ദില്ലി: ദില്ലി മലയാളിയും ദില്ലിയിലെ സാമൂഹ്യ പ്രവര്‍ത്തകയുമായ ദീപാ മനോജ് ഞടുക്കുന്ന ദൃശ്യങ്ങളുമായി രംഗത്ത്. തീര്‍ത്തും അബോധാവസ്ഥയില്‍ ആയ കുരുന്ന് പെണ്‍കുട്ടിയെ മടിയില്‍ ഇരുത്തി ഭിക്ഷ യാചിക്കുന്ന ആണ്‍കുട്ടിയുടെ ചിത്രവും വീഡിയോയും ആണ് ദീപ ഷെയര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ മാന്യമായി വസ്ത്ര ധാരണം പോലും നടത്തിയിട്ടില്ല. അര്‍ദ്ധ നഗ്‌നമായി അവളെ തെരുവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭിക്ഷ കൂടുതല്‍ കിട്ടാന്‍ അവളുടെ വെളുത്ത ശരീരാമാകെ കത്തിച്ച തീപെട്ടി കൊള്ളികള്‍ കൊണ്ട് പൊള്ളിച്ചിരിക്കുന്നു. ആ കുട്ടിയുടെ ശരീരമാകെ പൊള്ളിയ പാടുകള്‍.
ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും ആ പെണ്‍കുട്ടിയെ എവിടെ നിന്നോ മോഷ്ടിച്ചതെന്ന്. മാതാപിതാക്കള്‍ മറ്റാരോ ആണെന്ന്. മാത്രമല്ല അവളെ വലിയ ശബ്ദത്തില്‍ കുലുക്കി വിളിച്ചിട്ടും മയക്കുമരുന്നിന്റെ ആലസ്യതയില്‍ എന്ന പോലെ അബോധാവസ്ഥയിലാണ് പെണ്‍കുഞ്ഞ്. ശരീരത്തില്‍ പീഢനം ഏറ്റ ഈ കുരുന്നിനെ ആരോ ക്രൂരമായി വേട്ടയാടുന്നു. പീഢിപ്പിക്കുന്നു. വെളുത്ത് നല്ല സുന്ദരിയായ ഈ പെണ്‍കുഞ്ഞ് എങ്ങിനെ ഈ തെരുവില്‍ വന്നു. നടന്നു പോകുമ്പോള്‍ ഈ രംഗം കണ്ടതും ഭയാനകമായി തോന്നിയതും ഉടന്‍ ദീപാ മനോജ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.
ദില്ലി ഡില്ഷാദ് ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ നിന്നാണ് ദീപ ഈ വീഡിയോയും ദൃശ്യങ്ങളും പകര്‍ത്തിയത്. പെണ്‍കുട്ടി കഴിഞ്ഞ ദിവസവും ദീപയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്നും കുഞ്ഞ് അബോധാവസ്ഥയില്‍ ഉറങ്ങുകയായിരുന്നു. ഇതെന്താ ഇപ്പോഴും കുഞ്ഞ് ഉറങ്ങുന്നത് എന്ന് ചോദിച്ചിട്ടും ആണ്‍കുട്ടി വ്യക്തമായ മറുപടി പറയുന്നില്ല. മാത്രമല്ല ആരുടെ കുഞ്ഞാണെന്ന് പോലും അവന് കൃത്യമായി പറയാനാകുന്നില്ല. കുഞ്ഞിന് 2 വയസ് കഷ്ടി പ്രായം തോന്നും. എന്നാല്‍ ആണ്‍കുട്ടി പറയുന്നത് അവള്‍ക്ക് 5 വയസായി എന്നാണ്. കുട്ടിയെ എവിടെ നിന്നോ തട്ടികൊണ്ട് വന്ന് പീഢിപ്പിക്കുകയും തീകൊണ്ട് ശരീരം പൊള്ളിച്ച് ഭിക്ഷക്ക് കൂട്ടുകയും ചെയ്യൂന്നത് എന്നാണ് കരുതുന്നത്. കുഞ്ഞ് കരയാതിരിക്കാന്‍ സദാ സമയവും മയക്കു മരുന്നും നല്കുന്നു. ദില്ലിയിലെ വന്‍ ഭിക്ഷാടന മാഫിയയോ പെണ്‍കുഞ്ഞുങ്ങളെ പീഢിപ്പിക്കുന്ന സംഘമോ എവിടെ നിന്നോ തട്ടികൊണ്ട് വന്ന കുഞ്ഞാണെന്ന് കരുതുന്നു.
വീഡിയോ കാണാം.. ഈ വീഡിയോയിലെ ശബ്ദം ദീപാ മനോജിന്റേതാണ്. ദീപ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങിനെ..
ദീപ മനോജ്
വയ്യ.. ഈ കാഴ്ചകള്‍ താങ്ങാവുന്നതിലും അപ്പുറം.. ഞാന്‍ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്.. പ്രഭാതത്തിലും നട്ടുച്ചക്കും പ്രേദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും.. എല്ലാം.. ഞാന്‍ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയില്‍ ഉറങ്ങുന്ന രീതിയില്‍ കണ്ടിരിക്കുന്നു.. ഒരിക്കലും അവളെ ഉണര്‍ന്നു കണ്ടിട്ടില്ല.. ഇതിനു മുന്‍പും ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.. അവര്‍ എനിക്കു മറുപടി തന്നില്ല.. ഇന്നു രാത്രി 10. 30 നു മെട്രോ സ്റ്റേഷനില്‍ വച്ചു വീണ്ടും ഞാന്‍ അവളെ കണ്ടു..
ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍… ഏകദേശം 2 അല്ലെങ്കില്‍ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരായിരിക്കും.. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്.. തീപ്പെട്ടി തന്നെത്താന്‍ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകള്‍ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല… നിങ്ങള്‍ക്കോ..
അവരുടെ വീടിനെ കുറിച്ചു ചോദിച്ചു.. അവന്‍ ആ കുട്ടിയെ കുലുക്കി ഇളക്കി മറിച്ചു പുറത്തേക്കു പോയി ഒരു വലിയ പറ്റം കുട്ടികളെ വിളിച്ചു സംഘടിപ്പിച്ചു.. 7 8 കുട്ടികള്‍ പല വലിപ്പത്തിലുള്ളവര്‍… എന്നെ വെല്ലുവിളിക്കും പോലെ തോന്നി.. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്… എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു…
ഫാ. ബിജു കുന്നയ്ക്കാട്ട്
വെയില്‍സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരു വര്‍ഷം പിന്നിട്ടശേഷം നടന്ന ആദ്യ രൂപതാ സമ്മേളനം ചരിത്രമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വികാരി ജനറല്‍മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ത്രിദിന സമ്മേളനത്തില്‍ രൂപതയുടെ അടുത്ത അഞ്ച് വര്‍ഷങ്ങളിലേയ്ക്കുള്ള പ്രധാന അജപാലന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ പണ്ഡിതരായ റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. മാത്യൂ കൊക്കരവാലായില്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ക്ലാസുകള്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്ന കാര്യമാണെന്നും അതിനാല്‍ ഈ രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അത്ഭുതകരമായ വളര്‍ച്ചയും വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇനിയും ദൈവത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും സമാപന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോണി പഴയകളം, റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ഫാന്‍സ്വാപത്തില്‍, റവ. സി. ഡോ. മേരി ആന്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളടക്കം ഇരുന്നൂറ്റി അന്‍പതോളം അംഗങ്ങളാണ് മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചത്.
വാഷിംഗ്ടണ്‍: ശത്രുരാജ്യങ്ങളിലും സുഹൃദ്ബന്ധമുള്ള രാജ്യങ്ങളില്‍ പോലും ചാരന്‍മാരെ നിയോഗിക്കുന്നത് ശക്തമായ ഇന്റലിജന്‍സ് സംവിധാനമുള്ള രാജ്യങ്ങളുടെ പതിവാണ്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ള ഏജന്റുമാരെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് ഇത്തരം സംവിധാനങ്ങള്‍ അത്ര എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അടുത്ത തലമുറ ഇന്റലിജന്‍സിന് ജനിതക സാങ്കേതിക വിദ്യയെ ആശ്രയിക്കുകയാണ് അമേരിക്കന്‍ സേന. ജനിതക മാറ്റം വരുത്തിയ ചെടികളാണ് പുതിയ ആയുധം.
ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി ഇതിനായി ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ സേനയുടെ സാങ്കേതിക വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഡിഎപിആര്‍എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഏജന്‍സിയാണ്. മുമ്പ് സോവിയറ്റ് യൂണിയന്‍ ആണവ പരീക്ഷണ നിരോധന ഉടമ്പടി ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ഭൂകമ്പമാപിനികളും ഉപഗ്രഹങ്ങളും ക്രമീകരിച്ച ചരിത്രവും ഈ ഏജന്‍സിക്കുണ്ട്.
ചില രാസവസ്തുക്കളെയും അപകടകരമായ സൂക്ഷ്മജീവികളെയും റേഡിയേഷനുകളെയും തിരിച്ചറിയാനുള്ള ചെടികളുടെ കഴിവിനെയാണ് ഇവിടെ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നത്. ചെടികളില്‍ ആവശ്യമായ, ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ അവ ഏതൊക്കെ വിധത്തിലുള്ള ഭീഷണികളെ തിരിച്ചറിയുമെന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കും. അവ ഭൂമിയിലോ ആകാശത്തോ ബഹിരാകാശത്തോ സ്ഥാപിക്കുന്ന സെന്‍സറുകളിലൂടെ നിരീക്ഷിക്കാനും കഴിയുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.
മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. രണ്ട് പ്രധാന നഗരങ്ങളായ ലീഡ്‌സ്, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററായിരിക്കും രോഗം പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള അടുത്ത നഗരമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജിപിമാരെ കാണുകയോ എന്‍എച്ച്എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍്കുള്ളില്‍ത്തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം.
