കാണാതായ ലിബി സ്‌ക്വയര്‍ എന്ന പെണ്‍കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. സംഭവത്തോട് അനുബന്ധിച്ച് പോളിഷ് വംശജനായ ഒരു 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുച്ചറായി ജോലി ചെയ്യുന്ന പാവേല്‍ റെലോവിച്ച് ഈ 24 കാരന്റെ വീട്ടില്‍ പോലീസ് പരിശോധനകള്‍ നടത്തുകയും കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥലത്തും നദിക്കരയിലും കുളത്തിലും തെരച്ചില്‍ നടത്തി. ഓക്ക് റോഡ് പ്ലേയിംഗ് ഫീല്‍ഡില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടാണ് ഇതിനുള്ളിലുള്ള കുളത്തില്‍ പരിശോധന നടത്തിയത്. ലിബിയുടെ താമസ സ്ഥലത്തു നിന്ന് അര മൈല്‍ ദൂരെയുള്ള ഈ പ്രദേശത്തെ ബിന്നുകളും ഡ്രെയിനുകളും പോലീസ് വിശദമായി പരിശോധിച്ചു.

നദിക്കരയിലും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും തെരച്ചില്‍ നടത്തി. ഫോറന്‍സിക് വിദഗ്ദ്ധരും തെരച്ചിലിനായി എത്തിയിരുന്നു. ലിബിക്കു വേണ്ടിയുള്ള തെരച്ചില്‍ ഒരാഴ്ച പിന്നിട്ടിട്ടും പെണ്‍കുട്ടിയെക്കുറിച്ചുള്ള യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അറസ്റ്റിലായ റെലോവിച്ച് ഒരു വര്‍ഷം മുമ്പാണ് ഭാര്യയും രണ്ട് ആണ്‍കുട്ടികളുമായി ഇവിടെ താമസിക്കാനെത്തിയത്. ബേക്കണ്‍ ഫാക്ടറിയിലാണ് ഇയാള്‍ക്ക് ജോലി. ഈ വീടിന് സമീപത്താണ് ലിബിയെ ഏറ്റവും ഒടുവില്‍ കണ്ടത്. ഇതേത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ അന്വേഷണം നടത്തുന്നത്. റെലോവിച്ചിന്റെ ടാബ്ലറ്റും പിസിയും പോലീസ് പരിശോധനകള്‍ക്കായി പിടിച്ചെടുത്തു.

ലിബിയെ കാണാതായിട്ട് ഇപ്പോള്‍ ഏവു ദിവസം പിന്നിട്ടു. ഇപ്പോഴും കാണാതായ വ്യക്തിക്കു വേണ്ടിയുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെ തിരിച്ചടി നേരിട്ട ബ്രെക്‌സിറ്റ് ഉടമ്പടിയിലെ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ചയ്ക്ക് സാധ്യത തേടി പ്രധാനമന്ത്രി ബ്രസല്‍സിലേക്ക്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ യൂറോപ്യന്‍ നേതാക്കളായ ജീന്‍ ക്ലോദ് ജങ്കര്‍, ഡൊണാള്‍ഡ് ടസ്‌ക് എന്നിവര്‍ ഉടമ്പടി സംബന്ധിച്ച് കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ രൂപീകരിച്ചിട്ടുള്ള ഉടമ്പടിയില്‍ വീണ്ടും ഒരു ചര്‍ച്ചയ്ക്കില്ലെന്നാണ് ഇരു നേതാക്കളും അറിയിച്ചിട്ടുള്ളത്. ബ്രസല്‍സുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് ഉടമ്പടി വോട്ടെടുപ്പിന് മുന്നോടിയായാണ് ബ്രസല്‍സില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്.

ഈ ചര്‍ച്ചകള്‍ വിജയകരമായാല്‍ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. പരാജയപ്പെട്ടാല്‍ വോട്ടെടുപ്പ് വ്യാഴാഴ്ചയായിരിക്കും നടക്കുക. പുതിയൊരു ഉടമ്പടിക്കായി മേയ്ക്ക് ശ്രമം നടത്തണമെങ്കില്‍ ബ്രെക്‌സിറ്റ് ദിവസത്തിന് ഒരു മാസം മുമ്പ് വരെയെങ്കിലും പാര്‍ലമെന്റിലെ വോട്ടെടുപ്പ് നീട്ടിവെക്കേണ്ടതുണ്ട്. തന്റെ ഉടമ്പടിയെ പിന്തുണയ്ക്കുന്നതിനായി എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായാണ് ഇത്. എന്നാല്‍ ഈ വിധത്തില്‍ വൈകിപ്പിച്ചാല്‍ അത് ആര്‍ട്ടിക്കിള്‍ 50 നീട്ടുന്നതിലേക്കു വരെ നയിച്ചേക്കാമെന്ന് പ്രധാനമന്ത്രിക്ക് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുകയെന്നത് അനിവാര്യമാകുമെന്ന് ലേബര്‍ നേതാക്കളും അറിയിച്ചിട്ടുണ്ട്.

ബ്രസല്‍സിലേക്ക് പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രിക്ക് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ലേബറിന്റെ പിന്തുണ ബ്രെക്‌സിറ്റില്‍ ലഭിക്കണമെങ്കിലും രാജ്യത്തെ ഒന്നിച്ചു നിര്‍ത്തണമെങ്കിലും ഇവ അംഗീകരിക്കമെന്നാണ് കോര്‍ബിന്‍ അയച്ച കത്തില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി 10 വിഷയങ്ങളില്‍ ഊന്നിയായിരിക്കും സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്തെ ഒന്നിച്ചു നിര്‍ത്താന്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് അഞ്ച് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ലേബര്‍ പാര്‍ട്ടി. ഇവ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് കത്തയച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധം സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രഖ്യായപനത്തില്‍ ലേബര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു കൂടു പ്രാമുഖ്യം നല്‍കണമെന്നാണ് ലേബര്‍ ആവശ്യപ്പെടുന്നത്. ഇന്ന് തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങളുമായി ലേബര്‍ രംഗത്തെത്തിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ ലഭിക്കണമെങ്കില്‍ ഈ നിര്‍ദേശം സ്വീകരിക്കണമെന്നും അവ രാജ്യത്തെ ഒരുമിപ്പിക്കാന്‍ സഹായകരമായ നിര്‍ദേശങ്ങളാണെന്നും കോര്‍ബിന്‍ പറഞ്ഞു.

നോര്‍ത്തേണ്‍ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ടു മാത്രം ജനപിന്തുണ ആര്‍ജ്ജിക്കാന്‍ സാധിക്കില്ലെന്ന് കോര്‍ബിന്‍ പറയുന്നു. പ്രധാനപ്പെട്ട നിരവധി മേഖലകളിലെ സമീപനത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായാലേ അതിനു സാധിക്കൂ. സ്ഥിരവും സമഗ്രവുമായ ഒരു കസ്റ്റംസ് യൂണിയന്‍ സ്ഥാപിക്കണമെന്നതാണ് കോര്‍ബിന്‍ കത്തില്‍ ആവശ്യപ്പെടുന്ന ഒരു സുപ്രധാന ആവശ്യം. യൂണിയന്‍ കസ്റ്റംസ് കോഡിന് അനുസൃതമായിരിക്കണം ഇത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി വ്യാപാര ചര്‍ച്ചകളില്‍ യുകെയ്ക്ക് അഭിപ്രായ മേല്‍ക്കോയ്മയുണ്ടാക്കുന്ന വിധത്തിലുള്ള വ്യാപാര നയം രൂപീകരിക്കുകയും പൊതുവായ താരിഫുകള്‍ തയ്യാറാക്കുകയും വേണം.

സിംഗിള്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരിക്കണം രൂപീകരിക്കേണ്ടത്. തര്‍ക്കപരിഹാരങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗങ്ങള്‍ രൂപീകരിക്കാന്‍ ഇതിലൂടെ സാധിക്കും. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സികളിലും ഫണ്ടിംഗ് പ്രോഗ്രാമുകളിലും പങ്കാളിത്തം വേണമെന്നും യൂറോപ്യന്‍ അറസ്റ്റ് വാറണ്ട്, ഡേറ്റാബേസുകള്‍ തുടങ്ങിയവയില്‍ പ്രവേശനം എന്നീ കാര്യങ്ങളും ലേബര്‍ നല്‍കിയ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ജോലി സമ്മര്‍ദ്ദം തങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നു എന്ന ആരോപണവുമായി ആയിരക്കണക്കിന് മിഡ് വൈഫുമാര്‍ എന്‍എച്ച്എസ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലിയും വ്യക്തിജീവിതവുമായുള്ള സന്തുലനം സാധ്യമാകാത്തതിനാല്‍ ദിവസം ശരാശരി ഒരാള്‍ വീതം ജോലിയില്‍ നിന്ന് രാജിവെക്കുന്നുവെന്നാണ് എന്‍എച്ച്എസ് ഡിജിറ്റല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളോളം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച എന്‍എച്ച്എസില്‍ നിന്ന് ജീവനക്കാര്‍ ഒഴിഞ്ഞുപോയതു മൂലം സ്റ്റാഫുകളുടെ എണ്ണം കുറവായ വാര്‍ഡുകളില്‍ അമിത ജോലി ചെയ്യേണ്ട ഗതികേടിലാണ് നിലവിലുള്ള ജീവനക്കാര്‍. മിഡ് വൈഫുമാരുടെ വ്യക്തിജീവിതവും ജോലിയും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തണമെന്ന് റോയല്‍ കോളേജ് ഓഫ് മിഡ് വൈഫ്‌സ് ഏറെക്കാലമായി ആവശ്യമുന്നയിക്കുന്നതാണെന്ന് ഡയറക്ടര്‍ ജോണ്‍ സ്‌ക്യൂവ്‌സ് പറയുന്നു.

ഈ പ്രശ്‌നം മിഡ് വൈഫുമാരെ നിലനിര്‍ത്താനുള്ള എന്‍എച്ച്എസിന്റെ ശേഷിയെ ബാധിക്കുകയാണെന്നും ജീവനക്കാരുടെ എണ്ണം ഏറ്റവും കുറവുള്ള ഇംഗ്ലണ്ടില്‍ ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ആര്‍സിഎം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജിവെച്ച 1649 മിഡ് വൈഫുമാര്‍ കൂടുതല്‍ സമയം ജോലിയെടുക്കേണ്ടി വന്നതാണ് വിട്ടുപോകാന്‍ കാരണമെന്ന് വെളിപ്പെടുത്തി. ഓരോ വര്‍ഷവും 3000 പേരെങ്കിലും ഈ വിധത്തില്‍ ജോലി വിടുന്നുണ്ടെന്നാണ് കണക്ക്. ചിലര്‍ മാത്രം പ്രൊഫഷനില്‍ തുടരുന്നുണ്ട്. എല്ലാ വര്‍ഷവും യോഗ്യത നേടിയ 2000 പുതിയ റിക്രൂട്ടുകള്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്തു വരുന്നുണ്ട്. എങ്കിലും നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ഇവര്‍ മാത്രം മതിയാകില്ല.

2013 അവസാനം മുതലാണ് ജോലി സമ്മര്‍ദ്ദം മൂലം മിഡ് വൈഫുമാര്‍ ജോലിയുപേക്ഷിക്കുന്നത് വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. മെറ്റേണിറ്റി വാര്‍ഡുകളില്‍ പ്രസവവേദനയനുഭവപ്പെടുന്ന ആയിരക്കണക്കിന് ഗര്‍ഭിണികള്‍ക്കു പോലും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ മാസം എന്‍എച്ച്എസ് ആശുപത്രികള്‍ക്കായി 10 വര്‍ഷ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവു മൂലം അത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് എന്‍എച്ച്എസ് ആശുപത്രി മേധാവികള്‍ പറയുന്നത്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയത്തില്‍ തെരേസ മേയുടെ നിലപാട് ടോറികള്‍ക്കിടയിലെ ഭിന്നത രൂക്ഷമാക്കുന്നു. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത നിലപാടാണ് ബെല്‍ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍ തെരേസ മേയ് പ്രഖ്യാപിച്ചത്. ഐറിഷ് അതിര്‍ത്തിയില്‍ പ്രതിസന്ധികളുണ്ടാകാതെയുള്ള സമീപനം സ്വീകരിച്ചെങ്കില്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ വിടൂ എന്ന നിര്‍ബന്ധമൊന്നും ഇല്ലെന്ന് മേയ് പറഞ്ഞു. പകരം സംവിധാനങ്ങളില്‍ ഒന്നായി മാത്രമേ അതിര്‍ത്തിയിലെ സംവിധാനങ്ങള്‍ പരിഗണിക്കൂ എന്നും അവര്‍ പറഞ്ഞു. ബോര്‍ഡര്‍ കമ്യൂണിറ്റികളുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ ഒരു കാര്യവും അനുവദിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ ദയനീയമായി പരാജയപ്പെട്ടതിനു ശേഷം ആദ്യമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി തയ്യാറെടുക്കുന്നതിനിടെയാണ് ഈ പരാമര്‍ശം. ഐറിഷ് ബാക്ക്‌സ്റ്റോപ്പില്‍ രാജ്യത്തിനുള്ള ആശങ്ക ഈ കൂടിക്കാഴ്ചയില്‍ യൂറോപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് വിവരം. ഇതിലൂടെ ബ്രെക്‌സിറ്റ് ഉടമ്പടി വീണ്ടും ചര്‍ച്ച ചെയ്യാനായിരിക്കും ഇവര്‍ ശ്രമിക്കുക. പക്ഷേ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ആശങ്കയറിയിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നേരത്തേ നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്മാറുകയാണോ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

വ്യാഴാഴ്ചയാണ് മേയ് ബ്രസല്‍സില്‍ എത്തുന്നത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തജാനി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് എന്നിവരുമായി മേയ് കൂടിക്കാഴ്ച നടത്തും. ബ്രെക്‌സിറ്റില്‍ ഇനി ചര്‍ച്ചകളൊന്നും ഇല്ലെന്ന നിലപാടിലാണ് ജങ്കറും ടസ്‌കും. യൂറോപ്യന്‍ യൂണിയന്‍ യുകെയുടെ സമീപനത്തെ സ്വാഗതം ചെയ്യില്ലെന്ന് ഉറപ്പാണെങ്കിലും നയതന്ത്ര ഇടപെടലുകള്‍ ആരംഭിക്കുകയാണെന്ന് നമ്പര്‍ 10 അറിയിക്കുന്നു. ഐറിഷ് ബാക്ക്‌സ്റ്റോപ്പില്‍ എംപിമാരും മന്ത്രിമാരും നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടെ അവതരിപ്പിക്കാനാണ് നീക്കം.
യുകെയില്‍ അഞ്ചിലൊന്ന് ആളുകള്‍ അമിതമായി മദ്യപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡിജിറ്റലിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പണക്കാരായ പ്രായമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ മദ്യം കഴിക്കുന്നത്. ഇത് ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും എന്‍എച്ച്എസ് ഡിജിറ്റല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 16 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 21 ശതമാനം പേര്‍ ആഴ്ചയില്‍ അനുവദനീയമായ 14 യൂണിറ്റിനു മേല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ട്. യുകെയിലെ നാല് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരാണ് സുരക്ഷിത മദ്യപാനത്തിന് ഈ അളവ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണ്.

28 ശതമാനം പുരുഷന്‍മാരും 14 ശതമാനം സ്ത്രീകളും ആഴ്ചയില്‍ നിര്‍ദേശിച്ചിരിക്കുന്ന പരിധിക്കപ്പുറം മദ്യം കഴിക്കുന്നവരാണ്. ആല്‍ക്കഹോള്‍ ഉപയോഗവും അത് സൃഷ്ടിക്കുന്ന വിപരീത ഫലങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. അപകടകരമായ വിധത്തില്‍ മദ്യം കഴിക്കുന്നവരുടെ എണ്ണം കുറയുന്നതിനെ മദ്യ വ്യവസായ മേഖലയില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം നിയന്ത്രിത അളവിലുള്ള മദ്യപാനവും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മദ്യ ഉപഭോഗം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ആല്‍ക്കഹോള്‍ ക്യാംപെയിനര്‍മാര്‍ പറയുന്നു.

ക്യാന്‍സര്‍, ലിവര്‍ സിറോസിസ്, ഹൃദ്രോഗം തുടങ്ങിയവ ക്ഷണിച്ചു വരുത്തുന്ന വിധത്തില്‍ മുതിര്‍ന്നവരില്‍ അഞ്ചിലൊന്നു പേര്‍ മദ്യം കഴിക്കുന്നുണ്ട്. ഇത് എന്‍എച്ച്എസിനു മേല്‍ സമ്മര്‍ദ്ദമേറ്റുന്നുണ്ടെന്നും രാജ്യത്തിന്റെ ഉദ്പാദന ശേഷിയെപ്പോലും ബാധിക്കുന്ന വിധത്തിലാണ് മദ്യപാനത്തിന്റെ തോതെന്നും ഒരു ആരോഗ്യമില്ലാത്ത ജനതയായി നാം മാറുകയാണെന്നും തിങ്ക്ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ സവേരി പറഞ്ഞു.
ഇന്ത്യന്‍ വംശജയായ യുവതി പ്രസവിച്ചത് കാറിന്റെ പിന്‍സീറ്റില്‍. ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് ബോള്‍ട്ടനില്‍ താമസിക്കുന്ന സോനല്‍ വാസ്ത പ്രസവിച്ചത്. പക്ഷേ കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്ന ഭര്‍ത്താവ് വിക് വാസ്ത തന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുകയാണെന്ന കാര്യം മനസിലായതു പോലുമില്ല. 35കാരിയായ സോനലിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. തിരക്കേറിയ റോഡിലൂടെ വിക് കാര്‍ ആശുപത്രിയിലേക്ക് പായിക്കുന്നതിനിടെ പിറന്ന മിഹാന്‍ എന്ന ആണ്‍കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു. താന്‍ പ്രസവിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വിക് വിശ്വസിച്ചില്ലെന്ന് സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ തല പുറത്തു വന്നപ്പോള്‍ കാര്‍ നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും സോനല്‍ വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലില്‍ ഫിനാന്‍സ് ഓഫീസറായ സോനലിന് നവംബര്‍ 30നാണ് പ്രസവ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മിഡ് വൈഫുമാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. അത്ര ശാന്തമായാണ് സോനല്‍ ഫോണില്‍ സംസാരിച്ചത്. പക്ഷേ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും സോനലും ഭര്‍ത്താവും ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. ഗര്‍ഭകാലത്ത് ഹിപ്‌നോബര്‍ത്തിംഗ്, യോഗ തുടങ്ങിയവയില്‍ സോനല്‍ പരിശീലനം നേടിയിരുന്നു. ഇവ മൂലമായിരിക്കാം പ്രസവ സമയത്ത് വളരെ ശാന്തമായിരിക്കാന്‍ സാധിച്ചതെന്നാണ് ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്. ക്ലാസുകൡ പ്രസവ സ്ഥലത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ഒരിക്കലും തന്റെ പ്രസവം കാറിനുള്ളിലായിരിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് സോനല്‍ പറഞ്ഞു.

കാറിനുള്ളില്‍ വെച്ച് കുട്ടി പുറത്തു വരാന്‍ തുടങ്ങിയെന്ന് പറഞ്ഞിട്ടും വിക്കിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയിട്ടാണ് വിക് കാര്‍ നിര്‍ത്തിയത്. പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുകയായിരുന്നു. അത് എടുത്തു മാറ്റണമെന്ന് ചിന്തിക്കാന്‍ അപ്പോള്‍ തനിക്കു കഴിഞ്ഞുവെന്നും സോനല്‍ പറഞ്ഞു. കുഞ്ഞിന്റെ പുറം തടവിക്കൊടുത്തപ്പോള്‍ അവന്‍ ചുമച്ചു. അപ്പോളാണ് തനിക്ക് ആശ്വാസമായത്. ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടാണ് തങ്ങള്‍ യാത്ര ചെയ്തത്. മിഡൈ്വഫുമാര്‍ എല്ലാക്കാര്യങ്ങളും പറഞ്ഞുതന്നു. കാര്‍പാര്‍ക്കില്‍ അവര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും സോനല്‍ വ്യക്തമാക്കി.
ബിനോയി ജോസഫ്
ലോകം മുഴുവനും ഉറ്റുനോക്കിയ ആത്മീയതകളുടെ അപൂർവ്വസംഗമം… 1200 മില്യൺ കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയാചാര്യനും വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായ ഫ്രാൻസിസ് പാപ്പ ഇസ്ളാം പിറന്ന അറേബ്യൻ മണ്ണിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വീകരിക്കപ്പെട്ട നിമിഷങ്ങൾ ചരിത്രത്താളുകളിൽ സുവർണ ലിപികളിൽ എഴുതപ്പെടും. 9.6 മില്യൺ ജനസംഖ്യയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് റോമിന്റെ ബിഷപ്പ് ഇടയ സന്ദർനം നടത്തിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് മത സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പുതിയ ഏടുകളായിരുന്നു. ഒരു രാജ്യവും അവിടുത്തെ ബഹുമാനിതരായ ഭരണാധികാരികളും ഒരുക്കിയ ഊഷ്മളമായ വരവേൽപ്പ് ഏറ്റുവാങ്ങാൻ സൗഭാഗ്യം ലഭിച്ച ഫ്രാൻസിസ് പാപ്പ എളിമയുടെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും ആധുനിക യുഗത്തിലെ പ്രതീകമാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ അതിഥികളെ സഹിഷ്ണുതയോടെ നെഞ്ചൊടു ചേർക്കുന്ന രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. രാജ്യത്തെ ജനസംഖ്യയിൽ 80 ശതമാനത്തോളം വിദേശിയരാണ്. വിദേശിയരെ അതിഥികളായി കാത്തു പരിപാലിക്കുന്ന നല്ല ആതിഥേയരായ തദ്ദേശിയരായ എമിരേത്തികളുടെ വിശാലമനസ്കതയാണ് യുഎഇയുടെ വികസനമന്ത്രത്തിന്റെ കാതൽ. ത്രിദിന സന്ദർശനത്തിനായി അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ ഞായറാഴ്ച രാത്രിയാണ് സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ എത്തിയത്. പേപ്പൽ പതാകയുടെ വർണങ്ങൾ മാനത്ത് വിരിച്ച് പൂർണ സൈനിക ബഹുമതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസിസ് പാപ്പയ്ക്ക് രാജകീയ സ്വീകരണം ഒരുക്കി. അബുദാബിയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച മാർപ്പാപ്പ മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും ഇന്റർ റിലീജിയസ് കോൺഫറൻസുകളുടെയും സംവാദങ്ങളിൽ തിങ്കളാഴ്ച പങ്കെടുത്തു. മാനവസാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ മാർപാപ്പയും ഗ്രാൻഡ് മോസ്ക് ഇമാമും തുടർന്ന് ഒപ്പുവച്ചു.

ചൊവ്വാഴ്ച സയിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഓപ്പൺ എയർ കുർബാനയിൽ 135,000 പേരാണ് പങ്കെടുത്തത്. ആയിരങ്ങൾ വേദിക്ക് പുറത്ത് വലിയ സ്ക്രീനുകളിൽ തങ്ങളുടെ ആത്മീയ പിതാവിന്റെ വാക്കുകൾക്കായി കാതോർത്തു. നൂറു കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ആത്മീയ ഇടയനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തുകയായിരുന്നു. 2000 ബസുകളാണ് യുഎഇ ഭരണകൂടം കുർബാന നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യാനായി സൗജന്യമായി ഒരുക്കിയത്. കുർബാനയിൽ പങ്കെടുക്കുന്നവർക്ക് അവധിയും യുഎഇ നല്കിയിരുന്നു.

മരുഭൂമിയിലെ നറുപുഷ്മമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും ഒരിക്കലും നീതീകരിക്കാൻ സാധിക്കുകയില്ലെന്ന് പോപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. സ്വന്തം മതത്തിന്റെ ചര്യകളിൽ ഭാഗഭാക്കാകുന്നതിനപ്പുറം ഇതര മതങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാനും പ്രാപ്തമാക്കുന്ന മതസ്വാതന്ത്ര്യമാണ് നമുക്കാവശ്യമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. യുഎഇ ജനതയുടെ ആതിഥ്യ മര്യാദയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പ യുവതലയുടെ വിദ്യാഭ്യാസത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയെ മുക്തകണ്ഠം പ്രശംസിച്ചു.

ഇസ്ളാം മതത്തിന്റെ ആചാരങ്ങൾ അടിസ്ഥാന ശിലയാക്കി ഒരു നവലോകം പടുത്തുയർത്തിയ യുഎഇ എന്ന രാജ്യം സർവ്വ മതസ്ഥരേയും ഒരു കുടക്കീഴിൽ സഹിഷ്ണുതയോടെ സംരക്ഷിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു തന്നപ്പോൾ അബുദാബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പാപ്പയെ കാണാൻ എത്തിയവരിൽ ഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരുടെയും ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും മനസിൽ ഒരു ചോദ്യം ഉയർന്നിരിക്കാം “ഇന്ത്യ ഇപ്പോഴും അത്രയും ദൂരത്താണോ പാപ്പാ” എന്ന്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും അധികം വിശ്വാസികളുള്ള മതത്തിന്റെ ആത്മീയാചാര്യനെ ക്ഷണിക്കാൻ മാത്രമുള്ള രാഷ്ട്രീയ പക്വത നമ്മുടെ നേതാക്കൾക്ക് എന്ന് കൈവരും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

യുഎഇ ലോകത്തിന് നല്കിയത് സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പാഠമാണ്. അതിർത്തികൾ ഭേദിക്കുന്ന മിസൈലുകൾക്കും സർവ്വനാശകാരികളായ ആയുധശേഖരങ്ങൾക്കും ഉയർന്നു നില്ക്കുന്ന സാമ്പത്തിക സൂചികകൾക്കുമപ്പുറം ഒരു രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾ യഥാർത്ഥ്യമാകുന്നതിന് ശരിയായ വിദ്യാഭ്യാസം ലഭിച്ച, മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ മത നേതൃത്വങ്ങളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത യുഎഇയുടെ ഭരണാധികാരികൾ ലോക ജനതയ്ക്ക് കാണിച്ച് കൊടുത്ത ഐതിഹാസിക മുഹൂർത്തങ്ങൾക്ക് ആഗോള ജനത സാക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നു പോയത്.






നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുകയെങ്കില്‍ കസ്റ്റംസ് പരിശോധനകള്‍ കൂടുതല്‍ ഉദാരമാക്കുമെന്ന് സൂചന. ഫെറികളില്‍ നിന്ന് ലോറികള്‍ക്കും ചാനല്‍ ടണല്‍ ട്രെയിനുകള്‍ വഴിയുള്ള ചരക്കുകടത്തും കസ്റ്റംഡ് ഡിക്ലറേഷനില്ലാതെ തന്നെ സാധിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനില്‍ ഒരു ഫോം പൂരിപ്പിച്ചു നല്‍കുകയും ഡ്യൂട്ടി പിന്നീട് അടക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. ഇറക്കുമതിക്കാര്‍ക്കും ചരക്കു ഗതാഗതം നടത്തുന്നവര്‍ക്കും വേണ്ടിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ട്രാന്‍സിഷണല്‍ സിംപ്ലിഫൈഡ് പ്രൊസീജ്യറുകള്‍ എന്ന പേരില്‍ എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് (എച്ച്എംആര്‍സി) ആണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള ഫെറി റൂട്ടുകളിലും ചാനല്‍ ടണലിലും ഇത് ഏര്‍പ്പെടുത്തും.

നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ചാനല്‍ പോര്‍ട്ടുകളിലും മറ്റും ലോറികളുടെ വന്‍ നിരയായിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു നേരത്തേ നല്‍കിയിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ എത്ര ലളിതമാക്കിയാലും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പുറത്താകല്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ വ്യവസായ മേഖല ഇതുവരെ സജ്ജമായിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ നല്‍കുന്ന സൂചന. മാര്‍ച്ച് 29 അര്‍ദ്ധരാത്രിയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പുറത്തു പോകുന്നത്. ഇത് ഉടമ്പടിയോടെയോ ഉടമ്പടി രഹിതമോ ആയിട്ടായിരിക്കും.

ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബ്രെക്‌സിറ്റ് അത് നിര്‍ണ്ണയിച്ച സമയത്തു തന്നെ പ്രാവര്‍ത്തികമാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ നടപടികള്‍ അല്‍പ സമയം കൂടി നീട്ടിവെക്കണമെന്ന അഭിപ്രായം ചില ക്യാബിനറ്റ് അംഗങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
60 മില്യന്‍ പൗണ്ട് സര്‍ക്കാര്‍ സഹായത്തിനായി നിസ്സാന്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്. സന്‍ഡര്‍ലാന്‍ഡ് നിര്‍മാണ പ്ലാന്റില്‍ നിന്നായിരിക്കും പുതിയ എക്‌സ്-ട്രെയില്‍ മോഡലുകള്‍ പുറത്തിറക്കുക എന്ന വാഗ്ദാനത്തില്‍ നിന്ന് കമ്പനി പിന്നോട്ടു പോയതിനു പിന്നാലെയാണ് ഈ നിര്‍ദേശവുമായി ബിസിനസ് സെക്രട്ടറി രംഗത്തെത്തിയത്. 2016 ഒക്ടോബറില്‍ സര്‍ക്കാരുമായി കമ്പനി ഏര്‍പ്പെട്ട കരാറിന്റെ വിവരങ്ങള്‍ ഇന്നലെയാണ് പുറത്തു വന്നത്. സന്‍ഡര്‍ലാന്‍ഡ് പ്ലാന്റില്‍ നിന്നായിരിക്കും എക്‌സ്-ട്രെയില്‍, ക്വാഷ്‌കായി എന്നിവയുടെ പുതിയ മോഡലുകള്‍ പുറത്തിറങ്ങുക എന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചതനുസരിട്ട് എക്‌സ്-ട്രെയില്‍ മോഡല്‍ ഇവിടെ നിര്‍മിക്കില്ല.

ബ്രെക്‌സിറ്റ് ഭീതിയില്‍ നിരവധി വ്യവസായങ്ങള്‍ ബ്രിട്ടന്‍ വിട്ട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നിസ്സാന്‍ മാത്രമാണ് രാജ്യത്ത് തുടരുമെന്ന് അറിയിച്ചത്. ഇതിനായി ആദ്യ ഘട്ടത്തില്‍ 80 മില്യന്‍ പൗണ്ട് സഹായം സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. പിന്നീട് കഴിഞ്ഞ സമ്മറില്‍ ഇത് 61 മില്യന്‍ പൗണ്ട് എന്ന് ഉറപ്പിച്ചു. ഇതുവരെ 2.6 മില്യന്‍ പൗണ്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. എക്‌സ്-ട്രെയില്‍ പദ്ധതി ഉപേക്ഷിക്കുന്നതോടെ അധികമായുണ്ടാകാനിടയുള്ള 740 തൊഴിലവസരങ്ങളാണ് ഇല്ലാതാകുന്നത്. കമ്പനിയുടെ നടപടിയിലൂടെ ഇവ ഇല്ലാതാകുന്നതില്‍ നിരാശയുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞു. ക്വാഷ്‌കായി നിര്‍മാണത്തിനായി സന്‍ഡര്‍ലാന്‍ഡ് പ്ലാന്റിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടായിരുന്നുവെന്നും എന്നാല്‍ എക്‌സ്-ട്രെയില്‍ പദ്ധതി ഒഴിവാക്കുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബിസിനസ് സംബന്ധിച്ച് വിശാലമായി ചിന്തിക്കുമ്പോള്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് നിസ്സാന്‍ വിശദീകരിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധമാണ് കമ്പനി എടുത്തു കാണിക്കുന്ന പ്രധാന വിഷയം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക ഇനി നല്‍കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് കമ്പനി വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്ന മറുപടി നല്‍കിയത്. പഴയ വ്യവസ്ഥകള്‍ അതേപടി നിലനില്‍ക്കുകയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കമ്പനി ധനസഹായത്തിനായി വീണ്ടും അപേക്ഷിക്കണമെന്നാണ് ബിസിനസ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.