Main News

ഓണ്‍ലൈന്‍ ഡോക്ടര്‍ സൈറ്റുകള്‍ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ വിറ്റഴിക്കുന്ന രീതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍. പ്രിസ്‌ക്രിപ്ഷന്‍ ഒണ്‍ലി മരുന്നുകള്‍ സൈറ്റുകള്‍ വഴി നല്‍കുന്നത് നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്ന് സിക്യുസി പറയുന്നു. ഇംഗ്ലണ്ടിന് പുറത്തുള്ള ഡോക്ടര്‍മാരെയാണ് വെബ്‌സൈറ്റുകള്‍ രോഗികള്‍ക്കു വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇങ്ങനെ ചികിത്സ നല്‍കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബിബിസി പനോരമ അന്വേഷണം വെളിപ്പെടുത്തിയതിനു ശേഷമാണ് റെഗുലേറ്റര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇത്തരം വെബ്‌സൈറ്റുകള്‍ അപകടകാരികളാണെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത്തരം കമ്പനികളുമായി കരാറിലെത്തിയിരിക്കുന്ന ഇംഗ്ലണ്ടിലുള്ള ഡോക്ടര്‍മാരുടെ കാര്യത്തില്‍ പരിശോധന നടത്താന്‍ മാത്രമേ നിലവില്‍ സിക്യുസിക്ക് സാധിക്കൂ. ചികിത്സ നടത്താന്‍ വിലക്കുള്ള ഡോക്ടര്‍മാര്‍ പോലും ഇത്തരം സൈറ്റുകളിലൂടെ രോഗികള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 20 വര്‍ഷം മുമ്പ് മുന്‍ ഡോക്ടറായ ജൂലിയന്‍ എയ്ഡന്‍ ആണ് ഇ-മെഡ് എന്ന പേരില്‍ യുകെയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഡോക്ടര്‍ സര്‍വീസ് ആരംഭിച്ചത്. 2009ല്‍ ഇയാളെ ഇതില്‍ നിന്ന് വിലക്കി.
അഞ്ചു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുമൊത്ത് യൂറോഎക്‌സ് എന്ന പേരില്‍ പുതിയ കമ്പനി ആരംഭിച്ചു. റൊമേനിയയില്‍ നിന്നാണ് ഈ സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

എയ്ഡന് മരുന്നുകള്‍ നല്‍കാന്‍ കഴിയില്ലെങ്കിലും ഇയാളുടെ റൊമേനിയന്‍ കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഇതില്‍ തടസമില്ല. ചില വോളന്റിയര്‍മാരുടെ സഹായത്തോടെയാണ് പനോരമ അന്വേഷണം നടത്തിയത്. സൈറ്റുകള്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അവരുടെ ജിപി നല്‍കുമോ എന്ന കാര്യമാണ് പരിശോധിച്ചത്. എന്നാല്‍ രോഗികള്‍ക്ക് അപകടകരമാകുന്ന മരുന്നുകള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഈ സൈറ്റുകള്‍ ചെയ്തത്. ഇങ്ങനെ മരുന്നുകള്‍ നല്‍കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും അതിന് നിയന്ത്രണങ്ങള്‍ വേണമെന്നും റോയല്‍ കോളേജ് ഓഫ് ജിപീസ് ചെയര്‍, പ്രൊഫ.ഹെലന്‍ സ്റ്റോക്‌സ് ലാംപാര്‍ഡ് പറഞ്ഞു.

ഹാര്‍ഡ് ബ്രെക്‌സിറ്റാണ് ഉണ്ടാകുന്നതെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ ജോലിയുപേക്ഷിച്ച് പ്രായമായവരെ സംരക്ഷിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ റിപ്പോര്‍ട്ടാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ പുതിയ മൈഗ്രേഷന്‍ നിയമം അനുസരിച്ച് മറ്റു മേഖലകളിലേക്ക് നിയോഗിക്കേണ്ടി വരും. ബ്രെക്‌സിറ്റിനു ശേഷം ജീവനക്കാരിലുണ്ടാകുന്ന കുറവ് മറികടക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകള്‍ക്ക് ജോലി രാജിവെച്ച് പ്രായമായ ബന്ധുക്കളെ പരിപാലിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മുതിര്‍ന്നവരെ പരിപാലിക്കുന്നതിനായുള്ള സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് വലിയൊരു ബാധ്യതയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് നിലച്ചാല്‍ 6000 ഡോക്ടര്‍മാരുടെയും 12000 നഴ്‌സുമാരുടെയും 28,000 കെയര്‍ സ്റ്റാഫിന്റെയും കുറവ് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കെയര്‍ സ്റ്റാഫിന്റെ കുറവു മൂലം ജനങ്ങള്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി ജോലിയില്‍ നിന്ന് വിട്ടു നിന്നാല്‍ അത് ലേബര്‍ മാര്‍ക്കറ്റിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയുപേക്ഷിച്ച് മാറിനില്‍ക്കേണ്ടി വരുമെന്ന പരാമര്‍ശത്തിനെതിരെ വ്യക്തികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നമ്മുടെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന്റെ പ്രത്യേകതകകള്‍ മൂലം നിരവധി സ്ത്രീകള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ദി ഫോസറ്റ് സൊസൈറ്റി ട്വീറ്റ് ചെയ്തു. അതിനെ കൂടുതല്‍ ഗുരുതരമാക്കാന്‍ അനുവദിക്കരുതെന്നും ബ്രെക്‌സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കാമെന്നും സന്ദേശം പറയുന്നു. സ്ത്രീകളെ അവരുടെ ജോലികളില്‍ നിന്ന് മാറ്റി വേതനമില്ലാത്ത കെയര്‍ ജോലിയിലേക്ക് നിയോഗിക്കാനാണ് നീക്കമെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

ലണ്ടന്‍: സാധാരണയായി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവരുടെ പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തിലും ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് മാതാപിതാക്കളാണ്. എന്നാല്‍ സൗത്ത്-വെസ്റ്റ് ലണ്ടന്‍ സ്വദേശികളായി റിച്ചാര്‍ഡ് ലാനിഗന്‍-ജെനറ്റ് ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണ്. തങ്ങളുടെ കുട്ടികള്‍ അസുഖ ബാധിതരായാല്‍ പോലും മരുന്നുകള്‍ കൊടുക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും വാദം. പാരമ്പര്യ വാദികളും സമാന്തര ആരോഗ്യ സംരക്ഷണ രീതികളിലും വിശ്വസിക്കുന്ന ഇരുവരും മോഡേണ്‍ മെഡിസിന്‍ കുട്ടികളിലെ പ്രതിരോധശക്തിയെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നവരാണ്.

16 കാരികളായ ഇരട്ടക്കുട്ടികളുടെയും 11 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെയും അച്ഛനായ ലാനിഗന്‍ തന്റെ മക്കള്‍ക്ക് ഇതുവരെ മരുന്നുകള്‍ നല്‍കിയിട്ടില്ല. കുട്ടികളില്‍ സ്വഭാവികമായ രോഗപ്രതിരോധശേഷിയുണ്ടെന്നും അതിനെ മറികടന്ന് ഇത്തരം മരുന്നുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി യാതൊരുവിധ മരുന്നുകളും നല്‍കിയിട്ടില്ല. വാക്‌സിനുകളും ഇയാള്‍ കുട്ടികള്‍ക്ക്് നല്‍കിയിട്ടില്ല. ഇരട്ടകള്‍ എന്നാല്‍ അടുത്തിടെ സ്വന്തം തീരുമാനപ്രകാരം വാക്‌സിനുകള്‍ എടുത്തു. ആഫ്രിക്കയിലേക്കും സൗത്ത് അമേരിക്കയിലേക്കും സന്നദ്ധ പ്രവര്‍ത്തനത്തിനു പോകുന്നതിന്റെ ഭാഗമായാണ് ഇവര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്.

ഇവരുടെ പെണ്‍കുട്ടികളില്‍ ഒരാളെ കടുത്ത ചുമ ബാധിച്ച് ആശുപത്രിയിലാക്കേണ്ട സാഹചര്യം വന്നിരുന്നു. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോഴും ആന്റി-ബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മുലപ്പാലില്‍ നിന്നുള്ള പോഷക ഘടകങ്ങള്‍ കുട്ടിയുടെ പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. കുട്ടി പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരികെയുത്തുകയും ചെയ്തു.

മക്കള്‍ക്ക് രോഗം വരാന്‍ അനുവദിക്കുന്നതിലൂടെ അവരുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാനിഗന്‍ വാദിക്കുന്നു. നിലവില്‍ മക്കള്‍ക്ക് വല്ലപ്പോഴും വരുന്ന ചുമ ഒഴിച്ചു നിര്‍ത്തിയാല്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഇയാള്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായി കാഴ്ച്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ലാനിഗന്‍ മറ്റുള്ളവരും തന്നെ മാതൃകയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.

ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോള്‍ ചെയ്ത ജിപി പിടിക്കപ്പെട്ടപ്പോള്‍ ജോലി രാജിവെച്ചു. ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍ എന്ന ഡോക്ടറാണ് ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോളിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൈമറി കെയര്‍ ഡയറക്ടറായിരുന്നു ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍. എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ മടിയന്‍മാരും അത്യാഗ്രഹികളുമാണെന്നാണ് ഇയാള്‍ ജിപിമാരുടെ സോഷ്യല്‍ മീഡിയ ഫോറത്തില്‍ അജ്ഞാതം പ്രൊഫൈലില്‍ നിന്ന് ട്രോള്‍ ചെയ്തത്.

ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പേരില്‍ പള്‍സ് മാഗസിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ പോസ്റ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ പ്രൊഫൈലില്‍ നിന്ന് വന്ന പോസ്റ്റുകള്‍ ആര്‍ക്കെങ്കിലും ദോഷകരമായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഡോ.മദന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടമായി. അതിനാലാണ് രാജി വെക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിലൂടെ നമുക്ക് ആറക്ക ശമ്പളമാണ് ലഭിക്കുന്നതെന്നായിരുന്നു ഒരു കമന്റില്‍ ഡോ.മദന്‍ പറഞ്ഞത്.

ജനറല്‍ പ്രാക്ടീസിലും ഇംഗ്ലണ്ടിലെ പ്രൈമറി കെയറിലും താന്‍ സ്വയം നിയോഗിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്നു വര്‍ഷത്തേക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ഓഫ് പ്രൈമറി കെയര്‍ സ്ഥാനത്തും ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തും എത്തിയതെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ചുമതലകളുടെ കാലാവധി കഴിയും. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുകയാണെന്നും ഡോ.മദന്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ പ്രത്യേക ഇന്‍ജെക്ഷന്‍ മുറികള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ടോറി എംപിമാര്‍. എച്ച്‌ഐവി പകരുന്നത് കുറയ്ക്കാനും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് ഈ ആവശ്യം. തെരേസ മേയ്ക്കു മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ടോറി അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍സംപ്ഷന്‍ റൂമുകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം എടുത്തു കളയണമെന്നാണ് ആവശ്യം. നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് തുടങ്ങിവെച്ച ക്യാംപെയിനിനു തുടര്‍ച്ചയായാണ് അഞ്ച് ക്രോസ് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പുകളുടെ തലവന്‍മാരുള്‍പ്പെടുന്ന അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍ക്ക് വൈദ്യസഹായത്തോടെ അവ കുത്തിവെക്കാന്‍ സൗകര്യമൊരുക്കിയിരുന്ന മുറികളായിരുന്നു ഡിസിആറുകള്‍. ഇവ അടിയന്തര പ്രാധാന്യത്തോടെ തുറക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ വ്യാപകമായി എച്ച്‌ഐവി പകരുന്നുണ്ടെന്ന് നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് പറയുന്നു. അതിന് തടയിടാന്‍ നിരവധി പ്രതിബന്ധങ്ങളാണ് മുന്നിലുള്ളത്. ഡിസിആറുകള്‍ തുറക്കുന്നതിനെതിരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഒരു പ്രധാന തടസമാണെന്നും എയിഡ്‌സ് ചാരിറ്റി വ്യക്തമാക്കുന്നു.

ഈ വിഷയം കഴിഞ്ഞ മാസം എസ്എന്‍പി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഡിസിആറുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ചികിത്സയും മയക്കുമരുന്നില്‍ നിന്നുള്ള മോചനവുമാണ് മുന്‍ഗണനയെന്നുമാണ് പ്രധാനമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമാണ് വേണ്ടതെന്ന് എംപിമാരുടെ സംഘം ഹോം സെക്രട്ടറി സാജിദ് ജാവീദിന് അയച്ച കത്തില്‍ പറഞ്ഞു. എച്ച്‌ഐവി പടരുന്നതിന് തടയിടാന്‍ അത് ആവശ്യമാണെന്നും കത്ത് വ്യക്തമാക്കുന്നു.

സര്‍ജന്‍മാര്‍ തമ്മിലുള്ള തീരാപ്പക മൂലം ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ആശുപത്രിയിലെ ഹാര്‍ട്ട് യൂണിറ്റില്‍ മരണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ മൈക്ക് ബെവിക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുത രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൗത്ത് ലണ്ടനിലുള്ള ഈ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി മരണ നിരക്ക് 3.7 ശതമാനമാണ്. ദേശീയ ശരാശരിയായ 2 ശതമാനത്തിനു മേല്‍ മരണ നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ റിവ്യൂ നടത്തിയത്. രഹസ്യ റിപ്പോര്‍ട്ട് ചോരുകയായിരുന്നു.

ആശുപത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രാചീന ഗോത്ര വിഭാഗങ്ങള്‍ പുലര്‍ത്തുന്നതിനു സമാനമായ ശത്രുതയാണ് പുലര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആഭ്യന്തര വിലയിരുത്തല്‍ ശരിയായ വിധത്തിലല്ല നടന്നത്. പ്രൊഫസര്‍ ബെവിക്കിന്റെ റിവ്യൂവില്‍ വിചിത്രമായ ചില കണ്ടെത്തലുകളും ഉണ്ട്. ചിലര്‍ക്ക് ആശുപത്രിയില്‍ ഒരു ദുരൂഹമായ അന്തരീക്ഷം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ തമ്മിലുള്ള ശത്രുതയ്ക്ക് ചില ഇരുണ്ട ശക്തികളുടെ പ്രഭാവമാണെന്നും റിവ്യൂവില്‍ പറയുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തിലുണ്ടായിരിക്കുന്ന പരാജയത്തിന് മുഴുവന്‍ ജീവനക്കാരും ഉത്തരവാദികളാണ്. പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും സര്‍ജിക്കല്‍ മൊറാലിറ്റി കാത്തുസൂക്ഷിക്കുന്നതിലും ഇവര്‍ പരാജയപ്പെട്ടെന്നും റിവ്യൂ വ്യക്തമാക്കുന്നു.

സര്‍ജിക്കല്‍ ടീം ആന്തരികമായും ബാഹ്യമായും പ്രവര്‍ത്തന രഹിതമായെന്ന് കാണേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. മരണനിരക്ക് ഉയരാന്‍ കാരണമായത് ജീവനക്കാരുടെ ശത്രുതാ മനോഭാവമാണ്. ശക്തമായ നേതൃത്വത്തെയും പുതിയ ജീവനക്കാരെയും ഇവിടെ നിയോഗിക്കേണ്ടി വരുമെന്നും ബെവിക്ക് വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ എല്ലാ കാര്‍ഡിയാക് സര്‍ജന്‍മാരെയും സിംഗിള്‍ സ്‌പെഷ്യാലിറ്റി പ്രാക്ടീസിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹീറ്റ് വേവ് മൂലം യുകെയില്‍ കൊല്ലപ്പെട്ടത് 650ലേറെ ആളുകളെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 663 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇക്കാലയളവിലുണ്ടായിരിക്കുന്നതും ഈ വര്‍ഷമാണ്. കിഡ്‌നി, ഹൃദയ രോഗങ്ങളുള്ളവരും പ്രായമായവരുമാണ് ഏറെ ഭീഷണി നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവ് മൂലമുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അമിത ക്ഷീണം, അണുബാധ, ഹൃദയാഘാതം, പക്ഷാഘാതം മുതലയാവയുണ്ടാകാനുള്ള സാധ്യത ശരീരത്തിലെ ജലാംശം കുറയുന്നതു മൂലം ഉണ്ടാകാമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് പറഞ്ഞു. പ്രായമായവരിലാണ് ഇവയ്ക്കും സാധ്യത ഏറെയുള്ളത്. ശ്വസന പ്രശ്‌നമുള്ളവര്‍ക്ക് പ്രതിസന്ധിയാകുന്നത് അന്തരീക്ഷ വായുവിന്റെ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം വരണ്ട കാലാവസ്ഥയില്‍ വര്‍ദ്ധിക്കും. വന്‍ നഗരങ്ങളില്‍ ഇത് പരിധിക്കും മേലെയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഹീറ്റ് വേവിന് ഉടനൊന്നും ശമനമുണ്ടാകാന്‍ ഇടയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. അസുഖങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടായേക്കുമെന്നും കരുതുന്നു. 2003 ഓഗസ്റ്റില്‍ ഹീറ്റ് വേവ് മൂലം 2000 അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 75 വയസിനു മുകളില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലണ്ടനിലുമുള്ളവരായിരുന്നു മരിച്ചവരില്‍ ഏറെയും.

ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന കോപ്പിയടി പിടിക്കാന്‍ എക്‌സാം ബോര്‍ഡുകള്‍ ബുദ്ധിമുട്ടുകയാണെന്ന് മുന്നറിയിപ്പ്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന പുതിയ സമിതിയുടെ അധ്യക്ഷന്‍ സര്‍ ജോണ്‍ ഡണ്‍ഫോര്‍ഡാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സാങ്കേതികമായി ഏറെ മുന്നിലാണെന്നും അധ്യാപകര്‍ക്ക് കുട്ടികളുടെയൊപ്പം എത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ക്രമക്കേടുകള്‍ അത്രയെളുപ്പത്തില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പരീക്ഷാ ബോര്‍ഡുകള്‍ക്ക് പരിചയമുള്ളത് വര്‍ഷങ്ങളായി പരീക്ഷകളില്‍ നടക്കാറുള്ള കോപ്പിയടി രീതികള്‍ മാത്രമാണ്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതിലും ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മാറിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് പഠിക്കാനുള്ള സ്വതന്ത്ര കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പരമ്പരാഗത കോപ്പിയടി രീതികള്‍ കാലങ്ങളായി എക്‌സാം ബോര്‍ഡുകള്‍ നേരിട്ടു വരികയാണ്. ബോര്‍ഡുകള്‍ക്കൊപ്പം സ്‌കൂളുകളും കോളേജുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ അടിസ്ഥാനത്തിലുള്ള കോപ്പിയടി രീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലും ആധുനിക സങ്കേതങ്ങളിലും അധ്യാപകരേക്കാള്‍ പരിചയമുള്ള പുതിയ തലമുറയെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണത നി റഞ്ഞ കാല്‍കുലേറ്ററുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍ എന്നിവയില്‍ നിന്നുള്ള വെല്ലുവിൡകളെക്കുറിച്ച് ബോര്‍ഡുകള്‍ക്ക് അറിയാം. എന്നാല്‍ സാങ്കേതികവിദ്യ അതിലുമേറെ പുരോഗമിച്ചിട്ടുണ്ടെന്നും അത്തരം സങ്കേതങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെക്കുറിച്ച് ബോര്‍ഡുകള്‍ അജ്ഞാതരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവകള്‍ക്ക് നൈറ്റ്ഹുഡ് ലഭിച്ച വ്യക്തിയാണ് സര്‍ ജോണ്‍.

ന്യൂസ് ഡെസ്ക്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർതാരം പി.വി സിന്ധു വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ.  സെമിയില്‍ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍:  21-16, 24-22.നിലവിലെ റണ്ണറപ്പായ സിന്ധു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. 2016 റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സിന്ധു-മാരിനും ഏറ്റുമുട്ടിയിരുന്നു. സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ അന്ന് സ്വര്‍ണ മെഡല്‍ നേടി.

യെമാഗുചിയില്‍ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യെമാഗുചിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഗെയിം എത്തിയപ്പോള്‍ ജപ്പാന്‍ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തില്‍ നാലു പോയിന്റ് ലീഡിലേക്കെത്താനും അവര്‍ക്കായി. എന്നാല്‍ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു.

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്‌കോര്‍: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്.

നോ ഡീല്‍ ബ്രെക്‌സിറ്റ് രാജ്യത്തിന് ആശ്വാസകരമല്ലാത്ത അനന്തരഫലങ്ങളായിരിക്കും നല്‍കുകയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. നോ ഡീല്‍ സാഹചര്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ തള്ളി വിടുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നല്‍കിയത്. ഈ പ്രസ്താവനയ്ക്ക് ശേഷം ഡോളറിനെതിരെ 11 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. ബിബിസി റേഡിയോ 4ന്റെ പരിപാടിയിലാണ് കാര്‍ണി ഈ പ്രസ്താവന നടത്തിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് നിരീക്ഷിക്കുകയാണെന്നും ഒരു നോ ഡീല്‍ സാഹര്യമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് സെന്‍ട്രല്‍ ബാങ്കെന്നും കാര്‍ണി പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍, റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില മൂന്നിലൊന്നായി കുറയുമെന്നും പലിശ നിരക്ക് വര്‍ദ്ധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. സമ്പദ് വ്യവസ്ഥയില്‍ ശതമാനം ചുരുക്കം അനുഭവപ്പെടും അതിനൊപ്പം തൊഴിലില്ലായ്മ 9 ശതമാനം ഉയരുമെന്നും കാര്‍ണി പറഞ്ഞു. എന്നാല്‍ ഏതു കടുത്ത സാഹചര്യങ്ങളെയും നേരിടാന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ സമയത്തില്‍ ഇത് മറികടക്കാന്‍ കഴിയും. മോര്‍ട്‌ഗേജുകള്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പകുതിയിലേറെ മോര്‍ട്‌ഗേജുകളും ഫിക്‌സഡ് റേറ്റ് രീതിയിലുള്ളവയാണ്. ഇവ എടുക്കുമ്പോള്‍ തന്നെ ഒരു അഫോര്‍ഡബിലിറ്റി ടെസ്റ്റ് നിങ്ങള്‍ പാസാകേണ്ടതുണ്ട്. അതിനാല്‍ അവ 7 ശതമാനത്തില്‍ തിരിച്ചടക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറയുന്നത്. നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തിലും മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കപ്പെടാനുള്ള സൗകര്യത്തിനാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved