കൊച്ചി: ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചി ആലിന്‍ചുവടിലുള്ള വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒമാനിലെ ചികിത്സക്കു ശേഷം കൊച്ചിയിലേക്ക് അദ്ദേഹത്തെ മാറ്റി. സൈന്യത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയില്‍ അരങ്ങേറിയത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് പവനായി എന്ന കഥാപാത്രത്തിലൂടെ ഹാസ്യത്തിലും കഴിവു തെളിയിച്ചു. 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു.
ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്
റോക്കി വർഗീസ്
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ ISRO പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV C 42 വിജയകരമായി വിക്ഷേപിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള 44 മത്തെ വിക്ഷേപണമാണ് ഇന്ന് നടന്നത്. ബ്രിട്ടന്റെ രണ്ട് സാറ്റലൈറ്റുകളെയാണ് ഐ എസ് ആർ ഒ ഇത്തവണ ബഹിരാകാശത്ത് എത്തിച്ചത്. ബ്രിട്ടണിലെ സറേയിലുള്ള സറേ സാറ്റലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയാണ് ഉപഗ്രഹങ്ങൾ. നോവ എസ് എ ആർ, എസ് 1- 4 എന്നീ പേരിലുള്ള ഉപഗ്രഹങ്ങൾ 583 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചിരിക്കുന്നത്. പി എസ് എൽ വിയുടെ വിക്ഷേപണ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2015 നും 2018 നും ഇടയിൽ നടത്തിയ വിക്ഷേപണങ്ങളിലൂടെ 5,600 കോടി രൂപയാണ് ISRO നേടിയത്.
ഫോറസ്റ്റ് മാപ്പിംഗ്, ലാൻഡ് സർവേ, ഐസ് കവർ മോണിറ്ററിംഗ്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കാണ് ഈ സാറ്റലൈറ്റുകൾ ഉപയോഗിക്കുക. ഇന്ത്യയ്ക്ക് നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടണിൽ വിമർശനമുയരുന്നതിന്റെ ഇടയിലാണ് ബ്രിട്ടന്റെ സാറ്റലൈറ്റുകൾ ഇന്ത്യ വിജയകരമായി ബഹിരാകാശത്തിൽ എത്തിച്ചത്. ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാരാണ് രംഗത്തെത്തിയത്. ബ്രിട്ടൺ നല്കുന്ന 98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. എന്നാൽ കുറഞ്ഞ ചിലവിൽ ഇന്ത്യ ഒരുക്കുന്ന സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി നൂറുകണക്കിന് മില്യൺ പൗണ്ടാണ് യുകെ ഗവൺമെന്റ് ലാഭിക്കുന്നത്.
ബ്രിട്ടനില്‍ നാലാം വ്യവസായ വിപ്ലവത്തിന് കളമൊരുങ്ങുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള സാങ്കേതിക വിദ്യകളാണ് പുതിയ വ്യവസായ വിപ്ലവത്തില്‍ ഉപയോഗിക്കപ്പെടുകയെന്നും അവ ബ്രിട്ടീഷ് തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. ഈ സാങ്കേതികതയില്‍ ലോകമൊട്ടാകെ നടക്കുന്ന വികസനങ്ങള്‍ പത്ത് ശതമാനം ബ്രിട്ടീഷ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 3.2 മില്യന്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലന്‍ഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് കാര്‍ണി ഈ മുന്നറിയിപ്പ് നല്‍കിയത്. സാങ്കേതിക രംഗത്തുണ്ടാകുന്ന ഓരോ വിപ്ലവവും തൊഴിലുകളും അതുമായി ബന്ധപ്പെട്ടുള്ള ജീവിതത്തെയും ദയാരഹിതമായി ഇല്ലാതാക്കുകയാണ്. മുന്‍ വ്യവസായ വിപ്ലവങ്ങളുടെ അതേ മാര്‍ഗ്ഗത്തില്‍ തന്നെയാണ് പുതിയ വ്യവസായ വിപ്ലവവും സംഭവിക്കുന്നത്. പുതിയ അവസരങ്ങള്‍ സംജാതമാകുന്നതിനു മുമ്പ് സാങ്കേതിക ജ്ഞാനമില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മയുടെ ഒരു ഇടവേളയുണ്ടാകുന്നു. ഇത് അസമത്വം പോലെയുള്ള സാമൂഹികാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോമേഷന്റെ ഭാഗമായി അനിശ്ചിതാവസ്ഥയിലാകുന്ന തൊഴിലുകള്‍ യുകെയില്‍ ആകമാനം 10 ശതമാനമാണെങ്കില്‍ അയര്‍ലന്‍ഡില്‍ അത് 15 ശതമാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് തൊഴിലാളികള്‍ക്ക് മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അവസരമൊരുക്കുന്നുണ്ടെങ്കിലും അത് തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. 2020ഓടെ 85 ശതമാനം കസ്റ്റമര്‍ സര്‍വീസ് സേവനങ്ങളും ചാറ്റ്‌ബോട്ടുകള്‍ ചെയ്യാന്‍ തുടങ്ങുമെന്നാണ് ഗാര്‍ട്‌നര്‍ എന്ന റിസര്‍ച്ച് കമ്പനി പറയുന്നത്.
എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് വിഭാഗം അഭിമുഖീകരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെ. പ്രതിമാസം രണ്ടായിരത്തോളം ജീവനക്കാരാണ് ജോലിയുപേക്ഷിക്കുന്നത്. ആയിരക്കണക്കിന് നഴ്‌സുമാരും തെറാപ്പിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് പുറത്തുപോകുന്നതായാണ് വ്യക്തമായിരിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാഗ്ദാനത്തെ സംശയത്തിലാക്കിക്കൊണ്ടാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് അനുസ്യൂതം തുടരുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നു മാത്രം മാസത്തില്‍ രണ്ടായിരം പേര്‍ പുറത്തു പോകുന്നുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ (DHSC) തയ്യാറാക്കിയ കണക്ക് പറയുന്നത്.

അമിതാകാംക്ഷ, വിഷാദരോഗം തുടങ്ങിയ രോഗങ്ങളുമായെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയും അത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ ജീവനക്കാര്‍ സര്‍വീസില്‍ ഇല്ലെന്ന വിവരങ്ങള്‍ പുറത്തു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് ജീവനക്കാര്‍ വന്‍തോതില്‍ പുറത്തേക്ക് പോകുന്നത്. 2017 ജൂണിനും കഴിഞ്ഞ മെയ് മാസത്തിനുമിടയില്‍ 23,686 ജീവനക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ജാക്കി ഡോയ്ല്‍ പ്രൈസ് ലേബര്‍ എംപി പോള ഷെറിഫിന്റെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച കോമണ്‍സില്‍ അറിയിച്ചിരുന്നു. മൊത്തം വര്‍ക്ക്‌ഫോഴ്‌സില്‍ എട്ടിലൊന്നു പേര്‍ വരും ഇതെന്നാണ് കണക്കാക്കുന്നത്.

ജൂണ്‍ അവസാനത്തോടെ മെന്റല്‍ ഹെല്‍ത്ത് മേഖലയിലെ പത്തിലൊന്ന് വേക്കന്‍സികള്‍ നികത്താതെ കിടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,87,215 ജീവനക്കാരാണ് മേഖലയിലുള്ളത്. 2,09,233 ജീവനക്കാര്‍ വേണ്ടയിടത്താണ് ഇത്രയും ജീവനക്കാരെ മാത്രം ഉപയോഗിച്ച് മെന്റല്‍ ഹെല്‍ത്ത് മേഖല പ്രവര്‍ത്തിക്കുന്നത്. 2012ഓടെ മെന്റല്‍ ഹെല്‍ത്ത് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ട് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.
