Main News

അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന വിലക്കുകളെ മറികടക്കാന്‍ ഇറാനും റഷ്യയും ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കുമെന്ന് സൂചന. അമേരിക്കന്‍ ഡോളറിനെ ആശ്രയിച്ചുള്ള ക്രയവിക്രയങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഈ രാജ്യങ്ങള്‍ നീങ്ങുകയാണെന്നാണ് കരുതുന്നത്. ഒബാമയുടെ കാലത്ത് ഇറാനുമായി പ്രഖ്യാപിച്ച ആണവക്കരാര്‍ ട്രംപ് പിന്‍വലിച്ചതോടെ ഇറാന്‍ നാണയമായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഉക്രെയിനിലെ സൈനിക നടപടിക്കു ശേഷം റഷ്യക്കെതിരെയും നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലുണ്ട്.

അമേരിക്കന്‍ ഡോളര്‍ അധിഷ്ഠിത വ്യവഹാരങ്ങളെ മറികടക്കാനും ഡോളര്‍ അധിഷ്ഠിതമായ അന്താരാഷ്ട്ര ബാങ്കിംഗ് നെറ്റ്വര്‍ക്ക്, സ്വിഫ്റ്റിലുള്ള ആശ്രയത്വം ഒഴിവാക്കുന്നതിനുമായി ടെഹ്‌റാന്‍ ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുമായി നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇറാന്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോകറന്‍സി ഉപയോഗത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന് ഇറാനിലെ പാര്‍ലമെന്ററി കമ്മീഷന്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ തലവനായ മൊഹമ്മദ് റെസ പോറെബ്രാഹിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ക്രിപ്‌റ്റോകറന്‍സി ഒരു പ്രധാന വസ്തുതയായി മാറിയിട്ടുണ്ട്. ഡോളറിനെ ആശ്രയിക്കുന്നതില്‍ നിന്നും സ്വിഫ്റ്റ് സിസ്റ്റത്തെ ഒഴിവാക്കാനും മികച്ച ഒരു മാര്‍ഗ്ഗമാണ് ക്രിപ്‌റ്റോകറന്‍സിയെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓണ്‍ ഇക്കണോമിക് പോളിസി തലവന്‍ ദിമിത്രി മെസെന്റേവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ജീവന്‍ തിരിച്ച് നല്‍കിയ എന്‍എച്ച്എസിന് നന്ദി പ്രകടിപ്പിച്ച് ബ്രിട്ടനില്‍ ഗണ്‍ക്രൈമിന് ഇരയായ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി. തന്റെ സന്തോഷവും ജീവനും തിരികെ നല്‍കുന്നതില്‍ എന്‍എച്ച്എസ് വഹിച്ച പങ്ക് വലുതാണെന്ന് പെണ്‍കുട്ടി പറഞ്ഞു. 2011 മാര്‍ച്ചിലാണ് തുഷ കമലേശ്വരന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച ആക്രമണം നടക്കുന്നത്. ഒരു ഗ്രോസറി കടയില്‍ വെച്ചാണ് തുഷയ്ക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളള്‍ തമ്മില്‍ നടന്ന വെടിവെപ്പിനിടെ പരിക്കേറ്റത്. വെടിയേറ്റ് നിലത്ത് വീണയുടന്‍ ബോധം മറഞ്ഞിരുന്നു. കൃത്യസമയത്ത് എത്തിച്ചേര്‍ന്ന പാരാമെഡിക്കുകളുടെ ഇടപെടലായിരുന്നു ഇവളുടെ ജീവന്‍ രക്ഷിച്ചത്. പിന്നീട് മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി ചികിത്സ.

നട്ടെല്ലിനേറ്റ വെടിയുണ്ട അത്ര നിസാരക്കാരനായിരുന്നില്ല. ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ തന്നെ തുഷയുടെ ഭാവി ജീവിതം വീല്‍ച്ചെയറിലായിരിക്കും എന്ന സൂചന ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. നിരന്തരമുള്ള ആശുപത്രി സന്ദര്‍ശനങ്ങളും മരുന്നുകളുമൊക്കെയായി വളരെ ദുഷ്‌കരമായിരുന്നു ഇതിനു ശേഷം തുഷയുടെ ജീവിതം. പക്ഷേ ഇതൊന്നും തുഷയുടെ ജീവതത്തോടുള്ള പ്രതീക്ഷകളെ ഇല്ലാതാക്കിയില്ല. അവള്‍ക്കിപ്പോള്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹം. ജീവന്‍ തിരികെ നല്‍കിയവരെപ്പോലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് അവള്‍ക്കും ആഗ്രഹം. ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ത്ത തുഷയുടേത് സാധാരണ കുടുംബമാണ്. എന്‍എച്ച്എസ് സഹായമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ചികിത്സ തന്നെ മുടങ്ങാന്‍ സാധ്യതയുണ്ടായിരുന്നു.

ഇത്തവണ ദി എന്‍എച്ച്എസ് ഹീറോ അവാര്‍ഡ് നേടിയിരിക്കുന്നത് തുഷയാണ്. പാരാമെഡിക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് പുരസ്‌കാര ചടങ്ങിനിടെ തുഷ പറഞ്ഞു. അവരെന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. അവരെപ്പോലെ എനിക്കും മറ്റുള്ളവരെ ജീവന്‍ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവണമെന്ന് തുഷ പറഞ്ഞു. എന്റെ പ്രിയ്യപ്പെട്ട വിഷയം സയന്‍സും ഗണിതശാസ്ത്രവുമാണ്. ഈ വിഷയങ്ങള്‍ എന്റെ ഡോക്ടറാവാനുള്ള ആഗ്രഹത്തിലേക്ക് എത്താനുള്ള ചവിട്ടുപടിയാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും തുഷ പറയുന്നു. തുഷ ജീവിതകാലം മുഴുവന്‍ വീല്‍ച്ചെയറില്‍ കഴിയേണ്ടി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. വൈകാതെ തന്നെ എഴുന്നേറ്റ് നടക്കാന്‍ അവള്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വളരെ ചെറിയ കുട്ടികള്‍ക്ക് ഒരു വിധത്തിലുമുള്ള അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം സ്വീകരിക്കാറുണ്ട്. അങ്ങേയറ്റം വൃത്തിയുള്ള ആധുനിക വീടുകളും ആന്റിസെപ്റ്റിക് വൈപ്പുകളും കുഞ്ഞുങ്ങളെ എല്ലാത്തരത്തിലുള്ള ഭീഷണികളില്‍ നിന്നും രക്ഷിക്കാനായി നാം തയ്യാറാകുന്നു. എന്നാല്‍ ഈ മുന്‍കരുതലുകള്‍ കുഞ്ഞോമനകളെ മാരക രോഗങ്ങളിലേക്ക് നയിക്കുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 30 വര്‍ഷത്തിലേറെ നീണ്ട പഠനത്തിലാണ് പ്രൊഫ. മെല്‍ ഗ്രീവ്‌സ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന ക്യാന്‍സറുകളില്‍ പലതിനും കാരണമാകുന്നത് ചില അണുബാധകള്‍ ഇവരുടെ ശരീരത്തില്‍ ഏല്‍ക്കാത്തതാണെന്ന് ഗ്രീവ്‌സ് പറയുന്നു.

കുട്ടികളിലെ രക്താര്‍ബുദത്തിന് കാരണമായി പലരും കരുതുന്നത് ആണവ നിലയങ്ങളും അവയില്‍ നിന്നുള്ള വൈദ്യുതി ലൈനുകളും അല്ലെങ്കില്‍ ഹോട്ട്‌ഡോഗുകളുടെയും ഹാംബര്‍ഗറുകളുടെയും നിരന്തര ഉപയോഗവും മറ്റുമാണ്. ഇതില്‍ ചില കാര്യങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയുണ്ടെങ്കിലും ചില ജനിതക വ്യതിയാനങ്ങളും ശൈശവത്തിലുണ്ടാകുന്ന അണുബാധകള്‍ ഏല്‍ക്കാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അണുബാധകള്‍ ഏല്‍ക്കുന്ന കുട്ടികളിലെ രോഗപ്രതിരോധ സംവിധാനം അത്തരം അണുബാധകളെ പിന്നീട് ചെറുക്കാനാകുന്ന വിധത്തില്‍ ക്രമീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശരീരത്തിന് ശേഷി നല്‍കുന്നു.

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമുള്ള 20ല്‍ ഒന്ന് കുട്ടികള്‍ക്ക് ജനിതക വ്യതിയാനമാണ് രോഗബാധയ്ക്ക് പ്രധാന കാരണമായി പറയുന്നത്. എന്നാല്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നവരില്‍ ഈ രോഗബാധയുണ്ടാകുന്നില്ലെന്ന് കണ്ടെത്തി. ഈ ശേഷി കൈവരിക്കണമെങ്കില്‍ ഒരു വയസിനുള്ളില്‍ രോഗാണുക്കളുമായി സമ്പര്‍ക്കമുണ്ടാകേണ്ടതുണ്ട്. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. 2000ല്‍ ഒരു കുട്ടിക്ക് വീതം അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. 60കള്‍ വരെ മാരകമായി കരുതിയിരുന്ന ഈ രോഗം ഇപ്പോള്‍ 90 ശതമാനവും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നുണ്ടെങ്കിലും ഈ ചികിത്സ ദൈര്‍ഘ്യമേറിയതും ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉള്ളതുമാണ്.

മരണം മുന്നിൽ കണ്ട രോഗിക്ക് സാന്ത്വനമേകുമ്പോൾ ലിനി അറിഞ്ഞിരിക്കില്ല തന്നെ കാത്തിരിക്കുന്ന ദുരന്തം. അറിഞ്ഞാലും അവൾ കർത്തവ്യത്തിൽ നിന്ന് പിന്തിരിയാനുള്ള സാധ്യത തീരെ കുറവാണ്. പരിചരിച്ച രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മരണത്തിനു കീഴടങ്ങിയപ്പോൾ ആ മാലാഖയുടെ ധൈര്യത്തെ വാഴ്ത്തിപ്പാടുകയാണ് സമൂഹ മാധ്യമങ്ങൾ. രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.

മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താൻ പരിചരിച്ച സാബിത്ത് രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.

വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്താണ്. തീരാവേദനയിലാണ് ഈ കുടുംബം. അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഈ കുടുംബം മോചിതരായിട്ടില്ല. അതിനിടെ ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

കോഴിക്കോട്: സംസ്ഥാനത്ത് ഒരാളില്‍ കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലുള്ള ഒരാള്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കല്‍ കോളജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സാബിത്തിനേയും സാലിഹിനേയും ആദ്യഘട്ടത്തില്‍ ചികിത്സിച്ച നേഴ്‌സ് ലിനിയും മരണപ്പെട്ടിരുന്നു.

മരിച്ച സഹോദരങ്ങളെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സിച്ച ഷിജി, ജിഷ്ണ എന്നീ നേഴ്‌സുമാരില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള മറ്റുള്ളവരുടേയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതിനാല്‍ അന്നു തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ ഇടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

 

ബെംഗളൂരു ∙ രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്. നിലവില്‍ ലീഡ് നില ഇങ്ങനെ: ബിജെപി (120), കോൺഗ്രസ് (59), ജെഡിഎസ് (41), മറ്റുള്ളവർ (2). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 50ലധികം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്‌.

ശിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം, ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിക്കാരിപുര മണ്ഡലത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ വിജയിച്ചു. കോണ്‍ഗ്രസിന്റെ ജെ.ബി.മലതേഷിനെയാണ് യെദ്യൂരപ്പ പരാജയപ്പെടുത്തിയത്. 9,857 വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ നേട്ടം.

അതേസമയം ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു. ജെഡിഎസിന്റെ ജി.ഡി ദേവഗൗഡയ്ക്കാണ് ഇവിടെ വിജയം. ഇവിടെ ബിജെപിക്ക് ആകെ കിട്ടിയത് 2159 വോട്ട് മാത്രമാണ്. ബിജെപി വോട്ടുകള്‍ ഒന്നാകെ ജെഡിഎസിലേക്ക് പോയതാണ് ചാമുണ്ഡേശ്വരിയില്‍ പ്രതിഫലിച്ചത്.

മലയാളം യുകെ സ്പഷ്യല്‍, ജോജി തോമസ്

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ അഴിച്ചുപണിയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് നഷ്ട്‌പ്പെട്ട സ്മൃതി ഇറാനിയുടെ രാഷ്ട്രീയ ജീവിതം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നാല് വര്‍ഷം മുന്‍പ് മോഡി ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ താരത്തിളക്കമുള്ള മന്ത്രിമാരില്‍ ഒരാളായിരുന്നു സ്മൃതി ഇറാനി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി ഉയര്‍ത്തിയ വെല്ലുവിളി അത്ര വലുതായിരുന്നു. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പിന്നിലാക്കിയ സ്ണൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വീഴ്ച്ചയില്‍ അവസാനത്തെ ആണിയും അടിക്കുമെന്ന് പോലും ധാരണയുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രിയങ്ക ഗാന്ധി നടത്തിയ ചില ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ ഫലം മറ്റൊന്നാകുമെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഏറെയാണ്.

എന്തായാലും 2009ല്‍ മൂന്നരലക്ഷത്തിന് മുകളിലുണ്ടായിരുന്ന രാഹുലിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് അടുത്താക്കാന്‍ സ്മൃതി ഇറാനിക്ക് സാധിച്ചു. അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധിയെ വിറപ്പിച്ച പോരാട്ടത്തിന് കിട്ടിയ പ്രതിഫലമാണ് കേന്ദ്ര മന്ത്രി സ്ഥാനം. പലപ്പോഴും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന് കിട്ടുന്ന വകുപ്പായ മാനവ വിഭവശേഷി വകുപ്പാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നരസിംഹ റാവുവും, നരസിംഹ റാവു മന്ത്രിസഭയില്‍ അര്‍ജുന്‍ സിംഗും വഹിച്ചിരുന്ന മാനവ വിഭവശേഷി മന്ത്രാലയം മന്ത്രിസഭയിലെ രണ്ടാമനും തലമുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കുമായിരുന്നു ലഭിച്ചിരുന്നത്. കേന്ദ്ര മന്ത്രിസഭയിലേക്ക് വരുമ്പോള്‍ സ്മൃതി ഇറാനി പോലും ഇത്രയും നല്ലൊരു വകുപ്പ് നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള അടുപ്പവും മാധ്യമങ്ങളിലെ താരത്തിളക്കവും സ്്മൃതി ഇറാനിയെ കൂടുതല്‍ കൂടുതല്‍ രാഷ്ടീയ ഉയരങ്ങളിലെത്തിക്കുമെന്ന് വിലയിരുത്തപ്പെട്ടു. വാക്ചാതുര്യവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിടുക്കുമെല്ലാം സ്മൃതി ഇറാനിയെ കൂടുതല്‍ പ്രതീക്ഷയോടെ നോക്കി കാണാന്‍ ബിജെപിയെ പ്രേരിപ്പിച്ചു.

എന്നാല്‍ വിവാദങ്ങളും തിരിച്ചടികളും ഉണ്ടാവാന്‍ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. രാഷ്ട്രീയവും ഭരണപരവുമായ മുന്‍പരിചയം കുറവായ സ്മൃതി ഇറാനിയെപ്പോലുള്ള ഒരു ഇളം തലമുറക്കാരിയെ മാനവ വിഭവശേഷി വികസനം പോലുള്ള ഒരു മന്ത്രാലയം ഏല്‍പ്പിച്ചത് മുതല്‍ പിഴവുകള്‍ ആരംഭിക്കുകയായി. മന്ത്രാലയത്തെ ശരിയായി നയിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല വിവാദങ്ങള്‍ ഒഴിയാതെ വന്നുകൊണ്ടിരുന്നു. സര്‍വകലാളാകളെയും വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുടെ വിദ്യഭ്യാസ യോഗ്യത വ്യാജമാണെന്ന് ആരോപണം മോഡി സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം വരുത്തി. ഇത്തരത്തിലുള്ള വിവാദങ്ങളുടെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രകടനത്തിന്റെയും അനന്തരഫലമായിരുന്നു വാര്‍ത്താവിനിമയ വകുപ്പിലേക്കുള്ള മാറ്റം.

ഈ മാറ്റം ഒരു തരം താഴ്ത്തലായി കണക്കാക്കാന്‍ ആവില്ലായിരുന്നു. കാരണം ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കള്‍ കൈയ്യാളുന്ന വകുപ്പായിരുന്നു വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ്. വാച്ച്‌പേയി മന്ത്രിസഭയില്‍ പ്രമോദ് മഹാജനെപ്പോലെ താരത്തിളക്കം ഉള്ളവര്‍ കൊണ്ടു നടന്ന മന്ത്രാലയമാണിത്. സ്മൃതി ഇറാനിക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണം കൂടാതെ ടെക്‌സ്റ്റൈല്‍സിന്റെ ചുമതല കൂടി നല്‍കിയിരുന്നു. ഇതില്‍ പ്രധാന വകുപ്പായ വാര്‍ത്താ വിതരണ പ്രക്ഷേപണമാണ് കഴിഞ്ഞ ദിവസത്തെ അവാര്‍ഡ് ദാന വിവാദത്തെ തുടര്‍ന്ന് സ്മൃതി ഇറാനിക്ക് നഷ്ടപ്പെട്ടത്. ഒരു അവാര്‍ഡ് ദാനം പോലും വിവാദങ്ങളും ആക്ഷേപങ്ങളും ഇല്ലാതെ സംഘടിപ്പിക്കാന്‍ സാധിക്കാത്ത സ്മൃതി ഇറാനിക്ക് മന്ത്രാലയം നഷ്ടപ്പെട്ടതില്‍ അദ്ഭുതപ്പെടാനില്ല. കടുത്ത വിവാദങ്ങള്‍ക്കും ജനരോഷത്തിനും കാരണമായ അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ അസംതൃപ്തി രേഖപ്പെടുത്തിയതോടു കൂടി മോഡിയുടെ മുന്നില്‍ മറ്റു വഴികളൊന്നും ഇല്ലായിരുന്നു.

സ്മൃതി ഇറാനിയേക്കാള്‍ ഈ വിവാദങ്ങളില്‍ ഉത്തരനവാദിത്വമുള്ളത് ബിജെപി നേതൃത്വത്തിനും മോഡിക്കും തന്നെയാണ്. കാരണം തുംമ്പിയെ ഉപയോഗിച്ച് കല്ലെടുപ്പിക്കുന്നത് പോലെ യാതൊരു ഭരണ പരിചയവുമില്ലാത്ത സ്മൃതി ഇറാനിയെ ഇത്രയേറെ ഉത്തരവാദിത്വങ്ങള്‍ ഉള്ള പ്രധാന വകുപ്പുകള്‍ ഏല്‍പ്പിച്ചെടുത്താണ് പിഴച്ചത്. എന്തായാലും കേന്ദ്ര മന്ത്രിസഭയിലും ബിജെപിയുടെ നേതൃത്വനിരയിലും ഇരിക്കമ്പോഴുള്ള താരത്തിളക്കമല്ലാതെ വ്യക്തമായ ജനപിന്തുണയോ പാര്‍ട്ടി ഘടകങ്ങളുമായി ബന്ധങ്ങളോ ഇല്ലാത്ത സ്മൃതി ഇറാനിക്ക് ഇത് ഇറക്കത്തിന്റെ നാളുകളാണ്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍ രാഷ്ട്രീയ വനവാസം തന്നെയാണ് വിധിച്ചിരിക്കുന്നത്. പക്ഷേ നാലു വര്‍ഷം മുമ്പ് സ്മൃതി ഇറാനിയെക്കുറിച്ചുള്ള രാഷ്ട്രീയ പ്രവചനങ്ങള്‍ വളരെ വലുതായിരുന്നുവെന്നത് ഈ അവസരത്തില്‍ വിരോധാഭാസമായി തോന്നും.

ജീവനക്കാരുടെ കുറവു മൂലം ബുദ്ധിമുട്ടുന്ന ആശുപത്രി വാര്‍ഡുകളില്‍ നഴ്‌സുമാര്‍ ശാരീരികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ബോഡി ക്യാമറ ധരിക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു. രോഗികളില്‍ ചിലര്‍ തങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ബന്ദിയാക്കുകയും ചെയ്യാറുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ വാര്‍ഷിക കോണ്‍ഗ്രസിലാണ് നഴ്‌സുമാര്‍ വെളിപ്പെടുത്തിയത്. ബോഡി ക്യാമറ ധരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ വെളിപ്പെടുത്തല്‍ തുടക്കമിട്ടിരിക്കുകയാണ്.

ബോഡി ക്യാമറ ധരിക്കുന്നത് രോഗികളുമായുള്ള ബന്ധം തകര്‍ക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നു. ഇതിനു പകരം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ച് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ ചര്‍ച്ച ഉയര്‍ന്നു വന്നിരിക്കുന്നത്. ഒരു അക്യൂട്ട് വാര്‍ഡില്‍ രോഗി തന്നെ ബന്ദിയാക്കിയ അനുഭവം സൗത്ത് കോസ്റ്റിലെ വലിയൊരു ഡിസ്ട്രിക്റ്റ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ഷെല്ലി പിയേഴ്‌സ് പങ്കുവെച്ചു.

തനിക്കെതിരെയുണ്ടായ അഞ്ച് ഗുരുതരമായ ആക്രമണങ്ങളെയും ചെറിയ നിരവധി സംഭവങ്ങളെയും കുറിച്ച് ബെല്‍ഫാസ്റ്റില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ ഇവര്‍ വിശദീകരിച്ചു. എല്ലാ ദിവസവും അതിക്രമങ്ങളെ നേരിടേണ്ടി വരികയാണ് നഴ്‌സിംഗ് സമൂഹമെന്നും അവര്‍ പറഞ്ഞു. എന്‍എച്ച്എസ് നഴ്‌സുമാര്‍ നേരിടുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. 2016-17 വര്‍ഷത്തില്‍ 56,435 അതിക്രമങ്ങളാണ് ആശുപത്രികളില്‍ ഉണ്ടായത്. 2015-16 വര്‍ഷത്തില്‍ ഇത് 51,447 മാത്രമായിരുന്നു. 9.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്.

ഈയാഴ്ച സാറ്റ് പരീക്ഷയെഴുതുന്ന പകുതിയോളം വിദ്യാര്‍ത്ഥികളും പരീക്ഷാഫലത്തേക്കുറിച്ച് വന്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്. സാറ്റ് എഴുതിക്കൊണ്ടിരിക്കുന്ന 10, 11 വയസ് പ്രായമുള്ള 45 ശതമാനത്തോളം കുട്ടികള്‍ ഈ ആശങ്ക പങ്കുവെച്ചതായി സര്‍വേ വ്യക്തമാക്കുന്നു. 1005 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. തങ്ങളുടെ സാറ്റ് ഫലം നാണക്കേടുണ്ടാക്കുമോ എന്നാണ് ഇവരില്‍ മൂന്നിലൊന്ന് പേരും ഭയക്കുന്നത്. സ്റ്റേജ് 2 പരീക്ഷയെഴുതുന്ന 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അതുകൊണ്ടു തന്നെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെടുത്തി.

41 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പരീക്ഷ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്തിലൊന്ന് പേര്‍ക്ക് പരീക്ഷ കടുത്തതായിരുന്നു. കെല്ലോഗ്‌സ് സ്‌പോണ്‍സര്‍ ചെയ്തതാണ് ഈ സര്‍വേ. സുഹൃത്തുക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും സാറ്റ് പരീക്ഷ നടക്കുന്ന ഈയാഴ്ച വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പരീക്ഷാഫലത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേരും പങ്കുവെച്ചത്. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടുമെന്ന ആശങ്കയാണ് 15 ശതമാനം പേര്‍ക്കുള്ളത്.

കുട്ടികള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമാണ് സാറ്റ് പരീക്ഷ നല്‍കുന്നതെന്ന് സമീപ വര്‍ഷങ്ങളില്‍ നിരവധി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ രക്ഷിതാക്കളുടെ അഭിമാനം തങ്ങളുടെ മോശം റിസല്‍ട്ടിലൂടെ ഇല്ലാതാകുമോ എന്നാണ് കുട്ടികള്‍ ഭയക്കുന്നത്. 40 ശതമാനം പേരാണ് ഈ ആശങ്കയറിയിച്ചത്.

ലോകമൊട്ടാകെയുള്ള പ്രതിരോധ, സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ലോകശക്തികള്‍ക്കൊപ്പമുള്ള ബ്രിട്ടന്റെ സ്ഥാനം ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്ന് സൂചന. ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി നടത്തിയ വിശകലനമാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. യൂറോപ്യന്‍ യൂണിയന്റെ കോമണ്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് പോളിസിയില്‍ നിന്ന് പുറത്താകുന്നതോടെ രാജ്യത്തിന് ആഗോള സുരക്ഷയിലുള്ള സ്വാധീനം നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ ബ്രിട്ടന് സാധിച്ചേക്കുമെങ്കിലും ഇപ്പോള്‍ നേതൃനിരയിലും ആസൂത്രണത്തിലും മറ്റുമുള്ള നിര്‍ണ്ണായക സ്വാധീനശേഷി ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്നാണ് വ്യക്തമാകുന്നത്.

ആഫ്രിക്കന്‍ മുനമ്പിലെ കടല്‍ക്കൊള്ളക്കാരെ തുരത്തുന്നതിലും കൊസോവോയിലും പടിഞ്ഞാറന്‍ ബാള്‍ക്കനിലും നടത്തിയ ദൗത്യത്തിലും ബ്രിട്ടന് നിര്‍ണ്ണായക പങ്കായിരുന്നു ഉണ്ടായിരുന്നത്. വളരെ വിജയകരമായാണ് ഈ ദൗത്യങ്ങള്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കിയതെന്ന് കമ്മിറ്റി വിലയിരുത്തി. സിഎസ്ഡിപി ദൗത്യങ്ങള്‍ യുകെയുടെ വിദേശനയത്തില്‍ സുപ്രധാന സംഭാവനകള്‍ നല്‍കുകയും ഈ ദൗത്യങ്ങളില്‍ നിന്ന് ഒട്ടേറെ നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിറ്റി അധ്യക്ഷയായ ബാരോണസ് വര്‍മ പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളിലെ പങ്കാളിത്ത മോഡല്‍ നിലവിലുള്ള രീതിയില്‍ തുടര്‍ന്നാല്‍ സിഎസ്ഡിപി ദൗത്യങ്ങളില്‍ യുകെയുടെ സ്വാധീനം ഇല്ലാതാകും.

യൂറോപ്യന്‍ യൂണിയന്റെ തീരുമാനമെടുക്കാനും ആസൂത്രണം ചെയ്യാനുമുള്ള ബോഡികളില്‍ നിരീക്ഷക സ്ഥാനം നിലനിര്‍ത്താനായി ചര്‍ച്ചകള്‍ നടത്തുകയാണ് ഇനി ചെയ്യാനുള്ളതെന്ന് ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് സബ് കമ്മിറ്റി പറയുന്നു. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനുമായി പുതിയ സുരക്ഷാ ഉടമ്പടി രൂപീകരിക്കുമെന്നും സിഎസ്ഡിപിയിലുള്‍പ്പെടെ നിര്‍ണ്ണായക സഹകരണം ഉറപ്പു വരുത്തുമെന്നും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിക്ക് നേരിട്ട വന്‍ തിരിച്ചടിയാണ് ഈ വെളിപ്പെടുത്തലെന്നും വിലയിരുത്തലുണ്ട്.

RECENT POSTS
Copyright © . All rights reserved