ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മാച്ച് യുകെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. വെള്ളി, ശനി ദിവസങ്ങളിലെ ഗ്രോസറി സെയിലില്‍ സാധാരണയുള്ളതിനേക്കാള്‍ 5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. 860 മില്യന്‍ പൗണ്ടിന്റെ വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്ന് കാന്റര്‍ വേള്‍ഡ്പാനല്‍ പറയുന്നു. രണ്ടു ദിവസങ്ങളിലായി 1.4 മില്യന്‍ ആളുകള്‍ ഷോപ്പുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. സമ്മറും ഫുട്‌ബോള്‍ ജ്വരവും വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അതിനായുള്ള ഒരുക്കത്തിലാണ്.

ആല്‍ക്കഹോളിനായിരിക്കും ആവശ്യക്കാര്‍ ഏറെയെത്തുക. 25 ശതമാനത്തോളം ആല്‍ക്കഹോള്‍ വില്‍പന ഉയര്‍ന്നേക്കും. രണ്ടു ദിവസത്തിനുള്ളില്‍ മദ്യവില്‍പനയിലൂടെ മാത്രം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് 26 മില്യന്‍ പൗണ്ടിന്റെ അധിക വരുമാനം ഉണ്ടാകും. 30 ശതമാനം എക്‌സ്ട്രാ ഷോപ്പിംഗ് മദ്യത്തിനു വേണ്ടി മാത്രമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ കിക്കോഫിന് തൊട്ടു മുമ്പായി ഒഴിയുന്ന ഷെല്‍ഫുകള്‍ നിറക്കേണ്ടത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് അത്യാവശ്യമായി വരും. സ്റ്റോക്കുകളും ജീവനക്കാര്‍ കുറയാതിരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതായും വന്നേക്കും.

വര്‍ഷങ്ങള്‍ക്കിടെ ബാര്‍ബിക്യൂ മീറ്റ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഈ വര്‍ഷമാണെന്ന് ടെസ്‌കോ പറയുന്നു. എന്നാല്‍ ബിയര്‍ വില്‍പന കഴിഞ്ഞ വര്‍ഷമായിരുന്നു കൂടുതല്‍. 50 മില്യന്‍ ബോട്ടിലുകളും ക്യാനുകളും ഈയാഴ്ച വിറ്റഴിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖല പ്രതീക്ഷിക്കുന്നത്.
ഫ്രോസണ്‍ പച്ചക്കറികളില്‍ മാരകമായ ബാക്ടീരിയ ബാധയെന്ന് മുന്നറിയിപ്പ്. ലിസ്റ്റീരിയ മോണോസൈറ്റോജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയകള്‍ ബാധിച്ച പച്ചക്കറി യുകെയില്‍ എത്തിയിട്ടുണ്ടെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 9 മരണങ്ങള്‍ക്ക് കാരണമായ ലിസ്റ്റീരിയോസിസ് എന്ന അപൂര്‍വ രോഗത്തിന് ഈ ബാക്ടീരിയകള്‍ കാരണമാകും. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും ഈ രോഗം മാരകമായേക്കാമെന്നാണ് മുന്നറിയിപ്പ്. ഫ്രോസണ്‍ സ്വീറ്റ്‌കോണിലാണ് ഈ ബാക്ടീരിയ കാണാന്‍ സാധ്യതയേറെയുള്ളത്.

യുകെയുള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ ബാക്ടീരിയ ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അണുബാധയുള്ള പച്ചക്കറികള്‍ തിരിച്ചറിയുന്നതിനായി ജീനോം സീക്വന്‍സിംഗ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ ഫുഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഫ്രോസണ്‍ കോണില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജൂണ്‍ 8 വരെ 47 ലിസ്റ്റീരിയോസിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ 9 പേര്‍ മരിച്ചു.