ബ്രിട്ടനില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെയുള്ള പ്രദേശങ്ങളുടെ മാപ്പ് പുറത്ത്. മെറ്റ് ഓഫീസിന്റെ ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് രേഖപ്പെടുത്തിയ പ്രദേശങ്ങളുടെ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഒരു മൈല്‍ വരെ കൃത്യതയോടെ ഇടിമിന്നല്‍ പ്രഹരം കണക്കാക്കാന്‍ കഴിയുന്ന സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഏതാനും മൈലുകള്‍ ചുറ്റളവില്‍ മിന്നലേല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളെയും ഈ ഉപകരണത്തിന് കണ്ടെത്താനാകും. സമ്മര്‍ മാസങ്ങളിലാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഇടിമിന്നലുകള്‍ ഉണ്ടാകാറുള്ളത്. ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ക്ഷയര്‍, സൗത്ത് വെയില്‍സിലെ ചില പ്രദേശങ്ങള്‍ എന്നിവയാണ് മാപ്പ് അനുസരിച്ച് യുകെയില്‍ മിന്നലേല്‍ക്കാന്‍ സാധ്യത ഏറെയുള്ള പ്രദേശങ്ങള്‍.

2017ല്‍ യുകെയില്‍ മിന്നല്‍ പ്രഹരമേറ്റ പ്രദേശങ്ങള്‍ മൊത്തം കണക്കിലെടുത്താന് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. 48,765 മിന്നലുകള്‍ കരയില്‍ ഏറ്റതായാണ് കണക്ക്. തീരക്കടലിലും ഉള്‍ക്കടലിലുമായി അസംഖ്യം ഇടിമിന്നലുകള്‍ ഏറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗത്ത് വെയില്‍സ്, നോര്‍ഫോക്ക് ആന്‍ഡ് സഫോക്ക് പ്രദേശത്തിന്റെ കിഴക്കന്‍ തീരം, കോണ്‍വാളിന്റെ ചില ഭാഗങ്ങള്‍, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നീ പ്രദേശങ്ങളുടെ ഭൂരിപക്ഷം മേഖലകള്‍ എന്നിവ ഇടിമിന്നല്‍ സാധ്യതാ പ്രദേശങ്ങളായി മാപ്പില്‍ സൂചിപ്പിക്കുന്നു. അതേസമയം സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങള്‍ താരതമ്യേന മിന്നല്‍ മുക്ത മേഖലകളാണ്.

മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇടിമിന്നലുണ്ടാകാന്‍ സാധ്യതയേറെയുള്ള സമയം. മെയ് മാസത്തില്‍ 16,584 മിന്നല്‍ പ്രഹരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഒരു ദിവസം ശരാശരി 500 മിന്നലുകള്‍ വീതം ഈ പ്രദേശങ്ങളില്‍ പതിച്ചു. ഹെക്‌സഗണുകളുടെ ഗ്രിഡ് ആയി രാജ്യത്തെ വിഭജിച്ചുകൊണ്ടാണ് ഈ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ തെളിച്ചമുള്ള വലിയ ഡോട്ടുകള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മിന്നലേറ്റ പ്രദേശങ്ങളെ സൂചിപ്പിക്കുന്നുയ എറ്റിഡി നെറ്റ് (അറൈവല്‍ ടൈം ഡിഫറന്‍സ്) എന്ന പേരില്‍ അറിയപ്പെടുന്ന ഉപകരണമാണ് ഇടിമിന്നല്‍ സാധ്യതയുള്ള മേഖലകള്‍ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നത്. 11 സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മിന്നലുകളിലെ ഇലക്ട്രോ മാഗ്നറ്റിക് വികിരണങ്ങളാണ് ഇത് പരിശോധിക്കുന്നത്.
