നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ മുന്നറിയിപ്പുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഉടമ്പടിയില്ലാതെയുള്ള ബ്രെക്‌സിറ്റ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് ദോഷകരമാണെന്നും ഇത് ഗുഡ് ഫ്രൈഡേ കരാറിന്റെ ലംഘനമാകുമെന്നും ബ്ലെയര്‍ പറഞ്ഞു. നോ ഡീല്‍ അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുക മാത്രമല്ല, യുകെയില്‍ തന്നെ ഭിന്നതയുണ്ടാക്കുമെന്നും ബ്ലെയര്‍ പറഞ്ഞു. ബ്രെക്‌സിറ്റില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യങ്ങള്‍ പല വട്ടം നിരസിക്കപ്പെട്ടെങ്കിലും രാജ്യത്തിന് ഇതര മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുമ്പോള്‍ അത് ആവശ്യമായി വന്നേക്കുമെന്നാണ് ബ്ലെയര്‍ പ്രതീക്ഷിക്കുന്നത്. ഇനി വെറും ഏഴ് ആഴ്ചകള്‍ മാത്രമാണ് ബ്രിട്ടന്‍ യൂറോപ്പില്‍ നിന്ന് വേര്‍പിരിയാന്‍ ബാക്കിയുള്ളത്. ഇതിനിടയില്‍ നേരത്തേ രൂപീകരിച്ച ഉടമ്പടിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇളവുകള്‍ ലഭിക്കുന്നതിനായി പ്രധാനമന്ത്രി തെരേസ മേയ് കഠിനമായി ശ്രമിക്കുന്നതിനിടെയാണ് ബ്ലെയര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. എംപിമാര്‍ തള്ളിയ ഉടമ്പടിയില്‍ ഭേദഗതി വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചില്ലെങ്കില്‍ ഉപാധി രഹിത ബ്രെക്‌സിറ്റ് നടപ്പിലാകും എന്നാണ് കരുതുന്നത്.

ബ്രെക്‌സിറ്റ് ഉടമ്പടി പുനഃപരിശോധിക്കില്ലന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍. കഴിഞ്ഞ ദിവസം ബ്രസല്‍സിലെത്തിയ തെരേസ മേയ്ക്ക് ഇക്കാര്യത്തില്‍ അനുകൂല സമീപനം ലഭിച്ചിരുന്നില്ല. ഫെബ്രുവരി 14ന് ബ്രെക്‌സിറ്റ് കരാറില്‍ വീണ്ടും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും. യൂറോപ്പ് അനുകൂലികളും ബ്രെക്‌സിറ്റ് അനുകൂലികളും ഈ വോട്ടെടുപ്പിലും മേയ്‌ക്കെതിരെ തിരിയുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് മുന്‍ ലേബര്‍ നേതാവും പ്രധാനമന്ത്രിയുമായ ബ്ലെയര്‍ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഉത്തരവാദിത്തമുള്ള ആര്‍ക്കും ഒരു നോ ഡീല്‍ സാഹചര്യം മുന്നോട്ടു വെക്കാന്‍ കഴിയില്ലെന്ന് ബ്ലെയര്‍ പറഞ്ഞു. ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ ഇത് അപകടകരമായി ബാധിക്കും. അയര്‍ലന്‍ഡിലെ സമാധാന ശ്രമങ്ങളെയും ഇത് തകര്‍ക്കുമെന്നും ബ്ലെയര്‍ പറഞ്ഞു. സ്‌കൈ ന്യൂസിലെ സോഫി റിഡ്ജിന്റെ ഷോയിലാണ് ബ്ലെയര്‍ ഈ പരാമര്‍ശം നടത്തിയത്.

അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ രൂക്ഷമാകുമെന്നത് ഉറപ്പാണ്. എന്നാല്‍ അതു മാത്രമല്ല, നോ ഡീല്‍ നോര്‍ത്ത്, സൗത്ത് അയര്‍ലന്‍ഡുകള്‍ക്കിടയിലും പ്രതിസന്ധിയുണ്ടാക്കും. ഇത് ഗുഡ്‌ഫ്രൈഡേ കരാറിന്റെ ലംഘനമാകുകയും യുകെയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. നമുക്ക് ജെറമി കോര്‍ബിന്‍ മുന്നോട്ടു വെക്കുന്നതു പോലെ ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് ആകാം. അതേസമയം തന്നെ ബോറിസ് ജോണ്‍സണും നിഗല്‍ ഫരാഷും പറയുന്ന വിധത്തില്‍ ഹാര്‍ഡ് ബ്രെക്‌സിറ്റും സാധ്യമാണ്. എന്നാല്‍ ഏതാണ് ഉചിതമെന്നത് ബ്രെക്‌സിറ്റിന് മുമ്പു തന്നെ തീരുമാനിക്കണം. വ്യക്തതയില്ലായ്മ ഉണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.