മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ബ്രിട്ടീഷ് ഭരണത്തിന്‍ നിഴലാണെന്ന് പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ഇന്നും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെടുത്ത സിവില്‍ സര്‍വീസ് സമൂഹത്തിന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ അതിസമര്‍ത്ഥരായ യുവജനതയുടെ എക്കാലത്തെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. അധികാരവും ഗ്ലാമറും ഇത്രയധികം ലഭിക്കുന്ന മറ്റൊരു ജോലിയും ഇന്ത്യയിലില്ല. ഐഐടിയില്‍ നിന്നും മറ്റും ഉന്നത റാങ്കില്‍ പാസാകുന്ന സമര്‍ത്ഥരാണ് മള്‍ട്ടിനാഷണല്‍ കമ്പനികളിലെയും വിദേശങ്ങളിലെയും ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്.
ബ്രിട്ടനില്‍ കുടിയേറിയ പ്രവാസികളായ മലയാളികളുടെ മക്കള്‍ പൊതുവേ സമര്‍ത്ഥരും പാഠ്യരംഗത്ത് മുന്നിട്ടു നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും ബ്രിട്ടീഷ് സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കാറില്ല. മലയാളികളായ മാതാപിതാക്കളും മക്കളെ മെഡിസിനോ എന്‍ജിനീയറിംഗിനോ മറ്റോ പഠിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. വളരെയധികം മലയാളികള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്നുണ്ട്. ഇവിടെയാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ആന്‍ ക്രിസ്റ്റി വഴുതനപ്പള്ളി ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികളിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ആന്‍ ക്രിസ്റ്റി സാധാരണ സ്‌കൂളില്‍ പഠിച്ച് ഉന്നത നിലവാരത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതാണ്. അതിനു ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചതും ശ്രമിച്ചതും. ബര്‍മിംങ്ഹാമിനടുത്ത് ഡഡ്‌ലിയില്‍ താമസിക്കുന്ന ജോണ്‍ ജോസഫിന്റെയും റാണിയുടെയും മകളാണ് ആന്‍. ബ്രിട്ടനിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമ മന്ത്രാലയത്തിലാണ് ആന്‍ ക്രിസ്റ്റിയുടെ ആദ്യ നിയമനം. ആന്‍ ക്രിസ്റ്റിയുടെ സഹോദരി ഡെല്ലാ ബിരുദാനന്തര ബിരുദത്തിനും ഇളയ സഹോദരന്‍ ഡാനി പത്താം ക്ലാസിലും പഠിക്കുന്നു. എന്തായാലും വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് നേട്ടം കൊയ്ത ആന്‍ ക്രിസ്റ്റി മലയാളി സമൂഹത്തിന് അഭിമാനമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏതെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ തോല്‍വിയായിരിക്കും കോമണ്‍സില്‍ ഇന്ന് തെരേസ മേയ് നേരിടുകയെന്ന് റിപ്പോര്‍ട്ട്. 100 കണ്‍സര്‍വേറ്റീവ് എംപിമാരും പ്രധാനമന്ത്രിയുടെ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നാണ് അവസാന വിവരം. ബില്ലിന്റെ പരാജയം സര്‍ക്കാരിനെയും രാജ്യത്തെയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടേക്കും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് തന്റെ പ്ലാന്‍-ബി പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രസല്‍സില്‍ എത്തി ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യാചിക്കുക എന്നതു മാത്രമാണ് മേയ്ക്കു മുന്നിലുള്ള അടുത്ത വഴി. ഇതിനായി ഒരു റോയല്‍ എയര്‍ഫോഴ്‌സ് വിമാനം തയ്യാറാക്കി നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

എന്നാല്‍ ഇത്തരം സാവകാശങ്ങള്‍ തേടാന്‍ ഇവര്‍ക്ക് അവസരം കിട്ടുമോ എന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ കണ്ണുകളും ലേബറിലേക്കും നേതാവ് ജെറമി കോര്‍ബിനിലേക്കുമാണ് നീളുന്നത്. ബില്‍ പരാജയപ്പെട്ടാല്‍ ലേബര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബില്‍ പരാജയപ്പെട്ടാല്‍ മേയ് രാജിവെക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ബില്‍ പരാജയപ്പെട്ടാല്‍ ബ്രെക്‌സിറ്റ് തന്നെ ഉണ്ടാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന ബ്രെക്‌സിറ്റ് അനുകൂലികളെ ഒപ്പം നിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ ബില്‍ പരാജയപ്പെടുന്നത് രാജ്യത്തെ തകര്‍ക്കുമെന്ന പ്രസ്താവനയും മേയ് നടത്തി.

പാര്‍ലമെന്റില്‍ നേരിട്ടേക്കാവുന്ന പരാജയത്തിനു പുറമേ, ബില്ലില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ബ്രസല്‍സ് തള്ളിയേക്കുമെന്നും സൂചനയുണ്ട്. എംപിമാരെ തണുപ്പിക്കാനുള്ള നീക്കമാണ് ബ്രസല്‍സിനെ വീണ്ടും സമീപിച്ചു കൊണ്ട് മേയ് നടത്തുക. എന്നാല്‍ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് പോലെയുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.
യുകെയ്ക്കും തെരേസ മേയ് ഗവണ്‍മെന്റിനും നിര്‍ണ്ണായകമായ ബ്രെക്‌സിറ്റ് ബില്‍ ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. ടോറികളില്‍ ഒരു വിഭാഗവും സഖ്യകക്ഷിയായ ഡിയുപിയും പ്രതിപക്ഷം ഒന്നടങ്കവും എതിര്‍ക്കുന്ന ബില്‍ കോമണ്‍സ് താണ്ടില്ല എന്ന് ഉറപ്പാണ്. ലോര്‍ഡ്‌സ് ഇന്നലെത്തന്നെ ബില്‍ വോട്ടിനിട്ട് തള്ളിയിരുന്നു. എന്നാല്‍ ബില്‍ പരാജയപ്പെട്ടാല്‍ ജെറമി കോര്‍ബിന്‍ ഒരു അവിശ്വസ പ്രമേയം മുന്നോട്ടു വെക്കുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പാണ് ലേബര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. ആഴ്ചകളായി തുടരുന്ന കുഴഞ്ഞുമറിഞ്ഞ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ അവിശ്വാസ പ്രമേയത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രമേയം അവതരിപ്പിക്കണമെന്നാണ് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

ടോറികള്‍ക്കിടയിലും തെരേസ മേയുടെ നേതൃത്വത്തിനെതിരെ അവിശ്വാസ നീക്കമുണ്ടായിരുന്നു. ഗവണ്‍മെന്റിനെതിരെ അവിശ്വാസ പ്രമേയം വരണമെന്ന അഭിപ്രായക്കാരാണ് ഇവരും. എന്നാല്‍ മുഖ്യ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജെറമി കോര്‍ബിന് മാത്രമേ ഇത് അവതരിപ്പിക്കാനാകൂ. മേയുടെ പ്രധാനമന്ത്രി പദവിക്കും ഗവണ്‍മെന്റിന്റെ നിലനില്‍പ്പിനു പോലും അവിശ്വാസ പ്രമേയം ഭീഷണിയാകും. 14 ദിവസത്തിനുള്ള സഭയില്‍ വിശ്വാസം തെളിയിക്കാനായില്ലെങ്കില്‍ അത് ഒരു പൊതുതെരഞ്ഞെടുപ്പിലേക്കായിരിക്കും നയിക്കുക.

2011ലെ ഫിക്‌സ്ഡ് ടേം പാര്‍ലമെന്റ് ആക്ട് അനുസരിച്ച് ഗവണ്‍മെന്റുകള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ ഇടക്കിടെ പ്രഖ്യാപിക്കാന്‍ കഴിയില്ല. അഞ്ചു വര്‍ഷ കാലാവധിക്കിടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ മൂന്നില്‍ രണ്ട് എംപിമാര്‍ അതിന് അനുകൂലമായി വോട്ട് ചെയ്യണം. അല്ലെങ്കില്‍ കോമണ്‍സില്‍ ഒരു അവിശ്വാസ പ്രമേയം പാസാകണം. കോമണ്‍സ് റൂള്‍ ബുക്ക് അനുസരിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സമയം ഗവണ്‍മെന്റിന് ലഭിക്കും. അവിശ്വാസ പ്രമേയം പാസായാല്‍ 14 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 1979ലാണ് അവസാനമായി ബ്രിട്ടനില്‍ ഒരു അവിശ്വാസ പ്രമേയം പാസായത്. ജിം കാലഗാന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ 310നെതിരെ 311 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തി.
കോമണ്‍സില്‍ അനിവാര്യമായ പരാജയം പ്രതീക്ഷിക്കുന്ന ബ്രെക്‌സിറ്റ് ബില്ലിന് ലോര്‍ഡ്‌സിലും തിരിച്ചടി. തെരേസ മേയ് അവതരിപ്പിച്ച ഉടമ്പടി 152നെതിരെ 169 വോട്ടുകള്‍ക്കാണ് ലോര്‍ഡ്‌സ് തള്ളിയത്. കോമണ്‍സില്‍ ഇന്ന് വൈകിട്ട് 7 മണിക്കും 9 മണിക്കും ഇടക്കാണ് ബ്രെക്‌സിറ്റ് ഡീലില്‍ നിര്‍ണ്ണായക വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് ലോര്‍ഡ്‌സ് ബില്ലിന് കനത്ത പ്രഹരം നല്‍കിയിരിക്കുന്നത്. മേയ് നിര്‍ദേശിച്ചിരിക്കുന്ന ഉടമ്പടി രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധി ഇല്ലാതാക്കുകയും ആഭ്യന്തര സുരക്ഷയെയും ആഗോള സ്വാധീനത്തെയും ബാധിക്കുകയും ചെയ്യുമെന്ന് ലോര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. നോ-ഡീല്‍ ബ്രെക്‌സിറ്റ് അംഗീകരിക്കരുതെന്ന് പ്രമേയം എംപിമാരോട് ആവശ്യപ്പെടുന്നു. 130ലേറെ ലോര്‍ഡ്‌സ് അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

യുകെയും യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധം ഒട്ടും ശുഭകരമാക്കുന്ന ഒന്നല്ല മേയുടെ രാഷ്ട്രീയ പ്രഖ്യാപനമെന്ന് ലേബറിനെ അനുകൂലിച്ച് സംസാരിച്ച ബാരോണസ് ഹെയ്റ്റര്‍ ഓഫ് കെന്റിഷ് ടൗണ്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്ളവരുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി രണ്ടു വര്‍ഷം പാഴാക്കുകയായിരുന്നു. അന്ധമായി ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരെ ചുമതലയേല്‍പ്പിച്ചുവെന്നും അവര്‍ ആരോപിച്ചു. കസ്റ്റംസ് യൂണിയനായിരുന്നു ലേബറിന് നിര്‍ദേശിക്കാനുണ്ടായിരുന്ന മറ്റൊരു മാര്‍ഗം. എന്നാല്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും പരിഹാരമല്ലെന്നും പ്രധാനമന്ത്രിയുടെ ഡീലിന് പിന്തുണ കൊടുക്കുകയാണ് വേണ്ടതെന്നും ലോര്‍ഡ് കീന്‍ ഓഫ് എലീ പറഞ്ഞു. 2016ലെ ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കണമെന്നും ടോറി അംഗമായ അദ്ദേഹം പറഞ്ഞു.

കണ്‍സര്‍വേറ്റീവുകള്‍ക്കിടയിലെ തൊഴുത്തില്‍ കുത്തിനിടയില്‍ രാജ്യത്തെ പണയപ്പണ്ടമാക്കി മാറ്റിയിരിക്കുകയാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് അംഗം ബാരോണസ് ലുഡ്‌ഫോര്‍ഡ് പറഞ്ഞു. ഇനിയൊരു ഹിതപരിശോധന നടത്തുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാനായിരിക്കും ജനങ്ങള്‍ വിധിയെഴുതുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ടോറികള്‍ക്കുള്ളില്‍ പോലും വലിയ എതിര്‍പ്പ് നേരിടുന്ന ബ്രെക്‌സിറ്റ് ഡീല്‍ കോമണ്‍സ് കൂടി വോട്ടിനിട്ട് തള്ളിയാല്‍ ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങളാകും വരും ദിവസങ്ങളില്‍ ഉണ്ടാകുക.
ബ്രെക്‌സിറ്റ് ബില്‍ കോമണ്‍സില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് നീളുമെന്ന കണക്കുകൂട്ടലില്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ വരെയെങ്കിലും ബ്രെക്‌സിറ്റ് നീളുമെന്ന കണക്കുകൂട്ടലിലാണ് ബ്രസല്‍സ്. മാര്‍ച്ച് 29നാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടന്‍ ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിച്ചേക്കുമെന്ന് ബ്രസല്‍സ് കരുതുന്നു. സമയം നീട്ടി നല്‍കാന്‍ ബ്രിട്ടന്‍ സമീപിച്ചേക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം കരുതുന്നുണ്ട്. യുകെ ഈ ആവശ്യമുന്നയിച്ചാല്‍ ഉടന്‍തന്നെ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ഒരു പ്രത്യേക ലീഡേഴ്‌സ് സമ്മിറ്റ് വിളിക്കും.

സമയ പരിധി ദീര്‍ഘിപ്പിക്കുന്നതിന് തെരേസ മേയ് മുന്നോട്ടുവെക്കുന്ന കാരണം പരിഗണിച്ചായിരിക്കും ആര്‍ട്ടിക്കിള്‍ 50 എത്രമാത്രം ദീര്‍ഘിപ്പിച്ചു നല്‍കാമെന്ന് തീരുമാനിക്കുക. നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉടമ്പടി പുനരവലോകനം ചെയ്ത് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങാനുള്ള സമയമാണ് ജൂലൈ വരെ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്. ഇത് ആദ്യപടിയാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ തെരേസ മേയ് അധികാരത്തില്‍ തുടരുകയും ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ ജൂലൈ വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സാങ്കേതികമായി സാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഒഫീഷ്യല്‍ അറിയിച്ചു.

ഇതില്‍ കൂടുതല്‍ സമയം അനുവദിക്കണമെങ്കില്‍ ഒരു പൊതുതെരഞ്ഞെടുപ്പോ ഹിതപരിശോധനയോ ഉണ്ടാകണം. എങ്കിലും മെയ് മാസത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചില സങ്കീര്‍ണ്ണതകള്‍ ഇക്കാര്യത്തില്‍ സൃഷ്ടിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് ജൂലൈയിലായിരിക്കും ആദ്യമായി സമ്മേളിക്കുക. ആ സമയത്ത് യുകെ എഇപിമാര്‍ ഉണ്ടാകണമെങ്കില്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരിക്കണമെന്നും ചില യൂറോപ്യന്‍ ഡിപ്ലോമാറ്റുകള്‍ പറയുന്നു.
50 കഴിഞ്ഞ സ്ത്രീകള്‍ കൂടുതലായി ഡ്രൈവിംഗ് പഠനത്തിനെത്തുന്നതിന് കാരണം വിവാഹമോചനമെന്ന് വെളിപ്പെടുത്തല്‍. ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വതന്ത്രമായി ജീവിതം നയിക്കുന്നതിനുള്ള ആദ്യ പടിയെന്ന നിലയിലാണ് സ്ത്രീകള്‍ ഡ്രൈവിംഗ് പഠനം തെരഞ്ഞെടുക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. 2017-18 വര്‍ഷത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്ന സ്ത്രീകളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാലു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 31 ശതമാനം വര്‍ദ്ധന ഇതിലുണ്ടായി. 2017-18 വര്‍ഷത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ 50 വയസു കഴിഞ്ഞവരുടെ എണ്ണം 17,464 ആണ്.

ടെസ്റ്റ് പാസാകുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 4033ല്‍ നിന്ന് 5350 ആയാണ് ഇത് ഉയര്‍ന്നത്. വിവാഹമോചനം തന്നെയാണ് സ്ത്രീകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് മോട്ടാറിംഗ് വിദഗ്ദ്ധര്‍ പറയുന്നത്. മുമ്പ് പങ്കാളികളെ ആശ്രയിച്ചിരുന്ന ഇവര്‍ സ്വതന്ത്രരാകുമ്പോള്‍ ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. 2017ല്‍ 101,000ലേറെ ദമ്പതികള്‍ വിവാഹമോചനം നേടിയിട്ടുണ്ട്. 55നും 59നുമിടയില്‍ പ്രായമുള്ള സ്ത്രീകളുടെ വിവാഹ മോചന നിരക്ക് ആയിരം ദമ്പതികളില്‍ 5.8 ആണ്. പത്തു വര്‍ഷം മുമ്പ് ഇത് 5.2 മാത്രമായിരുന്നു. സ്ത്രീകളില്‍ പലര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകാറില്ല. എന്നാല്‍ വിവാഹമോചനത്തിനു ശേഷം ഒറ്റയ്ക്കാകുമ്പോള്‍ ഇവര്‍ക്ക് അത് അത്യാവശ്യമായി മാറുകയാണെന്ന് എഡ്മണ്ട് കിംഗ് പറയുന്നു.

ജനങ്ങള്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ഫലം കൂടിയാണ് സ്ത്രീകള്‍ കൂടുതല്‍ ഡ്രൈവിംഗിലേക്ക് തിരിയുന്നതെന്ന് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സി പുറത്തു വിടുന്ന കണക്കുകള്‍ പറയുന്നു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ ആശ്രയിക്കാന്‍ കഴിയാത്ത ഗ്രാമപ്രദേശങ്ങളില്‍ സ്വയം വാഹനങ്ങള്‍ ഓടിക്കേണ്ടി വരും. 50കളിലുള്ള സ്ത്രീകള്‍ ആദ്യമായി ഡ്രൈവിംഗ് സീറ്റുകളിലേക്ക് എത്തുന്നത് വര്‍ദ്ധിക്കുകയാണെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് തലവന്‍ ജിം ഓ’സള്ളിവന്‍ കഴിഞ്ഞ മാസം ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു.
ബ്രിട്ടനിലെ ഏറ്റവും വെറുക്കപ്പെട്ട ലാന്‍ഡ്‌ലോര്‍ഡ് എന്ന് അറിയപ്പെടുന്ന കോടീശ്വരന്‍, ഫെര്‍ഗൂസ് വില്‍സണ്‍ നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി രംഗത്ത്. കെന്റിലെ മെയിഡ്‌സ്‌റ്റോണ്‍ സ്വദേശിയായ ഇയാള്‍ ഈ വര്‍ഷം അവസാനത്തോടെ തന്റെ ഉടമസ്ഥതയിലുള്ള 300 വീടുകള്‍ വില്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് അടുത്തയാഴ്ച നല്‍കും. കറി മണക്കുമെന്നതിനാല്‍ ‘കറുത്തവര്‍’ക്ക് വീടുകള്‍ നല്‍കില്ലെന്ന് പ്രഖ്യാപനം നടത്തി വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് ഈ 70 കാരന്‍. ഭിന്നശേഷിയുള്ള വാടകക്കാരന് ചൂടുവെള്ളം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ പിഴയും കോടതിച്ചെലവുമായി ഇയാളുടെ ഭാര്യ ജൂഡിത്ത് വില്‍സണ്‍ 25,000 പൗണ്ട് അടക്കണമെന്ന് നിന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ദമ്പതികള്‍ തങ്ങളുടെ വീടുകളെല്ലാം വിറ്റഴിച്ച് ആഷ്‌ഫോര്‍ഡിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

32 വീടുകള്‍ ഇപ്പോള്‍ വിറ്റുകഴിഞ്ഞെന്നും മറ്റുള്ളവയുടെ വില്‍പന സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഫെര്‍ഗൂസ് വെളിപ്പെടുത്തി. ഇറക്കിവിടല്‍ ഭീഷണി നേരിടുന്ന നിരവധി പേര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അയാളെ വെറുക്കുന്നുവെന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു വാടകക്കാരന്‍ പറഞ്ഞത്. ഫെര്‍ഗൂസ് വില്‍സണിന്റെ പ്രഖ്യാപനം ഡെമോക്ലീസിന്റെ വാളു പോലെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നതിനാല്‍ തനിക്ക് ഉറക്കം പോലും നഷ്ടമായെന്ന് ഇയാള്‍ പറഞ്ഞു. ആകെ 90 സെക്ഷന്‍ 21 നോട്ടീസുകള്‍ അടുത്തയാഴ്ചയോടെ താമസക്കാര്‍ക്ക് നല്‍കുമെന്നാണ് വിവരം. രണ്ടു മാസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നായിരിക്കും നിര്‍ദേശം. ഭവന രഹിതരാകാന്‍ പോകുന്നവരെക്കുറിച്ച് തനിക്ക് വിഷമമുണ്ടെന്ന് ഫെര്‍ഗൂസ് പറയുന്നു.

കുട്ടികളുമായി ഇറങ്ങേണ്ടി വരുന്നവര്‍ക്കായിരിക്കും ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക. കാരണം, കുട്ടികളുള്ളവര്‍ക്ക് വീടുകള്‍ നല്‍കാന്‍ മറ്റു ലാന്‍ഡ്‌ലോര്‍ഡുകള്‍ വിമുഖരായിരിക്കും. അനേക വര്‍ഷങ്ങള്‍ എടുത്താണ് ഈ വീടുകള്‍ താന്‍ പണിതത്. അവ വില്‍ക്കുന്നതിലും വിഷമമുണ്ട്. പക്ഷേ മരിക്കുമ്പോള്‍ അവ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നും ഫെര്‍ഗൂസ് പറയുന്നു. 2017ലാണ് ഇരുണ്ട നിറമുള്ളവര്‍ക്ക് താന്‍ വീടുകള്‍ നല്‍കില്ലെന്ന് ഫെര്‍ഗൂസ് പ്രഖ്യാപിച്ചത്. വീടുകളില്‍ കറിയുടെ മണം നിറയുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. ഇതിനെതിരെ ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ രംഗത്തെത്തുകയും കോടതി ഇയാള്‍ക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അബൂദാബി: ദുബായില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖൻ എം.എ. യൂസുഫലിയുടെ വസതി സന്ദർശിച്ചു. ശനിയാഴ്ച്ചയാണ് അദ്ദേഹം യൂസഫലിയുടെ അബൂദാബിയിലെ വീട്ടിലെത്തിയത്. വെളളിയാഴ്‍ച്ചത്തെ പൊതുപരിപാടിക്ക് ശേഷം ശനിയാഴ്ച്ച അദ്ദേഹം ആദ്യം പോയത് യൂസഫലിയുടെ വീട്ടിലേക്കായിരുന്നു.
യൂസഫലിയും കുടുംബാംഗങ്ങളും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. യൂസുഫലിയുടെ പത്നി സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ. അഷ്റഫ് അലി എന്നിവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയുടെ വ്യവസായം, കാർഷികം തുടങ്ങിയ മേഖലകളെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളേന്തിയും ആര്‍പ്പ് വിളിച്ചും രാജകീയമായ സ്വീകരണമാണ് യുഇഎ ജനത നല്‍കിയത്. പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാൻ ദുബായ് ഇന്റർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാൻ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രാജ്യത്തിനെ നേരിടുന്ന പ്രശ്നങ്ങളിൽ പ്രവാസികൾ ഒന്നിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാലുണ്ടാകുന്ന പ്രതിന്ധികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. പ്രധാന ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയമിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ഹോം ഓഫീസ്, ഫോറിന്‍ ഓഫീസ്, ബ്രെക്‌സിറ്റ് പ്ലാനിംഗിന്റെ കേന്ദ്രമായ ക്യാബിനറ്റ് ഓഫീസ് തുടങ്ങി സുപ്രധാന മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയോഗിച്ചു. 14 പേരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ ഉദ്ധരിച്ച് ദി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡര്‍ ഫോഴ്‌സില്‍ നാല് പ്ലാനര്‍മാരെയും ഫോറിന്‍ ഓഫീസില്‍ മൂന്ന് പേരെയും ഫോറിന്‍ ഓഫീസില്‍ ആറ് പേരെയുമാണ് നിയമിച്ചിരിക്കുന്നത്.

അതിര്‍ത്തികളിലുണ്ടാകാനിടയുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള അനായാസ വ്യാപാര ബന്ധം ഇല്ലാതായാല്‍ ഡോവര്‍ പോലെയുള്ള തുറമുഖങ്ങളിലും അതിര്‍ത്തികളിലും വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ലോറികളുടെ വലിയ നിരതന്നെ രൂപപ്പെട്ടേക്കും. അതിനൊപ്പം ചരക്കുകള്‍ കെട്ടിക്കിടക്കാനുള്ള സാധ്യതയും ഏറെയാണ്. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഫെറികള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്വകാര്യ കമ്പനിയുമായി 14 മില്യന്‍ പൗണ്ടിന്റെ കരാറില്‍ ഏര്‍പ്പെട്ടതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു കപ്പല്‍ പോലും സ്വന്തമായില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് വിമര്‍ശനം. ലോറികള്‍ അതിര്‍ത്തികളില്‍ കൂട്ടമായെത്തിയാലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഒരു റിഹേഴ്‌സല്‍ നടത്തിയിരുന്നു.

ഉപയോഗിക്കാതെ കിടക്കുന്ന ഒരു എയര്‍ഫീല്‍ഡില്‍ 150ഓളം ലോറികള്‍ ഉപയോഗിച്ച് ട്രയല്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ കെന്റിലെ മാന്‍സ്റ്റണില്‍ നടന്ന റിഹേഴ്‌സലില്‍ 89 ലോറികള്‍ മാത്രമേ പങ്കെടുത്തുള്ളു. ഈ റിഹേഴ്‌സല്‍ സമയം മെനക്കെടുത്തലാണെന്ന വിമര്‍ശനവുമായി ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ രംഗത്തെത്തുകയും ചെയ്തു. തയ്യാറെടുപ്പുകള്‍ വളരെ വൈകിയെന്നും അവ കുറഞ്ഞ തോതില്‍ മാത്രമേ നടത്തുന്നുള്ളുവെന്നും ഇവര്‍ പരാതിപ്പെടുന്നു.
തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ലേബര്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇതിനായുള്ള നീക്കമുണ്ടാകുമെന്നാണ് സൂചന. എംപിമാരോട് തയ്യാറായിരിക്കാന്‍ ലേബര്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈയാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നത്. ഇതില്‍ മേയ്ക്ക് വന്‍ പരാജയമായിരിക്കും നേരിടേണ്ടി വരിക. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയാണ് ലേബര്‍ പാര്‍ട്ടി. ചൊവ്വാഴ്ചയും ബുധനാഴ്ചയും പാര്‍ലമെന്റിലെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ലേബര്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. അസുഖ ബാധിതരായവര്‍ക്കും പാര്‍ട്ടി സന്ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ബില്ലില്‍ സര്‍ക്കാരിന് മേല്‍ക്കൈ നഷ്ടമായാല്‍ ഉടന്‍ തന്നെ അവിശ്വാസം അവതരിപ്പിക്കുമെന്ന് എംപിമാര്‍ക്ക് നല്‍കിയ വിപ്പില്‍ ലേബര്‍ അറിയിച്ചു. കോമണ്‍സില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരുടെയുള്‍പ്പെടെ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോളാണ് രണ്ടാമത്തെ തവണയും ബ്രെക്‌സിറ്റ് ബില്‍ അംഗീകാരത്തിനായി തെരേസ മേയ് സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും പ്രക്ഷുബ്ധമായ 24 മണിക്കൂറുകളായിരിക്കും ഈ ദിവസങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇനിയും കൂടുതല്‍ കാത്തിരിക്കാനാകില്ല, വോട്ടെടുപ്പില്‍ മേയ് പരാജയപ്പെടുകയും അവര്‍ രാജി വെക്കാതിരിക്കുയും ചെയ്യുകയാണെങ്കില്‍ നമുക്ക് വെറുതെയിരിക്കാന്‍ കഴിയില്ലെന്നാണ് ഒരു മുതിര്‍ന്ന ലേബര്‍ അംഗം പറഞ്ഞത്.

വോട്ടെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന ടോറികളും പ്രകടിപ്പിക്കുന്നത്. 100 വോട്ടില്‍ കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള പരാജയം മാത്രമേ ഇക്കാര്യത്തില്‍ മേയ്ക്ക് അനുകൂലമായി എന്നു കരുതാനുള്ള സാധ്യതയെങ്കിലും നല്‍കുന്നുള്ളുവെന്നാണ് ഇവര്‍ പറയുന്നത്. 200 വോട്ടില്‍ കൂടുതല്‍ വോട്ടിന് ബില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ നല്ലൊരു ഡീലുമായി മേയ് തിരിച്ചെത്തണമെന്നാണ് ടോറികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.