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
1981 ഒക്‌ടോബര്‍ 31 രാവിലെ 7 മണിയോടെ വെളിയന്നൂര്‍ ബസില്‍ കയറാന്‍ അടിച്ചിറക്കവലയിലെ പൂവരശ് മരച്ചുവട്ടില്‍ ഞാന്‍ നിന്നു. 7.15 ന് വരുന്ന ബസില്‍ കയറാമെങ്കില്‍ 9 മണിക്കു മുമ്പായി കോളേജില്‍ എത്താം. രണ്ടുപേര്‍ എനിക്കവിടെ സുഹൃത്തുക്കളായി. സി.ജെ തോമസ് എന്ന ഉഗാണ്ടാസാര്‍.
അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകനാണ്. നേരത്തെ ഉഗാണ്ടയില്‍ ജോലി ചെയ്തിരുന്നതുകൊണ്ടാണ് ആ പേരു ലഭിച്ചത്. മറ്റൊരാള്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ
എം.എം തമ്പിസാറാണ്. ആ കെ.എസ്.ആര്‍.ടി.സി ബസില്‍ ഉഴവൂര്‍ കോളേജിലേക്കുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് അധികവും. കോട്ടയം, നാഗമ്പടം, എസ്,എച്ച് മൗണ്ട്, ചവിട്ടുവരി സ്റ്റോപ്പുകളില്‍ നിന്നും കയറുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും. മധുരഭാഷണങ്ങളുടെയും പൊട്ടിച്ചിരികളുടെയും നടുവില്‍ ബസുയാത്ര ഹൃദ്യമായ ഒരനുഭവമായിരുന്നു.
ഫസ്റ്റ് അവറില്‍ ടൈംടേബിളുകള്‍ എല്ലാം പരിശോധിച്ച് ആന്റണി സാര്‍ എന്നോടു പറഞ്ഞു. ”ബാബുസാര്‍ മൂന്നാമത്തെ പീരിയഡില്‍ 110 ലെ ഡിവണ്‍ ഡീറ്റൂവില്‍ പെയ്‌ക്കോളൂ. ചാക്കോസാര്‍ ക്ലാസു കാണിച്ചുതരും.” പ്രാല്‍ സാറിന്റെ കൂടെ ഞാന്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റു കാണുവാന്‍ പോയി. അവിടെ ഒരുപറ്റം
അധ്യാപകര്‍ കൂടിനില്‍പ്പുണ്ട്. എല്ലാവരും കറുത്ത ബാഡ്ജ് കുത്തിയിരിക്കുന്നു. ഇന്ന് പ്രതിഷേധദിനമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പല അധ്യാപകര്‍ക്കും സെലക്ഷന്‍ ആയി നില്‍ക്കുകയാണ്.
കോട്ടയം മാനേജുമെന്റ ് ഒരു വര്‍ഷത്തെ അവധി മാത്രമെ നല്‍കുകയുള്ളു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അതിനെതിരെയാണ് അധ്യാപകരുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ ഞാന്‍ മലയാള വിഭാഗത്തിലേക്ക് തിരികെ പോന്നു.
മൂന്നാമത്തെ പിരിയഡില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാര്‍ക്ക് ഗദ്യഭാഗത്തിലെ ചില ലേഖനങ്ങളാണ് പഠിപ്പിക്കുവാന്‍ തന്നത്. കുട്ടികൃഷ്ണമാരാരുടെ മഹാകവിയുടെ ശില്പശാലയില്‍ എന്ന ലളിത സുന്ദരമായ ലേഖനം ഞാന്‍ വായിച്ചൊരുങ്ങി. മൂന്നാമത്തെ പീരിയഡില്‍ ഭാഷാമഞ്ജരിയിലെ ഗദ്യഭാഗവും കൈയ്യിലേന്തിഞാന്‍ ഡീവണ്‍ ഡീറ്റൂവിലെത്തി. ഫോര്‍ത്ത് ഗ്രൂപ്പുകാരുടെ കമ്പയിന്റ് ക്ലാസാണത്. ഒരു മുറിനിറയെ വിദ്യാര്‍ത്ഥികള്‍. സ്ഥലം കിട്ടാതെ ബെഞ്ചുകളില്‍ അവര്‍ തൂങ്ങിക്കിടക്കുന്നു. അടുത്ത
ഷിഫ്റ്റിലേക്കുള്ള കുട്ടികള്‍ ആണ്‍ പെണ്‍ ഭേദമന്യേ വരാന്തകളില്‍ നിരീക്ഷകരായി നിരന്നു നില്‍ക്കുന്നു. ആകപ്പാടെ ബഹളം. അകത്തും പുറത്തും ബഹളം. സ്റ്റെപ്പ്കട്ട് ചെയ്ത് ചെവികാണാതെ മുടി ചീകി വലിയ കോളറുള്ള ഷര്‍ട്ടുമിട്ട് 32 ഇഞ്ചിന്റെ ബല്‍ബോട്ടം പാന്റും ധരിച്ച് ജയന്‍ മോഡലില്‍ നില്‍ക്കുന്ന ഒരു
കൃശഗാത്രനെക്കണ്ടപ്പോള്‍ കുട്ടികളുടെ മുഖത്ത് കുസൃതി നിറഞ്ഞ പരിഹാസമോ? ഞാന്‍ ശങ്കിച്ചു….ശങ്ക പണ്ടേ എന്റെ കൂടപ്പിറപ്പാണ്.
അറിഞ്ഞതില്‍ പാതി പറയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായി പോയി
ഇതെന്റെ രക്തമാണ് ഇതെന്റെ മാംസമാണ്
ഇതു നിങ്ങളെടുത്തുകൊള്‍ക
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഞാന്‍ ഉറക്കെ നീട്ടിച്ചൊല്ലി. ക്ലാസ് നിശബ്ദമായി. എന്റെ ആമുഖപ്രഭാഷണത്തില്‍ കുട്ടികള്‍ തീര്‍ത്തും നിശബ്ദരായി. കുട്ടികളുടെ നിശബ്ദതക്കിടയിലൂടെ
ഞാന്‍ മഹാകവിയുടെ ശില്പശാലയിലേക്ക് സാവധാനം പ്രവേശിച്ചു. കുട്ടികള്‍ വള്ളത്തോളിനെ മന ില്‍ കണ്ട നേരം. ”56 ഇഞ്ച് വീതിയുള്ള ഖദര്‍ മുണ്ട് മുകളിലേക്ക് കയറ്റി ചുറ്റി വന്നേരിയിലെ പഞ്ചസാര മണലുള്ള വീട്ടുമുറ്റത്തുകൂടെ വള്ളത്തോള്‍ നടക്കുന്നു. കാവ്യ സമാധിയില്‍ എന്നവണ്ണം ആ
സന്ധ്യയില്‍ കവി ചിന്താകുലനാണ്.” ഈ സമയത്ത് ക്ലാസിന്റെപിറകില്‍ ഒരു കലപില. ഞാന്‍ ഒന്നു നോക്കി വായന തുടര്‍ന്നു. വീണ്ടും കലപില. ഞാന്‍ ഉറക്കെ ആക്രോശിച്ചു. ”എന്താണവിടെ?
എഴുന്നേറ്റു നില്‍ക്കെടോ” ഒരു തടിമാടന്‍ എഴുന്നേറ്റു നിന്നു. അവന്റെ മുഖത്തെ കൂസലില്ലായ്മ എന്നെ ഭയപ്പെടുത്തി. ഉള്ളൊന്നു കാളി. എങ്കിലും സര്‍വ്വശ്ക്തിയും സംഭരിച്ച് ഞാന്‍ ചോദി ച്ചു. ”എന്താ ടോ തന്റെ പേര്?” എടുത്തടിച്ച തു പോലെ അവന്‍ മറുപടിപറഞ്ഞു. ”ജോസഫ് എം.എ.” ”എം.എ. തന്റെ
ഇനീഷ്യല്‍ ആണെങ്കില്‍ അതെന്റെ ഡിഗ്രിയാണ്. മര്യാദക്ക് ക്ലാസില്‍ ഇരുന്നുകൊള്ളണം. ഇരിയെടാ അവിടെ.” ദൈവകൃപയാല്‍ അവന്‍ ഇരുന്നു. അവന്‍ ഇലഞ്ഞിക്കാരനായിരുന്നു എന്നു മാത്രമേ എനിക്കറിയത്തുള്ളൂ. തടിയുണ്ടായിരുന്നെങ്കിലും ഇലഞ്ഞിപ്പൂവിന്റെ നിഷ്‌കളങ്കത അവനിലുണ്ടായിരുന്നു. അതു കൊണ്ടാവാം അവന്‍ പെട്ടന്ന് ഇരുന്നതും !! ഒരു തുടക്കക്കാരനായി വന്ന എന്നെ അവന്‍ വിരട്ടിയെങ്കിലും ഒരിക്കല്‍ക്കൂടി അവനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ക്ലാസ് നിശബ്ദമായി. ഞാന്‍ വായിച്ച് വായിച്ച് വള്ളത്തോളിന്റെ പ്രകരണശുദ്ധിവരെ ആയപ്പോള്‍ ബെല്ലടിച്ചു. അകത്തുനിന്നു കുട്ടികള്‍ പുറത്തോട്ടും പുറത്തുനിന്നു കുട്ടികള്‍ അകത്തോട്ടും ഇടിച്ചുകയറി. ബെല്ലടിച്ചതിന്റെ ആശ്വാസത്തില്‍ ഞാന്‍ കുട്ടികള്‍ക്കിടയിലൂടെ ഊളിയിട്ട് വരാന്തയിലേക്കിറങ്ങി.
ഡിപ്പാര്‍ട്ടുമെന്റിലെത്തി എന്റെ കസേരയില്‍ ആശ്വാസത്തോടെ ഇരുന്നപ്പോള്‍ പ്രാല്‍സാര്‍ ചോദിച്ചു. ”എങ്ങിനെയുണ്ടായിരുന്നു ക്ലാസ്” നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട്ഞാന്‍ പറഞ്ഞു ”അറിഞ്ഞതില്‍ പാതി പറയാതെ പോയി. പറഞ്ഞതില്‍ പാതി പതിരായിപ്പോയി.” എല്ലാവരും ഉറക്കെചിരിച്ചു.
ജോസഫ് എം.എയോട് പേരു ചോദിക്കുന്ന ഈ സംഭവം മുപ്പതുവര്‍ഷത്തിനുശേഷം എന്നെ ഓര്‍മ്മിപ്പിച്ചത് എന്റെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ്. അധ്യാപകനായി ബി.സി.എമ്മിന്റെ മുറ്റത്തുകൂടെ 2011ല്‍ ഞാന്‍ നടക്കുമ്പോള്‍ സെന്റ ് ആന്‍സ് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിന്‍സി ആ സംഭവം
പറഞ്ഞ് പൊട്ടിച്ചിരിച്ചത് എനിക്കിപ്പോള്‍ വിസ്മയമായി. അവര്‍ ആ ക്ലാസിലെ വിദ്യാര്‍ത്ഥിനിയായിരുന്നു….!
അതിവിദഗ്ദ്ധ മേഖലയിലുള്ള രണ്ട് ജീവനക്കാരെ ഇമിഗ്രേഷന്‍ നിയമത്തിലെ തീവ്രവാദവുമായി ബന്ധമുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരെ കോടതി. ഹോം ഓഫീസ് നിയമലംഘനം നടത്തുകയാണെന്ന് കോടതി പറഞ്ഞു. ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ടാക്‌സ് റിട്ടേണുകളില്‍ നിയമപരമായ മാറ്റങ്ങള്‍ വരുത്തിയവര്‍ക്കെതിരെ ഇമിഗ്രേഷന്‍ നിയമത്തിലെ 322 (5) പാരഗ്രാഫ് അന്യായമായി ഉപയോഗിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ നടന്നു വരികയാണ്. കോടതിവിധി ഇവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ തേടുന്ന ആയിരത്തോളം വിദഗ്ദ്ധ തൊഴിലാളികള്‍ 322 (5) അനുസരിച്ച് ഇപ്പോള്‍ നാടുകടത്തലിന്റെ ഭീഷണിയിലാണ്.

ടാക്‌സ് രേഖകളില്‍ ലീഗല്‍ അമെന്‍ഡ്‌മെന്റുകള്‍ വരുത്തിയതിന്റെ പേരിലാണ് ഇവര്‍ നടപടി നേരിടുന്നതെന്ന് ഹൈലി സ്‌കില്‍ഡ് മൈഗ്രന്റ്‌സ് എന്ന സപ്പോര്‍ട്ട് ഗ്രൂപ്പ് പറയുന്നു. ഒലുവാറ്റോസിന്‍ ബാന്‍കോളെ, ഫാറൂഖ് ഷെയ്ഖ് എന്നിവരുടെ കേസിലാണ് അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജ് മെലിസ കാനവാന്‍ ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ഹോം ഓഫീസ് അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെതിരെ നീക്കം നടത്തുന്ന 20 എംപിമാര്‍ക്കും ഒരു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗത്തിനും ഈ വിധി ശക്തി പകരുമെന്ന് വിലയിരുത്തപ്പെടുന്നു. വിഷയത്തില്‍ കോമണ്‍സ് ചര്‍ച്ച നടത്തണമെന്ന് ക്യാംപെയിനിംഗ് നടത്തുന്ന എംപിമാരില്‍ ഒരാളായ ആലിസണ്‍ ത്യൂലിസ് ആവശ്യപ്പെട്ടു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ നിയമത്തില്‍ പുനരവലോകനം ഉണ്ടാകുമെന്നായിരുന്നു ജൂണ്‍ 21ന് തങ്ങള്‍ക്ക് കിട്ടിയ അറിയിപ്പെന്നും എന്നാല്‍ നടപടി മാത്രം ഉണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിയാണ് അതിവിദഗ്ദ്ധ മേഖലയിലുള്ള പല തൊഴിലാളികളും സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. ത്യൂലിസ്സിന്റെ അഭ്യര്‍ത്ഥന ഹോം ഓഫീസ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഹൗസ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്‌സം അറിയിച്ചു.
കുറ്റകൃത്യങ്ങള്‍ നടക്കാറില്ലെന്ന പേര് കളഞ്ഞുകുളിച്ച് സ്‌കോട്ടിഷ് ദ്വീപായ ഐല്‍ ഓഫ് ഗിഗ. 160 പേര്‍ മാത്രമുള്ള ദ്വീപില്‍ ആകെയുള്ള ഹോട്ടലില്‍ നിന്ന് 2000 പൗണ്ട് മോഷ്ടിക്കപ്പെട്ടതോടെയാണ് ദ്വീപിന്റെ സല്‍പ്പേരിന് കോട്ടമുണ്ടായത്. ഞായറാഴ്ച രാവിലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഈ സംഭവം സ്ഥിരീകരിച്ചത്. ഹോട്ടലില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ഫുഡ് ആന്‍ഡ് ബിവറേജസ് മാനേജര്‍ ആര്‍തര്‍ കാറ്റിലിയസ് പറഞ്ഞു. രണ്ട് പതിറ്റാണ്ടു മുമ്പ് ഒരു സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതാണ് ഇതിനു മുമ്പ് ദ്വീപില്‍ രേഖപ്പെടുത്തിയ കുറ്റകൃത്യം.

ദ്വീപുവാസികള്‍ തമ്മില്‍ പരസ്പരം നന്നായി അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെ മോഷണവാര്‍ത്ത ജനങ്ങളില്‍ വല്ലാത്ത ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്ത് സിസിടിവി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചന നടന്നു വരികയാണ്. ഒരു കമ്യൂണിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പ്രൈവറ്റ് ബിസിനസ് സംരംഭകര്‍ക്ക് ലീസിന് നല്‍കിയിരിക്കുകയാണ്. ഗിഗ പോലെയുള്ള ഒരു പ്രദേശത്ത് എങ്ങനെയാണ് ഇത്തരമൊരു കുറ്റകൃത്യം നടക്കുകയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

വളരെ ഞെട്ടലുളവാക്കുന്ന സംഭവമാണ് ഇതെന്നും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് പോലീസ് ശ്രദ്ധിക്കുമെന്ന് ഉറപ്പാണെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 8 രാത്രി 10 മണിക്കും സെപ്റ്റംബര്‍ 9 പുലര്‍ച്ചെ 1 മണിക്കുമിടക്കാണ് മോഷണം നടന്നതെന്നാണ് പോലീസ് സ്‌കോട്ട്‌ലാന്‍ഡ് വക്താവ് അറിയിക്കുന്നത്.
ആശുപത്രികളിലെ പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായ സര്‍ക്കാര്‍. ജീവനക്കാര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുന്നവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് മേലുദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നതാണ് പുതിയ നിര്‍ദേശം. മേലുദ്യോഗസ്ഥര്‍ക്ക് ജോലി വരെ നഷ്ടമാകുന്ന വിധത്തിലാണ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ പേഴ്‌സണ്‍ ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കും. രോഗികളും സഹപ്രവര്‍ത്തകരും വിലയിരുത്തല്‍ നടത്തുന്ന രീതിയും നടപ്പാകും. ദിനംപ്രതിയെന്നോണം അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നും ഒരു പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രോഗികളില്‍ നിന്നും അവരുടെ കൂട്ടിരിപ്പുകാരില്‍ നിന്നും അതിക്രമങ്ങള്‍ നേരിട്ടുവെന്ന 30 ശതമാനം എന്‍എച്ച്എസ് ജീവനക്കാര്‍ പറഞ്ഞിരുന്നു. മറ്റു ജീവനക്കാരില്‍ നിന്നുള്ള അതിക്രമങ്ങള്‍ 25 ശതമാനം പേരും അറിയിച്ചിട്ടുണ്ട്. മാനേജര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം നേരിടുന്നതായി 6.6 ശതമാനം വെളുത്ത വര്‍ഗ്ഗക്കാരായ ജീവനക്കാര്‍ പറയുമ്പോള്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ 15 ശതമാനത്തിനും ഈ വിവേചനം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരായ 4.5 ശതമാനം ജീവനക്കാര്‍ക്ക് രോഗികളില്‍ നിന്ന് മോശം പെരുമാറ്റവും വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരല്ലാത്തവരില്‍ ഇത് 16.8 ശതമാനമാണ്.

സര്‍വേ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നൂറു കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 1.2 മില്യന്‍ ആളുകളാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. 2014 മുതല്‍ ഡോക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ ടെസ്റ്റ് മറ്റു ജീവനക്കാരിലേക്കും വ്യാപിപ്പിക്കുകയാണ് ഇതിന് ഒരു പോംവഴിയെന്ന് ഹെല്‍ത്ത് മിനിസ്റ്ററായ സ്റ്റീഫന്‍ ബാര്‍ക്ലേ പറയുന്നു. ഇംഗ്ലണ്ടിലെ ആശുപത്രി ട്രസ്റ്റുകളിലെ 2800 ഡയറക്ടര്‍മാര്‍ക്കായിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുള്ള ചുമതല നല്‍കുക. പ്രശ്‌നം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
ന്യൂസ് ഡെസ്ക്
രാജ്യത്തെ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയ മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനെതിരെ കേസെടുത്തു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഫോട്ടോ പരസ്യപ്പെടുത്തിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോയാണ് പുറത്തുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്. എന്നാല്‍, സെക്ഷന്‍ 228 എ പ്രകാരം കുറ്റകരമായ നടപടിയാണ് സന്യാസിനി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നതിന് തെളിവായാണ് ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്. വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് ലഭിച്ചത്. തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു എന്നും അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് വ്യക്തമാക്കിയിരുന്നു.