ന്യൂസ് ഡെസ്ക്
എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നു. 2016-17 ൽ രാജി വച്ചത് 33,000 നഴ്സുമാരാണ്. വിന്റർ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകൾ ആവശ്യത്തിനു സ്റ്റാഫ് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുകയാണ്. പത്തിൽ ഓരോ നഴ്സുവീതം ഓരോ വർഷവും 1 എൻഎച്ച്എസ് വിടുകയാണ്. ബ്രിട്ടണിലെ ഹോസ്പിറ്റലുകളിലെ സ്റ്റാഫ് ഷോർട്ടേജ് ദിനം പ്രതി മൂർച്ഛിക്കുകയാണ്. 2016-17ൽ പുതിയതായി എൻഎച്ച്എസിൽ ചേർന്ന നഴ്സുമാരെക്കാൾ 3000 ൽ ഏറെ നഴ്സുമാരാണ് വിട്ടു പോയത്. 2012-13 ലെ കൊഴിഞ്ഞുപോകലുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
എൻഎച്ച്എസ് ഇംഗ്ലണ്ടിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം പുതിയ സ്റ്റാഫുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്ന് ഹെഡ് ഓഫ് റോയൽ കോളജ് ഓഫ് നഴ്സിംങ്ങ് ജാനറ്റ് ഡേവിസ് . പറഞ്ഞു. പുതിയ തലമുറ നഴ്സുമാർ മുന്നോട്ടുവരുന്നില്ല എന്നതും നിലവിലുള്ള അനുഭവ സമ്പത്തുള്ള നഴ്സുമാർ മനം മടുത്ത് മറ്റു ജോലി തേടി പോകുന്നതും ഗവൺമെന്റ് ഗൗരവത്തോടെ കാണണമെന്ന് അവർ പറഞ്ഞു. സെപ്റ്റംബർ 2017 ലെ കണക്കനുസരിച്ച് ജോലി രാജി വച്ച നഴ്സുമാരിൽ 6976 പേർ (21%) എൻഎച്ച്എസിലെ റിട്ടയർമെന്റ് പരിധിയായ 55 വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ 17,207 പേർ 40 വയസിനു താഴെയുള്ളവരാണ്.
ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് നഴ്സുമാരുടെ കൊഴിഞ്ഞു പോകലിന് ഒരു പ്രധാന കാരണമാണ്. വർഷങ്ങളായി എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പള വർദ്ധനയ്ക്ക് ക്യാപ് ഏർപ്പെടുത്തിയിരിക്കുന്നതും പ്രതിസന്ധി വഷളാക്കി. വിന്റർ ക്രൈസിസിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകളിൽ സ്റ്റാഫ് ഷോർട്ടേജ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
രാജ്യത്തെ പ്രസിദ്ധമായ പൗരാണിക കെട്ടിട്ടം യു.എ.ഇ വ്യവസായി വിലയ്ക്ക് വാങ്ങിയത് വന്‍ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടിനിലെ മുന്‍നിര ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലൊന്നായി അറിയപ്പെടുന്ന ഹോട്ടല്‍ കാലിഡോണിയന്‍ ആണ് 85 മില്യണ്‍ ഡോളര്‍ (798 കോടി രൂപ) വില നല്‍കി യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ട്വന്റി 14 ഹോള്‍ഡിംഗ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വിഖ്യാതമായ ബ്രിട്ടീഷ് ഹോട്ടല്‍ വിലയ്ക്ക് വാങ്ങിയാണ് പ്രവാസി വ്യവസായി എം.എ.യൂസഫലി മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ 241 മുറികളുള്ള ഹോട്ടലില്‍ 187 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തുമെന്നും ഇതിലൂടെ 50 മുറികള്‍ അധികമായി ലഭിക്കുമെന്നും ട്വന്റി 14 ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ് പറഞ്ഞു. സ്കോട്ട്ലാന്‍ഡ് കേന്ദ്രീകരിച്ച് ലുലു ഗ്രൂപ്പ് നടത്തുന്ന രണ്ടാമത്തെ പ്രധാന ഭൂമിയിടപാടാണ് ഇത്. നേരത്തെ 2015-ല്‍ വിശ്വപ്രസിദ്ധമായ സ്കോട്ട്ലാന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാനം ലുലു ഗ്രൂപ്പ് വിലയ്ക്ക് വാങ്ങിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380യുടെ പ്രതാപകാലം മങ്ങുന്നുവോ? എയര്‍ലൈന്‍ കമ്പനികള്‍ ഈ മോഡലുകള്‍ക്ക് പിന്നാലെ പായുന്നത് അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017 ഈ മോഡലുകള്‍ക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ലെന്നാണ് എയര്‍ബസ് സെയില്‍സ് ടീം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2036വരെ പ്രതിവര്‍ഷം 70 വിമാനങ്ങള്‍ വിറ്റഴിക്കാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയ ഓര്‍ഡറുകള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല, രണ്ട് ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ മാസം 127 വിമാനങ്ങളാണ് എയര്‍ബസ് കൈമാറിയത്. അവയില്‍ ഭൂരിഭാഗവും എ 320 മോഡലുകളായിരുന്നു. വെറും ഒരു എ 380 മാത്രമാണ് വിറ്റുപോയത്. അതേ സമയം സൂപ്പര്‍ ജംബോ വിഭാഗത്തില്‍ എതിരാളിയായ ബോയിംഗിന്റെ 747-8 മോഡലുകളില്‍ കമ്പനിക്ക് 26 എണ്ണത്തിന്റെ ടാര്‍ജറ്റ് മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശാസ്ത്രത്തിന്റെയും എന്‍ജിനീയറിംഗിന്റെയും മനോഹരമായ സമന്വയമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന എ 380 വിമാനക്കമ്പനികള്‍ ഒഴിവാക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഹീത്രൂവില്‍ നിന്ന് ക്വലാലംപൂരിലേക്കുള്ള മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എ 380 സര്‍വീസ് താരതമ്യേന ചെറിയ വിമാനമായ എ 350 വിമാനത്തിലേക്ക് മാറ്റിയത് ഈ ചൊവ്വാഴ്ചയാണ്. ചെറിയ വിമാനമാണെങ്കിലും യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യം ഇവയിലുണ്ടെന്നാണ് മലേഷ്യന്‍ വിശദീകരിക്കുന്നത്. എമിറേറ്റ്‌സ് മാത്രമാണ് നിലവില്‍ ഈ വിമാനങ്ങളോട് പ്രാമുഖ്യം കാണിക്കുന്നത്. എമിറേറ്റ്‌സുമായുള്ള ഇടപാടുകളെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ സംരംഭം അടച്ചുപൂട്ടേണ്ടി വരുമെന്ന് എയര്‍ബസ് നേതൃത്വം വിലയിരുത്തുന്നു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആയിരുന്നു എ 380 മോഡലിന്റെ ആദ്യ ഉപയോക്താവ്. പത്ത് വര്‍ഷത്തേക്ക് പാട്ടത്തിനായിരുന്നു ഈ വിമാനം നല്‍കിയത്. കാലാവധിക്കു ശേഷം എയര്‍ബസിന് തന്നെ തിരികെ നല്‍കിയ ഈ വിമാനത്തിന് സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ എത്തേണ്ടതാണ്. എന്നാല്‍ നിലവില്‍ ലൂര്‍ദിലെ സ്റ്റോറേജില്‍ വെറുതെ കിടക്കുകയാണ് ഈ വിമാനമെന്നാണ് വിവരം. ആവശ്യക്കാര്‍ എത്തിയില്ലെങ്കില്‍ ഇത് പൊളിക്കാനാണ് കമ്പനിയുടെ തീരുമാനം.
കാലിഫോര്‍ണിയ: രണ്ട് വയസ് മുതല്‍ 29 വയസ് വരെ പ്രായമുള്ള സ്വന്തം കുട്ടികളെ വീട്ടില്‍ വര്‍ഷങ്ങളോളം ബന്ദികളാക്കിയ മാതാപിതാക്കള്‍ അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ പെരിസില്‍ ഉള്ള വീട്ടില്‍ നിന്നാണ് കുട്ടികളെ മോചിപ്പിച്ച് മാതാപിതാക്കളായ ഡേവിഡ് അലന്‍ ടര്‍പിന്‍, ലൂസിയ അന്ന ടര്‍പിന്‍ എന്നിവലെ പോലീസ് അറസ്റ്റ് ചെയ്തത്. അന്ധമായ മതവിശ്വാസം പിന്തുടര്‍ന്നിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ കട്ടിലുകളില്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയത്. പോലീസ് മോചിപ്പിച്ചപ്പോള്‍ കുട്ടികള്‍ ബിന്നുകളിലും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ക്കായി തെരയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദീര്‍ഘകാലം തടവിലാക്കപ്പെട്ടിരുന്ന കുട്ടികള്‍ വിളറി വെളുത്തിരുന്നെന്നും അവരെ കണ്ടാല്‍ വാംപയറുകളെപ്പോലെയുണ്ടായിരുന്നെന്നുമായിരുന്നു അയല്‍ക്കാര്‍ പറഞ്ഞത്. വളരെ മലിനമായ സാഹചര്യങ്ങളിലാണ് കുട്ടികളെ കണ്ടെത്തിയത്. പോഷണക്കുറവ് മൂലം ഇവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നുപോലും മനസിലാക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. 17കാരിയായ കുട്ടി ഈ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.
ഇത്രയും കുട്ടികളെ ദൈവം തന്നതാണെന്നായിരുന്നു ടര്‍പിന്‍ ദമ്പതികള്‍ വിശ്വസിച്ചിരുന്നതെന്നാണ് ഒരു ബന്ധു പറഞ്ഞത്. വളരെ കര്‍ശനമായ ഹോം സ്‌കൂളിംഗ് ആയിരുന്നേ്രത ഇവര്‍ക്ക് നല്‍കി വന്നിരുന്നത്. കുട്ടികള്‍ക്ക് വളരെ ദൈര്‍ഘ്യമുള്ള ബൈബിള്‍ വചനങ്ങള്‍ മനപാഠമായിരുന്നത്രേ! ഇവര്‍ കുട്ടികളുമായി ഡിസ്‌നിലാന്‍ഡിലും മറ്റും പോകാറുണ്ടായിരുന്നുവെന്നും വിവരമുണ്ട്. എന്നാല്‍ 2016ലായിരുന്നു ഇത്തരത്തിലുള്ള അവസാന യാത്രയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടോക്യോ: സയനൈഡിനേക്കാള്‍ മാരക വിഷമുള്ള മത്സ്യം വിപണിയിലെത്തിയതായി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജാപ്പനീസ് നഗരം. ഗാമഗോരി നഗരത്തില്‍ വില്‍പനക്കെത്തിച്ച ഫുഗു മത്സ്യത്തിലാണ് മാരക വിഷാംശം ഉള്ളതായി സ്ഥിരീകരിച്ചത്. കൊടുംവിഷമടങ്ങിയ ഈ മത്സ്യം ജപ്പാനിലെ സുഷി വിഭവങ്ങളിലും സൂപ്പുകളിലും വിലപിടിച്ച ഒന്നാണ്. ഇവയുടെ തൊലിയിലും ആന്തരികാവയവങ്ങലും സയനൈഡിനേക്കാള്‍ 1200 മടങ്ങ് ശേഷിയുള്ള ടെട്രോഡോടോക്‌സിന്‍ വിഷമാണേ്രത അടങ്ങിയിരിക്കുന്നത്. കരള്‍ നീക്കം ചെയ്യാത്ത ഫുഗു വിപണിയിലെത്തിയതായി സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ എമര്‍ജന്‍സി മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
വിഷാംശമുള്ള ഫുഗു മത്സ്യത്തിന്റെ അഞ്ച് പാക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഇവയില്‍ മൂന്നെണ്ണം കണ്ടെത്താനായിട്ടുണ്ട്. ബാക്കി രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ആര്‍ക്കും വിഷബാധയേറ്റതായി കണ്ടെത്തിയിട്ടില്ല. ഇതോടെ ഫുഗു കഴിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജപ്പാനിലെ മുന്തിയ വിന്റര്‍ വിഭവങ്ങളിലൊന്നായ ഫുഗു തയ്യാറാക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്. ഇതിനായി ഷെഫുമാര്‍ക്ക് പ്രത്യേക ലൈസന്‍സും വേണം. ഇത് ലഭിക്കണമെങ്കില്‍ മൂന്ന് വര്‍ഷം നീളുന്ന പരിശീലനവും ഒടുവില്‍ യോഗ്യതാ പരീക്ഷയും പാസാകണം. ഈ പരീക്ഷയില്‍ പങ്കെടുക്കുന്ന 30 ശതമാനം പേര്‍ക്ക് മാത്രമേ ഈ ലൈസന്‍സ് ലഭിക്കാറുള്ളുവെന്നത് ഈ ഡിഷ് കൈകാര്യം ചെയ്യുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നു.
സുഷി ഡിഷുകളില്‍ നല്‍കുന്ന ഫുഗു പച്ചക്ക് കഴിച്ചാല്‍ അല്‍പം ലഹരി പോലും കിട്ടുമത്രേ. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരേറെയാണ്. ഇതിന്റെ കരളില്‍ അടങ്ങിയിരിക്കുന്ന വിഷം നാഡീ വ്യവസ്ഥയെയാണ് ബാധിക്കുക. പിന്നീട് ശ്വസന സംവിധാനം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യും. 2005നും 2015നുമിടയില്‍ 11 പേര്‍ ഫുഗു വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. 359 പേര്‍ ചികിത്സയും തേടി. പഫര്‍ ഫിഷ് ഇനത്തില്‍പ്പെട്ട മത്സ്യമാണ് ഫുഗു.
യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്‍കിക്കൊണ്ട് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ മലയാളി ഗൃഹനാഥന്‍ നിര്യാതനായി. ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന എല്‍ദോ വര്‍ഗീസ് ആണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാതിരുന്ന എല്‍ദോയ്ക്ക് രണ്ട് ദിവസമായി കടുത്ത പനിയും അതെ തുടര്‍ന്നുള്ള അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം ഭാര്യയോടൊപ്പം സര്‍ജറിയില്‍ പോയി ഡോക്ടറെ കണ്ട് തിരികെ വന്നതായിരുന്നു എല്‍ദോ.
എല്‍ദോ വര്‍ഗീസ്‌എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ കുഴഞ്ഞു വീണ എല്‍ദോ അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഭാര്യ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തുന്നതിന് മുന്പ് തന്നെ മരണം സംഭവിച്ചിരുന്നു. ഏറണാകുളം പെരുമ്പാവൂര്‍ ഐരാപുരം സ്വദേശിയാണ് എല്‍ദോ വര്‍ഗീസ്. ഭാര്യ ജെസി എല്‍ദോ. രണ്ട് മക്കള്‍ ആണ് ഇവര്‍ക്ക്. അക്സ എല്‍ദോ, ബേസില്‍ എല്‍ദോ.
കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച് എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു എല്‍ദോ ജോലി ചെയ്തിരുന്നത്. ഭാര്യ ഇതേ ഹോസ്പിറ്റലില്‍ തന്നെ സ്റ്റാഫ് നഴ്സ് ആണ്. ടണ്‍ബ്രിഡ്ജ് വെല്‍സ് മലയാളികള്‍ മിക്കവരും തന്നെ എല്‍ദോയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ വാര്‍ത്തയില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എല്‍ദോയുടെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.
ലണ്ടന്‍: മലിനമായ സാഹചര്യത്തില്‍ അന്തേവാസികളെ താമസിപ്പിച്ചിരുന്ന കെയര്‍ ഹോം ഉടമയ്‌ക്കെതിരെ നടപടിയുമായി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍. സുന്ദരേശന്‍ കൂപ്പന്‍ എന്ന മൗറീഷ്യസ് വംശജന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കെയര്‍ ഹോമുകളിലെ അന്തേവാസികളെയാണ് ദയനീയ സാഹചര്യങ്ങളില്‍ കണ്ടെത്തിയത്. സറേയിലുള്ള മൂന്ന് കേന്ദ്രങ്ങളില്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ഇതേക്കുറിച്ച് വ്യക്തമായത്. അന്തേവാസികളെ ദുരിതത്തില്‍ വിട്ടശേഷം ഇയാളും ഭാര്യ മാലിനിയും കുടുംബവും മൗറീഷ്യസില്‍ ആഘോഷങ്ങളിലായിരുന്നുവെന്ന് കണ്ടെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ഹോമുകള്‍ നടത്തുന്നതില്‍ നിന്ന് ഇയാളെ എന്‍എംസി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
മൂത്രവും അഴുക്കും നിറഞ്ഞ സാഹചര്യമാണ് മൂന്നിടങ്ങളിലും പരിശോധനയില്‍ കണ്ടത്. അന്തേവാസികളില്‍ പോഷണക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി വ്യക്തമായി. സട്ടനില മെറോക് പാര്‍ക്ക് അടച്ചു പൂട്ടിയിട്ടും സുന്ദരേശന്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തനിക്കു മേലുണ്ടായിരുന്ന വിശ്വാസം ഇയാള്‍ ദുരുപയോഗം ചെയ്‌തെന്ന് എന്‍എംസി വ്യക്തമാക്കിയിട്ടും ഇയാള്‍ക്ക് രക്ഷപ്പെടാനായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സറേയിലെ 2.5 മില്യന്‍ പൗണ്ട് മൂല്യമുള്ള വസതിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ മൗറീഷ്യസില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.
അന്തേവാസികളില്‍ നിന്ന് 500 പൗണ്ട് വീതമാണ് ആഴ്ചയില്‍ ഇയാള്‍ ഈടാക്കിയിരുന്നത്. മെറോക് പാര്‍ക്കിലെ ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് അന്തേവാസികള്‍ക്ക് ബാത്ത്‌റൂമിലേക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതുമൂലം ഒരാള്‍ക്ക് സ്‌കേബീസ് ബാധിച്ചതായി കണ്ടെത്തി. സട്ടനില്‍ത്തന്നെയുള്ള ഗ്രാന്റ്‌ലി കോര്‍ട്ട് എന്ന കെയര്‍ ഹോമിലെ കിടക്കകള്‍ 20 വര്‍ഷം പഴക്കമുള്ളതായിരുന്നു. ഇത് വൃദ്ധരായ അന്തേവാസികള്‍ക്ക് അപകടകരമായ നിലയിലായിരുന്നുവെന്ന് എന്‍എംസി വ്യക്തമാക്കി.
ലണ്ടന്‍: കറുത്ത നിറമുള്ള കാറുകള്‍ വാങ്ങുന്നതാണ് ഇപ്പോള്‍ ബ്രിട്ടനിലെ ട്രെന്‍ഡ്. 2017ല്‍ കാറുകള്‍ വാങ്ങിയ 5 ലക്ഷത്തോളം പേര്‍ കറുത്ത നിറമുള്ള കാറുകളാണ് വാങ്ങിയത്. കറുപ്പിനോട് ബ്രിട്ടീഷുകാര്‍ക്ക് പ്രീതി വര്‍ദ്ധിക്കുന്നതിന്റെ കാരണമാണ് പക്ഷേ ഏറ്റവും വിചിത്രം. കാറുകള്‍ കഴുകി വൃത്തിയാക്കാന്‍ തിരക്കുമൂലം സാധിക്കുന്നില്ലത്രേ! രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ളവരും വെസ്റ്റ്മിഡ്‌ലാന്‍ഡ്‌സില്‍ ഉള്ളവരും കറുത്ത നിറത്തിനോട് പ്രാമുഖ്യം കാണിക്കുന്നവരാണ്. അതേസമയം ഈസ്റ്റ് മിഡിലാന്‍ഡ്‌സിലുള്ളവര്‍ക്ക് ഗ്രേയാണ് ഇഷ്ട നിറം.
വെള്ള നിറത്തിലുള്ള കാറുകളോട് വല്ലാത്തൊരു പ്രതിപത്തി ഒരു കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നുവെന്ന് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ ഡീലറായ സൈനര്‍ ഗ്രൂപ്പിലെ സെയില്‍സ് മാനേജര്‍ കരീം മുസില്‍ഹി പറയുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് അസ്തമിക്കുകയാണ്. വെളുത്ത കാറുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ജനങ്ങള്‍ക്ക് തിരക്ക് വര്‍ദ്ധിച്ചതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017ല്‍ 4,82,099 വെളുത്ത കാറുകള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതേസമയം 2015ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വെളുത്ത കാറുകളുടെ എണ്ണം 5,64,393 ആണ്. 15 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്.
ഡിവിഎല്‍എ കണക്കുകള്‍ അനുസരിച്ച് മോണോക്രോം നിറങ്ങള്‍ക്കാണ് കഴിഞ്ഞ് 18 വര്‍ഷമായി ആവശ്യക്കാര്‍ ഏറെയുള്ളത്. 2017ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 2.54 ദശലക്ഷം കാറുകളില്‍ 60 ശതമാനവും ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിലുള്ളവയാണ്. പ്രാഥമിക വര്‍ണ്ണങ്ങളില്‍ ബ്ലൂവിനാണ് ഒന്നാം സ്ഥാനം. ചുവപ്പിന് ആവശ്യക്കാര്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 1996ല്‍ ഏറ്റവും ജനപ്രിയമായിരുന്ന ഗ്രീന്‍ 2002 മുതല്‍ ആദ്യത്തെ അഞ്ച് നിറങ്ങളില്‍ പോലും എത്തുന്നില്ല. ഗോള്‍ഡ് നിറത്തിനാണ് പ്രിയം വര്‍ദ്ധിച്ചു വരുന്നത്. ആവശ്യക്കാര്‍ 19.1 ശതമാനം വരെയെത്തി എന്നാണ് കണക്ക്.
ലണ്ടന്‍: കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദിവസവും മദ്യപിക്കുന്നവര്‍ക്ക് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല പുതിയ പഠനം നല്‍കുന്നത്. ആല്‍ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു പൈന്റ് ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10 ഗ്രാം അല്ലെങ്കില്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ദിവസവും ഉള്ളില്‍ ചെല്ലുന്നവരുടെ കോഗ്നിറ്റീവ് ഫങ്ഷന്‍ കുറയുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്.
പ്രായത്തിന് അനുസരിച്ച് ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു. ആരോഗ്യത്തിന് ദോഷകരമാകാതിരിക്കാന്‍ 16 ഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കഴിക്കരുതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നിര്‍ദേശിക്കുന്നത്. ഇത് രണ്ട് യൂണിറ്റോളം വരും. ഒരു പൈന്റ് ബിയര്‍ മാത്രം ഒരു യൂണിറ്റ് വരും. അതുപോലെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗ്ലാസിന്റെ പകുതിയോളം വൈനിലും ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ഉണ്ടാകും. 10 ഗ്രാം, അല്ലെങ്കില്‍ ഒരു യൂണിറ്റില്‍ കൂടുതല്‍ മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.
2006നും 2010നുമിടയില്‍ നടത്തിയ പഠനത്തില്‍ 40നും 72നുമിടയില്‍ പ്രായമുള്ള 13,342 ആളുകളെയാണ് നിരീക്ഷിച്ചത്. ചോദ്യാവലികളുടെ സഹായത്തോടെ ഇവരുടെ മദ്യപാന സ്വഭാവത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് കാര്‍ഡുകള്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാട്ടിയാണ് ഇവരുടെ മസ്തിഷ്‌കത്തിന്റെ പ്രതികരണശേഷി അളന്നത്. പഠനത്തിന്റെ വിശദ വിവരങ്ങള്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായും, പ്രവാസി മലയാളികളെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസന പദ്ധതിയിലെ പ്രധാന പങ്കാളികളാക്കി മാറ്റാനും ലക്‌ഷ്യം വച്ച് ആരംഭിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ജനുവരി12,13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ തന്നെയായിരുന്നു ലോക കേരള സഭയുടെ ആദ്യ സമ്മേളനവും നടന്നത്. കേരള സര്‍ക്കാരിനെ പ്രവാസി മലയാളികളുമായി നേരിട്ട് ബന്ധിപ്പിച്ച് കൊണ്ട് നടത്തിയ ഈ സമ്മേളനം ലോകമെങ്ങുമുള്ള പ്രവാസികളില്‍ വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.
യുകെയില്‍ നിന്ന് അഞ്ച് മലയാളികള്‍ക്കാണ് ലോക കേരള സഭയില്‍ പ്രതിനിധികളും ക്ഷനിതാക്കളും ആകാന്‍ ഭാഗ്യം ലഭിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ കണ്‍വീനറുമായ ടി. ഹരിദാസ്, പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രതിനിധിയുമായ കാര്‍മല്‍ മിറാന്‍ഡ, ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷ യുകെയുടെ വൈസ് പ്രസിഡണ്ടും ബിബിസിയില്‍ മുന്‍മാധ്യമ പ്രവര്‍ത്തകനുമായ രാജേഷ് കൃഷ്ണ, എഴുത്തുകാരനായ മനു പിള്ള എന്നിവരെ പ്രതിനിധികളായും സാമൂഹ്യ പ്രവര്‍ത്തകയും ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറുമായ രേഖ ബാബുമോനെ പ്രത്യേക ക്ഷണിതാവായും ആദ്യ ലോക കേരള സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള സര്‍ക്കാര്‍ ആണ് ഇവരെ നോമിനേറ്റ് ചെയ്തത്. ഇതില്‍ തന്നെ ടി. ഹരിദാസ് പിന്നീട് സഭയെ നിയന്ത്രിക്കുന്ന ഏഴംഗ പ്രസീഡിയത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
കാര്‍മല്‍ മിറാന്‍ഡ, രാജേഷ് കൃഷ്ണ, ടി. ഹരിദാസ്, മനു പിള്ള, രേഖ ബാബുമോന്‍
എന്നാല്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇവരെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് കൊണ്ട് യുകെയിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്ന് രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. യുകെയില്‍ ഉള്ള മലയാളികളായ സാമൂഹിക പ്രവര്‍ത്തകരെയും ബിസിനസുകാരെയും അപമാനിച്ച് നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടല്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ രണ്ട് പേരെ വ്യക്തിപരമായി അപമാനിച്ച് കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ഈ പോര്‍ട്ടല്‍ രംഗത്ത് എത്തിയത്.
ലോക കേരള സഭ എന്നത് സര്‍ക്കാര്‍ പണം മുടക്കാനുള്ള ഒരു വെള്ളാനയാണ് എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത എഴുതിയ പോര്‍ട്ടല്‍ ഇന്ന് ആരോപിച്ചിരിക്കുന്നത് അര്‍ഹതയില്ലാത്തവര്‍ ആണ് ലോക കേരള സഭയില്‍ യുകെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ്. യുകെയില്‍ നിന്ന് ഇടതു പക്ഷ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ കാര്‍മല്‍ മിറാന്‍ഡ ഒഴികെയുള്ള രണ്ട് പേര്‍ മന്ത്രിമാര്‍ യുകെയിലെത്തുമ്പോള്‍ സ്വീകരണം നല്‍കിയതും കൊണ്ട് നടന്നതും വഴിയാണ് പ്രതിനിധികളായത് എന്ന ആരോപണമാണ് പോര്‍ട്ടല്‍ ഉന്നയിച്ചത്.
ഷാജന്‍ സ്കറിയ, കെ ആര്‍ ഷൈജുമോന്‍
ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍, കവന്‍ട്രിയില്‍ താമസിക്കുന്ന കെ ആര്‍ ഷൈജുമോന്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പോര്‍ട്ടലില്‍ ആണ് ഗുരുതരമായ ഈ ആക്ഷേപം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെയിലെ ഒരു പ്രമുഖ ബിസിനസുകാരന് എതിരെ നുണക്കഥകള്‍ എഴുതി പ്രചരിപ്പിച്ചതിന് വന്‍തുക പിഴയായി നല്‍കേണ്ടി വന്ന് മാസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് ഇവര്‍ വീണ്ടും വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
യുകെയിലും കേരളത്തിലും ഉള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇടയില്‍ കനത്ത പ്രതിഷേധം ആണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. പോര്‍ട്ടലിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം കേരളത്തിലും യുകെയിലും ഉള്ള ഇവരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും വരെ യുകെയിലെ ഇടത് പക്ഷ പ്രവര്‍ത്തകര്‍ ആലോചിച്ച് കഴിഞ്ഞു.
മന്ത്രിമാരുടെയും നേതാക്കളുടെയും ഇടയില്‍ എനിക്ക് ഉള്ള സ്വാധീനം ഇത്ര വലുതാണ് എന്ന് ഒരു മഞ്ഞ പത്രം വഴി അറിയേണ്ടതില്ലെന്നും അതിനാല്‍ തന്നെ വിലകുറഞ്ഞ ഈ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും ഇപ്പോള്‍ കേരളത്തിലുള്ള രാജേഷ് കൃഷ്ണ മലയാളം യുകെ പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍ തന്നെക്കുറിച്ച് പറഞ്ഞതിലുപരി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതയെക്കുറിച്ച് എഴുതിയതില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ഇത്തരം നിലപാടുകള്‍ തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നും രാജേഷ് കൃഷ്ണ അറിയിച്ചു. യുകെയിലെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ വേണ്ട പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജേഷ് പറഞ്ഞു.
രേഖ ബാബുമോനെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും ലഭ്യമായില്ല.