ഹംഗേറിയന്‍ കമ്പനി വിപണിയിലെത്തിച്ച ഫ്രോസണ്‍ പച്ചക്കറികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചത്. 2016ലും 2017ലും ഇതേ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലിസ്റ്റീരിയ മോണോസൈറ്റോജനുകളെ കണ്ടെത്തിയിരുന്നു. പ്രോസസിംഗ് പ്ലാന്റില്‍ ഇവ നിലനില്‍ക്കുന്നുണ്ടെന്നതാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കമ്പനിയുടെ ഉല്‍പന്നങ്ങളുടെ വില്‍പനം ഹംഗേറിയന്‍ ഫുഡ് ചെയിന്‍ സേഫ്റ്റി ഓഫീസ് നിരോധിച്ചിരിക്കുകയാണ്.
സമ്മര്‍ കനത്തതോടെ ബ്രിട്ടനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഹീറ്റ് വേവ് എത്തിയതിനു പിന്നാലെ വീടുകളിലും സ്‌കൂളുകളിലും കുടിവെള്ളക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഗ്യാലന്‍ വെള്ളം ഇവിടങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് മറ്റു പ്രദേശങ്ങളില്‍ ക്ഷാമത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ ആറ് പ്രദേശങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് വിവരം. റിസര്‍വോയറുകളിലെ ജലക്ഷാമം മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹോസ്‌പൈപ്പ് നിരോധനവും നടപ്പിലാക്കിയിട്ടുണ്ട്.

സാങ്കേതിക പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കി. ഹാംപ്ഷയറിലെ ഹാല്‍സ്‌മെയറില്‍ ജലവിതരണം വൈദ്യുതി തടസത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം നിലച്ചു. ബ്ലാക്ക്ഡൗണ്‍ റിസര്‍വോയറിലാണ് പ്രതിസന്ധിയുണ്ടായത. പ്രശ്‌നപരിഹാരത്തിനായി എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നതിനിടെ പ്രദേശത്തെ പ്രായമായവര്‍ക്ക് എമര്‍ജന്‍സി വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. പിന്നീട് പുലര്‍ച്ചെ 2 മണിയോടെയാണ് ജലവിതരണം പുനസ്ഥാപിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിച്ചത് ചെളിവെള്ളമാണെന്ന് പരാതിയുണ്ട്. ഇതേക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്നും പരാതികള്‍ ഉയരുന്നു. വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത പ്രായമായവരാണ് പരാതിയുമായി രംഗത്തെത്തിയത്.

വാട്ടര്‍ ബില്‍ ഇനത്തില്‍ കനത്ത തുകയാണ് തങ്ങള്‍ നല്‍കുന്നതെന്നും അതുകൊണ്ടു തന്നെ പ്രായമായവര്‍ക്ക് ഇത്തരം പ്രതിസന്ധികളെക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആന്‍ ഹാക്ക് എന്ന സ്ത്രീ പറഞ്ഞു. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാന്‍ വേണ്ട സംവിധാനങ്ങളില്ലെന്ന് മറ്റൊരു പെന്‍ഷനറും അറിയിച്ചു. ജലക്ഷാമം മൂലം ചില സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.
റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെയുണ്ടായതിനു സമാനമായ നെര്‍വ് ഏജന്റ് ആക്രമണം ബ്രിട്ടനില്‍ വീണ്ടും. വില്‍റ്റ്ഷയറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനുമാണ് നോവിചോക്ക് ആക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ചാര്‍ലി റൗളി, ഡോണ്‍ സ്റ്റര്‍ഗസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വീട്ടിനുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഇവര്‍ക്കു നേരെയുണ്ടാകാനുള്ള കാരണങ്ങള്‍ അവ്യക്തമാണെന്ന് മെറ്റ് പോലീസ് അറിയിച്ചു.

സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച അതേ ബാച്ചിലുള്ള നെര്‍വ് ഏജന്റ് തന്നെയാണ് ഇവരിലും പ്രയോഗിച്ചയതെന്ന് സ്ഥിരീകരിക്കണമെന്നു മെട്രോപോളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു. ഈ സാധ്യതയിലേക്കാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിന്ന് നോവിചോക്ക് അംശമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്താനാണ് പോലീസ് പദ്ധതിയിടുന്നത്. എങ്ങനെയാണ് ഇവരില്‍ രാസായുധ പ്രയോഗമുണ്ടായതെന്ന് കണ്ടെത്താനാണ് നീക്കം.

വില്‍റ്റ്ഷയര്‍ പോലീസിനൊപ്പം കൗണ്ടര്‍ ടെററിസം പോലീസിംഗ് നെറ്റ് വര്‍ക്കും അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്. പൊതുജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഈ വിധത്തിലുള്ള ആക്രമണം മറ്റുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നും ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവിസ് പറഞ്ഞു.
യുകെ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി കുടിയേറ്റക്കാര്‍ക്ക് ഡിഎന്‍എ ടെസ്റ്റ് ഏര്‍പ്പെടുത്തി ഹോം ഓഫീസ്. കുട്ടികള്‍ ബ്രിട്ടീഷ് പൗരന്‍മാരായ, യുകെ സെറ്റില്‍ഡ് സ്റ്റാറ്റസിന് അപേക്ഷിച്ച കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ച് കത്തയച്ചിരിക്കുകയാണ് ഹോം ഓഫീസ്. എന്നാല്‍ ഇമിഗ്രേഷനില്‍ ഡിഎന്‍എ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നയത്തിന്റെ ലംഘനമാണ് ഹോം ഓഫീസ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിഎന്‍എ വിവരങ്ങള്‍ ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വമേധയാ ആണെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്‌സ് കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് വിവാദമാരംഭിച്ചത്.

നിരവധി പേര്‍ക്ക് കത്തുകള്‍ അയച്ചതായി സമ്മതിച്ച ഹോം ഓഫീസ് ഇപ്പോള്‍ ഈ കത്തുകള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളാണെന്ന് തെൡയിക്കാന്‍ ഡിഎന്‍എ തെളിവുകള്‍ ഹാജരാക്കണമെന്ന് കാട്ടി ഒരു സ്റ്റാറ്റസ് അപേക്ഷകന്റെ സോളിസിറ്റര്‍ക്ക് ഹോം ഓഫീസ് കത്തയച്ചിരുന്നു. കുട്ടിക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സ്വന്തമായുണ്ടെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു നടപടി. ഇത് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ കക്ഷിയുടെ സ്റ്റാറ്റസ് അംഗീകരിക്കാന്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് സാധിക്കില്ലെന്നാണ് കത്ത് വ്യക്തമാക്കുന്നത്.

ഡിഎന്‍എ ടെസ്റ്റ് നിര്‍ബന്ധിതമല്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി പറയുന്നുണ്ടെങ്കിലും അവതരുടെ ഉദ്യോഗസ്ഥര്‍ ഇത് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയുകയാണെന്ന് അപേക്ഷകന്റെ സോളിസിറ്ററായ എന്നി ചൗധരി പറയുന്നു. ഇത് നിയമവിരുദ്ധമാണെന്നത് സ്പഷ്ടമാണെന്നിരിക്കെ തന്റെ കക്ഷിയുടെ അപേക്ഷയിന്‍മേലുള്ള തീരുമാനം രണ്ടു വര്‍ഷമായി വൈകിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹോം ഓഫീസ് നടപടിക്കെതിരെ ക്യാംപെയിനര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ക്യാംപെയിനിന് തുടക്കമാകുന്നു. വീ ആര്‍ ദി എന്‍എച്ച്എസ് എന്ന പേരില്‍ നടക്കുന്ന ക്യാംപെയിനില്‍ നഴ്‌സുമാരെയും മിഡൈ്വഫുമാരെയുമാണ് നിയമിക്കുന്നത്. യുകെയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ ഡ്രൈവില്‍ പ്രധാനമായും പരിഗണിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം വിദേശത്തു നിന്നുള്ളവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. ടിവി, റേഡിയോ പരസ്യങ്ങളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയ ക്യാംപെയിനുകളും ഇതിനായി നടത്തും.

രാജ്യത്ത് ഏറ്റവും ജനപ്രിയമായ സ്ഥാപനമാണ് എന്‍എച്ച്എസ് എന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിംഗ് ഓഫീസറായ ജെയ്ന്‍ കുമ്മിംഗ്‌സ് പറഞ്ഞു. അതിന്റെ ജീവനക്കാരുടെ വൈദഗ്ദ്ധ്യം, സമര്‍പ്പണം, കരുണ തുടങ്ങിയ ഗുണങ്ങളാണ് ഇതിന് അടിസ്ഥാനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ ചോയ്‌സുകള്‍ നല്‍കുന്ന 350 കരിയര്‍ അവസരങ്ങളാണ് എന്‍എച്ച്എസില്‍ ഉള്ളത്. നഴ്‌സുമാരും മിഡൈ്വഫുമാരുമാണ് ജീവനക്കാരില്‍ ഭൂരിഭാഗവും. അവര്‍ വിദഗ്ദ്ധമായ കെയറും കരുണയുമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അങ്ങേയറ്റം പ്രതിഭാധനരായ ഇവരാണ് എന്‍എച്ച്എസിനെ മുന്നോട്ടു നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

യുവ ജനതയെ എന്‍എച്ച്എസ് നല്‍കുന്ന കരിയര്‍ അവസരങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. എന്‍എച്ച്എസ് ജോലികള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 22,000 ആയി ഉയര്‍ത്താനും നഴ്‌സിംഗ് പ്രാക്ടീസിലേക്ക് തിരിച്ചെത്തുന്ന നഴ്‌സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമാണ് നടപടിയെന്നും എന്‍എച്ച്എസ് നേതൃത്വം പറയുന്നു. 2017 ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ 34,000 നഴ്‌സിംഗ് വേക്കന്‍സികളാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തായ്‌ലന്‍ഡിലെ ഭൂഗര്‍ഭ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളായ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ബ്രിട്ടീഷ് വിദഗ്ദ്ധന്‍. ബ്രിട്ടീഷ് ഗുഹാ പര്യവേക്ഷകനായ വേണ്‍ അണ്‍സ്‌വര്‍ത്ത് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികളെ എപ്പോള്‍ പുറത്തെത്തിക്കാനാകുമെന്ന കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും നാളെയുമായി കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കും.

ബ്രിട്ടീഷ് വോളന്റിയര്‍മാരായ ജോണ്‍ വോളാന്‍ഥനും റിക്ക് സ്റ്റാന്റ്റ്റനുമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. 9 ദിവസമായി ഇവര്‍ ഗുഹയിലെ പട്ടായ ബീച്ച് എന്നറിയപ്പെടുന്ന സ്ഥലത്ത് വെള്ളം കയറാത്ത പ്രദേശത്ത് ഇരിക്കുകയായിരുന്നു. ഗുഹയിലെ വെള്ളം താഴ്ന്നതിനു ശേഷം കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ നാല് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ചെളിവെള്ളം നിറഞ്ഞ ഇടുങ്ങിയ ഗുഹാ വഴികളിലൂടെ കുട്ടികളെ പുറത്തെത്തിക്കണമെങ്കില്‍ അവര്‍ക്ക അതിനാവശ്യമായ പരിശീലനം നല്‍കണമെങ്കിലും കൂടുതല്‍ സമയം ആവശ്യമാണ്.


ഇപ്പോള്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കാനാകുന്നുണ്ട്. എന്നാല്‍ അടുത്ത മൂന്ന് ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തമായാല്‍ ജലനിരപ്പ് വീണ്ടും ഉയരുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാകുകയും ചെയ്യും. 1.5 മൈല്‍ അകലെയുള്ള ഗുഹാ കവാടത്തിലേക്ക് എത്തണമെങ്കില്‍ നാല് മണിക്കൂറെങ്കിലും മുങ്ങാങ്കുഴിയിട്ട് നീന്തണം. അത് ഈ കുട്ടികള്‍ക്ക് സാധിക്കുമോ എന്ന കാര്യത്തിലും ആശങ്കകളുണ്ട്.
സാധാരണ നിലവാരത്തിലുള്ള ജീവിതം നയിക്കുന്നതിന് കുടുംബങ്ങള്‍ക്ക് ആവശ്യമായി വരുന്നത് പ്രതിവര്‍ഷം 40,000 പൗണ്ടിന്റെ വരുമാനം. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ചൈല്‍ഡ് കെയര്‍ ചെലവുകളും ട്രാന്‍സ്‌പോര്‍ട്ട്, എനര്‍ജി ചെലവുകളും വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ വിലയിരുത്തല്‍ പുറത്തു വന്നിരിക്കുന്നത്. രണ്ടു കുട്ടികളുള്ള, ജോലിക്കാരായ ദമ്പതികള്‍ക്ക് മാന്യമായി ജീവിക്കണമെങ്കില്‍ 20,000 പൗണ്ട് വരുമാനമുണ്ടാകണം. 2008ല്‍ ഇത് 13,900 പൗണ്ട് മാത്രമായിരുന്നു. ഒറ്റക്ക് ജീവിക്കുന്ന വര്‍ക്ക് 18,400 പൗണ്ടാണ് ചെലവാകുക. 13,400ല്‍ നിന്നാണ് പത്ത് വര്‍ഷത്തിനിടക്ക് ഈ നിരക്ക് ഉയര്‍ന്നത്.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കൂടുതല്‍ ചെലവേറിയതായി മാറിയിട്ടുണ്ട്. കുടുംബ ബജറ്റുകളുടെ അഞ്ചിലൊന്ന് ബസ് യാത്രകള്‍ക്ക് മാത്രം ചെലവാകുന്നുണ്ട്. 2008നെ അപേക്ഷിച്ച് 2018ല്‍ ബസ് യാത്രാച്ചെലവ് 65 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഒരാള്‍ക്ക് ഒരാഴ്ച ബസ് യാത്രക്കായി ചെലവാക്കേണ്ടി വരുന്ന തുക 17 പൗണ്ടില്‍ നിന്ന് 37 പൗണ്ടായി ഉയര്‍ന്നു. ഭക്ഷ്യവിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ഒരാഴ്ചയിലെ ഭക്ഷണത്തിന് ചെലവാകുന്ന തുക 29 പൗണ്ടില്‍ നിന്ന് 44 പൗണ്ടായാണ് 10 വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത്. 50 ശതമാനത്തിലേറെയാണ് വര്‍ദ്ധനവിന്റെ നിരക്ക്.

എനര്‍ജി ബില്ലുകള്‍ പത്ത് വര്‍ഷത്തേതിനേക്കാള്‍ 40 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ചൈല്‍ഡ് കെയര്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. രണ്ട് വയസുകാര്‍ക്ക് വേണ്ടിയുള്ള നഴ്‌സറികളുടെ നിരക്കുകളിലും 50 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആഴ്ചയില്‍ 229 പൗണ്ടാണ് ഇതിനായി ചെലവാകുന്നത്. ജോലി ചെയ്യുന്നവരുടെയും പെന്‍ഷന്‍ കാരുടെയും ജീവിതച്ചെലവുകളിലെ അന്തരം ഇല്ലാതായിട്ടുണ്ടെന്നും സര്‍വേ പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി പെന്‍ഷനര്‍മാരും കൂടുതല്‍ തുക ചെലവാക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.
മോസ്‌കോന്മ മൂന്നു ലോകകപ്പുകളില്‍ പുറത്തേക്കുള്ള നിര്‍ഭാഗ്യത്തിന്റെ വാതില്‍ തുറന്ന ഷൂട്ടൗട്ട് ശാപത്തില്‍നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് റഷ്യന്‍
ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. പൊരുതിക്കളിച്ച കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4–3ന് മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.
ന്യൂസ് ഡെസ്ക്
എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.