ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂകെയിലേയ്ക്ക് അനധികൃതമായി കുടിയേറിയ സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് ഭാവിയിൽ വിസ നിയന്ത്രണം ഏർപ്പെടുത്താൻ യു.കെ. തയാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ പുതിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ആണ് ഈ സാധ്യതയെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടത് . ലണ്ടനിൽ നടന്ന ഫൈവ് ഐസ് സഖ്യരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിൽ (യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്) പങ്കെടുത്ത ശേഷമാണ് അവർ ഇതു വ്യക്തമാക്കിയത്. രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കുക തന്നെയാണ് തന്റെ പ്രധാന മുൻഗണനയെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച മാത്രം 1,097 പേർ ചെറിയ ബോട്ടുകളിൽ ഇംഗ്ലണ്ടിൽ എത്തിയതായി കണക്ക് പുറത്തുവന്നു, ഇതോടെ 2025 -ൽ ബോട്ടിൽ വന്ന അഭയാർഥികളുടെ എണ്ണം 30,000 കവിഞ്ഞിരിക്കുകയാണ്.

പൗരന്മാരെ തിരികെ സ്വീകരിക്കുന്ന കാര്യത്തിൽ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ വിസ നിയന്ത്രണം കൊണ്ടുവരുമെന്ന് മഹ്മൂദ് വ്യക്തമാക്കിയെങ്കിലും ഏതു രാജ്യങ്ങൾക്കെതിരെയായിരിക്കും നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിസ ആവശ്യക്കാർ കൂടുതലും. കുടിയേറ്റ വിഷയത്തിൽ ലേബർ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷത്തു നിന്നും ശക്തമായ വിമർശനം ആണ് ഉയർന്ന് വരുന്നത്.

പഴയ ഹോം സെക്രട്ടറി യെവറ്റ് കൂപ്പറിനെ മാറ്റിയാണ് ഷബാന മഹ്മൂദിനെ പ്രധാനമന്ത്രി നിയമിച്ചത്. കൂപ്പർ മൃദു സമീപനക്കാരിയെന്ന നിലയിലാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ലേബർ പാർട്ടിക്കുള്ളിൽ കഠിന നിലപാട് സ്വീകരിക്കുന്ന നേതാവാണ് മഹ്മൂദ്. അതിർത്തി സംരക്ഷണം, നിയമവിരുദ്ധ കുടിയേറ്റം തടയൽ, കുട്ടികളോട് നടക്കുന്ന ഓൺലൈൻ ലൈംഗിക ചൂഷണം എന്നിവയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് അവർ പ്രതിജ്ഞാബദ്ധയായിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിലിനായി യു.കെയിൽ പോകുന്നവർക്കും വിസാ നിയന്ത്രണം ബാധകമായാൽ പഠനാവസരങ്ങൾ കുറയാനും തൊഴിൽ നേടുന്നതിൽ ബുദ്ധിമുട്ട് വരാനും സാധ്യതയുണ്ട്. കൂടാതെ, കുടുംബ സന്ദർശന വിസയും വൈകാനോ പരിമിതപ്പെടുത്താനോ സാധ്യതയുള്ളതിനാൽ, യുകെയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെയും ഇത് നേരിട്ട് ബാധിച്ചേക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ അണ്ടർഗ്രൗണ്ട് ട്യൂബ് ട്രെയിൻ തൊഴിലാളികൾ ശമ്പള വർധനയും ജോലിസമയം കുറയ്ക്കലും ആവശ്യപ്പെട്ട് നടത്തിയ പണിമുടക്ക് നഗരത്തിന്റെ ഗതാഗതത്തെ സാരമായി ബാധിച്ചു. റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് (RMT) യൂണിയന്റെ നേതൃത്വത്തിലുള്ള ഈ സമരം മൂലം ഭൂരിഭാഗം ട്യൂബ് സർവീസുകളും നിലച്ചിരിക്കുകയാണ് . 32 മണിക്കൂറാക്കി ജോലിസമയം കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. ഇത് താങ്ങാനാവാത്ത അധിക ബാധ്യതായാണ് എന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) ഇതിനോട് പ്രതികരിച്ചത്.

