Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബീജദാതാവുമായി രഹസ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സ്വവർഗ്ഗ പങ്കാളികൾ ആയിരുന്നവരിൽ ഒരാൾ സമ്മതിച്ചതിനെ തുടർന്ന്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്നും തന്റെ പേര് നീക്കം ചെയ്തതിനെതിരെ യുവതി കോടതിയിൽ നൽകിയ അപ്പീൽ പരാജയപ്പെട്ടിരിക്കുകയാണ്. അത്ഭുതപൂർവ്വവും അസാധാരണവുമായ ഈ കേസ്, നിലവിൽ ആറ് വയസ്സുള്ള പെൺകുട്ടിയുടെ നിയമപരമായ മാതാപിതാക്കൾ ആരാണ് എന്നത് കേന്ദ്രീകരിച്ചായിരുന്നു. സ്വവർഗ്ഗ പങ്കാളികളായ രണ്ടു സ്ത്രീകളും ഒരു ഓൺലൈൻ പരസ്യത്തിലൂടെ അവർ പരിചയപ്പെട്ട പുരുഷനും തമ്മിലുള്ള അനൗപചാരിക ഗർഭധാരണ ക്രമീകരണത്തിന് ഇടയിലാണ് കുട്ടി ജനിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. ദമ്പതികൾ, 2016 അവസാനത്തിൽ ഒരു പബ്ബിൽ വെച്ചാണ് ആദ്യമായി ഈ പുരുഷനെ കണ്ടുമുട്ടിയത്. സ്വവർഗ്ഗ പങ്കാളികളായ സ്ത്രീകളിൽ ഒരാൾക്ക് ഗർഭം ധരിക്കുവാനായി ബീജദാതാവിനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അവർ ഈ കൂടി കാഴ്ച നടത്തിയത്. പിന്നീട് മൂവരും തമ്മിൽ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തുകയും, കൃത്രിമ ബീജസങ്കലനം ഉപയോഗിക്കാൻ മൂവരും ഒരു കരാറിൽ എത്തുകയും ചെയ്തു. എന്നാൽ കൃത്രിമ ബീജസങ്കലനത്തിനുള്ള ശ്രമം രണ്ട് പ്രാവശ്യം പരാജയപ്പെട്ടപ്പോൾ, സ്വവർഗ്ഗ പങ്കാളികളായ സ്ത്രീകളിൽ ഒരാൾ ഈ പുരുഷനുമായി ബന്ധം സ്ഥാപിക്കുകയും, അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് കോടതി വാദം കേട്ടു. ഇത്തരത്തിൽ മൂന്ന് പ്രാവശ്യം അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായെന്നും, ഇതൊന്നും തന്നെ സ്വവർഗ്ഗ പങ്കാളികളിൽ ഉൾപ്പെട്ട യുവതിക്ക് അറിയില്ലായിരുന്നു എന്നുമാണ് കോടതി കണ്ടെത്തിയത്.

