Main News

പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീലില്‍ ടോറികള്‍ക്കുള്ളില്‍ അസംതൃപ്തി പുകയുന്നു. പ്രധാനമന്ത്രിക്കെതിരെ ബ്രെക്‌സിറ്റ് അനുകൂലികളായ ടോറി എംപിമാര്‍ പടപ്പുറപ്പാട് തുടങ്ങിയിരിക്കുകയാണ്. മേയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അവിശ്വാസ പ്രമേയം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തെരേസ മേയെ പുറത്താക്കാന്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ യോജിക്കണമെന്ന് ജേക്കബ് റീസ് മോഗ് ആവശ്യപ്പെട്ടു. കരട് ബ്രെക്‌സിറ്റ് ഡീല്‍ മേയ് അവതരിപ്പിച്ചതിനു തൊട്ടു പിന്നാലെ രണ്ട് ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ രാജി നല്‍കിയിരുന്നു. ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വി എന്നിവരാണ് രാജി നല്‍കിയത്.

ഇതിനു പിന്നാലെയാണ് ടോറികള്‍ തെരേസ മേയുടെ രക്തത്തിനായി പാഞ്ഞടുത്തത്. പാര്‍ലമെന്റിന് പുറത്ത് നടത്തിയ അസാധാരണ വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് റീസ് മോഗ് താന്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചുവെന്ന് പ്രഖ്യാപിച്ചു. ഇതിനു മുമ്പ് കോമണ്‍സില്‍ പ്രധാനമന്ത്രിയുമായി മോഗ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. അവിശ്വാസ വോട്ടെടുുപ്പ് നടക്കണമെങ്കില്‍ ചുരുങ്ങിയത് 48 എംപിമാര്‍ ആവശ്യമുന്നയിക്കണം. ഈ ലക്ഷ്യവുമായി മറ്റു 15 എംപിമാരും പ്രധാനമന്ത്രിക്കെതിരെ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അട്ടിമറി നീക്കത്തിനെതിരെ മിതവാദികളായ എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ താഴെയിറക്കാനുള്ള യൂറോപ്പ് വിരുദ്ധരുടെ ഈ നീക്കം ഗവണ്‍മെന്റിനെ വീഴ്ത്തുമെന്നും സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്നും ബ്രെക്‌സിറ്റിനെത്ത ന്നെ ഇല്ലാതാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ആരെതിര്‍ത്താലും പോരാടാനാണ് തീരുമാനമെന്ന് മേയ് പ്രതികരിച്ചു. മൈക്കിള്‍ ഗോവ്, ക്രിസ് ഗെയ്‌ലിംഗ്, പെന്നി മോര്‍ഡുവന്റ് എന്നിവര്‍ രാജി വെച്ചേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. ബ്രെക്‌സിറ്റി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനുള്ള മേയുടെ ക്ഷണം ഗോവ് നിരസിച്ചിരുന്നു. പകരം ബ്രസല്‍സുമായി വ്യക്തിപരമായി സംസാരിച്ചുകൊള്ളാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

ഡ്രൈവിംഗിനിടയില്‍ ഡ്രൈവര്‍മാര്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് പിടികൂടാന്‍ പോലീസ് പ്രത്യേക ക്യാമറ ഉപയോഗിക്കുന്നു. അതിശക്തമായ ഈ ക്യാമറ ഉപയോഗിച്ച് ഒരു മൈല്‍ ദൂരെ നിന്നു തന്നെ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ലോംഗ് റേഞ്ചര്‍ എന്നാണ് ക്യാമറയുടെ വിളിപ്പേര്. ഓപ്പറേഷന്‍ ഇന്‍ഡെംനിസ് എന്ന പൈലറ്റ് പ്രോജക്ട് അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഈ ക്യാമറ പ്രദര്‍ശിപ്പിച്ചു. ഗ്ലോസ്റ്റര്‍ പോലീസ് ഇപ്പോള്‍ ഈ ക്യാമറ ഉപയോഗിച്ചു വരുന്നുണ്ട്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിതവേഗത പിടികൂടാന്‍ സ്പീഡ് ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ക്യാമറ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ വീഡിയോ ഫുട്ടേജുകളും നിശ്ചല ചിത്രങ്ങളും നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

സാധാരണ ക്യാമറകള്‍ നല്‍കുന്നതിനേക്കാള്‍ വ്യക്തമായ ചിത്രങ്ങള്‍ ഇരട്ടി ദൂരത്തു നിന്ന് എടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാര്‍ട്ടിന്‍ സേള്‍ പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിനെയും വില്‍റ്റ്ഷയറിനെയും ബന്ധിപ്പിക്കുന്ന എ417, എ419 പാതകളിലും എം4, എം5 പാതകളിലും നിരീക്ഷണത്തിനാണ് പദ്ധതി. പീക്ക് ടൈമില്‍ 35,000 വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രദേശം ഒരു അപകട മേഖലയായി മാറിയിരിക്കുകയാണ്. ലോംഗ് റേഞ്ചര്‍ ക്യാമറയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (ANPR) സംവിധാനവും ഉപയോഗിച്ച് വാഹനങ്ങള്‍ ഈ പ്രദേശത്ത് നിരീക്ഷിക്കാനാണ് ഉദ്ദേശ്യം. അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ചില ഡ്രൈവര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി വിട്ടയക്കും. എന്നാല്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്രാനീസ് പമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എ417ലെ ലേ ബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റു റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.

ലണ്ടന്‍: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഡ്രാഫ്റ്റ് എഗ്രിമെന്റിന് കാബിനെറ്റിന്റെ അംഗീകാരം. 5 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കാബിനെറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. തെരെസാ മെയ് നേരിട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. അതേസമയം ബ്രക്‌സിറ്റുമായി മുന്നോട്ട് പോകണമെങ്കില്‍ പാര്‍ലമെന്റിനെക്കൂടി പ്രധാനമന്ത്രിക്ക് മറികടക്കേണ്ടി വരും. വിഷയം പാര്‍ലമെന്റിലെത്തിയാല്‍ ചൂടേറിയ സംവാദങ്ങളുണ്ടാകുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഡ്രാഫ്റ്റ് എഗ്രിമെന്റിന് കാബിനെറ്റ് അംഗീകാരം നല്‍കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിസിനസ് ലീഡേഴ്‌സ് രംഗത്ത് വന്നു. കാബിനെറ്റിലെ തീരുമാനം മാര്‍ക്കറ്റുകളിലും പ്രതിഫലിക്കുമെന്നാണ് സൂചന.

തെരേസ മെയ് സംബന്ധിച്ചടത്തോളം പാര്‍ലമെന്റ് എന്ന കടമ്പ മറികടക്കുക വലിയ പ്രയാസമുള്ളതായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ വിഷയത്തില്‍ വലിയ ചര്‍ച്ചകളുണ്ടായാലും അനുകൂലമായ നിലപാടായിരിക്കും പാര്‍ലമെന്റും സ്വീകരിക്കുകയെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. കാബിനെറ്റ് തീരുമാനം പുറത്തുവന്നതോടെ മാര്‍ക്കറ്റിലുണ്ടായിരിക്കുന്ന ചലനങ്ങള്‍ തെരേസ മെയ്‌യുടെ നീക്കങ്ങളെ സാധൂകരിക്കുന്നതാണ്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കാബിനെറ്റില്‍ ഏതാണ്ട് 5 മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനുകൂലമായ നിലപാടുണ്ടായത്. സമാന സ്ഥിതിയായിരിക്കും പാര്‍ലമെന്റിലും.

585 പേജുള്ള ഡ്രാഫ്റ്റ് യു.കെയുടെ സമ്പത്ഘടനയ്ക്കും രാജ്യത്തിനാകെയും ഗുണപ്രദമാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. എന്നാല്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ എഗ്രിമെന്റിനെതിരെ രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനുള്ള ശേഷിയുള്ളതല്ല പുതിയ എഗ്രിമെന്റെന്നും വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലേബര്‍ പാര്‍ട്ടി എഗ്രിമെന്റിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നാണ് ജെറമി കോര്‍ബന്റെ വാക്കുകളില്‍ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ തെരേസ മെയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും.

ലെസ്റ്റര്‍: ജീവനക്കാരി ഉള്‍പ്പെടെ 5 പേരുടെ മരണത്തിനിടയാക്കിയ ലെസ്റ്റര്‍ സ്ഥാപനത്തിലെ തീപിടുത്തം ഉടമയുടെ സൃഷ്ടിയെന്ന് റിപ്പോര്‍ട്ട്. കോടതിയില്‍ കേസിന്റെ വാദത്തിനിടയിലാണ് ഉടമയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരം കുര്‍ദ്, ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരാണ് കഴിഞ്ഞ ഫെബ്രുവരി 25നുണ്ടായ തീപിടുത്തത്തിന് കാരണമെന്നാണ് കോടതിയില്‍ വാദമുയര്‍ന്നിരിക്കുന്നത്. ഏറെ നാള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു മൂവരും ചേര്‍ന്ന് സ്ഥാപനത്തിന് തീകൊടുക്കാന്‍ പദ്ധതിയിട്ടത്. സ്ഥാപനത്തില്‍ പെട്രോള്‍ ശേഖരിച്ചുവെച്ചിരുന്നതായും കോടതിയില്‍ വാദമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആര്‍ക്കാന്‍ അലി, ഹവാക്കര്‍ ഹസന്‍ എന്നിവരോടപ്പം ചേര്‍ന്ന് ആരം കുര്‍ദ് സ്വന്തം സ്ഥാപനം തീയിടാന്‍ തീരുമാനിക്കുന്നത്. വന്‍ തുകയ്ക്ക് സ്ഥാപനം ഇന്‍ഷൂറന്‍സ് ചെയ്തതിന് ശേഷമായിരുന്നു തീയിടാന്‍ പദ്ധതിയൊരുക്കിയത്. ഏതാണ്ട് 300,000 പൗണ്ട് അപകടത്തില്‍ കട നശിച്ചാല്‍ ഇയാള്‍ക്ക് ലഭിക്കും. ഇത് സ്വന്തമാക്കുന്നതിന് സ്വഭാവിക അപകടമെന്ന രീതിയില്‍ കട കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥാപനത്തിനുള്ളില്‍ പെട്രോള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. ജീവനക്കാരിയും സ്ഥാപനത്തിന് മുകളില്‍ താമസിക്കുന്ന കുടുംബവും തീപിടുത്തത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു.

സ്ഥാപനത്തിന് മുകളില്‍ താമസിച്ചിരുന്ന നേരി രഘുബീര്‍(46), മകന്‍ ഷെയിന്‍(18), ഷീന്‍(17), ഷെയിനിന്റെ കാമുകിയായ ലേയ് റീക്ക്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരണ തീപിടത്തത്തില്‍ നിന്നും വ്യത്യസ്തമായി ബില്‍ഡിംഗ് മുഴുവനും കത്തിയമര്‍ന്നതിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് തുടക്കം മുതല്‍ പോലീസിന് സംശയമുണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികള്‍ക്കെതിരെ കൊലപാതകം, നരഹത്യ, വ്യാജരേഖകള്‍ ചമച്ച് പണം തട്ടാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്നും തീപിടുത്തം സ്വഭാവികമായ അപകടമാണെന്നുമാണ് പ്രതികളുടെ വാദം.

ലണ്ടന്‍: അപൂര്‍വ്വരോഗം ബാധിച്ച മകളുടെ ചികിത്സയ്ക്കായി വിലകൂടിയ മരുന്നുകള്‍ നല്‍കാന്‍ കഴിയില്ലെന്ന എന്‍.എച്ച്.എസ് നിലപാടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 34കാരി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് വ്യക്തമായിട്ടും പണത്തിന്റെ കാര്യം പറഞ്ഞ് മരുന്ന നിഷേധിക്കുന്നതിനെതിരായാണ് ജുഡിഷ്യറിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് പരാതിക്കാരി സാറാ ബര്‍ഗ്വിന്‍ വ്യക്തമാക്കി. കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ സാറയുടെ 6 വയസുകാരിയായ മകള്‍ കെയിറ്റിന് മരണം നിശ്ചയമാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്ന സൈസ്റ്റിക് ഫിബ്‌റോസിസ് എന്ന അപൂര്‍വ്വ രോഗമാണ് കെയ്റ്റിനെ പിടികൂടിയിരിക്കുന്നത്.

അപൂര്‍വ്വ രോഗത്തിന് നിലവില്‍ ലഭ്യമായിട്ടുള്ള മരുന്നുകള്‍ വളരെ ചെലവേറിയതാണ്. വര്‍ഷത്തില്‍ ഏതാണ്ട് 104,000 പൗണ്ട് കെയ്റ്റിന്റെ ചികിത്സയ്ക്കായി വേണ്ടി വരും. ഇത്രയും തുക മുടക്കാന്‍ കഴിയില്ലെന്നാണ് എന്‍.എച്ച്.എസിന്റെ വാദം. ‘അവര്‍ എന്റെ മകളുടെ ജീവനോടാണ് കൡക്കുന്നത്, ദൈവത്തോട് ഏറ്റുമുട്ടുന്നതിന് തുല്യമാണത്. നിലവില്‍ ലഭ്യമായ മരുന്ന് കെയ്റ്റിന്റെ ജീവന്‍ രക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും’ സാറാ പറഞ്ഞു. മരുന്നുകള്‍ നിഷേധിക്കുന്ന നിലപാടില്‍ നിന്ന് എന്‍.എച്ച്.എസ് പുറകോട്ട് പോകില്ലെന്ന് വ്യക്തമായതോടെയാണ് ജുഡിഷ്യറിയെ സമീപിക്കാന്‍ സാറാ തീരുമാനിക്കുന്നത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും തന്റെ മകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും സാറാ പ്രത്യാശ പ്രകടിപ്പിച്ചു.

10,000ത്തിലധികം ബ്രിട്ടീഷുകാര്‍ കെയ്റ്റിനെ പിടികൂടിയ അതേ രോഗത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. ദീര്‍ഘകാലത്തെ ഗവേഷണത്തിലൂടെ കണ്ടുപിടിച്ച പുതിയ മരുന്ന് രോഗികളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതായി വ്യക്തമായിട്ടുണ്ട്. പ്രസ്തുത ചികിത്സ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ ലഭ്യമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വലിയ ചെലവുള്ള ഈ ചികിത്സാരീതി പ്രത്യേക കേസുകള്‍ക്ക് മാത്രമെ നല്‍കുകയുള്ളുവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ അറിയിച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്ന് ബ്രസല്‍സ്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് സാധ്യമാകുന്നതെങ്കില്‍ പോലും ഇത് നിലനില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കാനും ഇളവുണ്ടെന്ന് പ്രസ്താവന പറയുന്നു. ഇതിനായി യുകെയുടെ സമ്മതം മാത്രമാണ് ആവശ്യമുള്ളതെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഹോളിഡേകള്‍ക്കായി പോകുന്നവര്‍ക്കും ടൂറിസം വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ഈ പ്രസ്താവന ആശ്വാസമാകുന്നത്.

അന്തിമ ധാരണയിലെത്താതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തു പോകുകയാണെങ്കില്‍ ഇത് 2019 മാര്‍ച്ച് 30 മുതല്‍ പ്രാബല്യത്തിലുണ്ടാകും. ബ്രെക്‌സിറ്റ് ധാരണയിലെത്തിയാല്‍ പരിവര്‍ത്തന കാലപരിധിക്കു ശേഷം ഈ സംവിധാനം നടപ്പിലാകുമെന്നും ബ്രസല്‍സ് അറിയിക്കുന്നു. പരസ്പര സമ്മതത്തോടെയും വിവേചന രഹിതമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയിലേക്കും വിസ രഹിത യാത്രാ സൗകര്യം നല്‍കിയെങ്കില്‍ മാത്രമേ ഇത് നടപ്പാകൂ. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും യൂറോപ്യന്‍ പാര്‍ലമെന്റ് നിര്‍ദേശത്തിന് അംഗീകാരം നല്‍കുകയെന്നും പ്രസ്താവന പറയുന്നു.

ബ്രെക്‌സിറ്റില്‍ ഒരു ധാരണക്ക് മാത്രമാണ് ഇപ്പോഴും യൂറോപ്യന്‍ കമ്മീഷന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മാന്‍ പറഞ്ഞു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇവയ്ക്ക് പുരോഗതിയുണ്ടെങ്കിലും ധാരണയുടെ രൂപത്തിലേക്ക് അവ എത്തിച്ചേര്‍ന്നിട്ടില്ല. നോ ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകളുണ്ടായി. ധാരണയ്ക്കായാണ് ശ്രമിക്കുന്നത്. എന്നാല്‍ എല്ലാ സാഹചര്യങ്ങളും നേരിടാന്‍ ബ്രസല്‍സ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: ചികിത്സയ്‌ക്കെത്തിയ യുവതിയെ പ്രേതബാധയുണ്ടെന്നാരോപിച്ച് ജിപി ബാധയൊഴിപ്പിക്കല്‍ നടത്തിയെന്ന് പരാതി. 54കാരിയായ സാലി ബ്രെയ്‌ഷോ എന്ന സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ചികിത്സ നിര്‍ദേശിക്കുന്നതിന് പകരം തന്റെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബാധ ഒഴിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് നിര്‍ദേശിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് ഒരു പുരോഹിതന്റെ അടുത്തെത്തിക്കുകയും പ്രേതബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില ക്രിയകള്‍ ചെയ്യുകയും ചെയ്തതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പ്രവൃത്തികള്‍ തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തിയെന്ന് ബ്രെയ്‌ഷോ പറയുന്നു. ഡോക്ടര്‍ 50,000 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ സ്‌പെഷ്യല്‍ പോലീസ് കോണ്‍സ്റ്റബിളായിരുന്ന ബ്രെയ്‌ഷോ വന്‍കുടല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറിക്ക് ശേഷം ചില മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് അവര്‍ ഡോ. തോമസ് ഒ’ബ്രെയിന്‍ സമീപിക്കുന്നത്. സാധാരണ ഗതിയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും ഇതര ബുദ്ധിമുട്ടുകള്‍ക്കും നല്‍കുന്ന ചികിത്സയായിരുന്നില്ല ഡോക്ടര്‍ നിര്‍ദേശിച്ചത്. പിശാച് ശരീരത്തില്‍ കടന്നു കൂടിയതാണ് തന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഡോക്ടറുടെ വ്യാഖ്യാനമെന്ന് ബ്രെയ്‌ഷോ പറയുന്നു. വീട്ടില്‍ പിശാചിനെ ആകര്‍ഷിക്കുന്ന ചില വസ്തുക്കളുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

മറ്റൊരു ദിവസം തന്നെ ഒരു മതപരമായ ചടങ്ങിന് ഡോക്ടര്‍ കൊണ്ടുപോയതായും പരാതിക്കാരി പറയുന്നു. ‘പിശാച്’ കണ്ണിലൂടെ പുറത്തേക്ക് വരുമെന്ന് ചടങ്ങുകള്‍ക്കിടെ പുരോഹിതന്‍ പറഞ്ഞതായും ബ്രെയ്‌ഷോ ഓര്‍ക്കുന്നു. റോമന്‍ കാത്തലിക് വിശ്വാസിയായ ബ്രെയിന്‍ഷോയ്ക്ക് ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പ്രേതബാധയുമായി ബന്ധപ്പെട്ട കഥകള്‍ വലിയ ഭയം ജനിപ്പിച്ചതായും കോടതിയില്‍ ബ്രെയിന്‍ഷോ വ്യക്തമാക്കി. 2015ല്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട വ്യക്തിയാണ് ഡോ. തോമസ് ഒ’ബ്രയന്‍. ആരോപണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം കോടതി കേള്‍ക്കാനിരിക്കുകയാണ്. ലണ്ടന്‍ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കുട്ടികളില്ലാത്തവര്‍ ചികിത്സക്കായി സമീപിക്കുന്ന ഐവിഎഫ് ക്ലിനിക്കുകള്‍ അനാവശ്യമായ ചിക്തിസാനുബന്ധ വസ്തുക്കള്‍ നല്‍കി കൊള്ള നടത്തുന്നുവെന്ന് ആരോപണം. 3500 പൗണ്ട് വരെ വില വരുന്ന ആഡ് ഓണുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ ഒട്ടിപ്പിടിച്ച് വളരാന്‍ സഹായിക്കുന്ന ‘പശ’ വരെ ഈ വിധത്തില്‍ ചികിത്സക്കായി എത്തുന്നവരെക്കൊണ്ട് വാങ്ങിപ്പിക്കാറുണ്ടത്രേ. എന്നാല്‍ ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വസ്തുക്കള്‍ എന്തെങ്കിലും പ്രയോജനമുണ്ടാക്കുന്നതായി യാതൊരു തെളിവുകളും ഇല്ലെന്ന് ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രിയോളജി അതോറിറ്റി വ്യക്തമാക്കുന്നു. സ്വകാര്യ ഐവിഎഫ് ക്ലിനിക്കുകളാണ് ഈ കൊള്ളയ്ക്ക് കുപ്രസിദ്ധമെന്നും റെഗുലേറ്റര്‍ അറിയിക്കുന്നു.

ഇത്തരം വസ്തുക്കള്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടില്ലെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സ്വകാര്യ ഐവിഎഫ് ക്ലിനിക്കുകള്‍ നല്‍കുന്ന ഈ ആഡ് ഓണുകള്‍ പരീക്ഷിക്കുന്നതിലേക്ക് ചികിത്സ തേടുന്ന ദമ്പതികളെ മനഃപൂര്‍വം തള്ളിയിടുകയാണ് ക്ലിനിക്കുകള്‍ ചെയ്യുന്നതെന്ന ആരോപണം നാളുകളായി ഉയരുന്നുണ്ട്. എച്ച്ഇഎഫ്എ അബദ്ധത്തില്‍ പുറത്തു വിട്ട രേഖയിലാണ് ഈ പ്രസ്താവനയുള്ളത്. ഈ ആഡ് ഓണുകളില്‍ ചിലത് ഗര്‍ഭധാരണ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും ഗര്‍ഭച്ഛിദ്രത്തിനും വൃക്ക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്.

വിഷയത്തില്‍ അക്കാഡമിക്കുകളും വിദഗ്ദ്ധരും ആശങ്കകള്‍ പങ്കുവെച്ചതോടെയാണ് എച്ച്ഇഎഫ്എ ഈ പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക ഡോക്ടര്‍മാരുടെ ഡ്യൂട്ടിയാണെന്നും അതില്‍ കച്ചവട താല്‍പര്യങ്ങളും രോഗികളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും സ്വാധീനം ചെലുത്തരുതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. 2016ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവിഡെന്‍സ് ബേസ്ഡ് മെഡിസിന്‍ 27 ആഡ ഓണുകളില്‍ നടത്തിയ വിലയിരുത്തലില്‍ 26 എണ്ണവും ഫലപ്രദമല്ലെന്ന് തെളിഞ്ഞിരുന്നു.

ആഗോള പ്രവാസി മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബേസിംഗ് സ്റ്റോക്കില്‍ നടന്ന മനോഹരമായ ചടങ്ങിലാണ് യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു പൂര്‍ണ്ണ ഫലപ്രാപ്തിയെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടി. സാഹിത്യ സമ്മേളനവും കുട്ടികള്‍ക്കായുള്ള അലൈഡ് എന്റെ കേരളം ക്വിസ് മത്സരവും സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നിറഞ്ഞ സദസ്സുകള്‍ക്കു നിറഞ്ഞ മനസ്സിന്റെ ദിനമാണ് സമ്മാനിച്ചത്.

പി.എംഫ് ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗവും മുൻ ഗ്ലേബൽ പ്രസിഡന്റുമായ ശ്രീ ജോർജ്ജ്കുട്ടി പടിയ്ക്കകുടി [ഓസ്ട്രിയ], പി.എം.ഫ് ഗ്ലോബൽ വനിതാ കോർഡിനേറ്ററും ലോക കേരള സഭ അംഗവുമായ ശ്രീമതി അനിതാ പുല്ലയിൽ, പിഎംഎഫ് ഗ്ലോബല്‍ അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗീസ്‌ ജോണ്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പിഎംഫ് യുകെ ചാപ്റ്റര്‍ പ്രസിഡന്റ് മംഗളന്‍ വിദ്യാസാഗര്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തോടെ ആയിരുന്നു പിഎംഎഫ് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിന്  സെക്രട്ടറി ജോണ്‍സന്‍ സ്വാഗതം ആശംസിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിച്ചേര്‍ന്ന പിഎംഎഫിന്റെ വുമണ്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അനിത, വിയന്നയില്‍ നിന്നും വന്ന പിഎംഎഫിന്റെ ഗ്ലോബല്‍ ഡയറക്ട് ബോര്‍ഡ് അംഗം ജോര്‍ജ് പടിക്കാകുടി എന്നിവര്‍ പിഎംഎഫിന്‍റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. പിഎംഎഫ് ഗ്ലോബല്‍  അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ വര്‍ഗ്ഗീസ് ജോണ്‍,  സൈമി ജോര്‍ജ്, സാം തിരുവാതില്‍, എന്നിവര്‍ പിഎംഎഫിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ദേശി നാച്ച്, ആന്‍ തെരേസ വര്‍ഗ്ഗീസ്, ആകാശ് സൈമി, യുക്മ കലാതിലകം ശ്രുതി അനില്‍ എന്നിവരുടെ നൃത്തം സദസ്സിനെ ഇളക്കി മറിച്ചു. ബേസിംഗ് സ്റ്റോക്ക് ടീം അവതരിപ്പിച്ച തിരുവാതിര, സിനിമാറ്റിക് നൃത്തം, രജിത നദ്ദ, കിഷോര്‍, ജോണ്‍സന്‍ ലൈജു ലൂക്കോസ്, അജിത് പാലിയത്ത് എന്നിവരുടെ ഗാനങ്ങളും ഓഷ്യാന്‍ ഷിജോയുടെ കവിതയും കാണികളുടെ മനം കവര്‍ന്നു.

