അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ യുകെ സന്ദര്‍ശനത്തിനായി ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനില്‍. ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് ബ്രിട്ടീഷ് തെരുവുകളില്‍ പ്രതിഷേധവുമായി അണിനിരന്നത്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമായി വിശദീകരിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ ന്ിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്.

50,000 പേര്‍ പങ്കെടുക്കുന്ന വന്‍ പ്രകടനമാണ് പ്രതിഷേധ പരിപാടികളില്‍ ഏറ്റവും പ്രധാനം. ലണ്ടന്‍, കേബ്രിഡ്ജ്, ബ്രിസ്‌റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.
പേയ് യുവര്‍ ഏജ് ഡേ പ്രമോഷന്റെ ഭാഗമായി ടെഡി ബെയറുകള്‍ക്ക് പ്രഖ്യാപിച്ച വമ്പന്‍ ഓഫര്‍ മുതലാക്കാന്‍ ബില്‍ഡ് എ ബെയര്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ ജനപ്രവാഹം. 50 പൗണ്ട് വരെ വില വരുന്ന ടെഡി ബെയറുകള്‍ക്ക് 1 പൗണ്ട് വരെ മാത്രമായിരുന്നു ഓഫര്‍ വിലയായി പ്രഖ്യാപിച്ചത്. ഇതോടെ സ്‌റ്റോറുകള്‍ക്കു മുന്നില്‍ ജനത്തിരക്ക് നിയന്ത്രണാതീതമായി. 9 മണിക്കൂറോളം ചിലയിടങ്ങളിലെ ക്യൂ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റോക്കുകള്‍ പലയിടങ്ങളിലും തീരുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സേവനവും തേടേണ്ടതായി വന്നു.

ടെല്‍ഫോര്‍ഡ്, ഷ്രോപ്ഷയര്‍, ബേസിംഗ്‌സ്റ്റോക്ക്, ഹാംപ്ഷയര്‍, ഷെഫീല്‍ഡ് തുടങ്ങിയ ഇടങ്ങളിലെ സ്റ്റോറുകള്‍ നേരത്തേ അടയ്‌ക്കേണ്ടതായി വന്നു. ജനത്തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും മൂലമാണ് ജനങ്ങള്‍ക്ക് സ്റ്റോറുകളില്‍ പ്രവേശനം നിഷേധിച്ചതെന്ന് ബില്‍ഡ് എ ബെയര്‍ വിശദീകരിച്ചു. കുട്ടികള്‍ക്ക് അവരുടെ പ്രായം എത്രയാണോ അതായിരുന്നു ടെഡി ബെയറുകളുടെ വിലയായി നല്‍കേണ്ടിയിരുന്നത്. എല്ലാ ഇനത്തിലുള്ള ബെയറുകള്‍ക്കും ഓഫര്‍ ബാധകമാക്കിയിരുന്നു.

നൂറുകണക്കിന് രക്ഷിതാക്കള്‍ സ്റ്റോറിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന വീഡിയോ ഫിയോണ ഒ’ റെയ്‌ലി എന്ന സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് ഒരു മണിക്കൂറില്‍ 22,000 വിസിറ്റര്‍മാരെയാണ് ലഭിച്ചത്. സാധാരണ ഗതിയില്‍ 200 പൗണ്ട് വരെ വില വരുന്ന നാല് ബെയറുകള്‍ 24 പൗണ്ട് മാത്രം നല്‍കിയാണ് താന്‍ സ്വന്തമാക്കിയതെന്നും സ്റ്റോറിനു പുറത്തെ ക്യൂ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നാണ് താന്‍ കരുതിയതെന്നും ഇവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.
തിരുവല്ല: കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ നിരന്തരം ലൈംഗിക പീഡനത്തിനരയാക്കിയ കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റാണ് വൈദികനെ റിമാന്‍ഡ് ചെയ്തത്. കേസിലെ മറ്റു പ്രതികള്‍ക്ക് വേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 7.30 ഓടെയാണ് മജിസ്‌ട്രേട്ടിനു മുന്നില്‍ പ്രതിയെ ഹാജരാക്കിയത്. ജഡ്ജിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ പ്രതിയായ ജോബ് മാത്യുവിനെ കൂകി വിളിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. മറ്റു പ്രതികളോടും കോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഫാ. സോണി വര്‍ഗീസ്, ഫാ. ജെയിസ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് പോലീസ് അന്വേഷിക്കുന്ന പ്രധാന പ്രതികള്‍. ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുന്ന വൈദികന്‍ ജോബ് മാത്യുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചേക്കും. പീഡിപ്പിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ ടെലഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ സഭ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ: തീപിടുത്ത സാഹചര്യത്തെ നേരിടുന്നതെങ്ങിനെ എന്ന് കാണിക്കാന്‍ നടത്തിയ മോക്ഡ്രില്ലില്‍ പരിശീലകന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും തള്ളിത്താഴെയിട്ട വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താഴേയ്ക്കു വീഴുന്നതിനിടയില്‍ ഷേഡില്‍ തലയിടിച്ച് യുവതി മരിക്കുകയായിരുന്നു. ക്യാംപസില്‍ നടത്തിയ മോക്ഡ്രില്ലില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നുമായിരുന്നു പരിശീലകന്‍ 19 കാരിയെ തള്ളിയിട്ടത്.
കോയമ്പത്തൂരിലെ കോവൈ കലൈമഗള്‍ കോളേജില്‍ ലോകേശ്വരി എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താഴേയ്ക്ക് ചാടാന്‍ മടികാട്ടിയ പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിയിടുന്നതും വീഴുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ തല സണ്‍ഷേഡില്‍ ഇടിയ്ക്കുന്നതുമായ ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തീപിടുത്തം പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്. രണ്ടാം നിലയില്‍ നിന്നും താഴെ കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച വലയിലേക്കായിരുന്നു ചാടേണ്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുകയായിരുന്നു. തുടര്‍ന്ന് പരിശീലകനെത്തി തള്ളിയിട്ടു. പെണ്‍കുട്ടിക്ക് മുമ്പ് മറ്റ് അഞ്ചുപേര്‍ പരിശീലനം അപകടം കൂടാതെ പൂര്‍ത്തിയാക്കി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക്ഡ്രില്‍ നടന്നതെന്നാണ് കോളേജ് പറയുന്നത്. എന്നാല്‍ തങ്ങള്‍ വിവരം അറിഞ്ഞിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മോക്ഡ്രില്‍ നടത്തിയത്.
പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിശീലകന്‍ ആര്‍ അറുമുഖന്‍ തള്ളിയിട്ട പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ ഷേഡില്‍ വന്നടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ലോകേശ്വരി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുമെന്ന് കെ പി അന്‍പളകന്‍ വ്യക്തമാക്കി.
മോസ്‌കോ: ഇംഗ്ലീഷ് ലോകകപ്പ് സ്വപ്നങ്ങള്‍ തച്ചുടച്ച് റഷ്യയില്‍ ക്രൊയേഷന്‍ മുന്നേറ്റം. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിന്റെ മുന്‍തൂക്കത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ലോകത്തെമ്പാടുമുള്ള ഇംഗ്ലീഷ് ആരാധകരെ കണ്ണീരണയിച്ചായിരുന്നു ക്രൊയേഷന്‍ വിജയം. കളിയുടെ അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പൊരുതിയ ഇരുടീമുകളും നിശ്ചിത 90 മിനിറ്റില്‍ ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. പിന്നീട് അനുവദിച്ച് എക്‌സട്രാ ടൈമിലായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്ത് ക്രൊയേഷ്യ മുന്നേറിയത്.

ആദ്യപകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ (5ാം മിനിറ്റ്) നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ഇംഗ്ലണ്ടിനോട് ആദ്യഘട്ടത്തില്‍ പകച്ചുപോയ ക്രൊയേഷ്യ പിന്നീട് പക്ഷേ വലിയ തിരിച്ചുവരവ് നടത്തി. 5ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് കീറന്‍ ട്രിപ്പിയര്‍ മനോഹരമായി വലയിലെത്തിച്ചു. ക്രൊയേഷ്യന്‍ ഗോളി കാഴ്ച്ചക്കാരനാക്കി ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു. രണ്ടാം പകുതിയില്‍ വലിയ തിരിച്ചുവരവ് നടത്തിയ ക്രൊയേഷ്യ ഇവാന്‍ പെരിസിച്ചും (68) നേടിയ ഗോളിലൂടെ സമനില പിടിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തിലെ ചെറിയ പിഴവുകള്‍ മുതലാക്കി നടത്തിയ മുന്നേറ്റങ്ങളാണ് ക്രൊയേഷ്യന്‍ വിജയത്തിന് കാരണമായത്. 1998ലാണ് ആദ്യമായി ക്രൊയേഷ്യ ലോകകപ്പ് സെമിയിലെത്തുന്നത്. അന്ന് അവര്‍ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മിഡ്ഫീല്‍ഡിലെ ആനുകൂല്യം നന്നായി മുതലാക്കിയ ക്രൊയേഷ്യ രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കി. ലോകകപ്പ് കണ്ട ഏറ്റവും ആവേശ സെമി ഫൈനലായിരുന്നു ഇത്. ലോകകപ്പില്‍ ആദ്യമായി സമ്പൂര്‍ണ ഫോമിലേക്കുയര്‍ന്ന മുന്‍നിരയിലെ പെരിസിച്ച്മാന്‍സൂക്കിച്ച് സഖ്യവും ക്രൊയേഷ്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. കെയിനാകട്ടെ വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു. തുടക്കത്തില്‍ ഇംഗ്ലണ്ട് മികച്ചു നിന്നെങ്കിലും തുടര്‍ച്ചയുണ്ടായില്ല. എക്‌സ്ട്രാ ടൈമില്‍ ഗോളെന്നുറപ്പിച്ച ഇംഗ്ലണ്ട് താരം എറിക് ഡെയറിന്റെ ഹെഡര്‍ ഗോള്‍ലൈനിനരികില്‍ ഹെഡ് ചെയ്ത രക്ഷപ്പെടുത്തിയ സിമെ വ്രസാല്‍കോയാണ് സത്യത്തില്‍ ക്രൊയേഷ്യന്‍ ഹീറോ.

റഫറി ക്രൊയേഷ്യക്ക് അനുകൂലമായി തീരുമാനങ്ങളെടുത്തുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിരാശരമായ ചില ആരാധകര്‍ റോഡിലിറങ്ങി ബഹളമുണ്ടാക്കിയതോടെ ഇവരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഗ്യാലറിയില്‍ ആയിരക്കണക്കിന് നിരാശരായ ഇംഗ്ലീഷ് ആരാധകരെ കാണാമായിരുന്നു. ജൂലൈ 15ന് രാത്രി ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബെല്‍ജിയത്തിനായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുന്നു. എന്നാല്‍ ട്രംപിനെ പ്രതിഷേധക്കാര്‍ക്ക് കാണാന്‍ കഴിയില്ലെന്നാണ് പുതിയ വിവരം. ട്രംപിന്റെ ഭാര്യ മെലാനിയ പക്ഷേ പ്രതിഷേധത്തിന്റെ ചൂട് നേരിട്ട് അറിയുകയും ചെയ്യും. ലണ്ടനില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരെയും സ്‌കൂള്‍ കുട്ടികളെയും മെലാനിയ സന്ദര്‍ശിക്കും. ഇവിടെയൊക്കെ ആയിരക്കണക്കിന് ട്രംപ് വിരുദ്ധര്‍ പ്രകടനമായെത്തുമെന്നാണ് കരുതുന്നത്. അതേസമയം ഇംഗ്ലീഷ് കണ്‍ട്രിസൈഡിലുള്ള രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരിക്കും ട്രംപിന് സ്വീകരണം ഒരുക്കുകയെന്ന് സൂചനയുണ്ട്.

ട്രംപിനെ ലണ്ടനില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ട്രംപ് കാണാതിരിക്കുകയാണ് ഉദ്ദേശ്യം. നാളെ ലണ്ടനില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ മെലാനിയ തെരേസ മേയുടെ ഭര്‍ത്താവിനൊപ്പം ചെലവഴിക്കും. ട്രംപ് ഈ സമയത്ത് ബ്രിട്ടീഷ്-അമേരിക്കന്‍ സേനകളുടെ സംയുക്ത അഭ്യാസം നിരീക്ഷിക്കുകയായിരിക്കും. സൈനിക കേന്ദ്രത്തില്‍ ട്രംപ് സന്ദര്‍ശനം നടത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ എവിടെയാണ് പ്രധാനമന്ത്രിക്കൊപ്പം ട്രംപ് എത്തുകയെന്ന വിവരം സുരക്ഷാകാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല.

ട്രംപിന്റെ പരിപാടികള്‍ ഭൂരിപക്ഷവും ലണ്ടന് പുറത്താണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ അദ്ദേഹം എത്താനുള്ള സാധ്യതകള്‍ വിരളമാണ്. പ്രതിഷേധക്കാര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രീകരിച്ചാണ് എത്താന്‍ ഏറെ സാധ്യതയുള്ളത്. ലണ്ടന് പുറത്തുള്ള യുകെ അനുഭവവേദ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് പ്രസിഡന്റിന്റെ സന്ദര്‍ശന ഷെഡ്യൂള്‍ തലസ്ഥാനത്തിനു പുറത്താക്കിയതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം.
സമ്മര്‍ ഹോളിഡേകളില്‍ കുട്ടികള്‍ക്കായി മാതാപിതാക്കള്‍ ചെലവാക്കുന്നത് 600 പൗണ്ടിന് മുകളിലുള്ള തുകയെന്ന് സര്‍വേ. 16-07 വയസ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളായ 1000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഒരു കുട്ടിക്ക് വേണ്ടി മാത്രം ഒരാഴ്ച 103.11 പൗണ്ട് ചെലവാകുമെന്ന് കണ്ടെത്തി. അപ്രകാരം ആറാഴ്ച നീളുന്ന സമ്മര്‍ അവധിക്കാലത്ത് 618.66 പൗണ്ട് ശരാശരി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സമ്മര്‍ അവധിയില്‍ തങ്ങളുടെ കുടുംബ വരുമാനത്തിന്റെ 20 ശതമാനത്തോളം കുട്ടികള്‍ക്കു വേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ വെളിപ്പെടുത്തി.

കുട്ടികള്‍ ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്ന് പുറത്തേക്ക് പോകുമെന്നതാണ് സമ്മര്‍ അവധി ദിനങ്ങളില്‍ രക്ഷിതാക്കള്‍ ആശ്വസിക്കുന്നത്. എന്നാല്‍ അത് തങ്ങളുടെ സമ്പാദ്യത്തെ ബാധിക്കാത്ത വിധത്തിലാകാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് നാഷണല്‍ സിറ്റിസണ്‍ സര്‍വീസ് നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ക്കായി ഗവണ്‍മെന്റ് ഫണ്ടഡ് സമ്മര്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. 50 പൗണ്ട് മാത്രം ചെലവു വരുന്ന ഈ പരിപാടികള്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സമൂഹത്തില്‍ കൂടുതല്‍ സജീവമാകാന്‍ അവരെ സഹായിക്കുകയും ചെയ്യും.

വര്‍ഷത്തിലെ മറ്റു സമയങ്ങളെ അപേക്ഷിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും ഉല്ലാസത്തിനായി സമ്മറില്‍ കൂടുതല്‍ പണം ചെലവാക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേര്‍ വെളിപ്പെടുത്തി. ഇതിനായുള്ള പണം കൈവശമുണ്ടാകുമോ എന്ന ആശങ്കയുള്ളവരാണ് 58 ശതമാനം ആളുകള്‍. കുട്ടികളുടെ സന്തോഷത്തിനായി കുറച്ച് അധികം പണം ചെലവാക്കുന്നതില്‍ ബുദ്ധിമുട്ടില്ലാത്തവരാണ് 25 ശതമാനം ആളുകളെന്നും സര്‍വേ വ്യക്തമാക്കുന്നു.
ജെറമി ഹണ്ടിനു കീഴില്‍ ചില സുപ്രധാന മേഖലകളില്‍ എന്‍എച്ച്എസ് പിന്നോട്ടു പോയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആറു വര്‍ഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തിരുന്ന ഹണ്ടിനു കീഴില്‍ ജീവനക്കാരും അതൃപ്തരായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ ശബ്ദത്തിനു പ്രാധാന്യം നല്‍കിയതില്‍ ഹണ്ടിന് നന്ദി പറയുകയാണ് ചില പേഷ്യന്റ് ഗ്രൂപ്പുകള്‍. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തു നിന്ന് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയ ഹണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും പ്രവഹിക്കുകയാണ്. താന്‍ ഒരു കര്‍ക്കശക്കാരനാണെന്നാണ് ചില ജീവനക്കാര്‍ കരുതുന്നതെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ ഹണ്ട് പറഞ്ഞു.

വീക്കെന്‍ഡുകളിലെ ഓവര്‍ടൈമിന് ഡോക്ടര്‍മാര്‍ക്ക് നല്‍കി വന്നിരുന്ന വേതനം വെട്ടിക്കുറച്ചതും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഡ്യൂട്ടി നല്‍കിയതുമൊക്കെ ഹണ്ടിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതിനെതിരെ നടന്ന സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന റേച്ചല്‍ ക്ലാര്‍ക്ക് എന്ന പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ രൂക്ഷമായ ഭാഷയിലാണ് ഹണ്ടിനെ വിമര്‍ശിക്കുന്നത്. മറക്കാനാവാത്തതും നാണംകെട്ടതുമായ സമ്പ്രദായങ്ങളാണ് ഹണ്ട് നടപ്പിലാക്കിയതെന്ന് ഇവര്‍ പറയുന്നു. 7000 ബെഡുകള്‍ വെട്ടിക്കുറച്ചു. വിന്റര്‍ ക്രൈസിസ് മനുഷ്യാവകാശ പ്രതിസന്ധി പോലും സൃഷ്ടിച്ചു.

ആശുപത്രി ഇടനാഴികളില്‍ അകാല മരണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ രോഗീ സുരക്ഷയില്‍ ഹണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്‍എച്ച്എസ് ചികിത്സാപ്പിഴവുകള്‍ മൂലം രോഗികള്‍ മരിച്ച അവസരങ്ങളില്‍ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കാനും അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഹണ്ട് ശ്രദ്ധിച്ചിരുന്നുവെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകകപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ മാനേജരായ ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ടാണ് യുകെയില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതിശയിക്കേണ്ട, സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ട് ടീമിന്റെ ഭാഗ്യചിഹ്നമാണെന്ന് ആരാധകര്‍ വിധിയെഴുതിക്കഴിഞ്ഞു. റഷ്യയില്‍ നിന്ന് ടീം തിരിച്ചെത്തിയാല്‍ ഈ വെയിസ്റ്റ്‌കോട്ടിന് വന്‍ വിലയായിരിക്കും ലഭിക്കുക. ഇത് ലഭിക്കുന്നതിനായി മ്യൂസിയങ്ങള്‍ മത്സരമാരംഭിച്ചു കഴിഞ്ഞു. ഇന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ സൗത്ത്‌ഗേറ്റ് ധരിക്കുന്ന വെയിസ്റ്റ്‌കോട്ടിന് വലിയ സാസ്‌കാരിക പ്രാധാന്യമാണ് ചരിത്രകാരന്‍മാര്‍ കല്‍പിക്കുന്നത്.

രാജ്യത്തെ രണ്ട് പ്രമുഖ മ്യൂസിയങ്ങളാണ് ഇത് ലഭിക്കുന്നതിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ലണ്ടനാണ് സൗത്ത്‌ഗേറ്റിന്റെ നേവി ബ്ലൂ വെയിസ്റ്റ്‌കോട്ടിനായി ആദ്യം അവകാശവാദമുന്നയിച്ചത്. തങ്ങളുടെ ചരിത്രവസ്തുക്കളില്‍ ഒന്നായി ഇത് ലഭിക്കണമെന്ന് മ്യൂസിയം താല്‍പര്യപ്പെട്ടു. തൊട്ടുപിന്നാലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം ഇതേ ആവശ്യവുമായി രംഗത്തെത്തി. 65 പൗണ്ട് വിലയുള്ള ഈ കോട്ട് തങ്ങള്‍ക്കാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നും സ്‌പോര്‍ട്‌സ് സ്മാരകങ്ങളില്‍ ഇത് വിലപ്പെട്ട ഒന്നായിരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

1666ലാണ് ബ്രിട്ടനില്‍ വെയിസ്റ്റ് കോട്ടുകള്‍ പിറവിയെടുക്കുന്നത്. ചാള്‍സ് രണ്ടാമന്‍ രാജാവാണ് ഇതിന് പ്രചാരണം നല്‍കിയത്. അത്തരം ചരിത്രപ്രാധാന്യമുള്ള വെയിസ്റ്റ്‌കോട്ടുകള്‍ക്കൊപ്പം ഇത് പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയെന്ന് മ്യൂസിയം ഓഫ് ലണ്ടന്റെ സീനിയര്‍ ഫാഷന്‍ ക്യൂറേറ്റര്‍ ബിയാട്രിസ് ബെഹ്ലെന്‍ പറഞ്ഞു. എന്നാല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന നിലയില്‍ തങ്ങളുടെ ഡിസ്‌പ്ലേയിലായിരിക്കും ഈ വെയിസ്റ്റ്‌കോട്ട് കൂടുതല്‍ ചേരുകയെന്നാണ് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം പറയുന്നത്. ഇത് ലഭിക്കാനായി ഒരു ഷൂട്ടൗട്ടിന് തയ്യാറുണ്ടോ എന്ന വെല്ലുവിളിയും ട്വിറ്ററില്‍ ലണ്ടന്‍ മ്യൂസിയത്തോട് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം നടത്തിയിട്ടുണ്ട്.
തീവ്രവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ടുള്ള അതിരുകടന്ന പ്രസ്താവനകള്‍ക്കും തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് തവണയില്‍ കൂടുതല്‍ നോക്കുന്നതും ശിക്ഷാര്‍ഹമാക്കുന്ന പുതിയ നിയമം പരിഗണനയില്‍. കൗണ്ടര്‍ ടെററിസം ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ബില്‍ ആണ് കടുത്ത നിയന്ത്രണങ്ങളുമായി എത്തുന്നത്. എന്നാല്‍ ഈ നിയമം മനുഷ്യാവകാശ ലംഘനമാകുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും അഭിപ്രായപ്പെട്ടു. സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമിടയില്‍ തെറ്റായ സന്തുലനമാണ് ഈ ബില്‍ നല്‍കുന്നതെന്നും ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.

എന്നാല്‍ ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗവണ്‍മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പാര്‍ലമെന്റിലെ നടപടികള്‍ ബില്‍ വേഗം പൂര്‍ത്തിയാക്കുകയാണ്. ഈ നിയമം നടപ്പായാല്‍ അത് പൗരന്‍മാരുടെ അവകാശങ്ങളായ സ്വകാര്യത, വിശ്വസിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കു മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ജോയിന്റ് കമ്മിറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിലയിരുത്തുന്നു. തീവ്രവാദത്തില്‍ നിന്ന് സുരക്ഷ നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതേസമയം മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഹാരിയറ്റ് ഹാര്‍മാന്‍ പറഞ്ഞു.

തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് പ്രാവശ്യം വായിക്കുന്നത് പോലും കുറ്റകരമാക്കുന്നത് വിവരാവകാശത്തിന്റെ ലംഘനമാണെന്ന് കോമണ്‍സ്, ലോര്‍ഡ്‌സ് അംഗങ്ങള്‍ പറയുന്നു. ജേര്‍ണലിസ്റ്റുകള്‍, അക്കാഡമിക്കുകള്‍ തുടങ്ങിയവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തീവ്രവാദത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നിരിക്കെ ഒരു വെബ്‌സൈറ്റില്‍ നോക്കുന്നത് പോലും കുറ്റകരമാക്കുന്ന പുതിയ നിയമത്തിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.