Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ നടന്ന കത്തി ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ 9 പേർ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. കത്തിയാക്രമണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 2 മുതിർന്നവർക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. അവധി കാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു ഡാൻസ് പ്രാക്ടീസ് ക്ലാസിൽ ആണ് ദുരന്ത സംഭവങ്ങൾ അരങ്ങേറിയത്.


ലങ്കാഷെയറിലെ ബാങ്കിൽ നിന്നുള്ള 17 വയസ്സുള്ള ആൺകുട്ടിയെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ചാൾസ് രാജാവും പ്രധാനമന്ത്രി കെയർ സ്റ്റാർമറും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ആറ് മുതൽ 10 വരെ വയസ്സുള്ള കുട്ടികൾക്കായി ആണ് ഇവിടെ ഡാൻസ് ക്ലാസുകൾ നടന്നിരുന്നത്. 13 ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് അയച്ചതായി നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂനിയർ ഡോക്ടർമാർക്കായി മെച്ചപ്പെട്ട വേതന കരാർ തയ്യാറാക്കി സർക്കാരും ബിഎംഎ ട്രേഡ് യൂണിയനും. രണ്ടു വർഷത്തിനിടെ ശരാശരി വർദ്ധനവ് 22% വരെ. ബിഎംഎയുടെ ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റി അംഗങ്ങൾക്ക് ഓഫർ നൽകാൻ സമ്മതിച്ചിരിക്കുകയാണ് സംഘടന ഇപ്പോൾ. ഇത് അംഗീകരിക്കപ്പെട്ടാൽ, 2023 മാർച്ച് മുതൽ തുടങ്ങിയ പണിമുടക്കുകൾക്ക് ഒരു അന്ത്യം ഇടും. കരാറിൻ്റെ നിബന്ധനകൾ ചാൻസലർ റേച്ചൽ റീവ്സ് പിന്നീട് കോമൺസിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി 9% മൂല്യമുള്ള നിലവിലെ വർദ്ധനവ് കൂടാതെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർക്കുള്ള ഏറ്റവും പുതിയ ഗവൺമെൻ്റ് ഓഫറിൽ 2023-24 ലെ 4% ബാക്ക്ഡേറ്റഡ് വേതന വർദ്ധനവും കരാറിൽ ഉൾപ്പെടുന്നു. 2024-25ൽ, £1,000 ഏകീകൃത പേയ്‌മെൻ്റിനൊപ്പം 6% വർദ്ധനവും കരാറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ഓരോ ജൂനിയർ ഡോക്ടർമാർക്കും രണ്ട് വർഷത്തിനിടെ ശരാശരി 22% വർദ്ധനവാണ് ഉണ്ടാക്കുന്നത്. പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള വർദ്ധനവിന് നഷ്ടപരിഹാരം നൽകാൻ ജൂനിയർ ഡോക്ടർമാർ 35% ശമ്പള വർദ്ധനവ് നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നു.

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ജൂനിയർ ഡോക്ടർമാർ 2023 മാർച്ച് മുതൽ നിരവധി തവണയാണ് പണിമുടക്ക് നടത്തിയത്. ഏറ്റവും ഒടുവിൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ അഞ്ച് ദിവസത്തെ പണിമുടക്ക് 61,989 ഓളം വരുന്ന അപ്പോയ്ന്റ്മെന്റുകളെയും ശസ്ത്രക്രിയകളെയും ബാധിച്ചതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചിരുന്നു. ഇതുവരെയും പാർലമെൻ്റിൽ ചാൻസലർ റേച്ചൽ റീവ്സ് നടത്തിയ പ്രസംഗത്തിന് മുന്നോടിയായുള്ള റിപ്പോർട്ടുകൾ ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇംഗ്ലണ്ടിലെ സർക്കാരും ജൂനിയർ ഡോക്ടർമാരും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. സ്കോട്ട് ലൻഡിൽ, ജൂനിയർ ഡോക്ടർമാർ കഴിഞ്ഞ വർഷം സർക്കാരിൻെറ ശമ്പള വാഗ്ദാനം സ്വീകരിച്ചതിന് ശേഷം പണിമുടക്കുകൾ നടത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് നടത്തുന്ന പ്രസംഗത്തിൽ ബ്രിട്ടനിലെ പൊതു ധനകാര്യത്തിൽ വന്നിരിക്കുന്ന 20 ബില്യൺ പൗണ്ടിന്റെ വിടവിനെ കുറിച്ചും, ടോറി ഗവൺമെന്റ് അവശേഷിപ്പിച്ച പ്രശ്നങ്ങളെ കുറിച്ചും അതോടൊപ്പം തന്നെ ഇത് നികത്തുന്നതിന് ആവശ്യമായ നടപടികളെ കുറിച്ചുമുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത്രയും തുകയുടെ വിടവ് ഉണ്ടായത് മൂലം, ഗവൺമെന്റിന് തങ്ങളുടെ ചെലവ് വെട്ടിച്ചുരുക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ ടാക്സ് വർദ്ധനവും ഉടൻ തന്നെ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.

40 പുതിയ ആശുപത്രികൾ നിർമ്മിക്കാനുള്ള ബോറിസ് ജോൺസൻ്റെ മുൻനിര പദ്ധതിയും സ്റ്റോൺഹെഞ്ചിനെ മറികടന്ന് നിർദിഷ്ട രണ്ട് മൈൽ റോഡ് ടണലും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ടായിരിക്കുന്ന പണത്തിന്റെ വിടവ് നികത്തുന്നതിനുള്ള നികുതി വർദ്ധനവിന്റെ പ്രഖ്യാപനം ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള തീയതിയും ഇന്നത്തെ ചാൻസലറുടെ പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് നിഗമനം. പൊതു ഉടമസ്ഥതയിലുള്ള മിച്ച സ്വത്ത് വിൽക്കുവാനും കൺസൾട്ടൻ്റുമാർക്ക് വേണ്ടിയുള്ള ആവശ്യമില്ലാത്ത ചെലവുകൾ അവസാനിപ്പിക്കുവാനും ഉടൻ നടപടിയുണ്ടാകും.

കഴിഞ്ഞ 14 വർഷത്തെ ടോറി ഗവൺമെന്റുകൾ അവശേഷിപ്പിച്ച വാഗ്ദാനങ്ങൾ മൂലം സമ്പദ് വ്യവസ്ഥയിൽ സംഭവിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ചാൻസലർ വ്യക്തമാക്കുന്നു. സാഹചര്യങ്ങൾ രൂക്ഷമാണെന്ന് തനിക്ക് ഇലക്ഷൻ സമയത്ത് തന്നെ അറിയാമായിരുന്നുവെങ്കിലും, പദവിയിൽ എത്തിയപ്പോഴാണ് ടോറി ഗവൺമെന്റ് ജനങ്ങളിൽ നിന്നും മറച്ചുവെച്ച പല കാര്യങ്ങളും ഉണ്ടെന്ന് വ്യക്തമാകുന്നതെന്ന് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളുടെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളെല്ലാം തന്നെയെന്ന് ടോറി ഗവൺമെന്റിനെ അവർ കുറ്റപ്പെടുത്തി. ട്രഷറിയിലെ റിസർവ് പണത്തിൽ നിന്നും നിലവിലെ വിടവ് നികത്തില്ലെന്ന തീരുമാനമാണ് ചാൻസലർ മുന്നോട്ടുവയ്ക്കുന്നത്. പകരം ശക്തമായ ചെലവ് ചുരുക്കലും ടാക്സ് വർദ്ധനവുമാണ് നിർദ്ദേശിക്കുന്ന തീരുമാനങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ചാർജ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഉപയോഗം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. 2011, 2013, 2014, 2015 എന്നീ വർഷങ്ങളിൽ കൊണ്ടുവന്ന നിയമങ്ങൾ പ്രകാരം വെയിൽസ്, നോർത്തേൺ അയർലൻഡ്, സ്കോട്ട് ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വൻകിട കച്ചവടക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരക്ക് ഈടാക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ ലൻഡിലും 2021-ൽ 5p-ൽ നിന്ന് 10p-ലേക്ക് ചാർജ് വർദ്ധിപ്പിച്ചു, വടക്കൻ അയർലണ്ടിൽ ഇത് 25p ആണ്. മിനിമം ചാർജ് 5p യായി തുടരുന്ന വെയിൽസിൽ 2026 ഓടെ ബാഗുകൾ മൊത്തത്തിൽ നിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കാനുള്ള നയപരമായ തീരുമാനം പ്രയോജനം ചെയ്തതായുള്ള വിവരങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ചാർജ് ഏർപ്പെടുത്തിയതിനു ശേഷം യുകെ ബീച്ചുകളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണം 80 ശതമാനം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ ഇതിന് ആധാരമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മറൈൻ കൺസർവേഷൻ സൊസൈറ്റിയുടെ (എംസിഎസ്) വാർഷിക മാലിന്യ സർവ്വേ പ്രകാരം കഴിഞ്ഞവർഷം സർവേ നടത്തിയ ഓരോ 100 മീറ്ററിലും ശരാശരി ഒരു പ്ലാസ്റ്റിക് ബാഗ് എന്ന തോതിൽ ആണ് കണ്ടെത്തിയത്. എന്നാൽ 2014 -ൽ ഓരോ 100 മീറ്ററിലും ശരാശരി 5 പ്ലാസ്റ്റിക് ബാഗുകൾ എന്ന തോതിൽ ഉണ്ടായിരുന്നു .


ക്യാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരിസ്ഥിതിക്ക് വരുത്തുന്ന വിനാശം കടുത്തതാണ്. ശരിയായ രീതിയിൽ സംസ്കരിക്കാതെ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വനങ്ങളിലും നദികളിലും സമുദ്രങ്ങളിലും വിന്യസിക്കുന്നതിലൂടെ മത്സ്യങ്ങൾക്കും വൻ ഭീഷണിയാണ് ഉയർത്തുന്നത്. കടലാമകളും മത്സ്യങ്ങളും വന്യജീവികളും പ്ലാസ്റ്റിക് ബാഗുകളെ ഭക്ഷണമായി തെറ്റിദ്ധരിക്കുകയും അവയുടെ ദഹന വ്യവസ്ഥയ്ക്ക് മാരകമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പല ജീവികളുടെയും വംശനാശത്തിന് തന്നെ കാരണമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- തനിക്കൊപ്പം താമസിച്ച സുഹൃത്തിന്റെ തത്ത ഉണ്ടാക്കിയ നാശങ്ങൾക്ക് പണം അടയ്ക്കുന്നതിനെ ചൊല്ലി യൂണിവേഴ്സിറ്റിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഗ്രാജുവേഷൻ ചടങ്ങ് നിഷേധിക്കപ്പെട്ട ജോൺ ക്ലോത്തിയർ 41 വർഷത്തിനുശേഷം തന്റെ മകനൊപ്പം തൊപ്പിയും ഗൗണും അണിഞ്ഞ സന്തോഷത്തിലാണ്. 64.80 പൗണ്ട് ബില്ലിന്റെ പേരിലായിരുന്നു ക്ലോത്തിയറിനു ചടങ്ങ് നിഷേധിക്കപ്പെട്ടത്. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ചർ പഠിച്ച ജോൺ ക്ലോത്തിയർ 1983 ൽ തന്റെ സഹപാഠികൾക്ക് ഒപ്പം ഗ്രാജുവേഷൻ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഒപ്പം താമസിച്ച സുഹൃത്ത് വളർത്തിയിരുന്ന ഒരു തത്ത കൂട്ടിൽ നിന്ന് പറന്നു പോകുകയും, യൂണിവേഴ്സിറ്റിയിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വേറെ താമസസ്ഥലം കണ്ടെത്തിയെങ്കിലും, അവസാന ടേം വാടകയായ 64.80 പൗണ്ട് നൽകാൻ ക്ലോത്തിയർ വിസമ്മതിച്ചു. എന്നാൽ അന്ന് നിലവിൽ ഉണ്ടായിരുന്ന നിയമപ്രകാരം, അക്കോമഡേഷൻ ബില്ലുകൾ അടയ്ക്കുവാൻ ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഡിഗ്രി അനുവദിച്ചിരുന്നെങ്കിലും ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. അതോടെയാണ് ക്ലോത്തിയറിനു തന്റെ ആഗ്രഹമായിരുന്ന ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കാതെ പോയത്. ഇപ്പോൾ 41 വർഷത്തിനുശേഷം യൂണിവേഴ്സിറ്റി ബിൽ ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണ്, ബയോളജിയിൽ ബിരുദം നേടിയ 21 കാരനായ ഇളയ മകൻ കാർട്ടറിനൊപ്പം, ബിരുദം നേടുവാൻ ക്ലോത്തിയറിനെ യൂണിവേഴ്സിറ്റി അനുവദിച്ചത്.

ഹാംഷെയറിലെ പീറ്റേഴ്‌സ്‌ഫീൽഡിൽ താമസിക്കുന്ന ക്ലോത്തിയർ അടയ്ക്കാത്ത ബില്ലിനെ ദീർഘകാലമായുള്ള പലിശരഹിത വായ്പയായി താൻ കാണുന്നു എന്ന് വ്യക്തമാക്കി. പണത്തെ കുറിച്ച് ഇപ്പോൾ യൂണിവേഴ്സിറ്റി ഒന്നും തന്നെ തന്നോട് പരാമർശിച്ചിട്ടില്ലെന്നും, താനും ഒന്നും തന്നെ സംസാരിക്കുന്നില്ലെന്നും ക്ലോത്തിയർ പറഞ്ഞു. ഇതോടെ ക്ലോത്തിയറും ഭാര്യ ഹെലൻ ഹില്ലും അവരുടെ മൂന്ന് മക്കളും ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അഭിമാന നേട്ടത്തിലേക്കാണ് കുടുംബം എത്തിയിരിക്കുന്നത്. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ക്ലോത്തിയർ വ്യക്തമാക്കി. അവരുടെ മൂത്തമകൻ ക്വിറ്റോ, 2020-ൽ സംഗീതത്തിൽ ബ്രസ്റ്റോള്‍ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. രണ്ടാമത്തെ മകനും 2023 ൽ അതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമബിരുദം നേടിയത്. തന്റെ പിതാവിന് ഒപ്പം ബിരുദ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മകനും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നായയുമായി നടക്കാനിറങ്ങിയ സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊലപാതകശ്രമം നടത്തിയതായി സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. ബുധനാഴ്ച രാവിലെ 06:25 ഓടെയാണ് സഫോക്കിലെ ബ്രാന്തമിലെ ഒരു ട്രാക്കിൽ അബോധാവസ്ഥയിൽ അൻപത്തേഴുകാരിയായ അനിത റോസിനെ കണ്ടെത്തിയത്.

തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ കേംബ്രിഡ്ജിലെ അഡൻബ്രൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും യുവതി അവശ നിലയിൽ തുടരുകയാണ്. ഇതിന് പിന്നാലെയാണ് ഇന്നലെ ഇപ്‌സ്‌വിച്ച് ഏരിയയിൽ നിന്ന് 45 കാരനായ ഒരാളെ കൊലപാതകശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്‌തത്‌. മാർട്ടിൽഷാം പോലീസ് അന്വേഷണ കേന്ദ്രത്തിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രതിക്ക് ഇരയായ സ്ത്രീയുമായി മുൻ പരിചയം ഉണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. റിവർ സ്റ്റോർ അഴിമുഖം കടന്ന് ട്രെയിനുകൾ പോകുന്ന സ്ഥലത്തിന് സമീപമുള്ള റെക്ടറി ലെയ്‌നിലെ ട്രാക്കിലാണ് റോസിനെ കണ്ടെത്തിയത്. ആക്രമണത്തിന് വഴിവച്ച സാഹചര്യങ്ങളെ കുറിച്ച് പോലീസ് ഇപ്പോഴും അന്വേഷിക്കുകയാണെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മൈക്ക് ബ്രൗൺ പറഞ്ഞു. പ്രാഥമിക അന്വേഷണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സുരക്ഷാ കാരണങ്ങളാൽ ഹാരി രാജകുമാരൻ തന്റെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുവാൻ വിസമ്മതിച്ചതിനെ തുടർന്ന്, ചാൾസ് രാജാവ് പേരക്കുട്ടികളായ ആർച്ചിയോടും , ലില്ലിബെത്തിനോടും ഇനി ഒന്നിക്കാനിടയില്ലെന്ന വാർത്തകളാണ് ഇപ്പോൾ യുകെയിൽ സജീവമായിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ആരെങ്കിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഭയമുള്ളതിനാൽ, ഭാര്യ മേഗനൊപ്പം ബ്രിട്ടനിലേക്ക് പോകില്ലെന്ന് സസെക്സ് ഡ്യൂക്കായ ഹാരി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഒരു സങ്കടകരമായ സാഹചര്യത്തിൽ രാജാവ് കുട്ടികളിൽ നിന്ന് കൂടുതൽ അകലുന്ന സാഹചര്യമാണ് ഉളവാകുന്നതെന്ന് അടുത്ത രാജകുടുംബത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായി 2022 ജൂണിൽ മേഗനും കുട്ടികളും എത്തിയപ്പോഴായിരുന്നു ചാൾസ് രാജാവ് അവരെ അവസാനമായി കണ്ടത്. എന്നാൽ പിന്നീട് പലതവണ ഹാരി രാജകുമാരൻ സർക്കാരുമായുള്ള നിയമ പോരാട്ടത്തിന്റെ ആവശ്യങ്ങൾക്കായി ബ്രിട്ടനിൽ എത്തിയിരുന്നെങ്കിലും, ഭാര്യയും കുട്ടികളും ഒപ്പം ഉണ്ടായിരുന്നില്ല.

ഐറ്റിവിക്കു നൽകിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരൻ തന്റെ കുടുംബത്തെ ഇനി ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയില്ലെന്ന് വ്യക്തമാക്കിയത്. തൻ്റെ പിതാവിൻ്റെയും വെയിൽസ് രാജകുമാരിയുടെയും അടുത്തിടെയുള്ള ക്യാൻസർ രോഗനിർണയം, മാധ്യമങ്ങൾക്കെതിരായ ഹാരിയുടെ നിയമപോരാട്ടങ്ങൾ പുനഃപരിശോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചോ എന്ന് ചോദിച്ചപ്പോൾ, അവ തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ് എന്നായിരുന്നു രാജകുമാരൻ്റെ മറുപടി. തന്റെ കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന കാരണം മാധ്യമങ്ങൾക്കെതിരെയുള്ള ഈ നിയമ പോരാട്ടം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ നിലനിൽക്കുമ്പോഴും രാജാവിനെ തന്റെ പേരക്കുട്ടികളെ ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെന്ന സങ്കടകരമായ വസ്തുതയും നിലനിൽക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചു. നിലവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് 0 സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ ടോറി എംപിയാണ് പ്രീതി പട്ടേൽ. സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി പാർട്ടിയിലും സർക്കാരിലും ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ചയായി നേതൃസ്ഥാനം ഏറ്റെടുത്താൽ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിലെത്തിക്കാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.

റിഷി സുനകിന് പകരക്കാരനായി നേതൃസ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന ആദ്യ വനിതയാണ് ഡാം പ്രീതി പട്ടേൽ. നിലവിൽ ജെയിംസ് ക്ലെവർലി, റോബർട്ട് ജെൻറിക്ക്, ടോം തുഗെൻധാത്, മെൽ സ്‌ട്രൈഡ് എന്നിവരാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 52 കാരിയായ പ്രീതി പട്ടേൽ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്തു വന്നിരുന്നു. ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി കെമി ബാഡെനോക്ക്, മറ്റൊരു മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ എന്നിവരും മത്സരത്തിന് ഉണ്ടാകുമെന്നാണ് പറഞ്ഞ് കേൾക്കുന്നത്. എന്നാൽ ഇവർ രണ്ടു പേരും ഇതുവരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല.

2022 -ൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായിരുന്നു പ്രീതി പട്ടേൽ . എന്നാൽ അതിനുശേഷം വന്ന രണ്ട് പ്രധാനമന്ത്രിമാരുടെയും മന്ത്രിസഭയിൽ പ്രീതി പട്ടേൽ ഒരു മന്ത്രിസ്ഥാനവും വഹിച്ചിരുന്നില്ല. സമീപകാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ നിലവിലെ നേതൃത്വങ്ങളെ പ്രീതി പട്ടേൽ വിമർശിച്ചിരുന്നത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ക്രമസമാധാനം, കുടിയേറ്റം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പാർട്ടിയുടെ നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു കൊണ്ടു വരാൻ സാധിക്കുമെന്ന് പ്രീതി പട്ടേൽ പറഞ്ഞു. പ്രീതി പട്ടേൽ നേതൃസ്ഥാനത്തേയ്ക്ക് വിജയിക്കുകയാണെങ്കിൽ പ്രധാനമന്ത്രി ഋഷി സുനകിന് പകരം ഇന്ത്യൻ വംശജ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും എന്ന പ്രത്യേകതയും ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നിലത്തു കിടന്ന ഒരാളെ മുഖത്ത് ചവിട്ടുന്ന വീഡിയോ കടുത്ത പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയർത്തിയത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപം ശക്തമായി ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്ന് ആദ്യം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ ഒന്നിലധികം ഉദ്യോഗസ്ഥരെ പോലീസിന്റെ ആക്രമണത്തിന് വിധേയനായ വ്യക്തി ആക്രമിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ ഉണ്ട്. പോലീസിനെ ആക്രമിക്കുകയും ക്രമസമാധാന പ്രശ്നങ്ങൾ ചെയ്തതിന്റെ തുടർച്ചയായിട്ടാണ് പ്രതിഷേധത്തിന് ഇടയായ സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് വീഡിയോയിൽ ദൃശ്യമായിരിക്കുന്നത്. ഇയാളുടെ ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന്റെ മൂക്കിനും പരുക്കേറ്റിരുന്നു. ആക്രമണം, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, അതിക്രമം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് പേരെ പോലീസ് അന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.

നിലവിൽ പുറത്തുവന്നിരിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും സംയമനം പാലിക്കാനും ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ശനിയാഴ്ച, മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് മുൻ സംഭവങ്ങളുടേതെന്ന് കരുതുന്ന പുതിയ ഫൂട്ടേജ് പ്രസിദ്ധീകരിച്ചത്. ഇത് രണ്ടുവശമുള്ള സങ്കീർണമായ ഒരു പ്രശ്നമാണെന്നും അതുകൊണ്ട് വിധി പറയാൻ തിടുക്കം കൂട്ടരുതെന്നും ഗ്രേറ്റർ മാഞ്ചസ്റ്ററിൻ്റെ മേയർ ആൻഡി ബേൺഹാം ഒരു പ്രസ്താവനയിൽ പറഞ്ഞു.പോലീസിന്റെ ആക്രമണത്തിന് ഇരയായ വ്യക്തിയുടെ കുടുംബം കൂടുതൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വനിതകളുടെ വ്യക്തിഗത ടൈം ട്രയലിൽ ഓസ്‌ട്രേലിയൻ സ്വർണമെഡൽ ജേതാവ് ഗ്രേസ് ബ്രൗണിനെക്കാൾ ഒരു മിനിറ്റും 32 സെക്കൻഡും പിന്നിലായി അന്ന ഹെൻഡേഴ്‌സൺ വെള്ളി മെഡൽ കരസ്ഥമാക്കി. 41:09.83 സമയം കൊണ്ടാണ് അന്ന ഹെൻഡേഴ്‌സൺ രണ്ടാം സ്ഥാനത്ത് എത്തിയത്. അമേരിക്കയുടെ ക്ലോ ഡൈഗെർട്ടിൻ 41:10.70 സമയം കൊണ്ട് പൂർത്തിയാക്കി വെങ്കലം കരസ്ഥമാക്കി. ഗ്രേസ് ബ്രൗൺ (AUS): 39:38.24:സ്വർണം, അന്ന ഹെൻഡേഴ്സൺ (GB): 41:09.83:വെള്ളി, ക്ലോ ഡിഗെർട്ട് (യുഎസ്എ): 41:10.70:വെങ്കലം എന്നീ നിലയിലാണ് അവസാന ഫലം പുറത്ത് വന്നത്.

ഇന്ന് നേരത്തെ, സ്ത്രീകളുടെ 3 മീറ്റർ സ്പ്രിംഗ്ബോർഡ് ഡൈവിംഗിൽ ഗ്രേറ്റ് ബ്രിട്ടൻെറ യാസ്മിൻ ഹാർപ്പറും സ്കാർലറ്റ് മെവ് ജെൻസനും വെങ്കലം നേടിയിരുന്നു. പാരീസ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയൻ അത്‌ലറ്റുകളെ ഉത്തര കൊറിയക്കാരായി ഒളിമ്പിക്‌സ് അധികൃതർ തെറ്റായി അഭിസംബോധന ചെയ്‌തിരുന്നു. ഇതിന് പിന്നാലെ അധികൃതർ മാപ്പ് പറഞ്ഞു.

പുരുഷന്മാരുടെ കനോയ് സ്ലാലോം സിംഗിൾസ് ഹീറ്റ്സിൽ ഗ്രേറ്റ് ബ്രിട്ടൻെറ പുരുഷന്മാരുടെ കനോയ് സ്ലാലോം സിംഗിൾസ് ഹീറ്റ്സിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചുകൊണ്ട് ഒന്നാം ഹീറ്റ്സിൽ 90.87 സെക്കൻഡ് സമയം നിലനിർത്തികൊണ്ട് രണ്ടാം സ്ഥാനത്താണ്.

RECENT POSTS
Copyright © . All rights reserved