ഹാലോജന്‍ ബള്‍ബുകളുടെ വിപണനം യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു. ഈ മാസം അവസാനം മുതല്‍ നിരോധനം നിലവില്‍ വരും. സെപ്റ്റംബര്‍ മുതല്‍ എല്‍ഇഡി ബള്‍ബുകള്‍ മാത്രമേ വീടുകളിലേക്ക് ഇനി വാങ്ങാന്‍ കഴിയൂ. കൂടുതല്‍ വിലയുള്ള എല്‍ഇഡി ബള്‍ബുകള്‍ സാധാരണക്കാരുടെ ചെലവ് വര്‍ദ്ധിപ്പിക്കും. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വിവാദ ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഹാലോജന്‍ ബള്‍ബുകളേക്കാള്‍ രണ്ടിരട്ടി വിലയാണ് എല്‍ഇഡി ബള്‍ബുകള്‍ക്ക്. 2 പൗണ്ടിന് ഒരു ഹാലോജന്‍ ബള്‍ബ് വാങ്ങാന്‍ കഴിയുമ്പോള്‍ എല്‍ഇഡി ബള്‍ബുകളുടെ വില ആരംഭിക്കുന്നത് തന്നെ നാല് പൗണ്ടിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്.

2016 സെപ്റ്റംബര്‍ മുതല്‍ ഹാലോജന്‍ ബള്‍ബ് നിരോധനം നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ എല്‍ഇഡി സാങ്കേതികവിദ്യ കുറച്ചു കൂടി വികസിക്കാനും വില കുറയാനുമുള്ള സമയം അനുവദിച്ചുകൊണ്ട് നിരോധനം രണ്ടു വര്‍ഷത്തേക്ക് നീട്ടി വെക്കുകയായിരുന്നു. വില കൂടുതലാണെങ്കിലും എല്‍ഇഡി ലൈറ്റുകളുടെ ആയുര്‍ദൈര്‍ങഘ്യം കൂടുതലാണെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭത്തിനും നിരോധനം ഉതകുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അവകാശപ്പെടുന്നത്.

യൂറോപ്പിന്റെ ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന എനര്‍ജി യൂണിയന്റെ ലക്ഷ്യമാണ് ഇതിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. എന്നാല്‍ പുതുതായി വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഭൂരിപക്ഷം ബ്രിട്ടീഷുകാരും അജ്ഞാതരാണ്. ഹാലോജന്‍ ലൈറ്റുകള്‍ നിരോധിച്ചതായി മൂന്നില്‍ രണ്ട് ആളുകള്‍ക്കും അറിയില്ലെന്ന് ലൈറ്റിംഗ് കമ്പനിയായ എല്‍ഇഡിവാന്‍സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കുന്ന നിരോധനത്തിന് യുകെ ഗവണ്‍മെന്റുകള്‍ പിന്തുണ നല്‍കുകയാണ്.