കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ ലാന്‍ഡിംഗ് കാര്‍ഡ് സ്ലിപ്പുകള്‍ ഹോം ഓഫീസില്‍ നിന്നും നശിപ്പിക്കപ്പെട്ടുവെന്ന് മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് കോളനിയായിരുന്ന കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ വിവരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. റെസിഡന്‍സ് പെര്‍മിറ്റിനായ അപേക്ഷിക്കുന്ന സമയത്ത് സ്വന്തം രാജ്യത്ത് നിന്ന് യുകെയില്‍ എത്തിച്ചേര്‍ന്ന വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ റസിഡന്‍സ് പെര്‍മിറ്റുകളോ പൗരത്വമോ നല്‍കുകയുള്ളു. നിലവില്‍ ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന കരീബിയന്‍ കുടിയേറ്റക്കാര്‍ക്ക് രേഖകള്‍ നഷ്ടപ്പെട്ടത് പ്രതികൂലമായി ബാധിക്കും.
കരീബിയന്‍ നാടുകളില്‍ നിന്ന് യുകെയിലേക്ക് 1948 കാലഘട്ടങ്ങളില്‍ കുടിയേറിയവരുടെ ഇമിഗ്രേഷന്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നടപടികളില്‍ ഇളവ് അനുവദിക്കുമെന്ന് ഹോം സെക്രട്ടറി ആംബര്‍ റുഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രേഖകളുടെ അപര്യാപ്തത പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ ആഴ്ച്ച പ്രഖ്യാപിച്ച പുതിയ ടാസ്‌ക് ഫോഴ്‌സിന്റെ പിന്തുണയുണ്ടെങ്കില്‍ പോലും രേഖകളില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പൗരത്വത്തിനായി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്‍ യുകെയില്‍ എത്തിച്ചേര്‍ന്ന തിയതി പ്രധാനമാണ്. 1971ലെ ഇമിഗ്രേഷന്‍ ആക്ട് പ്രകാരം 1971 മുന്‍പ് യുകെയിലേക്ക് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുമെന്ന് അനുശാസിക്കുന്നുണ്ട്. 1971 ന് മുന്‍പ് യുകെയില്‍ എത്തിച്ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഏകെ രേഖയാണ് ലാന്‍ഡിംഗ് കാര്‍ഡ്.
2010ല്‍ ക്രോയ്‌ഡോണിലെ ഹോം ഓഫീസ് അടച്ചു പൂട്ടിയ സമയത്താണ് രേഖകള്‍ നശിപ്പിക്കപ്പെട്ടതെന്ന് മുന്‍ ജീവനക്കാരന്‍ പറയുന്നു. 1950നും 1960നും ഇടയിലുള്ള ലാന്‍ഡിംഗ് രേഖകളാണ് ഈ സമയത്ത് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡിപാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ രേഖകള്‍ നശിപ്പിക്കുന്നത് വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് മനേജര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഇയാള്‍ പറഞ്ഞു. 2010 ഒക്ടോബര്‍ അവസാനത്തോടെ രേഖകളെല്ലാം നശിപ്പിക്കപ്പെട്ടു. ഈ കാലഘട്ടങ്ങളില്‍ തെരേസ മെയ് ആയിരുന്നു ഹോം സെക്രട്ടറി. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന മുന്‍ ജീവനക്കാരന്റെ പേര് പുറത്ത് വിട്ടിട്ടില്ല.
ലോകത്തിലെ ഏറ്റവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കെയിനും ഹെറോയിനും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഒന്നാം സ്ഥാനത്ത്. നിയമ വിധേയമായി നടത്തുന്ന കയറ്റുമതിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 2016 മാത്രം 57 കിലോഗ്രാം ലീഗല്‍ കോക്കെയിനാണ് യുകെ കയറ്റുമതി ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സ് ഇതേ വര്‍ഷം കയറ്റുമതി ചെയ്തിരിക്കുന്നത് 13.7 കിലോഗ്രാം മാത്രമാണ്. അതേസമയം 2016ല്‍ യുകെ 330 കിലോഗ്രാം കോക്കെയില്‍ ഇറക്കുമതി ചെയ്തിരുന്നു. ലോകത്തിലെ ആകെ കൊക്കെയിന്‍ ഉപയോഗത്തിന്റെ പകുതിയിലേറെയും മെഡിക്കല്‍ ആവശ്യത്തിനാണ് ചെലവഴിക്കുന്നത്.
ഒരു ടണിലധികം ഹെറോയിനാണ് ലോകത്ത് ആകെ നിയമവിധേയമായി നിര്‍മ്മിക്കുന്നത്. ഇതിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നത് യുകെയിലാണ്. 535 കിലോഗ്രാമാണ് 2016ല്‍ ബ്രിട്ടന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം. ക്യാന്‍സര്‍ രോഗവും മറ്റു രോഗങ്ങളാല്‍ വേദന തിന്ന് ജീവിക്കുന്ന മനുഷ്യര്‍ക്ക് ഏറെ സഹായകരമാണ് ഹെറോയിന്‍. പെയിന്‍ കില്ലറുകളായി ഇവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നു. ചെവി, മൂക്ക്, തൊണ്ട തുടങ്ങിയ അവയവങ്ങളില്‍ നടത്തുന്ന പ്രധാന ശസ്ത്രക്രിയ സമയങ്ങള്‍ അനസ്‌ത്യേഷയായും ഇവ ഉപയോഗിക്കും. അതേസമയം രാജ്യത്ത് നിയമം ലംഘിച്ച് നടത്തുന്ന കൊക്കെയിന്‍ ഹെറോയിന്‍ വ്യാപരവും വര്‍ദ്ധിച്ചിട്ടുണ്ട്.
ഇന്‍ര്‍നാഷണല്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം കോക്ക ലീഫുകള്‍ കയറ്റുമതി ചെയ്യുന്ന ഏകരാജ്യം പെറുവാണ്. കോക്ക ലീഫുകളിലാണ് കൊക്കെയിന്‍ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നത്. പെറുവില്‍ നിന്നുള്ള കോക്ക ലീഫുകള്‍ ഇറക്കുമതി ചെയ്യുന്ന ഏക രാജ്യം അമേരിക്കയാണ്. 2016ല്‍ ഏതാണ്ട് 133 ടണ്‍ കോക്ക ലീഫുകളാണ് അമേരിക്ക ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ലോകത്തെമ്പാടും നിയമലംഘനം നടത്തിയ കോക്കെയിന്‍ ഹെറോയിന്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും നടക്കുന്നുണ്ട്. കൊളംമ്പിയ പോലുള്ള സ്ഥലങ്ങളില്‍ ഇത് വ്യാപകമാണ്. മെഡിക്കല്‍ ഉപയോഗത്തിനപ്പുറം ഇത്തരം ഡ്രഗ്‌സ് ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോകറന്‍സി എന്നിവയുടെ ക്രയവിക്രയങ്ങളില്‍ ചട്ടങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ്. ഡിജിറ്റല്‍ ടോക്കണുകളുടെ കാര്യത്തില്‍ നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് ലോക രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും ലഗാര്‍ഡ് പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ചട്ടങ്ങള്‍ കൊണ്ടുവരുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നേരത്തെ ഡിജിറ്റല്‍ കറന്‍സി മേഖലയില്‍ നിയന്ത്രണങ്ങള്‍ അത്യന്താപേക്ഷികമാണെന്ന് ലഗാര്‍ഡ് പറഞ്ഞിരുന്നു.
കമ്പ്യൂട്ടര്‍ യുഗത്തില്‍ കണ്ടെത്തിയിരിക്കുന്ന ചില ടെക്‌നോളജികള്‍ നമ്മുടെ ജീവിതത്തെ തന്നെ തിരുത്തി എഴുതിയിട്ടുള്ളവയാണ്. നമ്മുടെ നിക്ഷേപങ്ങളിലും സൂക്ഷിപ്പുകളിലും ഇതര പണമിടപാടുകളിലും ക്രിപ്‌റ്റോ അസറ്റുകള്‍ക്ക് കാര്യമായ സ്വാധീനമുണെന്നും ലഗാര്‍ഡ് പറയുന്നു. ക്രിപ്‌റ്റോ അസറ്റുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി വിനിയോഗിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് അവ ഉപഭോക്താക്കളുടെയും അതോറിറ്റികളുടെയും വിശ്വാസ്യതയും പിന്തുണയും നേടിയെടുക്കണം. ക്രിപ്‌റ്റോ ഇടപാടുകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ കൊണ്ടു വരുന്നതിനായി ഗ്ലോബല്‍ റെഗുലേറ്ററി സംവിധാനം ആവശ്യമാണ്. ഡിജിറ്റല്‍ കറന്‍സികള്‍ക്ക് അതിര്‍ത്തികള്‍ ബാധകമല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം അത്യാവശ്യമാണെന്നും ലഗാര്‍ഡ് പറയുന്നു.
ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം സംവിധാനം കൊണ്ടുവരുന്നതിനായി ലോകബാങ്കിന് സഹായ സഹകരണങ്ങള്‍ ആവശ്യമാണ്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് തടയിടാനായി ചട്ടങ്ങള്‍ സഹായകമാവുമെന്നും ലഗാര്‍ഡ് വ്യക്തമാക്കുന്നു. നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനും ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആവശ്യമായ ചര്‍ച്ചകളും രൂപപ്പെടുത്തിയെടുക്കുന്നതിന് മുന്‍കൈയെടുക്കാന്‍ ലോകബാങ്കിന് കഴിയുമെന്ന് ലഗാര്‍ഡ് വ്യക്തമാക്കി. ഡിജിറ്റൽ കറൻസി രംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങൾ ശുഭസൂചകമാണെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള പ്രോട്ടീനുകളെ വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. പുതിയ പ്രോട്ടീനുകളെ കണ്ടെത്തിയതോടെ റിസൈക്കിളിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ലോക രാജ്യങ്ങള്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജനം. സമുദ്രനിരപ്പിലും വേസ്റ്റ് പ്ലാന്റുകളിലുമായി കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കെട്ടികിടക്കുന്നത്. ഇവ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ സംസ്‌ക്കരിക്കാനുള്ള യാതൊരു മാര്‍ഗവും എവിടെയും കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന എന്‍സൈമുകള്‍ പ്ലാസ്റ്റിക്കിനെ തുരത്തുന്നതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. ബ്രിട്ടീഷ് ലബോറട്ടറിയില്‍ നടന്ന പരീക്ഷണത്തിലാണ് ഇത്തരം എന്‍സൈമുകളെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഒരു ജപ്പാനീസ് റീസൈക്കിളിംഗ് സെന്ററില്‍ കണ്ടെത്തിയ ബാക്ടീരിയയില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള പ്രോട്ടീനുകളെ കണ്ടെത്തിയിരിക്കുന്നത്. എക്‌സ്-റെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന് ഒടുവില്‍ പരിണാമം വരുത്തിയ എന്‍സൈമുകളുടെ ശക്തി വര്‍ദ്ധിച്ചു. ലബോറട്ടറിയില്‍ നടന്ന കൂടുതല്‍ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ എന്‍സൈമുകള്‍ക്ക് പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകളെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് മനസ്സിലായി. സാധാരണയായി മാര്‍ക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്ലാസ്റ്റിക് രൂപമാണ് പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന 70 ശതമാനം സോഫ്റ്റ് ഡ്രിങ്കുകള്‍, മിനറല്‍ വാട്ടര്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവയുടെ ബോട്ടിലുകള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്.
പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ നശിക്കാതെ കിടക്കുന്നവയാണ്. ഈ ഗണത്തില്‍പ്പെട്ടവയെ നിശ്പ്രയാസം നശിപ്പിക്കാന്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രോട്ടീനുകള്‍ക്ക് കഴിയും. ജപ്പാനീസ് റീസൈക്കിളിംഗ് സെന്ററില്‍ ഉണ്ടായിരുന്ന ഒരുതരം ബാക്ടീരിയകളില്‍ ടെസ്റ്റുകള്‍ നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക്കിനെ തുരത്താന്‍ കഴിവുള്ള പ്രോട്ടീന്‍ കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ഭക്ഷണമാക്കാനുള്ള കഴിവുണ്ടായിരുന്ന ഈ ബാക്ടീരിയകള്‍ക്ക് പക്ഷേ പിഇടിയെ ഫലപ്രദമായി നേരിടാനുള്ള കഴിവുണ്ടായിരുന്നില്ല. ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്ലൊരു ശതമാനവും സംസ്‌ക്കരിക്കാന്‍ എന്‍സൈമുകള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളും ടെസ്റ്റുകളും നടത്തിയതിന് ശേഷമായിരിക്കും സംസ്‌ക്കരണം സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
സിറിയയെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി കാത്ത് നില്‍ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്ന സിറിയന്‍ ഭരണകൂടത്തെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി ശ്രമിക്കുന്നത് ബ്രീട്ടീഷ് ഫോറിന്‍ പോളിസിക്കുമേല്‍ വീറ്റോ അധികാരം പ്രയോഗിക്കാന്‍ റഷ്യയ്ക്ക് അവസരമൊരുക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടാക്കില്ലെന്നും മെയ് വ്യക്തമാക്കി. ദൗമയിലെ വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധാകമണങ്ങളെ സംബന്ധിച്ച തെളിവ് ശേഖരണം നടത്തുന്നതിനായി വിദ്ഗദ്ധരെ അനുവദിക്കാത്തതിന് പിന്നില്‍ റഷ്യന്‍ കൈകളാണെന്നും മേയ് ആരോപിക്കുന്നു. ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തോടപ്പം ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും ബ്രിട്ടന്‍ ആരോപിച്ചു. മനുഷ്യത്വരഹിതമായ നടപടിയെന്നാണ് സിറിയന്‍ ആക്രമണത്തെ മേയ് വിശേഷിപ്പിച്ചത്.
കോമണ്‍സില്‍ നടന്ന ചൂടേറിയ വാദപ്രതിവാദങ്ങളില്‍ അമേരിക്കയോടും ഫ്രാന്‍സിനോടും ഒപ്പം ചേര്‍ന്ന് സിറിയന്‍ രാസായുധ കേന്ദ്രം ആക്രമിച്ച നടപടിയെ ന്യായീകരിച്ച് മേയ് രംഗത്ത് വന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്നും സിറിയയെ പിന്തിരിപ്പിക്കാന്‍ അത്തരമൊരു പ്രതികരണം അനിവാര്യമായിരുന്നുവെന്ന് മേയ് പറഞ്ഞു. സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് നിരവധി എംപിമാര്‍ രംഗത്ത് വന്നു. നിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് സിറിയയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. കൃത്യവും വ്യക്തവുമായ ധാരാളം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയൂ. എന്നാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പാകത്തിലുള്ള വിവരങ്ങളല്ല ഇവയെന്നും മേയ് പറഞ്ഞു. സിറിയയിലെ നിലവിലെ സ്ഥിതിഗതികളും യുകെ സര്‍ക്കാരിന്റെ നടപടിയും വിലയിരുത്തി നടത്തിയ വോട്ടെടുപ്പില്‍ മേയ് ഗവണ്‍മെന്റ് 314 വോട്ടുകള്‍ നേടി.
അതേസമയം സിറിയയില്‍ ആക്രമണം നടത്തിയ നടപടി നിയപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് തന്നെ പാര്‍ലമെന്റിന്റെ അനുമതി തേടാവുന്നതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള യുകെയുടെ അവസരമാണ് ആക്രമണത്തോടുകൂടി ഇല്ലാതായിരിക്കുന്നത്. ഡിപ്ലോമാറ്റിക് ശ്രമങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധ ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെയും റഷ്യയുടെയും സഹായത്തോടെയാണ് സിറിയന്‍ ഭരണകൂടം ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്.
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ആവശ്യപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നില്ല. ലണ്ടന്‍, ബര്‍മിംഗ്ഹാം തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ അഡ്മിഷനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലും ഫസ്റ്റ് പ്രിഫറന്‍സ് നല്‍കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്തതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.3 ശതമാനം കുറവാണ് അപേക്ഷകളിലുണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ ഏതു സ്‌കൂളിലേക്കായിരിക്കും തങ്ങളുടെ കുട്ടികള്‍ പോകുന്നത് എന്ന വിവരം ഏറെ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് അഞ്ച് ലക്ഷത്തോളം വരുന്ന മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
ലോക്കര്‍ അതോറിറ്റികള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് മിക്കയിടങ്ങളിലും നിരവധി കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെട്ടയിടങ്ങളില്‍ തന്നെ പ്രവേശനം ലഭിച്ചിട്ടുണ്ട്. 90 ശതമാനം മാതാപിതാക്കള്‍ക്ക് നിര്‍ദേശിച്ച് സ്‌കൂള്‍ തന്നെ ലഭിച്ചതായി അറിയിക്കുന്നു. പക്ഷേ ആയിരങ്ങള്‍ തങ്ങളുടെ സൗകര്യത്തിനുള്ള സ്‌കൂളുകള്‍ ലഭിക്കാത്തതില്‍ അസംതൃപ്തരാണ്. സഹോദരങ്ങള്‍ രണ്ട് സ്‌കൂളുകളിലാകുന്നതിന്റെ ബുദ്ധിമുട്ട് പങ്കുവെച്ച് ഒരു രക്ഷിതാവ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ലണ്ടനില്‍ 86.5 ശതമാനം പേര്‍ക്ക് ആദ്യ ചോയ്‌സിലുള്ള സ്‌കൂള്‍ തന്നെ ലഭിച്ചു. 2017നേക്കാള്‍ 0.61 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 96 ശതമാനം പേര്‍ക്ക് തങ്ങളുടെ മൂന്ന് പ്രിഫറന്‍സുകളിലൊന്നിലാണ് അഡ്മിഷന്‍ ലഭിച്ചത്.
ഈ വര്‍ഷം 2314 വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട് ഒരു സ്‌കൂളും ലഭിച്ചിട്ടില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 0.14 ശതമാനത്തിന്റെ കുറവ് മാത്രമേ ഇതിലുണ്ടായിട്ടുള്ളു. ജനനനിരക്കിലുണ്ടായ വര്‍ദ്ധനവ് മൂലം പ്രൈമറി സ്‌കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ പ്രൈമറികളില്‍ നിന്ന് സെക്കന്‍ഡറികളിലേക്ക് ഈ പ്രശ്‌നം എത്തിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.
മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് 8 വയസുകാരനായ ജൂലിയന്‍. ക്യാന്‍സര്‍ രോഗം ബാധിച്ച വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ജൂലിയന് ജീവന്‍ തിരികെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയിരുന്നില്ല. കഴിഞ്ഞ ക്രിസ്മസിന് മുന്‍പ് തന്നെ മരണം സംഭവിച്ചേക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍ വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തികൊണ്ട് ക്യാന്‍സറിനെ സ്വയം പ്രതിരോധിച്ച് വിജയം കണ്ടിരിക്കുകയാണ് ഈ 8 വയസുകാരന്‍. ചിട്ടയായ ഭക്ഷണക്രമം രോഗത്തെ പ്രതിരോധിക്കുന്നതില്‍ ചെറിയ തോതില്‍ സഹായക ഘടകമായി എന്നതൊഴിച്ചാല്‍ മറ്റൊന്നിന്റെയും പിന്‍ബലമില്ലാതെയാണ് അപകടകാരിയായ ക്യാന്‍സറിനെ ജൂലിയന്‍ തോല്‍പ്പിച്ചത്. മരണം മാത്രം മുന്നിലുണ്ടായിരുന്ന നാളുകളില്‍ മകന്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് അവന്റെ അമ്മ വ്യക്തമാക്കുന്നു.
ജൂലിയന് 2 വയസുള്ളപ്പോഴാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അക്വൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ എന്ന അപൂര്‍വ്വ രോഗത്തെ പ്രതിരോധിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒരു തരം ബോണ്‍ ക്യാന്‍സറാണ് അക്വൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ. ശരീരത്തിലെ വെറ്റ് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഈ രോഗം ചികിത്സിച്ച് ഭേദമാക്കുക ഏറെ ശ്രമകരമായ പ്രവൃത്തിയാണ്. രാജ്യത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ചികിത്സ ജൂലിയന് മാതാപിതാക്കള്‍ നല്‍കി. നിരവധി തവണ കീമോ തെറാപ്പി പരീക്ഷിച്ചു. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി. പക്ഷേ രോഗം അവനെ വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. ഒരോ തവണ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ രോഗം വീണ്ടും ശക്തിയോടെ തിരിച്ചുവരും. ജൂലിയന്റെ കുടുംബത്തെ മാനസികമായി തളര്‍ത്തിയ കാലഘട്ടമായിരുന്നു അത്.
നാലാമത് തവണയും രോഗം തിരിച്ചു വന്നതിന് ശേഷം ഡോക്ടര്‍മാര്‍ അവന്‍ കഴിഞ്ഞ ക്രിസ്മസിനെ അതിജീവിക്കില്ലെന്ന് വ്യക്തമാക്കി. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതായി അന്ന് തോന്നിയതായി ജൂലിയന്റെ അമ്മ പറയുന്നു. രോഗശമനത്തിനായി പിന്നീട് പ്രത്യേകമായൊന്നും ചെയ്തില്ല. പക്ഷേ അദ്ഭുതാവഹമായ മാറ്റങ്ങള്‍ ജൂലിയനില്‍ കണ്ട് തുടങ്ങി. ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതോടെ കുടുംബത്തിന്റെ പ്രതീക്ഷയും തിരിച്ചു വന്നു. ലോകത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇത്. ഏഴ് ബില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന അവസ്ഥാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ രോഗാവസ്ഥ അക്വൂട്ട് മെലോയിഡ് ലൂക്കീമിയ എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുമെന്ന് ഡോക്ടര്‍ പറഞ്ഞു.
രോഗികള്‍ക്ക് പണം നേരിട്ട് നല്‍കുന്ന സംവിധാനം എന്‍എച്ച്എസ് ആവിഷ്‌കരിക്കുന്നു. രോഗികള്‍ക്ക് അനുയോജ്യമായ കെയറിംഗ് സംവിധാനം സ്വയം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ രോഗികള്‍ക്ക് ലഭിക്കുന്നത്. പേഴ്‌സണല്‍ അലവന്‍സായി ലക്ഷക്കണക്കിന് രോഗികള്‍ക്ക് പണം നല്‍കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഡിമെന്‍ഷ്യ, പഠന വൈകല്യങ്ങള്‍ എന്നിവയുള്ളവര്‍ക്ക് തങ്ങള്‍ക്കാവശ്യമായ ചികിത്സ ഏതു വിധത്തിലുള്ളതാകണമെന്ന് തെരഞ്ഞെടുക്കാം. രോഗികളിലേക്ക് അധികാരം തിരിച്ചെത്തിക്കുക എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. എന്നാല്‍ രോഗികള്‍ക്ക് ഇപ്രകാരം ചെയ്യണമെങ്കില്‍ ഒരു ഡോക്ടറുടെ അപ്രൂവല്‍ ആവശ്യമാണ്.
പേഴ്‌സണല്‍ ഹെല്‍ത്ത് ബജറ്റുകള്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചവര്‍ക്കും വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്. അതിനു സമാനമായാണ് എന്‍എച്ച്എസും അലവന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് പൗണ്ടുകള്‍ ഈ വിധത്തില്‍ രോഗികള്‍ക്ക് കൈമാറാനാണ് പദ്ധതി. ഇതിലൂടെ രോഗികള്‍ക്ക് സ്വന്തമായി കെയറര്‍മാരെ നിയോഗിക്കാന്‍ കഴിയും പേഴ്‌സണല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കാനും ഉപകരണങ്ങള്‍ വാങ്ങാനും എക്‌സര്‍സൈസ് ക്ലാസുകളില്‍ പങ്കെടുക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യമാണ് രോഗികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. നിരവധി പേര്‍ ഈ നീക്കത്തെ അനുകൂലിക്കുമ്പോള്‍ വിമര്‍ശകരും കുറവല്ല.
ചികിത്സക്കായി നല്‍കുന്ന പണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത് ഉപയോഗിച്ച് ഹോളിഡേകള്‍ ആഘോഷിക്കുമെന്നും അരോമതെറാപ്പി പോലെയുള്ള വ്യാജ വൈദ്യത്തിന് ഉപയോഗിക്കപ്പെടുമെന്നും വിമര്‍ശനമുയരുന്നു. നിലവില്‍ 23,000 പേര്‍ക്ക് പേഴ്‌സണല്‍ ബജറ്റ് എന്‍എച്ച്എസ് നല്‍കുന്നുണ്ട്. ഇത് 350,000 ആയി ഉയര്‍ത്താനാണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുടെ പിന്തുണയോടെയാണ് ഈ പദ്ധതി നിലവില്‍ വരുന്നത്.
ബ്രിട്ടനിലെ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. സ്പ്രിംഗില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെക്കോര്‍ഡ് താപനിലയായിരിക്കും രേഖപ്പെടുത്തുകയെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രോപ്പിക്കല്‍ എയര്‍ യുകെയുടെ അന്തരീക്ഷത്തിലെത്തുന്നതോടെ താപനില ഗണ്യമായി വര്‍ദ്ധിക്കും.ഹ്യൂമിഡിറ്റിയും അനുഭവപ്പെടാമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. നിലവില്‍ ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സതേണ്‍ ഇംഗ്ലണ്ടിലെ കെന്റിലാണ് 19.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. വൈകിയാരംഭിച്ച സ്പ്രിംഗില്‍ സമ്മറിന് സമാനമായ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും ചുടേറിയ ഏപ്രിലിനാണ് യുകെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
അതേസമയം സ്‌കോട്‌ലന്‍ഡില്‍ ശക്തമായി മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇവിടെങ്ങളില്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. പുലര്‍ച്ചെ 2 മണി മുല്‍ രാവിലെ 11 മണിവരെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊടും ശൈത്യത്തിന് ശേഷം രാജ്യത്തെ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടായികൊണ്ടിരിക്കുകയാണെന്നും. അധിക സമയം തെളിച്ചമുള്ള കാലവസ്ഥ ലഭിക്കുമെന്നും മെറ്റ് ഓഫീസ് നിരീക്ഷകന്‍ അലക്‌സ് ബര്‍ക്കില്‍ വ്യക്തമാക്കി. ബുധനാഴ്ച്ച രാജ്യത്തിന്റെ മിക്കയിടങ്ങളിലും തെളിച്ചമുള്ള കാലാവസ്ഥയായിരിക്കും. വരും ദിവസങ്ങളില്‍ താപനില 18 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കൂടിയതോടു കൂടി ബീച്ചുകളിലും പാര്‍ക്കുകളിലും വെയില്‍ കായാനെത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
സമ്മറിലെ സഞ്ചാരികളുടെ പ്രധാന ഹോളിഡെ സ്‌പോട്ടുകളായ ഗ്രീസ്, ഇറ്റലി സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെക്കാളും കൂടിയ താപനിലയാവും ബ്രിട്ടനില്‍ വരും ദിവസങ്ങളില്‍ അനുഭവപ്പെടാന്‍ പോകുന്നത്. ചിലപ്പോള്‍ താപനിലയിലെ വര്‍ദ്ധനവ് അമേരിക്കയിലെ കാലിഫോര്‍ണിയേക്കാളും കൂടുതാലാവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. സമീപവര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസമായിരിക്കും ഈ വര്‍ഷത്തേത്. യുകെയിലെ പല ഭാഗങ്ങളിലും കൊടുംവേനലിന് സമാനമായ കാലാവസ്ഥയായിരിക്കും ലഭിക്കുക. സമീപകാലത്തെ ഏറ്റവും കടുപ്പമേറിയ വിന്ററിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോയത്. അതിശക്തമായ ശീതക്കാറ്റും മഴയും മഞ്ഞുവീഴ്ച്ചയും മൂലം രാജ്യം വലഞ്ഞിരുന്നു. എന്നാല്‍ വൈകിയെത്തിയ സ്പ്രിംഗില്‍ കൂടുതല്‍ തെളിച്ചമുള്ള ദിവസങ്ങള്‍ ലഭിക്കുന്നത് ജനങ്ങളെ സന്തോഷത്തിലാക്കുന്നുണ്ട്.
മൂന്നാമത് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് മുന്‍പില്‍ അരങ്ങേറുമ്പോള്‍ ഇത്തവണ അതിഥിയായി എത്തുമെന്ന് ഉറപ്പ് നല്‍കി സൂപ്പര്‍താരം മോഹന്‍ലാല്‍. യൂറോപ്പ് മലയാളികള്‍ക്ക് വിസ്മയ നിമിഷങ്ങള്‍ സമ്മാനിച്ച് കടന്ന് പോയ ആദ്യ രണ്ട് അവാര്‍ഡ് നൈറ്റുകളും സൂപ്പര്‍താര സാന്നിദ്ധ്യം മൂലവും ആകര്‍ഷകങ്ങളായ പ്രോഗ്രാമുകള്‍ വഴിയും ജനഹൃദായങ്ങള്‍ കീഴടക്കിയിരുന്നു. ഒരു യൂറോപ്പ്യന്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മലയാളി പ്രോഗ്രാം എന്ന നിലയില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് തുടക്കം മുതല്‍ തന്നെ ശ്രദ്ധേയമായി മാറിയ വേദിയാണ്. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ടിവിയുടെ യൂറോപ്പ് ഡയറക്ടര്‍ ആയ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ യൂറോപ്പ് മലയാളികള്‍ക്കായി രൂപം കൊണ്ട ടെലിവിഷന്‍ ചാനല്‍ ആണ് ആനന്ദ് ടിവി. ശ്രദ്ധേയമായ പ്രോഗ്രാമുകളിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചാനല്‍ ആ നിലവാരം കാത്ത് സൂക്ഷിച്ച് നടത്തിവയായിരുന്നു കഴിഞ്ഞ് പോയ രണ്ട് അവാര്‍ഡ് നൈറ്റുകളും.
മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന ഒന്നും രണ്ടും അവാര്‍ഡ് നൈറ്റുകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നവയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും, മകനും യുവ സൂപ്പര്‍ താരവുമായ ദുല്‍ഖര്‍ സല്‍മാനും ഭാര്യാ സമേതരായി പങ്കെടുത്ത ആദ്യ അവാര്‍ഡ് നൈറ്റ് താരനിബിഡമായ ഒരു ചടങ്ങ് ആയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സ്റ്റേജില്‍ എത്തിയതും മമ്മൂട്ടി തടഞ്ഞതും മമത മോഹന്‍ദാസിന്‍റെ വസ്ത്രധാരണവും ഒക്കെ അവാര്‍ഡ് നൈറ്റിനു ശേഷം ലോകമലയാളികള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ആയിരുന്നു.
മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന രണ്ടാമത് അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായത് ബോളിവുഡ് സൂപ്പര്‍താരമായ അനില്‍ കപൂര്‍, യുവതാരം നിവിന്‍ പോളി, പ്രശസ്ത നടി ഭാവന എന്നിവരുടെ സാന്നിദ്ധ്യവും എത്തുമെന്ന് കരുതിയിരുന്ന മോഹന്‍ ലാലിന്‍റെ പിന്മാറ്റവും മൂലമായിരുന്നു. ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന ചിത്രത്തിന് വരാവുന്ന നഷ്ടം മൂലം കഴിഞ്ഞ തവണ പിന്മാറിയ മോഹന്‍ലാല്‍ അത് കൊണ്ട് തന്നെ ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനായി മറ്റെല്ലാ പരിപാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ലാലേട്ടന് പകരം അനില്‍ കപൂറിനെ ഇറക്കി കാണികളെ കയ്യിലെടുത്ത ആനന്ദ് ടിവിയും ലാലേട്ടന്‍ ഇത്തവണ പങ്കെടുക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.
മോഹന്‍ലാലിന് പുറമേ വന്‍ താരനിര തന്നെ മൂന്നാമത് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. പതിവ് വേദിയായ മാഞ്ചസ്റ്റര്‍ അറീനയില്‍ നിന്നും മാറി കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ബര്‍മിംഗ്ഹാം ഹൈപ്പോ ഡ്രോമിലേക്ക് അവാര്‍ഡ് നൈറ്റ് എത്തുമ്പോള്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ എത്തുന്നവരില്‍ രമേഷ് പിഷാരടി, ധര്‍മ്മജന്‍, നടി പാര്‍വതി, വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസ്സി, മനോജ് കെ ജയന്‍തുടങ്ങി പ്രമുഖര്‍ ഏറെയാണ്.
മുന്‍പ് രണ്ട് തവണയും ടിക്കറ്റുകള്‍ ലഭിക്കാതെ വളരെയധികം പേര്‍ നിരാശരായ പരിപാടി എന്ന നിലയില്‍ ഈ പ്രോഗ്രാം കാണാന്‍ താത്പര്യമുള്ളവര്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും. ആനന്ദ് ടിവി വഴിയും അവാര്‍ഡ് നൈറ്റ് മീഡിയ പാര്‍ട്ണര്‍ ആയ മലയാളം യുകെ വഴിയും നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ നേരത്തെ തന്നെ റിസര്‍വ് ചെയ്യാവുന്നതാണ്. ജൂണ്‍ 16 ശനിയാഴ്ച ആണ് ബര്‍മിംഗ്ഹാമില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.
ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ നിങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്. ടിക്കറ്റ് നിരക്കുകള്‍ £75, £50, £40, £30, £20 എന്നിങ്ങനെ വിവിധ നിരക്കുകളില്‍ ലഭ്യമാണ്. ഫാമിലി ടിക്കറ്റുകള്‍ക്കും ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കും സ്പെഷ്യല്‍ ഡിസ്കൌണ്ടുകള്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ആനന്ദ് ടിവി: 02085866511
മലയാളം യുകെ : 07951903705, 07915660914