ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ മാതാപിതാക്കളുടെ ഒരു വയസുള്ള കുട്ടിയെ സോഷ്യല്‍ കെയറിലേക്ക് മാറ്റി. കുഞ്ഞിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് സോഷ്യല്‍ കെയര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. നോര്‍ത്തേണ്‍ ഇംഗ്ലണ്ട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ അധികൃതര്‍ ഏറ്റെടുത്തിരിക്കുന്നത്. ദമ്പതികളില്‍ ഭര്‍ത്താവിന് 65ഉം ഭാര്യയ്ക്ക് 63ഉം വയസുണ്ട്. ലോകത്തില്‍ തന്നെ ഈ പ്രായത്തില്‍ കുട്ടി വേണമെന്ന് കരുതുന്ന മാതാപിതാക്കള്‍ വളരെ അപൂര്‍വ്വമാണ്. പ്രായാധിക്യം മൂലം ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ സ്വന്തമാക്കണമെന്ന് ആഗ്രഹത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാവാതെ ഇവര്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ് തങ്ങളുടെ ആഗ്രഹം നിറവേറ്റിയത്. ഇതിനായി ഏതാണ്ട് ഒരു ലക്ഷം പൗണ്ട് ഇവര്‍ ചെലവഴിച്ചു.

പ്രായാധിക്യം മൂലം കുട്ടിക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ ഇവര്‍ക്ക് കഴിയുമോയെന്ന ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനായിരുന്നു സോഷ്യല്‍ സര്‍വീസ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ കുട്ടിയെ പരിചരിക്കുന്ന രീതികള്‍ അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ദമ്പതികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാത്തതോടെയാണ് കുഞ്ഞിനെ സോഷ്യല്‍ കെയറിലേക്ക് മാറ്റിയിരിക്കുന്നത്.

ദമ്പതികളുടെയും കുട്ടിയുടെയും പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിഷയത്തില്‍ ദമ്പതികള്‍ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഇവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇരുവരെയും ബുദ്ധിമുട്ടിച്ചിരുന്നു. കുട്ടിയുടെ പരിചരണം അവതാളത്തിലായതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്.
യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മഴ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും തുടരുമെന്നാണ് കരുതുന്നത്. ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചിരുന്നു. വെസ്റ്റ് കണ്‍ട്രിയിലെ ചില പ്രദേശങ്ങളിലും ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലും ഇന്നലെ മഴ ലഭിച്ചിരുന്നു. ഏതാണ്ട് ഉച്ചയോടെ ആരംഭിച്ച മഴ ചില സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടര ഇഞ്ച് വരെ മഴ ലഭിക്കുമെന്ന് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിലായിരുന്നു പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് ആദ്യം നല്‍കിയത്. എന്നാല്‍ പിന്നീട് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ലിങ്കണ്‍ഷെയര്‍ തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും ലഭിക്കുകയാണെങ്കില്‍ വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച്ചയും ഉണ്ടായേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചില ഭാഗങ്ങളില്‍ റോഡ്, റെയില്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദമാണ് മഴ ലഭിക്കാന്‍ കാരണമെന്നാണ് വിശദീകരണം. വില്‍റ്റ്‌ഷെയറിലെ കെന്നറ്റ് നദിക്കും ലോവര്‍ ആവോണിനും അടുത്ത് താമസിക്കുന്നവര്‍ വെള്ളപ്പൊക്കം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും കൂടുതല്‍ തെളിച്ചമുള്ള ദിനങ്ങളാണ് ഈ വര്‍ഷം ഏപ്രിലില്‍ യുകെയില്‍ ലഭ്യമായത്. എന്നാല്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ബുധനാഴ്ച്ചയോടെ മഴ മാറി തെളിഞ്ഞ ആകാശം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ ലഭിക്കുന്നതോടെ താപനില 8 മുതല്‍ 9 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന താപനില 29.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
ഹോം സെക്രട്ടറി ആംബര്‍ റൂഡ് രാജിവെച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന്റെ ടാര്‍ജറ്റ് സംബന്ധിച്ച വിഷയത്തിലാണ് റൂഡ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. വിന്‍ഡ്‌റഷ് അഭയാര്‍ത്ഥികളെ സംബന്ധിച്ച വിവാദമാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്. ഹോം സെക്രട്ടറി പദമെന്നത് ഗവണ്‍മെന്റിലെ ഏറ്റവും അസ്ഥിര ജോലികളിലൊന്നായി മാറിയിരിക്കുകയാണോ എന്ന ചോദ്യവും ഈ രാജി ഉയര്‍ത്തുന്നുണ്ട്. തെരേസ മേയ് ആറ് വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നിരുന്ന ആളാണെങ്കിലും അവരുടെ പിന്‍ഗാമിയായ ആംബര്‍ റൂഡിന് അധികകാലം മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിഞ്ഞില്ല. ഡേവിഡ് ബ്ലങ്കറ്റ്, ജാക്വി സ്മിത്ത്, ചാള്‍സ് ക്ലാര്‍ക്ക് തുടങ്ങിയവരുടെ നിരയിലേക്ക് റൂഡും ചേര്‍ക്കപ്പെട്ടു. പുതിയ വിവാദം ഉയരുന്നതിനു മുമ്പ് തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവര്‍ത്തന സംസ്‌കാരത്തിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന താരങ്ങളിലൊന്നായാണ് റൂഡിനെ കണക്കാക്കിയിരുന്നത്.

യൂറോപ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന നേതാവ്, പാര്‍ട്ടിയെ ലിബറല്‍ ആധുനികതയിലേക്ക് നയിക്കണമെന്ന അഭിപ്രായമുള്ളവരുടെ നേതാവായ ജോര്‍ജ് ഓസ്‌ബോണിന്റെ പിന്‍ഗാമി തുടങ്ങിയ വിശേഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനപ്രീതി നേടാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഇവരുടെ സഹോദരന്‍ റോളണ്ട് റിമെയ്ന്‍ ക്യാംപെയിനിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖനാണ്. ഡേവിഡ് കാമറൂണിന്റെ കീഴിലാണ് ഇവര്‍ക്ക് പ്രത്യേക പരിഗണനയും സ്ഥാനക്കയറ്റവും ലഭിക്കുന്നത്. ട്രഷറി കുറച്ചു കാലം കൈകാര്യം ചെയ്തു. പിന്നീട് 2015ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സെക്രട്ടറി പദത്തിലും ഇവര്‍ ഇരുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവരുടെ പ്രസക്തി ഒന്നു കൂടി വര്‍ദ്ധിച്ചു. പിന്നീട് വന്ന തെരേസ മേയ് സര്‍ക്കാരില്‍ നിന്ന് കാമറൂണ്‍ അനുകൂലികള്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍ നിലനില്‍ക്കാനായെന്ന് മാത്രമല്ല, ഹോം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. 2017ലെ ഭീകരാക്രമണങ്ങള്‍ കൈകാര്യം ചെയ്തതും ഇവര്‍ തന്നെയാണ്. ഇപ്പോള്‍ അഭയാര്‍ത്ഥി വിഷയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിനോയി ജോസഫ്
തങ്ങളുടെ ജീവന്റെ ജീവനായ കുഞ്ഞിനെ മരണത്തിനു വിട്ടു നല്കാതിരിക്കാൻ ടോമും കേറ്റും നടത്തിയ അതിതീഷ്ണമായ പോരാട്ടങ്ങൾക്ക് ദു:ഖപര്യവസായിയായ അന്ത്യം കുറിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി. ആധുനിക വൈദ്യശാസ്ത്രവും നീതിപീഠവും രാഷ്ട്രത്തലവൻമാരും വരെ ആൽഫി എന്ന കുരുന്നു ജീവൻ സംരക്ഷിക്കാൻ നടത്തിയ ചരിത്രപരമായ നീക്കങ്ങളിൽ പങ്കാളികളായി. ആയിരങ്ങളാണ് ആൽഫിയെ ചികിത്സിച്ച ലിവർപൂൾ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുന്നിൽ ആഴ്ചകളോളം ആൽഫിയുടെ മാതാപിതാക്കളായ തോമസ് ഇവാൻസിനും കേറ്റ് ജെയിംസിനും ധാർമ്മിക പിന്തുണയുമായി തമ്പടിച്ചത്. ആൽഫിയുടെ രോഗവിമുക്തിയ്ക്കായി കാത്തിരുന്ന ലോകത്തിന് ലഭിച്ച വാർത്ത ശുഭകരമായിരുന്നില്ല. മാസങ്ങൾ നീണ്ട നിയമയുദ്ധവും തുണയ്ക്കാതെ വന്നപ്പോൾ ലോകത്തിനു തന്നെ നൊമ്പരമായി ആൽഫി മരണത്തിനു കീഴടങ്ങി.

“ഞങ്ങളുടെ പ്രിയപ്പെട്ട ആൽഫിയ്ക്ക് ചിറകുകൾ ലഭിച്ചിരിക്കുന്നു.. അവൻ പോരാട്ടം അവസാനിപ്പിച്ചു യാത്രയായി.. ഞങ്ങളുടെ ഹൃദയം തകരുന്നു”.. 23 മാസം മാത്രം പ്രായമുള്ള പ്രിയ ആൽഫിയെ നെഞ്ചോടു ചേർത്ത്, ജീവൻ നിലനിർത്താനായി അക്ഷീണ പരിശ്രമം നടത്തിയ ടോമിന്റെയും കേറ്റിന്റെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ ശനിയാഴ്ച രാവിലെ കുറിക്കപ്പെട്ടപ്പോൾ ലോകം തേങ്ങുകയായിരുന്നു. ആൽഫിയുടെ വേർപാടിൽ താൻ അതീവ ദു:ഖിതാണെന്നും ആൽഫിയുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പോപ്പ് ഫ്രാൻസിസ് സന്ദേശത്തിൽ കുറിച്ചു. ഇറ്റലിയുടെ നിരവധി പതാകകൾ ലിവർപൂളിലെ ഹോസ്പിറ്റലിനു മുമ്പിൽ ആൽഫിയ്ക്ക് ആദരമർപ്പിച്ച് സ്ഥാപിക്കപ്പെട്ടു.

മെഴ്സിസൈഡ് സ്വദേശികളായ ടോമിന്റെയും കേറ്റിന്റെയും മകനായ ആൽഫി ഇവാൻസ് ജനിച്ചത് 2016 മെയ് 9നായിരുന്നു. 2016 ഡിസംബറിലാണ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആദ്യമായി അഡ്മിറ്റ് ചെയ്യപ്പെടുന്നത്. ഡീജനറേറ്റീവ് ന്യൂറോളജിക്കൽ കണ്ടീഷനാണ് ആൽഫിയ്ക്ക് എന്ന് ഡോക്ടർമാർ വിധിയെഴുതി. ആധുനിക വൈദ്യശാസ്ത്രത്തിനു ആൽഫിയെ സുഖപ്പെടുത്താനാവില്ലെന്നും ചികിത്സകൾക്ക് പരിമിതികളുണ്ടെന്നും ഡോക്ടർമാർ ആൽഫിയുടെ മാതാപിതാക്കളെ അറിയിച്ചു. മാസങ്ങളോളം ആൽഫി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. വിദഗ്ദ ചികിത്സ നല്കാൻ ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോകാനുള്ള അനുമതി ഹോസ്പിറ്റൽ അധികൃതർ നല്കിയില്ല.

ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ഹൈക്കോടതിയെ സമീപിച്ച് ആൽഫിയുടെ വെൻറിലേറ്റർ സംവിധാനം അവസാനിപ്പിക്കാൻ അനുമതിതേടി. തുടർന്ന് ആൽഫിയുടെ ചികിത്സ ജസ്റ്റിസ് ഹെയ്ഡന്റെ മേൽനോട്ടത്തിനു കീഴിലായി. ബ്രെയിൻ ടിഷ്യൂവിന് കാര്യമായ തകരാറുണ്ടെന്നും കൂടുതൽ ചികിത്സകൾ ഫലപ്രദമാവില്ലെന്നും അത് മനുഷ്യത്വപരമല്ലെന്നും സ്കാൻ റിപ്പോർട്ടുകൾ ഹാജരാക്കി ഹോസ്പിറ്റൽ മാനേജ്മെൻറ് വാദിച്ചു. ഹോസ്പിറ്റലിന്റെ വാദങ്ങളെ തള്ളിയ മാതാപിതാക്കൾ ആൽഫിയെ റോമിലെ ബാംബിനോ ജെസു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാൻ അനുമതിയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ നിരാകരിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ആൽഫിയുടെ ജീവൻ രക്ഷിയ്ക്കാനായി ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോയ ടോമിനും കേറ്റിനും പിന്തുണയുമായി ആൽഫിസ് ആർമി രൂപം കൊണ്ടു. സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായ ആൽഫിയുടെ അതിജീവനത്തിനായുള്ള പോരാട്ടം ലോകമേറ്റെടുത്തു.നൂറു കണക്കിനാളുകളാണ് ആൽഫിയെ അഡ്മിറ്റ് ചെയ്തിരുന്ന ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുമ്പിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിച്ചേർന്നത്. ആൽഫിയെ ഇറ്റലിയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയ ജനങ്ങൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചു. സുരക്ഷാകാരണങ്ങളിൽ ഹോസ്പിറ്റലിന് പോലീസ് വലയം തീർത്തു. ആൽഫി ഇറ്റലിയിലേക്ക് മാറ്റുന്നതിനായി എയർ ആംബുലൻസ് തയ്യാറായി നിന്നു. പക്ഷേ നീതീ പീഠങ്ങൾ കനിഞ്ഞില്ല.

ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടുവരുന്നതിനു സഹായമഭ്യർത്ഥിച്ചുകൊണ്ട് ആൽഫിയുടെ പിതാവ് തോമസ് ഇവാൻസ് റോമിലെത്തി പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചിരുന്നു. റോമിന്റെ പൂർണ സഹകരണം ലഭ്യമായെങ്കിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടും ആൽഫിയ്ക്ക് യാത്രാനുമതി നല്കിയില്ല. ആൽഫിക്ക് യാത്രാനുമതി ഒരുക്കുന്നതിനായി ഇറ്റാലിയൻ പൗരത്വം നല്കിയെങ്കിലും ആൽഫി ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടീഷ് ഹൈക്കോർട്ടിന്റെ നിയമപരിധിയിലാണെന്നും ജസ്റ്റിസ് ഹെയ്ഡൻ വിധിച്ചു. ഇതിനിടെ ആൽഫിയുടെ ലൈഫ് സപ്പോർട്ട് ലിവർപൂൾ ഹോസ്പിറ്റൽ നീക്കം ചെയ്തു. യന്ത്രസഹായമില്ലാതെ ആൽഫി ശ്വസിക്കാനാരംഭിച്ചെന്നും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആൽഫിയുടെ സോളിസിറ്റർ കോടതിയെ അറിയിച്ചെങ്കിലും ആൽഫിയുടെ കേസുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾക്ക് വിരാമമിടുകയാണെന്ന് നീതിപീഠം വിധി പ്രസ്താവിച്ചു.

ആൽഫിയുടെ ജീവൻ രക്ഷിക്കാൻ ക്വീൻ ഇടപെടണമെന്ന പെറ്റീഷനിൽ ആയിരങ്ങളാണ് ഒപ്പുവച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആൽഫിയ്ക്കു വേണ്ടി ശബ്ദമുയർത്തി. തോമസ് ഇവാൻസിന്റെയും കേറ്റ് ജെയിംസിന്റെയും വേദനയിൽ ലോകജനത പങ്കാളികളായി. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാൻ സ്വന്തം മാതാപിതാക്കൾ നടത്തിയ പോരാട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതിയും ചർച്ചയായി. കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാനായി അന്തിമ തീരുമാനം എടുക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കുറിച്ചും കോടതിയുടെ അധികാര പരിധിയും മനുഷ്യത്വപരമായ സമീപനവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും മനുഷ്യ മനസാക്ഷിയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർത്തിക്കൊണ്ട് ആൽഫി ഇവാൻസ് വിടപറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ലിവർപൂളിലെ പാർക്കിൽ ആൽഫിയ്ക്കു സ്നേഹാദരം അർപ്പിച്ചു കൊണ്ട് ശനിയാഴ്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തിയത്. അന്തരീക്ഷത്തിൽ ഒരേ ഒരു ശബ്ദം മാത്രം മുഖരിതമായി… ആൽഫി.. ആൽഫി.. വീ.. ലവ്.. യു.. ആൽഫി ഇവാൻസ് ലോകത്തിന്റെ തന്നെ വേദനയായി മാറി.




ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ ഭീമന്മാരായ സെയിന്‍സ്‌ബെറീസും ആസ്ഡയും ലയിക്കാനൊരുങ്ങുന്നു. പുതിയ നീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ബില്യണ്‍ പൗണ്ടിന്റെ ലയന ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ആസ്ഡ, മോറിസണ്‍ എന്നിവരാണ് യുകെയിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. സെയിന്‍സ്‌ബെറീസും ആസ്ഡയും ഒന്നിക്കുന്നതോടെ ടെസ്‌കോയെ മറികടന്ന് ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. പുതിയ നീക്കം ഇരു കമ്പനികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇരുവരും ലയിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്.

ഇരു സ്ഥാപനങ്ങള്‍ക്കും കൂടി നിലവില്‍ സമാന തസ്തികകള്‍ ഉണ്ട്. ഒരു കമ്പനിയായി മാറിക്കഴിഞ്ഞാല്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അങ്ങനെയാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആള്‍ഡി, ലിഡില്‍ തുടങ്ങിയ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ വിപണിയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ മത്സരത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ശക്തമായ മത്സരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.

യുഎസ് റിട്ടൈല്‍ ഭീമന്‍ വാള്‍മാര്‍ട്ട് 1999ലാണ് ആസ്ഡ ഏറ്റെടുക്കുന്നത്. യുകെയുടെ വിപണി കീഴടക്കാനുള്ള പുതിയ നീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നതും വാള്‍മാര്‍ട്ടാണ്. വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തെ കമ്പനികള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. സെയിന്‍സ്‌ബെറീസ് ശൃംഖലയ്ക്ക് രാജ്യത്താകമാനം 1400 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വന്തമായുണ്ട്. ആസ്ഡയ്ക്ക് 600ലധികവും. ലയനം സാധ്യമായാല്‍ ഇവരുടെ ബിസിനസില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലക്ഷക്കണക്കിന് ഫോണ്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ പിഴിയുന്ന ഫോണ്‍ കമ്പനികളെ പിടികൂടാന്‍ പദ്ധതിയുമായി റെഗുലേറ്റര്‍ ഓഫ്‌കോം. ഒറിജിനല്‍ കോണ്‍ട്രാക്ടുകള്‍ അവസാനിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ഉയര്‍ന്ന താരിഫിലേക്ക് ഉപഭോക്താക്കളെ മാറ്റിക്കൊണ്ടുള്ള കൊള്ളയ്ക്ക് തടയിടാനാണ് നീക്കം. ഇക്കാര്യം അറിയിക്കാനായി ഒരു ടെക്സ്റ്റ് മെസേജ് അയക്കുക മാത്രമാണ് കമ്പനികള്‍ ചെയ്യാറുള്ളത്. കോണ്‍ട്രാക്ട് അവസാനിക്കുന്നുവെന്ന് കാട്ടി കമ്പനികള്‍ അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഓഫ്‌കോം അറിയിച്ചു.

ഇത്തരത്തിലുള്ള ചെറിയ പരിശോധന പോലും സാധാരണകാര്‍ക്ക് നൂറ് കണക്കിന് പൗണ്ട് അധികം ചെലവാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മിക്ക സേവനദാതാക്കളും കോണ്‍ട്രാക്ടുകള്‍ അവസാനിക്കുന്നതിനേക്കുറിച്ചുള്ള അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കാറില്ല. ഉയര്‍ന്ന താരിഫിലേക്ക് ഇവര്‍ മാറ്റപ്പെടുകയും ചെയ്യും. ഉയര്‍ന്ന ബില്ലുകള്‍ കണ്ട് അന്തംവിടുന്ന ഉപഭോക്താക്കള്‍ അന്വേഷിക്കുമ്പോള്‍ മാത്രമായിരിക്കും വിവരം മനസിലാക്കുക. ഓഫ്‌കോമിന്റെ വിവരങ്ങള്‍ അനുസരിച്ച് 60 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ഒരിക്കല്‍ പണം നല്‍കിയ ഹാന്‍ഡ്‌സെറ്റുകള്‍ക്കായി വീണ്ടും പണം നല്‍കേണ്ടതായി വന്നിട്ടുണ്ട്.

വിഷയത്തേക്കുറിച്ച് അറിവില്ലാത്ത ഉപഭോക്താക്കള്‍ കോളുകള്‍ക്കും മെസേജുകള്‍ക്കും ഡേറ്റയ്ക്കുമായി ആവശ്യമില്ലാതെ പണം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ഓഫ്‌കോം ഡേറ്റ പറയുന്നു. പ്രതിമാസം ശരാശരി 22 പൗണ്ടെങ്കിലും ഒരു വീടിന് അധികമായി ചെലവാകുന്നുണ്ടെന്നാണ് കണക്ക്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പണമടക്കുന്നവര്‍ക്ക് ഈ തുക 38 പൗണ്ടായി ഉയരും. ആറു മാസത്തിനു ശേഷം മാത്രമാണ് അഞ്ചിലൊന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ കോണ്‍ട്രാക്ട് കാലാവധി കഴിഞ്ഞതായി മനസിലാക്കുന്നത്. ഈ അശ്രദ്ധ മൂലം ഇവര്‍ക്ക് 228 പൗണ്ടെങ്കിലും ഇക്കാലയളവില്‍ നഷ്ടമായിട്ടുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് തുല്യമായ ഇളവുകള്‍ നല്‍കാനൊരുങ്ങി ബ്രിട്ടന്‍. ഭാവി ഇമിഗ്രേഷന്‍ നയങ്ങള്‍ ഇതനുസരിച്ചായിരിക്കുമെന്നാണ് സൂചന. ഇത് നടപ്പിലായാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബ്രിട്ടിനിലേക്ക് വിസ രഹിത യാത്രകള്‍ നടത്താന്‍ കഴിയും. ജൂണില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ യുകെ നെഗോഷ്യേറ്റര്‍മാര്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ വന്‍തോതില്‍ ബ്രിട്ടനിലെത്താന്‍ ഈ നീക്കം വഴിതെളിക്കുമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് അധികാരം നല്‍കാനും വ്യവസ്ഥയുണ്ട്. കടുത്ത ബ്രെക്‌സിറ്റ് വാദികളെ രോഷാകുലരാക്കുന്ന നീക്കമായിരിക്കും ഇതെന്നും വിലയിരുത്തപ്പെടുന്നു. 2016ലെ ഹിതപരിശോധനാഫലത്തെ വഞ്ചിക്കുന്ന നടപടിയായിരിക്കും ഫ്രീ മൂവ്‌മെന്റ് പോലെയുള്ള വിഷയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചെറിയ ഇളവ് പോലുമെന്ന നിലപാടുകാരാണ് ഇവര്‍. നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന കാരണത്താല്‍ ബ്രെക്‌സിറ്റ് വാദിയായ ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ഡേവിസ് രാജിക്കൊരുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബെല്‍ഫാസ്റ്റില്‍ നിയമവിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ന്നത്. അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്താന്‍ തെരേസ മേയ് തയ്യാറായില്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സ്വതന്ത്രമായി പ്രവേശിക്കുന്നതിനെ തടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാന്‍ ബ്രിട്ടനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് കഴിഞ്ഞയാഴ്ചയുണ്ടായത്.
15 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വികാരിയെ കാണാനില്ല. ഈ മാസം ആദ്യവാരം ചെന്നൈ ഹൈക്കോടതി വികാരി ജോനാഥന്‍ റോബിണ്‍സണ് 3 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധിയുണ്ടായതിന് ശേഷം ഇയാളെയും ഭാര്യയെയും കാണാനില്ല. ചെന്നൈ എയര്‍പോര്‍ട്ട് വഴി ഇയാള്‍ ലണ്ടനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഇംഗ്ലണ്ടിലെ വസതിയില്‍ വികാരിയും ഭാര്യയും എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ജാമ്യത്തിലായിരുന്ന ഇയാള്‍ ജാമ്യ വ്യവസ്ഥ അനുസരിച്ച് പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ശിക്ഷാവിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ നാടുവിട്ടതാണെന്നാണ് പോലീസ് നിഗമനം. വികാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചില്‍ഡ്രന്‍സ് ഹോം ആന്റ് ചാരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു ജോനാഥന്‍ റോബിന്‍സണ്‍. കുട്ടികളുമായി തലസ്ഥാന നഗരയില്‍ വിനോദ യാത്രയ്‌ക്കെത്തിയ വികാരി കുട്ടികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വികാരി തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 15കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ ശേഷം ലോക്കല്‍ അതോറിറ്റി അധികൃതരുടെ സഹായത്തോടെ കുട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വികാരി അറസ്റ്റിലാകുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസുമായി സഹകരിക്കാന്‍ റോബിന്‍സണ്‍ തയ്യാറായില്ല. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഇന്ത്യയിലെത്തി കേസിനെ നേരിടാന്‍ തയ്യാറല്ലെന്നും ഇയാള്‍ വാദിച്ചു. ഇതേതുടര്‍ന്ന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടി. നാല് വര്‍ഷം ഇയാള്‍ ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് തിരികെ വന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടു കൂടി 2015ല്‍ വികാരിക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നു. തമിഴ്‌നാട് പോലീസ് റോബിന്‍സണെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. നീണ്ട 7 വര്‍ഷത്തെ നിയമ യുദ്ധത്തിന് ഒടുവില്‍ ഇയാളെ ചെന്നൈ ഹൈക്കോടതി 3 വര്‍ഷത്തിന് ശിക്ഷിക്കുകയും ചെയ്തു. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് റോവാന്‍ വില്യംസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് റോബിന്‍സണ്‍. എന്നാല്‍ വിഷയത്തില്‍ ബിഷപ്പ് പ്രതികരിച്ചിട്ടില്ല.
കാലടി: കാലടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടിക്കടുത്ത് കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ ആറാട്ടുകടവിൽ ശ്രീമൂലനഗരം സ്വദേശികളായ മണിയന്തറ സലാം മകൻ റിസ്വാൻ (23), കാനാപ്പിള്ളി പീറ്റർ – ജിഷ ദമ്പതികളുടെ മകൻ ഐബിൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് (ഏപ്രിൽ 28 ശനി) വൈകീട്ട് 3.45നാണ് അപകടം ഉണ്ടായത്. ഐരാപുരം ശങ്കര കോളജ് വിദ്യാര്‍ഥിയാണ് മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെയും മാതാവിന്‍റെയും സഹോദരങ്ങള്‍ യുകെയിലാണ് താമസം. അത് കൊണ്ട് തന്നെ ഈ ദുരന്തം യുകെ മലയാളികളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സോഫി നൈജോയുടെ സഹോദരി പുത്രനാണ് അപകടത്തിൽ മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെ അനുജന്‍ ഫെലിക്സ് ആന്റണി സ്വാന്‍സിയിലെ മോറിസ്ടനില്‍ ആണ് താമസം. ദുരന്ത വാര്‍ത്തയറിഞ്ഞ ഫെലിക്സ് നാളെ നാട്ടിലേക്ക് തിരിക്കും.
സുഹൃത്തുക്കളുമൊത്ത് ഇരുവരും ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടയില്‍ അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ശ്രീമൂലം മൂലേപ്പടവില്‍ രാമചന്ദ്രന്റെ മകന്‍ മൃദുല്‍ (23) നെ നാട്ടുകാര്‍ രക്ഷിച്ചു. ഇരുവരുടെയും മൃതദേഹം കാഞ്ഞൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി പുത്രന് പറ്റിയ അപകട വർത്തയറിഞ്ഞ സോഫിയും കുടുംബവും നാട്ടിലേക്ക് നാളെയാണ് പുറപ്പെടുക. പോലീസിന്റെ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം ശവസംസ്ക്കാരം നടക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
ജീവന്‍ രക്ഷിക്കാന്‍ ലോകത്തിന്റെ ഏത് കോണിലും കൊണ്ടുപോകാന്‍ തയ്യാറായിരുന്ന മാതാപിതാക്കളെയും പിന്തുണയുമായെത്തിയവരെയും കണ്ണീരിലാഴ്ത്തി ആല്‍ഫി ഇവാന്‍സ് ജീവന്‍ വെടിഞ്ഞു. ലൈഫ് സപ്പോര്‍ട്ട് കുട്ടിക്ക് തുടര്‍ന്ന് നല്‍കാന്‍ വേണ്ടിയുള്ള നിയമയുദ്ധത്തില്‍ പിതാവ് ടോം ഇവാന്‍സും അമ്മ കെയ്റ്റ് ജെയിംസും പരാജയപ്പെട്ടതോടെ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കുകയായിരുന്നു. 23 മാസം പ്രായമായ ആല്‍ഫിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തിലുള്ള മസ്തിഷ്‌ക രോഗമായിരുന്നു. ”എന്റെ പോരാളി അവന്റെ പടച്ചട്ട താഴെ വെച്ച് ചിറകുകള്‍ സ്വീകരിച്ചു” എന്ന് ടോം ഇവാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.’

തിങ്കളാഴ്ച രാത്രിയാണ് കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 2.30ന് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ഉപകരണങ്ങള്‍ നീക്കിയെങ്കിലും 9 മണിക്കൂറോളം കുട്ടി ഇവയുടെ സഹായമില്ലാതെ ശ്വസിച്ചുവെന്ന് ടോം അറിയിച്ചിരുന്നു. റോമിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നതിന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞിന് തുടര്‍ ചികിത്സ നല്‍കിയതുകൊണ്ട് ഫലമില്ലെന്ന് ആശുപത്രിയധികൃതര്‍ കോടതിയെ അറിയിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യാന്‍ കോടതി ആശുപത്രിക്ക് അനുമതി നല്‍കിയെങ്കിലും ടോം ഇവാന്‍സിന്റെ അപ്പീലുകളുടെ പശ്ചാത്തലത്തില്‍ നടപടി നീളുകയായിരുന്നു.

ആള്‍ഡര്‍ ഹേയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സക്കായി രാജ്യത്തിനു പുറത്തു കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ടോം ഇവാന്‍സ്. ഇതിനായി ഇയാള്‍ പല തവണ കോടതിയെ സമീപിച്ചെങ്കിലും കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടകരമായിരിക്കുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്ന് കോടതി അനുമതി നിഷേധിച്ചു. എയര്‍ ആംബുലന്‍സ് കൊണ്ടുവന്ന് കുട്ടിയെ മാറ്റാനുള്ള ശ്രമം പോലും കോടതി തടഞ്ഞിരുന്നു. ആശുപത്രിക്കു മുന്നില്‍ കുഞ്ഞിനു വേണ്ടി നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്.