Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസെക്സിലെ ഏപ്പിംഗിൽ 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരൻ കുറ്റം നിഷേധിച്ചു. താൻ ഒരു വന്യമൃഗമല്ലെന്നാണ് വിചാരണ വേളയിൽ എത്യോപ്യയിൽ നിന്നുള്ള ഹദുഷ് കെബാട്ടു പറഞ്ഞത്. എന്നാൽ ഇയാൾ പെൺകുട്ടിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.

ജൂലൈ 7, 8 തീയതികളിൽ നടന്ന രണ്ട് സംഭവങ്ങളിൽ ഇയാൾ പെൺകുട്ടിയോടും അവളുടെ സുഹൃത്തിനോടും നീ ഒരു നല്ല ഭാര്യയാകും എന്ന് പറഞ്ഞതായും ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ കുറ്റം നിഷേധിച്ചുകൊണ്ട് ആ പെൺകുട്ടി വളരെ ചെറുപ്പമാണെന്നും തന്റെ മകൾ ആകാനുള്ള പ്രായമുള്ള ആളാണെന്നുമാണ് ഇയാൾ പറഞ്ഞത്. പെൺകുട്ടികളോട് അവരോടൊപ്പം ഒരു കുഞ്ഞ് ജനിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലും ഇല്ല എന്ന് അയാൾ പറഞ്ഞു. താൻ എത്യോപ്യയിലെ ഒരു കായിക അധ്യാപകനാണെന്നും പ്രതി കൂട്ടിച്ചേർത്തു. ലൈംഗികാതിക്രമം, ലൈംഗികാതിക്രമ ശ്രമം, ഒരു പെൺകുട്ടിയെ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ആണ് ഇയാളുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്നത് .

അഭയാർത്ഥിയായി എത്തിയ ആൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവം യുകെയിൽ കടുത്ത കുടിയേറ്റ വിരുദ്ധ സമരങ്ങൾക്കാണ് വിത്തുപാകിയത് . കെബാട്ടു അഭയാർത്ഥിയായി താമസിച്ചിരുന്ന ദി ബെൽ ഹോട്ടലിന് പുറത്ത് അദ്ദേഹത്തിന്റെ അറസ്റ്റ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെയും എതിർ പ്രകടനങ്ങളുടെയും ഒരു തരംഗത്തിന് കാരണമായി. ഈ സംഭവത്തിന് ശേഷം അധികം താമസിയാതെ കൗൺസിൽ അധികാരികൾ അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരുന്നു . സമാനമായി യുകെയിലെങ്ങും ഇത്തരം ഹോട്ടലുകൾക്ക് എതിരെ വിധി നേടിയെടുക്കാനുള്ള നീക്കത്തിലാണ് കൺസർവേറ്റീവുകളും ലേബറുകളും ഭരിക്കുന്ന കൗൺസിലുകൾ. ഈ സാഹചര്യം ലേബർ പാർട്ടി ഭരിക്കുന്ന കൗൺസിലുകളെയും സർക്കാരിനെയും കൂടുതൽ സമ്മർദ്ധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോയൽ മെയിൽ അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന് ചുവടു വെയ്ക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള ചുവന്ന പില്ലർ പോസ്റ്റ് ബോക്സുകൾ അപ്രത്യക്ഷമാവും. ഇതിനു പകരം സോളാർ പാനൽ ഘടിപ്പിച്ച പോസ്റ്റ് ബോക്സുകൾ ആണ് റോയൽ മെയിൽ പുതിയതായി സ്ഥാപിക്കുന്നത്. യുകെയിലുടനീളം 3,500 സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌ബോക്സുകൾ റോയൽ മെയിൽ ഉടൻ സ്ഥാപിക്കും. ഇതോടെ രണ്ട് നൂറ്റാണ്ടുകളായി റോയൽ മെയിലിന്റെ പ്രതിരൂപമായിരുന്ന പഴയ ലെറ്റർ ബോക്സുകൾ പഴങ്കഥയാകും.


