Main News

ലണ്ടന്‍: ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും രണ്ടാമത്തെ മകന്‍ ഹാരി രാജകുമാരന്റെയും വിവാഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം മെയ് മാസത്തില്‍ വിന്‍സര്‍ കാസിലില്‍ വെച്ചായിരിക്കും ഇവരുടെ വിവാഹം. മുന്‍ ഹോളിവുഡ് നടിയായ മെഗാന്‍ മാര്‍ക്കിള്‍ ആണ് ഹാരിയുടെ വധു. അമേരിക്കയിലെ ലോസാഞ്ചലസ് സ്വദേശിയായ മെഗാന്‍ രാജകുടുംബത്തിലെ ഇളമുറക്കാരന്റെ വധുവാകുമ്പോള്‍ ചില അപൂര്‍വതകള്‍ കൂടിയുണ്ട് പറയാന്‍. രാജകുടുംബത്തിലേക്ക് ഒരും മിശ്ര വംശജ വധുവായി എത്തുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

അതേ, മെഗാന്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയുടെയും വെളുത്ത വര്‍ഗ്ഗക്കാരന്റെയും മകളാണ്. 1987ല്‍ മെഗാന് ആറ് വയസുള്ളപ്പോള്‍ വിവാഹമോചിതരായവരാണ് മാതാപിതാക്കള്‍. ഡച്ച്-ഐറിഷ് പാരമ്പര്യമുള്ള തോമസ് മാര്‍ക്കിള്‍ ആണ് മെഗാന്റെ പിതാവ്. ആഫ്രിക്കന്‍ അമേരിക്കന്‍ പാരമ്പര്യമുള്ള ഡോറിയ മാതാവും. ഡോറിയയുടെ മുതുമുത്തച്ഛന്‍ അമേരിക്കയില്‍ അടിമത്തം പുലര്‍ന്ന കാലത്ത് പിറന്നയാളാണ്. 1865ലെ ആഭ്യന്തരയുദ്ധത്തിനൊടുവില്‍ മോചിതനായ ഇദ്ദേഹം തന്റെ പേരില്‍ വിസ്ഡം എന്ന് കൂട്ടിച്ചേര്‍ത്തു. ഈ അടിമ വംശത്തില്‍ നിന്നുള്ള ഒരാള്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വധുവായി എത്തുന്നത് ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണിനെപ്പോലെ മെഗാനും പേരിനൊപ്പം രാജകുമാരി എന്ന വിശേഷണത്തിന് അര്‍ഹയായിരിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. രാജരക്തമല്ലാത്തവരെ രാജകുമാരി എന്ന പേരില്‍ വിളിക്കാന്‍ ബ്രിട്ടീഷ് രാജവംശത്തിന്റെ ആചാരം അനുവദിക്കുന്നില്ല. എന്നാല്‍ പ്രിന്‍സസ് ഹാരി ഓഫ് വെയില്‍സ് എന്ന പേരില്‍ മെഗാന്‍ അറിയപ്പെടും. ഡയാന പ്രിന്‍സസ് ചാള്‍സ് ഓഫ് വെയില്‍സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വിവാഹമോചനത്തിനു ശേഷം വെയില്‍സ് രാജകുമാരി എന്നും ഡയാന അറിയപ്പെട്ടു.

ലണ്ടന്‍: അടുപ്പക്കാരില്‍ നിന്നും സംരക്ഷണച്ചുമതലയുള്ള മുതിര്‍ന്നവരിവല്‍ നിന്നും കുട്ടികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍. എന്‍എസ്പിസിസി കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2014 മുതല്‍ ഇത്തരം ആക്രമണങ്ങള്‍ 80 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പ്രൊഫഷണല്‍മാരായ അധ്യാപകര്‍, കെയര്‍ ജീവനക്കാര്‍, യൂത്ത് ജസ്റ്റിസ് വര്‍ക്കര്‍മാര്‍ എന്നിവര്‍ അവരുടെ സംരക്ഷണയിലുള്ളവര്‍ക്കു നേരെ നടത്തിയിട്ടുള്ള അതിക്രമങ്ങളുടെ എണ്ണം ഈ വര്‍ഷം ജൂണില്‍ 290 ആയതായാണ് വിവരം.

അതേ സമയം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് 159 എണ്ണം മാത്രമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 1000 കുറ്റകൃത്യങ്ങളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ഓരോ വര്‍ഷവും ഇതിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 15 വയസില്‍ പള്ളി ഗ്രൂപ്പിലെ യൂത്ത് ലീഡര്‍ പീഡിപ്പിക്കാന്‍ ആരംഭിച്ച കുട്ടിയുടെ കഥയും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമൊക്കെ തനിക്കൊപ്പം സമയം ചെലവിടാനും മെസേജുകള്‍ ചെയ്യാനും തുടങ്ങിയ യൂത്ത് ലീഡര്‍ തനിക്ക് 16 വയസായതോടെ മറ്റൊരു വിധത്തില്‍ പെരുമാറാന്‍ തുടങ്ങിയതായി കുട്ടി വെളിപ്പെടുത്തുന്നു. അയാള്‍ക്കെതിരെ സംസാരിക്കാന്‍ കഴിയാത്ത വിധത്തില്‍ താന്‍ ആശയക്കുഴപ്പത്തിലായിപ്പോയെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.

നിലവിലുള്ള നിയമ വ്യവസ്ഥകള്‍ കുട്ടികളുടെ സംരക്ഷണം പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്നില്ലെന്നാണ് ക്യാംപെയിനര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുമായി ഇടപഴകുന്ന സ്‌പോര്‍ട്‌സ് കോച്ചുമാര്‍, മതനേതാക്കള്‍, കലാപ്രവര്‍ത്തകര്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ ചില ഇളവുകള്‍ ഈ നിയമം നല്‍കുന്നുണ്ട്. 16-17 വയസ് പ്രായമുള്ളവരുമായി ഇവരുടെ ലൈംഗികബന്ധം നിയമവിരുദ്ധമായി കാണാന്‍ കഴിയില്ല. സ്‌പോര്‍ട്‌സ് കോച്ചുമാരുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ വരുത്തിയിട്ടുണ്ട്. മറ്റ് മേഖലകളിലും നിയന്ത്രണം വരുത്തണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ബില്ലില്‍ യുകെയും യൂറോപ്യന്‍ യൂണിയനും സമവായത്തിലെത്തിയെന്ന വാര്‍ത്തക്കു പിന്നാലെ പൗണ്ടിന്റെ മൂല്യം കുതിച്ചുയര്‍ന്നു. അടുത്ത മാസത്തോടെ നിര്‍ണ്ണായകമായ വാണിജ്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ സമവായത്തിലൂടെ സാധിക്കുമെന്നതിനാലാണ് പൗണ്ടിന് ഉണര്‍വുണ്ടായത്. ഡോളറിനെതിരെ 0.9 ശതമാനം മൂല്യം ഉയര്‍ന്ന പൗണ്ട് ഇപ്പോള്‍ 1.3367 ഡോളര്‍ നിരക്കിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. യൂറോപ്യന്‍ യൂണിയനുമായി 44 മുതല്‍ 55 ബില്യന്‍ യൂറോയുടെ നഷ്ടപരിഹാര വ്യവസ്ഥക്കാണ് അംഗീകാരമായത്.

യൂറോക്കെതിരെ പൗണ്ടിന്റെ മൂല്യം ഒരു ശതമാനത്തിലേറെ വര്‍ദ്ധിച്ച് 1.1271 യൂറോ നിരക്കിലെത്തി. 2019ല്‍ നടക്കുമായിരുന്ന പ്രതിസന്ധികള്‍ നിറഞ്ഞ ബ്രെക്‌സിറ്റ് ഒഴിവാക്കിക്കൊണ്ടാണ് ഡിവോഴ്‌സ് ബില്ലിന് അംഗീകാരമായത്. ഡിസംബറില്‍ ഇടക്കാല വാണിജ്യ ഉടമ്പടികള്‍ നിലവില്‍ വരാനുള്ള സാധ്യതകളും ഇതോടെ തെളിഞ്ഞു. ഈ വ്യവസ്ഥയനുസരിച്ച് രൂപീരിച്ച രീതിശാസ്ത്രമനുസരിച്ചായിരിക്കും അവസാന ഘട്ടത്തില്‍ നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

ബ്രെക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍ കസ്റ്റംസ് യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനു അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനുമിടയിലുണ്ടാകാനിടയുള്ള അതിര്‍ത്തി പ്രതിസന്ധി ഏതു വിധത്തില്‍ പരിഹരിക്കാമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. വാണിജ്യ ചര്‍ച്ചകള്‍ക്ക് മുമ്പായി ഈ പ്രശ്‌നവും ഡിവോഴ്‌സ് ബില്‍, യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലുള്ള അവകാശങ്ങള്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ കാര്യമായ ഇടിവ് ഉണ്ടായിരുന്നു. ഡോളറിനും യൂറോയ്ക്കും താഴേക്ക് പോയ പൗണ്ട് ഇപ്പോള്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

എൻ എച്ച് എസിലേക്ക് ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അറിയിച്ചു. ആദ്യ ബാച്ചിൽ പെട്ട500 നഴ്സുമാർ മാർച്ചിൽ എത്തും. തത്ക്കാലിക നിയമനം മാത്രമാണ് ഇവർക്ക് ലഭിക്കുക. തങ്ങളുടെ കോൺട്രാക്റ്റ് കഴിഞ്ഞാൽ അതാത് രാജ്യങ്ങളിലേയ്ക്ക് മടങ്ങണം എന്ന നിബന്ധനയോടെയാണ് റിക്രൂട്ട്മെന്റ് ചെയ്യുന്നത്.  യുകെയിൽ എത്തുന്ന നഴ്സുമാർക്ക് ട്രെയിനിംഗ് നല്കി എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ നിയമിക്കും. എത്ര കാലത്തേക്കാണ് നിയമനമെന്ന് വ്യക്തമാക്കിയിട്ടില്ല.

യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം മേയില്‍. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്ന് തിങ്കളാഴ്ച ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ വിവാഹത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. എലിസബത്ത് രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചാകും താലികെട്ട്. പ്രൊട്ടസ്റ്റന്റുകാരിയായ മെഗാന്‍ മെര്‍ക്കല്‍ വിവാഹത്തിനുമുമ്പ് ആംഗ്ലിക്കന്‍ സഭയുടെ ആചാരങ്ങള്‍ അനുസരിച്ചുള്ള മാമോദീസയും മറ്റ് കൂദാശകളും സ്വീകരിച്ച് രാജകീയ വധുവായി ഒരുങ്ങും. ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വവും സ്വീകരിക്കും.

നിയമപരമായ നടപടികളും പാസ്‌പോര്‍ട്ട് നിയമങ്ങളും പാലിച്ചാകും ഇത്. ചാള്‍സിനു ശേഷം കിരീടാവകാശിയായ ഹാരിയുടെ സഹോദരന്‍ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും വിവാഹം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ വച്ചായിരുന്നു. ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ വന്‍നിരതന്നെ വിവാഹചടങ്ങിന് എത്തും. ഹാരിയുടെ അടുത്ത സുഹൃത്തായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാണെങ്കിലും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ക്ഷണമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശികളുടെയെല്ലാം വിവാഹത്തിന് അമേരിക്കന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാറുണ്ട്. വില്യമിന്റെ വിവാഹത്തിനുള്‍പ്പെടെ അവര്‍ എത്തുകയും ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും ട്രംപിനെ ഇക്കുറി ക്ഷണിതാക്കളുടെ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. അമേരിക്കന്‍ പ്രസിഡന്റായശേഷം പ്രതിഷേധങ്ങള്‍ ഭയന്ന് ട്രംപ് ഇനിയും ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയിട്ടില്ല.

പ്രിൻസ് രാജകുമാരന്റെ വിവാഹ ദിവസം ബാങ്ക് ഹോളിഡേ ലഭിച്ചിരുന്നു. എന്നാൽ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം ദിവസം പൊതു അവധി ലഭിക്കാനുള്ള സാധ്യത ബക്കിങ്ങ്ഹാം പാലസ് നേരെത്തെ തള്ളിയിരുന്നു.

ശനിയാഴ്ച സായാഹ്നത്തില്‍ പോര്‍ട്ട്‌ചെസ്റ്ററിലെ കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേര്‍ന്ന സംഗീതാസ്വാദകര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവതതിന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് കൊണ്ടായിരിക്കും മടങ്ങി പോയത് എന്ന് തീര്‍ച്ചയാണ്. അത്രയേറെ ഹൃദയസ്പര്‍ശിയായ ഒരു സംഗീത സായാഹ്നം ആയിരുന്നു ടീം സംഗീത് മല്‍ഹാര്‍ അണിയിച്ചൊരുക്കിയത്. പഴയതും പുതിയതുമായ ഗാനങ്ങള്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി അനുഗ്രഹീത ഗായകരുടെ കണ്ഠനാളങ്ങളില്‍ നിന്നൊഴുകിയെത്തിയപ്പോള്‍ അത് മറക്കാനാവാത്ത അനുഭവമായി മാറി.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു ‘സംഗീത് മല്‍ഹാര്‍’ എന്ന മനോഹര പരിപാടിക്ക് ആരംഭം കുറിച്ചത്. പ്രശസ്ത ഗാന രചയിതാവായ പ്രകാശ് അഞ്ചല്‍ ആണ് ഭദ്രദീപം കൊളുത്തി സംഗീത് മല്‍ഹാര്‍ ഉദ്ഘാടനം ചെയ്തത്.  അനുഗ്രഹങ്ങളുമായി ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. അനൂപും, റവ. ഫാ. വര്‍ഗീസും പ്രകാശിനൊപ്പം നിലവിളക്കിലെ തിരിനാളങ്ങള്‍ തെളിയിച്ചു. ടീം സംഗീത് മല്‍ഹാര്‍ സാരഥികളായ നോബിള്‍ മാത്യു, രാജേഷ് ടോംസ്, മീഡിയ പാര്‍ട്ണര്‍ ആയ മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, അവതാരിക രശ്മി രാജേഷ്, മറ്റ് സംഘാടകര്‍, ഗായകര്‍ തുടങ്ങിയവരും പ്രൌഡ ഗംഭീരമായ സദസ്സിനൊപ്പം ആ ധന്യ നിമിഷത്തിനു സാക്ഷികളായി മാറി.

യുകെയിലെ ഏറ്റവും മികച്ച പാട്ടുകാര്‍ ഒന്നൊന്നായി വേദിയിലെത്തിയ അസുലഭ നിമിഷങ്ങള്‍ ആയിരുന്നു പിന്നീട്. ഓരോ പാട്ടുകളും നിറഞ്ഞ കരഘോഷത്തോടെ ആയിരുന്നു കാണികള്‍ സ്വീകരിച്ചത്. ജൂനിയര്‍ എ ആര്‍ റഹ്മാനും യതീന്ദ്രദാസും വേദിയില്‍ എത്തിയതോടെ സദസ്സ് ഇളകി മറിഞ്ഞു. അടിപൊളി ഗാനങ്ങളോടെ ഇരുവരും അരങ്ങ് തകര്‍ത്തപ്പോള്‍ അത് തികച്ചും വേറിട്ട അനുഭവമായി മാറി.

ഹൃദയഹാരിയായ ഗാനങ്ങള്‍ക്കൊപ്പം തന്നെ കണ്ണുകള്‍ക്ക് കാഴ്ച്ചയുടെ അമൃതം നല്‍കി മനോഹരമായ നൃത്തച്ചുവടുകളും അരങ്ങിലെത്തി. ബോളിവുഡ് ഗാനങ്ങള്‍ക്കും മലയാള ഗാനങ്ങള്‍ക്കും ഒപ്പം ചുവടു വച്ച നര്‍ത്തകര്‍ സദസ്യരെ ഇളക്കി മറിച്ചു. കൂടാതെ രസച്ചരട് തീര്‍ക്കാന്‍ മികച്ച കോമഡി സ്കിറ്റുകളും അരങ്ങേറി. വരുണ്‍ മയ്യനാടും ശോഭന്‍ ബാബുവും ചേര്‍ന്ന് ശബ്ദാനുകരണത്തിന്‍റെ അത്ഭുത വിദ്യകള്‍ അവതരിപ്പിച്ചത് കയ്യടി നേടി.

ഓര്‍മ്മയില്‍ എന്നെന്നും കാത്തു സൂക്ഷിക്കാന്‍ പറ്റിയ ഈ സായാഹ്നം ആസ്വദിക്കാന്‍ നവംബറിലെ കൊടും ശൈത്യം പോലും കാര്യമാക്കാതെ എത്തിയ അഞ്ഞൂറിലധികം വരുന്ന കാണികളെ കാത്ത് രുചികരമായ വിഭവങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. മിതമായ വിലക്ക് നല്‍കിയ നാടന്‍ ഭക്ഷണം ഏവരും നന്നായി ആസ്വദിച്ചു.

സംഗീത് മല്‍ഹാറിന്‍റെ നാലാം എപ്പിസോഡ് മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തില്‍ പരിപാടികള്‍ക്ക് തിരശ്ശീല വീണത് രാത്രി പത്ത് മണിയോട് കൂടി ആയിരുന്നു. യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഈ പ്രോഗ്രാം സംഘാടന മികവിലും അവതരണ ശൈലിയിലും മികച്ച് നിന്ന ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം. ഗ്രേസ് മെലഡിയോസ് പോര്‍ട്സ്മൗത്ത്, ഹെവന്‍ലി വോയ്സ് സാലിസ്ബറി, മേഘ വോയ്സ് സൌത്താംപ്ടന്‍, മഴവില്‍ സംഗീതം ബോണ്‍മൌത്ത് തുടങ്ങിയ ടീമുകളില്‍ നിന്നുള്ള ഗായകര്‍ ആയിരുന്നു ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഗാനങ്ങള്‍ ആലപിച്ചത്.

മലയാളം യുകെയ്ക്ക് വേണ്ടി ബിജു മൂന്നാനപ്പള്ളില്‍ (ബിടിഎം ഫോട്ടോഗ്രാഫി) പകര്‍ത്തിയ ‘സംഗീത് മല്‍ഹാര്‍’ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലണ്ടന്‍: വിന്റര്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് ഡിസംബര്‍ ഒന്നിനാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് പത്ത് വരെയെത്തി. ഇതോടെ ജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്തേണ്‍ പ്രദേശങ്ങളായ ടീസ്‌ഡെയില്‍, കൗണ്ടി ഡര്‍ഹാം എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ചു കഴിഞ്ഞു. ഐസ് ലാന്‍ഡ് തലസ്ഥാനത്തേക്കാള്‍ തണുപ്പ് ബ്രിട്ടനില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. റെയ്ക്യാവിക്കില്‍ ഉയര്‍ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസും ഹെല്‍സിങ്കില്‍ 3 മുതല്‍ 4 ഡിഗ്രി വരെയുമാണ് ഈയാഴ്ച പ്രതീക്ഷിക്കുന്നത്.

സ്‌കോട്ട്‌ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാഴവും വെള്ളിയും താപനില ഏറ്റവും കുറഞ്ഞ ദിവസങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൈനസ് പത്ത് വരെ താപനില താഴും. കടുത്ത ശൈത്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രായമുള്ളവരുടെയും കുട്ടികളുടെയു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.

ഹൃദയ രോഗികള്‍ക്കും ശ്വാസകോശ രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. വീടുകള്‍ക്കുള്ളിലെ താപനിയ 18 ഡിഗ്രിയാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കട്ടിയുള്ള ഒരു വസ്ത്രം മാത്രം ധരിക്കാതെ കനം കുറഞ്ഞ ഒന്നിലേറെ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉത്തമമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ റോഡുകളില്‍ മഞ്ഞ്മൂടി തെന്നലുണ്ടാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്‌കാര്‍ലറ്റ് ഫീവര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 1967ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണമെന്നാണ് വിവരം. 2016ല്‍ 19,000 പേര്‍ക്ക് രോഗം ബാധിച്ചു. 50 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഇത്. അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ അഞ്ചിരട്ടിയാണ് രോഗബാധിതരുടെ എണ്ണമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളേക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും കുട്ടികള്‍ രോഗബാധിതരായെന്ന് തോന്നിയാല്‍ ജിപിമാരെ സമീപിക്കണമെന്നും ജനങ്ങള്‍ക്ക് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുന്നു.

10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നതെങ്കിലും ഏത് പ്രായക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. തൊണ്ടയടപ്പ്, തലവേദന എന്നിവയോട്കൂടിയ പനിയും ചര്‍മ്മത്തില്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് ഉരച്ചതുപോലെയുള്ള ചുവന്ന പാടുകളുമാണ് പ്രധാന ലക്ഷണങ്ങള്‍. ന്യുമോണിയ, സെപ്‌സിസ്, കരള്‍, വൃക്ക തകരാറുകള്‍ എന്നിവ ഈ രോഗത്തിന് അനുബന്ധമായി ഉണ്ടാകുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് വിഭാഗത്തിലുള്ള ഒരു ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരും.

വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ രോഗം കാണാറുണ്ടെങ്കിലും സ്പ്രിംഗിലാണ് ഏറ്റവും കൂടുതലുള്ളത്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ കുട്ടികളുടെ മരണങ്ങള്‍ക്ക് ഏറ്റവും വലിയ കാരണക്കാരന്‍ ഈ രോഗമായിരുന്നു. 1900 മുതല്‍ 1930 വരെയുള്ള സമയത്ത് ഈ രോഗം മൂലം ഇംഗ്ലണ്ടിലും വെയില്‍സിലും മരിച്ചവരുടെ എണ്ണം 100,000 കടന്നിരുന്നു. ഇപ്പോള്‍ ഈ രോഗം വ്യാപകമാകുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും വിയറ്റ്‌നാം, ചൈന, സൗത്ത് കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ഈ രോഗം പടരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്നതും യുകെയിലെ രോഗവ്യാപനവുമായി നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സ്‌ട്രെപ്‌റ്റോകോക്കല്‍ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ മേധാവി ഡോ.തെരേസ ലമാഗ്നി പറഞ്ഞു.

ടൈറ്റാനിക് അപകടത്തെ ആസ്പദമാക്കി ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ജാക്കിന്റെയും റോസിന്റെയും ദുരന്ത പ്രണയകഥ പറഞ്ഞ ചിത്രത്തിനൊടുവില്‍ ജാക്കിന്റെ മരണരംഗം ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. തിരക്കഥയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തി ജാക്കിനെ മരണത്തിനു വിടാതിരിക്കാമായിരുന്നു എന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടിരുന്നതാണ്. ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചോദ്യത്തിന് വിശദീകരണം നല്‍കുകയാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍.

വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണാ കാമറൂണിന്റെ വെളിപ്പെടുത്തല്‍. മറുപടി വളരെ ലളിതമാണ്, തിരക്കഥയുടെ 1047-ാം പേജില്‍ ജാക്ക് മരിക്കുന്നു എന്ന് എഴുതിയിരിക്കുന്നു. റോസിനെ ജീവിക്കാന്‍ വിടുകയും ജാക്കിനെ മരണത്തിനു വിടുകയും ചെയ്യുക! തികച്ചും കലാപരമായ ഒരു തെരഞ്ഞെടുപ്പ്. റോസ് രക്ഷപ്പെടാന്‍ പിടിച്ചു കിടക്കുന്ന കതകില്‍ ഒരാള്‍ക്ക് കൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ പോലും ജാക്ക് മരിക്കുമായിരുന്നു. സ്ഥലമുണ്ടായിരുന്നുവെന്നതാണ് വാസ്തവമെന്ന് കാമറൂണ്‍ പറഞ്ഞു.

ജാക്ക് ജീവിച്ചിരുന്നെങ്കില്‍ ചിത്രത്തിന്റെ അന്ത്യം നിരര്‍ത്ഥകമാകുമായിരുന്നു. മരണവും വിരഹവുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. അതുകൊണ്ട് ജാക്ക് മരിച്ചേ പറ്റൂ. കപ്പലിന്റെ ഭീമന്‍ പുകക്കുഴല്‍ വീണായാലും ജാക്ക് മരിക്കുമായിരുന്നു. ഇത് ഇത്ര വലിയ വിഷയമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും കാമറൂണ്‍ പറയുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് ചര്‍ച്ചയാകുന്നുണ്ടല്ലോ. അതാണ് കലയുടെ ശക്തി. കലാപരമായ കാരണങ്ങളാലാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും കാമറൂണ്‍ പറഞ്ഞു.

ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെയിലെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തട്ടിപ്പുകളില്‍പ്പെട്ട് നഷ്ടമായത് ഒരു ബില്യനിലേറെ പൗണ്ട്. കംപെയര്‍ദിമാര്‍ക്കറ്റ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയ കണക്കുകളാണ് സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് വന്‍തുക നഷ്ടമായത് വ്യക്തമാക്കുന്നത്. 2000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. തങ്ങള്‍ സ്വരുക്കൂട്ടിയ പണം നഷ്ടമായതോടെ യുകെയിലെ 10ല്‍ ഒരാള്‍ വീതം കാര്‍ഡുകള്‍ ഉപേക്ഷിക്കുകയാണെന്നും വ്യക്തമായി.

ഓണ്‍ലൈന്‍ കാര്‍ഡ് തട്ടിപ്പുകള്‍ക്ക് 50 ലക്ഷത്തോളം ആളുകള്‍ ഇരയായെന്നാണ് കണക്ക്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം നിര്‍ത്തി അവ റദ്ദാക്കുന്നവരുടെ എണ്ണം 5.2 ദശലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷം 4.5 ദശലക്ഷം പേര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ചിരുന്നു. ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞ് ഇന്ന് സൈബര്‍ മണ്‍ഡേ വ്യാപാരം നടക്കാനിരിക്കേ ഈ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഏറെയാകാനാണ് സാധ്യതയെന്ന് വെബ്‌സൈറ്റിന്റെ ധനകാര്യ വിഭാഗം മേധാവി ഷക്കീല ഹഷ്മി പറയുന്നു.

തട്ടിപ്പിനിരയാകുന്ന ഒരാളില്‍ നിന്ന് ശരാശരി 544 പൗണ്ട് വീതം കൊള്ളയടിക്കപ്പെടുന്നുണ്ടെന്നാണ് വ്യക്തമായത്. തട്ടിപ്പുകള്‍ക്ക് ഇരയായി പണം നഷ്ടപ്പെടുന്നവര്‍ക്ക് അത് തിരികെ നല്‍കാനുള്ള വ്യവസ്ഥകള്‍ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈബര്‍ കുറ്റങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെയാളുകളും കരുതുന്നത്. പേയ്‌മെന്റ് നടത്തുന്നതിനിടെയാണ് തട്ടിപ്പുകള്‍ ഏറെയും ഉണ്ടാകുന്നതെന്നും വ്യക്തമായിട്ടുണ്ട്.

Copyright © . All rights reserved