Main News

ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ പുതു തലമുറ റിട്ടയർ ചെയ്യാൻ 71 വയസുവരെ കാത്തിരിക്കണം. ഗവൺമെന്റിന്റെ നിലവിലെ പദ്ധതിയനുസരിച്ച് ഓരോ പത്തു വർഷം കൂടുമ്പോൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കും. നിലവിൽ അറുപത്തിയഞ്ചാം വയസിൽ സ്റ്റേറ്റ് പെൻഷൻ പുരുഷന്മാർക്ക് ലഭിക്കും. എന്നാൽ ഇപ്പോൾ ഇരുപതുകളിലുള്ള യുവാക്കൾക്ക് റിട്ടയർ ചെയ്യണമെങ്കിൽ നിലവിലെ റിട്ടയർമെന്റ് പ്രായത്തേക്കാൾ ആറു വർഷം കൂടി ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ ജീവിതദൈർഘ്യം കൂടുന്നതിനനുസരിച്ച് പെൻഷൻ പ്രായം ഉയർത്തേണ്ടി വരുമെന്ന് ഗവൺമെന്റ് ആക്ചുറി ഡിപ്പാർട്ട്മെൻറു പറയുന്നു. പെൻഷൻ ഫണ്ടിൽ ആവശ്യമായ തുക കണ്ടെത്തുന്നതിനായി നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷനും ഉയർത്തും. നാഷണൽ ഇൻഷുറൻസ് 5 പോയിന്റ് കൂടിയാൽ ശരാശരി 1000 പൗണ്ട് വാർഷിക ടാക്സ് കൂടുതൽ അടയ്ക്കേണ്ടി വരും.

2037 ൽ പെൻഷൻ പ്രായം 68 ആകും. ഇപ്പോൾ അമ്പതിനടുത്ത് പ്രായുള്ളവരെയാണ് ഇത് ബാധിക്കുന്നത്. നേരത്തെ തീരുമാനിച്ചതിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഒരു ദശകം നേരത്തെ പെൻഷൻ പ്രായം ഉയർത്താൻ ആലോചിക്കുന്നത്. 30 കളിൽ ഉള്ളവർ പെൻഷനാകാൻ 69 വയസ് പൂർത്തിയാകാൻ കാത്തിരിക്കണം. 2057 നും 2059 നും ഇടയിൽ പെൻഷൻ പ്രായം 70 വയസാകും. പുതിയ തലമുറ കൂടുതൽ കാലം ജോലി ചെയ്ത് നിലവിൽ റിട്ടയർ ചെയ്തവർക്ക് പെൻഷൻ നല്കാനുള്ള ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിവിശേഷത്തിലേയ്ക്കാണ് ബ്രിട്ടൺ അടുത്തു കൊണ്ടിരിക്കുന്നത്.

ലണ്ടന്‍: വിവാഹ രജിസ്‌ട്രേഷനില്‍ രണ്ട് നൂറ്റാണ്ടോളമായി തുടര്‍ന്നു വരുന്ന രീതിയില്‍ സമൂല മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാനാണ് നിര്‍ദേശം. നിലവില്‍ ഇരുവരുടെയും പിതാക്കന്‍മാരുടെ പേരുകള്‍ മാത്രമാണ് ചേര്‍ക്കുന്നത്. 1837 മുതല്‍ പിന്തുടരുന്ന നിയമത്തിലാണ് മാറ്റം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കാലഹരണപ്പെട്ട സമ്പ്രദായമാണ് പൊളിച്ചെഴുതാന്‍ ഹോം ഓഫീസ് തയ്യാറെടുക്കുന്നതെന്ന് ഹോം സെക്രട്ടറി ആംബര്‍ റൂഡ് പറഞ്ഞു. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.

നിയമത്തില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ എംപിമാര്‍ ശ്രമിച്ചു വരികയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. എന്നാല്‍ നിയമപരിഷ്‌കരണത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പായി കാമറൂണ്‍ സ്ഥാനമൊഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡിയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കാറുണ്ട്. ഇഗ്ലണ്ടും വെയില്‍സും കൂടി ഈ രീതി നടപ്പാക്കുന്നതോടെ യുകെയില്‍ ആകമാനം വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ഏകീകൃത രീതി നടപ്പില്‍ വരും.

ടോറി എംപി ടിം ലഫ്ടണ്‍ അവതരിപ്പിച്ച സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്, മാര്യേജസ് ആന്‍ഡ് ഡെത്ത്‌സ് (രജിസ്‌ട്രേഷന്‍) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിവാഹ, ജനന, മരണ രജിസ്‌ട്രേഷനുകളില്‍ തുടര്‍ന്നു വരുന്ന പേപ്പര്‍ അധിഷ്ഠിത സമ്പ്രദായം ഇല്ലാതാകും. പ്രതിവര്‍ഷം രണ്ടരലക്ഷം വിവാഹങ്ങളാണ് യുകെയില്‍ നടക്കുന്നത്. ഇവയുടെ രജിസ്‌ട്രേഷനായി 84,000 വിവാഹ രജിസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം ഇലക്ട്രോണിക് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുന്നതോടെ പത്തു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന് ചെലവാകുന്ന 33.8 മില്യന്‍ പൗണ്ട് ലാഭിക്കാനാകുമെന്നും കണക്കാക്കുന്നു.

ലണ്ടന്‍: ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര്‍ പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും.

പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും ഓരോ ആര്‍ത്തവ ചക്രത്തിലും ഗര്‍ഭപാത്രത്തിലേക്ക് എത്തപ്പെടുന്നതും. ഗര്‍ഭകാലത്ത് ഐബ്രുപ്രൂഫന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത തലമുറയെയാണ് ഇല്ലാതാക്കുന്നത്. അണ്ഡങ്ങളുടെ എണ്ണം നേര്‍പകുതിയാകുന്നതോടെ ഈ പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോള്‍ ആര്‍ത്തവ വിരാമം സംഭവിക്കാനും പിന്നീട് ഒരിക്കലും അമ്മമാരാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വേദനാ സംഹാരികള്‍ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രം ഇവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ പോലും അവ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. അണ്ഡകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ നശിച്ചുപോകുകയോ ചെയ്യാം.ഐബുപ്രൂഫന്‍ ഗര്‍ഭസ്ഥ ശിശുക്കളിലെ അണ്ഡാശയ ഫോളിക്കിളുകള്‍ വികസിക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്.

ആംസ്റ്റര്‍ഡാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനൊരുങ്ങി ജര്‍മന്‍ കാര്‍ നിര്‍മാതാവായ മെഴ്‌സിഡസ് ബെന്‍സ്. പുതിയ എ-ക്ലാസ് ഹാച്ച് മോഡലുകളിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ് (MBUX) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കാറിനുള്ളിലെ പ്രവര്‍ത്തനങ്ങളെ ഡ്രൈവര്‍ക്ക് സ്വന്തം ശബ്ദത്തിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളിയാഴ്ച ആംസ്റ്റര്‍ഡാമില്‍വെച്ച് ഈ സംവിധാനം പുതിയ എ-ക്ലാസിലുണ്ടാകുമെന്ന് ബെന്‍സ് അറിയിച്ചു.

ഡ്രൈവര്‍ക്ക് ഹേയ് മെഴ്‌സിഡസ് എന്ന് പറഞ്ഞുകൊണ്ട് ലിംഗ്വാട്രോണിക് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാം. യുവാക്കള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള മോഡലുകളില്‍ ഇവ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നത്. ലാസ് വേഗാസില്‍ നടത്തിയ ട്രയലില്‍ ഈ സംവിധാനം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു എംബിയുഎക്‌സ് കാഴ്ചവെച്ചത്. കാറിന്റെ നാവിഗേഷന്‍, ഫോണ്‍, ഓഡിയോ, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും.

ഡ്രൈവറുടെ മുന്നിലും ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലേക്കുമായി നീളുന്ന ഇരട്ട സ്‌ക്രീനുകളാണ് ഇതിന്റെ പ്രധാന ഭാഗം. മികച്ച ഗ്രാഫിക്‌സുകളാണ് ഇതിന്റെ പ്രത്യേകത. ഏതു രീതിയിലും കോണ്‍ഫിഗര്‍ ചെയ്യാവുന്ന ഈ സ്‌ക്രീനുകളെ ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും നിയന്ത്രിക്കാം. മെഴ്‌സിഡസ് മീ ആപ്പിലൂടെ കാര്‍ ഷെയറിംഗിനും എംബിയുഎക്‌സ് സഹായിക്കും. ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ മറ്റൊരാള്‍ക്ക് കാര്‍ ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥന് നല്‍കാനാകും. ഇതിനായി സ്വിച്ച് കീ ഉപയോഗിക്കേണ്ട ആവശ്യമേയില്ല.

കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രൈവര്‍ അസിസ്റ്റന്റ് സംവിധാനങ്ങള്‍ ചെറു കാറുകൡും അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്. വളവുകളില്‍ സ്റ്റിയറിംഗിലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതു മുതല്‍ തിരിയാനുള്ള സിഗ്നല്‍ ഇട്ടാലുടന്‍ ലെയിന്‍ സ്വയം മാറുന്നതു വരെയുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. പുതിയ എ-ക്ലാസ് ഈ സ്പ്രിംഗില്‍ യൂറോപ്പില്‍ വിപണിയിലെത്തും.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്ത പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി എങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ പൊതുജനം ഇതുവരെ അറിഞ്ഞിട്ടില്ല. രണ്ടു പൗണ്ടിൽ താഴെ വിലയുള്ള  500 മില്ലിയുടെ മോയിസ്ചർ ക്രീമിന് ബൂട്ട്സ് ഫാർമസിയിൽ നിന്നു വാങ്ങിക്കുമ്പോൾ എൻഎച്ച്എസ് നല്കിയത് 1579 പൗണ്ടാണ് എന്നാണ് ദി ടൈംസ് വെളിപ്പെടുത്തുന്നത്. ത്വക് രോഗമുള്ളവർക്കായി നല്കപ്പെടുന്ന ഈ ക്രീമിന്റെ സാധാരണ വില 1.73 പൗണ്ടാണ്. ബൂട്ട്സിന്റെ പേരൻറ് കമ്പനിയായ വാൾ ഗ്രീൻ ബൂട്ട്സ് അലയൻസിൽ നിന്നാണ് സാധാരണ വിലയുടെ 900 മടങ്ങ് വില നല്കി എൻഎച്ച്എസ് ക്രീം വാങ്ങിച്ചത്.

മരുന്നു കമ്പനികൾ എൻ എച്ച് എസിന് ആവശ്യമായ മരുന്നുകൾക്ക് അമിത വില ഈടാക്കുകയാണെന്ന് അധികൃതർ പരാതിപ്പെട്ടു. നികുതി ദായകന്റെ പണം ദുർവിനിയോഗം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ എൻഎച്ച്എസിൽ ഉള്ളത്. ഷോർട്ട് നോട്ടീസിൽ ഉള്ള സ്പെഷ്യൽ ഓർഡറുകൾക്ക് ഇങ്ങനെ വില ഈടാക്കേണ്ടി വരുമെന്ന് ബൂട്ട്സ് പറയുന്നു. എന്നാൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡെർമ്മറ്റോളജിസ്റ്റുകളുടെ അസോസിയേഷൻ പറയുന്നത്.

വാഴപ്പഴം കഴിച്ചാല്‍ അതിന്റെ തൊലി എന്ത് ചെയ്യുമെന്നത് ഒരു പ്രശ്‌നമാണ്. അടുത്ത ബിന്‍ കാണുന്നത് വരെ തൊലി കയ്യില്‍തന്നെ സൂക്ഷിക്കേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തൊലിയുള്‍പ്പെടെ കഴിക്കാന്‍ പറ്റുന്ന പുതിയ ഇനം വാഴപ്പഴം കണ്ടുപിടിച്ചിരിക്കുകയാണ് ജപ്പാനിലെ കര്‍ഷകര്‍. വളരെ താഴ്ന്ന താപനിലയിലുള്ള കൃഷിരീതി ആവിഷ്‌കരിച്ചാണ് ഈ പഴങ്ങള്‍ ഉദ്പാദിപ്പിക്കുന്നത്. മോന്‍ഗീ എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം വാഴപ്പഴം പടിഞ്ഞാറന്‍ ജപ്പാനിലെ ഡി ആന്റ് ടി ഫാം ടെക്‌നിക്കല്‍ ഡെവലപ്‌മെന്റ് മാനേജര്‍ സെറ്റ്‌സുസോ തനാകയാണ് വികസിപ്പിച്ചെടുത്തത്. രാസവളമോ കീടനാശിനകളോ ഉപയോഗിക്കാതെ അതിശീത കാലാവസ്ഥയിലാണ് ഇവ കൃഷി ചെയ്യുന്നത്. മൈനസ് 60 വരെയുള്ള താപനിലയാണ് ഇതിന് അനുയോജ്യം.

സാധാരണ ഗതിയില്‍ രണ്ട് വര്‍ഷമെടുത്ത് ഫലം തരുന്ന വാഴകള്‍ ഇത്രയും കുറഞ്ഞ ഊഷ്മാവില്‍ അതിവേഗത്തില്‍ വളരുന്നു. നാല് മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തരത്തില്‍ വിളവെടുക്കുന്ന വാഴകള്‍ക്ക് സാധാരണ രീതിയില്‍ ഉത്പാദിപിച്ചെടുക്കുന്ന വാഴപ്പഴത്തേക്കാള്‍ സ്വാദും മധുരവും ഉണ്ടാകും. കൂടാതെ പഴത്തിന്റെ തൊലി നൂറ് ശതമാനം ഭക്ഷിക്കാന്‍ കഴിയുന്നതുമായിരിക്കും. സുരക്ഷിതവും സ്വാദിഷ്ടവുമായി വാഴപ്പഴം ഉത്പാദിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്ന് തനാക പറയുന്നു. ജനങ്ങള്‍ക്ക് ഈ ഇനം പഴങ്ങളുടെ തൊലിയടക്കം കഴിക്കാന്‍ കഴിയും. കാരണം ജൈവ ഉത്പാദന രീതി പിന്തുടര്‍ന്നാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത് ടെറ്റ്‌സുയ തനാക പറയുന്നു.

അതിശയകരം എന്നാണ് മോന്‍ഗീ എന്ന വാക്കിന് ഒക്യാമ ഭാഷയില്‍ അര്‍ത്ഥം. തനാകയുടെ കൃഷിയിടത്തില്‍ നിന്ന് വിളവെടുക്കുന്ന മോന്‍ഗീ ഇവിടുള്ള ചെറിയ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് ഈ കൃഷിരീതി വ്യാപിപ്പിക്കാനാണ് ഡി ആന്റ് ടി ഫാം അധികൃതരുടെ ലക്ഷ്യം. ജപ്പാന് പുറത്തേക്കുള്ള കയറ്റുമതി സാധ്യതകളെ ഭാവിയില്‍ ഉപയോഗിക്കാനും ഫാം അധികൃതര്‍ ലക്ഷ്യംവെക്കുന്നുണ്ട്.

ലണ്ടന്‍: ഇനി വിമാനക്കമ്പനികള്‍ സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്നത് നമുക്ക് അറിയാം. ഗൂഗിളാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് എന്ന ഈ സെര്‍ച്ച് സംവിധാനത്തിലൂടെ ഇത്തരം വിവരങ്ങള്‍ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. വിമാനങ്ങള്‍ വൈകുന്നത്, ടിക്കറ്റ് നിരക്കിലെ കുറവുകളും ഇവയില്‍ സങ്കീര്‍ണ്ണതകളുണ്ടെങ്കില്‍ അവ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഗൂഗിള്‍ ഫ്‌ളൈറ്റ്‌സില്‍ ലഭ്യമാണ്. വ്യോമയാനരംഗത്തെ ഡേറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നതെന്ന് ഗൂഗിള്‍ അറിയിക്കുന്നു.

എയര്‍ലൈന്‍ കമ്പനികള്‍ ഔദ്യോഗികമായി അറിയിക്കുന്നതിനു മുമ്പ് തന്നെ വിമാനങ്ങള്‍ വൈകുന്ന വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നതാണ് ഈ സെര്‍ച്ച് എന്‍ജിന്റെ ഏറ്റവും വലിയ സവിശേഷത. 80 ശതമാനം കൃത്യതയുള്ള വിവരങ്ങള്‍ മാത്രമായിരിക്കും ഗൂഗിള്‍ നല്‍കുക. അതായത് നിങ്ങള്‍ വിമാനത്താവളത്തില്‍ കൃത്യസമയത്ത് തന്നെ എത്തിയിരിക്കണമെന്ന് സാരം. പക്ഷേ അവിടെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളില്‍ സൂചന നല്‍കാന്‍ ഗൂഗിളിന് കഴിയും. വിമാനം എത്തിച്ചേരാന്‍ വൈകുന്നത് മുതല്‍ കാലാവസ്ഥയുടെ സ്വാധീനം വരെ സര്‍വീസ് വൈകുന്നതിന് കാരണമാകുമോ എന്ന കാര്യം ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ് വിശദീകരിക്കും.

ഫ്‌ളൈറ്റ് നമ്പര്‍ നല്‍കി നിങ്ങള്‍ ബുക്ക് ചെയ്ത ഫ്‌ളൈറ്റിന്റെ സ്റ്റാറ്റസ്, റൂട്ട് വിവരങ്ങള്‍ എന്നിവ അറിയാം. ഇവയ്‌ക്കൊപ്പം വിമാനം താമസിച്ചാല്‍ അതിന്റെ വിവരങ്ങളും ലഭിക്കും. അടിസ്ഥാന ഇക്കോണമി നിരക്കുകളേക്കുറിച്ചുള്ള വിവരങ്ങളും ടിക്കറ്റ് നിരക്കുകളും നല്‍കും. ഇവയില്‍ വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കുറിച്ചും അറിയാനാകും. സീറ്റുകള്‍ സെലക്ട് ചെയ്യാനുള്ള സൗകര്യം, അഡീഷണല്‍ ബാഗേജ് ഫീസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളായിരിക്കും ലഭ്യമായിരിക്കുക.

ലണ്ടന്‍: കുരങ്ങുകളെ ഉപയോഗിച്ച് ഡീസല്‍ വാഹനങ്ങളുടെ പുകയുടെ ദോഷഫലങ്ങള്‍ പഠിക്കാന്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങള്‍ മറച്ചുവെച്ച് ഫോക്‌സ്‌വാഗണ്‍. പ്രതീക്ഷിച്ചതിനേക്കാള് പ്രത്യാഘാതങ്ങള്‍ കുരങ്ങുകളില്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പരീക്ഷണഫലങ്ങള്‍ പുറത്തു വിടാത്തതെന്നാണ് വിവരം. 10 കുരങ്ങുകളില്‍ നടത്തിയ പരീക്ഷണഫലങ്ങള്‍ക്ക് വിപരീതഫലമാണ് ലഭിച്ചതെന്നും അതുകൊണ്ടുതന്നെ ഫലങ്ങള്‍ ഒരിക്കലും പുറത്തു വരില്ലെന്നും ജര്‍മന്‍ ദിനപ്പത്രമായ ബില്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാറുകളില്‍ നിന്നുള്ള മലിനീകരണ വിവരങ്ങള്‍ ലഭിക്കാതിരിക്കാന്‍ കൃത്രിമത്വം കാട്ടി വിവാദത്തിലായ ഫോക്‌സ് വാഗണ്‍ കുരങ്ങുകളില്‍ പരീക്ഷണം നടത്താനൊരുങ്ങിയത് വലിയ ജനരോഷം ക്ഷണിച്ചു വരുത്തിയിരുന്നു.

