ഗ്ലാസ് തരികളുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെപ്പര്‍, സോള്‍ട്ട് മില്ലുകള്‍ തിരികെ വിളിച്ച് ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ലിഡില്‍. 110 ഗ്രാം കാനിയ സോള്‍ട്ട് മില്‍, 50 ഗ്രാം കാനിയ പെപ്പര്‍ മില്‍ എന്നിവയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇവ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പിന്‍വിലിക്കുകയും ചെയ്തു. അപായകരമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഇവ പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കിയിരുന്നു. ഇവ വാങ്ങിയവര്‍ ഉല്‍പന്നം തിരികെ നല്‍കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും. അതിനായി ബില്‍ ഹാജരാക്കേണ്ടതില്ല.

9032AA, 9032BA, 9032CA, 9032CB, 9033AB, 9033AC എന്നീ ബാച്ചുകളിലുള്ള സോള്‍ട്ട് മില്ലുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 02/2024 എന്ന ബാച്ചിലുള്ള പെപ്പര്‍ മില്ലുകളിലും ഗ്ലാസ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും 2024 വരെ ഉപയോഗിക്കാനാകുന്നവയാണ്. ഇതേക്കുറിച്ച് സംശയമുള്ളവര്‍ക്ക് ലിഡിലിന്റെ കസ്റ്റമര്‍ സര്‍വീസ് നമ്പറായ 03704441234 വിളിച്ച് വിശദാംശങ്ങള്‍ അറിയാവുന്നതാണ്.

ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന റീകോള്‍ നോട്ടീസില്‍ ലിഡില്‍ ജിബി അറിയിച്ചു. നട്ട് അലര്‍ജിയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാത്തതിന്റെ പേരില്‍ മിസ്റ്റര്‍ ചോക്കോ ചോക്കോ, കാരമല്‍ ബാര്‍ എന്നീ ഉല്‍പന്നങ്ങള്‍ ലിഡിലിന് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനു ശേഷം അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മില്ലുകളും പിന്‍വലിക്കേണ്ടി വന്നിരിക്കുന്നത്.