Main News

സാലിസ്ബറി ആക്രമണത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണത്തില്‍ വ്യക്തമായ സന്ദേശം നല്‍കി റഷ്യ. 4000 മൈല്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള സര്‍മത് ഭൂഖണ്ഡാന്തര ഹൈപ്പര്‍സോണിക് ബാലിസ്റ്റിക്ക് മിസൈല്‍ റഷ്യ പരീക്ഷിച്ചു. സാത്താന്‍ മിസൈല്‍ എന്ന് അറിയപ്പെടുന്ന ഇത് ഭൂഗര്‍ഭത്തില്‍ നിന്നാണ് ഉപരിതലത്തിലേക്ക് വിക്ഷേപിച്ചത്. നോര്‍ത്തേണ്‍ റഷ്യയിലെ പ്ലെസെറ്റ്‌സ്‌ക് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ടുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെയും നടപടിക്ക് മറുപടിയെന്ന നിലയിലാണ് മിസൈല്‍ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.

പുതിയ സബ്മറൈന്‍ പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായാണ് പ്രതിരോധ ബജറ്റില്‍ ഇത്രയും വര്‍ദ്ധന വരുത്തിയത്. റഷ്യയുമായി ഉടലെടുത്തിരിക്കുന്ന പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനു പിന്നാലെയാണ് ലോകം ആശങ്കയോടെ കാണുന്ന സാത്താന്‍ മിസൈലിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത്. മേഖലയില്‍ ശീതയുദ്ധകാലത്തെ ആയുധ മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉടലെടുത്തിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ മറ്റ് രാജ്യങ്ങളുടെ നടപടിക്കും അതേ നാണയത്തില്‍ റഷ്യ തിരിച്ചടി നല്‍കിയിരുന്നു.

മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഈ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഇത് രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2021ല്‍ സൈന്യത്തിന് കൈമാറാവുവന്ന വിധത്തിലാണ് മിസൈലിന്റെ പരീക്ഷണം പുരോഗമിക്കുന്നത്. ഈ മിസൈലിനെ പ്രതിരോധിക്കണമെങ്കില്‍ കുറഞ്ഞത് 500 അമേരിക്കന്‍ നിര്‍മിത എബിഎം മിസൈലുകള്‍ വേണ്ടിവരുമെന്നാണ് റഷ്യന്‍ സെനറ്റിന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിക്ടര്‍ ബോന്‍ഡറേവ് അവകാശപ്പെട്ടത്.

പ്രിന്‍സ് ഹാരി-മെഗാന്‍ മാര്‍ക്കല്‍ വിവാഹ ചടങ്ങുകള്‍ ബ്രിട്ടന്‍ ഇന്നേവരെ സാക്ഷിയായതില്‍ വെച്ച് ഏറ്റവും സുരക്ഷാസന്നാഹങ്ങളോട് കൂടിയായിരിക്കും നടക്കുക. ഏതാണ്ട് 30 മില്യണ്‍ പൗണ്ട് ചെലവിലായിരിക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കുക. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 100,000ത്തിലധികം ആളുകള്‍ എത്തിച്ചേരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിഥികള്‍ എല്ലാവരും തന്നെ ഏത് സമയത്തും പോലീസ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് അത്യാധുനിക സജ്ജീകരണങ്ങളായിരിക്കും നഗരത്തിലും വിവാഹ വേദികള്‍ക്കടുത്തും ഒരുക്കുക. വാഹന പരിശോധനയും സ്‌നൈപ്പര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും. അതിഥികള്‍ എല്ലാവരും തന്നെ വിമാനത്താവളത്തിലേതിന് സമാനമായ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.

വിവാഹത്തിനായി ഒരുക്കാനിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഇനി വരുന്ന ഏഴ് ആഴ്ചകളില്‍ നഗരത്തില്‍ പതിയ സുരക്ഷാസജ്ജീകരണങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തെംസ്വാലി പോലീസ് അറിയിച്ചു. വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി രാജകീയ വേദിയിലെത്തുന്നവര്‍ ഹൈ സെക്യൂരിറ്റി സ്‌കാനര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊട്ടാരത്തിനും സെന്റ് ജോര്‍ജ് ചാപ്പലിനും സമീപത്തായി വലിയ സുരക്ഷാവേലികള്‍ നിര്‍മ്മിക്കും.

വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏതാണ്ട് 600ഓളം പേരാണ് ഉണ്ടാവുക. അതിഥികള്‍ കൊണ്ടുവരുന്ന ബാഗുകളും മറ്റു വസ്തുക്കളും അതീവ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ സമീപ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ട്രക്കുകളും വാനുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ മോഷ്ടിച്ച് ഭീകാരക്രമണങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് രഹസ്യ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ സംഘം കാര്യങ്ങള്‍ നീക്കുന്നത്. വാഹനങ്ങളുടെ നമ്പറുകള്‍ അവിടെ വെച്ച് തന്നെ വെരിഫൈ ചെയ്യാനും സംവിധാനങ്ങള്‍ ഉണ്ടാകും. വിവാഹത്തോട് അനുബന്ധിച്ച് പോലീസ് സേനയിലെ 4200 ഓളം പേര്‍ക്ക് അനുവദിച്ച അവധി റദ്ദാക്കി ഇവരെ തിരിച്ചു വിളിച്ചിട്ടുണ്ട്. മെയ് 19നാണ് വിവാഹം. അതിന് മുന്‍പ് തന്നെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാകും. തെംസ് നദിയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പരിശോധിക്കാന്‍ മറൈന്‍ ഫോഴ്‌സിന്റെ പ്രത്യേക സംഘം ഉണ്ടായിരിക്കും. കൂടാതെ ബോംബ് സ്‌ക്വാഡും പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളുടെ സേവനവും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എത്തും. ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന വിവാഹച്ചടങ്ങുകള്‍ക്കായിരിക്കും ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുക

ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ഇന്ത്യന്‍ വംശജയായ കെയര്‍ ഹോം നഴ്സിന് സസ്പെന്‍ഷന്‍. ഷ്രൂസ്ബറിയിലെ റോഡന്‍ ഹോം നഴ്സിംഗ് ഹോമില്‍ നഴ്സായിരുന്ന റിതു റസ്തോഗിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെന്റല്‍ ഹെല്‍ത്ത് നഴ്സായ ഇവര്‍ പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി ഇവര്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിനു മുന്നില്‍ ഹാജരായിരുന്നു. 2015 ഒക്ടോബര്‍ 9ന് പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ സള്‍ഫേറ്റ് ടാബ്ലറ്റുകള്‍ നല്‍കിയില്ലെന്ന് പാനലിന് ബോധ്യമായതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് കൂടാതെ രോഗിയുടെ നോട്ടുകളില്‍ മരുന്ന് നല്‍കിയെന്ന് രേഖപ്പെടുത്തിയതായും പാനല്‍ സ്ഥിരീകരിച്ചു. രോഗിക്ക് മരുന്ന് നല്‍കിയതിന് സാക്ഷിയാണെന്ന് ഒപ്പിട്ടു നല്‍കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്നും വ്യക്തമായിരുന്നു. ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിന്റെ ഹിയറിംഗ് രണ്ടാഴ്ച നീണ്ടു. റിതു റസ്തോഗിയുടെ പെരുമാറ്റം നെറികേടാണെന്നും അതുകൊണ്ടു തന്നെ 12 മാസത്തേക്ക് പ്രാക്ടീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയാണെന്നും പാനല്‍ അധ്യക്ഷന്‍ ഫിലിപ്പ് സേയ്സ് പറഞ്ഞു. റിതു റസ്തോഗി മരുന്ന് നല്‍കിയില്ലെന്ന് മാത്രമല്ല തെറ്റായ വിവരം രേഖപ്പെടുത്തുകയെന്ന കുറ്റവും ചെയ്താതായി അദ്ദേഹം പറഞ്ഞു.

കെയര്‍ ഹോമില്‍ ബാന്‍ഡ് 5 നഴ്സായിരുന്ന ഇവര്‍ക്കെതിരെ 2014 മാര്‍ച്ചിലും 2015 ഒക്ടോബറിലും ആരോപണങ്ങളുണ്ടായിട്ടുണ്ടെന്നും പാനല്‍ സ്ഥിരീകരിച്ചു. ഒരു രോഗിയെ വെള്ളമില്ലാതെ ഗുളിക വിഴുങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഒരു ആരോപണം. രോഗികളുടെ സമ്മതമില്ലാതെ അവരുടെ വായിലേക്ക് ഗുളികകള്‍ ഇട്ടുനല്‍കിയതായും ആരോപണമുണ്ട്. 2014ല്‍ ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും അവയിലെ കണ്ടെത്തലുകള്‍ എന്‍എംസി അന്വേഷണത്തില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.

ഈസ്റ്റര്‍ ദിനത്തില്‍ ബ്രിട്ടനില്‍ വലിയ ഗതാഗതത്തിരക്കുണ്ടാവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഈസ്റ്റര്‍ വീക്കെന്‍ഡിലെ നാല് ദിവസങ്ങളിലായി ഏതാണ്ട് 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തിങ്കളാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. പെസഹ വ്യാഴാഴ്ച്ച റോഡുകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ തിരക്കായിരിക്കും ഈ ബാങ്ക് അവധി ദിനങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാരാന്ത്യത്തില്‍ വൈകീട്ട് 4 മുതല്‍ 6 വരെയുള്ള സമയത്തും നാളെ രാവിലെ 10 മുതല്‍ 2 വരെയുള്ള സമയത്തും ഈസ്റ്റര്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 12 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്തും റോഡുകളില്‍ രൂക്ഷമായ തിരക്കായിരിക്കുമെന്ന് ട്രാഫിക്ക് അനലറ്റിക്‌സ് ഇന്റിക്‌സ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് യാത്ര ചെയ്യുന്ന ആളുകള്‍ക്കും നിരത്തില്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. വീക്കെന്‍ഡിലെ പ്രതികൂല കാലാവസ്ഥ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വീക്കെന്‍ഡില്‍ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യയുണ്ട്. കൂടാതെ ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച്ചക്കും ശക്തമായ ശീതക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുള്ളത് ഈസ്റ്റര്‍ തിങ്കളാഴ്ച്ചയാണ്. മെറ്റ് ഓഫീസ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച്ചയ്ക്ക് ഇഗ്ലണ്ട്, വെയില്‍സ്, സതേണ്‍ സ്‌കോട്ട്‌ലണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. റോഡിലൂടെയുള്ള യാത്രകളില്‍ തടസ്സം നേരിട്ടേക്കാമെന്നും വാഹനങ്ങള്‍ നിരത്തില്‍ കുടുങ്ങി പോകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. റെയില്‍, വിമാന സര്‍വീസുകളിലും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും പ്രതികൂല കാലാവസ്ഥ മൂലം വൈദ്യൂതി വിതരണത്തില്‍ തടസ്സം നേരിട്ടേക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലായേക്കും. ഇന്ന് രാത്രി 9 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ സ്‌കോട്ട്‌ലണ്ടിലെ ഹൈലാന്‍ഡുകളില്‍ ഒരു ഇഞ്ച് വരെ മഞ്ഞു വീഴ്ച്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ റോഡിലൂടെയുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നാളെ മുതല്‍ മഴ പെയ്യാനും സാധ്യതയുണ്ട്. നോര്‍ത്തിലെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയും സൗത്തില്‍ 8 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ സൗത്തില്‍ 1 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. യുകെയിലെ 81 ശതമാനം വരുന്ന വാഹന യാത്രക്കാരും വീക്കെന്‍ഡ് ആഘോഷിക്കാനുള്ള യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതായി എഎ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 20,000 പേരില്‍ നടത്തിയ സര്‍വ്വേ ഈ ദിവസങ്ങളില്‍ റോഡുകളില്‍ 26 മില്യണ്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് വ്യക്തമാക്കുന്നു.

ബിനോയി ജോസഫ്

“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം…  ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.

ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.

പുത്തന്‍പാന

 

ദൈവമാതാവിന്റെ വ്യാകുല പ്രലാപം.

അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം

സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം

എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാ‍നായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ

മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ

വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ

ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ

പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ‍

പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ

ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ‍
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ

നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ

തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ

ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ‍

ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ

വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ

ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ

അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ

ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ

സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ

വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ

ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ

പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ

നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ

ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശന്‍മാരായ റോബര്‍ട്ട് വെയ്റ്റണും, ആല്‍ഫ് സ്മിത്തും ജനിക്കുന്നത് 1908 മാര്‍ച്ച് 29നാണ്. ഈ ദീര്‍ഘായുസ്സിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ ഇരുവരും പോറിഡ്ജും സന്തോഷപൂര്‍ണമായ ജീവിതവുമെന്ന് മറുപടി പറയും. ഇരുവരും തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ കൈമാറാറുണ്ട്. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്കും 29 ജനറല്‍ ഇലക്ഷനുകള്‍ക്കും സാക്ഷ്യം വഹിച്ച ഈ മുത്തശ്ശന്മാരില്‍ ആരാണ് ആദ്യം ജനിച്ചതെന്ന കാര്യം പക്ഷേ വ്യക്തമല്ല. റോബര്‍ട്ട് വെയ്റ്റണ്‍ ഒരു എന്‍ജിനീയറായിരുന്നു. ഭാഗ്യം പിന്തുണച്ചവരില്‍ ഒരാള്‍ മാത്രമാണ് തനെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തില്‍ സന്തോഷമായിരിക്കുക അല്ലെങ്കില്‍ ചിരിച്ചുകൊണ്ടിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലോകത്തിലെ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണം ആളുകള്‍ അതിഗൗരവം നടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജപ്പാന്‍, തായ്‌വാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള വെയ്റ്റണ്‍ ഹാംപ്ഷയറിലെ ആല്‍ട്ടണിലുല്‌ള കെയര്‍ ഹോമിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മൂന്ന് മക്കളുടെ പിതാവായ ഇദ്ദേഹത്തിന് 10 പേരക്കുട്ടികളും അവരുടെ 25 മക്കളും ചേര്‍ന്ന ഒരു വലിയ കുടുംബം തന്നെ കൂടെയുണ്ട്.

ആല്‍ഫ് സ്മിത്ത് തന്റെ നാല് സഹോദരന്മാരോടപ്പം 1927ല്‍ കാനഡയിലേക്ക് കുടിയേറിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക് തിരികെ വന്നു. പിന്നീട് തന്റെ സഹോദരന്‍ ജോര്‍ജിനു വേണ്ടി ചരക്കു വണ്ടികള്‍ ഓടിച്ചായിരുന്നു ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോം ഗാര്‍ഡായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്മിത്തിന്റെ വിവാഹം നടക്കുന്നത് അദ്ദേഹത്തിന് ഏതാണ്ട് 29 വയസ്സ് പ്രായമുള്ളപ്പോഴാണ്. ഭാര്യ ഇസബെല്‍ സ്മിത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടു. 97 വയസ്സായിരുന്നു. സ്മിത്തും ഇസബെല്ലും ചേര്‍ന്ന് കിന്‍ഫൗണ്‍സില്‍ ഒരു ഫാം നടത്തിയിരുന്നു. അവിടെയാണ് അവരുടെ മക്കളായ ഐറിനും അലനും വളരുന്നത്. മകന്‍ അലന്‍ 40 വര്‍ഷക്കാലത്തോളം പിതാവിനൊപ്പം ഫാമില്‍ ജോലിയെടുത്തു. 2016ല്‍ അലന്‍ മരണപ്പെടുകയും ചെയ്തു.

70-ാം വയസ്സില്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്‌തെങ്കിലും 80 വയസ്സുവരെ ഫാമില്‍ പോകുകയും അത്യാവശ്യം ചെറുപണികളൊക്കെ സ്മിത്ത് ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു അഭിമുഖത്തില്‍ ഇത്രയും പ്രായമായിട്ടും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചപ്പോള്‍ പോറിഡ്‌ജെന്നായിരുന്നു സ്മിത്തിന്റെ മറുപടി. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതും ആരോഗ്യ സംരക്ഷണത്തിന് ഉതകുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

മോസ്‌കോ: സാലിസ്ബറി ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെ പ്രതികരണത്തില്‍ തിരിച്ചടിച്ച് റഷ്യ. പാശ്ചായരാജ്യങ്ങലുടെ നൂറിലേറെ നയതന്ത്ര പ്രതിനിധികളെ റഷ്യ പുറത്താക്കി. 26 രാജ്യങ്ങള്‍ 130ലേറെ റഷ്യന്‍ പ്രതിനിധികളെ നേരത്തേ പുറത്താക്കിയിരുന്നു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ റഷ്യന്‍ ഡിപ്ലോമാറ്റുകളെ പുറത്താക്കിയത്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് റഷ്യ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റും റഷ്യ അടച്ചുപൂട്ടി. റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലിനെയും മകളെയും നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാശ്ചാത്യരാജ്യങ്ങള്‍ നടപടി സ്വീകരിച്ചത്. ഇത് ബ്രിട്ടന്‍ നേടിയ നയതന്ത്രവിജയമാണ്.

60 റഷ്യന്‍ ഡിപ്ലോമാറ്റുകളെയാണ് അമേരിക്ക പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് റഷ്യയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സമാനെ റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറായിരുന്ന സ്‌ക്രിപാല്‍ ബ്രിട്ടീഷ് ചാരസംഘടനയായ എംഐ6നു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്‌ക്രിപാലിനെ വഞ്ചകനെന്ന് ക്രെംലിന്‍ മുദ്രകുത്തിയിരുന്നതായും ആക്രമണത്തിനു പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്നുമാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. ബ്രിട്ടീഷ് ചാരന്‍മാരായിരിക്കാം ഈ ആക്രമണത്തിനു പിന്നിലെന്നാണ് റഷ്യ ആരോപിക്കുന്നത്.

ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്‌ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധ പ്രയോഗം റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ പുതിയ ശീതയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സാലിസ്ബറി ആക്രമണത്തേക്കുറിച്ചുള്ള അന്വേഷണം ആഴ്ചകള്‍ നീളുമെന്നാണ് കരുതുന്നത്. മെറ്റ് പോലീസ്, എംഐ5 എന്നിവരാണ് അന്വേഷണം നടത്തുന്നത്. റഷ്യയുടെ പങ്കിനെക്കുറിച്ച് ബ്രിട്ടന്‍ വ്യക്തമായ തെളിവ് നല്‍കിയില്ലെങ്കില്‍ ആക്രമണം നടത്തിയത് ബ്രിട്ടന്‍ തന്നെയാണെന്ന് കണക്കാക്കുമെന്ന് റഷ്യ

ഷിബു മാത്യു

യോര്‍ക്ഷെയര്‍ :  ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ പെസഹാ ആചരിച്ചു. ഇന്നലെ വൈകുന്നേരം 5.15ന് ലീഡ്സ് സെന്റ്: വിൽഫ്രിഡ്സ് ദേവാലയത്തിൽ  ദിവ്യകാരുണ്യ ആരാധനയോടെ പെസഹായുടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു.   “ ദിവ്യകാരുണ്യത്തിലൂടെ നാം ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. അങ്ങനെ അവിടുത്തോടുകൂടെ മരണത്തില്‍നിന്നും ജീവിനിലേയ്ക്കും പ്രവേശിക്കുന്നു. ” ഫ്രാൻസീസ് പാപ്പാ പറഞ്ഞു 
ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ലീഡ്സ് സീറോ മലബാർ ചാപ്ളിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ സമൂഹബലി ആരംഭിച്ചു. ഫാ. സ്കറിയാ നിരപ്പേൽ സഹകാർമ്മികത്വം വഹിക്കുകയും പെസഹായുടെ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കാലുകഴുകൽ ശുശ്രൂഷ നടന്നു.സ്നേഹ ശുശ്രൂഷയുടെ പ്രതീകമായ പരസ്പരം കാൽകഴുകലും സ്നേഹ കൂദാശയായ പരിശുദ്ധ കുർബാന അർപ്പിക്കാനുള്ള കല്പനയും നല്കപ്പെട്ട പുണ്യദിനം.  ഫാ. മുളയോലിൽ ലീഡ്സ് ചാപ്ളിൻസിയിൽനിന്നുമുള്ള പന്ത്രണ്ട് പേരുടെ കാലുകൾ കഴുകി. തികച്ചും ഭക്തിനിർഭരമായ ശുശ്രൂഷയ്ക്ക് ചാപ്ലിൻസിയിലെ മുഴുവൻ കുടുംബങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു. കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശേഷം വിശുദ്ധ കുർബാന തുടർന്നു.  വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ അൾത്താരയിൽ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവെച്ചു. തുടർന്ന് ചാപ്ലിൻ റവ.  ഫാ. മാത്യൂ മുളയോളിയോടൊപ്പം ലിഡ്സ് സമൂഹം  പെസഹാ ആചരിച്ചു.പുതിയ പെസഹായായ മിശിഹായിലൂടെ രക്ഷയുടെ രാജ്യത്തിലേയ്ക്ക് ആനയിക്കപ്പെടാനും മന്നായുടെ പൂർത്തീകരണമായ പരി. കുർബാനയിലൂടെ നിത്യജീവൻ പ്രാപിക്കാനും നമ്മെ ഒരുക്കുന്ന തിരുനാൾ. ലീഡ്സിലെ ഒട്ടുമിക്ക കുടുംബങ്ങളിൽ നിന്നും കൊണ്ടുവന്ന പെസഹാ അപ്പം ആശീർവദിച്ച് മുറിച്ച് ഫാ. മുളയോലിൽ വിശ്വാസികൾക്ക് നൽകി. മാർത്തോമ്മാ നസ്രാണികളുടെ കുടുംബങ്ങളിൽ നടക്കുന്ന ഇണ്ടറിയപ്പം മുറിക്കൽ പെസഹായുടെ ചൈതന്യം ഓരോ കുടുംബവും ഏറ്റുവാങ്ങുന്ന പുരാതനമായ അനുഷ്ഠാനമാണ്.  ഒശാന ഞായറാഴ്ചത്തെ കുരുത്തോല സ്ലീവായുടെ ആകൃതിയിൽ പതിപ്പിച്ച അപ്പം ഈശോയുടെയും പന്ത്രണ്ട് ശിഷ്യൻമാരുടെയും ഓർമ്മയാചരിച്ചു കൊണ്ട് 13 കഷണങ്ങളായി മുറിച്ച് പാലിൽ മുക്കി ആദ്യം ഗ്രഹനാഥൻ കഴിക്കുകയും തുടർന്ന് കുടുംബാംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നു. ഈ അനുഷ്ഠാനം വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം എല്ലാ ഭവനങ്ങളിലും ഈ കർമ്മം നടത്താൻ ഫാ. മുളയോലിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 

ബിനോയി ജോസഫ്.

ദാരുണമായ ദുരന്തത്തിൽ കൊല്ലപ്പെട്ടത് കുടുംബനാഥൻ… തന്റെ പ്രിയതമന്റെ വേർപാടിൽ വേദന അനുഭവിക്കുന്ന മിനിയും സ്നേഹമയനായ പിതാവിനെ നഷ്ടപ്പെട്ട കിംബർലിയും ആഞ്ചലയും ലോകത്തിന് നല്കുന്നത് കരുണയുടെയും ക്ഷമയുടെയും സന്ദേശം… പോൾ ജോണിന്റെ മരണത്തിലൂടെ സ്വന്തം കുടുംബത്തിലുണ്ടായ നഷ്ടത്തിൽ അവർ ആശ്വാസം കണ്ടെത്തിയത് ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിച്ചു കൊണ്ടായിരുന്നു… അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പോളിന്റെ അവയവങ്ങൾ ദാനം ചെയ്തു കൊണ്ട് ലോകത്തിനു മാതൃക നല്കിയ കുടുംബം, ഇടിച്ചു വീഴ്ത്തിയ ഡ്രൈവർക്ക് മാപ്പു നല്കണമെന്ന് കോടതിയിൽ അപേക്ഷ നല്കി… കുടുംബത്തിന്റെ അസാമാന്യമായ കരുണയെയും ക്രൈസ്തവ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന മാതൃകയെയും എടുത്തു പറഞ്ഞ ജഡ്ജ് കുറ്റക്കാരനായ ഡ്രൈവർക്ക് ലഭിക്കാമായിരുന്ന ശിക്ഷ ഒഴിവാക്കി.

2017 മാർച്ച് 14 നാണ് യുകെയിലെ മലയാളികളെ മുഴുവൻ നടുക്കിയ അപകടം നടന്നത്. മാഞ്ചസ്റ്ററിലെ  വിതിൻഷോയിൽ വച്ച് പോൾ ജോണിനെ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പത്തു വയസുകാരിയായ മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് തള്ളി മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളിന്റെ ജീവനെടുത്തു. വിതിൻഷോയിലുള്ള സ്കൂളിൽ നിന്നും മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചത്. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. പോളിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ പോൾ ജോണിന്റെ കുടുംബം അനുമതി നല്കി.

47 കാരനായ പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയിരുന്നുള്ളു. അപകടത്തിൽ പെട്ട 27കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞെങ്കിലും കൂടെ പുഷ്ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.

ബർണേജ് സ്വദേശിയായ 89 കാരനായ എഡ് വാർഡ് വീലാനാണ് അപകടകരമായ രീതിയിൽ കാറോടിച്ച് ദുരന്തം വരുത്തിവെച്ചത്. മുന്നിൽ ബ്രേക്ക് ചെയ്ത കാറിനെ ഇടതു വശത്തുകൂടി മറികടക്കാനായി പേവ്മെൻറിലൂടെ കാർ കയറ്റിയ വീലാൻ സ്ത്രീയെയും പുഷ്ചെയറിലുണ്ടായിരുന്ന കുട്ടിയെയും ഇടിച്ചു. തുടർന്ന് മുന്നോട്ട് പോകുന്നതിനിടയിൽ മകളോടൊപ്പം റോഡ് ക്രോസ് ചെയ്യുകയായിരുന്ന പോളിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വുഡ് ഹൗസ് ലെയിൻ ജംഗ്ഷനിൽ ഹോളി ഹെഡ്ജ് റോഡിൽ വച്ചാണ് അപകടം നടന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ് കൈ ഷെഫ് എന്ന സ്ഥാപനത്തിലാണ് പോൾ ജോലി ചെയ്തിരുന്നത്. കോട്ടയം കൂടല്ലൂർ സ്വദേശിയായ പോളിന്റെ പത്നി മിനി വിതിൻഷോ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. മൂത്ത മകൾ കിംബർലി മാഞ്ചസ്റ്ററിലെ വാലി റേഞ്ച് സ്കൂളിലും ഇളയ മകൾ ആഞ്ചല ആറാം ക്ലാസിലും പഠിക്കുന്നു. വിതിൻ ഷോയിലെ സെൻറ് എലിസബത്ത് ചർച്ചിലെ സജീവ പ്രവർത്തകരാണ് പോൾ ജോണിന്റെ കുടുംബം.

സർജറിയ്ക്കു ശേഷമുള്ള ഒരു ഹോസ്പിറ്റൽ അപ്പോയിന്റ്മെൻറിനു ശേഷം വീട്ടിലേയ്ക്കു തിരിച്ചു പോവുകയായിരുന്നു എഡ് വാർഡ് വീലാൻ. ലോക്കോമോട്ടീവുകളും സ്റ്റീം ട്രെയിൻ ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകളും ഓടിച്ച് 50 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്ത വീലാന് ലൈസൻസിൽ ഒരു പോയിന്റു പോലും ലഭിച്ചിട്ടില്ല. ഉണ്ടായ ദുരന്തത്തിൽ അത്യന്തം ദു:ഖിതനായിരുന്നു വീലാൻ. അപകടമുണ്ടാക്കിയ ഡ്രൈവർക്ക് മാപ്പു നല്കണമെന്ന് പോളിന്റെ കുടുംബം ജഡ്ജിക്ക് അപേക്ഷ നല്കിയിരുന്നു.  അപേക്ഷ പരിഗണിച്ച കോടതി ലഭിക്കാമായിരുന്ന 16 മാസം തടവ് ഒഴിവാക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.

ലണ്ടന്‍: യുകെ ആണവ സബ്മറൈന്‍ പ്രോഗ്രാമിന് 600 മില്യന്‍ പൗണ്ട് കൂടി അനുവദിച്ചു. പ്രധാനമന്ത്രി തെരേസ മേയാണ് പാര്‍ലമെന്റില്‍ ഈ പ്രഖ്യാപനം നടത്തിയത്. സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്തിരിക്കുന്ന ശീതയുദ്ധ സമാനമായ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. ശീതയുദ്ധത്തിലുണ്ടായ ആയുധ മത്സരത്തിന്റെ പുതിയ പതിപ്പിനാണ് ഇതോടെ തെരേസ മേയ് തുടക്കമിട്ടിരിക്കുന്നത്. ഡിഫന്‍സ് മിനിസട്രിക്ക് അപ്രതീക്ഷിതമായാണ് ഈ ഫണ്ട് ലഭ്യമായിരിക്കുന്നത്.

ആണവ മിസൈല്‍ വാഹക ശേഷിയുള്ള സബ്മറൈനുകളുടെ വികസനം രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് പ്രഖ്യാപനത്തില്‍ മേയ് പറഞ്ഞു. ബ്രിട്ടീഷ് സൈനിക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. റഷ്യയുമായി ഉടലെടുത്ത പുതിയ നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനിക ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് പ്രതിരോധ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു.

ഡ്രെഡ്‌നോട്ട് സബ്മറൈന്‍ പദ്ധതിക്ക് 600 മില്യന്‍ പൗണ്ട് കൂടി അടുത്ത സാമ്പത്തികവര്‍ഷം ലഭിക്കുമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് ക്വസ്റ്റ്യനിലാണ് മേയ് വെളിപ്പെടുത്തിയത്. ചാന്‍സലര്‍ ഇതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിലവിലുള്ള വാന്‍ഗാര്‍ഡ് ക്ലാസ് സബ്മറൈനുകള്‍ക്ക് പകരമാണ് ഡ്രെഡ്‌നോട്ട് ക്ലാസ് സബ്മറൈനുകള്‍ അവതരിപ്പിക്കാന്‍ റോയല്‍ നേവി തയ്യാറെടുക്കുന്നത്. ഫെബ്രുവരിയില്‍ അനുവദിച്ച 200 മില്യന്‍ പൗണ്ട് കൂടി ചേര്‍ത്താല്‍ സബമറൈന്‍ പദ്ധതിക്ക് മൊത്തം 800 മില്യന്‍ പൗണ്ട് ലഭിക്കും.

RECENT POSTS
Copyright © . All rights reserved