ലണ്ടന്‍: യൂറോപ്യന്‍ വിപണിയില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് സാധിച്ചില്ലെങ്കില്‍ യുകെ വിടുമെന്ന സൂചന നല്‍കി ജാപ്പനീസ് കമ്പനികള്‍. വാഹന നിര്‍മാണ ഭീമനായ ഹോണ്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതേക്കുറിച്ച് ആലോചിക്കുന്നതായി ബ്രിട്ടനിലെ ജപ്പാന്‍ സ്ഥാനപതി കോജി സുറുവോക്കയാണ് അറിയിച്ചത്. സൗത്ത് മാഴ്‌സറ്റണില്‍ കാര്‍ നിര്‍മാണ യൂണിറ്റുള്ളള ഹോണ്ട ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന കരാറുകളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിനിധികളെ അയച്ചു. പ്രതിബന്ധങ്ങളില്ലാത്ത വ്യാപാരക്കരാര്‍ സാധ്യമായില്ലെങ്കില്‍ അത് ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും ഇല്ലാതാക്കുകയെന്നാണ് കമ്പനി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.
കരാറുകള്‍ സാധ്യമായില്ലെങ്കില്‍ കമ്പനികള്‍ ബ്രിട്ടന്‍ വിടുമോ എന്ന ചോദ്യത്തിന് യുകെയില്‍ തുടരുന്നത് ലാഭകരമല്ലെങ്കില്‍ ജാപ്പനീസ് കമ്പനികള്‍ക്ക് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കൊന്നും ഇവിടെ തുടരാന്‍ കഴിയില്ലെന്നായിരുന്നു അംബാസഡര്‍ നല്‍കിയ മറുപടി. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ സ്വതന്ത്രമായി ഇടപെടാനുള്ള സൗകര്യമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ നിര്‍മാതാക്കളായ നിസാന്‍, ടൊയോട്ട എന്നിവയും ട്രെയിന്‍ നിര്‍മാതാക്കളായ ഹിറ്റാച്ചി, ബാങ്കുകളായ നോമുറ, മിസുഹോ, സുമിതോമോ മിറ്റ്‌സുയി എന്നിവരും എനര്‍ജി, ടെക് കമ്പനികളും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു.
തെരേസ മേയ്, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് തൊഴിലാളികളുടെ ജോലിയുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളെ ബാധിക്കുമെന്ന് ഹോണ്ട ജീവനക്കാരെ പ്രതിനിധീകരിച്ച് യുണൈറ്റ് പ്രതിനിധി ലെന്‍ മക്ക്ലൂസ്‌കി പറഞ്ഞു. ബ്രിട്ടനിലെ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നായിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ ഹോണ്ട പറഞ്ഞിരുന്നത്. എന്നാല്‍ അംബാസഡറുടെ വാക്കുകള്‍ ഈ തീരുമാനം കമ്പനി മാറ്റിയിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
ന്യൂസ് ഡെസ്ക്
ഇസ്രയേൽ ഫൈറ്റർ ജെറ്റ് സിറിയൻ മിലിട്ടറി വെടിവച്ചിട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം. ഫൈറ്റർ 16 ജെറ്റാണ് സിറിയൻ മിസൈലിന്റെ പ്രഹരത്തിൽ തകർന്നത്. ഉടൻ തന്നെ ഇസ്രയേൽ സിറിയയുടെ വിവിധ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിക്കൊണ്ട് തിരിച്ചടിച്ചു. 2010 ൽ സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിൽ പിന്നെ സംഘർഷം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുകയാണ്.
സിറിയയിൽ നിന്ന് പറന്നുയർന്ന ഒരു ഡ്രോണിനെ തകർക്കാൻ ഇസ്രയേൽ ഫൈറ്റർ ജെറ്റ് പിന്തുടരുന്നതിനിടയിൽ ആണ് ഫൈറ്ററിനെ സിറിയ തകർത്തത്. തന്ത്രപ്രധാനമായ വിവിധ മിലിട്ടറി കേന്ദ്രങ്ങളിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി തിരിച്ചടിച്ചു. സിറിയയിലെ 12 ഏരിയൽ ഡിഫൻസ് ബാറ്ററി സിസ്റ്റം അടക്കം ഇറാന്റെ സിറിയയിലെ ചില കേന്ദ്രങ്ങളും ഇസ്രയേൽ തകർത്തു. ഗൾഫിലെ പുതിയ സംഭവ വികാസത്തെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സംഘർഷം ലഘൂകരിക്കാൻ വിവിധ ലോകരാജ്യങ്ങൾ അടിയന്തിരമായി ഇടപെടുന്നുണ്ട്.
ലണ്ടന്‍: പുതുതായി ലൈസന്‍സ് എടുത്ത 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് രാത്രിയില്‍ വാഹനമോടിക്കുന്നതിന് വിലക്ക്. യുകെയിലെ പുതിയ ലൈസന്‍സ് നിബന്ധനകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 17 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ് യുകെ റോഡുകളിലുണ്ടാകുന്ന അപകടങ്ങളില്‍ 25 ശതമാനത്തിനും ഉത്തരവാദികളെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം. ചെറുപ്പക്കാരുടെ ജീവന്‍ റോഡുകളില്‍ പൊലിയുന്നത് ഒഴിവാക്കാന്‍ പുതിയ ലൈസന്‍സുകളുടെ പ്രൊബേഷനറി കാലാവധി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് സൂചന നല്‍കിയിരുന്നു.
രണ്ടു വര്‍ഷത്തേക്കാണ് ഈ കാലാവധി വര്‍ദ്ധിപ്പിക്കുന്നത്. അതിനുള്ളില്‍ ആവശ്യമായ ഡ്രൈവിംഗ് പരിചയം ആര്‍ജ്ജിക്കാനാകും. ഓസ്‌ട്രേലിയ, ന്യൂഡിലാന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലുള്ള രീതികള്‍ക്ക് സമാനമാണ് ഇത്. പുതുതായി ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് ഈ രാജ്യങ്ങളില്‍ സൂര്യാസ്തമനത്തിനു ശേഷം വാഹനമോടിക്കാന്‍ അനുവാദമില്ല. 25 വയസില്‍ താഴെ പ്രായമുള്ളവരെ വാനഹത്തിലിരുത്തി ഡ്രൈവ് ചെയ്യണമെങ്കില്‍ പോലും മുതിര്‍ന്നവരുടെ മേല്‍നോട്ടം വേണമെന്നും നിബന്ധനയുണ്ട്.
പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ റോഡില്‍ മത്സരഓട്ടം നടത്താതിരിക്കാന്‍ ഇവര്‍ക്ക് ഓടിക്കാന്‍ കഴിയുന്ന വാഹനങ്ങളുടെ എന്‍ജിന്‍ കപ്പാസിറ്റിയിലും പരിധി നിര്‍ദേശിച്ചിട്ടുണ്ട്. പ്രൊബേഷണറി പീരിയഡിനു ശേഷം രണ്ടാമത് ഒരു ടെസ്റ്റിനു കൂടി നിര്‍ദേശിക്കപ്പെട്ടേക്കും. പുതിയ നിയമമനുസരിച്ച് ആറ് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ പുതിയ ലൈസന്‍സ് ഉടമകള്‍ക്ക് അത് നഷ്ടമാകാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊടും വിഷമുള്ള സ്പിറ്റിംഗ് കോബ്രയുടെ കടിയേറ്റ ആറുവയസുകാരി അതിശയകരമായി തിരികെ ജീവിതത്തിലേക്ക്. താടിയില്‍ പാമ്പിന്റെ കടിയേറ്റ കുട്ടിയെ രക്ഷിക്കുന്നതിനായി 17 ഡോസ് ആന്റിവെനവും ആറു ദിവസത്തിനുള്ളില്‍ നാല് ശസ്ത്രക്രിയകളും ആവശ്യമായി വന്നു. സൗത്ത് ആഫ്രിക്കയിലെ ബാലിറ്റോയിലാണ് സംഭവം. ഒരു മാസം മുമ്പ് കിടപ്പുമുറിയില്‍വെച്ച് രാത്രിയാണ് മിഖൈല ഗ്രോവിന് പാമ്പിന്റെ കടിയേറ്റത്. ആഫ്രിക്കയിലെ വിഷമേറിയ പാമ്പുകളില്‍ ഒന്നായ മൊസാമ്പിക് സ്പിറ്റിംഗ് കോബ്രയായിരുന്നു മിഖൈലയെ കടിച്ചത്. ഇതേക്കുറിച്ച് കുട്ടിയുടെ പിതാവ് ലുഡ്വിഗ് പറയുന്നത് ഇങ്ങനെ.
ജനുവരിയിലെ ഒരു ഞായറാഴ്ചയാണ് സംഭവം. താനു ഭാര്യ ഇംങ്ങും കുട്ടികളെ മുറിയിലേക്ക് ഉറങ്ങാന്‍ വിട്ടു. രാത്രി 8 മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് ഇംങ് കതക് തുറന്നപ്പോള്‍ പാമ്പ് വിഷം ചീറ്റുകയും ഭാര്യയുടെ കണ്ണുകളില്‍ വിഷം പതിക്കുകയും ചെയ്തു. സ്പിറ്റിംഗ് കോബ്രയുടെ വിഷം കണ്ണില്‍ വീണാല്‍ അന്ധതയ്ക്ക് പോലും ഇടയാകുമെന്നതിനാല്‍ ഇംങ് കണ്ണ് കഴുകാന്‍ പോയി. മിഖൈലയുടെ താടിയില്‍ പാമ്പിന്റെ കടിയേറ്റ പാടുകള്‍ താന്‍ കണ്ടു. ഇതോടെ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബാലിറ്റോയിലെ നെറ്റ്‌കെയര്‍ അല്‍ബെര്‍ലിറ്റോ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഇതിനിടയില്‍ വിളിച്ചതിനാല്‍ ആശുപത്രിയില്‍ അടിയന്തര തയ്യാറെടുപ്പുകള്‍ നടത്താനായി.
ബിയാന്‍ക വിസ്സര്‍ എന്ന പാമ്പുവിഷ ചികിത്സയില്‍ വിദ്ഗ്ദ്ധയായ ഡോക്ടറെ ആശുപത്രി വിളിച്ചു വരുത്തിയിരുന്നു. മൊസാമ്പിക് സ്പിറ്റിംഗ് കോബ്രയുടെ കടി അപകടകരമായതിനാല്‍ താന്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ തന്നെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നുവെന്ന് ഡോക്ടര്‍ പിന്നീട് വെളിപ്പെടുത്തി. ശ്വാസനാളം തടസപ്പെടാതിരിക്കാന്‍ കുട്ടിക്ക് ആദ്യത്തെ ശസ്ത്രക്രിയ നടത്തുകയും ആന്റിവെനം സ്വീകരിക്കുന്നതിന് ശരീരത്തെ തയ്യാറാക്കാന്‍ സ്റ്റീറോയ്ഡ്, അഡ്രിനാലിന്‍ കുത്തിവെയ്പ്പുകള്‍ നല്‍കുകയും ഇതിനിടെ ചെയ്തു.
നാല് ദിവസത്തിനുള്ളില്‍ മിഖൈലയ്ക്ക് 17 ഡോസ് ആന്റിവെനമാണ് നല്‍കിയത്. നീരും അണുബാധയുമുണ്ടായ താടിയിലും കവിളിലുമായി പിന്നീട് മൂന്ന് ശസ്ത്രക്രിയകള്‍ കൂടി നടത്തേണ്ടി വന്നു. കവിളിലെ കൊഴുപ്പുകലകള്‍ ഒട്ടേറെ നഷ്ടമായതിനാല്‍ അവ ഇനി ഒരു ശസ്ത്രക്രിയയിലൂടെ തിരികെ സ്ഥാപിക്കേണ്ടി വരും. അടിയന്തരമായി ചികിത്സ നല്‍കാനായതിലൂടെയാണ് കുട്ടിയെ രക്ഷക്കാന്‍ കഴിഞ്ഞതെന്ന് ഡോ.വിസ്സര്‍ പറഞ്ഞു. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതില്ല. പാമ്പിന്റെ പിന്നാലെ പോയി സമയം നഷ്ടപ്പെടുത്താതെ കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പറയുന്നു.
ലണ്ടന്‍ : ” എന്റെ കണ്‍മുന്നില്‍ നിന്ന് അവള്‍ മാഞ്ഞു പോകുകയാണ് ”. അധിക ജോലിയില്‍ വീര്‍പ്പുമുട്ടുന്ന ഒരു എന്‍എച്ച്എസ് നഴ്‌സിന്റെ ദുരിതം അവരുടെ അമ്മയുടെ വാക്കുകളിലൂടെ പുറത്തു വന്നതാണ് ഈ വരികള്‍. ജീവനക്കാരുടെ കുറവ് മൂലം അധിക ജോലിയെടുക്കേണ്ടി വരുന്നതും അതിന് അനുസൃതമായ ശമ്പളം ലഭിക്കാത്തതും മൂലം നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ കത്ത്. അവള്‍ ജോലി കഴിഞ്ഞ് നിറകണ്ണുകളുമായാണ് എത്തുന്നത്. ജോലിയുടെ അമിത സമ്മര്‍ദ്ദമുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ അവളെ തന്റെ കണ്ണിനു മുന്നില്‍ ഇല്ലാതാക്കുകയാണെന്ന് കത്തില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമ്മ പറയുന്നു.
ഡയാന, പ്രിന്‍സസ് ഓഫ് വെയില്‍സ് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കാന്‍ എന്നിട്ടും അവള്‍ തയ്യാറാകുന്നില്ലെന്ന് അമ്മ തന്റെ മകളെക്കുറിച്ച് പറയുന്നു. രോഗികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നല്ല അഭിപ്രായം മാത്രമാണ് തന്റെ മകളെക്കുറിച്ച് കേട്ടിട്ടുള്ളത്. അത്രയും നഴ്‌സിംഗ് ജോലിയെ അവള്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഗ്രിംസ്ബി ടെലിഗ്രാഫിന് ലഭിച്ച കത്തില്‍ കുറിച്ചിരിക്കുന്നു. തന്റെ ജോലിയിലുള്ള സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളും മൂലം അവള്‍ക്ക് ശരിയായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. പലപ്പോഴും അവള്‍ ധീരയായി അഭിനയിക്കുകയാണ്. എന്നാല്‍ അവളുടെ കണ്ണുകളില്‍ ദുഃഖം കാണാനാകുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ മകള്‍ കണ്‍മുന്നില്‍ ഇല്ലാതാകുന്നത് കാണുകയാണ് താന്‍. ജോലി കഴിഞ്ഞ് സന്തോഷത്തോടെ അവള്‍ തിരികെ വന്നത് എന്നാണെന്ന് താന്‍ മറന്നു പോയിരിക്കുന്നു. എന്നാല്‍ അവള്‍ കരഞ്ഞുകൊണ്ട് എത്തിയ ദിവസങ്ങള്‍ തനിക്ക് വ്യക്തമായി പറയാനാകും. ജീവനക്കാരുടെ ജോലി സാഹചര്യങ്ങള്‍ സുരക്ഷിതമാക്കാന്‍ എന്‍എച്ച്എസ് സീനിയര്‍ മാനേജര്‍മാര്‍ പരാജയപ്പെടുന്നു എന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഈ കത്തും പ്രത്യക്ഷപ്പെടുന്നത്. ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്ന ജീവനക്കാര്‍ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ഭീഷണി ചില എന്‍എച്ച്എസ് മേലധികാരികള്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും മറ്റും സീനിയര്‍ മാനേജര്‍മാരോട് മകള്‍ പല തവണ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയെല്ലാം നിരാകരിക്കപ്പെടുകയും മറ്റു കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്ന ഉപദേശം അവള്‍ കേള്‍ക്കേണ്ടതായി വരികയും ചെയ്തിട്ടുണ്ടെന്നും കത്തില്‍ അമ്മ പറയുന്നു. താനും കുടുംബവും അവളോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യത്തെക്കരുതിയെങ്കിലും ജോലി ഉപേക്ഷിക്കാനായിരുന്നു ആവശ്യമെന്നും കത്ത് പറയുന്നു. കഴിഞ്ഞ ജനുവരി മാസമായിരുന്നു എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ മാസമെന്ന വിലയിരുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.
എം5 മോട്ടോര്‍ വേയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.20 ഓടെയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നവെന്ന് പൊലീസ് അറിയിച്ചു. സെന്‍ട്രല്‍ റിസര്‍വേഷന്‍ കഴിഞ്ഞുള്ള സ്ഥലത്തു വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
അപകടത്തെത്തുടര്‍ന്ന് റ്റോണ്ടന്‍ 25 നും വെല്ലിംഗ്ടണ്‍ 26നും ഇടയിലുള്ള എം5 മോട്ടോര്‍ വേ അടച്ചിട്ടിരിക്കുകയാണ്. നോര്‍ത്ത്ബൗണ്ട് കാര്യേജ്‌വേയില്‍ മൈലുകളോളം ട്രാഫിക്ക് ബ്ലോക്ക് തുടരുകയാണ്. അപകടം നടന്നിരിക്കുന്ന പ്രദേശത്ത് ട്രാഫിക്ക് തടസ്സങ്ങള്‍ നേരിടുമെന്നും യാത്രക്കാര്‍ എം5 മോട്ടോര്‍വേയുടെ സമാന്തര പാതകള്‍ ഉപയോഗിണമെന്നും ഹൈവേ ഇഗ്ലണ്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മരിച്ചയാളെയോ പരിക്കേറ്റവരെയോ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
J26നും J25നും ഇടയ്ക്കുള്ള പ്രദേശങ്ങളിലെ മോട്ടോര്‍വേ അപകടത്തെത്തുടര്‍ന്ന് അടച്ചിട്ടതായി ആവോണ്‍ ആന്റ് സോമര്‍സെറ്റ് പൊലീസ് ട്വീറ്റ് ചെയ്തു. അപകട സ്ഥലം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ പാതയിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഷെഫീല്‍ഡ്: ഇന്റര്‍നെറ്റ് ഗെയിം ചാലഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജനായ 11കാരന്‍ വീട്ടുകാരെയും പോലീസിനെയും ഒരു രാത്രി മുഴുവന്‍ നിര്‍ത്തിയത് മുള്‍മുനയില്‍. ഷെഫീല്‍ഡില്‍ താമസിക്കുന്ന കേദന്‍ മിര്‍സയെന്ന പതിനൊന്നുകാരനാണ് ഐക്കിയ ചാലഞ്ച് ഏറ്റെടുത്ത് ഷെഫീല്‍ഡിലെ ഒരു ഐക്കിയ സ്‌റ്റോറില്‍ ഒരു രാത്രി മുഴുവന്‍ ഒളിച്ചിരുന്നത്. ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് പോയ കുട്ടി വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. പോലീസു നിരവധിയാളുകളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ അപ്പീലുകള്‍ നടത്തുകയും പോസ്റ്ററുകള്‍ വരെ അച്ചടിച്ച് പലയിടങ്ങളിലായി വിതരണം ചെയ്യുകയും ചെയ്തു.
അടുത്ത ദിവസം രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. ഹൈഡ് ഇന്‍ ഐക്കിയ എന്ന ഗെയിമിന്റെ ഭാഗമായാണ് കുട്ടി ഒളിച്ചിരുന്നതെന്ന് കേദന്റെ പിതാവായ ആബിദ് മിര്‍സ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് വെളിപ്പെടുത്തി. കുട്ടികളില്‍ ഇന്റര്‍നെറ്റ് ഗെയിമുകളുടെ സ്വാധീനം വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തരത്തില്‍ ഒളിച്ചിരിക്കാനുള്ള പ്രവണത പല കുട്ടികള്‍ക്കുമുണ്ടെന്നും മിര്‍സ മറ്റു മാതാപിതാക്കള്‍ക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയില്‍ ജനപ്രിയമായ യൂട്യൂബ് വീഡിയോകളില്‍ ഇത്തരം ഒളിച്ചിരിക്കാന്‍ പ്രേരണ നല്‍കുന്ന ചാലഞ്ചുകള്‍ ധാരാളമുണ്ടെന്നും ആബിദ് പറയുന്നു.
ഫിഫ്ത്ത് പാര്‍ക്ക് ഏരിയയില്‍ നിന്ന് രണ്ട് കുട്ടികള്‍ ഈ ചാലഞ്ച് ഏറ്റെടുത്ത് ഒളിച്ചിരിക്കാന്‍ കഴിഞ്ഞയാഴ്ച ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെട്ടിരുന്നു. കുട്ടികളില്‍ ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും ആബിദിന്റെ പോസ്റ്റില്‍ പറയുന്നു. ഇത്തരത്തിലുള്ള 24 മണിക്കൂര്‍ ചാലഞ്ചുകളേക്കുറിച്ച് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വലിയ സ്റ്റോറുകളിലും വെയര്‍ഹൗസുകളിലും രാത്രി മുഴുവന്‍ ഒളിച്ചിരിക്കാനുള്ള ചാലഞ്ചുകളാണ് ഇവ. എന്നാല്‍ ഇവ പലപ്പോഴും അപകടകരമാകാമെന്നും പോലീസ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
ലണ്ടന്‍: നിലവിലുള്ള ധാരണകള്‍ അനുസരിച്ച് ബ്രെക്‌സിറ്റ് നടന്നില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള ചരക്കു ഗതാഗതത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്ക് ഫ്രാന്‍സിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ പുതിയ ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായി വരും. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുണൈറ്റഡ് നേഷന്‍സ് റോഡ് ട്രാഫിക് കണ്‍വെന്‍ഷനിലായിരിക്കും യുകെ ഒപ്പു വെക്കുക. ഇത് പാര്‍ക്കിംഗിലും സീബ്ര ക്രോസിംഗിലുമുള്‍പ്പെടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
യുകെ നല്‍കുന്ന ലൈസന്‍സുകള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കാന്‍ ഇടയില്ലെന്നതിനാല്‍ പകരം ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യുകെയില്‍ നിന്നുള്ള വാഹനങ്ങളെയും ഡ്രൈവര്‍മാരെയും യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കാന്‍ വരെ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 1968ലെ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ബ്രിട്ടന് അംഗീകരിക്കേണ്ടതായി വരും. ഇത് നേരത്തേ ഒപ്പു വെക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നതാണ്.യൂറോപ്യന്‍ നിയമങ്ങള്‍ക്ക് പകരമായി പ്രത്യേക ധാരണകള്‍ പിന്‍മാറ്റ കാലയളവില്‍ നിലവില്‍ വരുമെന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുഎന്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ രാജ്യത്തിനു മുന്നില്‍ ശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുകെ ലൈസന്‍സുകള്‍ അംഗീകരിക്കാന്‍ യൂറോപ്പ് വിസമ്മതിക്കുകയാണെങ്കില്‍ ട്രെയിലറുകള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുമായുള്ള നിയമങ്ങള്‍ അവതരിപ്പിക്കണം. ഇതിനായി 21 ദിവസത്തെ സൂക്ഷ്മ പരിശോധനയും ഒരു വര്‍ഷത്തോളം നീളുന്ന പാര്‍ലമെന്റ് നടപടികളും ആവശ്യമായി വരും. ഇവയെല്ലാം അനാവശ്യ നൂലാമാലകള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടന്‍: എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്ന വിദേശീയരില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്. പാര്‍ലമെന്റ് റിസര്‍ച്ച് ഗ്രൂപ്പ് പുറത്തു വിട്ട വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. ആകെ ഇന്ത്യക്കാരുടെ എണ്ണം 18,348 വരുമെന്നാണ് കണക്ക്. ആകെ 202 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. വിദേശീയരായ ഡോക്ടര്‍മാരുടെ എണ്ണത്തിലും ഇന്ത്യന്‍ വംശജര്‍ക്കാണ് മേല്‍ക്കൈ. 6413 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നു. നഴ്‌സുമാരുടെ എണ്ണത്തില്‍ ഫിലിപ്പൈന്‍സിന് പിന്നില്‍ രണ്ടാമതായാണ് ഇന്ത്യക്ക് സ്ഥാനം. 6313 നഴ്‌സുമാരാണ് ഇന്ത്യന്‍ വംശജരായുള്ളത്.
976,288 ബ്രിട്ടീഷു കാരാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരില്‍ 87.5 ശതമാനം വരും ഇത്. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാഫുമടക്കം 1,37,000 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 62,000 പേര്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ജീവനക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഫിലിപ്പൈന്‍സ് സ്വദേശികളാണ്. 15,391 ഫിലിപ്പീനോകളാണ് എന്‍എച്ച്എസ് ജീവനക്കാരായുള്ളത്. ഇംഗ്ലീഷ് മാതൃഭാഷയായ ഓസ്‌ട്രേലിയക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്‌വെ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ കണക്കനുസരിച്ച് യുകെയില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂറോപ്യന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നില്ല. എന്‍എച്ച്എസ് ഡാറ്റയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 202 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നത്.
യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ബ്രിട്ടീഷുകാരുമായി സംവദിക്കുന്നതില്‍ ഭാഷ പ്രശ്‌നമാകുമോ എന്ന ഭീതിയുണ്ടെങ്കിലും അവ അസ്ഥാനത്താണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഇനിയും 5000 ഡോക്ടര്‍മാരെക്കൂടി എന്‍എച്ച്എസിന് ആവശ്യമായുണ്ട്. വിദേശത്തു നിന്നുള്ളവരെയാണ് എന്‍എച്ച്എസ് ഈ ഒഴിവുകള്‍ നികത്താനായി ലക്ഷ്യമിടുന്നത്.
ഷെഫീല്‍ഡിലെ ഇന്ത്യന്‍ ബാലനായ കാഡെന്‍ മിര്‍സ എന്ന 11-കാരനെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാണാതായി. പതിവ് സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അബിദ് മിര്‍സ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ മിര്‍സയെ തേടി നഗരം മുഴുവന്‍ അരിച്ച് പെറുക്കുകയും ചെയ്തെങ്കിലും അവനെ കണ്ടെത്താനായില്ല. എന്നാല്‍ 24 മണിക്കൂറിന് ശേഷം ബാലന്‍ തനിയെ തിരികെ വരുകയും ചെയ്തു. യൂട്യൂബിലെ ഐകിയ ഹൈഡ് ഔട്ട് ക്രേസ് എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് അവന്‍, അവിടത്തെ ഐകിയ സ്റ്റോറിനുള്ളില്‍ തന്നെ തലേദിവസം മുതല്‍ ഒളിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കണ്ടെത്തുന്നതിനായി നിരവധി പേരാണ് ഓണ്‍ ലൈനിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും കുട്ടിയുടെ ഫോട്ടോയുമായി രംഗത്ത് വന്നിരുന്നത്. തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. കാഡെന്‍ മിര്‍സയെ കാണാതായത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു. തന്റെ മകനുണ്ടായ ഈ അവസ്ഥയെ തുടര്‍ന്ന് ഇത്തരം ഓണ്‍ലൈന്‍ ഹൈഡിംഗ് ക്രേസിനെ കുറിച്ച് മറ്റ് രക്ഷിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പേകി അബിദ് മിര്‍സ മുമ്പോട്ട് വന്നിട്ടുണ്ട്. മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളിലേക്ക് വഴി തെറ്റാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് അബിദിന്റെ മുന്നറിയിപ്പ്.
പിടിക്കപ്പെടാതെ 24 മണിക്കൂര്‍ ഒളിച്ചിരിക്കുന്നതിനുള്ള ചലഞ്ച് നിറഞ്ഞ ഗെയിമിനെക്കുറിച്ച് തന്റെ മകന്‍ സെര്‍ച്ച് ചെയ്തിരുന്നതിന്റെ ഹിസ്റ്ററി അവന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ താന്‍ കണ്ടെത്തിയിരുന്നുവെന്നും അബിദ് വെളിപ്പെടുത്തി. താന്‍ ഇതിനെക്കുറിച്ച് അവനോട് ചോദിച്ചപ്പോള്‍ ഈ ഗെയിമിനെക്കുറിച്ച് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കേട്ടതിനെ തുടര്‍ന്ന് വെറുതെ സെര്‍ച്ച് ചെയ്തതാണെന്നാണ് മറുപടി ലഭിച്ചിരുന്നതെന്നും അബിദ് പറയുന്നു. എന്നാല്‍ തന്റെ മകന്‍ ഇതിനെക്കുറിച്ചുള്ള വീഡിയോകള്‍ കണ്ടിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗെയിമില്‍ ഏര്‍പ്പെട്ട് ഒളിച്ചിരുന്നതെന്നും അബിദ് വെളിപ്പെടുത്തുന്നു.
കിംഗ് എക്ഗ്ബെര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാഡെന്‍ മിര്‍സ. ’24 ഔവര്‍ ചലഞ്ച്’ നെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസും ഈ സംഭവത്തിന് ശേഷം മുന്നോട്ട് വന്നിട്ടുണ്ട്. അതിനാല്‍ മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെട്ട് അപകടത്തില്‍ പെടാതിരിക്കാന്‍ കടുത്ത ജാഗ്രത രക്ഷിതാക്കള്‍ പാലിക്കേണ്ടിയിരിക്കുന്നുവെന്നും പോലീസ് മുന്നറിയിപ്പേകുന്നു.സോഷ്യല്‍ മീഡിയയിലും ഇത്തരം ഗെയിമുകളിലും അമിതമായി അടിമപ്പെട്ട് കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഡിറ്റെക്ടീവ് ഇന്‍സ്പെക്ടറായ അല്‍ സെഡ്ഗ് വിക്ക് മുന്നറിയിപ്പേകുന്നത്.