ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ റഷ്യന്‍ ട്രോള്‍ ഫാക്ടറികളുടെ സ്വാധീനമുണ്ടായെന്ന് സംശയമുയരുന്നു. ബ്രെക്‌സിറ്റ് വോട്ടിനെ സ്വാധീനിക്കാന്‍ ആയിരക്കണക്കിന് ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നതിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പാര്‍ലമെന്റിന്റെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ്, ലേബര്‍ എംപിമാര്‍ ആവശ്യപ്പെട്ടു.
നമ്മുടെ ജനാധിപത്യത്തിന് തുരങ്കം വെക്കാന്‍ ക്രെംലിന്‍ ശ്രമിക്കുകയാണെന്നും അത് അന്വേഷിക്കണമെന്നും ലേബര്‍ എംപി മേരി ക്രീഗ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി സമിതി എത്രയും വേഗം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഹിതപരിശോധനയ്ക്ക് മുമ്പുള്ള 48 മണിക്കൂറില്‍ റഷ്യയില്‍ നിന്നുള്ള 419 ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് ബ്രെക്‌സിറ്റ് സംബന്ധമായി 45,000 സന്ദേശങ്ങള്‍ പുറത്തു വന്നതായി കണ്ടെത്തിയിരുന്നു.
ഈ അക്കൗണ്ടുകള്‍ ക്രെംലിന്‍ ബന്ധമുള്ള റഷ്യന്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയാണ് കൈകാര്യം ചെയ്തിരുന്നതെന്നും യുകെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ബ്രെക്‌സിറ്റിനേക്കുറിച്ച് ട്വീറ്റുകള്‍ ചെയ്ത 13,000ത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹിതപരിശോധനയ്ക്കു ശേഷം അപ്രത്യക്ഷമായി. വോട്ടിനെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച അക്കൗണ്ടുകളായിരിക്കാം ഇവയെന്നാണ് കരുതുന്നത്.
ലണ്ടന്‍: മദ്യത്തിന് മിനിമം വില ഏര്‍പ്പെടുത്താനുള്ള സ്‌കോട്ടിഷ് സര്‍ക്കാര്‍ നീക്കം അംഗീകരിച്ച് യുകെ സുപ്രീം കോടതി. സ്‌കോച്ച് വിസ്‌കി അസോസിയേഷനും സര്‍ക്കാരുമായി കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മിനിമം പ്രൈസിംഗ് അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഏഴ് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
കോടതി ഉത്തരവനുസരിച്ച് സ്‌കോട്ടിഷ്, വെല്‍ഷ് സര്‍ക്കാരുകള്‍ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളുടെ മിനിമം യൂണിറ്റ് വില 50 പെന്‍സ് ആയി നിശ്ചയിക്കും. ഇതോടെ ഇംഗ്ലണ്ടിലും ഇത് പ്രാവര്‍ത്തികമാക്കേണ്ടി വരും. സ്‌കോട്ടിഷ് പാര്‍ലമെന്റ് എത്രയും വേഗം തന്നെ മിനിമം പ്രൈസിംഗ് നടപ്പാക്കുമെന്ന് നിക്കോള സ്റ്റര്‍ജന്‍ ഗവണ്‍മെന്റിലെ ഹെല്‍ത്ത് സെക്രട്ടറി ഷോണ റോബിന്‍സണ്‍ പറഞ്ഞു. 2018 സ്പ്രിംഗില്‍ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ചര്‍ച്ചയില്‍ വന്ന ഈ പദ്ധതി പഠനങ്ങള്‍ക്കു ശേഷം ഉപോക്ഷിക്കുകയായിരുന്നു. എന്നാല്‍ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുകെ സര്‍ക്കാരിന് ഇത് വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് ഇംഗ്ലീഷ് ഹെല്‍ത്ത് ക്യാംപെയിനര്‍മാര്‍ പറയുന്നു. മദ്യം കുറഞ്ഞ വിലയില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചിരുന്നു.
ഈ ആരോഗ്യ പ്രതിസന്ധി തരണം ചെയ്യാന്‍ ഇത്തരം നടപടികള്‍ ആവശ്യമായിരുന്നുവെന്ന് ആല്‍ക്കഹോള്‍ കണ്‍സേണ്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് പൈപ്പര്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമായിത്തുടങ്ങിയതോടെ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ മദ്യവുമായി ബന്ധപ്പെട്ടുള്ള മരണങ്ങളുടെ നിരക്ക് ഉയര്‍ന്നിരുന്നു. 18 പെന്‍സിന് മദ്യം ലഭിക്കുമെന്നിരിക്കെ മരണനിരക്ക് ഉയരുകയായിരുന്നു. ഇതിനെ പിടച്ചു നിര്‍ത്താന്‍ മിനിമം പ്രൈസിംഗിലൂടെ മാത്രമേ കഴിയൂ എന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
സ്റ്റഫോര്‍ഡ്: യുകെയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കടുത്ത നിയമ പോരാട്ടത്തിന് തീരുമാനമായി. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിക്കെതിരെ ലക്ഷങ്ങള്‍ പരസ്യക്കൂലിയായി കൊടുക്കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്ന കേസ്സില്‍, യുകെയിലെയും കേരളത്തിലെയും ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്ററായ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) യുകെ കോടതി പിഴശിക്ഷ വിധിച്ചു. യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്കറിയയ്ക്ക് എതിരെ സമര്‍പ്പിച്ച കേസ്സില്‍ ആണ് ഇന്നലെ വിധി വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്കറിയ യുകെയിലെ തന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പ്രസിദ്ധീകരിച്ചത്.
ഷാജന്‍ ചോദിച്ച ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്‍റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി. നിരവധി മലയാളികള്‍ക്ക് ഉപകാരപ്രദമായ ഓണ്‍ലൈന്‍ ക്യാഷ് ബാക്ക് സ്കീമാണ് ബീ വണ്‍ കമ്പനി യുകെയില്‍ പ്രധാനമായും പ്രമോട്ട് ചെയ്യുന്നത്. എന്നാല്‍ ഷാജന്‍ സ്കറിയ ആവശ്യപ്പെട്ട വന്‍ തുക പരസ്യക്കൂലിയായി നല്‍കാന്‍ ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ്ജ് തയ്യാറാകാതെ വന്നതിനെ തുടര്‍ന്നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
താന്‍ ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ബീവണ്‍ എന്ന സ്ഥാപനത്തിനെതിരെയും അതിന്‍റെ ഉടമയ്ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെയും തികച്ചും അസത്യമായ വാര്‍ത്തകള്‍ ഷാജന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഷാജന്റെ ശല്യം സഹിക്കാന്‍ വയ്യതായതിനെ തുടര്‍ന്നായിരുന്നു ബീ വണ്‍ കമ്പനി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
യുകെ മലയാളികളുടെ സ്വതന്ത്ര ജീവിതത്തിന് കരിനിഴലായി നിരവധി പേര്‍ക്കെതിരെ മുന്‍പും വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ച ഷാജന്‍ എന്നാല്‍ തുടക്കത്തില്‍ ഈ കേസിനെ തികഞ്ഞ ലാഘവത്തില്‍ ആയിരുന്നു കണ്ടത്. താന്‍ വലിയ നിയമപരിജ്ഞാനം ഉള്ളയാള്‍ ആണെന്ന് സ്വയം ധരിക്കുകയും അത് വീരസ്യമായി പറഞ്ഞു നടക്കുകയും ചെയ്തിരുന്ന ഷാജന്‍ കേസില്‍ സമന്‍സ് വന്നപ്പോള്‍ പോലും പുച്ഛത്തോടെയുള്ള പ്രതികരണങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും നടത്തിയത്. എനിക്കെതിരെ കേസ്സു കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല എന്ന് പറഞ്ഞ് വ്യാജ വാര്‍ത്തകളിലൂടെ യുകെ മലയാളികളെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഷാജന്‍റെ ധിക്കാര മനോഭാവത്തിന് കനത്ത തിരിച്ചടിയായി ബീ വണ്‍ കമ്പനി നല്‍കിയ കേസില്‍ ഷാജന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്.
തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട് (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്. ഒപ്പം ബീ വണ്ണിന് എതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി നിരോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്‍റെ തെറ്റ് സമ്മതിക്കാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തരൂപമായ ഷാജന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ആയിരക്കണക്കിന് പൗണ്ട് വീണ്ടും മുടക്കി ഷാജന്‍ സ്റ്റഫോര്‍ഡിലെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഒപ്പം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത കോടതിയലക്ഷ്യമായി തീരും എന്നതിനാല്‍ വളരെ വേഗത്തില്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഷാജനെ പിന്നീട് നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു..
ഇന്നലെ അപ്പീല്‍ കോടതിയില്‍ വിറ്റ്നസ്സ് ഹരാസ്മെന്‍റ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അകത്ത് പോകുമെന്ന ഘട്ടം വന്നപ്പോള്‍ ഒടുവില്‍ എന്ത് പിഴയും നല്‍കി മാപ്പ് പറഞ്ഞ് ഒഴിവാകാന്‍ ഷാജന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ച് ഒപ്പിട്ടു നല്‍കിയത്. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് നല്‍കാം എന്ന് ഷാജന്‍ കോടതി മുന്‍പാകെ എഴുതി ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് പുറത്ത് വന്നത്.
വിധി പ്രസ്താവം കേട്ട ശേഷം സ്റ്റഫോര്‍ഡ് കോടതിയില്‍ നിന്നും പുറത്ത് വരുന്ന ഷാജന്‍ സ്കറിയ
യുകെയിലെയും നാട്ടിലെയും അനേകം വ്യക്തിക്കള്‍ക്കും , ബിസിനസ്സുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും എതിരെ നിരവധി വ്യാജവാര്‍ത്തകളാണ് ഷാജന്‍ സ്കറിയ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായിരുന്ന ബ്രിട്ടീഷ് മലയാളിയിലൂടെയും, മറുനാടന്‍ മലയാളിയിലൂടെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കാണിച്ച മര്യാദയിലൂടെ ജയില്‍ ശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ഷാജന്‍ ഇനിയെങ്കിലും സത്യസന്ധമായ പത്ര പ്രവര്‍ത്തനം നടത്താന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം.
യുകെയിലെ നിരവധി മലയാളികള്‍ക്കെതിരെ നുണ പ്രചാരണവും വ്യക്തിഹത്യയും നടത്തി വിരാജിച്ചിരുന്ന ഷാജന്‍ സ്കറിയയുടെ തനിനിറം പുറത്ത് വരാന്‍ കാരണമായ ഈ കേസില്‍ കൗതുകകരമായ ഒരു വസ്തുത ഇതിനായി ഷാജന്‍ ചെലവഴിച്ച പണത്തിന്‍റെ കണക്കാണ്. താന്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാനുള്ള പാഴ് ശ്രമത്തിനായി ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷാജന്‍ ചെലവഴിക്കേണ്ടി വന്നത് ഏകദേശം അന്‍പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. നിരവധി തവണ ഇതിനായി കേരളത്തില്‍ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. ഈ കേസുകള്‍ക്കായി അഞ്ച് വ്യത്യസ്ത സോളിസിറ്റര്‍ സ്ഥാപനങ്ങളെ ഒരേ സമയം നിയോഗിക്കുകയും ചെയ്തിരുന്നു.
കേവലം രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഉടമസ്ഥത മാത്രം കൈമുതലായുണ്ടായിരുന്ന ഷാജന് ഈ പണവും ഇനി കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാനുള്ള പണവും എവിടെ നിന്ന് ലഭിച്ചുവെന്നതാണ് കൗതുകം ഉണര്‍ത്തുന്ന കാര്യം. യുകെയിലെ മലയാളികളെ പല രീതിയിലും വഞ്ചിച്ച് പണമുണ്ടാക്കിയ ചില ബിസിനസ്സുകാരും വ്യക്തികളും ആണ് ഇക്കാര്യത്തില്‍ ഷാജന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് എന്ന കാര്യം ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.
ഇത്തവണ ഷാജന്‍ യുകെയില്‍ എത്തിയത് മുതല്‍ താമസവും ഭക്ഷണവും യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് വിസ തട്ടിപ്പിലൂടെ കോടികള്‍ ഉണ്ടാക്കിയ വോസ്റ്റെക് എന്ന സ്ഥാപനമുടമയായിരുന്നു. ഇവരും മറ്റ് ചില ഇല്ലീഗല്‍ ബിസിനസ്കാരും നടത്തുന്ന നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മറ പിടിക്കുന്നതിനുള്ള പ്രതിഫലമാണ് ഷാജന് ഇവര്‍ നല്‍കുന്നത്. ഇതിന്‍റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Also read:
ലണ്ടന്‍: കടലില്‍ പൊങ്ങിക്കിടക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള നഗരം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നു. വീടുകളും റെസ്റ്റോറന്റുകളും ഓഫീസുകളുമൊക്കെയുള്ള ആദ്യ നഗരം പസഫിക് സമുദ്രത്തില്‍ ഫ്രഞ്ച് പോളിനേഷ്യ തീരത്ത് സ്ഥാപിക്കും. 2020ഓടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിവരം. 300 ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുള്ള നഗരമാണ് ഇവിടെ ഒരുങ്ങുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ആയ ജോ ക്വിര്‍ക്കിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഫ്രണ്ടിയേഴ്‌സ് എന്ന സ്ഥാപനമാണ് ഈ നഗരത്തിനു പിന്നില്‍.
ഫ്രഞ്ച് പോളിനേഷ്യയിലെ പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്നാണ് ഫ്‌ളോട്ടിംഗ് സിറ്റിയുടെ നിര്‍മാണം. ഈ നഗരം പ്രത്യേക സാമ്പത്തിക സമുദ്ര മേഖലയായാണ് കണക്കാക്കുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചില ആശയങ്ങള്‍ നിയന്ത്രിതമായ സാഹചര്യത്തില്‍ പരീക്ഷിക്കാനും നഗരത്തിന് അധികാരമുണ്ടായിരിക്കും. നഗരത്തിനായി പരിഗണിക്കുന്ന പ്രദേശം എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുകളും സന്ദര്‍ശിച്ചു.
ഈ നഗരത്തില്‍ ഒരു ഗവേഷണ കേന്ദ്രവും വൈദ്യുതി നിലയവും ഉണ്ടായിരിക്കും. 167 മില്യന്‍ ഡോളര്‍ ഈ പദ്ധതിക്ക് ചെലവാകുമെന്നാണ് കരുതുന്നത്. സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ഇത്തരം നഗരങ്ങള്‍ക്ക് സ്വയംഭരണാവകാശമുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍ സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആകൃഷ്ടനായി പണം മുടക്കാന്‍ തയ്യാറായ പീറ്റര്‍ തിയല്‍ എന്ന സിലിക്കണ്‍ വാലി കോടീശ്വരന്‍ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. എന്‍ജിനീയറിംഗ കാഴ്ചപ്പാടില്‍ ഇത് പ്രാവര്‍ത്തികമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
ലണ്ടന്‍: വര്‍ഷങ്ങളായി തുടരുന്ന ശമ്പള നിയന്ത്രണം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതായി സര്‍വേ. ജീവിക്കാന്‍ പോലും പണം തികയാത്തത് മൂലം 41 ശതമാനം നഴ്‌സുമാര്‍ക്ക് ഉറക്കം പോലും നഷ്ടമായിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ സര്‍വേ വ്യക്തമാക്കുന്നു. ആര്‍സിഎന്‍ നടത്തിയ 2017എംപ്ലോയ്‌മെന്റ് സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി കൂടുതല്‍ പണം അടുത്തയാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ അനുവദിക്കണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെട്ടു.
2010 മുതല്‍ നഴ്‌സുമാര്‍ക്ക് ശരാശരി 14 ശതമാനം വെട്ടിക്കുറയ്ക്കലാണ് ശമ്പളത്തില്‍ വരുത്തിയത്. നാണ്യപ്പെരുപ്പത്തിനനുസരിച്ച് കണക്കാക്കിയാല്‍ 2500 പൗണ്ട് എങ്കിലും കുറവാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ 1 ശതമാനം മാത്രമാണ് കുറച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഉദ്പാദനക്ഷമതയുള്ള മേഖലകളില്‍ മാത്രമേ ശമ്പള നിയന്ത്രണം എടുത്തു കളയൂ എന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.
നിലിവിലെ സാഹചര്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് മോശം ശമ്പളമാണ് ലഭിക്കുന്നതെന്ന് സര്‍വേ പറയുന്നു. അഞ്ച് വര്‍ഷം മുമ്പത്തേതിനേക്കാള്‍ മോശം സാമ്പത്തികാവസ്ഥയിലാണ് തങ്ങളെന്ന് 70 ശതമാനം നഴ്‌സുമാര്‍ വ്യക്തമാക്കി. 23 ശതമാനം പേര്‍ മറ്റു ജോലികള്‍ കൂടി ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. മറ്റുള്ളവരോട് നഴ്‌സിംഗ് ജോലി ശുപാര്‍ശ ചെയ്യുന്ന നഴ്‌സുമാരുടെ എണ്ണം 41 ശതമാനം മാത്രമാണെന്നതും ഇവരുടെ ആത്മവിശ്വാസത്തിലുണ്ടായ കുറവിനെയാണ് സൂചിപ്പിക്കുന്നത്.
മെല്‍ബണ്‍: സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കാന്‍ സമ്മതമറിയിച്ച് ഓസ്‌ട്രേലിയന്‍ ജനത. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ ദേശീയ സര്‍വേയിലാണ് ജനഹിതം വ്യക്തമായത്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നതിനെ 61.6 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 38.4 ശതമാനം പേര്‍ എതിരഭിപ്രായം പറഞ്ഞു. ഇതോടെ നിയമപരിഷ്‌കരണത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന 26-ാമത് രാജ്യമായി ഓസ്‌ട്രേലിയ മാറും.
വ്യക്തവും ഉറപ്പുള്ളതുമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഹിതപരിശോധനാ ഫലത്തോട് പ്രതികരിച്ചു. ക്രിസ്തുമസിനു മുമ്പായി നിയമനിര്‍മാണം നടത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇനി ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പാര്‍ലമെന്റിനാണെന്നും ഈ വര്‍ഷം അവസാനത്തോടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
7,817,247 വോട്ടുകളാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ലഭിച്ചത്. 4,873,987 പേര്‍ ഇതിനെ എതിര്‍ത്തു. രാജ്യത്തെ ആറ് സ്‌റ്റേറ്റുകളിലും അനുകൂല ഫലമാണ് ലഭിച്ചത്. ന്യൂ സൗത്ത് വെയില്‍സില്‍ 57.8 ശതമാനം പേര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ തലസ്ഥാനത്ത് 74 ശതമാനം പേരും സമ്മതം അറിയിച്ചു. 1997 വരെ സ്വവര്‍ഗ്ഗ ലൈംഗികത ചില സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായിരുന്നു. പുതിയ തീരുമാനത്തെ സ്വവര്‍ഗ്ഗ പ്രേമികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
ജിമ്മി മൂലക്കുന്നേൽ
ബർമിങ്ഹാം: ബി സി എം സി.. അനുദിനം കരുത്താർജിക്കുന്ന മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ.. മുൻപ് പറഞ്ഞതുപോലെ യുകെ മലയാളികളെ വിജയത്തിന്റെ പടവുകൾ കാണിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ.. കരുത്തരായ വൂസ്റ്റർ തെമ്മാടിയെ വടംവലിയിൽ തോൽപ്പിച്ച കറുത്ത കുതിരകൾ.. തീർന്നില്ല കഴിഞ്ഞ വർഷത്തെ യുക്മ കലാമേളയിൽ വിജയപാതയിൽ എത്തിയ അസ്സോസിയേഷനുകളിൽ ഒന്ന്… ഈ വർഷത്തെ മിഡ്‌ലാൻഡ്‌സ് റീജിണൽ കലാമേളയിലെ കേമൻമ്മാർ.. ചാരിറ്റി പ്രവർത്തനം വഴി മറ്റു അസോസിയേഷനുകളുടെ സഹായത്തോടെ ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്ന അസോസിയേഷൻ.. അതെ ഇതെല്ലാം നേടിയ ബി സി എം സി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു… അഞ്ചു കുരുന്നുകളുടെ അരങ്ങേറ്റവുമായി.. ചിലങ്കയുടെ താളത്തോടെ… അതിശയിപ്പിക്കുന്ന നടന വൈഭവവുമായി ബി സി എം സി യുടെ കുരുന്നുകൾ..
സ്ഥലം ബിർമിങ്ഹാം ഷെള്‍ഡന്‍ ഹാൾ.. തിങ്ങി നിറഞ്ഞ അസോസിയേഷന്റെ മെംബേർസ്.. ബിസിഎംസിയുടെ അഞ്ചു കുരുന്നു പ്രതിഭകള്‍ അവരുടെ നൃത്താഞ്ജലി (ചിലങ്ക പൂജ) അരങ്ങേറ്റം കുറിക്കാൻ തയ്യാറായി. ഡോ. രജനി പാലക്കലിന്റെ കൃത്യതയാർന്ന ശിക്ഷണത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടത്തിയ കഠിന പ്രയത്‌നം.. രാജേഷ് സേവ്യർ – അനില ദമ്പതികളുടെ മകൾ ലിയോണ, റ്റെൻസ് ജോസഫ് – ഷീന റ്റെൻസ് ദമ്പതികളുടെ മകൾ ആൻമേരി റ്റെൻസ്, സിറോഷ് ഫ്രാൻസിസ് – ജോളി സിറോഷ് ദമ്പതികളുടെ മകൾ നേഹ ഫ്രാൻസിസ്, ജോസ് സെബാസ്റ്റ്യൻ – ജിൽസി ജോസ് ദമ്പതികളുടെ മകൾ മെറിൻ ജോസ്, ബിജു ജോസഫ് – റീന ബിജു ദമ്പതികളുടെ മകൾ അമേലിയ ബിജു എന്നീ അഞ്ചു കുരുന്നുകള്‍ അവരുടെ അരങ്ങേറ്റത്തിനായുള്ള ചുവടുകള്‍ സ്വായത്തമാക്കി, അവരുടെ മാസ്മരിക ഇച്ഛാശക്തി മുഴുവനും സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചപ്പോൾ നിൽക്കാത്ത കരഘോഷം.
സമയനിഷ്ട പാലിച്ചുകൊണ്ട് കൃത്യം ആറ് മണിക്ക് ഡോ. രജനി പാലക്കലിന്റെ നേതൃത്വത്തില്‍ തിരി തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെ (ഷൈജി അജിത്ത് & സില്‍വി ജോണ്‍സണ്‍) ഔദ്യോഗിക പരിപാടിക്ക് ആരംഭം കുറിച്ചു. രാജേഷ് സേവ്യര്‍ നിറഞ്ഞ സദസിന് സ്വാഗതമോതി… തുടര്‍ന്ന് അരങ്ങേറ്റത്തെക്കുറിച്ചും, അതിന്റെ ഉത്ഭവത്തെക്കുറിച്ചും അതിമനോഹരമായി സദസിന് മുന്നില്‍ തന്‍മയത്വത്തോടെ അവതരിപ്പിച്ച ശോഭ ..
ശേഷം അരങ്ങേറ്റത്തിലെ ഒൻപത് ക്ലാസിക് നൃത്തരൂപങ്ങളുടെ ആവിഷ്ക്കാരം.. പുഷ്പാഞ്ജലി, അലാരിപ്പു, ജതിസ്വരം, ശബ്ദം, വര്‍ണം, പദം, സെമി ക്ലാസിക് ഡാന്‍സ്, തില്ലാന, മംഗളം എന്നീ ക്രമത്തിൽ അരങ്ങേറ്റത്തില്‍ പങ്കാളികളായ അഞ്ച് കുരുന്നുകളും അവരുടെ സീനിയേഴ്‌സും നിറഞ്ഞവേദിയില്‍ നയന ചാരുതയോടെ ആവിഷ്‌കരിച്ചപ്പോൾ മൊട്ടുസൂചി നിലത്തുവീണാൽ കേൾക്കാവുന്ന നിശബ്തത… അവരുടെ ഓരോ ചുവടുകളും നിറഞ്ഞ കയ്യടികളോടെ സദസ്സ് എതിരേറ്റപ്പോൾ ബി സി എം സി എന്ന അസോസിയേഷന്റെ, അംഗങ്ങളുടെ പ്രവർത്തനഫലമാണ് വേദിയിൽ വിരുന്നായെത്തിയത്. പരിപാടികൾ സുഗമമായി നടക്കുവാന്‍ ജോളിയുടെയും ജോയുടെയും കൃത്യതയാർന്ന നേതൃത്വവും നിർദ്ദേശങ്ങളും. ജോയിച്ചേട്ടന്റെ ശബ്ദവും വെളിച്ചവും അരങ്ങേറ്റത്തിന് മോടി പിടിപ്പിച്ചപ്പോൾ, സ്റ്റീഫന്റെ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവ കുരുന്നുകളുടെ ഓരോ ഭാവചലനങ്ങളും വളരെ മനോഹരമായി ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
അജിത്ത് പുല്ലുകാട്ടിന്റെ ബാനര്‍, ടീച്ചര്‍ അമ്പിളി സനല്‍, ഷീബ തോമസ് എന്നിവരുടെ മേയ്ക്ക് അപ്പ് എന്നിവ അരങ്ങേറ്റത്തിന് മഴവില്ലിന്റെ മനോഹാരിത പകർന്നു നൽകി. റീന ബിജു നിറഞ്ഞ സദസിന് നന്ദി പ്രകാശിപ്പിച്ചു. ശേഷം ജോമോന്‍ കെറ്ററിംഗ്ും ടീമും ഒരുക്കിയ രുചികരമായ ഭക്ഷണം എല്ലാവരും നന്നായി ആസ്വദിച്ചു. ശ്രീകാന്ത് നമ്പൂതിരി, ഷൈജി അജിത്, ജിബി ജോർജ് എന്നിവര്‍ ക്ലാസിക്കല്‍ മ്യൂസിക്ക് ഗംഭീരമായി ആലപിച്ചപ്പോൾ ഒരു കച്ചേരിയുടെ പരിവേഷം വന്നുചേർന്നു… അതിനുശേഷം നിറഞ്ഞ സദസും കുട്ടികളും ശ്രുതി മധുരമായ ഗാനങ്ങള്‍ക്കനുസരിച്ച് നൃത്തച്ചുവടുകള്‍ വച്ച് അവരുടെ ഈ മുഹൂര്‍ത്തം ഗംഭീരമാക്കി പിരിഞ്ഞപ്പോൾ ബി സി എം സി ഒരിക്കൽക്കൂടി വാർത്തകളിൽ ഇടം നേടുകയായിരുന്നു.. വിജയ സോപാനങ്ങൾ കയറുകയായിരുന്നു. ഏകദേശം 10.30 നോട്കൂടി അരങ്ങേറ്റത്തിന് സമാപനം കുറിച്ചു.
ബര്‍മിംഗ്ഹാം: ആംബുലന്‍സിനു മുന്നില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന കുറിപ്പെഴുതി വെച്ചയാള്‍ ക്ഷമാപണവുമായി രംഗത്ത്. ഹസന്‍ ഷാബിര്‍ എന്ന 27കാരനാണ് താന്‍ ചെയതത് ക്രൂരമായിപ്പോയെന്ന് പറഞ്ഞ് രംഗത്തെത്തിയത്. അധ്യാപകനായി ജോലി നോക്കുകയാണ് ഇയാള്‍. ഹൃദയസ്തംഭനത്തേത്തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ആംബുലന്‍സ് തന്റെ വഴി മുടക്കിയെന്ന് പറഞ്ഞാണ് യുവാവ് കുറിപ്പെഴുതി വെച്ചത്.
തന്റെ ചെയ്തിയില്‍ ലജ്ജ തോന്നുന്നതായി ഷാബിര്‍ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണമടഞ്ഞ രോഗിയെ ഓര്‍മിക്കുന്നു. താന്‍ ചെയ്തതിന് ന്യായീകരണങ്ങള്‍ ഒന്നുമില്ല. വിശദീകരിക്കാനുമില്ല. ഒന്നും പറഞ്ഞ് താന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്ന് ഷാബിര്‍ വ്യക്തമാക്കി. തന്റെ പെരുമാറ്റം മരണമടഞ്ഞയാളുടെ കുടുംബത്തിനുണ്ടാക്കിയ മനോവിഷമത്തിന് ക്ഷമ ചോദിക്കുന്നതായും അയാള്‍ പറഞ്ഞു. ആംബുലന്‍സിനു മുന്നില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച നടപടിയെ സ്വാര്‍ത്ഥതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണം എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.
നിങ്ങള്‍ ഒരു ജീവന്‍ രക്ഷിക്കുകയായിരിക്കും. പക്ഷേ അതിനായി എന്റെ വഴിമുടക്കിക്കൊണ്ട് വാന്‍ പാര്‍ക്ക് ചെയ്യരുതെന്നാണ് ഇയാള്‍ കുറിച്ചത്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ആംബുലന്‍സ് ജീവനക്കാര്‍ ഇത് കണ്ടത്. ഈ കുറിപ്പിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വന്‍ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് ഉയര്‍ന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി പിന്നീട് മരിക്കുകയും ചെയ്തു.
യുകെയിലെ പ്രവാസി മലയാളികളുടെ ഇടയില്‍ ഒളിഞ്ഞിരിക്കുന്ന കലാകാരന്മാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി വോയ്സ് ഓഫ് ഡെര്‍ബി രാഗസന്ധ്യ 2017 എന്ന പേരില്‍ സംഗീത നിശ നവംബര്‍ 18 ശനിയാഴ്ച സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വോയ്സ് ഓഫ് ഡെര്‍ബിയുടെ നേതൃത്വത്തില്‍ ബ്രിട്ടണിലെ കലാകാരന്മാര്‍ക്കായി സംഗീത നിശ നടത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പൊതുജനങ്ങളില്‍ നിന്നും സംഗീതാസ്വാദകരില്‍ നിന്നുമുണ്ടായ അഭൂതപൂര്‍വ്വമായ പ്രതികരണം കണക്കിലെടുത്ത് 500ഓളം പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന വേദിയും വിപുലമായ ഒരുക്കങ്ങളുമാണ് സംഘാടകര്‍ നടത്തുന്നത്. മലയാളം യുകെ മീഡിയാ പാര്‍ട്ണര്‍ ആയ സംഗീതനിശയുടെ ഉദ്ഘാടനം രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും മലയാളം യുകെ ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ ജോജി തോമസ് നിര്‍വ്വഹിക്കും.
കലയും സംഗീതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരുപറ്റം പ്രവാസികളുടെ ശ്രമഫലമായി രൂപീകൃതമായ സംഘടനയാണ് വോയ്സ് ഓഫ് ഡെര്‍ബി. യുകെയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഉള്ള കലാകാരന്മാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വോയ്സ് ഓഫ് ഡെര്‍ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെയും കലാകാരന്മാരുടെയും ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നവംബര്‍ 18 ശനിയാഴ്ച 5 മണിക്ക് ആരംഭിക്കുന്ന സംഗീത നിശ രാത്രി 9 മണി വരെ നീണ്ടുനില്‍ക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സംഗീത നിശയില്‍ ഗാനങ്ങള്‍ ആലപിക്കും. സംഗീതാസ്വാദകര്‍ക്ക് ഗാനങ്ങള്‍ക്കൊപ്പം രുചികരമായ നാടന്‍ ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളെയും കലാപ്രേമികളെയും രാഗസന്ധ്യ 2017 ലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. രാഗസന്ധ്യ 2017 നടക്കുന്ന വേദിയുടെ വിലാസവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു.
Venue: Rykneld Community Centre
Bed Ford Close
Derby, DE 22 3H Q
Bijo Jacob: 07533976433
Anil George : 07456411198
ലണ്ടന്‍: യൂറോപ്യന്‍ സാമ്പത്തിക മേഖലയിലെ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ അഞ്ചിലൊന്ന് പേരും എന്‍എച്ച്എസ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 1720 ഡോക്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. നിലവില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന 12,000 യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാരുടെ 15 ശതമാനം വരും ഇത്. ഇവരില്‍ 45 ശതമാനം പേരും എന്‍എച്ച്എസ് വിടാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി.
18 ശതമാനം പേര്‍ ഏതു രാജ്യത്തേക്ക് മാറേണ്ടതെന്ന കാര്യത്തില്‍ പോലും ആലോചന തുടങ്ങിയെന്നാണ് വെളിപ്പെടുത്തിയത്. ബ്രെക്‌സിറ്റ് മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങള്‍ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അവ സംബന്ധിച്ചുള്ള ഏകദേശ കണക്കുകള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്. ഡോക്ടര്‍മാരുടെ ഈ കൂട്ടപ്രയാണത്തിന്റെ ഗുണഭോക്താക്കളാകുന്നത് ജര്‍മനി, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളായിരിക്കും.
ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ താമസിക്കുന്നതിന് നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങളില്‍ ഇമിഗ്രേഷന്‍ നിയമങ്ങളും താമസിക്കാനുള്ള സ്റ്റാറ്റസ് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളുമായിരിക്കും. യൂറോപ്യന്‍ പൗരന്‍മാരോട് രാജ്യത്താകെയുള്ള പ്രതികൂല മനോഭാവവും യുകെ വിടാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഈ കണ്ടെത്തല്‍ നിഷേധിച്ചു. യുകെ മെഡിക്കല്‍ രജിസ്റ്ററിലുള്ള യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവകാശവാദം.