Main News

ന്യൂസ് ഡെസ്ക്

വിശുദ്ധവാരത്തിന് അന്ത്യം കുറിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാസഹനവും കുരിശുമരണവും വഴി ലോകത്തിന്റെ പാപങ്ങളുടെ മോചനത്തിനായി തന്നെത്തന്നെ ബലിയായർപ്പിച്ച യേശുദേവന്റെ ഉയിർപ്പ് ദിനമാണിന്ന്. ഉപവാസവും പ്രാർത്ഥനയും കാരുണ്യ പ്രവർത്തികളും വഴി അമ്പതു നോമ്പിന്റെ നിറവിൽ ആത്മീയമായി ഒരുങ്ങിയാണ് ക്രൈസ്തവർ ഉത്ഥിതനായ ക്രിസ്തുവിനെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ വിശ്വാസികൾ സാഘോഷം പങ്കെടുത്തു. യുകെയിൽ നടന്ന ഈസ്റ്റർ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

പ്രസ്റ്റണിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവിധ കുർബാന സെൻററുകളിൽ വൈദികർ ശുശ്രൂഷകൾ നയിച്ചു. സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് ഈസ്റ്റർ നല്കുന്നതെന്ന് വി.കുർബാന മധ്യേ വൈദികർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അനുരജ്ഞനത്തിന്റെയും സഹിഷ്ണുതയുടെയും ലോകമാണ് നമുക്കാവശ്യമെന്ന് മാർപ്പാപ്പയും ബിഷപ്പുമാരും സന്ദേശങ്ങളിൽ പറഞ്ഞു. വിപുലമായ ആഘോഷ പരിപാടികൾ നടത്തിയാണ് യുകെയിൽ പലയിടത്തും ഈസ്റ്റർ ആഘോഷിക്കുന്നത്. അസോസിയേഷനുകളുടെയും കമ്യൂണിറ്റി ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഇന്ന് നടക്കും.

യുകെയിലെ മുതിര്‍ന്ന പാരാമെഡിക്കുകള്‍ക്ക് മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം നല്‍കുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് മാത്രം അധികാരമുണ്ടായിരുന്ന കാര്യങ്ങളില്‍ ചിലത് നിര്‍വ്വഹിക്കുവാന്‍ സിനീയര്‍ പാരമെഡിക്കുകള്‍ക്ക് കഴിയും. നൂറുകണക്കിന് എന്‍എച്ച്എസ് പാരമെഡിക്കുകള്‍ക്കാണ് പുതിയ ഭേദഗതി വരുന്നതോടെ രോഗികള്‍ക്ക് മരുന്ന് നല്‍കാനുള്ള അധികാരം ലഭിക്കുക. തിരക്കേറിയ ആശുപത്രികള്‍ക്ക് പുതിയ തീരുമാനം ഗുണകരമാവും. നിലവില്‍ 700 അഡ്വാന്‍സ്ഡ് പാരാമെഡിക്കുകളാണ് യുകെയിലുള്ളത്. 2012ല്‍ പാസാക്കിയ ഹ്യൂമണ്‍ മെഡിസിന്‍സ് റെഗുലേഷന്‍ ഭേദഗതി ഞായറാഴ്ചയോടെ നിലവില്‍ വരും. ആശുപത്രികളിലും വീടുകളിലും അതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സില്‍ വെച്ചും മരുന്നുകള്‍ നല്‍കാനുള്ള അധികാരം ഇതോടെ ഇവര്‍ക്ക് ലഭിക്കും.

ആസ്ത്മ രോഗം മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരമെഡിക്കിന് ഇനി മുതല്‍ സാധിക്കും. സാധാരണഗതിയില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമെ ഇത്തരം രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ കഴിയുകയുള്ളു. നടുവേദന മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലെ വയോധികര്‍ക്കുണ്ടാകുന്ന യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനുമെല്ലാം വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരാമെഡിക്കിന് കഴിയും. ഇതോടെ എ ആന്റ് ഇ യില്‍ പ്രവേശിപ്പിക്കുന്നവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുകള്‍ എങ്ങനെ പ്രിസ്‌ക്രൈബ് ചെയ്യാമെന്നതിനെക്കുറിച്ചുള്ള ട്രെയിനിംഗ് ലഭിച്ചു കഴിഞ്ഞാലുടന്‍ നിലവില്‍ ഡോക്ടര്‍മാര്‍ മാത്രം ചെയ്തു പോന്നിരുന്ന പല പ്രവര്‍ത്തനങ്ങളും പാരാമെഡിക്കുകള്‍ക്ക് ചെയ്യാന്‍ കഴിയും.

ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തികരിക്കുന്ന പാരാമെഡിക്കുകള്‍ക്ക് സ്വതന്ത്രമായി മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാന്‍ കഴിയും. ഇതോടെ ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ചില സീനിയര്‍ നഴ്‌സുമാര്‍ക്കും മാത്രമുള്ള മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം പാരാമെഡിക്കുകള്‍ക്ക് കൂടി ലഭിക്കും. പുതിയ ഭേദഗതി രോഗികളെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണ്. നിര്‍ബന്ധമായും ആശുപത്രികളിലെത്തി മരുന്നുകള്‍ വാങ്ങിക്കേണ്ട അവസ്ഥ ഇതോടു കൂടി മാറും. വീടുകളിലെത്തി പാരാമെഡിക്കുകള്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ കഴിയുന്നതോടെ ആശുപത്രികളിലെത്തി കാത്തിരിക്കേണ്ട ആവശ്യമില്ല. പാരാമെഡിക്കുകള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതുള്ളു.

ബ്രിട്ടനില്‍ താക്കോലുകളില്ലാത്ത (കീലെസ്) കാറുകളുടെ മോഷണം പെരുകുന്നു. സമീപകാലങ്ങളില്‍ നിരവധി മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താക്കോലുകളില്‍ ഇല്ലാത്ത കാറുകളെ ഹാക്ക് ചെയ്താണ് മോഷണം നടത്തുന്നത്. വീടുകളുടെ സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളാണ് മോഷണത്തിനരയാകുന്നതില്‍ കൂടുതലും. ഇത്തരം മോഷണങ്ങളുടെ നിരവധി സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാറുകള്‍ ഹാക്ക് ചെയ്യുകയെന്നത് ചെറിയ കാര്യമല്ല. 30 സെക്കന്റുകൊണ്ട് കാര്‍ ഹാക്ക് ചെയ്ത് കടത്താന്‍ വിദഗ്ദ്ധരായ ക്രിമിനലുകള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്ന് ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.

വാര്‍വിക്ക്ഷയറില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 189 ശതമാനം വര്‍ധനവാണ് കാര്‍ മോഷണങ്ങളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. ഹാംപ്ഷയറില്‍ 59 ശതമാനവും വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 57 ശതമാനവും നോര്‍ഫോക്കില്‍ 56 ശതമാനവും വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപകാലങ്ങളില്‍ താക്കോലുകളില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ക്ക് പ്രിയമേറെയാണ്. ഫാമിലി കാറുകളായി ഇവയെ തെരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം ഇവ അഫോഡബിളാണെന്നത് കൊണ്ടാണ്. കഴിഞ്ഞ ഡിസംബറിന് ശേഷം 90 കാര്‍ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ക്ലീവ്‌ലാന്റ് പോലീസ് പറയുന്നു. മോഷണം പോയിരിക്കുന്ന പകുതിയിലേറെ കാറുകളും ഫോര്‍ഡ് ഫിയസ്റ്റയാണ്. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് ഏറ്റവും പ്രചാരം നേടിയ വാഹനങ്ങളിലൊന്നാണ് ഫോര്‍ഡ് ഫിയസ്റ്റ.

വളരെ ചെറിയൊരു തട്ടിപ്പ് നടത്തി താക്കോല്‍ ഇല്ലാത്ത കാറുകള്‍ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിയും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും കഴിയും. മോഷണം നടത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വളരെ ചെറിയ വിലയില്‍ ആമസോണിലും മറ്റും ലഭ്യമാണ്. കാര്‍ തുറക്കുന്നതിന് സഹായിക്കുന്ന റിലേ ബോക്‌സിന് വെറും 260 പൗണ്ടാണ് വില. വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ തുറക്കാന്‍ ഉപയോഗിക്കുന്ന ഡിവൈസില്‍ നിന്ന് സിഗ്നലുകള്‍ ഉപകരണത്തിലൂടെ കണക്ട് ചെയ്ത് കാറിന് സമീപത്തിരിക്കുന്ന മറ്റൊരു ഉപകരണം വഴി വാതിലുകള്‍ തുറക്കുകയാണ് മോഷ്ടാക്കള്‍ ചെയ്യുന്നത്. സിഗ്നലുകള്‍ ഹാക്ക് ചെയ്യുന്നതിനും കാറിന്റെ ഡോര്‍ തുറക്കുന്നതിന് വ്യത്യസ്തമായ ഉപകരണങ്ങള്‍ ആവശ്യമാണ്. കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുവാനുള്ള നടപടികള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജോജി തോമസ്

