എന്‍.എച്ച്.എസ് ചരിത്രത്തിലെ നിര്‍ണായകമായ നിയമ പോരാട്ടത്തിന് വഴിത്തിരിവ്. രോഗികള്‍ക്ക് താരതമ്യേന വിലകുറഞ്ഞ മരുന്ന് ലഭ്യമാക്കുന്നതിനെതിരെ രാജ്യത്തെ പ്രമുഖ കമ്പനികള്‍ എന്‍.എച്ച്.എസിനെതിരെ തിരിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം നീണ്ടു നിന്ന് നിയമ പോരാട്ടത്തിന് ഒടുവിലാണ് അനുകൂലമായ വിധി തേടിയെത്തിയിരിക്കുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നതായി എന്‍.എച്ച്.എസ് പ്രതിനിധികള്‍ വ്യക്തമാക്കി. രോഗികള്‍ക്കും എന്‍.എച്ച്.എസിന് ഒരുപോലെ നല്ല ദിവസമാണിതെന്നാണ് എന്‍.എച്ച്.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡേവിഡ് ഹാംബില്‍ട്ടണ്‍ പ്രതികരിച്ചത്. മരുന്ന് കമ്പനികളായ നോവാര്‍ട്ടീസ്, ബെയര്‍ എന്നിവരാണ് എന്‍.എച്ച്.എസ് വിലകുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് പ്രിസ്‌ക്രൈബ് ചെയ്യുന്നതായി ചോദ്യം ചെയ്ത് രംഗത്ത് വന്നത്.
വിധിയില്‍ നിരാശയുള്ളതായി നോവാര്‍ട്ടീസ് അധികൃതര്‍ പ്രതികരിച്ചു. എന്‍.എച്ച്.എസിന് പണം ലാഭിക്കാന്‍ വേണ്ടി ലൈസന്‍സുകളില്ലാത്ത വിലകുറഞ്ഞ മരുന്നുകള്‍ രോഗികള്‍ കഴിക്കേണ്ടി വരുമെന്നത് നോവാര്‍ട്ടീസ് അധികൃതര്‍ പറഞ്ഞു. പുതിയ വിധി വന്നതോടെ നൂറ് കണക്കിന് മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസിന് ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയും. കമ്പനികള്‍ക്ക് മരുന്നിന്റെ വില നിശ്ചയിക്കാനുള്ള അവകാശവും ഇതോടെ ഇല്ലാതാകാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് ബോസുമാരും കോടതിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും സൂചനയുണ്ട്. സാധാരണയായി വാര്‍ദ്ധ്യ കാലത്ത് കാണപ്പെടുന്ന കണ്ണ് രോഗത്തിന് വിലകുറഞ്ഞ മരുന്നുകള്‍ നിര്‍ദേശിക്കുന്നതായിട്ടാണ് എന്‍.എച്ച്.എസിനെതിരെ കമ്പനികള്‍ ഉയര്‍ത്തിയ ആരോപണം.
‘വെറ്റ് എയ്ജ്-റിലേറ്റഡ് മാക്യുലാര്‍ ഡിജനറേഷന്‍’ എന്നറിയപ്പെടുന്ന ഈ കണ്ണ് സംബന്ധിയായ അസുഖത്തിന് കമ്പനികള്‍ പറയുന്ന വിലകൂടിയ മരുന്നിന് ബദലായി മറ്റൊരു മരുന്നാണ് എന്‍.എച്ച്.എസ് നിര്‍ദേശിച്ചിരുന്നത്. ബദല്‍ മരുന്നുകള്‍ വിലക്കുറവും ഫലപ്രദവുമാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ‘വെറ്റ് എയ്ജ്-റിലേറ്റഡ് മാക്യുലാര്‍ ഡിജനറേഷന്‍’ ബാധിച്ചിട്ടുള്ളവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. മരുന്നിനായി ഉപയോഗിക്കുന്ന പണത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യതിയാനമുള്ളത് രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വില കൂടിയ മരുന്നുകളും സമാന പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് എന്‍.എച്ച്.എസ് പ്രതിനിധി ഡേവിഡ് ഹാംബില്‍ട്ടണ്‍ വ്യക്തമാക്കുന്നു.