മറ്റ് കമ്പനികളിൽ നിന്ന് ശക്തമായ മത്സരമാണ് റോയൽ മെയിൽ നേരിടുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ യഥാസമയം പാഴ്സലുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ പരാജയപ്പെട്ടതിനെ തുടർന്ന് ലക്ഷങ്ങൾ പിഴയായി ചുമത്തപ്പെട്ടിരുന്നു. തുടക്കത്തിൽ ഹെർട്ട്‌ഫോർഡ്‌ഷെയറിലും കേംബ്രിഡ്ജ്‌ഷെയറിലും പുതിയ ബോക്‌സുകൾ അവതരിപ്പിച്ചത് വിജയകരമായിരുന്നു. ഇതിനു ശേഷം എഡിൻബർഗ്, നോട്ടിംഗ്ഹാം, ഷെഫീൽഡ്, മാഞ്ചസ്റ്റർ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്ക് അവ വ്യാപിപ്പിക്കും എന്നാണ് അറിയാൻ സാധിച്ചത് . പടിപടിയായി യുകെയിൽ ഉടനീളം പുതിയ ലെറ്റർ ബോക്സുകൾ നിലവിൽ വരും. പരമ്പരാഗത പോസ്റ്റ്‌ബോക്‌സ് സ്ലോട്ടിൽ ചേരാത്ത പാഴ്‌സലുകൾ ഉൾക്കൊള്ളാൻ പര്യാപ്തമായ ഒരു ഡ്രോപ്പ്-ഡൗൺ ഡ്രോയർ തുറക്കുന്ന ഒരു ബാർകോഡ് സ്കാനറും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. റോയൽ മെയിൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം ഉപയോഗിക്കാമെന്നും പാഴ്‌സൽ പോസ്റ്റു ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കുമെന്നും റോയൽ മെയിൽ പറഞ്ഞു.


ലോകത്തിലെ ഏറ്റവും പഴക്കമുള്ള തപാൽ സേവനങ്ങളിൽ ഒന്നാണ് റോയൽ മെയിൽ. 1516-ൽ ഹെൻറി എട്ടാമൻ രാജാവാണ് അദ്ദേഹത്തിന്റെ കൊട്ടാരത്തിനു വേണ്ടി കത്തുകൾ കൊണ്ടുപോകുന്നതിനായി ഇത് ആരംഭിച്ചത്. 1635-ൽ ചാൾസ് ഒന്നാമൻ രാജാവ് പൊതുജനങ്ങൾക്കായി സേവനം തുറന്നു കൊടുത്തു . 1840-ൽ ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പായ പെന്നി ബ്ലാക്ക് പുറത്തിറക്കിയതോടെയാണ് റോയൽ മെയിലിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്. കത്തുകൾ പോസ്റ്റ് ചെയ്യുന്നതിനുള്ള ചുവന്ന തൂൺ പെട്ടികൾ 1850-കളിൽ ആണ് തുടങ്ങിയത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ ശൈത്യകാലത്തിനു മുൻപ് ഊർജ്ജ വിലയിൽ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുമ്പ് ചെറിയ കുറവ് പ്രവചിച്ചിരുന്നു . എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെ ഗ്യാസ്, വൈദ്യുതി വിലകളിൽ നേരിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . പ്രതിവർഷം ഏകദേശം 1% വില വർദ്ധനവിനാണ് സാധ്യത. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ഏകദേശം 21 ദശലക്ഷം വീടുകൾക്ക് ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും ഈടാക്കാവുന്ന പരമാവധി തുക ഓഫ്ജെമിന്റെ വില പരിധിക്കുള്ളിലായിരിക്കും.


ഊർജ്ജ ബില്ലുകൾക്ക് പരുധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിങ്ങൾ എത്രമാത്രം ഉപയോഗിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ബില്ലുകളുടെ തുക നിർണ്ണയിക്കപ്പെടുക. പുതിയ വില പരിധി പ്രാബല്യത്തിൽ വരുമ്പോൾ സാധാരണ ഗാർഹിക ഊർജ്ജ ബിൽ പ്രതിവർഷം £17 വർദ്ധിച്ച് £1,737 ആയി ഉയരുമെന്ന് ഊർജ്ജ കൺസൾട്ടൻസി കോൺവാൾ ഇൻസൈറ്റിലെ വിദഗ്ധർ പ്രവചിച്ചു. സാധാരണ അളവിൽ ഊർജ്ജം ഉപയോഗിക്കുന്ന ഒരു വീടിനെ സംബന്ധിച്ച്‌ ഊർജ്ജ വിലയിൽ 1% വാർഷിക വർദ്ധനവ് ഉണ്ടാകുമെന്ന് ആണ് കണക്കാക്കപ്പെടുന്നത് . മൊത്തവ്യാപാര വിപണികളിലെ ഊർജ്ജ ചെലവിനെ അടിസ്ഥാനമാക്കി, ഓഫ്ജെം ഓരോ മൂന്ന് മാസത്തിലും വീടുകൾക്കുള്ള വില പരിധി മാറ്റുന്നു.

നിരവധി കുടുംബങ്ങൾ ഇപ്പോഴും ബില്ലുകൾ അടയ്ക്കാനും ഉയർന്ന വിലയുടെ കാലഘട്ടത്തിൽ ഉണ്ടായ ഊർജ്ജ കടം തിരിച്ചടയ്ക്കാനും പാടുപെടുന്നുണ്ടെന്ന് എൻഡ് ഫ്യൂവൽ പോവർട്ടി കോളിഷന്റെ കോർഡിനേറ്റർ സൈമൺ ഫ്രാൻസിസ് പറഞ്ഞു . ശരാശരി ഒരു കുടുംബം ഇപ്പോഴും കുറച്ച് വർഷങ്ങൾക്ക് മുമ്പ് നൽകിയതിനേക്കാൾ നൂറുകണക്കിന് പൗണ്ട് കൂടുതൽ നൽകുന്ന അവസ്ഥ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെറു ബോട്ടുകളിൽ യുകെയിൽ എത്തിയ 100 – ലധികം അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിൽ എടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവരെ വൺ ഇൻ വൺ ഔട്ട് പദ്ധതി പ്രകാരം ഫ്രാൻസിലേയ്ക്ക് മാറ്റുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച കാലാവസ്ഥ അനുകൂലമായതിനാൽ 200 ലധികം പേർ ചാനൽ കടന്ന് ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലേയ്ക്ക് കടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


അനധികൃതമായി യുകെയിൽ എത്തുന്നവരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ യുകെയിലേയ്ക്ക് വരാൻ നിയമപരമായി സാധുതയുള്ളവർ തിരിച്ച് എത്തുന്നുണ്ട്. അതായത് വൺ ഇൻ വൺ ഔട്ട് പദ്ധതി പ്രകാരം തത്വത്തിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നില്ല . അനധികൃത കുടിയേറ്റം രാജ്യത്ത് കൂടുന്നതിനെ കുറിച്ച് കടുത്ത വിമർശനമാണ് ലേബർ സർക്കാർ അഭിമുഖീകരിക്കുന്നത്. രാജ്യത്തിൻ്റെ വ്യവസ്ഥാപിത കുടിയേറ്റ നയങ്ങൾക്കെതിരെ ശക്തമായ വാദമുഖങ്ങളുമായി റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് രംഗത്ത് വന്നിരുന്നു.

അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് കൗൺസിൽ അധികാരികൾ. വിധി സമ്പാദിച്ചിതാണ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്‌. പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ തൊഴിൽ വിപണിയിൽ ജോലി ഒഴിവുകൾ കുറയുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) പുതിയ ഡേറ്റകൾ പറയുന്നു. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ തൊഴിൽ ഒഴിവുകൾ 5.8% കുറഞ്ഞ് 718,000 ആയി. 2021 ന്റെ തുടക്കത്തിൽ രാജ്യം കോവിഡ് മഹാമാരിയിൽ നിന്ന് കരകയറിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ശമ്പളപ്പട്ടികയിലുള്ള ആളുകളുടെ എണ്ണത്തിലും നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്, ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 8,000 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊഴിലില്ലായ്മ നിരക്ക് 4.7% ൽ തന്നെ തുടരുകയാണ്. രാജ്യവ്യാപകമായി 30 ദശലക്ഷത്തിലധികം തൊഴിലാളികളെ ശമ്പളപ്പട്ടിക ഇപ്പോഴും ഉൾക്കൊള്ളുന്നുണ്ടെന്ന് മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയരൂപീകരണ വിദഗ്ദ്ധൻ ആൻഡ്രൂ സെന്റൻസ് ചൂണ്ടിക്കാട്ടി. ബിസിനസ് ചെലവുകളിലെ സമീപകാല വർദ്ധനവാണ് തൊഴിൽ ഒഴിവുകളിലെ ഈ കുറവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഏപ്രിലിൽ, നാഷണൽ ലിവിംഗ് വേജ് മണിക്കൂറിൽ £11.44 ൽ നിന്ന് £12.21 ആയി ഉയർന്നിരുന്നു. അതേസമയം തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് സംഭാവനകൾ 13.5% ൽ നിന്ന് 15% ആയി വർദ്ധിച്ചിട്ടുണ്ട്. ഊർജ്ജ, ഭക്ഷ്യ ചെലവുകളുടെ വർദ്ധനവും ബിസിനസുകളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണത്തിൽ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിലാണ് ശമ്പളപ്പട്ടികയിലെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് പഠനം പറയുന്നു. വർദ്ധിച്ച് വരുന്ന ചിലവുകളുടെ സാഹചര്യത്തിൽ കമ്പനികൾ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വെട്ടികുറയ്ക്കലുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓവേറിയൻ ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത് ഈ രോഗത്തിൻറെ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടിന്റെ കണക്കുകൾ പ്രകാരം എല്ലാവർഷവും 300,000 ലധികം സ്ത്രീകൾക്കാണ് അണ്ഡാശയ ക്യാൻസർ തിരിച്ചറിയുന്നത്. ഇവരിൽ ഭൂരിഭാഗവും 50 വയസ്സിന് മുകളിലുള്ളവരാണ്. രോഗനിർണ്ണയം വളരെ വൈകി തിരിച്ചറിയുന്നു എന്നത് രോഗ ചികിത്സയിൽ വൻ പ്രതിസന്ധിയാണ് തീർക്കുന്നത്.

എന്നാൽ മാഞ്ചസ്റ്റർ, കൊളറാഡോ സർവകലാശാലകളുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനം രക്ത പരിശോധനയിലൂടെ തുടക്കത്തിൽ തന്നെ രോഗനിർണ്ണയം സാധ്യമാക്കാനുള്ള വഴികളാണ് തുറന്നിരിക്കുന്നത്. അമേരിക്കൻ അസോസിയേഷൻ ഓഫ് ക്യാൻസർ റിസർച്ച് ജേർണലായ ക്യാൻസർ റിസർച്ച് കമ്മ്യൂണിക്കേഷൻസിൽ ആണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള രോഗ ചികിത്സാ സംവിധാനവുമായി സംയോജിക്കുമ്പോൾ ഈ കണ്ടെത്തലുകൾക്ക് രോഗനിർണ്ണയത്തിലും ചികിത്സയിലും വൻ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊളറാഡോ സർവകലാശാലയിൽ നിന്നുള്ള സാമ്പിളുകളിൽ രോഗത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള അണ്ഡാശയ അർബുദം 93 ശതമാനവും പ്രാരംഭ ഘട്ടങ്ങളിലേത് 91ശതമാനവും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞു. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്നുള്ള സാമ്പിളുകളിൽ, എല്ലാ ഘട്ടങ്ങളിലും 92% കൃത്യതയും പ്രാരംഭ ഘട്ടങ്ങളിൽ 88% കൃത്യതയും ആണ് കാണിച്ചത്. മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസറും മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ ഓണററി കൺസൾട്ടന്റുമായ എമ്മ ക്രോസ്ബി ആണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വർണ്ണ കാഴ്ചകളുടെ വിസ്‌മയ ലോകം ഒരുക്കി നോട്ടിംഗ് ഹില്‍ കാര്‍ണിവൽ. ലോക പ്രശസ്തമായ, യൂറോപ്പിലെ ഏറ്റവും വലിയ സ്ട്രീറ്റ് പാര്‍ട്ടി ഞായറാഴ്ച രാവിലെ നടത്തിയ സ്ട്രീറ്റ് പരേഡോടെയാണ് ആരംഭിച്ചത്. തെരുവുകളിൽ നിറങ്ങളും സംഗീതവും നൃത്തവും നിറഞ്ഞതോടെ വെസ്റ്റ് ലണ്ടൻ വീണ്ടും സജീവമായി. കരീബിയൻ സംസ്കാരവും ചരിത്രവും ആഘോഷിക്കുന്ന ഈ വാർഷിക പരിപാടി 50 വർഷത്തിലേറെയായി ബ്രിട്ടനിൽ നടത്തപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും വലിയ തെരുവ് പാർട്ടിയാണിത്.

കരീബിയൻ പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് കലാകാരന്മാർ അലങ്കരിച്ച, രത്നങ്ങൾ പതിച്ച വസ്ത്രങ്ങളിലും ഫ്ലോട്ടുകളിലും പരേഡിൽ പങ്കെടുത്തു. ബജാൻ റോ ലിക്കർ, മഹാഗണി, ചോക്ലേറ്റ് നേഷൻ, മാസ് ആഫ്രിക്ക, വിൻസി അലയൻസ്, യുണൈറ്റഡ് ക്രെയോൾ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകളും ബ്രസീലിയൻ സാംബ സ്കൂളുകളും യുകെ കമ്മ്യൂണിറ്റി ബാൻഡുകളും പരേഡിൽ പങ്കെടുത്തു.

തെരുവുകളില്‍, വര്‍ണ്ണപ്പകിട്ടാര്‍ന്ന ഫാഷന്‍ വസ്ത്രങ്ങളും സംഗീതവും നൃത്തവും നിറയുന്ന, കരീബിയന്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഈ വാര്‍ഷികാഘോഷത്തില്‍ ഏകദേശം പത്ത് ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1966 മുതല്‍ ലണ്ടനിലെ ബറോയില്‍ ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ കൊണ്ടാറുള്ളതാണ്. പടിഞ്ഞാറന്‍ ലണ്ടനിലെ ലാഡ്‌ബ്രോക്ക് ഗ്രോവ്, ഗ്രെയ്റ്റ് വെസ്റ്റേണ്‍ റോഡ്, വെസ്റ്റ്‌ബേണ്‍ പാര്‍ക്ക് എന്നിവിടങ്ങളിലൂടെയുള്ള മൂന്ന് മൈല്‍ നീളുന്ന പരേഡില്‍ പങ്കെടുത്തവരില്‍ ചിലര്‍ ജമൈക്ക, സെയിന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങളിലെ പതാകകളും ഉയര്‍ത്തി പിടിച്ചിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവന്നതും സന്ദർശകർക്ക് വിസ്‌മയ കാഴ്ചയേകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത് ജനജീവിതം ദു:സഹമാക്കിയിരിക്കുകയാണ്. മുട്ട, വെണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ വിലയിലാണ് ഗണ്യമായ വർദ്ധനവ് ഉണ്ടായത്. ജൂലൈയിലെ കണക്കുകൾ അനുസരിച്ച് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 3.8 ശതമാനമാണ്. എന്നാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം 4.2 ശതമാനമായതായാണ് കണക്കുകൾ കാണിക്കുന്നത്.


ജൂലൈയിലെ 4 ശതമാനത്തിൽ നിന്നും 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ ഭക്ഷ്യവിലക്കയറ്റം എത്തിയതായാണ് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) യുടെ കണക്കുകൾ കാണിക്കുന്നത്. ദ്രുതഗതിയിലുള്ള വർദ്ധനവ് ഇതിനകം ജീവിത ചിലവിൽ ബുദ്ധിമുട്ടുന്ന ആളുകളുടെ മേൽ കടുത്ത സമ്മർദ്ദം വർദ്ധിപ്പിച്ചതായി ബിആർസി ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു. വിളവെടുപ്പ് മോശമായതിനാൽ ആഗോളതലത്തിൽ കൊക്കോ വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ചോക്ലേറ്റിനും വില വർദ്ധിച്ചു. ഓഗസ്റ്റിൽ മൊത്തത്തിലുള്ള സാധനങ്ങളുടെ വില പണപ്പെരുപ്പം 0.9% ആയി വർദ്ധിച്ചതായി ബിആർസി ഡേറ്റ കാണിക്കുന്നുണ്ടെങ്കിലും ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലക്കയറ്റം 0.8% കുറഞ്ഞിട്ടുണ്ട് .


