സ്‌കൂളുകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പണം അനുവദിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍. ആയിരത്തിലേറെ കൗണ്‍സിലര്‍മാര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിന് എഴുതിയ കത്തിലാണ് അധിക ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2009-10 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ ഇഗ്ലണ്ടിലെ സ്‌കൂളുകളിലെ ഓരോ വിദ്യാര്‍ത്ഥിക്കും അനുവദിച്ചിരുന്ന ഫണ്ടിന്റെ നിരക്ക് എട്ടു ശതമാനമായി ഇടിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. കത്ത് ഇന്നലെ വെസ്റ്റ്മിന്‍സ്റ്ററിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ ആസ്ഥാനത്തുവെച്ച് അധികൃതര്‍ക്ക് കൈമാറി.

2015 മുതല്‍ സ്റ്റേറ്റ് ഫണ്ടഡ് സ്‌കൂളുകള്‍ക്ക് ലഭിക്കാനുള്ള ബില്യന്‍ കണക്കിന് പൗണ്ടിന്റെ ഫണ്ടാണ് ഇല്ലാതായിരിക്കുന്നത്. എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച് കൗണ്‍സിലുകള്‍ നടത്തുന്ന സ്‌കൂളുകളില്‍ മൂന്നിലൊന്നും അക്കാഡമികളില്‍ പത്തില്‍ എട്ടും കടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍ യാചിക്കേണ്ട ദുരവസ്ഥയിലാണ് ഹെഡ്ടീച്ചര്‍മാരെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ചില സ്‌കൂളുകള്‍ അധ്യയന സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ സേര്‍ബിറ്റണിലുള്ള ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചര്‍ സിയോബാന്‍ ലോവ് തനിക്ക് സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കേണ്ടി വന്നതിന്റെയും ക്യാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നതിന്റെയും അനുഭവം വിവരിച്ചത് കഴിഞ്ഞ മാസമാണ്. പണമില്ലാത്തതിനാല്‍ ഒരു ഡെപ്യൂട്ടിയെ നിയമിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സ്‌കൂളിനെന്നും അവര്‍ പറഞ്ഞിരുന്നു.

സ്‌കൂളുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഇംഗ്ലണ്ടിലും വെയിസിലും ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ കൗണ്‍സിലേഴ്‌സ് നെറ്റ് വര്‍ക്ക് കണ്‍വീനര്‍ മാഗി ബ്രൗണിംഗ് പറഞ്ഞു. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് പാഠ്യപദ്ധതിയെ ഗുരുതരമായി ബാധിക്കുകയാണ്. ഡ്രാമ ആന്‍ഡ് ആര്‍ട്ട് പോലെയുള്ള വിഷയങ്ങള്‍ ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ താന്‍ നിര്‍ദേശിച്ച പൊതു വിപണിയെന്ന ആശയത്തിനെതിരെ എംപിമാര്‍ വോട്ടു ചെയ്തതിനാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിടുകയാണെന്ന് നിക്ക് ബോള്‍സ് എംപി. എല്ലാ എംപിമാര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു ബ്രെക്‌സിറ്റ് പരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ തനിക്കു കഴിഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ താന്‍ ഒരു പരാജയമാണെന്ന് വ്യക്തമായെന്നും ബോള്‍സ് എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയും രാഷ്ട്രീയ യോജിപ്പും സംരക്ഷിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരാനുള്ള ശ്രമമാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടു വെച്ചുകൊണ്ട് താന്‍ ശ്രമിച്ചത്. അതിനായി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള പരിശ്രമം താന്‍ നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നു. തന്റെ പാര്‍ട്ടി തന്നെ പദ്ധതിയെ നിരസിച്ചതാണ് പരാജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ ഇനി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ക് പുറത്തു പോകരുതെന്ന് ഒരു എംപി മാത്രമാണ് ഈയവസരത്തില്‍ വിളിച്ചു പറഞ്ഞത്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി തുടരുന്ന ബന്ധം ഏതു വിധത്തിലായിരിക്കണമെന്ന് എംപിമാര്‍ക്ക് നിര്‍ദേശിക്കാനും അതിന്‍മേല്‍ വോട്ടിംഗിനുമുള്ള അവസരമായിരുന്നു ഇന്നലെ കോമണ്‍സിലുണ്ടായിരുന്നത്. ഗ്രാന്‍ഥാം ആന്‍ഡ് സ്റ്റാംഫോര്‍ഡ് എംപിയായ ബോള്‍സിന്റെ കോമണ്‍ മാര്‍ക്കറ്റ് എന്ന നിര്‍ദേശം 261നെതിരെ 282 വോട്ടുകള്‍ക്കാണ് കോമണ്‍സ് തള്ളിയത്. നോര്‍വേ മാതൃകയലില്‍ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ അംഗത്വവും യൂറോപ്യന്‍ യൂണിയനുമായി കസ്റ്റംസ് അറേഞ്ച്‌മെന്റും വിഭാവനം ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്.

പാര്‍ട്ടി വിടാനുള്ള ബോള്‍സിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നായിരുന്നു മുന്‍ അറ്റോര്‍ണി ജനറലും റിമെയിന്‍ പക്ഷക്കാരനുമായ ഡൊമിനിക് ഗ്രീവ് പറഞ്ഞത്. നിക്ക് ബോള്‍സിനെപ്പോലെയൊരാള്‍ക്ക് ജനാധിപത്യ രീതിയിലുള്ള വോട്ടിംഗിന്റെ ഫലത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്ന് നിഗല്‍ ഫരാഷും പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തുന്നത് പരാജയപ്പെടുന്നതില്‍ അധ്യാപകരും നഴ്‌സുമാരും പോലീസ് ഉദ്യോഗസ്ഥരും ഉത്തരവാദിത്തം പറയേണ്ടി വരുമെന്ന് സൂചന. നോര്‍ത്ത് ലണ്ടനില്‍ കഴിഞ്ഞ ദിവസം നാലുപേര്‍ക്ക് കത്തിക്കുത്തേറ്റിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ എല്ലാവര്‍ക്കും പുറത്താണ് കുത്തേറ്റിരിക്കുന്നത്. യുവാക്കള്‍ കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നത് തടയാനായി അവതരിപ്പിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഡ്യൂട്ടി ഇന്ന് ഹോം സെക്രട്ടറി സാജിദ് ജാവീദ് അവതരിപ്പിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ സംവിധാനങ്ങളും യുവാക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന വിധത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരാള്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ പോകുകയാണെന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സമൂഹത്തെ പ്രാപ്തമാക്കുകയാണ് ഈ പദ്ധതി ചെയ്യുന്നത്.

ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ സംശയകരമായ പരിക്കുകളോടെ ഒരാളെ കൊണ്ടു വരുന്നതു മുതല്‍ സ്‌കൂളുകളിലും വീട്ടിലും അപകടകരമായി പെരുമാറുന്നവരെ നിരീക്ഷിക്കുന്നതു വരെ ഇതില്‍ ഉ ള്‍പ്പെടുന്നു. ഇതിലൂടെ യുവജനത കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വഴുതി വീഴുന്നുണ്ടോ എന്ന് മനസിലാക്കാനുള്ള വിശകലനം നടത്താന്‍ കഴിയുമെന്ന് ഹോം ഓഫീസ് വക്താവ് അറിയിച്ചു. 2019ല്‍ ലണ്ടനില്‍ കത്തിയുപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസിന് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് അധികാരം ഹോം സെക്രട്ടറി കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു. കുറ്റകൃതങ്ങള്‍ സമൂഹത്തില്‍ ഒരു രോഗമായി ചീഞ്ഞുനാറുകയാണെന്നും അതിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജാവീദ് പറഞ്ഞിരുന്നു.

കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്വയം ജാഗ്രത പാലിക്കാന്‍ പബ്ലിക് ഹെല്‍ത്ത്, മള്‍ട്ടി ഏജന്‍സി സമീപനം ഫലപ്രദമാണെന്നാണ് നിഗമനം. കുറ്റകൃത്യങ്ങളെന്ന വിപത്ത് ഇല്ലാതാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോഗിക്കുമെന്നും ജാവീദ് വ്യക്തമാക്കി. പുതിയ പദ്ധതിയെക്കുറിച്ച് വിലയിരുത്താന്‍ നൂറിലേറെ വിദഗ്ദ്ധരുടെ യോഗം ഈയാഴ്ച ചേരും.
ബ്രെക്‌സിറ്റ് വിഷയത്തില്‍ കോമണ്‍സില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ച അലങ്കോലമാക്കിക്കൊണ്ട് കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രതിഷേധം നയിക്കുന്നവര്‍. നാടകീയ രംഗങ്ങള്‍ക്കാണ് കോമണ്‍സ് ഇന്നലെ രാത്രി സാക്ഷ്‌യം വഹിച്ചത്. പബ്ലിക് ഗാലറിയില്‍ തുണിയുരിഞ്ഞായിരുന്നു ഇവരുടെ പ്രതിഷേധം. 2014നു ശേഷം ഉണ്ടായ ഏറ്റവും വലിയ സുരക്ഷാപ്പിഴവിനാണ് കോമണ്‍സ് സാക്ഷ്യം വഹിച്ചത്. എക്‌സ്റ്റിംഗ്ഷന്‍ റിബല്യന്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് പബ്ലിക് ഗാലറിയില്‍ പ്രതിഷേധിച്ചത്. തുണിയുരിഞ്ഞ ശേഷം സഭയെയും ഗ്യാലറിയെയും വേര്‍തിരിക്കുന്ന ജനാലയില്‍ ഇവര്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയായിരുന്നു. ആ സമയത്ത് പ്രസംഗിക്കുകയായിരുന്ന ലേബര്‍ എംപി പീറ്റര്‍ കൈല്‍ നഗ്ന സത്യങ്ങളാണ് ഇതെന്ന് തമാശയായി പറയുകയും ചെയ്തു. ക്ലൈമറ്റ് ജസ്റ്റിസ് ആക്ട് ഉടന്‍ നടപ്പാക്കണമെന്ന് ഇവര്‍ ശരീരത്ത് എഴുതിയിട്ടുണ്ടായിരുന്നു.

അതിനിടെ ഈ പ്രതിഷേധം അവഗണിക്കാനും ചര്‍ച്ച തുടരാനും സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഗ്ലാസില്‍ പിന്‍വശം അമര്‍ത്തിപ്പിടിച്ച് പ്രതിഷേധക്കാര്‍ നിരന്നപ്പോള്‍ കോമണ്‍സില്‍ ബ്രെക്‌സിറ്റ് ചര്‍ച്ച തുടര്‍ന്നു. വളരെ നാമമാത്രമായ വസ്ത്രങ്ങള്‍ മാത്രമായിരുന്നു പ്രതിഷേധം നടത്തിയവര്‍ ധരിച്ചിരുന്നത്. നഗ്ന പ്രതിഷേധത്തിനിടെ നെല്ലി ദി എലഫന്റ് പാട്ടും ഇവര്‍ പാടുന്നുണ്ടായിരുന്നു. സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പബ്ലിക് ഡീസന്‍സി പാലിക്കാത്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. 2014 ഒക്ടോബറില്‍ കോമണ്‍സ് ഗ്യാലറിയിലെ ഗ്ലാസ് സ്‌ക്രീനിലേക്ക് ഒരാള്‍ മാര്‍ബിളുകള്‍ എറിഞ്ഞതാണ് ഇതിനു മുമ്പായി രേഖപ്പെടുത്തിയ സുരക്ഷാപ്പിഴവ്.

2004ല്‍ പിഎംക്യുവനിടെ ടോണി ബ്ലെയര്‍ക്കു നേരെ നിറപ്പൊടി എറിഞ്ഞ സംഭവത്തിനു ശേഷമാണ് ഗ്യാലറിയില്‍ ഗ്ലാസ് സ്‌ക്രീന്‍ സ്ഥാപിച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുമ്പോള്‍ തന്നെ പോലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തു. പോലീസിനൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന ഇവരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. സംഭവത്തെത്തുടര്‍ന്ന് ഗ്യാലറിയിലുണ്ടായിരുന്ന മറ്റുള്ളവരെയും പുറത്താക്കി.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പാർലമെന്റിന് ബ്രെക്സിറ്റിൽ സമവായത്തിലെത്താനായില്ല. ഇന്ന് നടന്ന വോട്ടിംഗിൽ നാല് ബ്രെക്സിറ്റ് ഓപ്ഷനുകളും എം.പിമാർ നിരാകരിച്ചു.
ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് യു.കെ സാക്ഷിയാകും. നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങളെത്തിയാല്‍ പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് എത്തുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. നോ ഡീലിലേക്ക് കാര്യങ്ങളെത്തുകയാണെങ്കില്‍ രാജിവെക്കുമെന്ന് മുന്നറിയിപ്പുമായി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോ ഡീലിലേക്ക് കാര്യങ്ങളെത്തിയാല്‍ കൂട്ടരാജിയുണ്ടാകുമെന്ന് നേരത്തെ മേയ്ക്ക് എംപിമാരുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് ജസ്റ്റിസ് സെക്രട്ടറിയുടെ ഭീഷണി. മൂന്നാം തവണയും കോമണ്‍സിന്റെ പിന്തുണ നേടാന്‍ മേയ്ക്ക് കഴിയാതിരുന്നതാണ് പ്രശ്‌നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്.

നിലവില്‍ രണ്ട് സാധ്യതകളാണ് മേയ്ക്ക് മുന്നിലുള്ളത്. ഒന്ന് നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങളെത്തിക്കുക, അല്ലെങ്കില്‍ കോമണ്‍സിനെ വിശ്വാസ്യത നേടിയെടുത്ത് കാര്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഡിലേ ചെയ്യുക. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ നടപടിക്രമങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീട്ടിവെക്കുന്നതിനോട് യോജിച്ചു നില്‍ക്കാത്തത് മേയ്ക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. സോഫ്റ്റ് ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങളെത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മൈക്കല്‍ ഗോവ് ഉള്‍പ്പെടെയുള്ള കാബിനെറ്റ് അംഗങ്ങള്‍ സോഫ്റ്റ് ബ്രെക്‌സിറ്റിനെതിരെ മേയ്ക്ക് കത്തയച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ വൈകരുതെന്ന് താക്കീത് ചെയ്ത് കണ്‍സര്‍വേറ്റീവ് എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കത്തയച്ചിരുന്നു. പിന്നാലെയാണ് സോഫ്റ്റ് ബ്രെക്‌സിറ്റിനെതിരെയും വാദങ്ങളുണ്ടാകുന്നത്. 170 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് തെരേസ മേയ്ക്ക് കഴിഞ്ഞ ദിവസം കൈമാറിയത്. പത്ത് കാബിനെറ്റ് അംഗങ്ങളും കത്തില്‍ ഒപ്പുവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ജെറമി കോര്‍ബന്‍, സാജിദ് ജാവേദ് തുടങ്ങിയ നേതാക്കളും കത്തില്‍ ഒപ്പിട്ടുവെന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് മുന്നറിയിപ്പ് കത്ത് പുറത്തുവന്നതോടെ ലഭിക്കുന്ന സൂചന. എന്നാല്‍ കത്തിനെക്കുറിച്ച് പരസ്യ പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ലണ്ടന്‍: യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരെ പരിശോധിക്കാനുള്ള പോലീസിന് അധികാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍. കറുത്ത വംശജരായിട്ടുള്ള ആളുകളാണ് കൂടുതല്‍ ഇത്തരത്തില്‍ പരിശോധിക്കപ്പെടുന്നതെന്നും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവ ആവര്‍ത്തിക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ വെള്ളക്കാരുമായി താരതമ്യേന 9.30 ശതമാനം കറുത്തവര്‍ഗക്കാരാണ് പോലീസ് പ്രത്യേക അധികാരം ഉപയോഗിച്ച് പരിശോധന നടത്തുന്നത്. തികഞ്ഞ വംശീയതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയിടുന്നതിനാണ് പോലീസിന് ഇത്തരമൊരു പ്രത്യേക അധികാരം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശീകരണം. സമീപകാലത്ത് ലണ്ടന്‍ ഉള്‍പ്പെടെയുള്ള യു.കെയുടെ സിറ്റികളില്‍ കത്തിയാക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണ സംഭവങ്ങള്‍ തടയിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസിന് പ്രത്യേക അധികാരം നല്‍കാന്‍ തീരുമാനിച്ചത്. സംശയാസ്പദമായ ഒന്നും കാണാനില്ലെങ്കിലും ഒരാളെ പരിശോധിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ രീതി. മുന്‍പ് അത്തരത്തില്‍ ഒരാളെ പരിശോധിക്കാന്‍ പോലീസിന് വിലക്കുകളുണ്ടായിരുന്നു.

പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത് സമൂഹത്തില്‍ അത്രയേറെ അപകടം സൃഷ്ടിക്കുന്ന ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ തടയിടാന്‍ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. അതേസമയം കറുത്ത വംശജര്‍ക്കെതിരെ ഇത്തരം പരിശോധനകള്‍ ശക്തമാക്കുന്നതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി പ്രതികരിച്ചില്ല. നേരത്തെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ടായിരുന്നുള്ളു. പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഈ അധികാരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നുള്ളുവെന്നതാണ് വസ്തുത. എന്നാല്‍ ഹോം സെക്രട്ടറി സാജിദ് ജാവേദ് ഈ നിയമത്തില്‍ ഭേദഗതി വരുത്തി. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് നിലവില്‍ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ട്.
ലണ്ടന്‍: യു.കെയില്‍ ഇന്ന് മുതല്‍ ചില അവശ്യസാധനങ്ങളും അത്യാവശ്യ സേവനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവുണ്ടാകും. ആരോഗ്യം, വിമാന ടിക്കറ്റ്, എനര്‍ജി, ജലം, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, ടെലിവിഷന്‍ ലൈസന്‍സ് ഫീസ്, കൗണ്‍സില്‍ നികുതി തുടങ്ങിയ കാര്യങ്ങളിലാണ് വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ മേഖലയില്‍ പ്രധാനമായും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. നിലവില്‍ 8.80 പൗണ്ടാണ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഇതില്‍ 2.27 ശതമാനം വര്‍ധനവാണ് (20പെന്‍സ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. ഉദര സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫാബ്രിക് ഉപകരണങ്ങള്‍, സര്‍ജിക്കല്‍ ബ്രാ, സ്‌പൈനല്‍ സപ്പോര്‍ട്ടുകള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്കും വില വര്‍ധിക്കും. ദന്ത പരിശോധനകള്‍ക്കായി എത്തുന്ന രോഗികളെയും വില വര്‍ധനവ് ബാധിക്കും. നിലവില്‍ 21.60 പൗണ്ടാണ് എന്‍.എച്ച്.എസ് സാധാരണ ദന്ത പരിശോധനകള്‍ക്കായി ഈടാക്കുന്നത്. ഇത് 5 ശതമാനം വര്‍ദ്ധനവോടെ 22.70 പൗണ്ടാകും.

മൊബൈല്‍ ഉപഭോക്താക്കളാണ് വിലക്കയറ്റം ബാധിക്കാന്‍ പോകുന്ന മറ്റൊരു വിഭാഗം മൊബൈല്‍ കോണ്‍ട്രാക്ട് പ്രൈസ് 2.5 ശതമാനം വര്‍ധനവ് ഇന്ന് നിലവില്‍ വരും. ത്രീ, ഇഇ, ഒ2, വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് വില വര്‍ധനവുണ്ടാകുക. ടെലിവിഷന്‍ ലൈസന്‍സ് ഫീസില്‍ 4 പൗണ്ടിന്റെ വര്‍ധനവുണ്ടാകും. സ്‌കൈ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ രണ്ട് പൗണ്ടിന്റെ വര്‍ധനവുണ്ടാകും. ഏപ്രില്‍ ഒന്നിന് മുന്‍പ് തുടങ്ങിയ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം നിലനില്‍ക്കുന്നവര്‍ക്ക് റിനീവല്‍ തിയതിക്ക് ശേഷം മാത്രമെ വിലവര്‍ധനവുണ്ടാകു. യു.കെയില്‍ ശരാശരി വീടുകളിലെ ചെലവ് 78 പൗണ്ടിലേക്ക് ഉയരുമെന്നാണ് സൂചന. ഏപ്രിലില്‍ നിലവില്‍ വരുന്ന കൗണ്‍സില്‍ ടാക്‌സ് ഉള്‍പ്പെടെയാണ് വര്‍ധനവ്. 2,000 മൈലില്‍ അപ്പുറം യാത്ര ചെയ്യുന്ന വിമാനയാത്രക്കാരുടെ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ 10 ശതമാനം(16 പൗണ്ട്) വര്‍ധനവുണ്ടായിട്ടുണ്ട്.

വെള്ളത്തിന്റെ നിലവിലുള്ള താരിഫില്‍ കാര്യമായ മാറ്റമുണ്ടാകും. കുളിക്കാനും കുടിക്കാനുമുള്ള വെള്ളത്തിന്റെ താരിഫിലാണ് മാറ്റമുണ്ടാകാന്‍ പോകുന്നത്. ഏതാണ്ട് 2 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ ഇന്ന മുതല്‍ നിലവില്‍ വരാന്‍ പോകുന്നത്. വര്‍ഷത്തില്‍ 8 പൗണ്ടിന്റെ വര്‍ധനവുണ്ടായേക്കും. മാറ്റങ്ങള്‍ ജലവിതരണ കമ്പനിക്ക് അനുസരിച്ച് മാറ്റമുണ്ടായേക്കാം. എനര്‍ജിയാണ് വില വര്‍ധിക്കാന്‍ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട മേഖല. റോയല്‍ മെയിലും വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.
ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ധ്യാനം ഇന്നലെ അവസാനിച്ചു. ആദ്ധ്യാത്മിക വിശുദ്ധിയില്‍ ആരംഭിച്ച ധ്യാന പ്രസംഗത്തിനിടയില്‍ പ്രശസ്ത ധ്യാനഗുരുവും തലശ്ശേരി രൂപതാംഗവുമായ റവ. ഫാ. ടോം ഓലിക്കരോട്ട് ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികളോടായി നടത്തിയ ധ്യാന പ്രസംഗം വിശ്വാസികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നു.
നിങ്ങളുടെ മടിശീലയുടെ കനം കണ്ടിട്ടല്ല പരിശുദ്ധ കത്തോലിക്കാ സഭ ബ്രിട്ടണിലെത്തിയത്.
നിങ്ങളുടെ മക്കള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് സഭ നിങ്ങളോടൊപ്പം നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദ്ദേഹം തന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തി. പ്രവാസികളുടെ ഇടയിലെ സഭാ ശുശ്രൂഷകള്‍ പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് ചരിത്രത്തെ വിശ്വാസികള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ്. എല്ലാക്കാലത്തും അലയുന്നവരെ അനുധാവനം ചെയ്തവളാണ് സഭ. കേരള ചരിത്രത്തില്‍ മലബാറിലേയും ഹൈറേഞ്ചിലേയും കുടിയേറ്റ ജനതയേ അനുധാവനം ചെയ്ത സഭ, കുടിയേറ്റ
ജനതയുടെ കഷ്ടതയെയും ദാരിദ്രത്തേയും സ്‌നേഹിച്ചു. അതിനായി അവര്‍ ചെയ്ത ത്യാഗങ്ങള്‍ ആര്‍ക്കും അധിക വേഗം മറക്കാന്‍ സാധിക്കുകയുമില്ല. വള്ളോപ്പള്ളി പിതാവ് ഇതിന് വലിയ ഉദാഹരണമാണ്. സഭയെ നിങ്ങള്‍ മറന്നുകളയരുത്. പ്രവാസിയുടെ മടിശ്ശീലയുടെ ഘനം നോക്കിയല്ല മറിച്ച് അത്മരക്ഷയും കുടുംബങ്ങളുടെ സുസ്ഥിതിയുമാണ് പ്രവാസികളെ അനുഗമിക്കാന്‍ സഭയെ നിര്‍ബന്ധിക്കുന്നത്. ആരാണ് സഭയുടെ ശത്രു. സഭയുടെ ഉള്ളിലെ സഭാ മക്കള്‍ തന്നെ.
മൂന്നു വര്‍ഷത്തിനുള്ളിലാണ് സഭ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളെ നേരിട്ടത്. അത് ഞങ്ങള്‍ സഭാ ശുശ്രൂഷകര്‍ മനസ്സിലാക്കുന്നു.
സഭാ ശുശ്രൂഷകരുടെ വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും മുറിവേറ്റപ്പെട്ടവര്‍ ധാരാളം സഭയിലുണ്ട്. ഞങ്ങളോട് ക്ഷമിച്ച് സഭയെ നിങ്ങള്‍ സ്‌നേഹിക്കണം. ഞങ്ങളുടെ കുറവുകള്‍ മൂലം കര്‍ത്താവിനെ നിങ്ങള്‍ വെറുക്കാന്‍ കാരണമാകരുത്. സഭയെ നശിപ്പിക്കുന്നതിന് നേരിട്ടിറങ്ങിയ ലൂസിഫറിന്റെ പേര് സഭാ മക്കളെ കൊണ്ട് നിരന്തരം പറയിപ്പിക്കുന്ന പ്രഥ്യുരാജ് സുകുമാരന്‍ അതിബുദ്ധിമാനാണ്. ഇന്ന് ഈ ധ്യാനം കഴിഞ്ഞാല്‍ നിങ്ങള്‍ നേരെ പോകുന്നതും അവിടെയ്ക്കാണെന്നും എനിക്കറിയാം. വളരെ വികാരഭരിതനായി സംസാരിച്ച