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകള്‍. ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നീ ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലെത്തി. ഐഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് മൂല്യമുള്ള ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നീണ്ട ക്യൂവാണ് ഷോറുമുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായത്. ഷാങ് ഹായി, ലണ്ടന്‍, ബെര്‍ലിന്‍, സിംഗപ്പൂര്‍, സിഡ്‌നി, ദുബായ് തുടങ്ങിയ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഏതാണ്ട് 1 മണിക്കൂറിനുള്ളില്‍ തന്നെ ഹാന്‍ഡ് സെറ്റുകളുടെ വിപണനം പൂര്‍ത്തിയായി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഹാന്‍ഡ് സെറ്റാണ് ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡല്‍. ഐഫോണ്‍ XSന് 999 പൗണ്ടും ഐഫോണ്‍ XS മാക്‌സിന് 1099 പൗണ്ടുമാണ് വില. ഇതിന്റെ മുഴുവന്‍ ഫീച്ചറുകളും ഉള്‍പ്പെട്ട 512 ജിബിയുടെ വില 1,449 പൗണ്ടാണ്. ആപ്പിളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില കൂടിയ മോഡലാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് ഇത് പുറത്തിറക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പുതിയ മോഡല്‍ ലോക വിപണി കൈയടക്കുമെന്നാണ് ടെക് ലോകം വ്യക്തമാക്കുന്നത്. ഐഫോണ്‍ XS എത്തുന്നത് 5.8 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയുമായാണ്. ഐഫോണ്‍ തട മാക്‌സിന്റെ ഡിസ്‌പ്ലെ 6.5 ഇഞ്ചാണ്. രണ്ട് ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതില്‍ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. ബ്ലാക്ക്, വൈറ്റ് വേരിയന്റുകളാണ് നിലവില്‍ ലഭ്യമായവ.
ഉപഭോക്താക്കള്‍ ചിന്തിക്കുന്ന വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒഎസുകളാണ് പുതിയ മോഡലുകളുടെ പ്രത്യേകത. ബാറ്ററി ബാക്കപ്പ്, വൈറസ് അറ്റാക്ക് തുടങ്ങിയവയിലും വളരെ സൂക്ഷമതയുള്ള മോഡലുകളാണിത്. യാതൊരു കാരണവശാലും വൈറസുകള്‍ ഹാന്‍ഡ് സെറ്റിനെ ബാധിക്കാതെ നോക്കാനുള്ള സോഫ്‌റ്റ്വെയര്‍ ഇന്‍ബില്‍റ്റുകള്‍ ഇവയ്ക്കുണ്ട്. ഫോണിന്റെ പ്രീ-ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും മാര്‍ക്കറ്റുകളില്‍ ഇറങ്ങുന്ന ദിവസം ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല ഷോറൂമുകളിലും നൂറിലധികം പേരാണ് ക്യൂ വിലുണ്ടായിരുന്നത്. സിംഗപ്പൂരിലും ദുബായിലും അര മണിക്കൂറിനകം തന്നെ സ്‌റ്റോക്കുണ്ടായിരുന്ന ഹാന്‍ഡ് സെറ്റുകള്‍ വിറ്റഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
ഭീകരാക്രമണങ്ങള്‍ നേരിടാന്‍ ജനങ്ങളെ പ്രാപ്തമാക്കാന്‍ പദ്ധതിയൊരുങ്ങുന്നു. ആക്രമണങ്ങള്‍ക്കു ശേഷം പരിക്കേറ്റവരെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് പോലീസ് ആവിഷ്‌കരിക്കുന്നത്. ഇതിനായി ജനങ്ങള്‍ക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം നല്‍കും. ബോംബ് ആക്രമണങ്ങള്‍, വെടിവെയ്പ്പ്, കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എന്നിവയില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനമായിരിക്കും മുഖ്യമായും നല്‍കുക. ഭീകരാക്രമണങ്ങള്‍ക്കുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ഫോഴ്‌സുകള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ആക്രമണങ്ങളുണ്ടായാല്‍ ഇരകളാക്കപ്പെടുന്നവരെ സഹായിക്കാന്‍ പരമാവധി മുന്നോട്ടു വരണമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസ് ഓഫീസര്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ഡിഫന്‍സ് മിനിസ്റ്റര്‍ തോബിയാസ് എല്‍വുഡ് ആവശ്യപ്പെടുന്നു. ആക്രമണങ്ങള്‍ ഉണ്ടായാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് പോലീസ് ചീഫുമാര്‍ പറയുന്നു. ആശങ്കയുള്ളവര്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കരുത്. സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിക്കാവൂ എന്നും പോലീസ് നേതൃത്വങ്ങള്‍ നിര്‍ദേശിക്കുന്നു. ഏതെങ്കിലും ഒരു ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ പരിശീലനം നല്‍കുന്നത് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് നാഷണല്‍ കൗണ്ടര്‍ ടെററിസം സെക്യൂരിറ്റി ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ളവര്‍ക്ക് ശരിയായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളെ സുരക്ഷിതരാക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്ന് പ്രൊട്ടക്ട് ആന്‍ഡ് പ്രിപ്പയര്‍ നാഷണല്‍ സ്ട്രാറ്റജീസിന്റെ ഡെപ്യൂട്ടി നാഷണല്‍ കോ ഓര്‍ഡിനേറ്ററായ സൂപ്പറിന്റെന്‍ഡന്റ് ആഡം തോംസണ്‍ പറഞ്ഞു. ആക്രമണങ്ങളുണ്ടായാല്‍ ഓടുക, ഒളിക്കുക, അതേക്കുറിച്ചുള്ള വിവരം അറിയിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ ഒന്നര വര്‍ഷമായി നാം നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കാന്‍ ഇതാണ് ഏറ്റവം ഫലപ്രദമായ മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.
മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇന്ത്യൻ കത്തോലിക്ക സഭയിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറവിലങ്ങാടുള്ള കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2014 മുതൽ ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
കത്തോലിക്കാ സഭയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഉപയോഗിച്ച് നിയമ വ്യവസ്ഥയെ കൈയിലെടുക്കാൻ ബിഷപ്പ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്ത് പ്രതിഷേധമാരംഭിച്ചതോടെയാണ് പോലീസ് അന്വേഷണ നടപടികൾ ഊർജിതമാക്കിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും ബിഷപ്പ് ഫ്രാങ്കോ തൃപ്പൂണിത്തുറയിൽ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായിരുന്നു. ഹൈടെക് സംവിധാനങ്ങളോടെയാണ് പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. കോട്ടയം എസ് പി പി. ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ സുഭാഷുമടങ്ങിയ സംഘമാണ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്യൽ നടത്തിയത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയിൽ നിന്ന് നിരവധി തവണ പോലീസ് മൊഴി എടുത്തിരുന്നു. ഇന്ന് വീണ്ടും മൊഴിയെടുത്തു. ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിൽ എത്തി നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.
മുൻകൂർ ജാമ്യം തേടിയുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി കോടതി ഈ മാസം 25 തിയതി തീരുമാനമെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ ഹർജി നല്കിയിരിക്കുന്നത് അറസ്റ്റിന് തടസമാവില്ലെന്നും പീഡനത്തിന് തെളിവുകൾ ലഭിച്ചാൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ല.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അപ്പോയിന്റ്‌മെന്റുകള്‍ മിസ്സായതിലൂടെ എന്‍എച്ച്എസിന് നഷ്ടമായത് 350 മില്യന്‍ പൗണ്ട്. എന്‍എച്ച്എസ് ഔട്ട്‌പേഷ്യന്റ് അപ്പോയിന്റമെന്റുകള്‍ എടുത്ത ശേഷം ഇക്കാലയളവില്‍ 2.9 മില്യന്‍ രോഗികള്‍ ആശുപത്രികളില്‍ എത്താതിരിക്കുകയോ താമസിച്ച് എത്തുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ബജറ്റ് കട്ടുകള്‍ക്കിടയില്‍ ഫണ്ടുകള്‍ക്കായി ഹെല്‍ത്ത് സര്‍വീസ് ബുദ്ധിമുട്ടുന്നതിനിടയിലാണ് രോഗികളുടെ അനാസ്ഥ മൂലം ഈ നഷ്ടം നേരിടേണ്ടി വരുന്നത്. അതീവ സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു അപ്പോയിന്റ്‌മെന്റിന് ശരാശരി 120 പൗണ്ടാണ് എന്‍എച്ച്എസിന് ചെലവാകുന്നത്. അതുകൊണ്ടുതന്നെ അപ്പോയിന്റ്‌മെന്റുകള്‍ പാഴാക്കുന്നത് വന്‍ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് ബിഎംഎയുടെ കണ്‍സള്‍ട്ടന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.റോബര്‍ട്ട് ഹാര്‍വുഡ് പറയുന്നു. എന്നാല്‍ തക്കതായ കാരണങ്ങളാല്‍ അപ്പോയിന്റമെന്റുകള്‍ പാലിക്കാന്‍ കഴിയാത്ത രോഗികളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രോഗിക്ക് ലഭിക്കേണ്ട ചികിത്സാ സൗകര്യമാണ് ഒരു അപ്പോയിന്റ്‌മെന്റ് റദ്ദാകുന്നതിലൂടെ ഇല്ലാതാകുന്നതെന്നും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് 33 മില്യന്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളില്‍ 8.6 ശതമാനം പേര്‍ എത്താറില്ല. 934,123 പേരാണ് ആദ്യ അപ്പോയിന്റ്‌മെന്റുകള്‍ ഈ വിധത്തില്‍ പാഴാക്കിയിരിക്കുന്നത്. പിന്നീട് എടുക്കുന്നവയില്‍ ഹാജരാകാന്‍ 1.9 മില്യന്‍ ആളുകള്‍ പരാജയപ്പെടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിംഗ് പ്രതിസന്ധിക്കു പുറമേ ജീവനക്കാരുടെ കുറവു മൂലം സേവനം ശരിയായി നല്‍കാന്‍ കഴിയാത്ത എന്‍എച്ച്എസിന് രോഗികളില്‍ നിന്നുള്ള ഇത്തരം സമീപനം വല്ലാത്ത പ്രതിസന്ധിയാണ് സമ്മാനിക്കുന്നതെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് നിയാല്‍ ഡിക്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.
ഉറക്കം കുറയുന്നതിനെക്കുറിച്ചും ഉറങ്ങാന്‍ കഴിയാത്തതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഏറെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ പറയുന്നത് ആധുനിക ജീവിതശൈലി കൂടുതല്‍ ഉറങ്ങുന്നതിന് ഒട്ടേറെ കാരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ്. ദിവസവും എട്ടര മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് മനുഷ്യന് അത്യാവശ്യമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അത്രയേറെ സമ്മര്‍ദ്ദങ്ങള്‍ ആധുനിക ജീവിതം നമുക്ക് തരുന്നുണ്ടത്രേ! ആറു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയാകും എന്നായിരുന്നു നാം നേരത്തേ കേട്ടിരുന്നത്. എന്നാല്‍ എട്ടു മണിക്കൂര്‍ പോലും മതിയാകില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറും സ്ലീപ്പ് എക്‌സ്‌പെര്‍ട്ടുമായ ഡോ.ഡാനിയല്‍ ഗാര്‍ട്ടന്‍ബെര്‍ഗ് പറയുന്നു.
ഉണര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ തലച്ചോര്‍ ശേഖരിക്കുന്ന വലിയ അളവിലുള്ള വിവരങ്ങൡ ഏതാണ് ആവശ്യമായവ എന്ന് വേര്‍തിരിച്ചെടുക്കുന്നത് ഉറക്കത്തിലാണ്. ഇക്കാലത്ത് നമുക്ക് ലഭിക്കുന്നത് അത്രേേയറെ വിവരങ്ങളാണെന്ന് അദ്ദേഹം പറയുന്നു. ദിവസവും 34 ജിബിക്ക് സമാനമായ വിവരങ്ങളാണ് തലച്ചോറില്‍ ശേഖരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അവയുടെ പ്രോസസിംഗ് സമയം ഏറെ വേണമെന്നും അദ്ദേഹം പറയുന്നു. ഓരോ ദിനാന്ത്യത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവ് മാത്രമല്ല അതിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.
ഉറക്കക്കുറവിന് ഒരു പ്രധാന കാരണക്കാരന്‍ സ്‌ക്രീനുകളില്‍ നിന്നുള്ള പ്രകാശമാണ്. അതില്‍ ഏറ്റവും പ്രധാന കുറ്റവാളി സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെ. ഇതിന് ഒരു പോംവഴിയും സ്മാര്‍ട്ട്‌ഫോണുകളിലൂടെ അദ്ദേഹം കണ്ടെത്തുന്നുണ്ട്. സോണിക് സ്ലീപ്പ് എന്ന ആപ്പ് ആണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. പിങ്ക് നോയ്‌സ് ഉപയോഗിക്കുന്ന ഈ ആപ്പ് നിങ്ങളെ ഉറക്കത്തില്‍ നിന്ന് ശല്യം ചെയ്യുന്ന റ്റു ശബ്ദങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. സ്ലീപ്പ് ഹൈജീന്‍ എന്ന ശീലവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. സോണിക് സ്ലീപ്പ് ഉപയോഗിക്കുന്നില്ലെങ്കില്‍ ബെഡ്‌റൂമില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെ നിഷ്‌കാസനം ചെയ്യുക, റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ ശീലിക്കുക, മോശം കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.
ഇന്ത്യന്‍ വംശജനായ കോര്‍ണര്‍ ഷോപ്പ് മാനേജര്‍ വിജയ് പട്ടേലിന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൗമാരക്കാരനായ കൊലയാളിക്ക് ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്തു. ലണ്ടനിലെ മില്‍ഹില്ലില്‍ നടന്ന ഈ സംഭവത്തിന് ഒരു മറുവശമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ കണ്ടുവരുന്ന വ്യാപകമായ അതിക്രമങ്ങളുമായി അത്ര പരിചയമില്ലാത്ത പ്രദേശമായിട്ടും പട്ടേലിന്റെ കൊലപാതകത്തിന് ലണ്ടന്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവമുണ്ടായിരുന്നു. 16 കാരനായ കൊലയാളിയും രണ്ട് സുഹൃത്തുക്കളുമായിരുന്നു ഷോപ്പിലേക്ക് എത്തിയത്. മദ്യലഹരിയിലായിരുന്ന ഇവര്‍ റിസ്ല സിഗരറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ കടയില്‍ നിന്ന് നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ അക്രമി പട്ടേലിനെ പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്.
അക്രമിക്കെതിരെ കൊലപാതകത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് അത് നരഹത്യക്കുള്ള വകുപ്പാക്കി മാറ്റി. ആയുധങ്ങള്‍ കൈവശം വെച്ചതിനും സ്‌കൂള്‍ ടീച്ചറെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നേരത്തേ എടുത്തിട്ടുള്ളതായി കണ്ടെത്തി. നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് ഓള്‍ഡ് ബെയിലി കോടതി നല്‍കിയത്. പട്ടേലിന്റെ കുടുംബം ഇന്ത്യയിലാണ്. ലണ്ടനിലായിരുന്ന ഭാര്യ മാതാപിതാക്കളെ നോക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന മൂത്ത മകന്റെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇളയ മകന്റെയും ഭാരിച്ച വിദ്യാഭ്യാസച്ചെലവുകളും മറ്റും പട്ടേലിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചായിരുന്നു മുന്നോട്ടു പോയിരുന്നത്.
ഇത്രയും ഒരു സാധാരണ കഥയെന്ന് തോന്നാമെങ്കിലും ഇനിയാണ് ട്വിസ്റ്റ്. മരണത്തിനു ശേഷം പട്ടേലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അദ്ദേഹത്തിന്റെ ഭാര്യ സമ്മതം അറിയിച്ചു. മൂന്ന് ജീവനുകള്‍ രക്ഷപ്പെടുത്തിയ ശേഷമാണ് പട്ടേല്‍ മടങ്ങിയത്. മദ്യപാന ശീലമില്ലാത്ത, ദിവസവും നടക്കുന്ന പട്ടേലിന്റെ ജീവിതശൈലി മൂലം ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ വൃക്കകളും പാന്‍ക്രിയാസുമാണ് മൂന്നു രോഗികള്‍ക്ക് ജീവദായകമായത്.
ന്യൂസ് ഡെസ്ക്
കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്ന പദ്ധതി സാക്ഷാൽക്കരിക്കപ്പെടുന്നു. രാജ്യാന്തര വിമാനത്താവത്തിനു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു മുന്നോടിയായ വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള ലാൻഡിംഗ് ട്രയൽ ഇന്ന് നടത്തി. എയർ ഇന്ത്യ ബോയിംഗ് വിമാനമാണ് കണ്ണൂരിൽ ഇറങ്ങിയത്. 189 സീറ്റുള്ള ബോയിംഗ് 738-800 വിമാനമാണ് പരീക്ഷണാർത്ഥം റൺവേയിൽ പറന്നിറങ്ങിയത്.
തിരുവനന്തപുരത്തു നിന്ന് ഇന്ന് രാവിലെ ഒൻപതിന് പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. വാട്ടർ സല്യൂട്ട് നല്കി ആദ്യ യാത്രാ വിമാനത്തെ സ്വീകരിച്ചു. ആറു തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയതിനു ശേഷമാണ് ലാൻഡിംഗ് നടത്തിയത്. ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള ലാൻഡിഗ് റൺവേകളിൽ മൂന്നു തവണ വീതമാണ് നടത്തുന്നത്. കണ്ണൂർ വിമാനത്താവളം പ്രവർത്തന ക്ഷമമാകുന്നതോടെ മലബാർ മേഖലയിലുള്ള പ്രവാസി മലയാളികൾക്ക് ആകാശയാത്രയ്ക്ക് ദൂരസ്ഥലങ്ങളിലെ എയർപോർട്ടുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും.
ഡയറി അലര്‍ജിയുള്ള ഇന്ത്യന്‍ വംശജനായ 13കാരന്റെ മരണകാരണം ശരീരത്തില്‍ പുരണ്ട ചീസിന്റെ അംശമെന്ന് സ്ഥിരീകരണം. കരണ്‍ബീര്‍ ചീമയെന്ന ബാലനെ സഹപാഠിയായ മറ്റൊരു 13കാരന്‍ ചീസുമായി പിന്തുടരുകയും ടീഷര്‍ട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലാണ് സംഭവമുണ്ടായത്. ഗോതമ്പ്, ഗ്ലൂട്ടന്‍, പാലുല്‍പന്നങ്ങള്‍, മുട്ട, നട്ട്‌സ് എന്നിവയോട് അലര്‍ജിയുണ്ടായിരുന്ന കരണ്‍ബീറിന് ആസ്ത്മയും എസ്‌കിമയും ഉണ്ടായിരുന്നു. കരണ്‍ബീറിനെ ആക്രമിച്ച കുട്ടിയെ പിന്നീട് സ്‌കൂളില്‍ നിന്ന് പുറത്താക്കി. കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്‌തെങ്കിലും ഈ കുട്ടിക്കെതിരെ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
വില്യം പെര്‍ക്കിന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്‌കൂളില്‍ രാവിലെ 11.30നാണ് സംഭവമുണ്ടായത്. പ്രാഥമിക ശുശ്രൂഷകള്‍ കൊടുക്കുന്ന സമയത്ത് കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നുവെന്ന് സെന്റ് പാന്‍ക്രാസ് കൊറോണര്‍ക്കു മുന്നില്‍ ഓപ്പാറ്റ് എന്ന് പാരാമെഡിക്ക് മൊഴി നല്‍കി. 11.40നാണ് തങ്ങള്‍ക്ക് കോള്‍ ലഭിച്ചത്. സ്ഥലത്തെത്തുമ്പോള്‍ ഹൃദയ സ്തംഭനത്തിനും ശ്വാസം നിലക്കുന്നതിനും തൊട്ടു മുമ്പുള്ള അവസ്ഥയായിരുന്നു. ശരീരം ചൊറിഞ്ഞു തടിക്കുകയും ചൂടാകുകയും ചെയ്തിരുന്നു. ശ്വസനത്തിലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. രണ്ട് സ്പൂണ്‍ പിരിറ്റോണും എപ്പിപെന്നും ഇന്‍ഹേലറും കുട്ടിക്ക് സ്‌കൂളില്‍ നിന്ന് നല്‍കിയിരുന്നു.
ഇതോടെ കൂടുതല്‍ വിദഗ്ദ്ധ സേവനം ആവശ്യമായതിനാല്‍ വിളിച്ചു പറഞ്ഞ ശേഷം അതിനായി കാത്തിരുന്നു. അതിനിടയില്‍ കുട്ടിയുടെ ശ്വാസം നിലച്ചതിനാല്‍ അഡ്രിനാലിന്‍ നല്‍കുകയും ഡീഫൈബ്രിലേറ്റര്‍ നല്‍കുകയും ചെയ്തു. വളരെ വേഗത്തില്‍തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്തു ദിവസത്തിനുശേഷം ജൂലൈ 9ന് കരണ്‍ ജീവന്‍ വെടിഞ്ഞു.
പ്രായമായ രോഗികള്‍ ആശുപത്രികളില്‍ തുടരുന്നത് സോഷ്യല്‍ കെയറിന് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളില്‍ നിന്ന് പറഞ്ഞയക്കാനാകാതെ കഴിയുന്ന രോഗികള്‍ മൂലം എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ജൂലൈയില്‍ മാത്രം 130,000 കെയര്‍ ദിനങ്ങള്‍ക്ക് തുല്യമായ സമയമാണ് നഷ്ടമായത്. കിടത്തി ചികിത്സയിലുള്ള പ്രായമായ രോഗികളെ എന്‍എച്ച്എസിന്റെ മറ്റു ഭാഗങ്ങളിലേക്കോ കൗണ്‍സില്‍ കെയറുകളിലേക്കോ മാറ്റാന്‍ കഴിയാതെ വരുന്നതിനാലാണ് ഈ പ്രതിസന്ധി. ചികിത്സാ കാലയളവ് കഴിഞ്ഞ ശേഷവും ആശുപത്രികളില്‍ പ്രായമായവര്‍ തുടരുന്ന അവസ്ഥയാണ് ഇത്. മരുന്നുകള്‍ പോലും ആവശ്യമില്ലാത്തവര്‍ ഈ വിധത്തില്‍ തുടരുന്നത് മറ്റു രോഗികളുടെ ശസ്ത്രക്രിയകള്‍ പോലും മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥ സൃഷ്ടിക്കുന്നു.
മുന്‍ മാസത്തേക്കാള്‍ 4000 അധിക ദിനങ്ങള്‍ക്കു തുല്യമായ സമയമാണ് നഷ്ടമായത്. ബെഡ്‌ബ്ലോക്കിംഗ് കുറയുന്നു എന്നായിരുന്നു അടുത്ത കാലം വരെ എന്‍എച്ച്എസ് അവകാശപ്പെട്ടിരുന്നത്. സമ്മറിലാണ് ഇത്രയും രോഗികള്‍ വാര്‍ഡുകളില്‍ തുടരുന്നതു മൂലമുള്ള പ്രതിസന്ധിയെക്കുറിച്ചുള്ള വിവരം പുറത്തു വരുന്നതെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ലേബര്‍ പ്രതികരിച്ചു. താരതമ്യേന രോഗികളുടെ തള്ളിക്കയറ്റം കുറവായതിനാല്‍ എന്‍എച്ച്എസിന് സമ്മര്‍ദ്ദം കുറഞ്ഞു നില്‍ക്കുന്ന കാലയളവാണ് ഇത്. കമ്യൂണിറ്റികളില്‍ ആവശ്യത്തിന് സര്‍വീസ് നല്‍കാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് കഴിയാനാകാത്ത സാഹചര്യവും ഈ പ്രതിസന്ധി മൂലം സംജാതമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജൂലൈയില്‍ 86,082 കേസുകള്‍ ഡിലേയ്ഡ് ട്രാന്‍സ്ഫര്‍ ഓഫ് കെയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെഡ്‌ബ്ലോക്കിംഗില്‍ പെട്ടിട്ടുണ്ട്. 42,684 കേസുകള്‍ സോഷ്യല്‍ കെയറിലും കുടുങ്ങി. ആകെ 128,766 പേരാണ് മറ്റു രോഗികള്‍ക്ക് ചികിത്സ വൈകാന്‍ കാരണമായി തുടരുന്നത്. മുന്‍ മാസം ഇത് 124,333 മാത്രമായിരുന്നു. വിന്റര്‍ വരാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ ഇത് എന്‍എച്ച്എസിനു മേല്‍ സൃഷ്ടിക്കാനിരിക്കുന്ന സമ്മര്‍ദ്ദം കടുത്തതായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.