സർവീസുകൾ നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ജോലിസ്ഥലങ്ങളിലെത്താൻ ബസുകൾ, ബ്ലാക്ക് കാബുകൾ, സൈക്കിളുകൾ എന്നിവയെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. . സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകുന്ന സേവനങ്ങൾക്കും വളരെ തിരക്ക് അനുഭവപ്പെട്ടു. ചിലർ രാവിലെ മുതൽ വൈകുന്നേരം വരെ ആറു മണിക്കൂർ വരെയെങ്കിലും യാത്രയ്‌ക്ക് ചെലവഴിക്കേണ്ടി വന്നതായി പറഞ്ഞു. ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വെബ്‌സൈറ്റിലൂടെ ഏത് ലൈനുകളെ പണിമുടക്ക് ബാധിക്കുന്നുവെന്ന് പരിശോധിക്കാൻ അധികാരികൾ യാത്രക്കാരോട് നിർദ്ദേശം നൽകി.

ലണ്ടൻ ട്യൂബ് ലോകത്തിലെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ്. വർഷം തോറും ഏകദേശം 1.3 ബില്യൺ യാത്രക്കാർ ആണ് ഈ സേവനത്തിലൂടെ യാത്ര ചെയ്യുന്നത് . വിനോദസഞ്ചാരികൾക്കിടയിലും ഇത് പ്രധാനമായും ആശ്രയിക്കുന്ന ഗതാഗത മാർഗമാണ്, പ്രത്യേകിച്ച് ബ്രിട്ടീഷ് മ്യൂസിയം, ബക്കിംഗ്ഹാം പാലസ്, ടവർ ഓഫ് ലണ്ടൻ പോലുള്ള കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കായി മിക്കവരും ഉപയോഗിക്കുന്നത് ട്യൂബ് സർവീസിനെയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സമരം ലണ്ടൻ നിവാസികളെയും ഓഫീസ് ജീവനക്കാരെയും മാത്രമല്ല, ആയിരക്കണക്കിന് ടൂറിസ്റ്റുകളെയും ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഹൃദയാഘാതവും സ്‌ട്രോക്കും തടയുന്നതിൽ പതിറ്റാണ്ടുകളായി പ്രാഥമികമായി ഉപയോഗിച്ചിരുന്ന ആസ്പിരിനിനേക്കാൾ ക്ലോപിഡോഗ്രെൽ എന്ന മരുന്ന് കൂടുതൽ ഫലപ്രദമാണെന്ന് പുതിയ പഠനം വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ ഹാർട്ട് കോൺഫറൻസ് ആയ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിൽ അവതരിപ്പിച്ച പഠനം, പ്രശസ്തമായ ലാൻസെറ്റ് മെഡിക്കൽ ജേർണലിലും പ്രസിദ്ധീകരിക്കപ്പെട്ടു. ലോകത്ത് ഏകദേശം 300 മില്യൺ ആളുകൾ ആണ് ഹൃദയ സമ്പന്ധമായ രോഗത്തോട് (CAD) ജീവിക്കുന്നത് . അതിൽ യുകെയിൽ മാത്രം 23 ലക്ഷത്തിലധികം രോഗികളുണ്ട്. ബ്രിട്ടനിൽ ഹൃദയാഘാതം വർഷം തോറും ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കുമ്പോൾ ഈ കണ്ടെത്തൽ ഭാവിയിൽ ചികിത്സാ മാർഗ്ഗങ്ങൾ തന്നെ മാറ്റിമറിക്കുമെന്നു വിദഗ്ധർ പറയുന്നു.

ആഗോള തലത്തിൽ 29,000 രോഗികളെ ഉൾപ്പെടുത്തി നടത്തിയ ഏഴ് പ്രധാന ക്ലിനിക്കൽ പരീക്ഷണങ്ങളാണ് പഠനത്തിന്റെ അടിസ്ഥാനം. ക്ലോപിഡോഗ്രെൽ ഉപയോഗിച്ചവർക്ക് ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയസംബന്ധമായ മരണം തുടങ്ങിയവയുടെ അപകടസാധ്യത 14 ശതമാനം വരെ കുറവ് ഉണ്ടാകുന്നു എന്നാണ് കണ്ടെത്തിയത് . യുകെയിൽ മാത്രം വർഷംതോറും ഏകദേശം 64,000 പേർ ഹൃദയാഘാതം മൂലം മരിക്കുന്നുണ്ട് . രോഗികൾക്ക് ലഭ്യമായ മരുന്നുകളിൽ കൂടുതൽ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്ന കണ്ടെത്തലാണ് ഇത് എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . ക്ലോപിഡോഗ്രെൽ ഉപയോഗിക്കുന്നവർക്ക് ആസ്പിരിൻ ഉപയോഗിക്കുന്നവരേക്കാൾ കൂടുതൽ ഫലപ്രാപ്തി ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇത് ഈ മരുന്നിന്റെ വ്യാപക ഉപയാഗത്തിന് വഴിതെളിയിക്കുമെന്നാണ് വിലയിരുത്തുന്നത്.

“ആസ്പിരിൻ പതിവായി ഹൃദയാഘാതവും സ്‌ട്രോക്കും തടയാൻ നൽകിയിരുന്നുവെങ്കിലും, ഇപ്പോൾ ക്ലോപിഡോഗ്രെൽ കൂടുതൽ ഫലപ്രദമാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നു എന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ചീഫ് സയന്റിഫിക് ആൻഡ് മെഡിക്കൽ ഓഫീസർ പ്രൊഫ. ബ്രയാൻ വില്യംസ് പറഞ്ഞു. ഈ മരുന്ന് ഉപയോഗിക്കുന്നവരിൽ അധിക രക്തസ്രാവം ഉണ്ടാകുന്നില്ലെന്നതും ഗുണകരമാണെന്നാണ് ആതുര ചികിത്സാ മേഖലയിലുള്ളവർ അഭിപ്രായപ്പെട്ടു. യുകെയിൽ ഹൃദയരോഗം മൂലം വർഷംതോറും ഏകദേശം 1,70,000 പേർ മരിക്കുന്നു. ഇതിൽ വലിയൊരു വിഭാഗം ഹൃദയ സമ്പന്ധമായ രോഗമുള്ളവരാണ് . അതിനാൽ, ഈ പുതിയ കണ്ടെത്തൽ മരുന്ന് നൽകുന്നതിലും ചികിത്സാ മാനദണ്ഡങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താനിടയുണ്ട്. രോഗികൾക്ക് കൂടുതൽ സുരക്ഷിതവും ദീർഘകാല ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കാൻ ക്ലോപിഡോഗ്രെൽ ഉപകരിക്കുമെന്ന് പ്രൊഫ. ബ്രയാൻ വില്യംസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ വാട്ടർഫോർഡിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതി സാന്റാ മേരി തമ്പി (20)യെ കണ്ടെത്തി. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന സാന്റയെ കണ്ടെത്തിയത് വാട്ടർഫോർഡ് കമ്മ്യൂണിറ്റിയും പോലീസും ചേർന്ന തിരച്ചിലിനിടെയായിരുന്നു. യുവതിയുടെ വീടിനടുത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയിൽ കിടക്കുന്നുണ്ടെന്ന പോളിഷ് സ്വദേശിയുടെ വിവരം അന്വേഷണത്തിന് വഴികാട്ടിയാകുകയായിരുന്നു.
ശരീരത്തിൽ ചെറിയ പരുക്കുകളുള്ള സാന്റയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാനിറങ്ങിയെങ്കിലും പതിവ് സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനാൽ കുടുംബം തിരച്ചിലാരംഭിച്ചിരുന്നു. വീട്ടിലെ ചെരുപ്പ് സ്റ്റാൻഡിൽ നിന്നും യുവതിയുടെ ഫോൺ കണ്ടെത്തിയതോടെ ആശങ്ക കൂടുകയും കുടുംബം വിവരം സുഹൃത്തുക്കളെയും പോലീസിനെയും അറിയിക്കുകയും ആയിരുന്നു.
മാധ്യമങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഭവം വാർത്തയാക്കിയതോടെ നിരവധി മലയാളികളും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ റെസ്‌ക്യൂ 117 ടീം വരെ ആകാശ നിരീക്ഷണം നടത്തിയെങ്കിലും തുടക്കത്തിൽ ഫലം കണ്ടില്ല. ഇതേ സമയത്താണ് പോളിഷ് വംശജൻ നൽകിയ നിർണ്ണായക വിവരം യുവതിയെ കണ്ടെത്താൻ സഹായകമായത്.
സാന്റാ മേരി തമ്പി ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വർദ്ധിച്ചു വരുന്ന വംശീയാക്രമണങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വാട്ടർഫോർഡിൽ ആറു വയസ്സുകാരി മലയാളി പെൺകുട്ടി ആക്രമത്തിന് ഇരയായത് ഉൾപ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നോളം ഇന്ത്യൻ വംശജർക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സംഭവങ്ങൾക്കെതിരെ ഡബ്ലിനിൽ വലിയ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു . ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരും നിയമസംവിധാനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൊഴിലാളി അവകാശ ബില്ലിനെ സർക്കാർ ദുർബലപ്പെടുത്തുന്നത് വലിയ തെറ്റാകുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസൺ മുന്നറിയിപ്പ് നൽകി . ആഞ്ചല റെയ്നർ, ജസ്റ്റിൻ മാഡേഴ്സ് പോലുള്ള മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബിൽ പൂർണ്ണമായി നടപ്പാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട് എന്ന് യൂണിസൺ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്കാന പറഞ്ഞു, . അന്യായമായ പിരിച്ചുവിടലിൽ നിന്ന് സംരക്ഷണവും, ചൂഷണപരമായ സീറോ-ആവേഴ്സ് കരാറുകൾ നിരോധിക്കലും ഉൾപ്പെടുന്ന ഈ നിയമം തൊഴിലാളികൾക്കുള്ള രക്ഷാ കവചമാണെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

ബ്രൈറ്റണിൽ നടന്ന ട്രേഡ് യൂണിയൻ കോൺഗ്രസിൽ നിരവധി യൂണിയൻ നേതാക്കൾ ബിൽ വൈകിപ്പിക്കപ്പെടുകയോ ദുർബലമാക്കപ്പെടുകയോ ചെയ്യുമോ എന്ന ആശങ്ക പങ്കുവച്ചു. സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണം സർക്കാർ ബില്ലിലിൽ വെള്ളം ചേർക്കുമോ എന്ന ഭയം ഉയർന്നിട്ടുണ്ട്. നിയമത്തിൽ നിന്ന് പിൻമാറാൻ ശ്രമിക്കുന്നത് കടുത്ത പ്രതിക്ഷേധം വിളിച്ചുവരുത്തുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെയിലെ യൂണിയനുകളെ പ്രതിനിധീകരിക്കുന്ന ട്രേഡ്‌സ് യൂണിയൻ കോൺഗ്രസും (ടി.യു.സി) സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു, നിയമം പൂർണ്ണമായി നടപ്പാക്കിയാൽ കുറച്ച് വേതനത്തിലും സുരക്ഷിതമല്ലാത്ത ജോലികളിലും ഉള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ഗുണം ലഭിക്കും എന്ന് ടി.യു.സി ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു, സൂപ്പർമാർക്കറ്റുകൾ, ഫാക്ടറികൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലെ 3 ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യുഎസ്ഡിഎഡബ്ല്യു യൂണിയനും ഹൗസ് ഓഫ് ലോഡ്സിൽ വന്ന ഭേദഗതി തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ഉന്നയിച്ചിട്ടുണ്ട്. തൊഴിലാളി അവകാശ ബിൽ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും ന്യായമായ തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ്. പുതിയ ബില്ലിലൂടെ, ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ദിവസം മുതൽ തന്നെ അന്യായ പിരിച്ചുവിടലിൽ നിന്ന് സംരക്ഷണം ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ പുതിയ ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ ഈ ആഴ്ച ചൈനയിലെ ബീജിംഗിലേക്ക് വ്യാപാര ചർച്ചകൾക്കായി പോകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.. ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ വളർത്താൻ ചൈനയുമായുള്ള വ്യാപാരബന്ധം പുതുക്കാനുള്ള കെയർ സ്റ്റാർമർ സർക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കാബിനറ്റ് പുനഃസംഘടനയിൽ നേരത്തെ സയൻസ് ആൻഡ് ടെക്നോളജി സെക്രട്ടറിയിരുന്ന കൈൽ മുൻ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സിൽ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹം ആദ്യം അമേരിക്കയിലെത്തി ഡൊണൾഡ് ട്രംപിന്റെ യുകെ സ്റ്റേറ്റ് സന്ദർശനത്തിന് മുന്നോടിയായി “ടെക് പങ്കാളിത്തവും കസ്റ്റംസ് ഇടപാടുകളും” ചർച്ച ചെയ്യുകയും തുടർന്ന് ചൈനീസ് കൊമേഴ്‌സ് മന്ത്രി വാങ് വെൻതാവോയുമായി യുകെ-ചൈന ജോയിൻ്റ് ഇക്കണോമിക് ആൻഡ് ട്രേഡ് കമ്മീഷൻ (ജെറ്റ്കോ) യോഗത്തിൽ പങ്കെടുക്കും.
അമേരിക്കൻ സന്ദർശനത്തിൽ, കൈൽ വൈറ്റ് ഹൗസിലെ AI ഉപദേഷ്ടാവ് ശ്രീറാം കൃഷ്ണനും സയൻസ് ആൻഡ് ടെക്നോളജി പോളിസി ഡയറക്ടർ മൈക്കൽ ക്രാറ്റ്സിയോസിനെയും കാണും. AI സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ കൂടാതെ അലാസ്ക എയർലൈൻസ് സി.ഇ.ഒ ബെനിറ്റോ മിനിക്കൂച്ചി, എയർബസ് സി.ഇ.ഒ ഗില്ലം ഫൗറി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തും. ഇതിന് പിന്നാലെ ആണ് അദ്ദേഹം നേരിട്ട് ബീജിംഗിലേക്ക് പോകുന്നത് . ലേബർ അധികാരത്തിൽ വന്നതിന് ശേഷം ചാൻസലർ റേച്ചൽ റീവ്സ്, ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി എന്നിവർ ചൈന സന്ദർശിച്ചിരുന്നു. സ്റ്റാർമർ സർക്കാർ ചൈനയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകും. അതേസമയം, ഇത് അമേരിക്കയ്ക്കുള്ള അപ്രത്യക്ഷമായ മുന്നറിയിപ്പായി ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ഹോങ്കോങ്ങിലെ ജനാധിപത്യ പ്രതിഷേധങ്ങൾക്കെതിരെ ചൈന സ്വീകരിച്ച നടപടികൾ കാരണം 2019-ൽ ബോറിസ് ജോൺസൺ *ജെറ്റ്കോ* നിർത്തിവെച്ചിരുന്നു. തുടർന്ന് കോവിഡ് കാലത്തും ഇരു രാജ്യങ്ങളുമായുള്ള സംഭാഷണങ്ങൾ തടസ്സപ്പെട്ടിരുന്നു .

യുകെ-ചൈന ജോയിൻ്റ് ഇക്കണോമിക് ആൻഡ് ട്രേഡ് കമ്മീഷൻ പോലുള്ള ഉയർന്ന തലത്തിലുള്ള ചർച്ചകൾ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ അനിവാര്യമാണെന്ന് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടീഷ്-ചൈനീസ് ബന്ധങ്ങളിൽ സ്ഥിരമായ പുരോഗതി കാണാമെന്ന് ചൈന-ബ്രിട്ടൻ ബിസിനസ് കൗൺസിലിലെ ടോം സിംപ്സൺ അഭിപ്രായപ്പെട്ടു. നിലവിൽ ചൈന യുകെയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി വിപണിയാണ് (£41 ബില്യൺ മൂല്യമുള്ളത്). കായിക രംഗത്ത് ബ്രിട്ടീഷ് ഫുട്ബോൾ, മോട്ടോർ റേസിംഗ്, സ്നൂക്കർ തുടങ്ങിയവയ്ക്കുള്ള ചൈനീസ് താൽപര്യം വർധിച്ചുവരികയാണ്. വിദ്യാഭ്യാസ രംഗത്തും ബ്രിട്ടീഷ് സ്കൂളുകൾ ചൈനയിൽ തുറക്കുന്നതുപോലെ, ചൈനീസ് ഉടമസ്ഥതയിലുള്ള സ്കൂളുകളും യുകെയിൽ കൂടി വരുകയാണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പുതിയ ഹോം സെക്രട്ടറിയായി നിയമിതയായ ഷബാനാ മഹ്മൂദിൻ്റെ മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ ആണെന്ന റിപ്പോർട്ടുകൾ ആണ് ചർച്ചയായിരിക്കുന്നത്. ആദ്യമായി ആണ് ഒരു മുസ്ലിം വനിത ഈ സ്ഥാനത്ത് എത്തുന്നത് . കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ, പൊലീസ് കാര്യങ്ങൾ തുടങ്ങിയവയാണ് അവർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. ചെറിയ ബോട്ടുകളിലൂടെ ചാനൽ കടന്ന് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക, ഹോട്ടലുകളിൽ താമസിപ്പിക്കുന്ന അഭയാർത്ഥികളുടെ പ്രശ്നം പരിഹരിക്കുക, നെറ്റ് മൈഗ്രേഷൻ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങങ്ങളിൽ അവർ എന്ത് നിലപാട് എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത പോലെ അഭയാർത്ഥികളെ താമസിപ്പിക്കാൻ ഹോട്ടൽ സംവിധാനത്തിന് പകരമായി ഉപേക്ഷിച്ച സൈനിക ക്യാമ്പുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, ഗോഡൗണുകൾ എന്നിവ നടപ്പാക്കാൻ മഹ്മൂദ് ശ്രമിക്കും. അപേക്ഷകളുടെ വേഗത്തിലുള്ള തീർപ്പ്, അപ്പീൽ സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമമായ മാറ്റം കുറയ്ക്കൽ എന്നിവയും അവർ നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് കരുതപ്പെടുന്നത് . അതേസമയം, സ്റ്റഡി വിസയും ജോലിയുമായി ബന്ധപ്പെട്ട വിസകളും കർശനമാക്കുകയും, ഇംഗ്ലീഷ് ഭാഷാ പരീക്ഷ നിർബന്ധമാക്കുകയും ചെയ്ത് ഏകദേശം ഒരു ലക്ഷത്തോളം കുടിയേറ്റക്കാരെ കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

പാലസ്തീൻ ആക്ഷൻ സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് മഹ്മൂദിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായേയ്ക്കും. ഈ സംഘടനക്കെതിരെ നടപടി ശക്തിപ്പെടുത്തണമോയെന്ന് അവർ തീരുമാനിക്കേണ്ടി വരും. ലേബറിന്റെ ഇസ്രയേൽ-ഗാസ സംഘർഷത്തിലെ നിലപാട് കാരണം പല മണ്ഡലങ്ങളിലും വോട്ടുകൾ കുറഞ്ഞത് ലേബർ പാർട്ടിയെ കടുത്ത സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഹ്മൂദിന്റെ ഭൂരിപക്ഷം 3,500-ൽ താഴെയായി കുറഞ്ഞിരുന്നു. പാലസ്തീൻ ആക്ഷനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ അന്യായമെന്നാണ് ആയിരക്കണക്കിന് ആളുകൾ ആരോപിക്കുന്നത്. “ഞാൻ കൂട്ടക്കൊലയെ എതിർക്കുന്നു, പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു” എന്നെഴുതിയ പ്ലക്കാർഡുകളുമായി നൂറുകണക്കിന് പേർ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധത്തിനിറങ്ങിയിരുന്നു. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ഈ പ്രതിഷേധം തുടരുകയാണ് . വ്യാപകമായ രാഷ്ട്രീയ ചര്‍ച്ചകൾക്കും പൊതുജനരോഷത്തിനും വഴിതെളിക്കുന്നു. ഈ വിഷയത്തിൽ മുൻ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് തുടരുമോ, ഇല്ലെങ്കിൽ ജനാഭിപ്രായത്തെ ആശ്രയിച്ച് മാറ്റങ്ങളുണ്ടാകുമോ എന്നത് തന്നെയാണ് ഷബാനാ മഹ്മൂദിന്റെ നേതൃത്വത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ശാസ്ത്ര പ്രേമികൾക്കും വാനനിരീക്ഷകർക്കും ഇന്ന് ഒരു മനോഹര ദൃശ്യം കാണാനാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്ന സമയത്ത് ചന്ദ്രനു ചുറ്റും ചുവന്ന നിറത്തിൽ മൂടപ്പെടുന്നത് കൊണ്ട് ഇത് “ബ്ലഡ് മൂൺ” എന്നാണ് അറിയപ്പെടുന്നത്. പൂർണ്ണചന്ദ്രഗ്രഹണം വൈകിട്ട് 6:30 മുതൽ 7:52 വരെയുള്ള സമയത്താണ് കാണപ്പെടുക. എന്നാൽ യുകെയിലെ വിവിധ പ്രദേശങ്ങളിൽ ചന്ദ്രൻ ഉദിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഗ്രഹണം കാണാനുള്ള സമയം വ്യത്യാസപ്പെടും. നോർവിച്ച് പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ രാത്രിയിലെ ദൃശ്യ സമയം കൂടുതലായിരിക്കും. പക്ഷേ വെസ്റ്റ് വെയിൽസ്, കോർണ്വാൾ എന്നിവിടങ്ങളിൽ ചന്ദ്രൻ ഉയരുന്നതിനു പിന്നാലെ ചില സെക്കൻഡുകൾ മാത്രമേ കാണാൻ കഴിയൂ.

ഗ്രഹണം സംഭവിക്കുമ്പോൾ ഭൂമി സൂര്യനുമായി ചന്ദ്രന്റെ ഇടയിൽ എത്തുകയും സൂര്യപ്രകാശം തടയപ്പെടുകയും ചെയ്യും. പൂർണ്ണഗ്രഹണത്തിൽ ചന്ദ്രൻ മുഴുവൻ ഭൂമിയുടെ നിഴലിൽ മുങ്ങുകയും ചുവന്ന നിറം സ്വീകരിക്കുകയും ചെയ്യും. അതിനു മുമ്പും, ശേഷവും പനംബർലോ ഗ്രഹണം, ഭാഗിക ഗ്രഹണം തുടങ്ങിയ ഘട്ടങ്ങൾ ഉണ്ടാകും. ബ്രിട്ടനിൽ ചന്ദ്രഗ്രഹണം കാണുന്ന അവസരം വളരെ അപൂർവമാണ്. ഇന്ന് ഇതു കഴിഞ്ഞാൽ ചന്ദ്രഗ്രഹണം കാണാൻ 2026 ഓഗസ്റ്റ് 28 വരെ കാത്തിരിക്കണം.

യുകെയിലെ കാലാവസ്ഥാ ഗ്രഹണത്തിൻ്റെ കാഴ്ചയെ മറയ്ക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ആകാശത്ത് ചന്ദ്രനെ കാണാൻ നല്ല സാധ്യതയുണ്ടെങ്കിലും, സ്കോട്ട് ലൻഡ്, നോർത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മഴയും മേഘങ്ങളും ഉണ്ടാകുന്നത് മൂലം തടസ്സമില്ലാതെ കാണാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. മികച്ച കാഴ്ച ലഭിക്കാനായി ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്ത് ബൈനോക്യുലർസ് അല്ലെങ്കിൽ ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം കാണാൻ കഴിയും. ഗ്രഹണത്തിന്റെ ദൃശ്യാനുഭവം സൂര്യഗ്രഹണത്തിനെ പോലെ കണ്ണിന് ഹാനികരമല്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നടന്ന റിഫോം യുകെ പാർട്ടി കോൺഫറൻസിൽ വിവാദ പ്രസംഗം നടത്തി ബ്രിട്ടീഷ് കാർഡിയോളജിസ്റ്റ് അസീം മൽഹോത്ര. രാജകുടുംബത്തിലെ അംഗങ്ങൾക്ക് ക്യാൻസർ രോഗം പിടിപെട്ടത് കോവിഡ് വാക്‌സിൻ മൂലമാകമെന്നായിരുന്നു അസീം മൽഹോത്രയുടെ പ്രസ്‌താവന. മുൻപും വാക്‌സിനുകളെ എതിർത്ത് സംസാരിക്കുന്നതിൽ പ്രസിദ്ധനായ അസീം റോബർട്ട് എഫ് കെന്നഡിയുടെ ഉപദേശകനാണ്. ഒരു സീനിയർ ഓൺകോളജിസ്റ്റിൻെറ വീക്ഷണം അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നതെന്നായിരുന്നു അസീമിൻെറ വാദം. മറ്റ് പല ഡോക്ടർമാരും ഇതേ അഭിപ്രായം പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പരാമർശത്തിന് പിന്നാലെ ശക്തമായ വിമർശനങ്ങളും പൊങ്ങി വന്നിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് കുറയുന്ന ഈ സമയത്ത്, അസീം മൽഹോത്രയുടെ ഈ പരാമർശം തീർത്തും നിരുത്തരവാദപരമാണെന്നായിരുന്നു ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻെറ അഭിപ്രായം. വിഷയത്തിൽ നിഗൽ ഫാരേജ് മാപ്പ് പറയണമെന്നും ഇത്തരത്തിലുള്ള ബന്ധങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാൻസർ റിസർച്ച് യുകെയും മൽഹോത്രയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. കോവിഡ് വാക്സിനുകളെ ക്യാൻസറുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ക്യാൻസർ റിസർച്ച് യുകെ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇതുവരെയും ബക്കിംഗ്ഹാം കൊട്ടാരം അഭിപ്രായം പറഞ്ഞിട്ടില്ല. “മെയ്ക്ക് ബ്രിട്ടൺ ഹെൽത്തി എഗൈൻ” എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച അസീം വാക്സിനുകൾ വൈറസിനേക്കാൾ അപകടകരമാണെന്ന് ആവർത്തിച്ച് വാദിച്ചു. വാക്സിനുകൾ മരണത്തിനും പരിക്കുകൾക്കും കാരണമായെന്ന അവകാശവാദങ്ങളോടെയാണ് പ്രസംഗം അവസാനിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകം ചുറ്റി യാത്ര ചെയ്യുന്ന മുംബൈ സ്വദേശി യോഗേഷ് അലേകാരിയുടെ യാത്രയ്ക്കിടെ യുകെയിൽ വെച്ച് ബൈക്ക് മോഷണം പോയത് നേരത്തെ മലയാളം യു കെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യയിലും യുകെയിലുമുള്ള ബൈക്ക് പ്രേമികളുടെ സമൂഹം അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. “ഞങ്ങൾ നിങ്ങളോടൊപ്പം” എന്ന സന്ദേശങ്ങളോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പുതിയ ബൈക്കും വസ്ത്രങ്ങളും ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് സഹയാത്രികരും അനുഭാവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബൈക്ക് യാത്രികരുടെ ഐക്യം ലോകമെമ്പാടുമുള്ള മനുഷ്യർ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹത്തിലൂടെ വ്യക്തമായി.
“ലോങ്ങ് വേ ഹോം” സീരീസിന് പിന്നിലെ നടൻ ഇവാൻ മക്ഗ്രെഗറും അവതാരകൻ ചാർലി ബൂർമാനും നടത്തുന്ന പ്രൊഡക്ഷൻ കമ്പനി ഉൾപ്പെടെ നിരവധി പ്രമുഖരും സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നു. സഹായത്തിന് നന്ദി അറിയിച്ച യോഗേഷ്, തന്റെ ബൈക്ക് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുന്നുവെന്നും, അന്യരായിട്ടും സഹോദരങ്ങളായി പെരുമാറുന്ന യാത്രാസ്നേഹികളുടെ കരുതലാണ് യാത്ര തുടരാനുള്ള ആത്മവിശ്വാസമെന്നും വ്യക്തമാക്കി.

33 കാരനായ അദ്ദേഹം 17-ലധികം രാജ്യങ്ങൾ പിന്നിട്ടതിന് ശേഷം ലണ്ടനിലെത്തി. ഓഗസ്റ്റ് 31-ന് നോട്ടിംഗാമിലെ വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ KTM 390 അഡ്വഞ്ചർ ബൈക്ക് മോഷണം പോയത്. കേസെടുത്ത നോട്ടിംഗാം പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് ലോക്ക് തകർത്ത് മോട്ടോർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടോർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹം തന്റെ ഓൺലൈൻ ഫോളോവേഴ്‌സിനെ സമീപിച്ചു. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചു, എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത് . മോഷ്ടിക്കപ്പെട്ട മോട്ടോർ ബൈക്കിന്റെയും മറ്റ് വസ്തു വകകളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടോർ ബൈക്ക് കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു.