Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഏറ്റവും തിരക്കേറിയ മോട്ടോർ വേ M 25 അറ്റകുറ്റ പണികൾക്കായി അടച്ചിടും. ജംഗ്ഷൻ 10 നും 11 നും ഇടയിലാണ് അറ്റകുറ്റ പണികൾ നടക്കുന്നത്. ഈ വാരാന്ത്യത്തിലാണ് മോട്ടോർ വേയിലെ ഗതാഗതം തടസ്സപ്പെടുന്നത്. തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി സറേയിലെ ജംഗ്ഷൻ 10 ന് സമീപം ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.

M 25 -ലെ വാരാന്ത്യത്തിലെ അടച്ചിടൽ ഈ വർഷം ഇതുവരെ മൂന്നാമത്തേതാണ്. അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർ M 25 – ലെ ബ്ലോക്ക് മുൻകൂട്ടി കണ്ട് വേണം യാത്ര ക്രമീകരിക്കാൻ. യൂറോയുടെ ഫൈനൽ മത്സരങ്ങൾ തുടങ്ങിയ ഉൾപ്പെടെ ഈ ഞായറാഴ്ച പതിവിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.


ജംഗ്ഷൻ 10 നും 11നും ഇടയിലുള്ള സമാന്തര പാതകളിലൂടെ ഗതാഗതം വഴി തിരിച്ചു വിടുമെന്നാണ് അറിയാൻ സാധിച്ചത് . ഇന്ന് ജൂലൈ 12 വെള്ളിയാഴ്ച രാത്രി 9 മണി മുതൽ ജൂലൈ 15 തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് ഗതാഗത തടസ്സം നേരിടുന്നത്. 117 മൈൽ ദൈർഘ്യമുള്ള M 25 യു കെ യിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഹീത്രു എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ പ്രധാനമായും M 25 മോട്ടോർ വേയാണ് ആശ്രയിക്കുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് കുട്ടികളുടെ മാതാവായ സോഫി ഇവാൻസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ജൂലൈ 5-ാം തീയതിയാണ് യുകെയെ നടുക്കിയ സംഭവം നടന്നത് . 30 വയസ്സ് മാത്രം പ്രായമുള്ള സോഫി ഇവാൻസിൻ്റെ (30) മൃതദേഹം കാർമാർത്തൻഷെയറിലെ ലാനെല്ലിയിലെ ബിജിൻ റോഡിലെ ഒരു വീട്ടിൽ കണ്ടെത്തുകയായിരുന്നു.


ഇവാൻസിന് പരിചയമുള്ള 49 കാരനായ ഒരാൾ കസ്റ്റഡിയിലാണെന്നും വെള്ളിയാഴ്ച ലാനെല്ലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. ഇവാൻസിൻ്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ ഇയാൾ അറസ്റ്റിലായിരുന്നു. ഇവാൻസിന്റെ മരണത്തെ തുടർന്ന് കടുത്ത വേദനയോടെയാണ് കുടുംബവും സുഹൃത്തുക്കളും പ്രതികരിച്ചത് . ബ്യൂട്ടി തെറാപ്പിയിൽ പ്രാവീണ്യമുണ്ടായിരുന്ന സോഫിയ്ക്ക് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഒട്ടേറെ ആരാധകരുണ്ടായിരുന്നു. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തുന്നതിനും സോഫിയ്ക്ക് പ്രത്യേക താത്‌പര്യം ഉണ്ടായിരുന്നു. മരണത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. എന്നിരുന്നാലും കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിൽ രണ്ട് സ്യൂട്ട്കേസുകളിലായി മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


അഡിഡാസ് ബേസ്ബോൾ തൊപ്പി, കറുത്ത ജീൻസ്, കറുത്ത ജാക്കറ്റ്, കട്ടിയുള്ള വെളുത്ത കാലുകളുള്ള കറുത്ത ട്രെയിനർ എന്നിവയാണ് പ്രതി ധരിച്ചിരിക്കുന്നത് . ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നു. കൂടാതെ ഒരു സ്വർണക്കമ്മലും ഇയാൾ ധരിച്ചിരുന്നു. സ്യൂട്ട്‌കേസുകൾ ഉപേക്ഷിച്ചതിന് ശേഷം ലീ വുഡ്‌സിൻ്റെ ദിശയിലേക്ക് പ്രതി പോയെന്നാണ് കരുതുന്നതെന്ന് ആക്ടിംഗ് ബ്രിസ്റ്റോൾ കമാൻഡർ വിക്‌സ് ഹേവാർഡ്-മെലൻ പറഞ്ഞു.


സ്യൂട്ട്കേസുകൾ പാലത്തിലേക്ക് എടുത്തയാളെ കണ്ടെത്തുക, മരിച്ചയാളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. സ്പെഷ്യലിസ്റ്റ് ക്രൈം സീൻ ഇൻവെസ്റ്റിഗേറ്റർമാർ നിലവിൽ പാലവും ചുറ്റുപാടും പരിശോധിക്കുന്നുണ്ട്. പരിശോധന നടക്കുന്ന സമയത്ത് പാലത്തിലേയ്ക്കുള്ള ഗതാഗതവും പൊതുജനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിരുന്നു. പാലത്തിനു സമീപമുള്ള കാടുപിടിച്ച പ്രദേശങ്ങളിലേക്കു കൂടി പോലീസ് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന ആളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ 9 9 9 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട ആളുടെ പ്രായം എത്രയാണെന്നോ സ്ത്രീയാണോ പുരുഷനാണോ എന്നീ കാര്യങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഞായറാഴ്ച നടക്കാനിരിക്കുന്ന യൂറോ 2024 ഫൈനലിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് ഇംഗ്ലണ്ട് ആരാധകർ ഇപ്പോൾ. ഇതിനു പിന്നാലെ ടീമിന്റെ ജേഴ്സിയും മറ്റും വിൽക്കുന്ന തിരക്കിലാണ് ചില്ലറ വ്യാപാരികൾ. പബ്ബുകളും റെസ്റ്റോറൻ്റുകളും കളി ആസ്വദിക്കാനായി വരുന്ന ആരാധകർക്കായുള്ള ഭക്ഷണവും പാനീയവും തയ്യാറാക്കുന്നതിൻെറ തിരക്കിലാണ്. വീടുകളിൽ ഇരുന്ന് കളി കാണുന്ന ആരാധകർക്കായി ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വിൽപ്പന വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പർമാർക്കറ്റുകൾ.

പബ്ബുകളിൽ ഗെയിം കാണാൻ താത്പര്യപ്പെടുന്ന ആരാധകർ സീറ്റുകൾ ബുക്ക് ചെയ്യാൻ ആരംഭിച്ചു. ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ്റെ (ബിബിപിഎ) കണക്കനുസരിച്ച്, ഫൈനൽ ദിവസം 10 ദശലക്ഷം പൈൻ്റ് അധികമായി വിൽക്കപ്പെടുമെന്നാണ് ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ്റെ (ബിബിപിഎ) കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവഴി ഏകദേശം 50 മില്യൺ പൗണ്ട് അധിക വരുമാനം പബ്ബുകൾക്ക് ലഭിക്കും. മുൻ കൺസർവേറ്റീവ് സർക്കാർ ഇംഗ്ലണ്ട് ഫൈനലിൽ എത്തിയാൽ രാത്രി വൈകിയും പബ്ബുകൾ പ്രവർത്തിപ്പിക്കാം എന്ന് പറഞ്ഞിരുന്നു.

തിങ്കളാഴ്ച പുലർച്ചെ 1 മണി വരെ പബ്ബുകളിൽ കളി കാണാൻ വരുന്ന ആരാധകർക്ക് നിൽക്കാനുള്ള അനുവാദം ഇന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ടൂർണമെൻ്റിലെ ഇംഗ്ലണ്ടിൻ്റെ മുന്നേറ്റം ബിയർ വിൽപനയിൽ 227 മില്യൺ പൗണ്ട് ലാഭം ഉണ്ടാക്കിയതായി ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ (ബിബിപിഎ) പറയുന്നു.

യുകെയുടെ സമ്പദ് വ്യവസ്ഥ മെയ് മാസത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വളർച്ചാ നിരക്ക് കൈവരിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ വാർത്തകൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുറത്തു വന്നിരുന്നു. വളർച്ചാ നിരക്കിലെ മുന്നേറ്റവും കൂടി പരിഗണിക്കുമ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

പ്രതീക്ഷിച്ചതിലും ഇരട്ടിയാണ് മെയിലെ വളർച്ച നിരക്ക്. നിർമ്മാണ മേഖലയിൽ ഉണ്ടായ മുന്നേറ്റമാണ് മെയിലെ വളർച്ച നിരക്കിൽ പ്രതിഫലിച്ചത്. ഭവന നിർമ്മാണവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പറഞ്ഞു. സാധാരണഗതിയിൽ യുകെ സമ്പദ് വ്യവസ്ഥയിൽ ആധിപത്യം പുലർത്തുന്ന സേവനമേഖല മെയ് മാസത്തിൽ 0.3 % ആണ് വളർച്ച ആണ് കൈവരിച്ചത്. ഷോപ്പുകൾ, ബാറുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയവയാണ് പ്രധാനമായും സേവനമേഖലയിൽ ഉള്ളത്.


എന്നാൽ നിർമ്മാണ രംഗത്തുള്ള വളർച്ചാ നിരക്ക് 1. 9 ശതമാനം ആയിരുന്നു. ഇനി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അവലോകന യോഗം ഓഗസ്റ്റ് 1- നാണ് നടക്കുന്നത് . നിലവിൽ 5.25 ശതമാനത്തിലാണ് പലിശ നിരക്ക്. പണപെരുപ്പും സംബന്ധിച്ച ഏറ്റവും പുതിയ റിപോർട്ടുകൾ അടുത്ത ആഴ്ച പുറത്ത് വരും. യുകെയിലെ സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ റോബ് വുഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിവിധ കുറ്റങ്ങൾ ചുമത്തി മുൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികനെ കോടതിയിൽ ഹാജരാക്കി. 81-കാരനായ ജോനാഥൻ ഫ്ലെച്ചറിനെയാണ് ബുധനാഴ്ച വിംബിൾഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നടത്തിയത്. അപമര്യാദയായ പെരുമാറ്റം , ശാരീരിക ഉപദ്രവം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ആണ് ഇദ്ദേഹത്തിനെതിരെ ഉള്ളത്. പ്രധാനമായും ഒൻപത് സംഭവങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


1973 നും 1999 നും ഇടയിലാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടന്നത്. 1982-നും 2012-നും ഇടയിൽ വിംബിൾഡണിലെ ഇമ്മാനുവൽ പള്ളി വികാരിയായിരുന്നു ഫ്ലെച്ചർ. ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ഇദ്ദേഹത്തെ തുടർ വിചാരണയ്ക്കായി ഓഗസ്റ്റ് ഏഴിന് കിംഗ്സ്റ്റൺ ക്രൗൺ കോടതിയിൽ ഹാജരാക്കും. ജോനാഥൻ ഫ്ലെച്ചറിൽ നിന്ന് എന്തെങ്കിലും ദുരനുഭവം നേരിട്ടവർ മുന്നോട്ട് വന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി വിവരങ്ങൾ പങ്കുവെയ്ക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൈലറ്റിൻെറ അഭാവം മൂലം വിമാനം റദ്ദാക്കുന്ന സാഹചര്യങ്ങളോട് പ്രതികരിച്ച് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി വിധിയിൽ പറയുന്നു. പൈലറ്റിൻ്റെ അസുഖത്തെത്തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം റദ്ദാക്കിയതിന് പിന്നാലെ നഷ്ടപരിഹാരത്തിനായുള്ള കെന്നത്തും ലിൻഡ ലിപ്റ്റണും ബിഎ സിറ്റിഫ്ലയറിനെതിരെ നൽകിയ ക്ലെയിമുകൾ നിരസിച്ചതിന് പിന്നാലെയാണ് കേസ് കോടതിയിൽ എത്തിയത്. ഇത്തരം റദ്ദാക്കലുകളിൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെയുള്ള അപ്പീൽ കോടതി ശരിവക്കുകയായിരുന്നു.

കെൻ്റിൽ നിന്നുള്ള കെന്നത്തും ലിൻഡ ലിപ്റ്റണും 2018 ജനുവരിയിലാണ് മിലാൻ ലിനേറ്റ് എയർപോർട്ടിൽ നിന്ന് ലണ്ടൻ സിറ്റി എയർപോർട്ടിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്‌തത്‌. എന്നാൽ പൈലറ്റിന് സുഖമില്ലാത്തതു മൂലം ഫ്ലൈറ്റ് റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും മറ്റൊരു വിമാനത്തിൽ ബുക്ക് ചെയ്‌ത്‌ 2.5 മണിക്കൂർ വൈകിയാണ് ലണ്ടനിലെത്തിയത്. തങ്ങൾ നേരിട്ട കാലതാമസത്തിന് ഏകദേശം 220 പൗണ്ടാണ് നഷ്ടപരിഹാരമായി ഇവർ ആവശ്യപ്പെട്ടത്.

സാധാരണ ഫ്ലൈറ്റുകൾ റദ്ദാക്കുമ്പോൾ ഒഴിവാക്കാൻ ആവാത്ത കാരണങ്ങളാലാണ് നടപടി എടുക്കുന്നതെങ്കിൽ നഷ്ടപരിഹാര ക്ലെയിമുകൾ എയർലൈനുകൾക്ക് നിരസിക്കാം. പൈലറ്റിൻ്റെ അസുഖം അത്തരമൊരു സാഹചര്യമാണെന്ന് വാദിച്ചുകൊണ്ട് സിറ്റിഫ്ളയർ ദമ്പതികളുടെ അവകാശവാദം നിരസിക്കുകയായിരുന്നു. ആദ്യം കോടതി വിധികൾ വിമാന കമ്പനിക്ക് അനുകൂലമായിരുന്നെങ്കിലും ഏറ്റവും ഒടുവിലത്തെ വിധി പരാതിക്കാർക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏകദേശം 50 വർഷമായി യുകെയിൽ താമസിച്ചിരുന്ന ആളോട് ബ്രിട്ടീഷുകാരനല്ലന്ന് പറഞ്ഞ് രാജ്യം വിടാൻ ഹോം ഓഫീസ് ആവശ്യപ്പെട്ട സംഭവം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിറലിലെ വാലസെയിൽ നിന്നുള്ള നെൽസൺ ഷാർഡെ 1977 ൽ വിദ്യാർത്ഥി വിസയിൽ ആണ് യുകെയിൽ എത്തിയത്. എന്നാൽ 2019 -ൽ അദ്ദേഹത്തിന് യുകെയിൽ തുടരാൻ നിയമപരമായ അവകാശമില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

മാതൃരാജ്യമായ ഘാനയിൽ നിന്ന് പഠനത്തിനായി എത്തിയ നെൽസൺ ഷാർഡിന് പെർമനൻ്റ് വിസയ്ക്കായുള്ള ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടയ്ക്ക് ഘാനയിൽ നടന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ആണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെർമനന്റ് വിസ എടുക്കാതെ ഏകദേശം 50 വർഷത്തോളം നെൽസൺ ഷാർഡെ ഇവിടെ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് ഹോം ഓഫീസ് കണ്ടെത്തിയത്. യുകെയിൽ സ്ഥിരതാമസമായി നെൽസൺ ഷാർഡെ ഒരു ബ്രിട്ടീഷുകാരിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ആ വിവാഹ ജീവിതം പിരിഞ്ഞ് മറ്റൊരു ബ്രിട്ടീഷുകാരിയെ അദ്ദേഹം വിവാഹം ചെയ്തു . ഇവർക്ക് ജേക്കബ് , ആരോൺ എന്നീ രണ്ട് ആൺമക്കളും ഉണ്ട് .

അമ്മയുടെ മരണ സമയത്ത് ഘാനയിലേക്ക് മടങ്ങാൻ 2019 -ൽ നെൽസൺ ഷാർഡെ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബ്രിട്ടീഷ് പാസ്പോർട്ട് നൽകാൻ നെൽസൺ ഷാർഡെ ഈ രാജ്യത്തെ പൗരൻ അല്ലെന്ന് അധികൃതർ അദ്ദേഹത്തെ അറിയിച്ചു .പിഴയായി 7000 പൗണ്ട് അടയ്ക്കാനാണ് ഹോം ഓഫീസ് നിർദ്ദേശിച്ചത്. ഇതുകൂടാതെ എൻഎച്ച്എസിൻ്റെ സേവനങ്ങൾക്കായി 10500 പൗണ്ട് നല്കണമെന്ന് പറഞ്ഞിരുന്നു.

ഹോം ഓഫീസിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ആണ് ഉയർന്ന് വന്നത്. ഇതിനെതിരെ നിയമ പോരാട്ടത്തിനായി 48,000 പൗണ്ട് നെൽസൺ ഷാർഡിൻ്റെ കുടുംബവും സുഹൃത്തുക്കളും സമാഹരിക്കുകയും നിയമ പോരാട്ടം ആരംഭിക്കുകയും ചെയ്തിരുന്നു , പല കോണുകളിൽ നിന്നുള്ള ശക്തമായ വിമർശനങ്ങൾക്കും എതിർപ്പുകൾക്കും ശേഷം നെൽസൺ ഷാർഡിനെ പൗരത്വം നൽകാൻ ഹോം ഓഫീസ് സമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. അദ്ദേഹത്തിൻ്റെ നിയമപോരാട്ടത്തിനായി സ്വരൂപിച്ച 48,000 പൗണ്ടിലധികം ചാരിറ്റിക്ക് നൽകുമെന്ന് ഷാർഡേയുടെ കുടുംബം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂളിലെ ഒരു പ്രൈമറി സ്കൂളിൽ രണ്ട് കുട്ടികൾ മരണമടഞ്ഞത് ആശങ്ക ഉണർത്തി . യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആണ് കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. കുട്ടികൾ ഇരുവരും ലിവർപൂളിലെ എവർട്ടണിലുള്ള മിൽസ്റ്റെഡ് പ്രൈമറി സ്കൂളിൽ ആണ് പഠിച്ചിരുന്നത്. പഠനവൈകല്യമുള്ള കുട്ടികൾക്കായുള്ള സ്കൂൾ ആണ് മിൽസ്റ്റെഡ് പ്രൈമറി സ്കൂൾ.

മിൽസ്റ്റെഡ് പ്രൈമറി സ്കൂളിൽ നിലവിൽ ജിയാർഡിയ അണുബാധയുടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും രണ്ടു കുട്ടികളുടെ മരണത്തിനു കാരണം ജിയാർഡിയ ആണെന്ന് പറയാൻ പറ്റില്ലെന്നാണ് യുകെ എസ് എച്ച് എ അറിയിച്ചത്. സാധാരണ ഗ്യാസ്ട്രിക് രോഗം മൂലം മരണം സംഭവിക്കുക ഇല്ല എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. രണ്ട് കുട്ടികളുടെ മരണവാർത്ത കടുത്ത ആശങ്കയാണ് അധ്യാപകരിലും മാതാപിതാക്കളിലും ഉളവാക്കിയത്.

മിൽസ്റ്റെഡ് പ്രൈമറി സ്‌കൂളുമായി ബന്ധപ്പെട്ട നിരവധി ജിയാർഡിയ കേസുകൾക്ക് ശേഷം യുകെഎച്ച്എസ്എ ലിവർപൂൾ സിറ്റി കൗൺസിലിനോടും ആരോഗ്യവകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുകെഎച്ച്എസ്എയുടെ ചെഷയർ, മെഴ്‌സിസൈഡ് ഹെൽത്ത് പ്രൊട്ടക്ഷൻ ടീമിൻ്റെ കൺസൾട്ടൻ്റ് എമ്മ സാവേജ് പറഞ്ഞു, മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് രോഗം പകരുന്നത്. ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളാണ് മന്ത്രിസഭാ രൂപീകരണത്തിൽ വരുത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടെ യുകെ മന്ത്രിസഭയിൽ അധികാരം ഏൽക്കുന്ന ആദ്യത്തെ വനിതാ ചാൻസലർ ആണ് റേച്ചൽ റീവ്സ് . സ്ത്രീ പ്രാതിനിധ്യത്തിലും കെയർ സ്റ്റാർമർ മന്ത്രിസഭയും പാർലമെന്റും വളരെ മുന്നിലാണ്. ബ്രിട്ടീഷ് ജനസംഖ്യയുടെ 18 ശതമാനം വരുന്ന വെള്ളക്കാരല്ലാത്ത വംശീയ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന 87 എം പി മാരാണ് പുതിയ പാർലമെൻറിൽ ഉള്ളത്. അവരിൽ 66 പേരും ലേബർ പാർട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്.


യുവ എംപിമാരെ നേതൃത്വനിരയിലേയ്ക്ക് കൊണ്ടു വരുന്നതിന് പ്രത്യേക പ്രാധാന്യമാണ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ നടത്തിയിരിക്കുന്നത്. ഈ പാർലമെന്റിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട 5 എംപിമാർക്കാണ് സ്റ്റാർമർ തന്റെ മന്ത്രിസഭയിൽ സ്ഥാനം നൽകിയത്. പാർലമെൻറിൽ മുൻ പരിചയമില്ലാത്ത എംപിമാർക്ക് മന്ത്രിസ്ഥാനം നൽകുന്നത് അസാധാരണമായ നടപടിയാണ്. അതിൽ പ്രധാനപ്പെട്ടതാണ് മുൻകാല ലേബർ നേതാവായിരുന്ന ലോർഡ് ഫിലിപ്പ് ഗൗൾഡിൻ്റെ മകളുമായ ജോർജിയ ഗൗൾഡിനെ കാബിനറ്റ് ഓഫീസിൽ പാർലമെൻ്ററി സെക്രട്ടറിയായി നിയമിച്ചത് .


എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോയിലെ ജൂനിയർ മിനിസ്റ്റർ ആയി സ്ഥാനമേറ്റ മിയാറ്റ ഫാൻബുള്ളെ , മിനിസ്റ്റർ ഓഫ് വെറ്ററൻസ് ആയ കേണൽ അലിസ്റ്റർ കാർൺസ് എന്നിവരെല്ലാം ആദ്യമായി പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് .ആസൂത്രണ നിയമ വിദഗ്ധയായ സാറാ സാക്ക്മാൻ ആണ് പുതിയ സോളിസിറ്റർ ജനറൽ. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കിർസ്റ്റി മക്നീൽ ആണ് സ്കോട്ട്‌ലൻഡ് ഒഫീഷ്യൽ ജൂണിയർ മന്ത്രി. ജൂണിയർ മന്ത്രിമാരുടെ നിയമനം ഇതുവരെ പൂർത്തിയാട്ടില്ല . മന്ത്രി തലത്തിൽ യുവരക്തത്തെ ഉൾപ്പെടുത്തി തലമുറ മാറ്റത്തിനും കെയർ സ്റ്റാർമർ മുൻ കൈ എടുക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved