Main News

എന്‍എച്ച്എസിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ പ്രസിദ്ധീകരിച്ച് ഗവണ്‍മെന്റ്. 134 പേജുകളിലായി വിശദീകരിച്ചിരിക്കുന്ന സ്ട്രാറ്റജിയാണ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. 20.5 ബില്യന്‍ പൗണ്ട് ഫണ്ടിംഗ് ഏതു വിധത്തിലായിരിക്കും എന്‍എച്ച്എസില്‍ ചെലവഴിക്കുക എന്നതാണ് പ്രധാനമായും ഇതില്‍ വിശദീകരിച്ചിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലുണ്ടാകുന്ന വികാസങ്ങളുടെ ഗുണഫലം ചികിത്സാ മേഖലയില്‍ പരമാവധി ലഭ്യമാക്കുക, ക്യാന്‍സര്‍ സാധ്യത പ്രവചിക്കുന്നതിനായി എല്ലാ കുട്ടികള്‍ക്കും ജനിതക പരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ജനറ്റിക് ടെസ്റ്റിനുള്ള നിര്‍ദേശം ഉടന്‍തന്നെ നടപ്പിലാക്കും. എന്‍എച്ച്എസിനെ ഡിജിറ്റല്‍ ഫസ്റ്റ് ആക്കാനുള്ള നീക്കം ഇനിയും താമസിക്കുമെന്നാണ് കരുതുന്നത്. ഐടി മേഖലയില്‍ എന്‍എച്ച്എസിന്റെ മോശം റെക്കോര്‍ഡാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ലക്ഷ്യങ്ങള്‍

നാല് മണിക്കൂര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ടാര്‍ജറ്റ് എടുത്തു കളയുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര കേസുകള്‍ക്കായി കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. സെപ്‌സിസ്, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുടെ ചികിത്സക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി കുറയ്ക്കും. 95 ശതമാനം ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി രോഗികളിലും നാലു മണിക്കൂര്‍ പരിധി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

രോഗികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍

50 ലക്ഷം രോഗികള്‍ക്ക് പേഴ്‌സണല്‍ ബജറ്റുകള്‍ നല്‍കും. ഇഷ്ടപ്പെട്ട ചികിത്സാ രീതി തെരഞ്ഞെടുക്കാനും പേഴ്‌സണലൈസേഷന്‍ അജന്‍ഡയുടെ ഭാഗമായി ഗാര്‍ഡനിംഗ്, ഡാന്‍സിംഗ് തുടങ്ങിയ ഹോബികള്‍ തിരഞ്ഞെടുക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. വളരെ ചുരുക്കം രോഗികള്‍ക്ക് മാത്രം ലഭിച്ചിരുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമായി ലഭിക്കുന്ന പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബ്യൂറോക്രസി ഇല്ലാതാക്കല്‍

2012ലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ആക്ടില്‍ 200 ഹെല്‍ത്ത് ബോഡികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. അന്നത്തെ ഹെല്‍ത്ത് സെക്രട്ടറിയായിരുന്നു ആന്‍ഡ്രൂ ലാന്‍സ്ലി അവതരിപ്പിച്ച വിവാദപരമായ മാറ്റങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് പുതിയ പദ്ധതികളില്‍. ബ്യൂറോക്രസി ഇല്ലാതാക്കുന്നതിലൂടെ എന്‍എച്ച്എസ് ബജറ്റില്‍ 700 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.

മെന്റല്‍ ഹെല്‍ത്ത്

2.3 ബില്യന്‍ പൗണ്ടാണ് മെന്റല്‍ ഹെല്‍ത്തിനു വേണ്ടി വകയിരുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും മെന്റല്‍ ഹെല്‍ത്ത് സേവനങ്ങള്‍ ലഭ്യമാക്കും. സ്‌കൂളുകള്‍, കമ്യൂണിറ്റി എന്‍എച്ച്എസ് സര്‍വീസ് എന്നിവയിലൂടെ 345,000 കുട്ടികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹോസ്പിറ്റല്‍ കെയര്‍ ഉത്തേജിപ്പിക്കുക, ഹെല്‍ത്ത് സര്‍വീസിന്റെ കാര്യക്ഷമത കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയില്‍ പറയുന്നു.

