Main News

ലണ്ടന്‍: ആധുനിക കാലഘട്ടത്തില്‍ കുട്ടികളെ പരിപാലിക്കുകയെന്നത് വളരെ വലിയ ക്ഷമയും ഏകാഗ്രതയും ആവശ്യമുള്ള ജോലിയായി മാറികൊണ്ടിരിക്കുകയാണ്. കഠിനമായ ഓഫീസ് സമയത്തിന് ശേഷം വീട്ടിലെത്തിയാലും അതിനേക്കാള്‍ കഠിനമായ ജോലികള്‍ തരുന്ന കുട്ടികളാവും മിക്ക വീടുകളിലുമുണ്ടാവുക. ഇവ മാതാപിതാക്കളില്‍ വലിയ മാനസിക പിരിമുറുക്കമുണ്ടാക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. കാറിനുള്ളില്‍ നിന്ന് ഇന്ധനത്തിന്റെ വില നല്‍കാന്‍ സഹായിക്കുന്ന ബിപി എന്ന ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്.

2000ത്തിലധികം മാതാപിതാക്കള്‍ ദിവസവും കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് നന്നായി ഭക്ഷണം നല്‍കുകയെന്നത് ഒരോ മാതാപിതാക്കളും പ്രധാനമായി കാണുന്ന പ്രവൃത്തിയാണ്. ഭക്ഷണ സമയത്ത് പക്ഷേ ഓടിപ്പോകുന്ന കുസൃതിക്കാര്‍ സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. ചില കുട്ടികളാണെങ്കില്‍ പകലുറക്കം ശീലമുള്ളവരായിരിക്കും. പകല്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ രാത്രികാലങ്ങളില്‍ പ്രശ്‌നക്കാരാണ്. അതുപോലെ കുളിപ്പിക്കുകയെന്നതാണ് മറ്റൊരു ശ്രമകരമായ ജോലി. ഇതൊക്കെ തീര്‍ന്നാലും നിരന്തരമായി കുസൃതികള്‍ ഒപ്പിച്ചുകൊണ്ടേയിരിക്കുന്നവരുണ്ട്.

വീടിന്റെ ചുമരുകളും കാര്‍പ്പെറ്റുകളും ചിത്രങ്ങള്‍ വരയ്ക്കുന്നത് പോലുള്ള ആര്‍ടിസ്റ്റിക് കുരുന്നുകളും ഒരു തരത്തില്‍ തലവേദനക്കാര്‍ തന്നെയാണ്. 5 വയസ് തികയുമ്പോളാണ് ഏറ്റവും കൂടുതല്‍ ആവശ്യങ്ങളുമായി കുട്ടികള്‍ മാതാപിതാക്കളെ സമീപിക്കുന്നത്. ഒരോ ദിവസവും പുതിയ ആവശ്യങ്ങളുമായി അവരെത്തുകയും ചെയ്യും. ഈ സമയം തന്നെയാണ് മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും തലവേദനയുണ്ടാക്കുന്ന സമയം. ദിവസത്തില്‍ ഒരു തവണയെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവിക്കാത്ത മാതാപിതാക്കള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രമായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

അടുക്കളയിലും പട്ടി കൂട്ടിലുമെല്ലാം നുഴഞ്ഞു കയറുന്ന ‘വിദഗ്ദ്ധ’ന്മാരുണ്ടെങ്കില്‍ തലവേദനയുടെ തോത് ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുമെന്ന് തീര്‍ച്ച. എന്തായാലും കുട്ടികളെ പരിപാലിക്കുകയെന്നത് വളരെ ക്രീയേറ്റീവ് സമയമാക്കി മാറ്റാനുള്ള വഴികളെക്കുറിച്ച് അന്വേഷിക്കുകയാണ് അനിയോജ്യമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരോ രക്ഷിതാവിനും ഇത് വ്യത്യസ്തമാക്കാന്‍ കഴിയും.

ലണ്ടന്‍: നഴ്‌സിനെയും പോലീസുകാരനെയും ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബെനിഫിറ്റുകള്‍ ദുര്‍വിനിയോഗം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. 33കാരനായ മാത്യു ക്രാഫോര്‍ഡിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നഴ്‌സിനോടും പോലീസുകാരനോടും അപമര്യാദയായ പെരുമാറിയ സംഭവത്തില്‍ ഇയാള്‍ വിചാരണാ നടപടികള്‍ നേരിടുന്നതിനിടെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയില്‍ കിടക്കുന്ന സമയത്തും വലിയ ആഢംബരത്തോടെയാണ് മാത്യൂ ജീവിച്ചിരുന്നതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എപ്ലോയ്‌മെന്റ് ബെനിഫിറ്റുകള്‍ അനാവശ്യമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പിന്നീട് നവ മാധ്യമങ്ങളില്‍ അവ പൊങ്ങച്ചപൂര്‍വ്വം ഇയാള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിസ്സ, ഷാപെയിന്‍, ഇതര ജങ്ക് ഫുഡ് എന്നിവ മാത്രമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. കിംഗ്‌സ് മില്‍ ആശുപത്രിയില്‍ 5 മാസക്കാലം മാത്യു ചികിത്സ തേടിയിരുന്നു. ഇവിടെ ആഴ്ച്ചയില്‍ 7000 പൗണ്ടാണ് ഇയാള്‍ക്ക് ചെലവ് വന്നത്. ദിവസവും വാര്‍ഡിലേക്ക് ചൈനീസ് ഫാസ്റ്റ് ഫുഡാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ആശുപത്രി കിടക്കയില്‍ ഷാപെയിനുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭിന്നശേഷിക്കാരുടെ പാസ് ഉപയോഗിച്ച് നടത്തുന്ന സൗജന്യ യാത്രകളെക്കുറിച്ചും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്ങച്ചം പറയാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊണ്ണത്തടിയുള്ള മാത്യൂ വലിയ ഫുട്‌ബോള്‍ ആരാധകനാണ്. ഗെയിമിങ്ങിന് വേണ്ടി വാങ്ങിയ 65 ഇഞ്ച് ടെലിവിഷനും ഇയാള്‍ക്ക് പൊങ്ങച്ചം പറയാന്‍ കാരണമായി. ഫുട്‌ബോള്‍ മാച്ച് ടിക്കറ്റുകളും യാത്രകളും ഭക്ഷണവും ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ചെലവുകളും ആഢംബര പൂര്‍വ്വം നടത്തിയിരുന്നു വിവിധ ബെനിഫിറ്റുകള്‍ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2016ല്‍ പോലീസുകാരെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതിന്റെ പേരില്‍ മാത്യുവിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസും നിലനില്‍ക്കുന്നുണ്ട്. കോടതിയില്‍ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മാത്യുവിന്റെ അമ്മ തയ്യാറായിട്ടില്ല.

ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ അഭിമാനമായ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ചോർന്നതായി സംശയം. നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനെ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗര്‍വാളിനെയാണ്‌ തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസ്‌ഐ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്‌.

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ബ്രഹ്മോസ് യൂണിറ്റില്‍ നാല് വര്‍ഷമായി ഇയാള്‍ ജോലി ചെയ്തുവരുകയായിരുന്നു. ഡിആര്‍ഡിഒ ജീവനക്കാരനാണ് നിഷാന്ത് അഗര്‍വാള്‍. നാഗ്പൂരിലെ പ്രതിരോധ ഗവേഷണ – വികസന കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ആവശ്യമായ പ്രൊപ്പലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന യൂണിറ്റില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എ.ടി.എസ് സംശയിക്കുന്നു.

ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എ.ടി.എസ് വ്യക്തമാക്കി

ഹോം സെക്രട്ടറി സാജിദ് ജാവീദ് യുകെയെ അപകടകരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് വിമര്‍ശനം. ഇരട്ട പൗരത്വമുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയാനുള്ള തീരുമാനത്തിലാണ് ഒരു മുന്‍നിര മനുഷ്യാവകാശ സംഘടന ഈ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സിലാണ് ഇരട്ട പൗരത്വമുള്ള കുറ്റവാളികളുടെയും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചവരുടെയും ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുമെന്ന് ജാവീദ് പറഞ്ഞത്. വിദേശത്തെത്തി തീവ്രവാദികളെന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുന്ന സമ്പ്രദായം നിലവിലുണ്ട്. ഇതിനായി നോട്ടീസ് പോലും നല്‍കേണ്ടതില്ല. ഈ രീതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

ലിബര്‍ട്ടി എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ തീരുമാനത്തില്‍ ഹോം സെക്രട്ടറിക്കെതിരായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയാനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നതെന്ന് ലിബര്‍ട്ടിയുടെ ആക്ടിംഗ് ഡയറക്ടറായ കോറി സ്‌റ്റോട്ടണ്‍ പറഞ്ഞു. ഹോം സെക്രട്ടറി വളരെ അപകടകരമായ മാര്‍ഗത്തിലൂടെയാണ് നമ്മെ നയിക്കുന്നത്. പുതിയ തീരുമാനത്തിന് ഇരയാകുന്നവര്‍ക്കു നേരെ ആരുടെയും സഹതാപം ഉയരില്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ കുറ്റവാളികളെ മറ്റു രാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റാനുള്ള തീരുമാനം ഉത്തരവാദിത്തമില്ലായ്മയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കൈ കഴുകുകയാണ് ഇത്തരമൊരു നയരൂപീകരണത്തിലൂടെ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ആളുകളെ രാജ്യത്തു നിന്നു തന്നെ ഉപരോധിക്കുന്നത് ഒരു പഴയ ശിക്ഷാ സമ്പ്രദായമാണ്. 2018ല്‍ അതിന് ഇടമില്ല. പൗരത്വം എടുത്തു കളയുന്നത് ഒരു ശിക്ഷാരീതിയായി സ്വീകരിക്കുന്നത് നാമെല്ലാം ഭാവിയിലേക്ക് നിദ്രാടനം നടത്തുന്നതിന് തുല്യമാണ്. ഇനിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് പൗരത്വം എടുത്തു കളയുന്നത് ശിക്ഷയായി മാറാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. 2010 മുതല്‍ 2015 വരെ 33 പേരുടെ ബ്രിട്ടീഷ് പൗരത്വം ഹോം ഓഫീസ് എടുത്തു കളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.

കാര്‍ഡിഫ് ഹാഫ് മാരത്തോണ്‍ ഫിനിഷിംഗിനു ശേഷം കേട്ടത് ദുരന്തവാര്‍ത്ത. മത്സരത്തില്‍ പങ്കെടുത്ത രണ്ട് അത്‌ലറ്റുകള്‍ ഫിനിഷിംഗ് പോയിന്റിൽ കാർഡിയാക് അറസ്റ്റ് മൂലം മരിച്ചു. ഭാര്യയുടെയും ഒരു വയസുള്ള കുട്ടിയുടെയും മുന്നിലാണ് 30കാരനായ യുവാവ് വീണത്. 20 വയസിനടുത്ത് പ്രായമുള്ള യുവാവ് ഗേള്‍ഫ്രണ്ടിനൊപ്പമായിരുന്നു മാരത്തോണില്‍ പങ്കെടുത്തത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല. മാരത്തോണില്‍ പങ്കെടുത്ത എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് നടന്നതെന്ന് മാര്‍ത്തോണ്‍ സംഘാടകര്‍ പറഞ്ഞു. കാര്‍ഡിയാക് അറസ്റ്റാണ് മരണ കാരണമെന്നാണ് കരുതുന്നത്.

13 മൈല്‍ നീളുന്ന കാര്‍ഡിഫ് ഹാഫ് മാരത്തോണില്‍ 25000 ലേറെയാളുകള്‍ പങ്കെടുത്തിരുന്നു. മാരത്തോണില്‍ പങ്കെടുത്ത ചിലരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞിരുന്നു. പിന്നീട് അവരുടെ മരണവാര്‍ത്തയാണ് കേട്ടതെന്ന് മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും പേരു ഇയാള്‍ പറഞ്ഞു. മാരത്തോണിന്റെ സംഘാടനം മികച്ചതായിരുന്നു. വൈദ്യസഹായം നല്‍കാനുള്ള സംവിധാനങ്ങളും മികച്ചതായിരുന്നുവെന്നും അദ്ദഹം വ്യക്തമാക്കി. റണ്‍4വീല്‍സ് എന്ന സംഘടനയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് കാര്‍ഡിഫ് കാസിലില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ സിവിക് സെന്ററിന് പുറത്താണ് അവസാനിച്ചത്.

 

മാരത്തോണിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇങ്ങനെയൊരു ദുരന്തം ആദ്യമാണെന്ന് റണ്‍4വീല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ന്യൂമാന്‍ പറഞ്ഞു. വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാരത്തോണ്‍ എന്ന് അറിയപ്പെടുന്ന കാര്‍ഡിഫ് ഹാഫ് മാരത്തോണ്‍ 2003ലാണ് ആരംഭിച്ചത്.