പണപ്പെരുപ്പവും വിലക്കയറ്റവും കുതിച്ചുയരുമ്പോൾ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാൻസിലർ റേച്ചൽ റീവ്സ് കഴിഞ്ഞ ബഡ്ജറ്റിൽ നടപ്പിലാക്കിയ നയങ്ങളാണ് വിലക്കയറ്റത്തിനും സാമ്പത്തിക സ്ഥിതി മോശമാകുന്നതിനും കാരണമെന്ന വിമർശനവും ശക്തമാണ്. അടുത്ത ശരത്കാല ബജറ്റിൽ നികുതി വർദ്ധിപ്പിക്കുന്നത് ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള അവരുടെ പദ്ധതികൾക്ക് വിരുദ്ധമാകുമെന്ന് ടെസ്‌കോ, സെയിൻസ്ബറീസ്, ബൂട്ട്സ് എന്നിവയുൾപ്പെടെ 60-ലധികം റീട്ടെയിൽ മേധാവികൾ കഴിഞ്ഞ ആഴ്ച റീവ്സിന് മുന്നറിയിപ്പ് നൽകിരുന്നു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഐൽ ഓഫ് വൈറ്റിൽ പരിശീലന പറക്കലിനായി ഉപയോഗിച്ചിരുന്ന ഒരു ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് ഇവിടെയുള്ള വയലിൽ തകർന്ന് വീഴുകയായിരുന്നു. അപകടം സംഭവിച്ചപ്പോൾ ഹെലികോപ്റ്ററിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് ഹാംഷെയറും ഐൽ ഓഫ് വൈറ്റ് കോൺസ്റ്റാബുലറിയും പറഞ്ഞു.


അപകടത്തെ തുടർന്ന് ഒരാളെ സതാംപ്ടണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രധാന ട്രോമ സെന്ററിലേക്ക് എയർലിഫ്റ്റ് ചെയ്തിരുന്നു . നിലവിൽ ഇയാളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവം ഒരു മേജർ ഇൻസിഡന്റ് ആയി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളു മായി ബന്ധപ്പെടാനും പിന്തുണ നൽകാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ദോഷകരമായി ബാധിക്കുന്ന അശ്ലീല ഉള്ളടക്കം ഉൾപ്പെടെയുള്ള സൈറ്റുകളുടെ ഉപയോഗം പ്രായപരുധി അനുസരിച്ച് കർശനമായി നിയന്ത്രിക്കുന്നതിനുള്ള ഓൺലൈൻ സുരക്ഷാ നിയമം യുകെ നടപ്പിലാക്കിയിരുന്നു. ഇതിൻറെ ഫലമായി ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതായുള്ള കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ പല കുട്ടികളും പോൺ സൈറ്റുകളിലെ പ്രായ പരിശോധന മറികടക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

പ്രായ പരിശോധനകൾ മറികടക്കാൻ കുട്ടികൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (VPN-കൾ) ഉപയോഗിക്കുന്നത് തടയണമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ പറഞ്ഞു. വി പി എൻ വഴി ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പരിശോധനകൾക്ക് വിധേയമാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ പ്രായപരുധി പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കില്ല എന്നതാണ് പലരും ചൂഷണം ചെയ്യുന്നത്. ഓൺലൈൻ സുരക്ഷാ കാര്യക്ഷമമായി നടപ്പിലാക്കാൻ സാങ്കേതിക സംവിധാനത്തിലെ ഇത്തരം പഴുതുകൾ കൂടി നാം അടയ്ക്കേണ്ടതുണ്ടെന്ന് കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.


വിപിഎൻ വഴി ഒരു രാജ്യത്തിൻറെ നിയമങ്ങളെ മറികടക്കാൻ ഉപഭോക്താവിന് സാധിക്കും. മറ്റൊരു രാജ്യത്താണെന്ന മട്ടിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായ പരിശോധന നിർബന്ധമാക്കിയത് മറികടക്കാൻ ഇതുവഴി കഴിയും. എന്നാൽ വിപിഎന്നുകൾ നിരോധിക്കാനുള്ള പദ്ധതി ഇല്ലെന്നാണ് ഒരു സർക്കാർ വക്താവ് പറഞ്ഞത്. പോൺഹബ്, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ സൈറ്റുകൾ പ്രായ പരിശോധന നിർബന്ധമാക്കാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ മാസം യുകെയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പുകൾ വിപിഎന്നുകളായിരുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഒരു റിമോട്ട് സെർവർ ഉപയോഗിച്ച് ഉപയോക്താക്കളെ വെബ്‌സൈറ്റുകളിലേക്ക് ബന്ധിപ്പിക്കുകയും അവരുടെ യഥാർത്ഥ ഐപി വിലാസവും ലൊക്കേഷനും മറയ്ക്കുകയും ചെയ്യുന്നു, അതായത് ഇതുവഴി അവർക്ക് പ്രത്യേക സൈറ്റുകളിലോ ഉള്ളടക്കത്തിലോ ഉള്ള നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയും.

Copyright © . All rights reserved