Main News

ലണ്ടന്‍: ഓസീ ഫ്‌ളൂ ബ്രിട്ടനില്‍ പടരുന്നതിനിടെ അപകടകാരിയായ ഫ്രഞ്ച് ഫ്‌ളൂ ബാധ യുകെയിലുണ്ടാകാമെന്ന് മുന്നറിയിപ്പ്. 30 ഓളം പേരുടെ മരണത്തിന് കാരണമായ ഫ്രഞ്ച് ഫ്‌ളൂ ബാധക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ എന്‍എച്ച്എസ് നേതൃത്വം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നിലൊന്ന് ജീവനക്കാരും ഈ വാക്‌സിന്‍ എടുത്തു കഴിഞ്ഞതായാണ് വിവരം.

ഡിസംബര്‍ അവസാന ആഴ്ചയില്‍ ഫ്രഞ്ച് ഫ്‌ളൂ ലക്ഷണങ്ങളുമായി ഏഴ് ലക്ഷത്തിലേറെപ്പേര്‍ ഫ്രാന്‍സില്‍ ഡോക്ടര്‍മാരെ കണ്ടുവെന്ന് അവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ലക്ഷം പേരില്‍ 527 പേര്‍ക്കെങ്കിലും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് മാസം മുതല്‍ 93 വയസ് വരെ പ്രായമുള്ളവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ 46 ശതമാനം പേര്‍ പുരുഷന്‍മാരാണ്. ക്രിസ്തുമസ്-ന്യൂഇയര്‍ കാലയളവിലാണ് ഇത്രയും രോഗികള്‍ ആശുപത്രികളില്‍ എത്തിയത്.

ബ്രിട്ടനില്‍ ഫ്രഞ്ച് ഫ്‌ളൂ ബാധയ്ക്ക് സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലും ആരോഗ്യ ജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഉത്സാഹം കാട്ടുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിന്റര്‍ ക്രൈസിസില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രി പരിസരങ്ങള്‍ ഈ രോഗം അതിവേഗത്തില്‍ പടരാന്‍ കാരണമാകുമെന്ന ആശങ്കയും നിലവിലുണ്ട്.

ലണ്ടന്‍: പതിനഞ്ചുകാരനായ ആണ്‍കുട്ടിയെ ആത്മീയ പീഡനത്തിന് വിധേയനാക്കിയ വികാരി കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ബൈബിള്‍ പഠനത്തിന് പ്രാര്‍ത്ഥനകള്‍ക്കും കുട്ടിയെ നിരന്തരമായി പ്രേരിപ്പിക്കുകയും കിടപ്പുമുറിയില്‍ പോലും അവയ്ക്ക് ഇളവ് നല്‍കാതിരിക്കുകയും ചെയ്തതായി സഭ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ അബിംഗ്ടണ്‍ ക്രൈസ്റ്റ് ചര്‍ച്ച് വികാരിയായ റവ.തിമോത്തി ഡേവിസ് ആണ് കുറ്റക്കാരനാണെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. പുരോഹിതരുടെ അച്ചടക്ക മാനദണ്ഡങ്ങള്‍ ഇയാള്‍ ലംഘിച്ചുവെന്നാണ് വ്യാഖ്യാനം.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസിനു വേണ്ടി ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു സര്‍വേയുടെ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് വികാരിക്കെതിരായ നടപടിയുടെ വിവരം പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 1591 പേരില്‍ മൂന്നില്‍ രണ്ട് പേരും ആത്മീയ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തികളെ നിയന്ത്രിക്കാനായി മതപരമായ കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സംവിധാനമാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസറി സര്‍വീസ്.

2011ലാണ് റവ.ഡേവിസ് 15കാരനെ ആത്മീയമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാര്‍ഗ്ഗദര്‍ശിയായി മാറിയ ഇയാള്‍ 18 മാസങ്ങളോളം കുട്ടിയെ പ്രാര്‍ത്ഥനകള്‍ക്കും ആത്മീയ പഠനത്തിനു നിര്‍ബന്ധിച്ചു. പ്രായമോ പക്വതയോ കണക്കിലെടുക്കാതെ കുട്ടിയുടെ സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടായിരുന്നു പീഡനമെന്നും സമിതി കണ്ടെത്തിയിരുന്നു. ശിഷ്യന്റെ പെണ്‍സുഹൃത്തുമായുള്ള ബന്ധത്തെപ്പോലും വികാരി നിയന്ത്രിക്കാന്‍ തുടങ്ങി. കുട്ടിയുടെ കിടപ്പുമുറിയില്‍ രണ്ട് മണിക്കൂറോളം നീളുന്ന ആത്മീയ പഠന ക്ലാസുകള്‍ ഇയാള്‍ നടത്തിയിരുന്നുവെന്നും കണ്ടെത്തി.

ഇന്ത്യയില്‍ ബിറ്റ് കോയിന്‍ വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ഇക്കാര്യം കേന്ദ്രം പരിഗണിച്ചുവരികയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്്ലി വ്യക്തമാക്കി. ക്രിപ്റ്റോ കറന്‍സികളില്‍ ട്രേഡിങിന് ഇന്ത്യയില്‍ നിയസാധുതയില്ല. എന്നാല്‍ ലോകത്തെ ക്രിപ്റ്റോ കറന്‍സി ട്രേഡിങ്ങിന്റെ 11 ശതമാനത്തോളം ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്തണമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.

2017 അവസാനത്തോടെ സാമ്പത്തിക ലോകം ഏററവും ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു ബിറ്റ്കോയിന്‍. ക്രിപ്റ്റോ കറന്‍സികളില്‍ ഉള്‍പ്പെടുന്ന ബിറ്റ് കോയിനാണ് ഇതില്‍ പ്രമുഖം. വിനിമയമൂല്യം 10,000 ഡോളറായതാണ് ബിറ്റ്കോയിനെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളിലെത്തിച്ചത്. ഒരു വര്‍ഷം മുന്‍പ് 70,000 രൂപയോളം വിലയുണ്ടായിരുന്ന ഒരു ബിറ്റ് കോയിന് ഇന്ന് വില ഏഴ് ലക്ഷത്തിനടുത്താണ്. 2009ല്‍ അവതരിപ്പിച്ച ബിറ്റ്കോയിന് 2010ല്‍ രണ്ട് രൂപയായിരുന്നു മൂല്യം. കഴിഞ്ഞ സെപ്തംബറില്‍ ഇത് 1.75 ലക്ഷം രൂപയായി. മൂന്ന് മാസം മുന്‍പ് തുടങ്ങിയ കുതിപ്പാണ് ഇപ്പോള്‍ ഏഴ് ലക്ഷത്തിനടുത്തെത്തിയത്. ആഭ്യന്തര അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലുള്ളവര്‍ നിക്ഷേപങ്ങള്‍ ബിറ്റ് കോയിനിലേക്ക് മാറ്റിയതാണ് മൂല്യം ഉയരാന്‍ കാരണം.

ലോകത്ത് ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന വിര്‍ച്വല്‍ കറന്‍സികളില്‍ ഒന്നാണ് ബിറ്റ്കോയിന്‍. ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലും രാജ്യാന്തരതലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ബിറ്റ് കോയിനുകള്‍ ഉപയോഗിക്കാം. പല രാജ്യങ്ങളുടേയും നാണയങ്ങളുപയോഗിച്ച് ബിറ്റ് കോയിനുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് സൗകര്യവും നിലവിലുണ്ട്. ഡിജിറ്റല്‍ വാലറ്റുകളുടെ രൂപത്തിലാണ് ബിറ്റ്കോയിനുകള്‍ ശേഖരിക്കപ്പെടുന്നത്. വിര്‍ച്വല്‍ ബാങ്ക് അക്കൗണ്ടുകളുടെ രൂപത്തില്‍ ക്ലൗഡിലോ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലോ ആണ് ബിറ്റ് കോയിനുകള്‍ ശേഖരിക്കപ്പെടുക. ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് ബിറ്റ് കോയിനുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും സാധിക്കും. ഷോപ്പിങിന് പുറമേ സമ്പാദ്യമായി ശേഖരിച്ചു വെയ്ക്കാനും കഴിയും.

ഓരോ ബിറ്റ് കോയിന്‍ ഇടപാടുകളും പബ്ലിക് ലോഗില്‍ വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും പേരില്‍ രേഖപ്പെടുത്തി വയ്ക്കുമെങ്കിലും ഇത് ഒരിക്കലും പുറത്തുവിടില്ല. വാലറ്റ് ഐഡികളില്‍ മാത്രമേ ഇവ കാണാന്‍ കഴിയൂ. ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങള്‍ ഒരിക്കലും തിരിച്ചറിയില്ല എന്നതിനാല്‍ മയക്കുമരുന്നുകളും അനധികൃത വസ്തുക്കളും മറ്റും വാങ്ങുന്നതിനായി ബിറ്റ് കോയിനുകള്‍ ഉപയോഗിക്കുന്നുണ്ട്.

ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല. നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല്‍ ബിറ്റ്കോയിന്റെ വിനിമയം റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നുമില്ല. എങ്ങനെ വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാല്‍ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനങ്ങളില്ലാ എന്നതും ന്യൂനതകളിലൊന്നാണ്. അടുത്തിടെയുണ്ടായ വാനാക്രൈ വൈറസ് ആക്രമണം നടത്തിയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിറ്റ്കോയിനിലായിരുന്നു.

എന്നാല്‍ ശക്തമായ സുരക്ഷാ നെറ്റ്‍വര്‍ക്കും ഇടനിലക്കാരില്ലാതെ വിനിമയം നടത്താമെന്നുള്ളത് ബിറ്റ് കോയിനെ ഭാവി കറന്‍സിയായി പരിഗണിക്കുന്നവരും കുറവല്ല. ബിറ്റ് കോയിന്റെ മൂല്യം 2018ല്‍ 40,000 ഡോളറാകുമെന്നും കരുതപ്പെടുന്നു.

ന്യൂസ് ഡെസ്ക്

ഹൈ എനർജി പ്രോട്ടോൺ ബീം ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സ യുകെയിൽ ഉടൻ ലഭ്യമാകും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആണ് ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാവുന്നത്. ഈ വർഷം ഓഗസ്റ്റ് മുതൽ ഇവിടെ ക്യാൻസർ രോഗികൾക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോൺ ബീം ചികിത്സ നല്കിത്തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാൻസറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പ്രോട്ടോൺ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എൻഎച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്.

മാഞ്ചസ്റ്ററിലെ പ്രോട്ടോൺ ബീം ട്രീറ്റ്മെന്റ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മെഡിസിന്റെയും ഫിസിക്സിന്റെയും അനന്ത സാധ്യതകൾ ഒത്തുചേരുന്ന പുതിയ ചികിത്സാരീതി യുകെയിൽ തുടങ്ങുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമായി മാറും. പ്രായം കുറഞ്ഞ രോഗികൾക്ക് പ്രോട്ടോൺ ബീം ചികിത്സ നിലവിലെ മറ്റു മാർഗങ്ങളെക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന സെല്ലുകൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ പ്രോട്ടോൺ ബീം മൂലം ഉണ്ടാവുകയില്ല. പുതിയ പ്രോട്ടോൺ ബീം സെൻററുകൾക്കായി യുകെ ഗവൺമെൻറ് 250 മില്ല്യൺ പൗണ്ട് നല്കിയിട്ടുണ്ട്. ബാക്കി തുക ഫണ്ട് റെയിസിംഗ്‌ വഴിയാണ് കണ്ടെത്തിയത്.

ക്യാൻസറിനുള്ള റേഡിയോ തെറാപ്പിയിൽ ബീം ട്യൂമറിനുള്ളിലൂടെ കടന്ന് പോകുമ്പോൾ അതിന് ചുറ്റുമുള്ള സെല്ലുകൾക്ക് ദോഷകരമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പ്രോട്ടോൺ ബീം ഇതിലും ചെറുതായതിനാൽ ട്യൂമറിനെ കടന്നു പോകുന്നില്ല. അതിനാൽത്തന്നെ മറ്റു ടിഷ്യൂവിന് ദോഷകരമാവില്ല. ആറ്റത്തിന്റെ ന്യൂക്ലിയസിൽ നിന്ന്  സെക്കന്റിൽ100,000 മൈൽ സ്പീഡിൽ പുറപ്പെടുന്ന പ്രോട്ടോണാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അത്യധികം സൂക്ഷ്മതയോടെ ഈ പ്രോട്ടോണിനെ സൈക്ലോട്രോൺ എന്ന ആക്സിലറേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും.  പ്രോട്ടോണിന്റെ കുറഞ്ഞ എനർജിയുള്ള ബീം ഉപയോഗിച്ചുള്ള ചികിത്സ നിലവിൽ യുകെയിലെ വിറാലിലുള്ള ക്ലാറ്റർ ബ്രിഡ്ജ് ക്യാൻസർ സെന്ററിൽ ലഭ്യമാണ്. കണ്ണിനുണ്ടാകുന്ന വിവിധതരം ക്യാൻസറുകൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.

 

ലോകത്ത് പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയമത്തിനും നികുതിക്കും വിധേയമാക്കുവനുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മാത്രമായി പ്രത്യേക നിയമ നിര്‍മ്മാണം നടത്താന്‍ സൗത്ത് കൊറിയ തീരുമാനിച്ചു. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നികുതി വിധേയമാക്കും എന്ന് വിശദീകരിച്ച് കൊണ്ടുള്ള നിയമ നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും എന്ന് സൗത്ത് കൊറിയന്‍ ഗവണ്മെന്റ് അറിയിച്ചു.

ക്രിപ്റ്റോ കറന്‍സി ട്രാന്‍സാക്ഷനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും എന്നാല്‍ ഇതല്‍പ്പം സങ്കീര്‍ണ്ണമായ പ്രക്രിയ ആയതിനാല്‍ സമയം എടുക്കുമെന്നും ഇത് സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തില്‍ സൗത്ത് കൊറിയന്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ചോ യുംഗ് റാക് പ്രസ്താവിച്ചു. നിലവിലെ നിയമം അനുസരിച്ച് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് മാത്രമേ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കൂ എന്നതിനാലാണ് ഇത് സംബന്ധിച്ച് പുതിയൊരു നിയമ നിര്‍മ്മാണം ആവ്ശ്യമാക്കിയത് എന്നും വിശദീകരിച്ച ചോ യുംഗ് അടുത്തിടെ രൂപീകരിച്ച വിര്‍ച്വല്‍ കറന്‍സി ടാക്സേഷന്‍ ടാസ്ക് ഫോഴ്സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും വിശദീകരിച്ചു.

അടുത്തിടെ നടന്ന നാഷണല്‍ ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ മീറ്റിംഗില്‍ സംസാരിക്കവേ സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ലണ്ടന്‍: ഫിറ്റ്‌നസില്‍ ശ്രദ്ധാലുക്കളാണ് ബ്രിട്ടീഷുകാരെന്നാണ് വയ്‌പെങ്കിലും ജിമ്മിലെ ഉപകരണങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വലിയ ധാരണയില്ലാത്തവരാണെന്ന് പഠനം. നുഫീല്‍ഡ് ഹെല്‍ത്ത് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2000 പേരിലാണ് പഠനം നടത്തിയത്. ചെസ്റ്റ് പ്രസ് മെഷീന്‍, സ്റ്റെയര്‍ ക്ലൈംബേഴ്‌സ്, ട്രെഡ്മില്‍ തുടങ്ങിയവയുടെ ഉപയോഗം ഇവരെ ഭയപ്പെടുത്താറുണ്ടെന്നും പഠനം പറയുന്നു. 23 ശതമാനം പേര്‍ക്കാണ് ഉപകരണങ്ങളെ പേടിയുള്ളത്!

ഇവയേക്കുറിച്ച് വേണ്ടത്ര ധാരണയില്ലെങ്കിലും ആരോടെങ്കിലും സഹായം തേടാനും ബ്രിട്ടീഷുകാര്‍ക്ക് ബുദ്ധിമുട്ടാണത്രേ. 18 ശതമാനം പേര്‍ അത്യാവശ്യം ‘കഴിഞ്ഞുകൂടി’ പോകുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ചെയ്യാന്‍ ശ്രമിക്കുകയാണ് രീതിയെന്ന് അഞ്ചിലൊന്ന് പേര്‍ പറയുന്നു. എന്നാല്‍ എല്ലാം അറിയാമെന്ന് ഭാവത്തിലായിരിക്കും തങ്ങള്‍ മെഷീനുകളില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ പറഞ്ഞത്.

എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ജിമ്മില്‍ ചിലപ്പോള്‍ അപകടകരമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അതിന് അനുസൃതമായ വ്യായാമങ്ങളും ഉപകരണങ്ങളുമായിരിക്കണം ഉപയോഗിക്കേണ്ടത്. ശരീരത്തെക്കുറിച്ച് വ്യക്തമായ ബോധ്യം പോലും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ലണ്ടന്‍: യുകെയിലെ ആകെ ഉപഭോക്തൃ വിനിയോഗ നിരക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 2017ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഡിസംബറില്‍ നിരക്കുകള്‍ ഏറ്റവും കുറവായിരുന്നെന്നും വിസ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബങ്ങളുടെ ചെലവാക്കലില്‍ ഡിസംബറില്‍ ഒരു ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. നവംബറില്‍ 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഡിസംബറില്‍ ഇത്രയും കുറവുണ്ടായത്.

2017ലെ വാര്‍ഷിക ഉപഭോക്തൃ വിനിയോഗത്തില്‍ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും വിസയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012ന് ശേഷം ആദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇ കൊമേഴ്‌സില്‍ ജനങ്ങള്‍ ചെലവാക്കുന്നതില്‍ കഴിഞ്ഞ മാസം 2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ക്രിസ്തുമസ് കാലത്ത് ചില വന്‍കിടക്കാര്‍ ചിലര്‍ ലാഭമുണ്ടായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ക്ക് തിരിച്ചടിയാണ് ലഭിച്ചത്.

ഷോപ്പുകൡലെ ഫേസ് റ്റു ഫേസ് വിനിമയത്തെ ഇ കൊമേഴ്‌സ് കീഴടക്കുന്നതാണ് കഴിഞ്ഞ വര്‍ഷം ദര്‍ശിക്കാനായത്. 2017ല്‍ 11 മാസങ്ങളിലും ഇതായിരുന്നു ട്രെന്‍ഡ്. ഉപഭോക്തൃസസേവനങ്ങളിലെ എട്ടില്‍ അഞ്ച് ഇനങ്ങളിലും നേരിട്ടുള്ള വിനിയോഗം ഉപഭോക്താക്കള്‍ കുറച്ചുവെന്നാണ് വ്യക്തമാകുന്നത്. ഗതാഗത മേഖലയില്‍ 4.4 ശതമാനം ഇടിവാണ് ഉണ്ടായത്. ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ 3.4 ശതമാനവും ടെക്‌സ്റ്റൈല്‍ ഫുട്ട്‌വെയര്‍ എന്നിവയില്‍ 2.4 ശതമാനവും ഉപഭോക്തൃ വിനിയോഗം കുറഞ്ഞതായി വിസ വ്യക്തമാക്കുന്നു.

വത്തിക്കാന്‍: പൊതുസ്ഥലത്ത് വെച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കകുന്നത് എന്തോ വലിയ കുറ്റമെന്ന് കരുതുന്ന പാശ്ചാത്യ ജനതയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ കുട്ടികള്‍ക്ക് മാമോദീസ നല്‍കാനെത്തിയ അമ്മമാരോട് മുലപ്പാല്‍ നല്‍കുന്നതില്‍ മടി കാട്ടേണ്ടതില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച മാമോദീസക്കായി 34 കുഞ്ഞുങ്ങളാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുകയാണെങ്കില്‍ മുലയൂട്ടാന്‍ മടിക്കരുതെന്നാണ് അമ്മമാരോട് പോപ്പ് പറഞ്ഞത്.

വിശന്നിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥത കൊണ്ടോ അവര്‍ കച്ചേരി (കരച്ചില്‍) ആരംഭിച്ചാല്‍ അവര്‍ക്ക് മുലയൂട്ടാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. സ്‌നേഹത്തിന്റെ ഭാഷയാണ് അതെന്നും പോപ്പ് പറഞ്ഞു. 18 പെണ്‍കുഞ്ഞുങ്ങളെയും 16 ആണ്‍കുഞ്ഞുങ്ങളെയുമാണ് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചടങ്ങില്‍ മാര്‍പാപ്പ മാമോദീസ നല്‍കിയത്. ഇവരില്‍ രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. 2017 ജനുവരിയില്‍ നടന്ന മാമോദീസ ചടങ്ങിലും സമാനമായ പരാമര്‍ശം മാര്‍പാപ്പ നടത്തിയിരുന്നു.

ചടങ്ങുകള്‍ക്കിടയില്‍ ഒരു മാതാവ് കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് പൊതുസ്ഥലത്ത് വെച്ച് മുലപ്പാല്‍ നല്‍കിയാല്‍ സ്ത്രീകള്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകാറുണ്ട്. വത്തിക്കാന്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും റോം രൂപതയുടെ കീഴിലുള്ളവരുടെ കുട്ടികള്‍ക്കും മാത്രമാണ് പോപ്പ് മാമോദീസ നല്‍കാറുള്ളത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ ബിഷപ്പ് കൂടിയാണ് മാര്‍പാപ്പ.

മലയാളംയുകെ ന്യൂസ് ടീം

ലോകത്തിലെ തന്നെ പ്രമുഖ വിമാനകമ്പനികളിൽ ഒന്ന്… എമിറേറ്റ്സ് വിമാനകമ്പനിയുടെ ഏറ്റവും വലിയ എതിരാളി… കസ്റ്റമർ സർവീസിൽ മുൻപന്തിയിൽ എത്താൻ നിരന്തരം ശ്രമിക്കുന്ന എത്തിഹാദ്… സാമൂഹികമായും സാമ്പത്തികമായും മുൻനിരയിൽ നിൽക്കുന്നവരുടെ യാത്രോപാധിയിൽ പെടുന്ന വിമാനയാത്ര. വിമാനത്തിൽ വച്ച് ഒരു കുഞ്ഞു ജനിച്ചാൽ ആജീവനാന്തം ഫ്രീ വിമാന യാത്ര..  ഇത്തരത്തിൽ നോക്കിയാൽ എത്തിഹാദ് വിമാനത്തിൽ ജനിച്ച കുട്ടി ഭാഗ്യം ചെയ്തതാണ്. നിർഭാഗ്യവശാൽ കുട്ടിയെ അമ്മതന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു ഉപേക്ഷിച്ചപ്പോൾ ഇന്നുവരെ കേട്ടുകേൾവി ഇല്ലാത്ത ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത.

അബുദാബിയിൽ നിന്ന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് പറന്ന എത്തിഹാദ് വിമാനത്തിലാണ് ലോകത്തെ തന്നെ നടുക്കിയ സംഭവ വികാസങ്ങൾ ഉണ്ടായത്.  സ്വന്തം കുഞ്ഞിനെ  യാത്രക്കാരി തന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്. നവജാത ശിശുവിന്റെ ശവശരീരം വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്നും ലഭിച്ചതിനെത്തുടർന്ന് കുട്ടിയുടെ മരണത്തിനു കാരണക്കാരിയെന്നു സംശയിക്കുന്ന  യുവതിയായ അമ്മ ഹാനിയെ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്‌തു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ചോദ്യം ചെയ്യൽ ഇപ്പോൾ ഉണ്ടാവില്ല എന്ന് എയർപോർട്ട് പോലീസ് വ്യക്തമാക്കി.

ഗർഭിണിയായ ഹാനിക്ക് പ്രസവസംബന്ധമായ അസ്വസ്ഥകളും രക്തസ്രാവവും ഉണ്ടായതിനെത്തുടർന്ന് ജക്കാർത്തക്കു പറക്കുകയായിരുന്ന വിമാനം പൈലറ്റ് അടിയന്തിരമായി തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. അബുദാബിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ച യാത്ര തിരിച്ച ഹാനി ഏകദേശം നാലു മണിക്കൂറിനു ശേഷമാണ് പ്രസവസംബന്ധമായ അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയത്. ബാങ്കോക്കിൽ വൈദ്യസഹായം ലഭിച്ച ഹാനി പിന്നീട് അധികൃതർ നൽകിയ ബിസിനസ് ക്ലാസ്സിൽ ജക്കാർത്തക്ക് യാത്രചെയ്തു. എന്നാൽ ജക്കാർത്തയിൽ എത്തുന്നത് വരെ നവജാത ശിശുവിന്റെ ജഡം ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. സാധാരണ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് വിമാന കമ്പനി അധികൃതർ ധാരാളം ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുമ്പോൾ ആണ് ഒരു ചോര കുഞ്ഞിന്, ജനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇത്തരത്തിൽ ദാരുണമായ ഒരു അന്ത്യം ഉണ്ടായിരിക്കുന്നത് എന്നത് ലോക മസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ലണ്ടന്‍: യുകെയിലെ വിമാനത്താവളങ്ങളിലെ മദ്യവില്‍പനയ്ക്ക് നിയന്ത്രണം വന്നേക്കും. വിമാനയാത്രകളില്‍ മദ്യപിച്ച് എത്തുന്നവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്. യാത്രക്ക് മുമ്പ് മദ്യപിച്ച ശേഷം എത്തുന്ന യാത്രക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മിക്കപ്പോഴും യാത്രയെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് വളരുകയാണെന്ന് 2017ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തിയിരുന്നു. മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി അറസ്റ്റിലാകുന്നവരുടെ എണ്ണം 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ലോര്‍ഡ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും പരിസരങ്ങളിലുമുള്ള മദ്യവില്‍പനശാലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് പദ്ധതി. 2003ലെ ലൈസന്‍സിംഗ് ആക്ട് നടപ്പാക്കാനുള്ള സാധ്യതകള്‍ തേടും. എയര്‍പോര്‍ട്ട് പബ്ബുകളും ബാറുകളും ഇപ്പോള്‍ ഏതു സമയത്തും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തന സമയം നിശ്ചയിക്കും. ഹൈസ്ട്രീറ്റ് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയത്തിനൊപ്പമായിരിക്കും ആ നിയമം നടപ്പായാല്‍ എയര്‍പോര്‍ട്ട് മദ്യശാലകളുടെയും പ്രവര്‍ത്തനം. നിയമം നടപ്പാക്കാനുള്ള ചുമതല കൗണ്‍സിലുകള്‍ക്ക് നല്‍കും.

നിയമ ലംഘനം നടത്തുന്ന മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള അധികാരവും കൗണ്‍സിലുകള്‍ക്ക് ലഭ്യമാക്കും. ഈ നീക്കത്തെ സ്വാഗതം ചെയ്യുകാണെന്ന് വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു. മദ്യപാനികള്‍ വിമാനങ്ങളില്‍ ബഹളമുണ്ടാക്കുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എയര്‍ലൈന്‍ യുകെ ചീഫ് എക്‌സിക്യൂട്ടീവ് ടിം ഓള്‍ഡര്‍സ്ലേഡ് പറഞ്ഞു.

Copyright © . All rights reserved