ വലിയൊരു മുറിയിലാണ് സ്ഥിതിചെയ്യുന്നത്.

ആയിരക്കണക്കിന് സെര്‍വറുകള്‍ സങ്കീര്‍ണ്ണമായ പ്രോസസുകള്‍ ചെയ്യുന്നതിനാലും കൂളിംഗിനായി അനേകം ഫാനുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ഈ മുറി ശബ്ദഭരിതമാണ്. ഒരു ഘട്ടത്തില്‍ ആര്‍ച്ചര്‍ ലോകത്തെ ഏറ്റവും ശക്തമായ സൂപ്പര്‍കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ആദ്യ 20 എണ്ണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആര്‍ച്ചര്‍ 2 അവതരിപ്പിക്കപ്പെടുമ്പോള്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് ശേഷിയില്‍ യുകെയുടെ സ്ഥാനം വീണ്ടും ഉയരും. വലിയ തോതിലുള്ള ഡേറ്റയെ വിശകലനം ചെയ്യാനും നിരവധി റിക്വസ്റ്റുകള്‍ കൈകാര്യം ചെയ്യാനും ശേഷിയുള്ളവയാണ് സൂപ്പര്‍കമ്പ്യൂട്ടറുകള്‍. കാലാവസ്ഥാ പാറ്റേണുകള്‍ സൃഷ്ടിക്കാനും വിമാനങ്ങളുടെ ഉപരിതലത്തിലൂടെയുള്ള വായുപ്രവാഹം കണക്കാക്കാനും കാറുകള്‍ ഡിസൈന്‍ ചെയ്യാനുമൊക്കെയാണ് ഇവ ഉപയോഗിക്കുന്നത്. ആരോഗ്യരംഗത്തും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എച്ച്‌ഐവി, ആര്‍ത്രൈറ്റിസ് എന്നിവയുടെ ചികിത്സക്ക് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ സേവനം തേടുന്നുണ്ട്.

വ്യാവസായിക പുരോഗതി നേടിയ മിക്ക രാജ്യങ്ങളും സൂപ്പര്‍കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനായി വലിയ നിക്ഷേപമാണ് നടത്തി വരുന്നതെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടര്‍ സിസ്റ്റംസം ഡയറക്ടറായ പോള്‍ ക്ലാര്‍ക്ക് പറയുന്നു. പല മേഖലയിലും സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ശാസ്ത്രപുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷനുമായി സഹകരിച്ചായിരിക്കും യൂണിവേഴ്‌സിറ്റി സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കുക.
ന്യൂസ് ഡെസ്ക്
യൂറോപ്യൻ യൂണിയനിൽ നിന്ന് നോ ഡീൽ അടിസ്ഥാനത്തിൽ പിന്മാറാനുള്ള പദ്ധതിയ്ക്ക് ബ്രിട്ടീഷ് പാർലമെൻറ് അനുമതി നല്കിയില്ല. ഇന്ന് നടന്ന വോട്ടെടുപ്പിൽ നോ ഡീൽ ബ്രെക്സിറ്റ് പ്രമേയം എംപിമാർ 278 നെതിരെ 321 വോട്ടിന് തള്ളി. മാർച്ച് 29 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവൺമെൻറ് ഡീൽ പാർലമെന്റിൽ ഇന്നലെ പരാജയപ്പെട്ടതിനെത്തുടർന്നാണ് നോ ഡീൽ പ്ളാൻ അവതരിപ്പിച്ചത്. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീൽ പാർലമെൻറ് 242 നെതിരെ 391 വോട്ടുകൾക്കാണ് ഇന്നലെ തള്ളിയത്.
ജനുവരി 15 ന് നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേ അവതരിപ്പിച്ച ഡീൽ പാർലമെൻറ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാർ പാർലമെന്റിൽ ഡീൽ പരാജയപ്പെടുത്തിയത്. ഇതേത്തുടർന്നു യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ഡീൽ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തൺ ചർച്ചകളാണ് നടത്തിയത്. ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അഭിപ്രായ സമന്വയം ഉണ്ടാകാത്തത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാർലമെൻറിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ ഭൂരിപക്ഷം എംപിമാരും തയ്യാറാകുന്ന ലക്ഷണമില്ല.
രണ്ടാം ദിവസവും തുടർച്ചയായി രണ്ടു വോട്ടിംഗുകളിൽ തെരേസ മേയുടെ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെൻറ് തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇനി രണ്ടു വഴികളാണ് ഗവൺമെന്റിന് മുൻപിലുള്ളത്. നോ ഡീൽ പ്രമേയം പാർലമെന്റ് തള്ളിയതുമൂലം നാളെ ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാർലമെൻറിനോട് അഭ്യർത്ഥിക്കും. ആർട്ടിക്കിൾ 50 നടപ്പാക്കാൻ കൂടുതൽ സമയം ഇതിലൂടെ ലഭിക്കും. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനുമായി വീണ്ടും ഡീൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ തെരേസ മേ യൂറോപ്യൻ പാർലമെൻറിനെ സമീപിക്കും. പാർലമെൻറ് അനുമതി നൽകാത്ത പക്ഷം മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടൺ പുറത്തുവരും.
ന്യൂസ് ഡെസ്ക്
യുകെയിൽ ജോലി തേടുന്ന വിദേശ നഴ്സുമാർക്ക് കൂടുതൽ അവസരമൊരുക്കുന്ന രീതിയിൽ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നു. വിദേശ നഴ്സുമാർക്ക് യുകെയിൽ ടിയർ 2 വിസ ലഭിക്കാൻ വേണ്ട കുറഞ്ഞ ശമ്പളം 20,800 പൗണ്ട് എന്ന നിയമം 2021 ജനുവരി വരെ തുടരും. ടിയർ 2 ജനറൽ വിസയ്ക്ക് 30,000 പൗണ്ട് കുറഞ്ഞ ശമ്പളം വേണമെന്നാണ് നിലവിലുള്ള നിയമത്തിൽ നിന്നുള്ള ഇളവ് നീട്ടാൻ ഗവൺമെൻറ് തീരുമാനിച്ചു. 2018-19 ന്റെ മൂന്നാം ക്വാർട്ടറിൽ ഇംഗ്ലണ്ടിൽ മാത്രം 39,148 നഴ്സിംഗ് വേക്കൻസികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു തൊട്ടുമുമ്പത്തെ ക്വാർട്ടറിൽ 42,370 ഒഴിവുകൾ ആണ് കണക്കാക്കിയിരുന്നത്.
2016 നവംബറിൽ നടപ്പിലാക്കിയ വിദേശ നഴ്സുമാരുടെ ശമ്പള സ്കെയിലിലെ ഇളവ് 2019 ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു. സ്റ്റാഫ് ഷോർട്ടേജ് ചൂണ്ടിക്കാട്ടി നഴ്സിംഗ് യൂണിയൻ നേതാക്കൾ ഇതിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം ഗവൺമെന്റ് ഗൗരവമായി പരിഗണിക്കുകയായിരുന്നു. എന്നാൽ 2021 ജനുവരിയിൽ ഈ നിയമം റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു.
പാരാമെഡിക്സ്, മെഡിക്കൽ റേഡിയോഗ്രാഫർ, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാണ്ടരിൻ ഭാഷ എന്നിവ പഠിപ്പിക്കുന്ന സെക്കണ്ടറി സ്കൂൾ ടീച്ചർമാർ എന്നിവർക്കും ഈ ഇളവ് ബാധകമാണ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനൊപ്പം യുകെയിലെ അവശ്യ സർവീസുകളിൽ ആവശ്യത്തിന് വിദഗ്ദ തൊഴിലാളികളെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് സാജിദ് ജാവേദ് പറഞ്ഞു.
നോ ഡീല്‍ രഹസ്യ താരിഫുകളും ഐറിഷ് ബോര്‍ഡറിലെ പദ്ധതികളും ഇന്ന് രാവിലെ പുറത്തു വിടും. രാവിലെ ഏഴു മണിയോടെ മന്ത്രിമാര്‍ ഇവ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികളായിരിക്കും ഇവ. തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരെ എംപിമാര്‍ തിരിയാന്‍ കാരണമായ ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുകയെന്നും രാവിലെ അറിയാം. നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായ കോമണ്‍സ് വോട്ട് ഇന്ന് നടക്കാനിരിക്കെയാണ് ഇവ മന്ത്രിമാര്‍ അവതരിപ്പിക്കുക. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാകുന്നതിനു ശേഷം ഏതൊക്കെ വസ്തുക്കളുടെ ഇറക്കുമതിയില്‍ നികുതി വര്‍ദ്ധിക്കുമെന്ന കാര്യവും താരിഫുകളില്‍ അറിയാം.

ആര്‍ട്ടിക്കിള്‍ 50 കാലാവധി ദീര്‍ഘിപ്പിക്കണമെന്ന വിഷയത്തിലും കോമണ്‍സില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. നോ ഡീല്‍ താരിഫുകള്‍ നടപ്പാകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ താരിഫുകളും ഐറിഷ് ബോര്‍ഡര്‍ പദ്ധതികളും ഇപ്പോള്‍ പുറത്തു വിടുന്നത് മുന്നോട്ടുള്ള ചര്‍ച്ചകളില് ബ്രിട്ടന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട്. തന്റെ ഡീല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നോ ഡില്‍ ബ്രെക്‌സിറ്റ് വോട്ടില്‍ സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ ടോറി എംപിമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് തെരേസ മേയ്.

ബ്രെക്‌സിറ്റിന് വെറും 16 ദിവസങ്ങള്‍ മാത്രം ശേഷിക്കേ മേയുടെ ഉടമ്പടി പാര്‍ലമെന്റ് 149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തള്ളിയത് നോ ഡീല്‍ ഭീഷണിയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം ബ്രെക്‌സിറ്റിന്റെ നിയന്ത്രണം പ്രധാനമന്ത്രി പാര്‍ലമെന്റിന് കൈമാറി. ഇന്ന് നടക്കുന്ന വോട്ടെടുപ്പിലും സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അത് ബ്രെക്‌സിറ്റ് കൂടുതല്‍ വൈകിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടി രണ്ടാമതും പാര്‍ലമെന്റ് തള്ളിയ സാഹചര്യത്തില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കണമെന്ന പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ്. പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ധാരണ മരിച്ചുവെന്നും ഉപാധി രഹിതമായ ബ്രെക്‌സിറ്റിനെ എതിര്‍ക്കുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് വിഷയത്തില്‍ കോമണ്‍സില്‍ വോട്ടെടുപ്പ് നടക്കുന്നത്. ലേബര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടിക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന ലേബര്‍ അണികളുടെതുള്‍പ്പെടെയുള്ള ആവശ്യം അദ്ദേഹം നിരാകരിച്ചു. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ് ഏറ്റു വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 242നെതിരെ 391 വോട്ടുകള്‍ക്കാണ് കോമണ്‍സ് തെരേസ മേയുടെ ഉടമ്പടി തള്ളിയത്.

നോ ഡീല്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിക്കുക പോലും വേണ്ടെന്ന നിലപാടാണ് കോര്‍ബിന്‍ അറിയിച്ചത്. മുമ്പ് അത് പറഞ്ഞിട്ടുണ്ട്. വീണ്ടും അതേ നിലപാട് തന്നെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്യാന്‍ കോമണ്‍സ് ഒരു പദ്ധതി മുന്നോട്ടു വെക്കണം. ലേബര്‍ നേരത്തേ ഉന്നയിച്ച കസ്റ്റംസ് യൂണിയന്‍ പദ്ധതി വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന് മേല്‍ക്കൈയുണ്ടെന്നത് വാസ്തവമാണ്. പക്ഷേ ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പ്രധാനമന്ത്രി വെറുതേ സമയം പാഴാക്കുകയായിരുന്നു. ഇനി നമുക്ക് മുന്നിലുള്ളത് പൊതുതെരഞ്ഞെടുപ്പ് എന്ന സാധ്യതയാണെന്നും കോര്‍ബിന്‍ പറഞ്ഞു. ഇന്നലെ നടന്ന കോമണ്‍സ് വോട്ടെടുപ്പില്‍ ഒരു ലേബര്‍ എംപി മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു.

ലേബര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ഫണ്ടിംഗ് ഓഫറുകള്‍ നല്‍കി എംപിമാരെ വശത്താക്കാന്‍ നടത്തിയ നീക്കത്തിന്റെ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന കമ്യൂണിറ്റികള്‍ക്ക് 1.6 ബില്യന്‍ പൗണ്ടിന്റെ സ്‌ട്രോംഗര്‍ ടൗണ്‍ ഫണ്ടുകള്‍ അനുവദിക്കുമെന്ന് മേയ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ലണ്ടന്‍: ബെന്‍ നെവിസ് ഹിമപാതത്തില്‍ രണ്ട് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബെന്‍ നെവിസില്‍ കഴിഞ്ഞ ദിവസം അപകടമുണ്ടാവാന്‍ സാധ്യതയുള്ളതായി സ്‌കോട്ടിഷ് അവലാന്‍ച്ചെ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതിന് മിനുറ്റുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിച്ചവരുടെ വ്യക്തിവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മെഡിക്കല്‍ വിവരങ്ങള്‍ സംഭവിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ബ്രിട്ടനിലെ ഏറ്റവും വലിയ മലനിരയാണ് ബെന്‍ നെവിസ്. സമുദ്രനിരപ്പില്‍ നിന്ന് 1345 മീറ്ററുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകളില്‍ സാധാരണയായി ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാറില്ല.

എന്നാല്‍ ഈ സീസണില്‍ അപകടങ്ങള്‍ തോത് വളരെ കൂടുതലാണ്. പത്ത് പേര്‍ക്കാണ് ഈ മഞ്ഞുകാലത്ത് ബൈന്‍ നെവിസിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഡിസംബര്‍ പതിനാറിന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായ 21 കാരന്‍ പാട്രിക്ക് ബൂത്രോയ്ഡ് 1500 അടിയില്‍ നിന്ന് താഴേക്ക് വീണിരുന്നു. ന്യൂ ഇയര്‍ ദിനത്തില്‍ 21കാരിയായ ജര്‍മ്മന്‍ യുവതിക്കും സമാന അപകടം സംഭവിച്ചിരുന്നു. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ഇവര്‍ ചികിത്സക്കിടെയാണ് മരണപ്പെടുന്നത്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് 2012-13 കാലഘട്ടത്തിലെ മഞ്ഞുകാലത്താണ്. അന്ന് എട്ട് പേര്‍ക്കാണ് ഹിമപാതത്തില്‍ ജീവന്‍ നഷ്ടമായത്.