കേന്ദ്രസര്‍ക്കാരും ബിജെപിയും എന്തൊക്കെ മറുവാദങ്ങളുമായി എത്തിയാലും കറന്‍സി നിരോധനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിച്ചത് സാമ്പത്തിക കാരണങ്ങളേക്കാള്‍ ഉപരിയായി രാഷ്ട്രീയ കാരണങ്ങളായിരുന്നു. ജനങ്ങളുടെ കയ്യടി നേടാന്‍ രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുകയാണ് നോട്ടു നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചിരുന്നത്. കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനത കറന്‍സി നിരോധനത്തെ തുടര്‍ന്ന് പട്ടിണി കിടന്നതും ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂനിന്നതും കള്ളപ്പണം ഇല്ലാതാക്കുക എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളും നോട്ടുനിരോധനത്തിലൂടെ സാധ്യമായ കള്ളപ്പണ നിയന്ത്രണത്തിന്റെ കണക്കുകളും പരിശോധിക്കുകയാണെങ്കില്‍ നോട്ടു നിരോധനത്തിനു പിന്നിലുണ്ടായിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണെന്ന് മനസിലാക്കാന്‍ സാധിക്കും. നോട്ടു നിരോധനത്തിന്റെ ബാക്കിപത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാമ്പത്തിക പിന്‍ബലമുള്ള ഏക പാര്‍ട്ടി ബിജെപി ആയിത്തീര്‍ന്നു എന്നതാണ്. മോദിയുടെയും അമിത്ഷായുടെയും കുശാഗ്രബുദ്ധിയില്‍ തെളിഞ്ഞ നോട്ടുനിരോധനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ പണാധിപത്യത്തിന്റെ സ്ഥാനം പരസ്യമായ രഹസ്യമാണ്. ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമെല്ലാം ജനവിധി അനുകൂലമാക്കാന്‍ വേണ്ടി പണം വാരിയെറിയുന്നുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക പോലുള്ള കമ്പനികളുമായി ചേര്‍ന്ന് ഓരോ കക്ഷികളും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതിന്റെയും അതുവഴി തങ്ങള്‍ക്കനുകൂലമായ തരംഗങ്ങള്‍ സൃഷ്ടിച്ചതിന്റെയും വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരത്തില്‍ ജനവിധി അനുകൂലമാക്കാനായി ചിലവിടുന്ന കോടിക്കണക്കിന് വരുന്ന തുക തെരഞ്ഞെടുപ്പ് ചിലവുകളില്‍ കാട്ടാറില്ല. വന്‍കിട ബിസിനസ് ഗ്രൂപ്പുകളും കോര്‍പ്പറേറ്റുകളും തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തുന്നതിനായി ശതകോടികളാണ് വാരിയെറിയുന്നത്. തങ്ങളോട് അനുഭാവം പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ ജനകീയ താല്‍പര്യത്തെക്കാള്‍ ഉപരിയായി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അതുവഴി തെരഞ്ഞെടുപ്പ് രംഗത്ത് വാരിയെറിഞ്ഞ പണം നൂറിരട്ടിയായി തിരികെ ലഭിക്കുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്ത് കോര്‍പ്പറേറ്റുകളുടെ ഇത്തരത്തിലുള്ള ഇടപെടലിന് കാരണം. നിയമാനുസൃതമായി ഒരു സ്ഥാനാര്‍ത്ഥിക്ക് തന്റെ നിയമസഭാ മണ്ഡലത്തില്‍ ചിലവഴിക്കാന്‍ സാധിക്കുന്നത് ഇരുപത്തിയെട്ട് ലക്ഷം രൂപ മാത്രമാണ്. ലോക്‌സഭാ ഇലക്ഷനുകള്‍ ഈ പരിധി എഴുപത് ലക്ഷം രൂപ വരെയാകാം. പ്രസ്തുത പരിധിയില്‍ നില്‍ക്കുന്ന വരവു ചെലവു കണക്കുകള്‍ ഓരോ സ്ഥാനാര്‍ത്ഥിയും നല്‍കാറുണ്ടെങ്കിലും ഇതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ലോക്‌സഭയിലേക്ക് നടക്കുന്ന ഒരു പൊതുതെരഞ്ഞെടുപ്പില്‍ പ്രമുഖ ദേശീയ പാര്‍ട്ടികളുടെ ചിലവുകള്‍ ഇന്ത്യയിലെ ഒരു സാധാരണ പൗരന്റെ ചിന്തകള്‍ക്ക് അതീതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തില്‍ പണത്തിനുള്ള സ്വാധീനമാണ് നരേന്ദ്രമോദി തന്ത്രപൂര്‍വ്വമായ സമീപനത്തിലൂടെ തനിക്കും ബിജെപിക്കും അനുകൂലമാക്കിയത്.

ഇന്ത്യയില്‍ ജനാധ്യപത്യ സംവിധാനത്തിലൂടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങള്‍ എന്നും ചിലവേറിയതാണ്. അതിലേറെ ചിലവേറിയതാണ് ഇലക്ഷന് ശേഷം ജനവിധി അട്ടിമറിക്കാനും കുതിരക്കച്ചവടത്തിനുവേണ്ട സാമ്പത്തിക പിന്‍ബലം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മണിപ്പൂരില്‍ രണ്ട് സമാജികര്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ അധികാരം പങ്കിടുന്നത്. ഗോവയിലും സമാജികരുടെ എണ്ണത്തില്‍ പിന്നിലായിരുന്നെങ്കിലും കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി ബിജെപി അധികാരത്തിലെത്തി. ബിജെപിയെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. വര്‍ഷങ്ങളായി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത്തരത്തിലുള്ള കുതിരക്കച്ചവടങ്ങള്‍ നടക്കാറുണ്ട്. പക്ഷെ നോട്ടുനിരോധനത്തിനുശേഷമുള്ള അവസ്ഥ തെരഞ്ഞെടുപ്പില്‍ പണം വാരിയെറിയാനും കുതിരക്കച്ചവടത്തിനും ശേഷിയുള്ള ഏക പാര്‍ട്ടിയായി ബിജെപി മാറിയെന്നതാണ്.

വന്‍കിട കോര്‍പ്പറേറ്റുകളായ അംബാനി, അദ്വാനിമാരുടെ പിന്തുണ കൂടിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി ചോദ്യം ചെയ്യാനാവാത്ത ശക്തിയായി തീരുന്നു. ത്രിപുരയിലെയും മറ്റും ഇലക്ഷന്‍ പ്രചാരണത്തില്‍ പണമൊഴുക്കിയ രീതി പരിശോധിച്ചാല്‍ ഇത് വളരെ വ്യക്തമാകും.

നോട്ടു നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം കള്ളപ്പണം തടയുക ആയിരുന്നെങ്കിലും കള്ളപ്പണക്കാരുടെ ഭൂരിഭാഗം നിക്ഷേപങ്ങളും ഇന്ത്യന്‍ കറന്‍സിയായല്ലെന്ന് കേന്ദ്രസര്‍ക്കാരിന് വ്യക്തമായി അറിയാമായിരുന്നു. വിദേശ ബാങ്കുകളിലും വിലയേറിയ സ്ഥാവര ജംഗമ വസ്തുക്കളിലുമാണ് അവര്‍ നിക്ഷേപം നടത്തിയിരുന്നത്. അതുകൊണ്ടാണ് കറന്‍സി നിരോധനത്തിലെ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം സാധിക്കാതെ പോയത്. കറന്‍സി നിരോധനം കൂടുതല്‍ ബാധിച്ചത് സാമ്പത്തിക സ്ഥിതിയില്‍ ഇടത്തരക്കാരായുള്ളവര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മത സാമുദായിക സംഘടനകള്‍ തുടങ്ങിയവയെ ആണ്. ഇതുതന്നെയായിരുന്നു നോട്ടുനിരോധനത്തിനു പിന്നിലുള്ള നരേന്ദ്രമോദിയുടെ ഹിഡന്‍ അജണ്ട. ഇടത്തരക്കാരുടെ കൈവശമുള്ള പണം മാത്രം ബാങ്കുകളിലെത്തിക്കുകയും അതുവഴി തന്റെ പിന്നില്‍ അണിനിരന്നിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ ലോകത്തിന് കൂടുതല്‍ പണലഭ്യത ഉറപ്പുവരുത്തുകയുമായിരുന്നു ഒന്നാമത്തെ ലക്ഷ്യം. അടുത്ത ലക്ഷ്യം ബിജെപിയൊഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തികാടിത്തറ തകര്‍ത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജൈത്രയാത്ര തുടരുക എന്നതായിരുന്നു. എന്തായാലും ബിസിനസ് ലോകത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളും അടുത്ത കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്നത് മോദിയുടെ തന്ത്രങ്ങള്‍ വിജയിക്കുന്നു എന്നു തന്നെയാണ്.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

കാര്‍ പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ടിയിരുക്കുകയായിരുന്ന ഷട്ടില്‍ ബസിന് തീപിടിച്ചതിനെ തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡില്‍ നിന്ന് പുറപ്പെടാനിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ലണ്ടന് സമീപത്ത വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറായത് ഈസ്റ്റര്‍ അവധി ആഘോഷിക്കാന്‍ യാത്രക്കായെത്തിയവരെയാണ് ബാധിച്ചത്. യാത്ര മുടങ്ങിയതോടെ ഇവരുടെ വീക്കെന്‍ഡ് ആഘോഷങ്ങള്‍ മുടങ്ങും. എയര്‍പോര്‍ട്ടിലെ ഫോര്‍കോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തീ പിടിച്ച ബസിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ മുന്‍ഭാഗം പുകയില്‍ മൂടി. യാത്രക്കാരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.

അപകടം സംഭവിച്ചയുടന്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ടെര്‍മിനലിന് അകത്തേക്ക് ഓടിക്കയറി. ടെര്‍മിനലിന്റെ അകത്ത് ആളുകളുടെ നീണ്ട ക്യൂ രൂപപ്പെട്ടതായി പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. അര്‍ദ്ധരാത്രി വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായും യാത്രക്കാര്‍ എത്രയും പെട്ടെന്ന് വിമാനത്താവളം വിട്ടു പോകണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്റ്റാന്‍സ്‌റ്റെഡ് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വീറ്റ് ചെയ്തു. യാത്രക്കായി എത്തിയ നിരവധി പേര്‍ ടെര്‍മിനലില്‍ പോലും പ്രവേശിക്കാന്‍ കഴിയാതെ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങി. തങ്ങള്‍ക്ക് കൃത്യസമയത്ത് ടെര്‍മിനലിന് അകത്തേക്ക് കയറാന്‍ സാധിക്കുന്നില്ലെന്ന് പരാതി പറഞ്ഞുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. തങ്ങള്‍ എയര്‍പോര്‍ട്ടിന് പുറത്തും കാര്‍ പാര്‍ക്കിംഗ് ഏരിയകളിലും കുടുങ്ങിക്കിടക്കുകയാണെന്നും ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയമായിട്ടുപോലും അകത്ത് കടക്കാന്‍ സാധിച്ചിട്ടില്ലെന്നും യാത്രക്കാരില്‍ പലരും ട്വീറ്റ് ചെയ്തു.

അവധിയാഘോഷങ്ങള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്. എയര്‍പോര്‍ട്ടിലെ അപകടത്തെ തുടര്‍ന്ന് അവിടെയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നാഷണല്‍ റെയില്‍ അറിയിച്ചു. ഷട്ടില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ടെര്‍മിനല്‍ ഫോര്‍കോര്‍ട്ടില്‍ വെച്ച് ഷട്ടില്‍ ബസിന് തീപിടിച്ചതായും, സുരക്ഷാ സേനയ്ക്ക് തീ അണയ്ക്കാനും സാധിച്ചിട്ടുണ്ടെന്നും സ്റ്റാന്‍സ്റ്റെഡ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. തീപിടുത്തെ തുടര്‍ന്നുണ്ടായ പുക ടെര്‍മിനലിന്റെ അകത്തേക്ക് വ്യാപിച്ചിട്ടുണ്ട്. പുക പടര്‍ന്ന ഭാഗങ്ങള്‍ ഒഴിപ്പിച്ചതായും എയര്‍പോര്‍ട്ട് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബ്രെക്‌സിറ്റ് രാജ്യത്തിന് ശോഭനമായ ഭാവി നല്‍കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. എന്‍എച്ച്എസിനും സ്‌കൂളുകള്‍ക്കും കൂടുതല്‍ ഫണ്ടിംഗ് ലഭ്യമാക്കാന്‍ ബ്രെക്‌സിറ്റിനു ശേഷം സാധിക്കുമെന്നും ബിബിസിയുടെ ലോറ ക്യൂന്‍സ്‌ബെര്‍ഗിനോട് പറഞ്ഞു. ബ്രെക്‌സിറ്റ് പുതിയൊരു രാജ്യത്തെയായിരിക്കും നല്‍കുക. മികച്ച ഭാവിയാണ് മുന്നില്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശനങ്ങള്‍ നടത്തി.

ഒരു ബ്രെക്‌സിറ്റ് ഡിവിഡെന്റിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് അവര്‍ മറുപടി നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരുമ്പോള്‍ നമുക്ക് വന്‍തുക മുടക്കേണ്ടി വരുന്നില്ല. എല്ലാ വര്‍ഷവും യൂണിയന് നല്‍കേണ്ടി വരുന്ന തുകയും ലാഭിക്കാനാകും. അതുകൊണ്ടുതന്നെ മുന്‍ഗണനാക്രമത്തില്‍ എന്‍എച്ച്എസിനും സ്‌കൂളുകള്‍ക്കുമായി ആ പണം നല്‍കാന്‍ കഴിയുമെന്നാണ് മേയ് വ്യക്തമാക്കിയത്. യുകെയിലെ എല്ലാ മേഖലകള്‍ക്കും ഗുണകരമാകുന്ന ധാരണയായിരിക്കും രൂപീകരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ബ്രെക്‌സിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പ്രതികരിച്ചത്. ഒരു അന്തിമ തീരുമാനം എടുക്കുകയെന്നതാണ് ബുദ്ധിപരമായ നീക്കമെന്ന് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ബ്ലെയര്‍. 2019 മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറും. അതിനു ശേഷം നിലവിലുള്ള സൗകര്യങ്ങളില്‍ ഭൂരിഭാഗവും തുടര്‍ന്നുകൊണ്ടുള്ള 21 മാസത്തെ പരിവര്‍ത്തന കാലം നിലവില്‍ വരും. ബ്രെക്‌സിറ്റ് ധാരണകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ മുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഡിവോഴ്‌സ് ബില്‍ രൂപീകരണത്തില്‍ അവ തടഞ്ഞു നില്‍ക്കുകയാണ്.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥ തടസം സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും ശക്തമായ ശീതക്കാറ്റും മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ബീസ്റ്റ് ഫ്രം ഈസ്റ്റ് പ്രതിഭാസത്തിന് സമാനമായിരിക്കും ഈസ്റ്റര്‍ ദിനത്തിലെ കാലാവസ്ഥയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഈസ്റ്റര്‍ വീക്കെന്‍ഡിലെ തെളിഞ്ഞ അന്തരീക്ഷത്തിന് 24 മണിക്കൂറിനുള്ളില്‍ മാറ്റമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നിറിയിപ്പില്‍ വ്യക്തമാക്കുന്നു. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ മിക്ക പ്രദേശങ്ങളിലും മിഡ്‌ലാന്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്റ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും ശക്തമായ മഴക്കും സാധ്യതയുള്ളത്. ഇവിടങ്ങളില്‍ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് നല്‍കിയിട്ടുണ്ട്.

മഴ ചിലപ്പോള്‍ മഞ്ഞുവീഴ്ചക്ക് വഴിമാറിയേക്കാമെന്ന് മെറ്റ് ഓഫീസ് ചീഫ് ഫോര്‍കാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും ശക്തമായ ശീതക്കാറ്റിനും സാധ്യതയുണ്ട്. സാധാരണയേക്കാള്‍ ശക്തമായ മഞ്ഞുവീഴ്ചക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. പുതിയ പ്രതിഭാസത്തിന് നൈറ്റ്‌മെയര്‍ ഫ്രം ദി നോര്‍ത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാജ്യത്തിന്റെ ഗ്രാമീണ മേഖലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. കനത്ത മഴയും മഞ്ഞുവീഴ്ച്ച ഗതാഗത തടസ്സം സൃഷ്ടിക്കാനും സാധ്യതയുണ്ട്. സമീപകാലത്തെ ഏറ്റവും തിരക്കേറിയ ഈസ്റ്ററാണ് വരാന്‍ പോകുന്നത്. റോഡില്‍ തിരക്കു വര്‍ദ്ധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈസ്റ്റര്‍ ഞായറാഴ്ച്ചയുടെ അവസാനത്തോടെ ഡെവണിലും കോണ്‍വാളിലും ശക്തമായ മഴ ലഭിക്കുമെന്ന് ബിബിസി കാലാവസ്ഥ നിരീക്ഷകന്‍ മാറ്റ് ടെയ്‌ലര്‍ വ്യക്തമാക്കി. ശക്തമായ മഴ ലഭിക്കുന്നതോടെ അന്തരീക്ഷം നന്നായി തണുക്കുമെന്നും ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ കനത്ത മഞ്ഞ് വീഴ്ച്ച ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു. മിഡ്‌ലാന്റ്‌സ്, വെയില്‍സ്, സൗത്തേണ്‍ സ്‌കോട്ട്‌ലന്റ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളാണ് അതിരൂക്ഷമായ മഞ്ഞ് വീഴ്ച്ചയ്ക്കും മഴക്കും സാധ്യതയുള്ള പ്രദേശങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല താഴ്ന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ച്ച യാത്ര ചെയ്യുന്ന ആളുകള്‍ കാലാവസ്ഥാ മുന്നറിയിപ്പുകളും വാര്‍ത്തകളും കൃത്യമായി അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ യാത്രാതടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നു.

സാലിസ്ബറി ആക്രമണത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണത്തില്‍ വ്യക്തമായ സന്ദേശം നല്‍കി റഷ്യ. 4000 മൈല്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള സര്‍മത് ഭൂഖണ്ഡാന്തര ഹൈപ്പര്‍സോണിക് ബാലിസ്റ്റിക്ക് മിസൈല്‍ റഷ്യ പരീക്ഷിച്ചു. സാത്താന്‍ മിസൈല്‍ എന്ന് അറിയപ്പെടുന്ന ഇത് ഭൂഗര്‍ഭത്തില്‍ നിന്നാണ് ഉപരിതലത്തിലേക്ക് വിക്ഷേപിച്ചത്. നോര്‍ത്തേണ്‍ റഷ്യയിലെ പ്ലെസെറ്റ്‌സ്‌ക് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ടുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെയും നടപടിക്ക് മറുപടിയെന്ന നിലയിലാണ് മിസൈല്‍ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.

പുതിയ സബ്മറൈന്‍ പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായാണ് പ്രതിരോധ ബജറ്റില്‍ ഇത്രയും വര്‍ദ്ധന വരുത്തിയത്. റഷ്യയുമായി ഉടലെടുത്തിരിക്കുന്ന പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനു പിന്നാലെയാണ് ലോകം ആശങ്കയോടെ കാണുന്ന സാത്താന്‍ മിസൈലിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത്. മേഖലയില്‍ ശീതയുദ്ധകാലത്തെ ആയുധ മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉടലെടുത്തിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ മറ്റ് രാജ്യങ്ങളുടെ നടപടിക്കും അതേ നാണയത്തില്‍ റഷ്യ തിരിച്ചടി നല്‍കിയിരുന്നു.

മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഈ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഇത് രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2021ല്‍ സൈന്യത്തിന് കൈമാറാവുവന്ന വിധത്തിലാണ് മിസൈലിന്റെ പരീക്ഷണം പുരോഗമിക്കുന്നത്. ഈ മിസൈലിനെ പ്രതിരോധിക്കണമെങ്കില്‍ കുറഞ്ഞത് 500 അമേരിക്കന്‍ നിര്‍മിത എബിഎം മിസൈലുകള്‍ വേണ്ടിവരുമെന്നാണ് റഷ്യന്‍ സെനറ്റിന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിക്ടര്‍ ബോന്‍ഡറേവ് അവകാശപ്പെട്ടത്.

പ്രിന്‍സ് ഹാരി-മെഗാന്‍ മാര്‍ക്കല്‍ വിവാഹ ചടങ്ങുകള്‍ ബ്രിട്ടന്‍ ഇന്നേവരെ സാക്ഷിയായതില്‍ വെച്ച് ഏറ്റവും സുരക്ഷാസന്നാഹങ്ങളോട് കൂടിയായിരിക്കും നടക്കുക. ഏതാണ്ട് 30 മില്യണ്‍ പൗണ്ട് ചെലവിലായിരിക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കുക. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 100,000ത്തിലധികം ആളുകള്‍ എത്തിച്ചേരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിഥികള്‍ എല്ലാവരും തന്നെ ഏത് സമയത്തും പോലീസ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് അത്യാധുനിക സജ്ജീകരണങ്ങളായിരിക്കും നഗരത്തിലും വിവാഹ വേദികള്‍ക്കടുത്തും ഒരുക്കുക. വാഹന പരിശോധനയും സ്‌നൈപ്പര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും. അതിഥികള്‍ എല്ലാവരും തന്നെ വിമാനത്താവളത്തിലേതിന് സമാനമായ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.

വിവാഹത്തിനായി ഒരുക്കാനിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഇനി വരുന്ന ഏഴ് ആഴ്ചകളില്‍ നഗരത്തില്‍ പതിയ സുരക്ഷാസജ്ജീകരണങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തെംസ്വാലി പോലീസ് അറിയിച്ചു. വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി രാജകീയ വേദിയിലെത്തുന്നവര്‍ ഹൈ സെക്യൂരിറ്റി സ്‌കാനര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊട്ടാരത്തിനും സെന്റ് ജോര്‍ജ് ചാപ്പലിനും സമീപത്തായി വലിയ സുരക്ഷാവേലികള്‍ നിര്‍മ്മിക്കും.

വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏതാണ്ട് 600ഓളം പേരാണ് ഉണ്ടാവുക. അതിഥികള്‍ കൊണ്ടുവരുന്ന ബാഗുകളും മറ്റു വസ്തുക്കളും അതീവ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ സമീപ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ട്രക്കുകളും വാനുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങള്‍ മോഷ്ടിച്ച് ഭീകാരക്രമണങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് രഹസ്യ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ സംഘം കാര്യങ്ങള്‍ നീക്കുന്നത്. വാഹനങ്ങളുടെ നമ്പറുകള്‍ അവിടെ വെച്ച് തന്നെ വെരിഫൈ ചെയ്യാനും സംവിധാനങ്ങള്‍ ഉണ്ടാകും. വിവാഹത്തോട് അനുബന്ധിച്ച് പോലീസ് സേനയിലെ 4200 ഓളം പേര്‍ക്ക് അനുവദിച്ച അവധി റദ്ദാക്കി ഇവരെ തിരിച്ചു വിളിച്ചിട്ടുണ്ട്. മെയ് 19നാണ് വിവാഹം. അതിന് മുന്‍പ് തന്നെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാകും. തെംസ് നദിയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പരിശോധിക്കാന്‍ മറൈന്‍ ഫോഴ്‌സിന്റെ പ്രത്യേക സംഘം ഉണ്ടായിരിക്കും. കൂടാതെ ബോംബ് സ്‌ക്വാഡും പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളുടെ സേവനവും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എത്തും. ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന വിവാഹച്ചടങ്ങുകള്‍ക്കായിരിക്കും ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുക

ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ഇന്ത്യന്‍ വംശജയായ കെയര്‍ ഹോം നഴ്സിന് സസ്പെന്‍ഷന്‍. ഷ്രൂസ്ബറിയിലെ റോഡന്‍ ഹോം നഴ്സിംഗ് ഹോമില്‍ നഴ്സായിരുന്ന റിതു റസ്തോഗിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെന്റല്‍ ഹെല്‍ത്ത് നഴ്സായ ഇവര്‍ പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി ഇവര്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിനു മുന്നില്‍ ഹാജരായിരുന്നു. 2015 ഒക്ടോബര്‍ 9ന് പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ സള്‍ഫേറ്റ് ടാബ്ലറ്റുകള്‍ നല്‍കിയില്ലെന്ന് പാനലിന് ബോധ്യമായതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് കൂടാതെ രോഗിയുടെ നോട്ടുകളില്‍ മരുന്ന് നല്‍കിയെന്ന് രേഖപ്പെടുത്തിയതായും പാനല്‍ സ്ഥിരീകരിച്ചു. രോഗിക്ക് മരുന്ന് നല്‍കിയതിന് സാക്ഷിയാണെന്ന് ഒപ്പിട്ടു നല്‍കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്നും വ്യക്തമായിരുന്നു. ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിന്റെ ഹിയറിംഗ് രണ്ടാഴ്ച നീണ്ടു. റിതു റസ്തോഗിയുടെ പെരുമാറ്റം നെറികേടാണെന്നും അതുകൊണ്ടു തന്നെ 12 മാസത്തേക്ക് പ്രാക്ടീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയാണെന്നും പാനല്‍ അധ്യക്ഷന്‍ ഫിലിപ്പ് സേയ്സ് പറഞ്ഞു. റിതു റസ്തോഗി മരുന്ന് നല്‍കിയില്ലെന്ന് മാത്രമല്ല തെറ്റായ വിവരം രേഖപ്പെടുത്തുകയെന്ന കുറ്റവും ചെയ്താതായി അദ്ദേഹം പറഞ്ഞു.

കെയര്‍ ഹോമില്‍ ബാന്‍ഡ് 5 നഴ്സായിരുന്ന ഇവര്‍ക്കെതിരെ 2014 മാര്‍ച്ചിലും 2015 ഒക്ടോബറിലും ആരോപണങ്ങളുണ്ടായിട്ടുണ്ടെന്നും പാനല്‍ സ്ഥിരീകരിച്ചു. ഒരു രോഗിയെ വെള്ളമില്ലാതെ ഗുളിക വിഴുങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഒരു ആരോപണം. രോഗികളുടെ സമ്മതമില്ലാതെ അവരുടെ വായിലേക്ക് ഗുളികകള്‍ ഇട്ടുനല്‍കിയതായും ആരോപണമുണ്ട്. 2014ല്‍ ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും അവയിലെ കണ്ടെത്തലുകള്‍ എന്‍എംസി അന്വേഷണത്തില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.

RECENT POSTS
Copyright © . All rights reserved