Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 24 വയസ്സുകാരിയായ ഹർഷിത ബ്രെല്ല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നോർത്താംപ്ടൺഷെയർ പോലീസ് അറിയിച്ചു. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ താമസിച്ചിരുന്ന യുവതിയെ കാണാതായതിനെ കുറിച്ചുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹർഷിത ബ്രെല്ലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ നടത്തിയ പോസ്റ്റുമോട്ടത്തിൽ ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഹർഷിത ബ്രെല്ലനെ അവൾക്ക് അറിയാവുന്ന ആരോ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്ങൾ തുറന്ന മനസ്സോടെയാണ് കേസന്വേഷിക്കുന്നതെന്നും ഹർഷിത ബ്രെല്ലനെ കുറിച്ചും സംഭവത്തെ കുറിച്ചും എന്തെങ്കിലും പ്രസക്തമായ വിവരങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ, ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജോണി കാംബെൽ പറഞ്ഞു. ഹർഷിത ബ്രെല്ലൻ്റെ മരണത്തിലേക്ക് നയിച്ച കൂടുതൽ വിവരങ്ങൾ അനാവരണം ചെയ്യുന്നതിന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ പ്രധാന ക്രൈം ടീമിലെ ഡിറ്റക്ടീവുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ്ഫോർഡിൽ മലയാളി നേഴ്സ് ആത്മഹത്യ ചെയ്ത വേദനാജനകമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 35 വയസ്സ് പ്രായമുള്ള വൈശാഖ് ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി (BRI) ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്നു.

2023 -ലാണ് വൈശാഖ് യുകെയിൽ എത്തിയത് എന്നാണ് അറിയാൻ സാധിച്ചത്. ഭാര്യ ശരണ്യ മൂന്നാഴ്ച മുമ്പ് മാത്രമാണ് യുകെയിൽ എത്തിയത്. ബ്രാഡ്ഫോർഡിലെ മലയാളി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന വൈശാഖിന്റെ മരണം കടുത്ത ഞെട്ടലാണ് പ്രാദേശിക സമൂഹത്തിൽ സൃഷ്ടിച്ചത്. നന്നായി പാടുന്ന വൈശാഖ് കലാസാംസ്കാരിക രംഗത്ത് ഒരു വർഷം കൊണ്ട് തന്നെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

വൈശാഖ് രമേശിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തന്റെ സർക്കാരിൻറെ സമീപകാല ബഡ്ജറ്റിലെ നടപടികളെ കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസംഗിക്കുന്നതിനിടെ വൻ പ്രതിഷേധവുമായി കർഷകർ രംഗത്ത് എത്തി. വെൽഷ് ലേബർ കോൺഫറൻസിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ ഫാമുകളുടെ അനന്തരാവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ എതിർത്തുകൊണ്ട് രംഗത്തുവന്നു . ബഡ്ജറ്റിലെ അനന്തരാവകാശ നികുതിക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കർഷക യൂണിയനുകൾ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്ക് പുറത്ത് ഡസൻ കണക്കിന് ട്രാക്ടറുകളും കാർഷിക വാഹനങ്ങളും പാർക്ക് ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത് . ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ ബാധിക്കുന്ന വലിയ ബോംബ് എന്നാണ് അനന്തരാവകാശ നികുതി നിയമങ്ങളിലെ മാറ്റങ്ങളെ കോൺവി കൗണ്ടി കർഷകനും ബ്രോഡ്‌കാസ്റ്ററുമായ ഗാരെത് വിൻ ജോൺസ് വിശേഷിപ്പിച്ചത് . അനന്തരാവകാശ നികുതി നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളാണ് കഷ്ടപ്പെടാൻ പോകുന്നതെന്നും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് ലേബർപാർട്ടി ഗവൺമെന്റിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി വെൽഷ് ഫസ്റ്റ് മിനിസ്റ്ററും റൂറൽ അഫയേഴ്സ് സെക്രട്ടറിയുമായ ഹ്യൂ ഇറാങ്ക-ഡേവിസ് കർഷകരുടെ ഒരു പ്രതിനിധി സംഘത്തെ കാണുകയും കർഷക യൂണിയനുകളുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ സർ കെയർ പ്രതിഷേധക്കാരെ കാണുകയോ തൻ്റെ പ്രസംഗത്തിൽ അവരെ പരാമർശിക്കുകയോ ചെയ്തില്ല,


ഒക്ടോബർ 30 -ന് അവതരിപ്പിച്ച പുതിയ ലേബർ പാർട്ടിയുടെ ബഡ്ജറ്റ് സമ്മിശ്ര പ്രതികരണമാണ് വിവിധ ജന വിഭാഗങ്ങളിൽ ഉളവാക്കിയത്. ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾ തൊഴിലാളികളെ ബാധിക്കില്ലെന്ന സർക്കാരിൻറെ പ്രഖ്യാപനം എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന വിവരങ്ങൾ നേരെത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് വർദ്ധനവിന്റെ ആഘാതം തൊഴിലാളികളുടെ വേതനത്തിൽ നേരിട്ടല്ലെങ്കിലും പ്രതിഫലിക്കുമെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് കെയർ ഹോമുകളെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിലും മലയാളികൾ പങ്കാളികളായിട്ടുണ്ട്. നികുതി വർദ്ധനവ് മൂലം പ്രതിവർഷം 2 ലക്ഷം പൗണ്ട് അധികമായി ചിലവാകുമെന്നാണ് 6 കെയർ ഹോമുകൾ നടത്തുന്ന ഒരു കമ്പനി ഉടമ പറഞ്ഞത്. ജീവനക്കാരുടെ എണ്ണവും വേതനവും ചുരുക്കിയും നൽകുന്ന സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കിയും നാഷണൽ ഇൻഷുറൻസ് വർദ്ധനവിനെ നേരിടുവാൻ കെയർ ഹോം ഉടമകൾ ശ്രമിക്കുകയാണെങ്കിൽ അത് അവിടെ ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം മലയാളികളെ പ്രതികൂലമായി ബാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജനുവരി 27 ന് ബ്രിസ്റ്റോളിലെ ഹാർട്ട്ക്ലിഫിൽ മാക്‌സ് ഡിക്‌സൺ (16), മേസൺ റിസ്റ്റ് (15) എന്നീ രണ്ട് ആൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നാല് കൗമാരക്കാരും 45 വയസുള്ള ഒരാളും കുറ്റക്കാരാണെന്ന് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം മാക്‌സും മേസണും ഹാർട്ട്ക്ലിഫിലെ ഒരു വീടിന് നേരെ ആക്രമിച്ചെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ ആറാഴ്ചത്തെ വിചാരണയ്ക്കിടെ റിലേ ടോളിവർ (18), 16 വയസ്സുകാരൻ, 17 വയസ്സുകാരൻ, ഡ്രൈവർ ആൻ്റണി സ്നൂക്ക് (45) എന്നിവരെ രണ്ടു കൊലപാതകങ്ങൾക്കും ശിക്ഷിച്ചു. ഇത് കൂടാതെ മേസൻെറ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ച പതിനഞ്ചു വയസ്സുകാരൻ മാക്‌സിൻ്റെ കൊലപാതകത്തിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ബ്രിസ്റ്റോളിലെ നോൾ വെസ്റ്റിൽ വെച്ചാണ് മാക്‌സിനും മേസണും നേരെ കത്തിക്കുത്ത് അക്രമം ഉണ്ടായത്. ജനുവരി 28 പുലർച്ചെ ഇരുവരുടെയും മരണത്തിന് കാരണമായ ആക്രമണം നീണ്ടു നിന്നത് 33 സെക്കൻഡ് മാത്രമാണ്. അക്രമികളുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും, ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പിസ്സ വാങ്ങാനായി പുറപ്പെട്ട ഇവരെ ആക്രമിക്കുകയായിരുന്നു. മേസൻ്റെ വീട്ടിലെ ക്യാമറ ഉൾപ്പെടെയുള്ള സിസിടിവിയും ഡോർബെൽ ദൃശ്യങ്ങളും കേസിൽ നിർണായക പങ്ക് വഹിച്ചു. ആക്രമണവും ഓഡി കാറിൽ എത്തുന്ന അക്രമണധാരികളുടെ ദൃശ്യങ്ങളും ഇതിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ കുട്ടികളെ മാരക പരുക്കുകളോടെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ മാസം ഡൗണിങ് സ്ട്രീറ്റിൽ നടന്ന ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പിയതിൽ നമ്പർ 10 മാപ്പ് പറഞ്ഞു. സംഭവം വിവിധ കോണുകളിൽ നിന്ന് വൻ വിമർശനം ഏറ്റു വാങ്ങിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പിയത് ഹിന്ദു ആചാരങ്ങൾക്ക് യോജിച്ചതല്ലെന്നും നിരവധി ബ്രിട്ടീഷ് പൗരന്മാർക്ക് പ്രിയപ്പെട്ട ആചരണങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് നിരാശജനകമായ അറിവില്ലായ്മയും ആണ് ഇത് എന്നും കൺസർവേറ്റീവ് എംപി ശിവാനി രാജ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന് കത്ത് എഴുതിയിരുന്നു.


ഈ വിഷയത്തിൽ സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നുവെന്നും ഇതുമൂലമുണ്ടായ വൈകാരികമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്നും സമൂഹത്തോട് ക്ഷമ ചോദിക്കുന്നുതായും ടൗണിങ് സ്ട്രീറ്റ് വക്‌താവ് പറഞ്ഞു. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി വിരുന്ന്. കുച്ചിപ്പുഡി നൃത്താവതരണം അടക്കമുള്ളയായിരുന്നു പരിപാടികൾ. ഇതിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ പ്രസംഗവും ഉൾപ്പെടുത്തിയിരുന്നു.


അത്താഴ വിരുന്നിന്റെ മെനുവിൽ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്ന് ചില ബ്രിട്ടിഷ് ഹിന്ദു വിഭാഗക്കാർ വെളിപ്പെടുത്തിയെന്ന വാർത്ത നേരെത്തെ വാർത്തയായിരുന്നു . ലാംബ് കെബാബ്, ബീയർ, വൈൻ തുടങ്ങിയവയായിരുന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾക്ക് വിളമ്പിയത്. 2009-ൽ അന്നത്തെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിൻ്റെ കീഴിലാണ് ഡൗണിംഗ് സ്ട്രീറ്റ് ആദ്യമായി ദീപാവലി ആഘോഷിക്കാൻ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. 2022-ൽ യുകെയുടെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയായ ഋഷി സുനക് ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാരുടെ കീഴിലും ഈ പാരമ്പര്യം തുടർന്നു. ഇന്ത്യൻ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷങ്ങളിൽ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചിട്ടും മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. അടുത്തിടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി കുറച്ചത്. എന്നാൽ മോർട്ട്ഗേജ് ചെലവുകളെ ഇത് കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


രണ്ട് വർഷത്തെ ഫിക്സഡ് ഡീലിൻ്റെ നിരക്കുകൾ ഇപ്പോൾ 5.5 ശതമാനമാണ്. ബാർക്ലേസ്, എച്ച്എസ്ബിസി, നാറ്റ്വെസ്റ്റ്, നേഷൻവൈഡ് എന്നിവ ഉൾപ്പെടെയുള്ള ലെൻഡേഴ്സ് അടുത്ത ദിവസങ്ങളിൽ പുതിയ ഫിക്സഡ് ഡീലുകളിൽ ഈടാക്കുന്ന നിരക്ക് വർദ്ധിപ്പിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ മോർട്ട്ഗേജ് ചിലവുകൾ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന നല്ലൊരു ശതമാനം ആളുകൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.


നിരക്ക് വർദ്ധനവ് വായ്പ എടുക്കുന്നവർക്ക് ഒട്ടും സ്വാഗതാർഹമല്ലെന്ന് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഹോളിംഗ്വർത്ത് പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ വിപണിയിൽ മോർട്ട്ഗേജ് നിരക്കുകൾ നേരത്തെ പുന:ക്രമീകരിച്ചതാണ് നിലവിലെ വർദ്ധനവിന് കാരണമെന്ന അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. ഒട്ടേറെ യു കെ മലയാളികളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് വീടും വാഹനവും മേടിക്കുന്നതിനായി ലോൺ എടുക്കാൻ പദ്ധതി ഇട്ടിരുന്നത്. നിലവിലെ വാർത്തകൾ ഇത്തരക്കാർക്ക് നിരാശ സമ്മാനിക്കുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള ട്യൂഷൻ ഫീ വർദ്ധിപ്പിച്ചാലും യൂണിവേഴ്സിറ്റികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധി മുക്കാൽ ഭാഗത്തോളം സർവകലാശാലകളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക സർവകലാശാലകളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ മുമ്പ് വിചാരിച്ചതിലും മോശമാണെന്ന് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങൾ അതീവ ഗുരുതരമാകുമെന്നാണ് ഓഫീസ് ഫോർ സ്റ്റുഡൻറ് (ഓഫ് എസ് ) പ്രവചിക്കുന്നത്. സാമ്പത്തിക സുസ്ഥിരതയ്ക്കായി പല കോഴ്സുകളും നിർത്തലാക്കേണ്ടി വന്നേക്കാം. നില നിൽപിനായി പല സർവകലാശാലകളും പരസ്പരം ലയനം നടത്തേണ്ടി വരുന്ന സാഹചര്യങ്ങളും ഉടലെടുക്കാമെന്ന് റെഗുലേറ്ററിൻ്റെ ചെയർമാൻ സർ ഡേവിഡ് ബെഹാൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ സർവകലാശാലകൾക്ക് ദീർഘകാല ധനസഹായവും പരിഷ്കരണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട് . ഇംഗ്ലണ്ടിന്റെ ട്യൂഷൻ ഫീ നിലവിലെ വിദ്യാർത്ഥികൾക്കും പുതിയതായി വരുന്നവർക്കും പ്രതിവർഷം 285 പൗണ്ട് മുതൽ 9535 വരെ ഉയർത്താനായി സർക്കാർ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും 2023-24ൽ 40% സർവ്വകലാശാലകളും സാമ്പത്തിക കമ്മിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെഗുലേറ്റർ പറഞ്ഞു . സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പല സർവകലാശാലകളും ശമ്പളം കൊടുക്കാൻ തന്നെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ സർവകലാശാലകൾ ചെലവ് ചുരുക്കണമെന്ന് ഓഫ് എസ് ചെയർമാൻ സർ ഡേവിഡ് ബെഹൻ അഭിപ്രായപ്പെട്ടു.

ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണത്തിലെ കുറവാണ് സർവകലാശാലകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണമായി ചൂണ്ടി കാണിക്കുന്നത്. ഈ വർഷം യുകെയിലേയ്ക്കുള്ള മൊത്തം സ്റ്റുഡൻസിന്റെ വിസകളിൽ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ കുടുംബാംഗങ്ങളെ യുകെയിൽ താമസിക്കാൻ കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നോടിയായി ഋഷി സുനക് സർക്കാരാണ് ഈ നിയമം കൊണ്ടു വന്നത്. കുടുംബാംഗങ്ങളെ കൊണ്ടു വരുവാനുള്ള നിയന്ത്രണമാണ് ഇന്റർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണം ക്രമാതീതമായി കുറയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആംബുലൻസ് സർവീസിൽ സേവനം അനുഷ്ഠിക്കുന്ന പാരാമെഡിക്കലുകളുടെ ഭാഗത്തു നിന്നും ഗുരുതരമായ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ ഉടനീളം ലൈംഗികമായി അനുചിതമായി പെരുമാറുന്നതിന് പിരിച്ചു വിടപ്പെടുന്ന പാരാമെഡിക്കുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതായി അസ്സോസിയേഷൻ ഓഫ് ആംബുലൻസ് ചീഫ് എക്സിക്യൂട്ടീവുകളുടെയും (എഎസിഇ) വെൽഷ് ആംബുലൻസ് സർവീസിൻ്റെയും തലവൻ ജെയ്സൺ കില്ലൻസ് പറഞ്ഞു. പ്രമുഖ മാധ്യമമായ സ്കൈ ന്യൂസ് ആണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.


അവിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി ആംബുലൻസിൽ വെച്ച് ലൈംഗികമായി ആക്രമിക്കപ്പെട്ട കൊടും ക്രൂരത പാരാ മെഡിക്കലുകളുടെ ഭാഗത്തു നിന്നുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഉദാഹരണമായി സ്കൈ ന്യൂസ് പ്രസിദ്ധീകരിച്ചു . ജോലി കഴിഞ്ഞ് പബ്ബിൽ വെച്ച് മദ്യപിക്കുമ്പോൾ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ആംബുലൻസിൽ പുരുഷനും സ്ത്രീയുമായി രണ്ട് പാരാമെഡിക്കലുകൾ ഉണ്ടായിരുന്നു . എന്നാൽ യാത്രയ്ക്കിടെ അവൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വാർത്തയാണ് പിന്നീട് പുറത്തു വന്നത് . കുറ്റം നിഷേധിച്ചെങ്കിലും പാരാമെഡിക്‌സ് റെഗുലേറ്ററായ ഹെൽത്ത് ആൻ്റ് കെയർ പ്രൊഫഷൻസ് കൗൺസിൽ (എച്ച്‌സിപിസി) പ്രതികൾ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു .

പാരാമെഡിക്കുകൾക്കെതിരെ അവരുടെ റെഗുലേറ്ററായ ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് കൗൺസിലിന് 2023-ൽ നൽകിയ ലൈംഗിക ദുരുപയോഗ പരാതികളിൽ അഞ്ചിലൊന്ന് രോഗികൾക്കോ ​​പൊതുജനങ്ങൾക്കോ എതിരെയുള്ളതായിരുന്നു. എച്ച് സി പി സി യുടെ ജീവനക്കാരിൽ 11ശതമാനം മാത്രമാണ് പാരാമെഡിക്കലുകൾ. എന്നാൽ ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെട്ടിട്ടുള്ള 64 ശതമാനം പേരും പാരാമെഡിക്കലുകൾ ആണെന്ന് ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവരുടെ ഭാഗത്തുനിന്നും രോഗികളെ കുറിച്ച് ലൈംഗിക സംഭാഷണങ്ങൾ നടത്തുന്നതിൻ്റെ റിപ്പോർട്ടുകളും സ്കൈ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രെക്സിറ്റിനെതിരെ കടുത്ത വിമർശനവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ രംഗത്ത് വന്നു. യുകെയുടെ സമ്പദ് വ്യവസ്ഥയെ തുരങ്കം വെയ്ക്കുന്നതിൽ ബ്രെക്സിറ്റ് മുഖ്യ പങ്കു വഹിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ബ്രിട്ടൻ ഇനിയും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനർ നിർമ്മിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.


വ്യാഴാഴ്ച വൈകുന്നേരം ലണ്ടൻ നഗരത്തിലെ മാൻഷൻ ഹൗസ് ഡിന്നറിൽ സംസാരിക്കുമ്പോഴാണ് ആൻഡ്രൂ ബെയ്‌ലി ബ്രെക്‌സിറ്റിനെ പരാമർശിച്ചത് . എന്നാൽ ബ്രെക്‌സിറ്റിനെ കുറിച്ച് തനിക്ക് ഒരു മുൻ നിലപാടും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ എന്ന നിലയിൽ ബ്രെക്‌സിറ്റിനെ തുടർന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക സ്ഥിതിയെ കുറിച്ച് പറയാൻ തനിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് ജനതയുടെ ബ്രെക്‌സിറ്റിനായുള്ള തീരുമാനത്തെ താൻ മാനിക്കുന്നതായും എന്നാൽ ബന്ധങ്ങൾ വേർപ്പെടുത്തുന്നതിനും പുനർ നിർമ്മിക്കുന്നതിനും നമ്മൾ ജാഗ്രത പാലിക്കണമെന്നും ആൻഡ്രൂ ബെയ്‌ലി അഭിപ്രായപ്പെട്ടു.


ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സാധാരണഗതിയിൽ തർക്കമുളവാക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്താറില്ല. എന്നിരുന്നാലും ബെയ്‌ലിയുടെ മുൻഗാമിയായ മാർക്ക് കാർണി 2016 ലെ റഫറണ്ടത്തിന് മുമ്പ് ബ്രെക്‌സിറ്റിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ബെയ്‌ലി നിലവിൽ ഉയർത്തുന്ന അഭിപ്രായങ്ങൾ മുൻ ഗവർണറുടെ വാദങ്ങളെ ശരി വയ്ക്കുന്നതാണ്. എല്ലാ ഇറക്കുമതികൾക്കും 10% സാർവത്രിക താരിഫ് എന്ന തൻ്റെ പദ്ധതിയുമായി ട്രംപ് മുന്നോട്ട് പോയാൽ അത് അടുത്ത വർഷം യുകെയുടെ വളർച്ചാ നിരക്ക് 0.4% ആയി കുറയ്ക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യൂഎസിന്റെ പുതിയ നിലപാട് യുകെയുടെ സമ്പത്ത് രംഗത്തെ വളർച്ചയെ പിന്നോട്ടടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ഇതു കൂടെ പരിഗണിച്ചാണ് യൂറോപ്യൻ യൂണിയനും ആയിട്ടുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു വർഷം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞു. ഒട്ടേറെ സ്വപ്നങ്ങളുമായി കുടുംബവുമായി യുകെയിലെത്തിയ അബിൻ മത്തായിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരുക്കു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . 41 വയസ്സ് പ്രായമുള്ള അബിന് മൂന്ന് ദിവസം മുൻപാണ് അപകടം സംഭവിച്ചത്. കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയിൽ മത്തായി ആണ് പിതാവ്.

ഒരു വർഷം മുൻപാണ് നേഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് അബിനും ഭാര്യ ഡയാനയും യുകെയിൽ എത്തിയത്. ഒരേ നേഴ്സിംഗ് ഹോമിൽ ഭാര്യ കെയററായും അബിൻ മെയിൻറനൻസ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ അബിൻ താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അബിൻ ആശുപത്രിയിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

റയാനും റിയയുമാണ് മക്കൾ. അപകട വിവരമറിഞ്ഞ് അബിൻറെ സഹോദരൻ കാനഡയിൽ നിന്ന് എത്തിയിട്ടുണ്ട്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

അബിൻ മാത്യുവിൻെറ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved