ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന് പോലീസ്. രാജ്യത്തൊട്ടാകെയുള്ള പോലീസ് സേനകള്‍ ഇതിനെതിരെയുള്ള തയ്യാറെടുപ്പിലാണ്. ഗിവ് ഡൊമസ്റ്റിക് അബ്യൂസ് ദി റെഡ് കാര്‍ഡ് എന്ന ക്യാംപെയിനിനാണ് തുടക്കമിട്ടിരിക്കുന്നത്. മുന്‍ ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീം മത്സരിക്കുമ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2014 ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റ മത്സരത്തിന്റെ സമയത്ത് ലങ്കാഷയറിലെ ഗാര്‍ഹിക പീഡനങ്ങളില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായതായി ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ വ്യക്തമായിരുന്നു.

ഇംഗ്ലണ്ട് ജയിച്ച മത്സരത്തിന്റെ സമയത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ 26 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇംഗ്ലണ്ടിന് മത്സരങ്ങളിലാത്ത ദിവസങ്ങളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ്. ഇംഗ്ലണ്ടിന്റെ മത്സരത്തിനു ശേഷമുള്ള ദിവസം കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2014ല്‍ മത്സരമുള്ള ദിവസങ്ങളില്‍ ശരാശരി 79.3 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മത്സരമില്ലാത്ത ദിവസങ്ങളില്‍ ഇത് 58.2 സംഭവങ്ങള്‍ മാത്രമാണ്.

ഓരോ ലോകകപ്പിലും ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. 2002ല്‍ ശരാശരി 64 ആയിരുന്നത് 2010ല്‍ 99 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏറ്റവും കുറവ് ഡൊമസ്റ്റിക് വയലന്‍സ് അറസ്റ്റ് റേറ്റുള്ള ഹാംപ്ഷയറില്‍ ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുന്ന ദിവസങ്ങളില്‍ അഞ്ച് പ്രത്യേക ഡൊമസ്റ്റിക് അബ്യൂസ് റെസ്‌പോണ്‍സ് കാറുകള്‍ ഏര്‍പ്പെടുത്താനാണ് പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്ന് ഇംഗ്ലണ്ട്-ടുണീഷ്യ മത്സരം നടക്കുന്ന സമയത്ത് ഇതിന് തുടക്കമിടും. ഇരകളെ സഹായിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനുമായി 10 ഓഫീസര്‍മാരെ അധികമായി നിയോഗിക്കാനും തീരുമാനമുണ്ട്.