മീസില്‍സ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരും ഡോക്ടര്‍മാരെ കാണാന്‍ ശ്രദ്ധിക്കണമെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളതിനാല്‍ യുകെയില്‍ ഈ രോഗം അത്ര സാധാരണമല്ല. എന്നാല്‍ രോഗം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞാല്‍ അത് വളരെ വേഗത്തില്‍ പടരും. ലീഡ്‌സിലും ലിവര്‍പൂളിലും മീസില്‍സ് പൊട്ടിപ്പുറപ്പെട്ടതായി എന്‍എച്ച്എസ് ചോയ്‌സസ് ട്വീറ്റ് പറയുന്നു. ഈ വൈറല്‍ രോഗം വളരെ വേഗം പടരുമെന്നും പല സങ്കീര്‍ണ്ണാവസ്ഥകളും മനുഷ്യരില്‍ സൃഷ്ടിക്കുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം. സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്.
കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
ലണ്ടന്‍: ലോക സാമ്പത്തിക ശക്തികളില്‍ യുകെ പിന്നാക്കം പോയെന്ന് തുറന്ന് സമ്മതിച്ച് സര്‍ക്കാര്‍. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് യുകെ ആറാം സ്ഥാനത്തായെന്ന് പരാമര്‍ശിച്ചത്. ഇപ്പോള്‍ ഫ്രാന്‍സിന് പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ശക്തിയേക്കുറിച്ച് പറയാന്‍ ബജറ്റ് പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകളില്‍ ബ്രിട്ടന്‍ പിന്നാക്കം പോയെന്ന് സമ്മതിക്കുക കൂടിയായിരുന്നു ഹാമണ്ട്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഫ്രാന്‍സിനെക്കൂടാതെ ലോക സാമ്പത്തിക ശക്തികളില്‍ മുന്‍നിരയിലുള്ളത്.
അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രങ്ങളില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്താണ്. നമുക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളുടെ സാന്നിധ്യമുണ്ട്. ഭാവിയിലെ ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറാവുന്ന ടെക്, ഡിജിറ്റല്‍ വ്യവസായങ്ങളില്‍ നിര്‍ണ്ണായക ശക്തിയും നാമാണെന്ന് പ്രസംഗത്തില്‍ പറഞ്ഞ ഹാമണ്ട് ബ്രിട്ടന്‍ ലോകത്തെ ആറാമത്തെ സാമ്പത്തികശക്തിയാണെന്നും പറഞ്ഞു. സമ്പദ് വ്യവസ്ഥയെ അളക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 2016ലെ ജിഡിപി അനുസരിച്ച് യുകെ ഇപ്പോഴും ഫ്രാന്‍സിനു മുന്നിലാണെന്നാണ് ലോകബാങ്ക് ഡേറ്റ പറയുന്നത്. 2.618 ട്രില്യന്‍ ഡോളര്‍ ആണ് ബ്രിട്ടന്റെ ജിഡിപി.
എന്നാല്‍ ഐഎംഎഫ് നടത്തിയ പ്രവചനമനുസരിച്ച് 2017ല്‍ ഫ്രാന്‍സ് ബ്രിട്ടനെ ബഹുദൂരം പിന്നിലാക്കും. ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ട്രഷറി ഔദ്യോഗിക പ്രവചനം പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം 1.5 ശതമാനവും അടുത്ത വര്‍ഷം 1.4 ശതമാനവും വളര്‍ച്ച മാത്രമേ ഉണ്ടാകാനിടയുള്ളൂ എന്നാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് പറയുന്നത്. 2050ഓടെ ബ്രിട്ടന്‍ സാമ്പത്തിക ശക്തികളില്‍ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പിഡബ്ല്യുസി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ജിമ്മി ജോസഫ്
സ്‌കോട്ലാന്‍ഡ് : സ്‌കോട്ലാന്‍ഡിലെ എല്ലാ മലയാളി അസോസിയേഷനുകളെയും ഒന്നിപ്പിച്ചു കൊണ്ട് യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്‍ ( യുസ്മ ) നിലവില്‍ വരുന്നു. മലയാളി അസോസിയേഷനുകളുടെ അതിപ്രസരങ്ങളില്ലാത്ത സ്‌കോട്ലാന്‍ഡിലുള്ള അസോസിയേഷനുകളെ കൂടാതെ എട്ടിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള സൌഹൃദ കൂട്ടായ്മകള്‍ക്കും, സംഘങ്ങള്‍ക്കും, കുടുംബ കൂട്ടായ്മകള്‍ക്കും, സ്പോര്‍ട്സ് ക്ലബുകള്‍ക്കും, ഔദ്യോഗിക, അനൗദ്യോഗിക കൂട്ടായ്മകള്‍ക്കും ഈ സംഘടനയുടെ ഭാഗമാകാവുന്നതാണ്. യുസ്മയുടെ ഔദ്യോഗിക വിജ്ഞാപനത്തിനു മുമ്പേ 11 കൂട്ടായ്മകള്‍ സ്‌കോട്ലാന്‍ഡിലെ ഗ്ലാസ്ഗോ, ഈസ്റ്റ് കില്‍ ബ്രൈഡ്, ഫാല്‍ക്കിര്‍ക്ക്, ലിവിംഗ്സ്റ്റണ്‍, എഡിന്‍ബര്‍ഗ്, കിര്‍ക്കാല്‍ഡി, ഡന്‍ഡി, പെര്‍ത്ത്, സെന്റ് ആന്‍ഡ്രുസ്, അബര്‍ഡീന്‍, ഇന്‍വര്‍നെസ്സ് എന്നിവിടങ്ങളിലെ വിവിധ കൂട്ടായ്മകള്‍ യുസ്മയുടെ ഭാഗമായി കഴിഞ്ഞു.
ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എട്ടോ അതിലധികമോ അംഗങ്ങളായുള്ള സൗഹൃദ കുടുംബ കൂട്ടായ്മകളേയും, ക്ലബുകളേയും , അസോസിയേഷനുകളേയും യുസ്മയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതായി യുസ്മ ഭാരവാഹികള്‍ അറിയിച്ചു. യുസ്മയുടെ അംഗത്വത്തിനായി യുസ്മ ഭാരവാഹികളേയോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക. യുസ്മയുടെ ഉത്ഘാടന മഹാസമ്മേളനം അതിവിപുലമായ സജ്ജീകരണങ്ങളോടെ ഫെബ്രുവരിയില്‍ നടക്കും. സ്‌കോട്ലാല്‍ഡിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിവിധ കൂട്ടായ്മകളുടെ ഭാഗമായുള്ള 36 അംഗ കമ്മിറ്റിയുടെ കഴിഞ്ഞ രണ്ടു മാസത്തെ ശ്രമഫലമായി യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഭരണ സമതിയേയും, 30 പേരടങ്ങുന്ന വിവിധ കമ്മിറ്റികളേയും , ഉപദേശക സമിതയേയും തിരഞ്ഞെടുത്തു.
കൂടാതെ 2018-2019 വര്‍ഷത്തെ കര്‍മ്മ പരിപാടിയുടെ രൂപരേഖയും തയ്യാറാക്കി.യുണൈറ്റഡ് സ്‌കോട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ (യുസ്മ) അംഗ അസോസിയേഷനുകളെയും, ക്ലബുകളെയും, കൂട്ടായ്മകളെയും പരിപോഷിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സ്‌കോട്ട്ലാന്‍ഡിലെ മലയാളികള്‍ക്ക് വിശിഷ്യ യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും ഉപകാരപ്രദമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍മ്മ പദ്ധതിയാണ് യുസ്മ തുടക്കത്തിലെ നടപ്പില്‍ വരുത്താന്‍ ശ്രദ്ധിക്കുക. യുസ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കായിക മേളയും, കലാമേളയും സ്‌കോട്ട് ലാന്‍ഡ് മലയാളിക്ക് വേറിട്ടൊരനുഭൂതിയായിരിക്കും എന്നത് നിസ്തര്‍ക്കമാണ്.
സ്‌കോട് ലാന്‍ഡ് മലയാളി സമൂഹത്തില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യുസ്മ എന്ന പ്രസ്ഥാനം തയ്യാറായി കഴിഞ്ഞു. ഇതിന്റെ പ്രഥമ ഭരണസാരഥ്യത്തിലേയ്ക്ക് കടന്നു വന്നിരിക്കുന്നത് സ്‌കോട്ലാന്‍ഡിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരും, പ്രതിഭാധനരും ആയ 30 പേരടങ്ങുന്ന വലിയ ഒരു കമ്മറ്റിയാണ്. സുദൃഡവും, സുശക്തവുമായ യുസ്മയുടെ പ്രഥമ ഭരണ സമതിയുടെ നേതൃത്വം ഇനി ഇവരുടെ കൈകളിലൂടെ:പ്രിസിഡന്റ്: ഡോ. സൂസന്‍ റോമല്‍ , ഇക്കഴിഞ്ഞ 15 വര്‍ഷക്കാലമായി ഗ്ലാസഗോ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യവും , ഗ്ലാസ്ഗോയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഇവിടെ വരുന്നതിന് മുമ്പ് പുഷ്പഗിരി ഹോസ്പിറ്റലിലും , മെഡിക്കല്‍ ട്രെസ്റ്റ് ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് : ഷിബു സേവ്യര്‍ , ഫാല്‍ കിര്‍ക്ക് മലയാളി കമ്മൂണിറ്റിയുടെ നേതൃത്വ നിരയില്‍ വര്‍ഷങ്ങളായി തിളങ്ങി നില്ക്കുന്ന വ്യക്തിത്വങ്ങളിലൊന്ന്. പ്രിന്റിങ് ഓണ്‍ലൈന്‍, റീട്ടെയില്‍ ബിസിനസ്സ് നടത്തി വരുന്നു.
സെക്രട്ടറി : പ്രദീപ് മോഹന്‍, 13 വര്‍ഷക്കാലത്തിലേറെയായി തനത് വ്യക്തിത്വം കൊണ്ട് ഡന്‍ഡി മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യം. സയന്ററിസ്റ്റായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ ബ്രട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനുമായി സഹകരിച്ച് കാര്‍ഡിയോ വാസ്‌കുലറില്‍ ഡന്‍ഡി നയണ്‍വെല്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ഗവേഷണം നടത്തി വരുന്നു.
ജോയിന്റ് സെക്രട്ടറി: ജിബിന്‍ ജോണ്‍, ടീച്ചറായി ജോലി ചെയ്യുന്നു. കൂടാതെ യുകെയിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനുകളിലൊന്നായ അബര്‍ഡീന്‍ മലയാളീ അസോസിയേഷന്റെ നിലവിലെ സെക്രട്ടറി കൂടിയാണിദ്ദേഹം.
ട്രഷറര്‍: ഡോ.രാജ് മോഹന്‍ പത്മനാഭന്‍, 20 വര്‍ഷക്കാലത്തോളമായി ലനാര്‍ക് ഷയര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ കണ്‍സള്‍റ്റന്‍ഡായി സേവനമനുഷ്ടിക്കുന്നു. സാമൂഹിക ,സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യം കാത്തു സൂക്ഷിക്കുന്ന ഡോ: രാജ് ഈസ്റ്റ് കില്‍ ബ്രൈഡ് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, രക്ഷാധികരികളിലൊരാളും കൂടിയാണ്.
ജോയിന്റ് ട്രഷറര്‍: പോള്‍ ജോസഫ് , സാബു എന്നറിയപ്പെടുന്ന പോള്‍ ജോസഫ് എഡിന്‍ബര്‍ഗ്ഗ് മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും, സ്‌കോട്ലാന്‍ഡിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എഡിന്‍ബര്‍ഗ്ഗ് മലയാളി അസോസിയേഷന്റെ ഭാരവാഹി കൂടിയാണിദ്ദേഹം.
ഇവരെ കൂടാതെ സ്പോര്‍ട്സ് & ഗെയിംസ് കമ്മറ്റി, ആര്‍ട്സ് & കലാമേള കമ്മറ്റി, വനിതാ പ്രതിനിധി, റീജിയണല്‍ കമ്മറ്റികള്‍ ( അബര്‍ഡീന്‍ , ഡന്‍ ഡി , എഡിന്‍ബര്‍ഗ്ഗ് & ഗ്ലാസ് ഗോ ) ഉപദേശക സമതി എന്നിവയും നിലവില്‍ വന്നു. യുസ്മ ഭരണ സമതിയേക്കുറിച്ചുള്ള വിശദമായ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ പ്രസദ്ധീകരിക്കുന്നതായിരിക്കും. എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിച്ചു കൊണ്ട് യുസ്മയെ സ്‌കോട്ലാന്‍ഡ് മലയാളി സമൂഹത്തിന് സമര്‍പ്പിക്കുന്നു. മലയാളി സമൂഹത്തിന് കൂടുതല്‍ കരുത്തേകാന്‍ , കരുതലാകാന്‍ ,
ഉണരാന്‍ , ഉണര്‍ത്താന്‍ , ഉണര്‍വോടെ യുസ്മ നിങ്ങളിലേയ്ക്ക് … നന്ദി…
മലയാളം യുകെ ന്യൂസ് ഡെസ്‌ക്
സാമ്പത്തിക രംഗത്തിന് ഉണര്‍വ്വ് പകരുക, ഹൗസിങ്ങ് പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പല ജനപ്രിയ നിര്‍ദ്ദേശങ്ങളും അടങ്ങിയതാണ് തെരേസാ മേയ് മന്ത്രിസഭയിലെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഇന്നലെ അവതരിപ്പിച്ച ബജറ്റ്. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മങ്ങലേറ്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും തെരേസാ മേയുടെയും പ്രതിച്ഛായ മിനുക്കിയെടുക്കുക എന്ന ഉദ്ദേശ്യവും നികുതിയിളവുകള്‍ക്കും ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്കും പിന്നിലുണ്ട്. ഇതില്‍ പലതും ബ്രിട്ടണിലെ മലയാളികളുടെ ജീവിതത്തെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്നതാണ്.
ഒരു മണിക്കൂറിനുള്ള കുറഞ്ഞ വേതനം 7.50ല്‍ നിന്ന് 7.83 ആക്കിയ നിര്‍ദ്ദേശമാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ ബജറ്റ് പരിഷ്‌കാരം. 2018 ഏപ്രില്‍ മുതലാണ് പുതിയ മിനിമം വേജ് നിലവില്‍ വരുന്നത്. എന്നാല്‍ മിനിമം വേജിലെ വര്‍ധനവ് ജീവിത നിലവാര സൂചികയുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ബജറ്റിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശം മൂന്ന് ലക്ഷം വരെയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇളവാണ്. നഗരങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇളവിന്റെ പരിധി 5 ലക്ഷം രൂപവരെയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇളവ് ഹൗസിങ്ങ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. പ്രതിവര്‍ഷം മൂന്നുലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ 44 ബില്യണ്‍ പൗണ്ടും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ വീടുകളില്‍ താമസമില്ലെങ്കിലും കൗണ്‍സില്‍ ടാക്‌സ് നല്‍കണം. രണ്ടാമതൊരു വീടുവാങ്ങി വാടകയ്ക്ക് നല്‍കിയിരിക്കുന്ന വളരെയധികം മലയാളികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. വാടകക്കാരില്ലെങ്കിലും ഇനി മുതല്‍ കൗണ്‍സില്‍ ടാക്‌സ് നല്‍കേണ്ടി വരും.
പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിശ്ചയിച്ചിരുന്ന ഫ്യൂവല്‍ ഡ്യൂട്ടി ഒഴിവാക്കിയത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ ഉന്നത നിലവാരം പുലര്‍ത്താത്ത ഡീസല്‍ കാറുകള്‍ക്ക് എക്‌സൈസ് തീരുവ 2018 ഏപ്രില്‍ മുതല്‍ ഉയരും. സിഗരറ്റിന്റെ വില ബജറ്റില്‍ വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. 2 ശതമാനമാണ് വര്‍ധനവ്. മദ്യത്തിന് വര്‍ധനവുണ്ടാകുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ബിയര്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് നികുതി വര്‍ധനവില്ല.
എന്‍.എച്ച്.എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതാണ് മലയാളികളെ സ്വാധീനിക്കുന്ന മറ്റൊരു നിര്‍ണായക നിര്‍ദ്ദേശം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍.എച്ച്.എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് ലഭിക്കുന്നില്ലായിരുന്നു. ശമ്പള വര്‍ധനവിനുള്ള നയപരമായ തീരുമാനം ഇനിയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
പൊതുവെ നോക്കിയാല്‍ ബ്രിട്ടണിലെ സാധാരണക്കാരന്റെ ജീവിതത്തിന് ആശ്വാസകരമാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍. നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനുള്ള പച്ചക്കൊടി ജീവനക്കാരില്ലാതെ വലയുന്ന എന്‍എച്ച്എസിന് ആശ്വാസകരമാകും.
ലണ്ടന്‍: പുകവലി, മദ്യുപാനം മുതലായ ദുശീലങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന ഒന്നായി മനുഷ്യരിലെ ചായയും കാപ്പിയും കുടിക്കുന്ന ശീലത്തെയും കാണുന്നവരുണ്ട്. ഇവ ദുശീലമാണെന്ന് വാദിക്കുന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് ദോഷരഹിതമാണെന്ന് പുതിയ പഠനം പറയുന്നു. മാത്രമല്ല ഈ ശീലത്തിന് ആരോഗ്യപരമായി നല്ല ഫലങ്ങളും ഉണ്ടത്രേ. അകാല മരണം, ഹൃദയ രോഗങ്ങള്‍, തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ ഈ ശീലം കുറയ്ക്കുമെന്നും പഠനം പറയുന്നു.
മുമ്പ് നടന്ന 200ഓളം പഠനങ്ങളുടെ ഫലങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വിശകലനമാണ് ഇത്. പ്രമേഹം, കരള്‍ രോഗങ്ങള്‍, ഡിമെന്‍ഷ്യ, ചില ക്യാന്‍സറുകള്‍ എന്നിവയെ ചെറുക്കാനുള്ള ശേഷിയും കാപ്പി മനുഷ്യന് നല്‍കുന്നുണ്ട്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്കാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുക. എന്നാല്‍ ഗര്‍ഭിണികള്‍ക്കും അസ്ഥികള്‍ വേഗം ഒടിയാന്‍ സാധ്യതയുള്ളവര്‍ക്കും കാപ്പികുടി നിര്‍ദേശിക്കപ്പെടുന്നില്ല.
സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് റോബിന്‍ പൂള്‍ ആണ് 201 ഗവേഷണ ഫലങ്ങള്‍ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത്. വിവിധ രാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളുടെ ഫലങ്ങളില്‍ 17 എണ്ണത്തില്‍ ക്ലിനിക്കല്‍ ട്രയലുകളും നടന്നിരുന്നു. പുതിയ ഗവേഷണ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.
ലിവര്‍പൂള്‍: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കൂട്ടുകാരിയെ ഏഴു വയസുള്ള പെണ്‍കുട്ടി രക്ഷിച്ചു. സ്‌കൂളില്‍ കാണിച്ച ഫസ്റ്റ് എയ്ഡ് വീഡിയോയാണ് കൂട്ടുകാരിയെ രക്ഷിക്കാന്‍ ഇമോഗന്‍ ലൂയിസ് എന്ന പെണ്‍കുട്ടിയെ സഹായിച്ചത്. വിഡ്‌നെസിലെ സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. ഇമോഗനും അടുത്ത കൂട്ടുകാരി ഡെയ്‌സി ക്രോസും കഴിഞ്ഞ വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ലഞ്ചിനൊപ്പമുണ്ടായിരുന്ന ക്രിസ്പ് ഡെയ്‌സിയുടെ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസം മുട്ടിയ കുട്ടി ചുമക്കാന്‍ തുടങ്ങുകയും ചെയ്തു. വീഡിയോയില്‍ കണ്ടത് ഓര്‍മയുണ്ടായിരുന്ന ഇമോഗന്‍ പെട്ടെന്നു തന്നെ കൂട്ടുകാരിയുടെ രക്ഷക്കെത്തി. പുറത്ത് ശക്തിയായി അടിക്കുകയും സഹായത്തിന് വിളിക്കുകയും ചെയ്തു. എന്നാല്‍ മുതിര്‍ന്നവര്‍ എത്തുന്നതിനു മുമ്പ് തന്നെ ഇമോഗന്റെ നാലാമത്തെ അടിയില്‍ തൊണ്ടയില്‍ കുടുങ്ങിയ ക്രിസ്പ് ശകലം പുറത്തുവന്നു.
പിന്നീട് ഇമോഗന്‍ തന്റെ ടീച്ചറെ സംഭവം അറിയിച്ചു. അവശയായ കുട്ടിയെ അധ്യാപിക പിന്നീട് പരിചരിക്കുകയും സാന്ത്വനിപ്പിക്കുകയുമായിരുന്നു. ഡെയ്‌സിയുടെ അമ്മ കോളീനും പിതാവ് പോളും ഇമോഗന്റെ പ്രവൃത്തി തങ്ങളുടെ മകളുടെ ജീവന്‍ രക്ഷിച്ചതില്‍ നന്ദി അറിയിച്ചു. വലിയൊരു ദുരന്തത്തില്‍ നിന്നാണ് ഇമോഗന്റെ പെട്ടെന്നുള്ള പ്രവൃത്തി രക്ഷിച്ചതെന്ന് കോളീന്‍ പറഞ്ഞു. കുട്ടികളെ ഇത്തരത്തിലുള്ള ഫസ്റ്റ് എയ്ഡ് വീഡിയോകള്‍ പരിചയപ്പെടുത്തിയ സ്‌കൂളിന്റെ നടപടിയെയും അവര്‍ അഭിനന്ദിച്ചു. രണ്ടാഴ്ച മുമ്പാണ് സ്‌കൂള്‍ ഈ വീഡിയോ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്.
കാലയവനികക്കുള്ളില്‍ മറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു കൊണ്ട് ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി. വാര്‍ദ്ധക്യകാല ജീവിതത്തെ കുറിച്ച് ഒരു പക്ഷെ നമ്മില്‍ ആരും തന്നെ ചിന്തിച്ചുകാണില്ല. ചിലര്‍ക്ക് വാര്‍ദ്ധക്യം സങ്കീര്‍ണ്ണമാണ് ചിലര്‍ക്ക് സന്തോഷവും മറ്റുചിലര്‍ക്ക് തങ്ങള്‍ കൈയ്യടക്കിവെച്ചതെല്ലാം നഷ്ടപ്പെടുമെന്ന ആകുലതയും. ജീവിതം എരിഞ്ഞടങ്ങി ഉപയോഗശൂന്യമായി എന്ന് ചിന്തിക്കാതെ വാര്‍ദ്ധക്യത്തിലും സേവനപരമായ കാര്യങ്ങളില്‍ വ്യാപൃതരായി സന്തോഷകരമാക്കുവാന്‍ ഉത്‌ബോധിപ്പിക്കുയാണ് ശ്രീ റെജി നന്തിക്കാട്ട് ഈ ലക്കത്തിലെ എഡിറ്റോറിയലില്‍. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണമാണ് ഈ ചിന്തക്ക് ഇപ്പോള്‍ ബലമായത്.
എഴുത്തിന്റെ വ്യാകരണമല്ല സംസാരത്തിന്റെ വ്യാകരണമാണ് തന്റെ കൃതികളില്‍ എന്ന് വ്യക്തമാക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുതുകളിലെ വ്യാകരണമില്ലായ്മയെപ്പറ്റിയുള്ള തര്‍ക്കത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് ‘സ്ഥലത്തെ പ്രധാന ദിവ്യന്മാരും മണ്ടന്‍ ബഷീറും’ എന്ന ലേഖനത്തില്‍ പി. സോമനാഥന്‍. ‘ബഷീറിന് വ്യാകരണമറിയില്ല എന്ന് പറയുന്നവര്‍ സ്വന്തം അറിവില്ലായ്!മയെ മലയാളത്തിലെ ഒരു വലിയ സാഹിത്യകാരന്റെ മേല്‍ ആരോപിക്കുകയാണ് ‘ എന്ന് മറയില്ലാതെ ലേഖകന്‍ പറയുന്നു.
‘എനിക്ക് ഒന്നറിയാം, ഇവിടെ കഴിയുന്ന നിങ്ങളെക്കാള്‍ ക്രൂരരും അസ്വസ്ഥരുമാണ് പുറത്തു കഴിയുന്ന ഞങ്ങള്‍. സാഹചര്യങ്ങള്‍ നിങ്ങളെ ഇവിടെയെത്തിച്ചു. ഭാഗ്യം കൊണ്ട് ഞങ്ങള്‍ പുറത്തു’. നിലക്കാത്ത കരഘോഷം. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ സ്‌നേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു. ജയിലിലെ ആഘോഷദിവസം തടവുകാര്‍ക്ക് മുന്നില്‍ പ്രസംഗിക്കുവാന്‍ പോയ എഴുത്തുകാരി കെ എ ബീന എഴുതിയ അനുഭവക്കുറിപ്പ് ‘മതിലിനുള്ളില്‍’
ഭാഷക്കുള്ളില്‍ പുതുഭാഷ സൃഷ്ടിച്ച ജീവിതത്തോട് സര്‍ഗ്ഗാത്മകമായ കവിതയുടെ വര്‍ത്തമാനത്തില്‍ പുതിയ ജനുസ്സായി വരവറിയിക്കുന്ന ഇ ഇടത്തിലെ ഇ – കവിതകളെ പറ്റി വിശദമായി പ്രതിപാദിക്കുന്നു ‘ഇ കവിതയുടെ രുപഘടന’ എന്ന ലേഖനത്തിലൂടെ ഡോ. വി. അബ്ദുല്‍ ലത്തീഫ്
.
രണ്ടാം ലോകമഹായുദ്ധകാലത്തു എഴുതപെട്ട, കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ കുറിച്ചുള്ള മുന്നറിയിപ്പെന്ന നിലയില്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്‌കൂള്‍ പാഠപുസ്തക രൂപത്തിലും മറ്റും വന്‍ പ്രചാരം കൊടുത്തിരുന്ന, ‘ആനിമല്‍ ഫാ0’ എന്ന നോവല്‍ അര നൂറ്റാണ്ടിനു ശേഷം വീണ്ടും വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അസ്വാസ്ഥതയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു ‘ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ആനിമേല്‍ഫാ0 വായിക്കുമ്പോള്‍’ എന്ന ലേഖനത്തിലൂടെ രാജേഷ് ആര്‍ വര്‍മ്മ.
എഴുപതുകളുടെ തുടക്കത്തില്‍ അല്പം മാത്രമെഴുതി അപ്രത്യക്ഷനായ എ രവീന്ദ്രനെപ്പറ്റി വി സി ശ്രീജന്‍ എഴുതിയ ലേഖനം ചരിത്രത്തില്‍ വരാത്ത ഒരാള്‍, ‘സ്മരണകളിലേക്ക് ഒരു മടക്ക യാത്ര’ എന്ന പക്തിയില്‍ ജോര്‍ജ് അറങ്ങാശ്ശേരില്‍ എഴുതിയ ‘സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍,ഉമാ രാജീവിന്റെ കവിത ‘കുമ്പസാരം’ അജീഷ് ബേബി എഴുതിയ കഥ ‘അപ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ലേ’, ജ്വാല മാനേജിങ് എഡിറ്റര്‍ സജീഷ് ടോം എഴുതിയ കവിത ‘പിന്‍വിളി’ ജയേഷിന്റെ കഥ ‘മറിയാമ്മയും അവിശുദ്ധ ബന്ധങ്ങളും’ 2017 യുക്മ നാഷണല്‍ കലാമേളയുടെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് എം ഡൊമനിക് എഴുതി കലാമേള സമാപന സമ്മേളന വേദിയില്‍ ആലപിച്ച കവിത ‘നാഷണല്‍ കലാമേള ഒരു സ്‌നേഹതീരം’ എന്നിവയാണ് ഈ ലക്കത്തിലെ മറ്റുവിഭവങ്ങള്‍.
യുക്മ സാംസ്‌കാരിക വിഭാഗം എല്ലാമാസവും പ്രസിദ്ധികരിക്കുന്ന ജ്വാല ഇ – മാഗസിന് യുകെയിലെ സാഹിത്യാഭിരുചിയുള്ള വായനക്കാര്‍ക്കാരുടെ ഇടയില്‍ നല്ല പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൃതികള്‍ ഉള്‍പ്പെടുത്തണം എന്നുള്ള വായനക്കാരുടെ ആവശ്യം പരമാവധി പാലിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട് അറിയിച്ചു.
ഈ ലക്കം ജ്വാല മാഗസിന്‍ വായിക്കുവാന്‍ താഴെ ക്ലിക് ചെയ്യുക