റഷ്യ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ എംഐ 6 മേധാവി സര്‍ റിച്ചാര്‍ഡ് ഡിയര്‍ലവ്. സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണം പോലെയുള്ള വന്യമായ ശ്രമങ്ങള്‍ റഷ്യ നടത്തുന്നതിനാല്‍ ആ രാജ്യത്തെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണം പോലെ റഷ്യക്കു പങ്കുള്ള ആക്രമണങ്ങള്‍ ഭാവിയിലും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വന്യ സ്വഭാവം വ്‌ളാഡിമിര്‍ പുടിന്റെ രാജ്യത്തിന്റെ ജനിതകത്തിലുണ്ടെന്നും സോവിയറ്റ് ചാരപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ റഷ്യന്‍ ചാരപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുടിനെ അധികാരത്തില്‍ നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ റഷ്യയുടെ ദേശീയ താല്‍പര്യം. അതിനായി നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. റഷ്യയുടെ ഡിഎന്‍എയില്‍ ഇത്തരം ഛിദ്രതയ്ക്കുള്ള കഴിവുകളുണ്ടെന്നും അത് വ്യപകമായി ആ രാഷ്ട്രം ഉപയോഗിച്ചു വരികയാണെന്നും സര്‍ റിച്ചാര്‍ഡ് വ്യക്തമാക്കി. ചരിത്രം പരിശോധിച്ചാല്‍ കൊലപാതകങ്ങളും അതിനുള്ള ശ്രമങ്ങളും റഷ്യ ആയുധമാക്കി വരികയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സാലിസ്ബറി ആക്രമണത്തിലെ രണ്ടാം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ് പുറത്തു വന്നിരിക്കുന്നത്.

ചൊവ്വാഴ്ച നടക്കുന്ന കോമണ്‍സ് കമ്മിറ്റി യോഗത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് വെബ്‌സൈറ്റായ ദി ബെല്ലിംഗ്ക്യാറ്റ് റഷ്യന്‍ ജിആര്‍യു മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്‌ക്രിപാലിനെ ആക്രമിച്ച രണ്ട് റഷ്യന്‍ ചാരന്‍മാര്‍ റുസ്ലാന്‍ ബോഷിറോവ്, അലക്‌സാന്‍ഡര്‍ പെട്രോവ് എന്നിവരാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇവ വ്യാജപ്പേരുകളാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഒരു മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് 2004-2008 കാലയളവില്‍ റഷ്യന്‍ അംബാസഡറായിരുന്ന സര്‍ ടോണി ബ്രെന്റണും ശനിയാഴ്ച പറഞ്ഞിരുന്നു.

മാതാപിതാക്കളുടെ ആവശ്യപ്രകാരം 14 കാരനെ ജയിലിലടക്കാന്‍ ജഡ്ജിയുടെ ഉത്തരവ്. മയക്കുമരുന്നിന് അടിമായി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് തങ്ങളുടെ മകനെ ജയിലിലടക്കണമെന്ന് മാതാപിതാക്കള്‍ ജഡ്ജിയോട് ആവശ്യപ്പെട്ടത്. ഡിസ്ട്രിക്ട് ജഡ്ജ് ഡാനിയല്‍ കേര്‍ട്ടിസിനാണ് ആശയറ്റ മാതാപിതാക്കള്‍ ഇത്തരമൊരു കത്തയച്ചത്. അവനെ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് തങ്ങളെന്നും മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞുവെന്ന് സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകനെ നിയന്ത്രിക്കാന്‍ വാതിലിന് രണ്ടു ലോക്കുകള്‍ വെച്ചു നോക്കി. എന്നിട്ടും അവന്‍ രക്ഷപ്പെട്ടു. ജനാല അടച്ചിട്ടാല്‍ അത് പൊട്ടിച്ചിട്ടായാലും അവന്‍ പുറത്തു കടന്ന അതിക്രമങ്ങള്‍ ചെയ്യുമായിരുന്നു.

അയല്‍ക്കാര്‍ക്കാണ് കുട്ടി ഏറ്റവും ശല്യക്കാരനായത്. കഞ്ചാവ് ഉപയോഗിക്കുമായിരുന്ന ഇവന്‍ അടുത്ത വീടുകളില്‍ നിന്നും മോഷണങ്ങള്‍ നടത്തുമായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെത്തവണ ഇവനെ അറസ്റ്റ് ചെയ്തു. എന്നാല്‍ അതൊന്നും ഫലം ചെയ്തില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വീടിനു മുകളില്‍ കയറി ഇവന്‍ നടത്തിയ പ്രതിഷേധമാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവം. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ വിന്‍ഡ്ഷീല്‍ഡ് അവന്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഇതോടെയാണ് ജഡ്ജിക്ക് കത്തെഴുതി മകനെ അകത്താക്കാന്‍ രക്ഷിതാക്കള്‍ തീരുമാനമെടുത്തത്. ലോകെമെന്താണെന്ന് കാണണമെങ്കില്‍ അവന്‍ കുറച്ചുകാലം ശിക്ഷയനുഭവിച്ചേ മതിയാകൂ എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

 

അവന്‍ ചെയ്യുന്നത് എന്താണെന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്താണെന്നും മനസിലാകണം. ഇപ്പോള്‍ അത് മനസിലായില്ലെങ്കില്‍ പ്രായമാകും തോറും അവന്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴും. അവനെ നേര്‍വഴിക്ക് നടത്തണമെന്നും കോടതിയോട് മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഇത് അംഗീകരിച്ച ജഡ്ജി പതിനാലുകാരന് ആറു മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ ഡിറ്റെന്‍ഷന്‍ ഓര്‍ഡറിന്റെ ഭാഗമായാണ് ആറുമാസത്തെ ജയില്‍ ശിക്ഷ നല്‍കിയിരിക്കുന്നത്.

ലണ്ടന്‍: വിന്റര്‍ അടുക്കുന്നതോടെ എല്ലാവരും വീടുകളില്‍ കൂടുതല്‍ സമയം ചിലവിടാന്‍ തുടങ്ങുകയാണ്. റൂം ഹീറ്ററുകള്‍ ശീതകാലത്ത് അനുഗ്രഹമാണെങ്കിലും അവ നമ്മുടെ ചര്‍മ്മത്തെ വരണ്ടതാക്കി മാറ്റുന്നുവെന്നത് അനുഭവമുള്ള കാര്യവുമാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ (ആര്‍.എച്ച്.എസ്) പുതിയ പഠനം. രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകളും മറ്റുമാണ് ഇപ്പോള്‍ വരണ്ട ചര്‍മ്മത്തിന് പ്രതിവിധിയായി പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുകയെന്നതാണ് വാസ്തവം. എന്നാല്‍ ആര്‍.എച്ച്.എസിലെ ചീഫ് ഹോര്‍ട്ടികള്‍ച്ചര്‍ ശാസ്ത്രജ്ഞയായ ടിജാന ബ്ലാനുസ ചര്‍മ്മം വരണ്ടുണങ്ങുന്നതിന് പ്രകൃതിദത്തമായ ഒരു പരിഹാരമാണ് കണ്ടെത്തിയിരിക്കുന്നത്.

യാതൊരുവിധ കെമിക്കലുകളോ ക്രീമുകളോ ഉപയോഗിക്കാതെ തോലി വരുണ്ടണങ്ങുന്നത് തടയാമെന്ന് ഡോ. ടിജാന ചൂണ്ടിക്കാണിക്കുന്നു. അതിനായി ചെയ്യേണ്ടത് നമ്മുടെ വീടിനുള്ളില്‍ ഹൗസ്പ്ലാന്റുകള്‍ ധാരാളമായി വളര്‍ത്തുകയെന്നതാണ്. വീടിനുള്ളിലെ പച്ചപ്പ് ത്വക്കിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ പ്രാപ്തിയുള്ളതെന്ന് ഡോ. ടിജാനയുടെ പഠനം തെളിയിക്കുന്നു. മുറിയിലെ ആര്‍ദ്രത കൃത്യമായാല്‍ ത്വക്ക് വരണ്ടുണങ്ങുന്ന പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാന്‍ എളുപ്പം സാധിക്കും. വീടിനുള്ളില്‍ വളരെ പോസീറ്റീവായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഹൗസ് പ്ലാന്റുകളിലെ ഇലകളിലൂടെ ബാഷ്പീകരിച്ച് പുറത്തെത്തുന്ന ജലാംശമാണ് മുറിക്കുള്ളിലെ ആര്‍ദ്രത നിലനിര്‍ത്തുന്നതെന്ന് ഡോ. ടിജാനയുടെ പഠനം വ്യക്തമാക്കുന്നു. ഹൗസ്പ്ലാന്റുകള്‍ ചെലവ് കുറഞ്ഞ രീതിയില്‍ വീടുകളില്‍ സ്ഥാപിക്കാന്‍ പറ്റുന്നവയാണ്. ചര്‍മ്മം വരണ്ടുണങ്ങുന്നത് ഇല്ലാതാക്കാന്‍ പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണിത്. മുനഷ്യരുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് ഇവ സഹായിക്കുമെന്നും ടിജാന പറഞ്ഞു. പീസ് ലില്ലി, അരേക്കാ പാം, റബര്‍ പ്ലാന്റ് എന്നിവയാണ് തൊലിക്ക് ഗുണം ചെയ്യുന്ന ഹൗസ്പ്ലാന്റുകളില്‍ പ്രധാനപ്പെട്ടവ.

ലണ്ടന്‍: നൂറ് കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ നശിപ്പിക്കാതെ സംഭരിച്ചുവെച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍. എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്ന പ്രധാന കോണ്‍ട്രാക്ട് കമ്പനികളിലൊന്നായ ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കമ്പനിക്ക് സംഭരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളതിന്റെ എത്രയോ മടങ്ങ് കൂടുതല്‍ മാലിന്യങ്ങള്‍ നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇത് മൂലമുണ്ടാകില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ പ്രതിനിധി അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ വിശദമായ അന്വേഷണം നടത്തുമെന്നും ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ സമാന കാരണത്തിന് നിരവധി മുന്നറിയിപ്പ് നോട്ടീസുകള്‍ ലഭിച്ചിട്ടുള്ള കമ്പനിക്കെതിരെയാണ് വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കമ്പനി സംഭരിക്കുന്ന മാലിന്യങ്ങളില്‍ മനുഷ്യശരീര ഭാഗങ്ങളും നീക്കം ചെയ്ത അവയവങ്ങളും ടോക്‌സിക് കീമോ തെറാപ്പി കെമിക്കല്‍സ് കൂടാതെ അപകടകാരിയായ മറ്റു മെഡിക്കല്‍ കെമിക്കലുകളും ഉള്‍പ്പെടും. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്.

നിലവില്‍ മാലിന്യ സംസ്‌കരണത്തിലുണ്ടായിരിക്കുന്ന അപാകത ജനങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഇത് പരിസ്ഥിതിക്ക് അങ്ങേയറ്റം ദോഷകരമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് 50 ഓളം എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ നിന്നാണ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ലിമിറ്റഡ് മാലിന്യം ശേഖരിക്കുന്നത്. ഇവരുടെ വിവിധ സൈറ്റുകളിലായിട്ടാണ് ഇവ നിര്‍മാര്‍ജനം ചെയ്യുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് യു.കെയുടെ പോളിസികള്‍ പാലിക്കാതെയാണ് ഇവര്‍ മാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിക്കെതിരെ നിരവധി പരിസ്ഥിതി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

കേരള കത്തോലിക്കാ മെത്രാൻ സമിതിയ്ക്ക് (കെസിബിസി) മാവോയിസ്റ്റ് ഭീഷണി. പി.ഒ.സിയുടെ പാലാരിവട്ടം ഓഫീസിലാണ് കത്ത് എത്തിയത്. ദി ചീഫ് കെസിബിസി എന്ന വിലാസത്തിൽ ഉള്ള കത്ത് ചുവന്ന അക്ഷരത്തിലാണ് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി.

കത്ത് ഇങ്ങനെ

“ഞങ്ങൾ ഇതുവരെ നിങ്ങൾക്കെതിരേ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും. ഞങ്ങൾ കാമാത്തിപ്പുരകളല്ല. കുറച്ചുപേർ നിങ്ങളുടെ ഇഷ്ടത്തിനൊത്ത് തുള്ളുന്നവരും തുണിയുരിയുന്നവരുമായി ഉണ്ടായിരിക്കാം.

ഞങ്ങൾക്ക് മാനന്തവാടി എന്നല്ല കേരളത്തിലെ ഏതു സ്ഥലത്തും കൈയെത്തും ദൂരത്താണ്. മെത്രാൻമാരും ബിഷപ്പുമാരും അച്ചന്മാരും ബാവാമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം. സാമ്പത്തിക ചൂഷണവും ശാരീരിക ചൂഷണവും ഇനിയും കണ്ടു നിൽക്കാനാവില്ല. ഞങ്ങളെ തടയാൻ നിങ്ങൾക്കാവില്ല. നിലമ്പൂർക്കാട്ടിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത്”….. മാവോയിസ്റ്റുകൾ

നിലമ്പൂരിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സീലിൽ നിന്ന് മനസിലാകുന്നത്. കത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

RECENT POSTS
Copyright © . All rights reserved