മൂന്നാം തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും, കൃത്രിമ ബീജസങ്കലനവും ഏകദേശം ഒരേ സമയത്ത് ആയതിനാൽ, ഗർഭധാരണത്തിലേക്ക് നയിച്ച ബീജസങ്കലന രീതി ഏതാണെന്ന് കൃത്യമായി വ്യക്തമാക്കുവാൻ സാധിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കുട്ടിയുടെ പരിപാലനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സ്വവർഗ്ഗ പങ്കാളികൾ ഇരുവരും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. അതിനുശേഷം കോടതിയിൽ തനിക്കും ബീജദാതാവിനും ഇടയിൽ ഉണ്ടായ ലൈംഗികബന്ധത്തെ സംബന്ധിച്ച് തുറന്നുപറഞ്ഞ് യുവതി, കുട്ടിയുടെ നിയമപരമായ രക്ഷിതാവ് അവർ ആണെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ അനൗപചാരികമായ, കൃത്യമല്ലാത്ത കരാറുകളിലൂടെ കൃത്രിമ ബീജസങ്കലനത്തിന് ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ് ഈ കേസെന്ന് ജഡ്ജി ഓർമ്മിപ്പിച്ചു. കോടതിയിൽ അപ്പീൽ നൽകിയ പങ്കാളിയെ രക്ഷിതാവായി കാണാൻ സാധിക്കില്ലെന്നും, അതിനാൽ തന്നെ ജനന സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുത്താൻ ആവില്ലെന്നും കോടതി കണ്ടെത്തി. വെള്ളിയാഴ്ച രേഖാമൂലമുള്ള വിധിന്യായത്തിൽ, ജസ്റ്റിസ് ഡേവിസിനും ജസ്റ്റിസ് അർനോൾഡിനും ഒപ്പം കേസ് പരിഗണിച്ച ജസ്റ്റിസ് ജാക്സൺ യുവതിയുടെ അപ്പീൽ തള്ളിയതായി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയായ യൂറോ സ്റ്റാറിന് നേരെ നടന്ന ആസൂത്രിത ആക്രമണം ബ്രിട്ടനിലും പ്രതിഫലിച്ചു. ട്രെയിനുകൾ റദ്ദാക്കിയത് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ അവധിക്കാല യാത്രകളെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ട്രെയിൻ ഗതാഗതം താറുമാറാക്കാനുള്ള ആസൂത്രിത ശ്രമം നടന്നത്. റെയിൽ പാതയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 25 ശതമാനം ട്രെയിനുകളും റദ്ദാക്കേണ്ടതായി വന്നു.

ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് ബ്രിട്ടീഷുകാരെ കാര്യമായി ബാധിച്ചു . ലണ്ടനെയും പാരീസിനെയും ബന്ധിപ്പിക്കുന്ന യൂറോ സ്റ്റാർ ട്രെയിൻ വളരെ ജനപ്രിയമാണ്. ഒട്ടേറെ പേരാണ് യുകെയിൽ നിന്ന് ഒളിംപിക്സ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പങ്കെടുക്കാനും അവധി ആഘോഷിക്കാനും യാത്രയ്ക്കായി തയ്യാറെടുത്തിരുന്നത്. വെറും 2. മണിക്കൂർ 16 മിനിറ്റ് സമയം മാത്രമേ ലണ്ടനിൽ നിന്ന് പാരീസിലേക്ക് ട്രെയിൻ ഗതാഗതത്തിന് എടുക്കുകയുള്ളൂ.. ട്രെയിൻ ഗതാഗതം താറുമാറായതിനെ തുടർന്ന് പാരീസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിലെത്താൻ സർ കെയർ സ്റ്റാർമർ വിമാനത്തിലാണ് പോയത്.

കഴിയുമെങ്കിൽ ഇന്നത്തെ യാത്ര റദ്ദാക്കാൻ ഉപഭോക്താക്കളോട് റെയിൽ ഓപ്പറേറ്റർമാർ പറഞ്ഞിട്ടുണ്ട്. ട്രെയിൻ ഗതാഗത തടസ്സം തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ . ട്രെയിൻ ഗതാഗതം താറുമാറായതോടെ 3.2 ദശലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയതായാണ് കണക്കുകൾ. ഇത് റോഡു ഗതാഗതത്തെയും കാര്യമായി ബാധിക്കും. ട്രെയിൻ ഗതാഗതം റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് വിമാന സർവീസിനെ ആശ്രയിക്കാൻ പരിമിതികൾ ഉണ്ടായിരുന്നു. ഒളിംപിക്സ് ഉദ്ഘാടനത്തിനായി നോ ഫ്ലൈ സോൺ ഏർപ്പെടുത്തിയതിനാൽ ഉച്ചകഴിഞ്ഞ് എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

26 കാരനായ കായ് ഡാനിയൽസും 20 കാരിയായ അലിസ് ലോയിഡും സ്പെയിനിലെ ടെനെറിഫിൽ എത്തിയത് അവരുടെ അവധി ആഘോഷിക്കാനാണ്. അലിസ് ലോയിഡും ഏഴുമാസം ഗർഭിണിയായിരുന്നു. ഇതിനിടെ അലിസ് ലോയിഡ് മാസം തികയാതെ ന്യൂസ്ട്ര സെനോറ ഡി കാൻഡലേറിയയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഇതേ തുടർന്ന് തങ്ങളുടെ യാത്രാ പദ്ധതികൾ എല്ലാം മാറ്റിവെച്ച് ഇവർക്ക് സ്പെയിനിൽ തങ്ങേണ്ടതായി വന്നിരിക്കുകയാണ്.

തങ്ങളുടെ താമസത്തിനും ആശുപത്രി ചിലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ലന്നതാണ് ദമ്പതികളെ പ്രശ്നത്തിൽ ആക്കിയിരിക്കുന്നത്. ഇവർ ഏകദേശം രണ്ട് മാസത്തോളം സ്പെയിനിൽ തുടരേണ്ടതായി വരും. ജൂലൈ 19-ാം തീയതിയാണ് ഇവർക്ക് ജോർജ് എന്ന പേരുകാരനായ മകൻ ജനിച്ചത്. മാസം തികയാതെയുള്ള പ്രസവമായതിനാൽ ആരോഗ്യപ്രശ്നങ്ങൾ കുട്ടിയ്ക്കുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദയാവധം അനുവദിക്കുന്നതിനായുള്ള സ്വകാര്യബിൽ മുൻ ലേബർ ജസ്റ്റിസ് സെക്രട്ടറി ലോർഡ് ഫാൽക്കണർ ഹൗസ് ഓഫ് ലോർഡ്‌സിൽ അവതരിപ്പിച്ചു. ആറുമാസമോ അതിൽ താഴെയോ മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ആളുകൾക്ക് ജീവിതം അവസാനിപ്പിക്കാൻ വൈദ്യസഹായം ലഭ്യമാക്കാനുള്ളതാണ് ബിൽ. തീരുമാനം എടുക്കാൻ മാനസികമായി കഴിവുള്ള ആളുകൾക്ക് മാത്രമേ തൻ്റെ ബിൽ ബാധകമാകൂ എന്ന് ലോർഡ് ഫാൽക്കണർ പറഞ്ഞു. ബില്ലിലെ നിർദേശം അനുസരിച്ച് രണ്ട് ഡോക്ടർമാരുടെയും ഹൈക്കോടതിയുടെയും അംഗീകാരം ദയാവധത്തിന് ആവശ്യമാണ്.


ലോർഡ്‌സിൽ അവതരിപ്പിച്ച സ്വകാര്യ അംഗങ്ങളുടെ ബില്ലുകൾ അപൂർവ്വമായി മാത്രമേ നിയമമാകൂ. എന്നാൽ സമാന വിഷയത്തിൽ ഭരണപക്ഷത്തു നിന്ന് ഒരു എംപി ഒരു ബില്ല് കോമൺസിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോർഡ് ഫാൽക്കണർ പറഞ്ഞു. ബിൽ നിയമമാകണമെങ്കിൽ പാർലമെൻറിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ വിഷയത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലിന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.


ദയാവധത്തിന്റെ ബില്ലിന്റെ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്ന് സർ കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. അതായത് പാർട്ടി ലൈനിനെ പിന്തുടരുന്നതിനുപകരം അവർക്ക് മനസ്സാക്ഷിയെ അടിസ്ഥാനമാക്കി വോട്ടുചെയ്യാം. ലോർഡ് ഫാൽക്കണറിന്റെ ബില്ലിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബില്ലിനെ ശ്വാസകോശ അർബുദം ബാധിച്ച ബ്രോഡ്കാസ്റ്റർ ഡാം എസ്തർ റാൻ്റ്സെൻ സ്വാഗതം ചെയ്തു. എന്നാൽ ഒരു സംവാദത്തിൽ ബില്ലിനെ സ്വാഗതം ചെയ്യുമ്പോഴും ഇത് നിയമമാകുന്നതിന്റെ പ്രത്യാഘാതങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്ന് മുൻ പാരാലിമ്പ്യൻ ബറോണസ് ടാന്നി ഗ്രേ-തോംസൺ അഭിപ്രായപ്പെട്ടു. ദയാവധം അനുവദിക്കുന്നതിനുള്ള ഒരു ബിൽ 2015-ൽ ഹൗസ് ഓഫ് കോമൺസിൽ അവസാനമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ 118-നെതിരെ 330 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :-എച്ച്എംആർസിയിൽ നിന്നുള്ള പെനാൽറ്റി നടപടികൾ ഒഴിവാക്കുവാൻ അടുത്ത ആഴ്ചയോടെ തന്നെ കൃത്യമായ നടപടികൾ പൂർത്തീകരിക്കണമെന്ന അന്ത്യശാസനമാണ് സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്നത്. ഈ വർഷം ജനുവരി മാസത്തിൽ, 2022-23 സാമ്പത്തിക വർഷത്തെ നികുതി റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്യുന്നതിൽ 1.1 ദശലക്ഷം പേർ പരാജയപ്പെട്ടു എന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ മുന്നറിയിപ്പ്. അടുത്ത സമയപരിധി ജൂലൈ 31ന് അവസാനിക്കുകയാണ്. സമയപരിധി പാലിക്കാത്ത ഏതൊരാൾക്കും ഫൈൻ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എച്ച് എം ആർ സി നൽകുന്നത്.

ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിൽ മൂന്നുമാസം കാലതാമസം ഉണ്ടായാൽ 100 പൗണ്ട് ഫൈൻ ആണ് ഈടാക്കുന്നത്. വീണ്ടും വൈകിയാൽ പെനാൽറ്റി എമൗണ്ട് വർദ്ധിക്കും എന്നും ഏജൻസി അധികൃതർ വ്യക്തമാക്കുന്നു. അസുഖം ബാധിച്ച് ഹോസ്പിറ്റലിൽ ആയിരിക്കുകയോ, തപാൽ വൈകുന്നത് മൂലമുള്ള പ്രശ്നമോ പോലുള്ളവയ്ക്ക് എച്ച് എം ആർ സി ചില ഇളവുകൾ അനുവദിക്കാറുണ്ട്. എന്നാൽ തികച്ചും സാധാരണമായ കാരണങ്ങൾക്ക് ഒരിക്കലും ഫൈൻ എമൗണ്ട് ഒഴിവാക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കാണ് നിലവിൽ ഇപ്പോൾ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരുന്നത്. സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ തങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിലും എല്ലാ ബിസിനസ്സ് ഫിനാൻസ് വിവരങ്ങളും രേഖപ്പെടുത്തുന്നതിലും ആവശ്യമുള്ളപ്പോൾ അത് കൃത്യമായി റിപ്പോർട്ട് ചെയ്യാൻ കഴിയുന്നതിലും ശ്രദ്ധാലുക്കൾ ആയിരിക്കണമെന്ന് വിദഗ്ധർ ഉപദേശങ്ങൾ നൽകുന്നു. സാധാരണയായി മറ്റ് ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ തൊഴിലുടമകൾ പൂർത്തിയാക്കേണ്ടവ, സ്വയം തൊഴിൽ ചെയ്യുമ്പോൾ തനിയെ ചെയ്യേണ്ടി വരുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സാധാരണയായി ഉണ്ടാകുന്നത്. സമ്മർദ്ദം കുറയ്ക്കാനായി സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പരിശീലനം ലഭിച്ച അക്കൗണ്ടന്റിനെയോ മറ്റു ആശ്രയിക്കാവുന്നതാണെന്നും വിദഗ്ധർ നിർദ്ദേശങ്ങൾ നൽകുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഇൻറർനെറ്റ് സെർച്ച് ടൂൾ ഏതാണെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ. നിലവിൽ ഭൂരിപക്ഷം ആളുകളും ഇൻറർനെറ്റിൽ തിരയുന്നതിനായി ഗൂഗിൾ ആണ് ഉപയോഗിക്കുന്നത്. ഗൂഗിൾ ചെയ്യുക എന്നത് ഇൻറർനെറ്റ് സെർച്ചിൻ്റെ മറ്റൊരു പര്യായമായി മാറി കഴിഞ്ഞു. എന്നാൽ ഗൂഗിൾ സെർച്ചിന് വൻ ഭീഷണി ഉയർത്തി കൊണ്ട് ഓപ്പൺ Al യുടെ സെർച്ച് ടൂൾ പുറത്തിറങ്ങാൻ പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്ന പുതിയ സേർച്ച് ടൂളിനെ വളരെ ആകാംക്ഷയോടെയാണ് സാങ്കേതിക വിദഗ്ധർ നോക്കി കാണുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ ഒരു കൂട്ടം ഉപഭോക്താക്കൾക്ക് സെർച്ച്‌ ജിപിടി ഉടൻ ലഭ്യമാക്കുമെന്ന് ഇന്നലെയാണ് കമ്പനി പ്രഖ്യാപിച്ചത് . ഓപ്പൺ Al യുടെ ചാറ്റ് ജി പി ടി പ്ലാറ്റ്ഫോം പെട്ടെന്നാണ് ലോകമെങ്ങുമുള്ള ഉപഭോക്താക്കളെ നേടിയെടുത്തത്. പുതിയ സേർച്ച് ടൂളിനെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

പുതിയ സെർച്ച് ഫീച്ചർ ഗൂഗിളും ഓപ്പൺ Al കമ്പനിയും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പൺ Al യുടെ ഏറ്റവും വലിയ നിക്ഷേപകരായ മൈക്രോസോഫ്റ്റ് 2019 -ൽ ഒരു ബില്യൺ ഡോളർ ആണ് ഓപ്പൺ Al-ൽ നിക്ഷേപിച്ചത്. ഫലത്തിൽ സേർച്ച് ജിപിടി വരുന്നത് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മിലുള്ള മത്സരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് യോർക്ക്ഷെയറിൽ 82 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ മൃതദേഹം നദിയിൽ ആണ് കണ്ടെത്തിയത്. സംഭവത്തിൽ 30 ഉം 32 ഉം വയസ്സുകാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോൺ നദിയിൽ മൃതദേഹം കണ്ടെത്തിയതായി ഇന്നലെ രാവിലെയാണ് പോലീസിന് വിവരം ലഭിച്ചത്. സംഭവം കൊലപാതകമാണെന്ന സൂചനകളെ തുടർന്ന് ഈ ജലപാത വഴിയുള്ള ഗതാഗതം പോലീസ് നിരോധിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ടോം വുഡ്‌വാർഡ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 101, 0800555111 എന്നീ നമ്പറുകളിൽ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിർമ്മിത ബുദ്ധി പ്രചാരത്തിലാകുന്നതോടെ തൊഴിൽ മേഖലകളിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് വളരെ നാളുകളായി. ഡ്രൈവർ ഇല്ലാത്ത കാറുകളും മറ്റും വ്യാപകമായ രീതിയിൽ പ്രചാരത്തിലാകുന്നതോടെ അനേകം പേരുടെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽക്കുമെന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലേക്കും നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റം വ്യാപകമായിട്ടുണ്ട്. വിദ്യാർത്ഥികളുടെ നിലവാരം അനുസരിച്ച് സ്വയം പ്രതികരിക്കുന്ന ട്രെയിനിങ് പ്ലാറ്റ്ഫോമുകൾ വ്യാപകമായി പ്രചാരത്തിലാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


എന്നാൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മൂലമുള്ള തൊഴിൽ നഷ്ടങ്ങളെ കുറിച്ച് വിഷമിക്കുന്നതിനു പകരം നിർമ്മിത ബുദ്ധിയുടെ സാങ്കേതികവിദ്യ എത്രമാത്രം സ്വന്തം തൊഴിൽമേഖലയുടെ കാര്യക്ഷമത കൂട്ടാൻ ഉപയോഗിക്കാമെന്ന് ചിന്തിക്കണം എന്ന അഭിപ്രായവും ശക്തമാണ്. ബ്രിട്ടനിലെ ഏകദേശം മൂന്നിൽ രണ്ട് ജോലികളും ഈ രീതിയിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഗൂഗിൾ അവകാശപ്പെട്ടു. ഈ രീതിയിൽ കാര്യക്ഷമത കൂട്ടാനുള്ള പിന്തുണ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഗൂഗിൾ പറഞ്ഞു.


നിലവിൽ യുകെയിലെ 50 ശതമാനം ആളുകളും സാങ്കേതികവിദ്യ തങ്ങളുടെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ Al അവതരിക്കുന്നതോടെ ചുരുക്കം ചില ജോലികൾ പൂർണ്ണമായും ഘട്ടം ഘട്ടമായി ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജനറേറ്റീവ് Al ടൂളുകൾ ഉപയോഗിച്ച് പല ക്ലെറിക്കൽ ജോലികളും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. ജനറേറ്റീവ് AI ഉപയോഗിച്ച് ഒരു ശരാശരി ബ്രിട്ടീഷ് തൊഴിലാളിക്ക് വർഷത്തിൽ 100 മണിക്കൂർ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 1980 കൾക്ക് ശേഷം പലിശ നിരക്കുകളിലെ കുത്തനെയുള്ള വർധനയിലൂടെ യുകെയിലെ മോർട്ട്ഗേജ് ചെലവുകൾ കുതിച്ചുയർന്നത് 320,000 ഓളം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ഒരു പ്രമുഖ തിങ്ക്ടാങ്ക് പുറത്തിറക്കിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഭവനവായ്പ പുതുക്കുകയോ പുതിയവ എടുക്കുകയോ ചെയ്യേണ്ട വ്യക്തികൾക്ക് അവരുടെ ഡിസ്പോസിബിൾ വരുമാനത്തിൽ ഗണ്യമായ ഇടിവ് നേരിട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2021 ഡിസംബറിനും 2023 ഡിസംബറിനും ഇടയിൽ മോർട്ട്‌ഗേജ് നൽകുന്നവർക്കിടയിലെ ദാരിദ്ര്യ നിരക്ക് 1.4 ശതമാനം വർധിച്ചിട്ടുണ്ട്. പലിശ നിരക്കുകളിൽ ഉള്ള വർദ്ധന മൂലം, പല കുടുംബങ്ങളും ആയിരക്കണക്കിന് പൗണ്ടാണ് മോർട്ട്ഗേജ് നിരക്കായി അധികമായി നൽകുന്നത്. 2021 ഡിസംബറിൽ 0.1 ശതമാനം എന്ന നിരക്കിൽ ആയിരുന്ന പലിശ നിരക്കുകൾ, പണപ്പെരുപ്പത്തെ തുടർന്ന് 14 തവണ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർദ്ധിപ്പിച്ചു. നിലവിൽ 5.25% എന്ന ഉയർന്ന നിരക്കിൽ എത്തി നിൽക്കുമ്പോൾ നിരവധി സാധാരണക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ കുടുംബങ്ങളെ ബാധിക്കുന്നുണ്ടെന്ന് തങ്ങൾക്കറിയാമെന്നും, അതിനാൽ തന്നെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും, സമ്പദ്‌വ്യവസ്ഥ വളർത്താനും നികുതികളും പണപ്പെരുപ്പവും മോർട്ട്ഗേജുകളും കഴിയുന്നത്ര കുറയ്ക്കാനുമുള്ള ശക്തമായ നടപടികൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു. ടോറി ഗവൺമെന്റിന്റെ വിനാശകരമായ മിനി ബഡ്ജറ്റിന്റെ ഭവിഷ്യത്താണ് ഇപ്പോഴും ആളുകൾ അനുഭവിക്കുന്നത് എന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് എംപി കുറ്റപ്പെടുത്തി. പണപ്പെരുപ്പത്തിന്റെ ആഘാതം തുല്യമല്ലാത്തതിനാൽ പലപ്പോഴും, ദാരിദ്ര്യത്തിന്റെ നിലയെ കുറിച്ച് പലപ്പോഴും നാം ബോധവാന്മാരല്ലെന്ന് ഐഎഫ്എസിലെ ഗവേഷണ സാമ്പത്തിക വിദഗ്ധനും റിപ്പോർട്ടിൻ്റെ രചയിതാവുമായ സാം റേ-ചൗധരി പറഞ്ഞു. ഇത്തരമൊരു റിപ്പോർട്ട് ഗവൺമെന്റിന്മേൽ ഉയർത്തുന്ന സമ്മർദ്ദം ഏറെയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) കുട്ടികളേയും മുതിർന്നവരേയും ബാധിക്കുന്ന ഒരു ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ആണ്. അശ്രദ്ധ, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ . ഈ രോഗാവസ്ഥ കുട്ടികളുടെയും മുതിർന്നവരടെയും ദൈനംദിന പ്രവർത്തനത്തെയും ജീവിത നിലവാരത്തെയും ബാധിക്കും . ഇപ്പോഴും ഈ രോഗത്തിൻറെ കൃത്യമായ കാരണങ്ങൾ അജ്ഞാതമാണ്. ജനിതകമായ ഘടകങ്ങൾ ഒരു പരിധിവരെ എ.ഡി.എച്ച്.ഡിവിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബിഹേവിറിയൽ തെറാപ്പി, മരുന്നുകൾ, പ്രത്യേക പഠനം മാർഗങ്ങൾ എന്നിവയിലൂടെ ഈ അവസ്ഥയെ നിയന്ത്രണ വിധേയമാക്കി വ്യക്തികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.

യുകെയിൽ എ.ഡി.എച്ച്.ഡി അവസ്ഥയിലുള്ള മുതിർന്ന വ്യക്തികൾ വിദഗ്ധ ചികിത്സയ്ക്കായി 8 വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം രോഗികൾ ആണ് ആരോഗ്യ സേവനങ്ങൾക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഈ അവസ്ഥ രോഗികൾക്ക് കടുത്ത ദുരിതം ആണ് നൽകുന്നത് എന്ന് റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് പറഞ്ഞു. എ.ഡി.എച്ച്.ഡി രോഗനിർണയത്തിനും പുനർ ചികിത്സയ്ക്കുമുള്ള കാലതാമസം എൻഎച്ച്എസിൻ്റെ തകർച്ചയുടെ ഭാഗമാണെന്ന് ലേബർ പാർട്ടി പറഞ്ഞു. പുതിയ സർക്കാരിൻറെ കീഴിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പാർട്ടി അഭിപ്രായപ്പെടുന്നത്.

എ.ഡി.എച്ച്.ഡി ഉള്ള ആളുകളുടെ എണ്ണം വളരെ കൂടിയതാണ് കാത്തിരിപ്പു സമയം ഇത്രയും വർധിക്കുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഷെഫീൽഡിലെ ഒരു എൻ എച്ച് എസ് ട്രസ്റ്റിൽ 6000 ത്തിലധികം ആളുകളുടെ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് രോഗികളെ മാത്രമാണ് ചികിത്സയ്ക്ക് വിധേയമാക്കിയത്. യുകെയിൽ പ്രായപൂർത്തിയായവർക്ക് എ.ഡി.എച്ച്.ഡി ചികിത്സ നൽകുന്ന സേവന ദാതാക്കളുടെ ഔദ്യോഗിക ലിസ്റ്റ് ഒന്നും തന്നെയില്ലന്നാണ് ബിബിസി റി പ്പോർട്ട് ചെയ്തത്. ഏകദേശം 70 ഓളം ചികിത്സാ കേന്ദ്രങ്ങൾ ഉണ്ടാകാമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved