ലണ്ടന്‍: വെളുത്തവരുടെ മേല്‍കോയ്മയില്‍ അഹങ്കാരം കൊള്ളുന്നവര്‍ക്ക് തിരിച്ചടിയായി ശാസ്ത്രീയ പഠനം. ബ്രിട്ടീഷ് വംശത്തിലുള്ളവരുടെ പൂര്‍വികര്‍ ഇരുണ്ട നിറമുള്ളവരായിരുന്നെന്ന് ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1903ല്‍ സോമര്‍സെറ്റിലെ ചെഡാര്‍ ജോര്‍ജില്‍ നിന്ന് ലഭിച്ച ചരിത്രാതീത കാലത്തെ മനുഷ്യന്റെ തലയോട്ടിയില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കുന്നത്. തലയോട്ടിയില്‍ മുഖം പുനര്‍നിര്‍മിച്ചും ഡിഎന്‍എ വേര്‍തിരിച്ചും നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
ഇതനുസരിച്ച് യൂറോപ്യന്‍മാര്‍ക്ക് വെളുത്ത നിറമുണ്ടായതിന് അധികം കാലപ്പഴക്കമില്ല. ഏറ്റവുമൊടുവിലുണ്ടായ ഹിമയുഗത്തിനു ശേഷം ബ്രിട്ടനില്‍ താമസമാരംഭിച്ച മനുഷ്യവംശത്തിന്റെ പ്രതിനിധിയാണ് ചെഡാര്‍ മാന്‍ എന്ന് അറിയപ്പെടുന്ന ഈ തലയോട്ടിയുടെ ഉടമ. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളപ്പോളാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന. നിലവിലുള്ള യൂറോപ്യന്‍മാരേക്കാള്‍ പൊക്കം കുറഞ്ഞ ഇയാള്‍ക്ക് 5 അടി അഞ്ച് ഇഞ്ചായിരുന്നത്രേ ഉയരം. ഏകദേശം 10,000 വര്‍ഷങ്ങള്‍ പഴക്കമാണ് തലയോട്ടിക്ക് കണക്കാക്കുന്നത്.
115 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഈ തലയോട്ടിയില്‍ ഗവേഷണങ്ങള്‍ നടത്തുന്ന പ്രൊഫ.ക്രിസ് സ്ട്രിങ്ങറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കേടുപാടുകളില്ലാത്ത ഡിഎന്‍എ സാമ്പിളുകള്‍ ഈ തലയോട്ടിയില്‍ നിന്ന് ലഭിച്ചത് ഗവേഷണത്തിന് ഊര്‍ജ്ജം നല്‍കി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്റെ സഹകരണത്തോടെ നടത്തിയ വിശകലനങ്ങളില്‍ തലമുടി, കണ്ണ്, ത്വക്ക് എന്നിവയുടെ നിറമുള്‍പ്പെടെയുള്ള വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാനായി.
മീസോലിത്തിക്, അഥവാ മധ്യ ശിലായുഗത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഈ മനുഷ്യന് കറുത്ത തലമുടിയും നീല നിറമുള്ള കണ്ണുകളും തവിട്ട് അല്ലെങ്കില്‍ ഇരുണ്ട നിറവുമായിരിക്കാം ഉണ്ടായിരുന്നതെന്നാണ് വ്യക്തമായത്. 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഡില്‍ ഈസ്റ്റില്‍ നിന്ന് കുടിയേറിയ ജനതയായിരിക്കാം ചെഡാര്‍ മാന്റെ വംശത്തിലുള്ളവരെന്നും അവരുടെ പ്രത്യേകതകളാണ് ത്വക്കിന്റെയും തലമുടിയുടെയും ഈ നിറമെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി ചാനല്‍ 4 സംപ്രേഷണം ചെയ്യും.
ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അമേരിക്ക ആവശ്യപ്പെടുമെന്ന് ആശങ്ക. വ്യാപാര ചര്‍ച്ചകളേക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ എന്‍എച്ച്എസ് വിഷയം ട്രാന്‍സ് അറ്റ്‌ലാന്റിക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കാത്തതാണ് എംപിമാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയത്. എന്‍എച്ച്എസില്‍ പങ്കാളിത്തത്തിനും സ്വകാര്യ കമ്പനികളുടെ പ്രാതിനിധ്യത്തിനും അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ചോദിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ എന്‍എച്ച്എസ് വില്‍പനക്കില്ലെന്ന കാര്യം വ്യക്തമാക്കാന്‍ തെരേസ മേയ്ക്ക് കഴിയുമോ എന്ന കാര്യം സ്ഥിരീകരിക്കണമെന്നാണ് കേബിള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന മറുപടി മാത്രമാണ് മേയ് നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുന്നതിനു മുമ്പ് തന്നെ ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കോമണ്‍സില്‍ മറുപടി പറഞ്ഞ മേയ് പക്ഷേ എന്‍എച്ച്എസ് വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്.
അമേരിക്കയുമായി സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ യുകെയുടെ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്ന ഉടമ്പടികളായിരിക്കും ഉണ്ടാകുകയെന്നും മേയ് പറഞ്ഞു. ഈ മറുപടിയിലൂടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സ്വാധീനത്തിന് ആവശ്യമുന്നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നായിരുന്നു യൂറോപ്പ് അനുകൂല നിലപാടുകളുള്ള ലേബര്‍ എംപി പീറ്റര്‍ കൈല്‍ പറഞ്ഞത്. അമേരിക്കന്‍ ഹെല്‍ത്ത് ഭീമന്‍മാര്‍ എന്‍എച്ച്എസില്‍ സ്വാധീനത്തിന് ശ്രമിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ധാരണാ ചര്‍ച്ചകളില്‍ അവര്‍ക്കുള്ള ദൗര്‍ബല്യമാണ് തെളിയിക്കുന്നതെന്നും കൈല്‍ പറഞ്ഞു.
എല്ലാ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ സംശയനിവാരണത്തിന് ശ്രമിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ബ്രെക്‌സിറ്റിനു ശേഷമുള്ള ഏത് വ്യാപാര ഉടമ്പടിയും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിലും വിദേശ പങ്കാളിത്തമുണ്ടാകുന്ന വിധത്തിലായിരിക്കില്ലെന്ന് നമ്പര്‍ 10 അറിയിച്ചു. എന്‍എച്ച്എസ് സ്വകാര്യവത്കരിക്കാനാണ് ടോറി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വ്യക്തതയില്ലാത്ത മറുപടി ആശങ്ക പരത്തിയത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയേയും സ്വകാര്യതയേയും മാനിക്കുമെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം മാനിച്ചാണ് കോടതിയുടെ നടപടി. ദൃശ്യത്തിന്റെ പകര്‍പ്പ് വിട്ടുനല്‍കണമെന്നും അത് പ്രതിയുടെ അവകാശമാണ്. വിചാരണയ്ക്കു മുന്‍പ് ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിട്ടുനല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസിലെ സുപ്രധാന തെളിവുകളില്‍ ഒന്നാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട ഒട്ടുമിക്ക രേഖകളും തെളിവുകളും കോടതി വിട്ടുനല്‍കിയിരുന്നു.
അതേസമയം, കേസിലെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പ്രത്യേകം കോടതി വേണമോ എന്നത് ഈ കോടതിയാകും തീരുമാനിക്കുക. വളരെ വേഗത്തിലുള്ള വിചാരണ നടപടികള്‍ വേണമെന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി കൊണ്ട് കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് 290 ഓളം തെളിവുകളും രേഖകളുമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നത്. ഇവയെല്ലാം വിട്ടുനല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും 180 ഓളം രേഖകളും തെളിവുകളുമാണ് ദിലീപിന് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ രണ്ടു കുറ്റപത്രങ്ങളിലായി ദിലീപ് ഉള്‍പ്പെടെ 12 ഓളം പ്രതികളാണുള്ളത്.
മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍
വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അല്‍പം അതിഭാവുകത്വത്തോടെയാണെങ്കിലും പലരും പറയുന്നത് നാളെകളില്‍ ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഇന്ത്യന്‍ കമ്പനികളില്‍ ജോലി ലഭിച്ച് ഇന്ത്യന്‍ വിസക്കായി കാത്തിരിക്കുന്ന ഒരു കാലം വരുമെന്നാണ്. പ്രവചനം യാഥാര്‍ത്ഥ്യമാക്കി ഒരു ലണ്ടന്‍ മലയാളി ഇംഗ്ലണ്ടിലെ തന്റെ മികച്ച ജോലി ഉപേക്ഷിച്ച് കേരളത്തിലെ കൊല്ലത്ത് ജോലിക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. ബിബിസിയുടെ ‘മാസ്റ്റര്‍ ഷെഫ്’ പാചക പരിപാടിയിലൂടെ പ്രശസ്തനായ ലണ്ടന്‍ മലയാളി സുരേഷ് പിള്ളയാണ്. ലണ്ടനിലെ തന്റെ ജോലി ഉപേക്ഷിച്ച് പ്രശസ്ത വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം രാവിസിലെ എക്സിക്യൂട്ടീവ് ഷെഫായി ജോലിക്ക് ചേര്‍ന്നത്. കൊല്ലം സ്വദേശിയായ സുരേഷിനിത് ജന്മനാട്ടിലേക്കുളള മടങ്ങിപ്പോക്കാണ്.
യുകെയിലും യൂറോപ്പിലും ധാരാളം പ്രേക്ഷകരുള്ള ലോക പ്രശസ്ത പാചക മത്സരത്തില്‍ മത്സരിച്ച ഏക മലയാളിയാണ് സുരേഷ് പിള്ള. ആയിരക്കണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്നാണ് ബിബിസിയുടെ പരിപാടിക്ക് സുരേഷിന് അവസരം ലഭിച്ചത്. പുളിയിട്ട് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയാണ് സുരേഷ് കേരളത്തിന്റെ തനതു വിഭവമായി ബിബിസിയുടെ പാചക പരിപാടിയില്‍ അവതരിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തിലും കേരളാ പാരമ്പര്യത്തിലും അഭിമാനിക്കുന്ന സുരേഷിന് ബിബിസി പരിപാടിയില്‍ മീന്‍ കറിയുണ്ടാക്കാന്‍ പ്രചോദനമായത് തന്റെ അമ്മയാണ്.
കഴിഞ്ഞ 13 വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന സുരേഷ് പിള്ളയുടെ കൈപുണ്യം അറിഞ്ഞവരാണ് റോജര്‍ ഫെഡറര്‍, കുമാര്‍ സംഗക്കാര തുടങ്ങിയ പ്രശസ്തര്‍. എന്തായാലും ഇനിയും സുരേഷിന്റെ വിഭവങ്ങളുടെ രുചിയറിയുന്നതിനുള്ള ഭാഗ്യം കൊല്ലം രാവിസിലെ അതിഥികള്‍ക്കാണ്.
ലണ്ടന്‍: ലോക ഓഹരി വിപണിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് വന്‍ തകര്‍ച്ച. ആഗോള വിപണിയില്‍ ഇന്നലെ മാത്രം നഷ്ടമായത് 4 ട്രില്യന്‍ ഡോളറാണ്. ഇടപാടുകാര്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചതോടെയാണ് ഇത്രയും തുക നഷ്ടം വന്നത്. അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സ് 500 പോയിന്റുകളാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ത്തന്നെ നഷ്ടം രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ വിപണിയില്‍ 3.5 ശതമാനം ഇടിവും ഇതോടെ രേഖപ്പെടുത്തി. ഏഷ്യന്‍ വിപണികളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. ജാപ്പനീസ് വിപണി 4.7 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
2015 സമ്മറിലുണ്ടായതിനേക്കാള്‍ മോശം അവസ്ഥയിലായിരുന്നു ഹോങ്കോങ് വിപണി. സിഡ്‌നി, സിംഗപ്പൂര്‍ വിപണികളും മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. എഫ്റ്റിഎസ്ഇ 2.6 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയില്‍ ഇടിവ് തുടരുകയാണ്. ഡൗ ജോണ്‍സ് തിങ്കളാഴ്ച 1175 പോയിന്റ് ഇടിഞ്ഞിരുന്നു. തുടക്കത്തിലുണ്ടായ നഷ്ടത്തിനു ശേഷം നൂറോളം പോയിന്റുകള്‍ അമേരിക്കന്‍ വിപണി തിരിച്ചു പിടിച്ചിരുന്നു. 567 പോയിന്റ് ഇടിഞ്ഞതിനു ശേഷമാണ് വിപണി നേരിയ തോതിലുള്ള തിരിച്ചുവരവ് നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഓഹരിയുടമകള്‍ വന്‍തോതില്‍ വില്‍പന ആരംഭിച്ചത്. ഈ വര്‍ഷം നാണ്യപ്പെരുപ്പനിരക്ക് ഉയരുമെന്ന അഭ്യൂഹങ്ങള്‍ മൂലമാണ് ഈ ട്രെന്‍ഡ് എന്നാണ് കരുതുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന വാര്‍ത്തകളും ഈ അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തല്‍.
ബീജിംഗ്: സ്ഥിരമായി മദ്യം കഴിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നല്ല ചൂട് ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് പഠനം പറയുന്നു. ദിവസം ഒരു ഡ്രിങ്കും ചൂടു ചായയും കഴിക്കുന്ന ശീലമുള്ളവരില്‍ അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത ആഴ്ചയിലൊരിക്കല്‍ മാത്രം ചൂട് ചായ കുടിക്കുന്നവരേക്കാള്‍ അഞ്ച് ഇരട്ടി അധികമാണെന്ന് ചൈനീസ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുകവലിയും ചൂട് ചായയുമായും ക്യാന്‍സറിന് ബന്ധമുണ്ടെന്നും പഠനം പറയുന്നു. 30നും 79നുമിടയില്‍ പ്രായമുള്ള 4,56,155 ആളുകള്‍ക്കിടയില്‍ നടത്തിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
പുകവലിക്കാരില്‍ ദിവസവും ചൂട് ചായ കുടിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരേക്കാള്‍ അന്നനാള ക്യാന്‍സറിന് രണ്ട് മടങ്ങ് സാധ്യതയാണ് ഉള്ളത്. പുകവലിയും മദ്യപാനവും അന്നനാള ക്യാന്‍സറുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചായ ഈ ക്യാന്‍സര്‍ വരാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അന്നനാളത്തിലെ കോശങ്ങളെ ചൂട് ചായ കേട് വരുത്തുന്നു. പുകവലിയും മദ്യപാനവും ഈ തകരാറിനെ കൂടുതല്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നതെന്ന് ചൈനയിലെ പീക്കിംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ എല്‍വി ജൂന്‍ പറഞ്ഞു.
പഠനത്തിന്റെ തുടക്കത്തില്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. അവരില്‍ പകുതിയോളം പേരെ 9 വര്‍ഷത്തോളം ഗവേഷകര്‍ പിന്തുടര്‍ന്നു. ഇതിനിടയില്‍ 1731 പേര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചു. ഈ രോഗത്തിന്റെ നിരക്ക് ചൈനയില്‍ താരതമ്യേന കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൂട് ചായ കുടിക്കുന്ന ശീലം ചൈനക്കാരില്‍ അധികമായതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
ന്യൂസ് ഡെസ്ക്
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ കടുത്ത ലൈംഗിക ചൂഷണത്തിന് ഇരയാവുന്നു. കഴിഞ്ഞ വർഷം മെയ് മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 173 കേസുകളാണ്. ഇതിൽ 119 എണ്ണം വിദ്യാർത്ഥികൾക്ക് ഇതര വിദ്യാർത്ഥികളിൽ നിന്ന് ഉണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടതാണ്. രണ്ടു വിദ്യാർത്ഥികൾ സ്റ്റാഫിനെതിരെ പരാതി നല്കിയിട്ടുണ്ട്. സ്റ്റാഫുകളെ മറ്റു സ്റ്റാഫുകൾ ലൈംഗികമായി ദുരുപയോഗിച്ചതായി ഏഴ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ചൂഷണം രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇത്രയുമധികം പരാതികൾ ഒൻപത് മാസം കൊണ്ട് ലഭിച്ചത്.
മറ്റു യൂണിവേഴ്സിറ്റികളിലെ സ്ഥിതിയും വ്യത്യസ്തമല്ല എന്നാണ് പുറത്തു വരുന്ന വിവരം. ഗാർഡിയൻ ന്യൂസിന്റെ റിപ്പോർട്ട് യുകെയിലെ സര്‍വകലാശാലകളില്‍ ലൈംഗിക ചൂഷണങ്ങള്‍ പെരുകുന്നു എന്ന വാർത്ത ശരിവയ്ക്കുന്നതാണ്. ഗാർഡിയൻ ന്യൂസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് യുകെയിലെ 120 യൂണിവേഴ്‌സിറ്റികളില്‍ 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 169 ലൈംഗിക ചൂഷണ കേസുകളാണ്. വിദ്യാര്‍ത്ഥികളാണ് അക്കാദമിക്ക് നോണ്‍ അക്കാദമിക്ക് സ്റ്റാഫുകള്‍ക്കെതിരെ ഇത്രയധികം കേസുകള്‍ കൊടുത്തിരിക്കുന്നത്. കൂടാതെ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അതിക്രമത്തിനെതിരെ ഇക്കാലയളവില്‍ 127 പരാതികളും ലഭിച്ചിട്ടുണ്ട്. പരാതികള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കപ്പെട്ടതായും പരാതികള്‍ പിന്‍വലിക്കുന്നതിനായി അനൗദ്യോഗിക ഒത്തു തീര്‍പ്പിന് വഴങ്ങേണ്ടി വന്നതായും പരാതി നല്‍കിയവര്‍ പറയുന്നു.
വിദ്യാഭ്യാസത്തെയും കരിയറിനെയും ബാധിക്കുമെന്ന ഭയത്താലാണ് വിദ്യാര്‍ത്ഥികളില്‍ പലരും തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിനെതിരെ പരാതി നല്‍കാതിരുന്നെതെന്ന് വ്യക്തമാക്കുന്നു. വിവാരവകാശ നിയമ പ്രകാരം പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതല്‍ അതിക്രമങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ നടക്കുന്നതായി ഇത്തരം വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. പരാതികളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണെന്നും ഈ എണ്ണത്തിലേറെ പീഡനങ്ങള്‍ നടക്കുന്നതായും മക്അലിസ്റ്റര്‍ ഒലിവാരിയസ് എന്ന നിയമവിദഗ്ദ്ധ അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളിലെ ലൈംഗികാരോപണ കേസുകള്‍ അനിയന്ത്രിതമായ നിരക്കില്‍ വര്‍ദ്ധിച്ചു വരികയാണ്. പല യൂണിവേഴ്‌സിറ്റികളിലും ഇവയെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ലെന്നും ഇവര്‍ പറയുന്നു.
കേംബ്രിഡ്ജ് കഴിഞ്ഞാൽ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ലൈംഗിക ചൂഷണാരോപണത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ 11 പരാതികള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവിന് ലഭിച്ചവയും 10 എണ്ണം കോളെജുകളില്‍ നേരിട്ട് ലഭിച്ചവയുമാണ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 10, എഡിന്‍ബര്‍ഗ് യുണിവേഴ്‌സിറ്റി 9, യൂണിവേഴ്‌സിറ്റി ഓഫ് ദി ആര്‍ട്‌സ് ലണ്ടന്‍ ആന്റ് എസ്സക്‌സ് 7 എന്നിവയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ച മറ്റ് യൂണിവേഴ്‌സിറ്റികള്‍.
ലണ്ടന്‍ : നഴ്‌സിങ് ക്ഷാമം രൂക്ഷമായതോടെ ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രികള്‍ ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിടുന്നത് കേരളത്തിലെ മലയാളി നഴ്സുമാരെ. മതിയായ യോഗ്യതകളോടെ അപേക്ഷിക്കുന്ന നഴ്സുമാരെ എന്‍എച്ച്എസ് സ്കൈപ്പ് ഇന്റര്‍വ്യൂകള്‍ വഴി തെരഞ്ഞെടുത്ത് യാത്രാ ചെലവുകള്‍ ഉള്‍പ്പെടെ നല്‍കി യുകെയിലേക്ക് കൊണ്ട് വരുന്നതിന് യുകെയിലെ വിവിധ ഹോസ്പിറ്റലുകള്‍ തുടക്കമിട്ടു കഴിഞ്ഞു. വിവിധ ആശുപത്രികളിലെക്കായി 1500 നഴ്സുമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഈ മാസം തന്നെ ഇവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് ട്രസ്റ്റ്. ഇത്രയും പേരെ കണ്ടെത്തുന്നതിനുള്ള കരാര്‍ ലഭ്യമായിരിക്കുന്ന BGM Consultancy UK Ltd എന്ന സ്ഥാപനം അറിയിച്ചതാണ് ഈ വിവരം. ഐഇഎല്‍ടിഎസ് എല്ലാ മോഡ്യൂളിലും 7.0 ഉള്ളവര്‍ക്കും അതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും ഉടന്‍ നിയമനം നടക്കും
ഐഇഎല്‍ടിഎസ് പരീക്ഷയില്‍ റൈറ്റിംഗില്‍ 6.5 ഉം ബാക്കിയുള്ള മോഡ്യൂളുകളില്‍ 7.0ഉം സ്കോര്‍ ഉള്ളവര്‍ക്കും ഇപ്പോള്‍ അവസരം ലഭിക്കുന്നതാണ്. ഒഇടി പാസ്സായവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. റൈറ്റിംഗില്‍ C+ ഉം ബാക്കി മോഡ്യൂളുകളില്‍ B യും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് ഇപ്പോള്‍ ആപ്ലിക്കേഷന്‍ കൊടുക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാലുടന്‍ തന്നെ സ്കൈപ്പ് ഇന്റര്‍വ്യൂവിനുള്ള തീയതി നല്‍കുകയും , ഓഫര്‍ ലെറ്റര്‍ നല്‍കിയതിനുശേഷം അടുത്ത ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇവര്‍ ഐഇഎല്‍ടിഎസ് പാസ്സാവുകയാണെങ്കില്‍ അവര്‍ക്ക് വിസ നല്‍കികൊണ്ട് യുകെയിലെയ്ക്ക് കൊണ്ടുവരാനുമാണ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ പദ്ധതിയിടുന്നത്.
റിക്രൂട്ട്മെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും അടക്കം എല്ലാം സൗജന്യമാണ്. വിസ ഫീസ്, ഇമ്മിഗ്രേഷന്‍ സര്‍ചാര്‍ജ്ജ്, ഫ്ളൈറ്റ് ടിക്കറ്റ്സ് എന്നിവയാണ് സൗജന്യമായി എന്‍എച്ച്എസ് തന്നെ അനുവദിക്കുന്നത്. കൂടാതെ നിയമനം ലഭിച്ചു യുകെയില എത്തുന്നവര്‍ക്ക് ഫ്രീ എയര്‍പോര്‍ട്ട് പിക്ക് അപ്സ് നല്‍കുന്നതാണ്. മാത്രമല്ല മൂന്നു മാസം സൗജന്യമായി എന്‍എച്ച്എസ് ആശുപത്രികള്‍ തന്നെ താമസവും ഒരുക്കും. നിയമനം ലഭിച്ചവര്‍ നിര്‍ബന്ധമായും പാസാകേണ്ട കമ്പ്യൂട്ടര്‍ ടെസ്റ്റിനും തുടര്‍ന്ന് യുകെയില്‍ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്സാമിനുമുള്ള ഫീസ് നല്‍കുകയും സൗജന്യമായ പരിശീലനം നല്‍കുകയും ചെയ്യും.
സെലക്ഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും ട്രസ്റ്റ് ഉടന്‍ തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കും. സിബിടി പരീക്ഷ എഴുതാനും എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവര്‍ തന്നെ തുടര്‍ന്നു നല്‍കും. ഇതു പൂര്‍ത്തിയായാല്‍ മൂന്നു വര്‍ഷത്തെ ടിയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്‌സിങ് തസ്തിക ഷോട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് പിആര്‍ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.
അപേക്ഷ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിച്ചാല്‍ ലഭിക്കുന്നതാണ്.
ഇന്ത്യ : 0091 9744753138
യുകെ: 0044 – 01252-416227 or oo44 7796823154
അല്ലെങ്കില്‍ നിങ്ങളുടെ സിവിയും ഐഇഎല്‍ടിഎസ് സ്കോറും സ്കൈപ്പ് ഐഡിയും [email protected] എന്ന ഇമെയില്‍ വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അയച്ച് കൊടുത്ത് നിങ്ങളുടെ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ ഉറപ്പ് വരുത്താവുന്നതാണ്.
ലണ്ടന്‍: ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുന്ന ബ്രിട്ടീഷുകാര്‍ പുതുവര്‍ഷത്തോടെ കടക്കാരാകുകയും പിന്നീട് മാസങ്ങളോളം ആ കടങ്ങളില്‍ നിന്ന് പുറത്തു വരാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. എന്ത് ദാരിദ്ര്യമായാലും ഭക്ഷണം മുടക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ പോക്കറ്റിനെ കാര്യമായി ബാധിക്കാത്ത വിധത്തില്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതും സ്വാഭാവികമാണ്. ഇതിനായി ചില പൊടിക്കൈകള്‍ പറഞ്ഞു തരികയാണ് ഐസ്ലാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്. സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായ കാര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി പുറത്തു വിട്ടിരിക്കുന്നത്.
ഇതനുസരിച്ച് ഫ്രഷ് ഫുഡിന് പകരം ഫ്രോസണ്‍ ഫുഡ് ഉപയോഗിച്ചാല്‍ 2000 പൗണ്ട് വരെ ഒരു വര്‍ഷം ലാഭിക്കാനാകുമത്രേ. 20 ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ഒരാഴ്ച ഫ്രഷ് ഭക്ഷണങ്ങളും അടുത്തയാഴ്ച ഫ്രോസണ്‍ ഭക്ഷണവും നല്‍കിക്കൊണ്ട് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കൂടുതല്‍ രുചികരമാണെന്നും ഫ്രഷ് വിഭവങ്ങള്‍ പോലെ തന്നെയാണെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയും ചെയ്തു. ഫ്രോസണ്‍ പെയ്‌സ്ട്രികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാഷ്ഡ് പൊട്ടറ്റോ, ഫ്രൈസ് തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.
മണി സേവിംഗ് വിദഗ്ദ്ധനായ മാര്‍ട്ടിന്‍ ലൂയിസ് ഉപഭോക്താക്കള്‍ക്ക് പലചരക്ക് ബില്ലുകളില്‍ വന്‍ കുറവുണ്ടാക്കാന്‍ കഴിയുന്ന ടിപ്പുകള്‍ moneysavingexpert.com എന്ന വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളെ പ്രീമിയം, ബ്രാന്‍ഡഡ്, സ്വന്തം ബ്രാന്‍ഡ്, വാല്യൂ എന്നിങ്ങനെ നാലായി തരംതിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഉല്‍പ്പന്നങ്ങള്‍ എടുക്കുന്നവര്‍ ഓരോ കാറ്റഗറിയിയലും താഴെയുള്ളത് വാങ്ങുകയെന്നതാണ് നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില കുറയ്ക്കുന്ന സമയം നോക്കി ഷോപ്പിംഗ് നടത്താനും നിര്‍ദേശമുണ്ട്.
പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില കുറയ്ക്കുന്ന സമയം
ലണ്ടന്‍: മറ്റൊരാളുടെ മനസ് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ആരും ഉണ്ടാകില്ല. കാരണം മനുഷ്യന്റെ മനസും ചിന്തകളും അത്രമേല്‍ സങ്കീര്‍ണ്ണവും മറ്റൊരാള്‍ക്ക് അതിനുമേല്‍ നിയന്ത്രണം ഇല്ലാത്തതുമാണ്. മനസ് വായിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ക്കു വേണ്ടി മനുഷ്യന്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ ശ്രമങ്ങള്‍ക്ക് വിജയം കാണുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. മനുഷ്യന്റെ മനസ് വായിക്കുന്ന കമ്പ്യൂട്ടറുകള്‍ സാധ്യമാകുന്നുവെന്ന് എസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് സൂചന നല്‍കുന്നത്.
മനുഷ്യന്റെ വികാര വിചാരങ്ങളെ അതുപോലെ സ്‌ക്രീനില്‍ കാണിക്കുന്ന കമ്പ്യൂട്ടറാണ് ഇതെന്ന് കരുതിയാല്‍ തെറ്റി. സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ അതില്‍ സഹായിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ സിസ്റ്റം ഇപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ട് സാങ്കീര്‍ണ്ണമായ വിഷയങ്ങള്‍ അപഗ്രഥനം ചെയ്യുകയും അവയില്‍ തീരുമാനമെടുക്കാന്‍ മനുഷ്യനെ സഹായിക്കുകയും ചെയ്യുകയാണ് ഈ കമ്പ്യൂട്ടറുകള്‍ ചെയ്യുന്നത്. ക്യാന്‍സറുകള്‍ കണ്ടെത്താന്‍ സ്‌കാനിംഗ് പരിശോധന നടത്തുന്ന റേഡിയോളജിസ്റ്റുകള്‍, ശതകോടികളുടെ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍, ആയിരങ്ങള്‍ക്കിടയില്‍ ഒരു കുറ്റവാളിയുടെ മുഖം തിരയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇത് വലിയ സഹായമായിരിക്കും നല്‍കുക.
ഇത്തരം കുഴക്കുന്ന പ്രശ്‌നങ്ങളില്‍ തലച്ചോറിന് സഹായമാകാന്‍ സാധിക്കുന്ന വിധത്തിലാണ് കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്യുന്നതെന്ന് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. ഡേവിഡ് വലേറിയാനി പറഞ്ഞു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഭാവിയില്‍ ഇവയ്ക്കായി മനുഷ്യന്റെ തലയില്‍ വെക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ വികസിപ്പിക്കും. അവ ഒരു ക്യാപ്പിന്റെ രൂപത്തിലോ ഹെഡ്‌ഫോണിന്റെ രൂപത്തിലോ ആയിരിക്കും. നമ്മുടെ ശ്രദ്ധയുടെ തലം എന്താണെന്ന് നിരീക്ഷിക്കുകയും അവയേപ്പറ്റി ഫീഡ്ബാക്കുകള്‍ നല്‍കുകയും ചെയ്യുക എന്നതായിരിക്കും അവയുടെ ജോലി.
ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്ന സംവിധാനം എസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിട്ടുണ്ട്. 64 ലീഡുകളുള്ള ഇലക്ട്രോ എന്‍സെഫലോഗ്രാഫി ക്യാപ്പ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കീബോര്‍ഡോ മൗസോ ഇല്ലാതെ മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറാണ് ഇത്. ഈ സങ്കേതം വികസിപ്പിച്ചെടുത്ത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് വലേറിയാനി പറയുന്നത്.