ഈ പരീക്ഷണത്തെ പിന്നീട് ഫോക്‌സ് വാഗണ്‍ ചീഫ് എക്‌സിക്യൂട്ടീവ് മത്യാസ് മ്യൂളര്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ മൃഗങ്ങളില്‍ നടത്തുന്നത് തെറ്റും നീതിക്ക് നിരക്കാത്തതുമാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്താണെങ്കിലും കമ്പനി അത് ഏറ്റെടുക്കണമെന്നും മ്യൂളര്‍ പറഞ്ഞതായി സ്പീഗല്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡീസല്‍ പുക മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ഫോക്‌സ് വാഗണ്‍, ഡെയിംലര്‍, ബിഎംഡബ്ല്യു, യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ ദി ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ (EUGT) എന്നിവര്‍ സംയുക്തമായി രൂപീകരിച്ച ഏജന്‍സിയാണ് പഠനം നടത്തിയത്. ഈ സമിതി പിന്നീട് പിരിച്ചു വിട്ടു.

കുരങ്ങുകളില്‍ പരീക്ഷണം നടത്തിയത് ഈ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ പരീക്ഷണത്തേക്കുറിച്ച് വിവരമുണ്ടായിരുന്ന ചീഫ് ലോബിയിസ്റ്റ് തോമസ് സ്‌റ്റെഗിനെ തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതായി ഫോക്‌സ് വാഗണ്‍ അറിയിച്ചു. മൃഗങ്ങള്‍ക്കു മേല്‍ നടത്തി വരുന്ന പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. ഇയുജിറ്റിയിലെ തങ്ങളുടെ പ്രതിനിധിയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഡെയിംലറും അറിയിച്ചിട്ടുണ്ട്.

2015ലാണ് ഡീസല്‍ പുകയുടെ ദൂഷ്യഫലങ്ങളേക്കുറിച്ച് പഠനം നടത്തുന്നതിനെന്ന പേരില്‍ ഈ പരീക്ഷണം നടത്തിയത്. ന്യൂമെക്‌സിക്കോയില്‍ നടത്തിയ പരീക്ഷണം പഴയ ഫോര്‍ഡ് പിക്കപ്പുകളേക്കാള്‍ മലിനീകരണം കുറവാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ബീറ്റിലുകള്‍ക്ക് എന്ന് തെളിയിക്കാനായിരുന്നുവത്രെ ഈ പരീക്ഷണം നടത്തിയത്.

ന്യൂകാസില്‍: ത്രീ പേരന്റ് ബേബികള്‍ അഥവാ മൂന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നു. ബ്രിട്ടനില്‍ ആദ്യമായി മൂന്ന് മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ജനനത്തിന് നിയമപരമായ അനുവാദം ലഭിച്ചു. ന്യൂകാസിലിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ചികിത്സയില്ലാത്തതും അതീവ ഗുരുതരവുമായ ജനിതകരോഗമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് ഈ ചികിത്സ നടത്തുക. ഇവരുടെ കുട്ടികള്‍ക്കും രോഗം പകര്‍ന്നു നല്‍കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഈ രീതിയില്‍ ഐവിഎഫ് സമ്പ്രദായത്തിലൂടെ ബീജസങ്കലനം നടത്തി സൃഷ്ടിക്കുന്ന ഭ്രൂണങ്ങളില്‍ മറ്റൊരു സ്ത്രീ ദാതാവിന്റെ ഡിഎന്‍എ യോജിപ്പിക്കുകയാണ് ചെയ്യുക.

ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി (HFEA) വ്യാഴാഴ്ചയാണ് ഇതിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്. ഇതിനായി ന്യൂകാസില്‍ ക്ലിനിക്കില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റീപ്രൊഡക്ടീവ് ബയോളജി പ്രൊഫസര്‍ മെരി ഹെര്‍ബര്‍ട്ടും സംഘവും മേല്‍നോട്ടം വഹിക്കും. മൈറ്റോകോണ്‍ട്രിയല്‍ ഡൊണേഷന്‍ തെറാപ്പിയെന്ന ഈ രീതിക്ക് ബ്രിട്ടനില്‍ ആദ്യമായാണ് അരങ്ങൊരുങ്ങുന്നത്. 2015ല്‍ ഇത് നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ന്യൂകാസില്‍ സെന്ററിന് ഇതിനായുള്ള ലൈസന്‍സ് ലഭിച്ചത്.

ചികിത്സക്ക് വിധേയരാകുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മയോക്ലോണിക് എപ്പിലെപ്‌സി, അഥവാ മെര്‍ഫ് സിന്‍ഡ്രോം എന്ന ജനിതക രോഗമുള്ളവരാണ് ഈ സ്ത്രീകള്‍. ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന ഈ രോഗം അകാല മരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെട്ടെന്നുണ്ടാകുന്ന അപസ്മാരവും പേശികളിലുള്ള നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയും ക്ഷീണം, ബധിരത, ഓര്‍മനാശം മുതലായ അവസ്ഥകളും ഈ രോഗം മൂലമുണ്ടാകാം. ഈ രോഗമുള്ളവരുടെ കുട്ടികള്‍ക്കു ഇത് പാരമ്പര്യമായി ലഭിക്കാറുണ്ട്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ന്യൂസ് ഡെസ്ക്

ആയിരത്തോളം തൊഴിലാളികൾ സ്വർണ്ണഖനിയിൽ കുടുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഖനിയിലാണ് സംഭവം. ആയിരം മീറ്ററോളം ആഴമുള്ള ഖനിയിൽ 23 ലെവലുകളാണുള്ളത്. ഖനിയിലേയ്ക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ ഉള്ളിൽ അകപ്പെട്ടത്. കൊടുങ്കാറ്റിനെ തുടർന്നാണ് വെൽക്കോമിലെ ബിയാട്രിക്സ് ഗോൾഡ് മൈനിൽ പവർ കട്ട് ഉണ്ടായത്. തുരങ്കങ്ങളിലും ഷാഫ്റ്റുകളിലുമാണ് നിരവധി പേർ കുടുങ്ങിയിരിക്കുന്നത്. എമർജൻസി റെസ്ക്യൂ പ്ലാൻ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 60 ഓളം പേരെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ട്.

ബുധനാഴ്ച നൈറ്റ് ഷിഫ്റ്റ് ചെയ്ത തൊഴിലാളികളാണ് അകത്തു കുടുങ്ങിയത്. സിൽബെയ്ൻ സ്റ്റിൽ വാട്ടർ കമ്പനിയുടേതാണ് ഈ സ്വർണഖനി. എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ജീവനക്കാരുടെ അവസ്ഥയിൽ കടുത്ത ആശങ്കയിലാണ് ബന്ധുക്കളും തൊഴിലാളി യൂണിയനുകളും. എമർജൻസി ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കാൻ എഞ്ചിനീയർമാർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഖനിയിടെ അപകടങ്ങൾ സൗത്ത് ആഫ്രിക്കയിൽ ഒരു തുടർക്കഥയാണ്.

Copyright © . All rights reserved