ഫാ. മാത്യൂ മുളയോലില്‍
ഫാ. ടോം സഭയുടെ ശുശ്രൂഷയില്‍ തെറ്റു ചെയ്തവര്‍ക്കായി സഭയ്ക്കു വേണ്ടി പരസ്യമായി മാപ്പു പറഞ്ഞു. ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ധ്യാനത്തില്‍ പങ്കെടുക്കുവാനെത്തിയ എല്ലാ വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു.
ജോജി തോമസ്
ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാപ്രളയത്തിന്റെ കെടുതികള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് കൊടും വരള്‍ച്ചയുടെ പിടിയിലേക്ക് പോവുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കൊടും ചൂടില്‍ പൊള്ളി പിടയുമ്പോള്‍ വീടിനുള്ളില്‍ ഇരിക്കുന്നത് പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മഹാപ്രളയത്തില്‍ പ്രധാന കാരണങ്ങളിലൊന്ന് അനധികൃത കൈയ്യേറ്റങ്ങളും, ദീര്‍ഘ വീക്ഷണവും വ്യക്തമായ ആസൂത്രണവുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണെന്ന് വ്യക്തമായ കാര്യമാണ്. മഹാപ്രളയത്തിന് ശേഷം സൂര്യന്റെ ഉഗ്രതാപത്തില്‍ കിണറുകളും, പുഴകളും ഉള്‍പ്പെടുന്ന ജല സ്രോതസുകള്‍ വറ്റി വരളുകയും നൂറു കണക്കിന് ആളുകള്‍ക്ക് സൂര്യാഘാതമേല്‍ക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വത്തവും ഉടന്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്.

കൊടും ചൂടിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത്രയധികം ആള്‍ക്കാര്‍ സൂര്യതാപമേറ്റ് മരണമടഞ്ഞ സാഹചര്യങ്ങളെക്കുറിച്ച് നമ്മള്‍ പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വളരെയധികം ജില്ലകളിലാണ് 50ന് മുകളില്‍ താപനില സൂചിക വന്നതെന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ താപനില കൂടിവരികയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത വന നശീകരണവും തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളും പ്രതികൂട്ടിലാകുന്നത്.

കേരളം എന്നു പറയുന്നത് ഹരിത ഭംഗിയും ജലാശയങ്ങളും നിറഞ്ഞ പ്രകൃതി സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാടെന്ന നിലയില്‍ നിന്ന് കോണ്‍ക്രീറ്റ് വനങ്ങളുടെ ഒരു സംഗമസ്ഥാനമായി മാറിയിരിക്കുകയാണ്. വ്യക്തമായ ആസൂത്രണവുമില്ലാത്തതും പരിസ്ഥിതിക്ക് യാതൊരു പ്രാധാന്യവും നല്‍കാത്തതുമായ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം കാണുന്നത്. ചെറിയ ഒരു കുടുംബത്തിന് താമസിക്കാന്‍ പോലും 3000 ചതുരശ്ര അടിയില്‍ കൂടിയ വീടിനേക്കുറിച്ചാണ് മലയാളി സ്വപ്‌നം കാണുന്നത്. കേരളത്തിന്റെ ഹരിത ഭംഗിയും ജല സമ്പത്തും സംരക്ഷിക്കുന്ന പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കാനുതകുന്ന കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ രാഷ്ട്ര്ീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാണ്.

കൈയ്യേറ്റത്തിനും വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കുന്നതിനുമായി സംഘടിതമായി വനമേഖലയില്‍ തീയിടുന്നതും അമിതമായ എ.സിയുടെ ഉപയോഗവും അന്തരീക്ഷ താപനില ഉയര്‍ത്താന്‍ കാരണമാകുമെന്നു. മരങ്ങളും വനങ്ങളുമായിരുന്നു സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുള്ള ഹാനികരമായ രശ്മികള്‍ മനുഷ്യ ശരീരത്തില്‍ നേരിട്ട് പതിക്കാതെ ഹരിത കവചമായി നിലകൊണ്ടിരുന്നത്. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും മനുഷ്യ നിയന്ത്രണത്തിന് അതീതമാണെങ്കിലും മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും.

ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന പല വാര്‍ത്തകളും ശുഭകരമല്ല. ഫീസടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയതും തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി തൊഴിലാളികളെ കൊണ്ട് കൊടും ചൂടില്‍ പണിയെടുപ്പിക്കുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ അത് മറക്കാനുള്ള കഴിവാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ക്കായി നമുക്ക് വീണ്ടും കാത്തിരിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.