പി.എം.ഫ് യു കെ പ്രസിഡന്റ് ശ്രി മംഗള ൻ വിദ്യാസാഗർ, സെക്രട്ടറി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ബിനോ ആന്റണി, ജോയിന്‍റ് സെക്രട്ടറി മോനി ഷിജോ, ട്രഷറര്‍ ജോണി ജോസഫ് , വർഗ്ഗീസ് ജോൺ , സൈമി ജോർജ് , സാം തിരുവാതിൽ , അജിത് പാലിയത്ത് , ലിഡോ , മീരാ കമൽ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി

മീര കമല, അജിത് പാലിയത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ രാവിലെ പതിനൊന്നിന് തുടങ്ങിയ സാഹിത്യ സമ്മേളനത്തില്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരായ രശ്മി പ്രകാശ്, ബീന റോയ് ജൈസണ്‍ ജോര്‍ജ്, ആനി പാലിയത്ത്, അനിയന്‍ കുന്നത്ത്, മനോജ് ശിവ, മീര കമല, അജിത് പാലിയത്ത് എന്നിവര്‍ അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികള്‍ വേദിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യുകെയിലെ എഴുത്തുകാരെയും അവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും പരിചയപ്പെടുത്തി.

 

ബാലഭാസ്‌കര്‍ സ്മരണയില്‍ കടല്‍പ്പെന്‍സില്‍ എന്ന പേരില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജയശ്രീ ശ്യാംലാല്‍, ഷെര്‍ഫി അന്റോണിയോ, ജൈസണ്‍ ജോര്‍ജ്, മീര കമല, ശ്രീകല നായര്‍ എന്നിവര്‍ അവതരിപ്പിച്ച ‘പ്രവാസജീവിതവും സാഹിത്യവും’ എന്ന വിഷയത്തിലെ സാഹിത്യ ചര്‍ച്ച ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. യുകെയിലെ അറിയപ്പെടുന്ന മാഞ്ചസ്റ്ററിലെ ഫ്രണ്ട്സ് സ്പോര്‍ട്ടിങ് ക്ലബ്ബിലെ ജിജു സൈമണ്‍ ഫിലിപ്പും സീമ സൈമണും നേതൃത്വം നല്‍കി അവതരിപ്പിച്ച ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ എത്തുകയുണ്ടായി.

കുട്ടികളുടെ ക്വിസ് ആവേശവും താല്‍പ്പര്യവും മാതാപിതാക്കളിലും ഏറെ സ്വാധീനം ചെലുത്തി. മൂന്ന് ഭാഗമായി നടത്തിയ അലൈഡ് എന്റെ കേരളം ക്വിസ് കോംപെറ്റീഷന്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സോന്‍സി സാം തിരുവാതിലില്‍, രണ്ടാംസ്ഥാനം ആകാശ് സൈമി, മൂന്നാംസ്ഥാനം ആന്‍ തെരേസ വര്‍ഗ്ഗീസ്, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം എമില്‍ ജോ, രണ്ടാംസ്ഥാനം ഗായത്രി ശ്രീജിത്ത്, മൂന്നാംസ്ഥാനം താര സൈമി, ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മെറിന്‍ പീറ്റര്‍, രണ്ടാംസ്ഥാനം ജാക്ക് വര്‍ഗ്ഗീസ്, മൂന്നാംസ്ഥാനം സ്റ്റെഫി സജു എന്നിവര്‍ വിജയികളായി.

ക്വിസ് വിജയികള്‍ക്ക് ബിനോ ആന്റണിയുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സ്റ്റേല്‍ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും പരിപാടികളില്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും മെമന്റോകള്‍ നല്‍കി. സൗത്താംപ്ടണിലെ അമ്മ ചാരിറ്റിയുടെ രുചികരമായ ലൈവ് തട്ടുകടയും മിതമായ നിരക്കിലെ ഭക്ഷണവും ജനം ഏറെ ആസ്വദിച്ചു. എല്‍ഇഡി ലൈറ്റ് ആന്റ് സൗണ്ട് സൗത്താംപ്ടണ്‍ ഉണ്ണികൃഷ്ണനും ടീമിന്റെയും ഗ്രേസ്  മെലഡീസ് ആണ് ചെയ്തത്. പരിപാടികള്‍ മോനി ഷിജോയും ആനി പാലിയത്തുമാണ് അവതാരകരായത്. പ്രവാസി മലയാളി ഫെഡറേഷന്‍ യുകെയുടെ ആദ്യ ടീം അംഗമായിരുന്ന ദേവലാല്‍ സഹദേവന്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു.

യുകെയിലെ പിഎംഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട് എന്നിവര്‍ അറിയിച്ചു.

ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഇരട്ടി വര്‍ദ്ധന. ഇതേത്തുടര്‍ന്ന് പാരാമെഡിക്കുകള്‍ക്ക് സ്വയരക്ഷയ്ക്ക് പരിശീലനം നല്‍കാന്‍ തീരുമാനം. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ആബുലന്‍സ് ജീവനക്കാരുടെ കോളുകള്‍ക്ക് പോലീസ് ശരിയായ വിധത്തില്‍ പ്രതികരിക്കാത്തതാണ് ഈ നീക്കത്തിന് കാരണം. പോലീസില്‍ നിന്ന് കാര്യമായ സഹായം ലഭിക്കാത്തതിനാല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നല്‍കുകയാണെന്ന് സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സര്‍വീസിലെ അഞ്ചു ശതമാനം ജീവനക്കാര്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി ഉയര്‍ന്നു എന്നാണ് കണക്ക്. 2017-18 വര്‍ഷത്തില്‍ 1049 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഈ പരിശീലനത്തില്‍ പ്രൊഫഷണലായുള്ള ചില ആശങ്കകള്‍ ഉണ്ടെന്ന് യുണൈറ്റ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. രണ്ടു കാര്യങ്ങളാണ് ഇത്തരമൊരു രീതി അനുവര്‍ത്തിക്കുന്നതിലേക്ക് ആംബുലന്‍സ് സര്‍വീസിനെ എത്തിച്ചതെന്ന് എസ്ഡബ്ല്യുഎഎസ് ചീഫ് എക്‌സിക്യൂട്ടീവ് കെന്‍ വെന്‍മാന്‍ പറഞ്ഞു. ജനങ്ങള്‍ ക്ഷുഭിതരാകുന്ന സന്ദര്‍ഭങ്ങളില്‍ പരിഹാരത്തിന് പോലീസ് സഹായം വേണ്ടത്ര ലഭിക്കാറില്ല. അതു കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികളെ കൈകാര്യം ചെയ്യാന്‍ പാരാമെഡിക്കുകള്‍ക്ക് ഈ പരിശീലനം ആവശ്യമാണെന്ന് തങ്ങള്‍ വിലയിരുത്തുകയാണെന്നും ബോര്‍ഡ് മീറ്റിംഗിലെ മിനിറ്റ്‌സ് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. സ്വബോധമില്ലാതെ രോഗികള്‍ ഓടുകയോ മറ്റോ ചെയ്താല്‍ അത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ആവശ്യമാണ്. അല്ലെങ്കില്‍ പൊതുജനങ്ങളുടെ വിമര്‍ശനം ആംബുലന്‍സ് ജീവനക്കാരുടെ നേരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

പാരാമെഡിക്കുകള്‍ക്കും മറ്റുള്ളവര്‍ക്കും ഇത്തരം രോഗികളില്‍ നിന്ന് പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഈ പരിശീലനം കുറയ്ക്കുമെന്ന് കോളേജ് ഓഫ് പാരാമെഡിക്‌സ് പ്രതികരിച്ചു. പ്രതിരോധത്തിനിടയില്‍ പോലീസിനെ വിളിക്കാനുള്ള സാവകാശം ലഭിക്കും. എന്നാല്‍ സൗത്ത് വെസ്റ്റ് പോലീസിന്റെ പ്രതികരണ സമയം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഗ്ലോസ്റ്റര്‍ഷയര്‍, സ്വിന്‍ഡന്‍, വില്‍റ്റ്ഷയര്‍, ബ്രിസ്‌റ്റോള്‍, ബാത്ത്, സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍, സോമര്‍സെറ്റ്, ഡോര്‍സെറ്റ്, ഡെവണ്‍, കോണ്‍വാള്‍, ഐല്‍സ് ഓഫ് സില്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് സൗത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് സേവനം നല്‍കുന്നത്.

Copyright © . All rights reserved