ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ എയർപോർട്ടിൽ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്ത് ചവിട്ടിയ സംഭവത്തിൽ പ്രതികരിച്ച് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി). സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനെ പ്രവർത്തന ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചു. ഇയാളെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടില്ല. സംഭവത്തിൻെറ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (IOPC), അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടേസർ ചെയ്ത ശേഷം കൈകൾ പുറകിൽ കെട്ടിയ നിലയിൽ നിൽക്കുന്ന യുവാവിൻെറ മുഖത്തും തലയിലും പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ചും അറസ്റ്റിനിടെ നടത്തുന്ന ബലപ്രയോഗത്തെ കുറിച്ചും പൊതുജനങ്ങൾക്കിടെ ആശങ്ക പടർന്നിട്ടുണ്ട്. ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ടിൻെറ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ് സേന ഇപ്പോൾ.
ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഉദ്യോഗസ്ഥർ തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം. ഒന്നിലധികം ഉദ്യോഗസ്ഥരെ ആക്രമണം നടത്തി ഒരുദ്യോഗസ്ഥൻെറ മൂക്കിന് പരിക്കേറ്റതിനെ പിന്നാലെയാണ് അറസ്റ്റ് ഉണ്ടായതെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ടെർമിനൽ 2-ൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ആക്രമണം, അടിയന്തര ഉദ്യോഗസ്ഥനെ ആക്രമിക്കൽ, അതിക്രമം, പോലീസിൻെറ ജോലി തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒട്ടേറെ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ് മലയാളികൾ യുകെയിൽ എത്തുന്നത്. കോതമംഗലം സ്വദേശിയായ ഹനൂജിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പക്ഷേ യുകെയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പ് മരണം രംഗബോധമില്ലാത്ത കോമാളിയായി ഹനൂജിന്റെ ജീവനെടുത്തു. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി ഹനൂജ് ഇനി ഉണരാത്ത ഉറക്കത്തിലേയ്ക്ക് വീണിരിക്കുന്നു എന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല.
കെയർ വിസയിൽ ആണ് ഹനൂജും ഭാര്യയും യുകെയിൽ എത്തിയത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന ഹനൂജിന് ക്ഷീണം തോന്നി രാവിലെ വീണ്ടും കിടക്കാൻ പോകുകയായിരുന്നു . രാവിലെ 7.30 ആയിട്ടും എഴുന്നേൽക്കാതെ കിടക്കുന്ന ഹനൂജിനെ ചലനമറ്റ നിലയിലാണ് ഭാര്യയ്ക്ക് കാണാൻ സാധിച്ചത്. വിളിച്ചറിയിച്ചതനുസരിച്ച് ഉടനെ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ മൃതദേഹം തുടർ നടപടികൾക്കായി പ്ലിമൗത്ത് ആശുപത്രിയിൽ ആണ്.
ബ്യുഡിലെ രണ്ട് കെയർ ഹോമുകളിലായിട്ടായിരുന്നു ഹനൂജും ഭാര്യയും ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അതിൽ ഇളയ കുട്ടി നാട്ടിൽ ഹനൂജിന്റെ മാതാപിതാക്കൾക്ക് ഒപ്പമാണ് ഉള്ളത്. യുകെയിലെ ബാസിൽഡണിൽ താമസിക്കുന്ന ഹനൂജിന്റെ സഹോദരി ഹണി എൽദോയ്ക്ക് മരണവിവരമറിഞ്ഞ് ബ്യുഡിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
ഹനൂജിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം രണ്ട് കുട്ടികളിൽ മുകളിലുള്ളവർക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ ചൈൽഡ് ടാക്‌സ് ക്രെഡിറ്റോ ക്ലെയിം ചെയ്യുവാൻ സാധിക്കില്ല. എതിർപ്പുകൾക്കിടയിലും ഈ നിയമം തന്നെ തുടരാനുള്ള ലേബർ പാർട്ടിയുടെ തീരുമാനം നടപ്പിലാക്കുന്ന ബിൽ ആണ് പുതിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചിരിക്കുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെതിരെ വോട്ട് ചെയ്ത 7 ലേബർ പാർട്ടി എംപിമാരെ പ്രധാനമന്ത്രി സ്റ്റാർമർ സസ്പെൻഡ് ചെയ്തു. മുൻ ഷാഡോ ചാൻസലർ ജോൺ മക്‌ഡോണലും, മുൻ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയ്‌ലി, അപ്‌സാന ബീഗം, റിച്ചാർഡ് ബർഗൺ, ഇയാൻ ബൈർൺ, ഇമ്രാൻ ഹുസൈൻ, സാറാ സുൽത്താന എന്നിവരെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പുതിയ ലേബർ പാർട്ടി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം നടന്ന ആദ്യ ശക്തി പ്രകടനത്തിൽ, പ്രധാനമന്ത്രി സ്റ്റാർമർ 260 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തന്റെ ബിൽ പാസാക്കി. വിപ്പ് നഷ്ടമായ എംപിമാർ ഇനിമുതൽ പാർലമെന്റിൽ ആറുമാസത്തേക്ക് സ്വതന്ത്ര എംപിമാരായി തുടരും. മിക്കവാറും എല്ലാ വിമത എംപിമാരും തന്നെ മുൻ ലേബർ നേതാവും, നിലവിൽ സ്വതന്ത്ര എംപിയായി തുടരുന്ന ജെറമി കോർബിൻ്റെ അനുഭാവികളാണ്.
സമൂഹത്തിലെ ദുർബലരായ വിഭാഗത്തിന് വേണ്ടി താൻ എപ്പോഴും നിലകൊള്ളുമെന്നും, രണ്ടു കുട്ടികൾക്ക് ശേഷം ആനുകൂല്യം ലഭിക്കില്ലെന്ന് ഈ നിയമം എടുത്ത് മാറ്റിയാൽ 33,000 ത്തോളം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാമെന്നും എം പിയായ സാറ സുൽത്താന വ്യക്തമാക്കി. വിപ്പ് റദ്ദാക്കാനുള്ള തീരുമാനം പുതിയ സർക്കാരിന്റെ തുടക്കത്തിൽ തന്നെയുള്ള ശക്തിപ്രകടനമാണ്. ചെറിയതോതിൽ ആണെങ്കിലും, തങ്ങൾക്കെതിരെയുള്ള വിയോജിപ്പുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ലേബർ പാർട്ടി എംപിമാർക്ക് നൽകുന്നത്. ഈ നിയമം അവസാനിപ്പിക്കണമെങ്കിൽ ആവശ്യമായ പണച്ചെലവ് ആണ് സർക്കാരിനെ പിന്നോട്ട് നയിക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഈ നിയമത്തിന് എതിരായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്‌ക്കൽ സ്റ്റഡീസ് തിങ്ക് ടാങ്ക് കണക്കുകൾ പ്രകാരം, ഈ നിയമം നീക്കം ചെയ്യുന്നതിലൂടെ സർക്കാരിന് പ്രതിവർഷം 3.4 ബില്യൺ പൗണ്ട് ചിലവ് വരുമെന്ന് വ്യക്തമാകുന്നു. പ്രതിഷേധങ്ങൾ ഉണ്ടായിട്ടും തങ്ങളുടെ തീരുമാനം പാസാക്കിയെടുത്തത് സർക്കാരിന്റെ ശക്തിയെ കാണിക്കുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോർട്ട്ഗേജ് നിരക്കുകളിൽ നേരിയ കുറവ് വന്നത് പുതിയതായി വീടു വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാകും . 4 ശതമാനത്തിൽ കുറവുള്ള ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ആണ് വീട് വാങ്ങുവാൻ ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷകൾക്ക് നിറം ചാർത്തിയിരിക്കുന്നത്. ഇത് ഭവന വിപണിയിൽ വൻ മുന്നേറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് ബ്രോക്കർമാർ പ്രതീക്ഷിക്കുന്നത്.
നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി ബുധനാഴ്ച മുതൽ രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് ഉൽപ്പന്നങ്ങളിൽ 0.25 ശതമാനം വരെ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചു. ഇതിൻറെ ഭാഗമായി 3.99% വിലയുള്ള അഞ്ച് വർഷത്തെ ഫിക്സഡ് ഡീൽ ആണ് നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വസ്തുവിൻ്റെ മൂല്യത്തിൻ്റെ 60% വരെ കടം വാങ്ങാൻ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകും. നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് കുറച്ചതിന്റെ അടിസ്ഥാനത്തിൽ സമീപ ദിവസങ്ങളിൽ, എച്ച്എസ്ബിസിയും ഹാലിഫാക്സും ഉൾപ്പെടെയുള്ള വായ്പാ ദാതാക്കൾ മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 3.99 % മോർട്ട്ഗേജ് നിരക്കുകളിൽ വീടുവാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ നിരക്കുകൾ ലഭ്യമാകുക. റിമോട്ട് ഗേജ് ആഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബ്രോക്കർ ജോൺ ചാർകോളിലെ മോർട്ട്ഗേജ് ടെക്നിക്കൽ മാനേജർ നിക്കോളാസ് മെൻഡസ് പറഞ്ഞു.
യുകെയിൽ ജോലിചെയ്യുന്ന നിരവധി മലയാളികളാണ് വീട് വാങ്ങാൻ മോർട്ട്ഗേജ് കുറയുന്നത് കാത്തിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നതും എല്ലാവരും ഉറ്റു നോക്കുന്ന വസ്തുതയാണ് . ആഗസ്റ്റ് 1-ാം തീയതിയാണ് പലിശ നിരക്കിനെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകനയോഗം കൂടുന്നത്. പണപ്പെരുപ്പ നിരക്ക് 2 ശതമാനമായത് പലിശ നിരക്ക് കുറയ്ക്കാൻ കാരണമാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയിൽ 15 വയസ്സുള്ള ആൺകുട്ടി കുത്തേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി ചേർന്നിരുന്നു. എന്നാൽ കുത്തേറ്റയാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞതായി പോലീസ് അറിയിച്ചു. പകൽ സമയത്ത് തിരക്കേറിയ സ്ഥലത്ത് വെച്ചു നടന്ന ആക്രമണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രതി സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് കരുതപ്പെടുന്നത്. പ്രതിയെ തിരിച്ചറിയാൻ പരിശ്രമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. മരിച്ച 15 വയസ്സുകാരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അത് ഒരു കറുത്ത ഞായറാഴ്ച ആയിരുന്നു. ഒരു കുടുംബത്തിൻറെ മുഴുവൻ സന്തോഷവും തല്ലി കെടുത്തിയ ദിവസം. വെയ്ക്ക് ഫീൽഡിനു സമീപം നടന്ന വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചപ്പോൾ 11 വയസ്സുകാരിയായ ആ പെൺകുട്ടിക്ക് നഷ്ടമായത് ഈ ലോകത്ത് സ്വന്തമെന്ന് പറയാവുന്ന ഉറ്റവരാണ്. മൂന്ന് കുട്ടികളിൽ അവളാണ് മൂത്തത്. തൻറെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തിമാർ ഇനി ഈ ലോകത്തില്ലെന്ന് കണ്ണീരിൽ കുതിർന്ന സത്യം അവൾ എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയിലാണ് ഉറ്റവരും ബന്ധുക്കളും.
ഞായറാഴ്ച വെസ്റ്റ് യോർക്ക്ഷെയറിൽ നടന്ന വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷെയ്ൻ റോളർ, ഷാനൻ മോർഗൻ എന്നീ ദമ്പതികളും അവരുടെ മക്കളായ ലില്ലി, റൂബി എന്നിവരുമാണ് അപകടത്തിൽ മരണമടഞ്ഞത് . ഇവരുടെ മൂത്തമകളായ 11 വയസ്സുള്ള പെൺകുട്ടി കാറിൽ ഉണ്ടായിരുന്നില്ല. ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയ റോഡ് അപകടം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ ഉളവാക്കിയത്. ഫോർഡ് ഫോക്കസ് കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാൽ ഇവരുടെ പേര് വെളിപ്പെടുത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് സേനാ വക്താവ് പറഞ്ഞു. മരണമടഞ്ഞ ബൈക്ക് യാത്രികരുടെ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
റോളറും മോർഗനും ബാർൺസ്‌ലിയിലെ ആതർസ്‌ലിയിൽ നിന്നുള്ളവരാണെന്നും റോളർ ഒരു പ്രാദേശിക ടേക്ക്അവേയുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്ത വരുകയായിരുന്നു. റൂബിയും ലില്ലിയും പഠിച്ചിരുന്ന ആതർസ്‌ലി നോർത്ത് പ്രൈമറി സ്‌കൂളിലെ സഹ പ്രധാന അധ്യാപകരായ ക്ലെയർ സ്‌റ്റോറും കിർസ്റ്റി വേർഡ്‌സ്‌വർത്തും രണ്ട് പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അപകട മരണത്തെ ഹൃദയഭേദകമെന്നാണ് വിശേഷിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- മയാൽജിക് എൻസിഫലോമയെൽറ്റിസ് എന്ന രോഗം ബാധിച്ച കട്ടിലിൽ നിന്ന് അനങ്ങാൻ സാധിക്കാതെ കിടന്നിരുന്ന 27 കാരിയായ മേവ് ബൂത്ത്ബി-ഒ’നീൽ എന്ന യുവതി തന്റെ ജനറൽ പ്രാക്ടീഷണറോട് സഹായം അഭ്യർത്ഥിച്ചത് നിരവധി തവണയാണെന്ന്, മേവിന്റെ മരണത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇൻക്വസ്റ്റിൽ വെളിപ്പെട്ടിരിക്കുകയാണ്. 2021 ഒക്‌ടോബറിൽ ഡെവണിലെ എക്‌സെറ്ററിലെ വീട്ടിൽ വെച്ചാണ് മേവ് മരണത്തിന് കീഴടങ്ങിയത്. 2021 ജൂണിൽ തൻ്റെ ജിപിയായ ഡോ. ലൂസി ഷെൻ്റണിനോട് തനിക്ക് വിശക്കുന്നതായും തനിക്ക് ആഹാരം കഴിക്കണമെന്നും മേവ് ആവശ്യപ്പെട്ടതായി വ്യക്തമാകുന്നു. മാർച്ച് മാസം മുതൽ തന്നെ എഴുന്നേറ്റിരിക്കുവാനും ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനുമുള്ള ബുദ്ധിമുട്ട് മേവിന് ഉണ്ടായിരുന്നു. തനിക്ക് വേണ്ടത്ര കാലറികൾ സിറിഞ്ചിലൂടെ ലഭ്യമാകുന്നില്ലെന്നും അതിനാൽ ജീവിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കാൻ സഹായിക്കണമെന്നും മേവ് തന്റെ ജനറൽ പ്രാക്ടീഷണറെ അറിയിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയിട്ട് പോലും വേണ്ടത്ര പരിഗണന മേവിനു ലഭിച്ചില്ലെന്ന് ഇപ്പോൾ നടക്കുന്ന ഹിയറിങ്ങിൽ വ്യക്തമാകുന്നുണ്ട്. മേവ് റോയൽ ഡെവൺ ആൻഡ് എക്സെറ്റർ ഹോസ്പിറ്റലിൽ മൂന്ന് തവണ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഓരോ തവണയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നു. 2021 മാർച്ചിൽ മേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അതേ ദിവസം തന്നെ വീട്ടിലേക്ക് അയച്ചതിൽ തനിക്ക് ഞെട്ടൽ ഉണ്ടായതായി ഷെൻ്റൻ്റെ സഹപ്രവർത്തകനായ ഡോ പോൾ മക്‌ഡെർമോട്ട് പറഞ്ഞു.
മേവിന്റെ അമ്മയായ സാറ ബൂത്ത്ബി തന്റെ മകളുടെ പരിചരണത്തിൽ എന്തുകൊണ്ട് വീഴ്ച വരുന്നുവെന്ന് അറിയാനായി ഏപ്രിലിൽ ജിപി പ്രാക്ടീസ് മാനേജർക്ക് കത്തെഴുതിയതായും ഇൻക്വസ്റ്റിൽ പറഞ്ഞു. 2021 ഒക്ടോബറിൽ മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ് മേവ് തൻ്റെ ഡോക്ടർക്ക് അവസാനമായി അയച്ച മെസ്സേജിൽ ഇപ്രകാരം എഴുതി, ‘ഞാൻ കൂടുതൽ ചികിത്സിക്കാൻ കഴിയുന്ന ഒരു രോഗിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.’ വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോയി മരണത്തിന് കീഴടങ്ങേണ്ടി വന്ന മേവിനു ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
അസാധാരണമായ കഴിവുള്ള കുട്ടിയാണ് തന്റെ മകളെന്നും, അവൾ ഭാഷകൾ പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്നതായും അമ്മ പറഞ്ഞു. എന്നാൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, യാത്രയ്‌ക്കോ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ നേടാനോ കഴിയാത്ത വിധം രോഗം അവളെ തളർത്തുകയായിരുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഇൻക്വസ്റ്റ് നടപടികൾ ഇപ്പോഴും തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കവൻട്രിയിൽ വളർത്തു നായയുടെ കടിയേറ്റ് 30 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം നായയുടെ ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്‌ത നാലാമത്തെ മരണമാണിത്. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് സംഭവ സ്ഥലത്തെത്തി. ആംബുലൻസ് സർവ്വീസ് ആവശ്യമായ ചികിത്സ നൽകിയെങ്കിലും യുവതി മരിക്കുകയായിരുന്നു.
അക്രമിയായ നായയെ പിടികൂടി. നായയുടെ ഇനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഇനമല്ലെന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബത്തെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
നായയുടെ ഇനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഇനമാണെന്ന് കരുതുന്നില്ലെന്ന് ചീഫ് ഇൻസ്‌പെക്ടർ ഡേവിഡ് ആമോസ് പറഞ്ഞു. 999ലേക്ക് ഫോൺ കോൾ വന്നതിന് പിന്നാലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് സംഭവ സ്ഥലത്ത് എത്തി സ്ത്രീയുടെ നില ഗുരുതരമാണെന്ന് കണ്ടെത്തി. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പോലീസിൻെറ സഹായത്തോടെ അവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പരുക്കുകൾ ഏറ്റിട്ടില്ല. ജൂൺ മാസം കവൻട്രിയിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞ് നായയുടെ ആക്രമണത്തെ തുടർന്ന് മരിച്ചിരുന്നു. 2024-ൽ യുകെയിൽ നായയുടെ ആക്രമണത്തെ തുടർന്ന് നടന്ന നാലാമത്തെ മരണമാണിത്. 2023-ൽ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഋഷി സുനകിന് പകരം പുതിയ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ആരായിരിക്കും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ചോദ്യമാണ്. ബ്രിട്ടീഷ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതോടെ നേതൃസ്ഥാനം ഒഴിയുമെന്ന് ഋഷി സുനക് അറിയിച്ചിരുന്നു. ഇതിനിടെ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മത്സരം ഈയാഴ്ച ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. മൂന്നുമാസത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി നവംബർ 2-ാം തീയതി പുതിയ നേതാവിനെ പ്രഖ്യാപിക്കും.
പാർട്ടിയുടെ പുതിയ നേതാവ് സ്ഥാനം ഏറ്റെടുക്കുന്നത് വരെ മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രതിപക്ഷ നേതാവായി തുടരും. ആദ്യഘട്ട വോട്ടെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാൻ സ്ഥാനാർത്ഥികൾക്ക് 10 എംപിമാരുടെ പിന്തുണയാണ് ആവശ്യമുള്ളത്. ഇതിനായുള്ള നോമിനേഷൻ സമർപ്പിക്കാനുള്ള സമയം ആരംഭിക്കുന്നത് നാളെയാണ്. ഏകദേശം നാല് സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രഥമ ഘട്ടത്തിൽ മത്സര രംഗത്തുള്ള സ്ഥാനാർത്ഥികൾക്ക് സെപ്റ്റംബർ 29 -ന് ആരംഭിക്കുന്ന പാർട്ടി സമ്മേളനത്തിൽ അംഗങ്ങളുമായി സംസാരിക്കാൻ അവസരം ലഭിക്കും.
കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ഓൺലൈൻ ബാലറ്റിലൂടെ നേതാവിനെ തിരഞ്ഞെടുക്കുന്നതിലൂടെ രാജ്യത്തിൻറെ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നുള്ളത് അറിയാൻ സാധിക്കും. ഷാഡോ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി മെൽ സ്ട്രൈഡ് താൻ മത്സരരംഗത്ത് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്, മുൻ ആഭ്യന്തര സെക്രട്ടറിമാരായ സുല്ല ബ്രാവർമാൻ, ഡാം പ്രീതി പട്ടേൽ, ഷാഡോ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി, ഷാഡോ സെക്യൂരിറ്റി മന്ത്രി ടോം തുഗെൻധാട്ട്, ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി കെമി ബാഡെനോക്ക് എന്നിവരാണ് നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മറ്റ് എംപിമാർ. ഇതിൽ സുല്ല ബ്രാവർമാൻ, ഡാം പ്രീതി പട്ടേൽ എന്നിവർ ഇന്ത്യൻ വംശജരാണ്. 922 ലെ ബാക്ക്ബെഞ്ചേഴ്‌സ് കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് ബോബ് ബ്ലാക്ക്മാൻ ആണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഞായറാഴ്ച വെസ്റ്റ് യോർക്ക്ഷെയറിൽ നടന്ന വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതിൽ കാറിലുണ്ടായിരുന്ന ദമ്പതികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ഷെയ്ൻ റോളർ, ഷാനൻ മോർഗൻ എന്നീ ദമ്പതികളും മക്കളുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ പെൺമക്കളുടെ പേര് ലില്ലി, റൂബി എന്നാണെന്ന് റോളറുടെ സഹോദരൻ കല്ലം റോളറുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയ റോഡ് അപകടം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ ഉളവാക്കിയത്. ഒരു ഫോർഡ് ഫോക്കസ് കാറും ഒരു മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഷാ ലെയ്‌നിനും വാറൻ ലെയ്‌നിനും ഇടയിൽ റോഡ് അടച്ചതോടെ സ്റ്റെയിൻക്രോസിനും ന്യൂമില്ലർഡാമിനുമിടയിലാണ് അപകടം നടന്നത് . ആദ്യം മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നില്ല . അന്വേഷണത്തിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തെ റോഡ് അടച്ചിട്ടിരിക്കുകയാണ്. അപകടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്ന ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.