ഹോസ്പിറ്റല്‍, ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് പകരം സ്മാര്‍ട്ട്‌ഫോണ്‍ അപ്പോയിന്റ്‌മെന്റുകള്‍ അവതരിപ്പിച്ച് എന്‍എച്ച്എസിന്റെ ഡിജിറ്റല്‍ ഫസ്റ്റ് പദ്ധതി. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 മില്യന്‍ ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ ഇല്ലാതാക്കാനാണ് പദ്ധതി. മൊത്തം അപ്പോയിന്റ്‌മെന്റുകളുടെ മൂന്നിലൊന്ന് വരും ഇതെന്നാണ് വിലയിരുത്തല്‍. നേരിട്ടുള്ള പരിശോധനകള്‍ക്ക് പകരം രോഗികളുമായി ഡോക്ടര്‍മാര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് സ്‌കൈപ്പ് കണക്ഷനില്‍ സംസാരിക്കും. പത്തു വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ സാധാരണ രീതിയാക്കി മാറ്റാനാണ് നീക്കം. ഇതിലൂടെ ആശുപത്രികള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്ന രീതിയായിരിക്കും ഇതെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വിദഗ്ദ്ധരുടെ ചികിത്സ ലഭ്യമാകുന്ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിവര്‍ഷം 1 ബില്യന്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി മാത്യു ഹാന്‍കോക്ക് പറഞ്ഞത്. എന്നാല്‍ സാങ്കേതിക വിദ്യയെ മാത്രം ആശ്രയിക്കുന്ന ഈ രീതിയോട് പ്രായമായവരും മറ്റും എങ്ങനെ ഇഴുകിച്ചേരും എന്ന കാര്യത്തില്‍ പേഷ്യന്റ് ഗ്രൂപ്പുകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്‍എച്ച്എസി അനുവദിക്കുന്ന 20.5 ബില്യന്‍ പൗണ്ട് എപ്രകാരം ചെലവഴിക്കും എന്ന് വ്യക്തമാക്കുന്ന 134 പേജ് പദ്ധതിയിലാണ് ഈ നിര്‍ദേശമുള്ളത്.

കമ്യൂണിറ്റി സര്‍വീസുകളിലേക്ക് ഫണ്ടുകള്‍ വകമാറ്റും. 4.5 ബില്യന്‍ പൗണ്ടാണ് ജിപികള്‍ക്കും ലോക്കല്‍ നഴ്‌സുമാര്‍ക്കുമായി വകയിരുത്തിയിരിക്കുന്നത്. ആശുപത്രികള്‍ക്ക് പുറത്തുള്ള പരിചരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍. 54 മില്യനില്‍ നിന്ന് 94 മില്യനായാണ് ഇത് വര്‍ദ്ധിച്ചത്.

അനധികൃത ഡ്രോണ്‍ ഉപയോഗം തടയുന്നതിനായി പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്ന് ഗവണ്‍മെന്റ്. വിമാനത്താവളങ്ങള്‍ക്കും ചുറ്റും ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന മേഖലയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കും. 250 ഗ്രാം മുതല്‍ 20 കിലോ വരെ ഭാരമുള്ള ഡ്രോണുകള്‍ ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് നവംബര്‍ 30 മുതല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപനം പറയുന്നു. ഈ നടപടികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ സ്വീകരിക്കേണ്ടതായിരുന്നുവെന്നാണ് ലേബര്‍ പറയുന്നത്. എയര്‍ഫീല്‍ഡില്‍ ഡ്രോണുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 36 മണിക്കൂറോളം മുടങ്ങിയിരുന്നു. ഡ്രോണ്‍ ഉപയോഗം സംബന്ധിച്ച് ജൂലൈയില്‍ ആരംഭിച്ച കണ്‍സള്‍ട്ടേഷന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ എത്തിയത്.

ഗാറ്റ്വിക്കിലുണ്ടായതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിമാനത്താവളങ്ങള്‍, ജയിലുകള്‍ എന്നിവയോട് അനുബന്ധിച്ച് ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനുമുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. ഡ്രോണുകള്‍ നിലത്തിറക്കാനും അവയുടെ ഓപ്പറേറ്റര്‍മാരോട് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെടാനുള്ള അധികാരവും പുതിയ നിയമം പോലീസിന് നല്‍കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ ഡ്രോണുകളും അവയില്‍ ശേഖരിച്ചിരിക്കുന്ന ഡിജിറ്റല്‍ ഡേറ്റയും പിടിച്ചെടുക്കാന്‍ പോലീസിന് അധികാരം ലഭിക്കും. ഇതിനായി ഓപ്പറേറ്റര്‍മാരുടെ താമസസ്ഥലങ്ങളില്‍ പോലും പരിശോധന നടത്താനുള്ള അധികാരവും ലഭിക്കും.

ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് 100 പൗണ്ട് വരെ പിഴ നല്‍കുന്ന പെനാല്‍റ്റി നോട്ടീസുകളായിരിക്കും നല്‍കുക. ഡ്രോണ്‍ താഴെയിറക്കാന്‍ ഒരു ഓഫീസര്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാതിരിക്കുക, രേഖകള്‍ കാട്ടുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായിരിക്കും ഈ ശിക്ഷ. രജിസ്റ്റര്‍ ചെയ്ത ഡ്രോണ്‍ ഉപയോക്താക്കള്‍ ഒരു ഓണ്‍ലൈന്‍ കോംപീറ്റന്‍സി ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം. വിമാനത്താവളങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ 400 അടിക്കു മുകളില്‍ ഡ്രോണുകള്‍ പറത്തുന്നത് നിയനവിരുദ്ധമായി കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.

പുതിയ 1 പൗണ്ട് നാണയം ആഗോളമാക്കുന്നുവെന്ന് ട്രഷറി. ക്രൗണ്‍ ഡിപ്പന്‍ഡന്‍സിയുള്ള പ്രദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഈ നാണയത്തിന്റെ സ്വന്തം പതിപ്പുകള്‍ നിര്‍മിക്കാമെന്നാണ് അറിയിപ്പ് പറയുന്നത്. 2017ലാണ് 12 വശങ്ങളുള്ള ഈ നാണയം അവതരിപ്പിച്ചത്. വ്യാജ പതിപ്പുകള്‍ നിര്‍മിക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ സുരക്ഷാ ഫീച്ചറുകളുമായി നിര്‍മിക്കപ്പെട്ട ഈ നാണയത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നാണയം എന്നായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റ് വിശേഷിപ്പിച്ചിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് പുതിയ നാണയം ബ്രിട്ടന് പുറത്ത് ഉപയോഗിക്കാന്‍ സാധിക്കും. ബ്രിട്ടന്റെ നിരവധി പ്രവിശ്യകളും ഡിപ്പന്‍ഡന്‍സികളും ബ്രിട്ടീഷ് നാണയങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് പഴയ നാണയങ്ങള്‍ ഉപേക്ഷിച്ച് പുതിയ നാണയം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഇതിലൂടെ ലഭിക്കുന്നു.

നിലവില്‍ പല യുകെ പ്രവിശ്യകളും ഡിപ്പന്‍ഡന്‍സികളും ബ്രിട്ടീഷ് നാണയങ്ങളുടെ സ്വന്തം വേര്‍ഷനുകള്‍ നിര്‍മിക്കാറുണ്ട്. പുതിയ നാണയവും ഇവര്‍ക്ക് നിര്‍മിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ റോയല്‍ മിന്റിനെ അറിയിച്ചു കൊണ്ടു മാത്രമേ അപ്രകാരം നാണയം നിര്‍മിക്കാന്‍ സാധിക്കൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഈ നിയന്ത്രണം. 12 വശങ്ങളിലും നല്‍കിയിരിക്കുന്ന വെട്ടുകളും സൂക്ഷ്മാക്ഷരങ്ങളില്‍ മൂല്യവും വര്‍ഷവും രേഖപ്പെടുത്തിയിരിക്കുന്നതുമാണ് പ്രധാന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍. വൃത്താകൃതിയിലുള്ള പഴയ പൗണ്ട് നാണയം പിന്‍വലിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. പഴയ നാണയത്തിന്റെ വ്യാജപ്പതിപ്പുകള്‍ വ്യാപകമായതോടെയാണ് നടപടി. പഴയതില്‍ ഓരോ 30 നാണയത്തിലും ഒന്നു വീതം വ്യാജമാണെന്ന് വ്യക്തമായിരുന്നു.

പ്രവിശ്യകള്‍ നിര്‍മിക്കുന്ന നാണയങ്ങളില്‍ ഒരു വശത്ത് അവയുടെ പ്രധാന വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും മറുവശത്ത് ചരിത്രവും സംസ്‌കാരവും ചിത്രീകരിക്കാന്‍ കഴിയുമെന്ന് ട്രഷറി അറിയിക്കുന്നു. യുകെയും പ്രവിശ്യകളുമായുള്ള അടുത്ത ബന്ധത്തിന്റെ സൂചകമായിരിക്കും ഈ നാണയങ്ങളെന്ന് മിനിസ്റ്റര്‍മാര്‍ പറയുന്നു. ദി ഐല്‍ ഓഫ് മാന്‍, ജേഴ്‌സി, ഗ്വേര്‍ണസി തുടങ്ങിയവയാണ് യുകെയുടെ ക്രൗണ്‍ ഡിപ്പന്‍ഡന്‍സികള്‍.

ദിവസവും ഒരു പ്രോബയോട്ടിക് ഗുളിക കഴിക്കുന്നത് മാനസികാരോഗ്യത്തിനും ദഹന വ്യവസ്ഥയ്ക്കും ഗുണകരമെന്ന് പഠനം. സെന്‍ഫ്‌ളോര്‍ എന്ന ഫുഡ് സപ്ലിമെന്റാണ് ഇപ്പോള്‍ വിപണിയിലുള്ള ആദ്യത്തെ സൈക്കോബയോട്ടിക് എന്ന പേര് സമ്പാദിച്ചിരിക്കുന്നത്. പ്രോബയോട്ടിക്കുകളില്‍ യീസ്റ്റുകളും ചില ബാക്ടീരിയകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ മസ്തിഷ്‌കത്തിന് ഉണര്‍വുണ്ടാക്കുമെന്നും അതിലൂടെ ആനന്ദമുണ്ടാക്കുമെന്നുമാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ബിഫിഡോബാക്ടീരിയം ലോംഗം 1714 എന്ന ബാക്ടീരിയല്‍ കള്‍ച്ചറിന് തലച്ചോറിലെ വികാരങ്ങള്‍, ഓര്‍മ്മ, ഗ്രഹണശേഷി തുടങ്ങിയവയെ നിയന്ത്രിക്കുന്ന പ്രദേശങ്ങളുടെ പ്രവര്‍ത്തനം കൂട്ടാന്‍ കഴിയുമെന്ന് മൂന്ന് വര്‍ഷം മുമ്പ് അയര്‍ലന്‍ഡില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.

ഗിനി പന്നികള്‍ക്ക് ഈ ബാക്ടീരിയ നല്‍കിയപ്പോള്‍ അവയുടെ അമിതാകാംക്ഷ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതായെന്ന് ക്ലിനിക്കല്‍ ട്രയലുകളില്‍ വ്യക്തമായിട്ടുണ്ട്. പ്രിസിഷന്‍ബയോട്ടിക്‌സ് എന്ന കമ്പനിയാണ് ഇതേ ബാക്ടീരിയല്‍ സ്‌ട്രെയിന്‍ ഉപയോഗിച്ച് സെന്‍ഫ്‌ളോര്‍ വികസിപ്പിച്ചത്. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ നിരവധിയാണെന്ന് കമ്പനിയുടെ ഡയറക്ടര്‍ ഡോ.എയ്‌ലീന്‍ മര്‍ഫി പറയുന്നു. മനുഷ്യന്റെ ദഹനേന്ദ്രിയ വ്യൂഹത്തില്‍ കാണപ്പെടുന്ന ബാക്ടീരിയക്ക് മാനസിക സമ്മര്‍ദ്ദമില്ലാതാക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയത്.

ഇത് അടിസ്ഥാനമാക്കി നിര്‍മിച്ച സെന്‍ഫ്‌ളോര്‍ പ്ലാസിബോ-കണ്‍ട്രോള്‍ഡ് പരീക്ഷണങ്ങളിലാണ് ആദ്യം ഉപയോഗിച്ചത്. അതിന്റെ ഫലം ആശാവഹമായിരുന്നുവെന്ന് മര്‍ഫി വ്യക്തമാക്കി. ദഹന വ്യവസ്ഥയെ രണ്ടാം മസ്തിഷ്‌കം എന്നാണ് വിളിക്കുന്നത്. മസ്തിഷ്‌കവും ദഹനവ്യൂഹവുമായി ഒട്ടേറെ നാഡികളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. സന്തോഷമുണ്ടാക്കുന്ന സെറോട്ടോനിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ 90 ശതമാനവും ഉദ്പാദിപ്പിക്കപ്പെടുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയിലാണെന്നും പഠനങ്ങള്‍ പറയുന്നു. ഇതിന്റെ ഉദ്പാദനത്തില്‍ ഗട്ട് ബാക്ടീരിയക്ക് വലിയ പങ്കുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

ലേബര്‍ ഷാഡോ ചാന്‍സലര്‍ വിമാന ടിക്കറ്റുകള്‍ക്ക് പ്രത്യേക ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുള്ള പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രഷറി. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീകള്‍ ഒഴിവാക്കാനും ജോണ്‍ മക്‌ഡോണള്‍ഡിന് പദ്ധതിയുണ്ടെന്നാണ് ട്രഷറി അറിയിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഈ നടപടിക്കു പുറമേ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളില്‍ വില്‍ക്കുന്ന മദ്യത്തിന് കൂടുതല്‍ വിലയീടാക്കാനും ഷാഡോ ചാന്‍സലര്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം. ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നത് സാധാരണക്കാര്‍ക്ക് സമ്മര്‍ ഹോളിഡേ യാത്രകള്‍ അപ്രാപ്യമാക്കുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലേബര്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടീഷുകാര്‍ക്ക് വിദേശ യാത്ര നടത്താനുള്ള ശേഷി തന്നെ ഇല്ലാതാക്കുമെന്ന് ഷാഡോ ട്രഷറി മിനിസ്റ്റര്‍ ക്ലൈവ് ലൂയിസ് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നാണ് ഡെയിലി മെയില്‍ ആരോപിക്കുന്നത്.

യുകെ വ്യോമ ഗതാഗത മേഖലയിലെ ഡിമാന്‍ഡ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പത്രം പറയുന്നു. വിമാന ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതി ഇതിന് ഉതകുമെന്നും അത് പുരോഗമനപരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയായി 81 പൗണ്ട് നല്‍കുന്നുണ്ട്. ഹോളിഡേ ടാക്‌സ് എന്ന പേരിലാണ് ഇത് ഈടാക്കുന്നത്. പുതിയ ഫ്രീക്വന്റ് ഫ്‌ളയര്‍ ടാക്‌സ് ഏര്‍പ്പെടുത്തുക, വിമാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കുമുള്ള ഡ്യൂട്ടി ഫ്രീ സ്റ്റാറ്റസ് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലാണത്രേ! നികുതികള്‍ ഏര്‍പ്പെടുത്തിയാല്‍ 238 പൗണ്ട് വരുന്ന വിമാന ടിക്കറ്റ് 505 പൗണ്ടായി ഉയരും. ഇത് പല കുടുംബങ്ങളെയും ഹോളിഡേകളില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരമൊരു നികുതിയേര്‍പ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് ഏല്‍ക്കുന്ന പ്രഹരമായിരിക്കുമെന്നാണ് ട്രഷറി മിനിസ്റ്റര്‍ റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞത്. ഇത് ഹോളിഡേ യാത്രകളെ ബാധിക്കും. സാധാരണ ജോലികള്‍ ചെയ്ത് ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് വിദേശയാത്ര എന്നത് നിഷേധിക്കപ്പെടുകയായിരിക്കും ഇതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രായമായവര്‍ക്ക് ടെക്‌നോളജിയോട് കാര്യമായ പ്രതിപത്തിയില്ലാത്തത് പരഹിരക്കാന്‍ പുതിയ പദ്ധതി വരുന്നു. ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള പെന്‍ഷനര്‍മാര്‍ മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ചു നല്‍കുന്ന സില്‍വര്‍ സര്‍ഫര്‍ സംവിധാനത്തിനാണ് തുടക്കമാകുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന സില്‍വര്‍ സര്‍ഫര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് സെന്‍ട്രല്‍ ഹീറ്റിംഗും മറ്റ് ഗാഡ്ജറ്റുകളും നല്‍കും. ഇവയുടെ ഉപയോഗം പ്രായമായ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് സില്‍വര്‍ സര്‍ഫര്‍മാരുടെ ദൗത്യം. പെന്‍ഷനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും ഇന്റര്‍നെറ്റില്‍ ജിപി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും വീട്ടുപകരണങ്ങള്‍ ദൂരെയിരുന്ന് നിയന്ത്രിക്കാനുമുള്ള പരിശീലനവും ഇതിലൂടെ നല്‍കും.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചറിന്റെ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് 400,000 പൗണ്ട് ചെലവഴിച്ച് ഇതിന്റെ പൈലറ്റ് സ്‌കീം എസെക്‌സില്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവരും ഭിന്നശേഷിയുള്ളവരുമാണ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ ആര്‍ജ്ജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗങ്ങളെന്ന് ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്റര്‍നെറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതും ഈ വിഭാഗം തന്നെയാണ്. പദ്ധതിക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന ഫണ്ടില്‍ ഒരു വിഹിതം ബുദ്ധിമാന്ദ്യമുള്ളവരുടെ ശരീരഭാരവും അവരുടെ വ്യായാമവും നിരീക്ഷിക്കുന്നതിനായി തയ്യാറാക്കുന്ന ആപ്പിന്റെ വികസനത്തിനായി വിനിയോഗിക്കും. എല്ലാ പ്രായത്തിലുമുള്ളവരുടെ ഡിജിറ്റല്‍ സ്‌കില്‍ വികസിപ്പിക്കുകയും അതിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഡിജിറ്റല്‍ മിനിസ്റ്റര്‍ മാര്‍ഗോറ്റ് ജെയിംസ് പറഞ്ഞു.

ഡിജിറ്റല്‍ കാലത്ത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ അനിവാര്യമാണെന്ന് സിറ്റിസണ്‍സ് ഓണ്‍ലൈനിലെ ജോണ്‍ ഫിഷര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ആരോഗ്യകരമായും സജീവമായും ജീവിക്കാന്‍ മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് ഡൗണ്‍സ് സിന്‍ഡ്രോം ആക്ടീവിലെ അലക്‌സ് റൗളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ചൈനയ്ക്ക് സഹായമായി യുകെ കോടികള്‍ നല്‍കുന്നതിനെതിരെ ജനരോഷം. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വലിയ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ നടത്തുകയാണെന്നും ബ്രിട്ടന്‍ ആ രാജ്യത്തിന് സഹായധനം ഇനി നല്‍കേണ്ടതില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പര്യവേഷണ പേടകം ഇറക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് യുകെയില്‍ ഈ അഭിപ്രായം ഉയരുന്നത്. 49.3 മില്യന്‍ പൗണ്ടാണ് 2017ല്‍ ഫോറിന്‍ എയിഡ് ഫണ്ട് ഇനത്തില്‍ ചൈനയ്ക്ക് അനുവദിച്ചത്. അതേസമയം ബഹിരാകാശ ഗവേഷണത്തിനായി കോടിക്കണക്കിന് പൗണ്ടിന് തുല്യമായ തുകയാണ് ചൈന വകയിരുത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചാന്ദ്ര പര്യവേഷണത്തില്‍ വിപ്ലവം കുറിച്ചു കൊണ്ട് ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പേടകം ഇറക്കിയത്.

ചാങ് ഇ 4 എന്ന പേരില്‍ അറിയപ്പെടുന്ന പര്യവേഷണ വാഹനം ചന്ദ്രന്റെ മറുവശത്ത് മനുഷ്യന്‍ ഇറക്കുന്ന ആദ്യ ദൗത്യമാണ്. ഇതുവരെ ചൈനയുടെ ബഹിരാകാശ ഗവേഷണ മേഖല പാശ്ചാത്യ നാടുകളേക്കാള്‍ ഏറെ പിന്നിലായിരുന്നു എന്നാണ് നാന്‍ജിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹൂ സിയുന്‍ പറഞ്ഞത്. ചാന്ദ്ര ദൗത്യത്തോടെ മുന്‍നിരയിലേക്ക് ചൈന കുതിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ശക്തിയാകാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്. 2022ല്‍ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ചൈന നേരത്തെ പുറത്തു വിട്ടിരുന്നു. പ്രതി വര്‍ഷം 3.9 മില്യന്‍ പൗണ്ട് ചെലവു വരുന്ന പദ്ധതിയാണ് ഇത്.

ലോകത്തില്‍ ആദ്യമായി ബഹിരാകാശ പ്രതിരോധ സേനയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക പ്രഖ്യാപിച്ചതിനു ശേഷമാണ് ചൈനയുടെ ഉദ്യമങ്ങള്‍ക്ക് വേഗം വെച്ചത്. ചൈനയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തക്കു പിന്നാലെ എല്‍ബിസി അവതാരകന്‍ ആന്‍ഡ്രൂ പിയേഴ്‌സ് ആണ് ചൈനയ്ക്ക് ബ്രിട്ടന്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഈ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി ലഞ്ച്‌ബോക്‌സ് സ്‌നാക്‌സില്‍ അടങ്ങിയിരിക്കുന്നത് ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ മൂന്നില്‍ രണ്ട് അളവെന്ന് വെളിപ്പെടുത്തല്‍. സ്മൂത്തികള്‍, യോഗര്‍ട്ട്, മിനി ചോക് ബാറുകള്‍, സ്‌പോഞ്ചസ് തുടങ്ങിയവയില്‍ അളവില്ലാതെ സ്വീറ്റ്‌നറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികളെ ഈ ഭക്ഷ്യവസ്തുക്കള്‍ അമിതവണ്ണം എന്ന പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നെസ്ലേയുടെ മഞ്ച് ബഞ്ച് സ്‌ക്വാഷം സ്‌ട്രോബെറി യോഗര്‍ട്ട് ഡ്രിങ്കിന്റെ ഒരു പോര്‍ഷനില്‍ 11.4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മൂന്ന് ടീസ്പൂണ്‍ പഞ്ചസാരയ്ക്ക് തുല്യമാണ് ഈ അളവ്. ഒരു ദിവസം പരമാവധി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് 19 ഗ്രാം പഞ്ചസാര മാത്രമാണെന്നിരിക്കെ ഇതില്‍ മാത്ര അടങ്ങിയിരിക്കുന്നത് പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.

സമാനമാണ് എല്ലാസ് കിച്ചണിന്റെ ദി വൈറ്റ് വണ്‍ സ്‌ക്വിഷ്ഡ് സ്മൂത്തീ ഫ്രൂട്ട്‌സിന്റെയും അവസ്ഥ. ഇതിന്റെ 90 ഗ്രാം വരുന്ന ഒരു പോര്‍ഷനില്‍ 10.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. യുകെയില്‍ യോഗര്‍ട്ട് ഏറ്റവും കൂടുതല്‍ നല്‍കുന്നത് മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണെന്ന വസ്തുത പരിഗണിച്ചാല്‍ ഇത് എന്തുമാത്രം അപകടകരമാണെന്ന് മനസിലാക്കാന്‍ സാധിക്കും. മധുരം ചേര്‍ക്കാത്ത സാധാരണ യോഗര്‍ട്ട് ആണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ആരോഗ്യകരമായ സ്‌നാക്ക് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും ഇതില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലേക്ക് ഇതിനെ മാറ്റുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ചൈല്‍ഡ്ഹുഡ് ഒബീസിറ്റ് പ്ലാനില്‍ യോഗര്‍ട്ടിനെ ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നുണ്ട്. 2020ഓടെ ഇവയില്‍ നിന്ന് 20 ശതമാനം പഞ്ചസാര നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ സ്‌കൂള്‍ കുട്ടികള്‍ 10 വയസിനിടെ കഴിക്കുന്നത് 18 വയസ് വരെ ഉപയോഗിക്കുന്നത്രയും അളവ് പഞ്ചസാരയാണെന്ന് കഴിഞ്ഞയാഴ്ച പുറത്തു വന്ന പഠനത്തില്‍ വ്യക്തമായിരുന്നു.

ഈസ്റ്റ് യോർക്ഷയറിലെ ഹള്ളിലുള്ള ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രദീപ് നായരാണ് മരണപ്പെട്ടത്. ഇദ്ദേഹം താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സഹതാമസക്കാരന്‍ തിരിച്ചെത്തിയപ്പോൾ, പ്രദീപിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഈ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു 45 വയസ്സുണ്ടായിരുന്ന പ്രദീപ് നായര്‍. ഹള്ളിലെ ഒരുമലയാളിയുടെ സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത് വരികയായിരുന്നു. ഹള്ളിലെ മലയാളി പൊതുപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത്, പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

ഒതുങ്ങിക്കഴിയുന്ന പ്രകൃതമായിരുന്ന പ്രദീപിനെ രണ്ടുദിവസമായി കാണാതില്ലാതിരുന്നിട്ടും ആരും അന്വേഷിച്ചിരുന്നില്ല. പുതുവര്‍ഷം മുറിയിലിരുന്ന് ഒറ്റയ്ക്ക് ആഘോഷിക്കുന്നതിനിടയില്‍ ഹൃദയാഘാതം വന്നതാണോ എന്നത് പോസ്റ്റ്മാർട്ടത്തിന് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളു. പ്രദീപിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അടുത്തുള്ള മലയാളികള്‍ക്കും അറിയില്ല. വാഹിതനാണോ നാട്ടില്‍ കുടുംബമുണ്ടോയെന്ന കാര്യവും വ്യക്തമല്ല.

Copyright © . All rights reserved