Main News

ലണ്ടന്‍: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 22 ജീവനക്കാരെ പുറത്താക്കിയെന്ന് ചാരിറ്റബിള്‍ സംഘടനകളുടെ അന്താരാഷ്ട്ര തലത്തിലുള്ള കോണ്‍ഫെഡറേഷനായ ഓക്‌സഫാം. ചാരിറ്റികള്‍ക്ക് നല്‍കുന്ന ഫണ്ടുകളില്‍ നിരീക്ഷണം വേണമെന്ന് ക്യാംപെയിനര്‍മാര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കുറ്റാരോപിതര്‍ക്ക് എതിരെ തങ്ങള്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് വിശദീകരണവുമായി ഓക്‌സ്ഫാം രംഗത്തെത്തിയത്. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്‌റ്റെയിനെതിരെ ആരോപണങ്ങള്‍ ഉയരുകയും വെളിപ്പെടുത്തലുകളുമായി നടിമാരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതും ലൈംഗികാരോപണങ്ങളില്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് വ്യക്തമാക്കാന്‍ ഓക്‌സ്ഫാമിനെ പ്രേരിപ്പിച്ചു.

5000ത്തോളം ജീവനക്കാരാണ് ഓക്‌സ്ഫാമിന് ഉള്ളത്. ഇവരില്‍ 87 പേര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. ഡോണര്‍മാരും സര്‍ക്കാരുകളും തങ്ങള്‍ നല്‍കുന്ന ഫണ്ടുകളുടെ ഗുണഭോക്താക്കളെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് മെഗാന്‍ നോബര്‍ട്ട് എന്ന ചാരിറ്റി പ്രവര്‍ത്തക റോയിട്ടേഴ്‌സിനോട് പറഞ്ഞു. സൗത്ത് സുഡാനില്‍ ഐക്യരാഷ്ട്രസഭാ സമാധാന സേനക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടെ സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഇവരാണ് റിപ്പോര്‍ട്ട് ദി അബ്യൂസ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്.

ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ 75 ശതമാനത്തിലും നടപടിയെടുക്കാറുണ്ടെന്ന് ഓക്‌സ്ഫാം പറയുന്നു. 53 ആരോപണങ്ങള്‍ പോലീസിന് കൈമാറി. 33 എണ്ണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയെന്നും ഓക്‌സ്ഫാം അറിയിച്ചു.

സ്വന്തം ലേഖകന്‍

ഇന്‍ഡോര്‍ : ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ നാലിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മെത്രാപ്പോലീത്തമാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു പൊതുസമ്മേളനം നടക്കും. പിറ്റേന്ന് സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടാകും. ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന തിരുക്കർമ്മങ്ങൾക്കായി മധ്യപ്രദേശിലെ ഇൻഡോറിനൊപ്പം കേരളവും തയാറെടുപ്പ് പൂർത്തിയാക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെയും എഫ്.സി.സി. സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ നവംബർ 11 നാണ് കേരളത്തിൽ സഭാതല ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ എറണാകുളത്ത് നടക്കും. എറണാകുളം – അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണു സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ പ്രേഷിത പ്രവര്‍ത്തനത്തിനിടെ 1995 ഫെബ്രുവരി 25 നാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. എഫ്‌സിസി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്റ്റര്‍ റാണി മരിയ.

വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘം പ്രീഫെക്ട് കർദിനാൾ ആഞ്ജലോ അമാത്തോയാണ് ഇൻഡോറിലെ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുക. ദിവ്യബലിമധ്യേ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന ചടങ്ങും നിർവ്വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഇന്ത്യയിലെ നാലു കർദിനാൾമാർ ഉൾപ്പെടെ 100 ൽപ്പരം ബിഷപ്പുമാർക്കൊപ്പം സിസ്റ്ററിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും ഒ.എഫ്.എം കോൺഗ്രിഗേഷൻ അംഗവുമായ ഫാ. ജുവാൻ ജിസപ്പേ കാലിഫിനോ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി വൈദികർ സഹകാർമ്മികരാകും.

ഇൻഡോർ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കലിന്റെയും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെയും നേതൃത്വത്തിൽ പ്രഖ്യാപന ചടങ്ങുകളുടെ ക്രമീകരണം പൂർത്തിയായി. സിസ്റ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗർ സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ നവംബർ മൂന്നിന് വൈകിട്ട് 5.00നും അഞ്ചിന് രാവിലെ 10.00നും പ്രാർത്ഥനാശുശ്രൂഷകൾ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിനായിരത്തോളം പേർ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇൻഡോറിലെ തിരുകർമ്മങ്ങളെ തുടർന്ന് സിസ്റ്ററുടെ തിരുശേഷിപ്പ് എറണാകുളം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ എത്തിക്കും. കേരള സഭാതല ആഘോഷത്തോട് അനുബന്ധിച്ച് നവംബർ 11ന് അർപ്പിക്കുന്ന തിരുക്കർമ്മങ്ങൾക്ക് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും.

വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനോടനുബന്ധിച്ച് പുല്ലുവഴിയിൽ ഒക്ടോബർ 10 മുതൽ നവംബർ 19 വരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ സിസ്റ്റർ റാണി മരിയ മ്യൂസിയത്തിൽ സ്ഥാപിച്ച ഛായാചിത്രത്തിന്റെ അനാഛാദനം റവ.ഡോ. ജേക്കബ് നങ്ങേലിമാലിൽ നിർവഹിക്കും.‘ സിസ്റ്റർ റാണി മരിയയുടെ ജീവിതവഴി ’ യിലൂടെ എന്ന വിഷയത്തിൽ സീറോ മലബാർ സഭ വക്താവും ഭരണങ്ങാനം സെന്റ് അൽഫോൻസ തീർഥാടനകേന്ദ്രം റെക്ടറുമായ റവ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ പ്രഭാഷണം നടത്തും.   നവംബർ 15നാണ് തിരുശേഷിപ്പ് പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തിൽ എത്തിക്കുന്നത്. 19 ന് ഉച്ചകഴിഞ്ഞ് 3.00ന് അർപ്പിക്കുന്ന  കൃതജ്ഞതാബലിയിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകും.

ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ എഫ്രേം നരികുളം എന്നിവർ സഹകാർമ്മികരാകും. വൈകിട്ട് 5.00ന് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തിൽവെച്ച്  പുല്ലുവഴി സെന്റ് തോമസ് ദൈവാലയത്തെ മാർ ആലഞ്ചേരി തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ സന്നിഹിതരാകും.

മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തിലും എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കേരളസഭാതല ആഘോഷത്തിലും പുല്ലുവഴിയിൽനിന്ന് പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. രക്തസാക്ഷി പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍  അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള  സഹായങ്ങള്‍ ആവശ്യമുള്ളവര്‍  താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ബിഷപ്പ് അറിയിച്ചു.

 

 

ജോജി തോമസ്

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ചലനാത്മകമായ ഭരണം നിലവിലുണ്ടെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാകുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയാണ്. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന റോഡുകള്‍ മികച്ച ഭരണത്തിന്റെ പ്രതീകമാണ്. എന്നാല്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ റോഡുകളുടെ സ്ഥിതി സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ്. ലോകം വളരുമ്പോള്‍, ജനങ്ങളുടെ ജീവിത നിലവാരം മുന്നോട്ട് കുതിക്കുമ്പോള്‍ പല കാര്യങ്ങളിലും യൂറോപ്യന്‍ നിലവാരം അവകാശപ്പെടുന്ന കേരള ജനതയുടെ വിധി റോഡില്‍ നിറഞ്ഞ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും താണ്ടി യാത്ര ചെയ്യാനാണ്.

മണ്‍സൂണ്‍ കഴിഞ്ഞ്, ഒക്ടോബര്‍ അവസാനിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനപാതകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്. റോഡുകള്‍ നന്നാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഒരു ഭാഗത്തുനിന്നും കാണാനില്ല. ശബരിമലയ്ക്കുള്ള പാതകളാണ് ഇതിനൊരു അപവാദം. കേരളത്തിലെ റോഡുകള്‍ മനുഷ്യായുസ്സിലെ നല്ലൊരു സമയം യാത്രക്കായി കവര്‍ന്നെടുക്കുക മാത്രമല്ല, മനുഷ്യ ജീവന് ഭീഷണിയുമാണ്. നിരവധി ജീവനുകളാണ് റോഡുകളുടെ ശോചനീയാവസ്ഥ നിമിത്തം വര്‍ഷം തോറും പൊലിയുന്നത്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വളരെ ശ്രദ്ധേയമായ സ്ഥാനമാണ് ടൂറിസത്തിനുള്ളത്. പക്ഷേ ഇത്തരത്തിലുള്ള റോഡുകള്‍ വിദേശികളായ വിനോദസഞ്ചാരികളില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ചുണ്ടാക്കുന്ന പ്രതിച്ഛായ വളരെ മോശമാണ്. അഡ്വഞ്ചര്‍ ടൂറിസം പോലെ സാഹസികത ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളേ കേരളത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ധൈര്യപ്പെടുകയുള്ളൂ.

മോശമായ റോഡുകള്‍ നിമിത്തം ഉണ്ടാകുന്ന ഇന്ധന നഷ്ടവും അന്തരീക്ഷ മലിനീകരണവും ഭീകരമാണ്. ജനങ്ങള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിച്ചാല്‍ ഖജനാവ് കൂടുതല്‍ സമ്പന്നമാകുമെന്ന പ്രതീക്ഷയാണ് ഭരണ നേതൃത്വത്തിന്. വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി പെരുകിയതാണ് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് കാരണമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട്. പക്ഷേ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിശീര്‍ഷ വാഹന ഉടമസ്ഥതയില്‍ ഇന്ത്യ വളരെ പിന്നിലാണ്. അമേരിക്കയില്‍ ആയിരം പേര്‍ക്ക് 900 വാഹനങ്ങളും, യൂറോപ്പില്‍ 700 വാഹനങ്ങളും ഉളപ്പോള്‍ ഇന്ത്യയില്‍ ഉള്ളത് 23 വാഹനങ്ങള്‍ മാത്രമാണ്. പുരോഗതിയിലേക്ക് കുതിക്കുന്നെന്ന് അവകാശപ്പെടുന്ന നാളുകളില്‍ ലോക സാമ്പത്തിക ശക്തിയാവാന്‍ ഒരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു കുറഞ്ഞ അനുപാതമാണെന്ന് മാത്രമല്ല സാമ്പത്തിക പുരോഗതി കൈവരിക്കുകയാണെങ്കില്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതോടെ വാഹനങ്ങളുടെ എണ്ണത്തില്‍ പല മടങ്ങ് വര്‍ദ്ധനവും ഉണ്ടാകും.

നിലവിലെ സാഹചര്യത്തില്‍ വാഹനങ്ങളുടെ എണ്ണത്തിലുള്ള ചെറിയ വര്‍ധനപോലും നമ്മുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് താാങ്ങാന്‍ സാധിക്കില്ല. 6 മാസം നീണ്ടുനില്‍ക്കുന്ന കനത്ത മഴയാണ് കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഒരു പ്രചരണമുണ്ട്. ഈ പ്രചരണത്തിനു പിന്നില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെടുന്ന ലോബിയാണ്. ഇവരാണ് സംസ്ഥാന ഖജനാവിനെ കൊള്ളയടിക്കുന്ന ഈ കഥയുടെ ഉപഭോക്താക്കള്‍. എല്ലാ വര്‍ഷവും റോഡുകള്‍ തകരുകയും വീണ്ടും പണിയുകയും ചെയ്താലേ ഇത്തരക്കാരുടെ പോക്കറ്റ് നിറയുകയുള്ളൂ. മഴയത്ത് ഒലിച്ചുപോകുന്ന ഗുണനിലവാരത്തിലാണ് സംസ്ഥാന പാതകളുടെ നിര്‍മ്മാണം നടക്കുന്നത്.

കേരള സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി കര്‍ക്കശക്കാരനും അഴിമതി രഹിതനുമായി അറിയപ്പെടുന്ന ജി. സുധാകരനാണ്. പക്ഷേ അദ്ദേഹത്തിന്റെ ഭരണനൈപുണ്യമൊന്നും സംസ്ഥാനത്തെ റോഡുകള്‍ യഥാസമയം പരിപാലിക്കുന്ന കാര്യത്തില്‍ കാണാനില്ല. റോഡുകള്‍ പരിപാലിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമായി നികുതിയിനത്തില്‍ അതിഭീമമായ തുകയാണ് പൊതുജനങ്ങളില്‍ നിന്നും വാഹനയുടമകളില്‍ നിന്നുമായി സംസ്ഥാന ഖജനാവിലേയ്ക്ക് ലഭിക്കുന്നത്. നികുതി നല്‍കുന്ന പൊതുജനങ്ങള്‍ക്കും വാഹന ഉടമകള്‍ക്കും അതിനു തക്കതായ സേവനം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

ഒരു വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാര്‍ രാഷട്രീയ വിവാദങ്ങളില്‍ നിന്നും ഒഴിവായി വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന റോഡുകള്‍ സജീവമായ ഒരു ഭരണ നേതൃത്വമുണ്ടെന്നുള്ള പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ സഹായിക്കും. ഇന്ത്യന്‍ റോഡുകളിലെ 30 ശതമാനവും ഗതാഗതേതര ആവശ്യങ്ങള്‍ക്കായി ആണ് ഉപയോഗിക്കുന്നത്. അനധികൃത കയ്യേറ്റക്കാരെയും വഴിയോര കച്ചവടങ്ങളും ഒഴിവാക്കി റോഡുകള്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കായി പര്യാപ്തമാക്കണം. റോഡുകള്‍ കയ്യേറി സ്മാരകങ്ങളും മറ്റും നിര്‍മ്മിച്ചിരിക്കുന്ന മതസാമുദായിക സംഘടനകള്‍ കയ്യേറ്റമൊഴിവാക്കി സമൂഹത്തിന് മാതൃക കാട്ടേണ്ടിയിരിക്കുന്നു. അപകട രഹിതവും സുരക്ഷിതവുമായ റോഡുകളാവട്ടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ മുഖമുദ്ര.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: പൊതുമേഖലയിലെ ശമ്പള നിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളയണമെന്ന് എന്‍എച്ച്എസ് നേതൃത്വവും സോഷ്യല്‍ കെയര്‍ മേധാവികളും. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മെഡിക്കല്‍, സോഷ്യല്‍ കെയര്‍ രംഗത്ത് കൂടുതല്‍ ഫണ്ടിംഗ് നടത്തണമെന്നും ആവശ്യമുണ്ട്. എന്‍എച്ച്എസ്, മെഡിക്കല്‍ റോയല്‍ കോളേജുകള്‍, നിരവധി ചാരിറ്റികള്‍ എന്നിവയാണ് അടുത്ത മാസത്തെ ബജറ്റിനു മുന്നോടിയായി ഈ ആവശ്യമുന്നയിച്ചി ട്രഷറിക്ക് കത്തയച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റ് മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ആരോഗ്യ, സാമൂഹ്യ സുരക്ഷാ മേഖലയില്‍ സര്‍ക്കാര്‍ അല്‍പം കൂടി ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് കത്തില്‍ പറയുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണെന്ന കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ബജറ്റില്‍ 8 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധന വരുത്തുമെന്ന കണ്‍സര്‍വേറ്റീവ് വാഗ്ദാനം ഈ പാര്‍ലമെന്റ് നടപ്പില്‍ വരുത്തണം. ഇപ്പോളുള്ള സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ അടിയന്തരമായി ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും കത്ത് ആവശ്യപ്പെടുന്നു.

ഹെല്‍ത്ത് ബജറ്റില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് 2.8 ബില്യന്‍ വീതം വര്‍ദ്ധന വരുത്തണമെന്ന് കിംഗ്‌സ് ഫണ്ട് നടത്തിയ വിശകലനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശമ്പള നിയന്ത്രണം എടുത്തു കളയുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് വ്യക്തമാക്കിയിരുന്നു. അതിനായി ബജറ്റ് വകയിരുത്തണമെന്ന് ഹാമണ്ടിനോട് ഹണ്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പ്രിസണ്‍സ് എന്നീ വിഭാഗങ്ങളി വേതന നിയന്ത്രണം അടുത്തിടെ സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും ആരോഗ്യ മേഖലയില്‍ അത് നടപ്പാക്കിയിട്ടില്ല. മികച്ച ശമ്പളം ലഭിക്കാത്തത് ആരോഗ്യമേഖയില്‍ ജീവനക്കാര്‍ കുറയുന്നതിന് കാരണമായിരുന്നു.

ലണ്ടന്‍: സുഹൃത്തുക്കളുടെയും മുന്‍ കാമുകന്റെയും മെഡിക്കല്‍ രേഖകള്‍ നിയമവിരുദ്ധമായി പരിശോധിച്ച മിഡ് വൈഫിനെ ജോലിയില്‍ നിന്ന് പിരിത്തു വിട്ടു. വിക്കി ആന്‍ ബ്ലോക്‌സ്ഹാം എന്ന 38 കാരിയായ മമിഡ് വൈഫിനാണ് ഒളിഞ്ഞുനോട്ടം ജോലി നഷ്ടമാക്കിയത്. പതിനാല് വര്‍ഷമായി ഇവര്‍ തന്റെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മെഡിക്കല്‍ രേഖകള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് കവന്‍ട്രിയുമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ജിജ്ഞാസ അടക്കാനാവാതെയാണ് താന്‍ രേഖകള്‍ രഹസ്യമായി നോക്കിയതെന്ന് ഇവര്‍ പാനലിനുമ മുന്നില്‍ പറഞ്ഞു. ഇതില്‍ ലജ്ജിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഇവര്‍ രഹസ്യരേഖയായി സൂക്ഷിക്കുന്ന മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചത്. കഴിഞ്ഞ വര്‍ഷം ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

തന്റെയും മുന്‍ അയല്‍ക്കാരന്റെയും മറ്റു ചിലരുടെ രേഖകള്‍ ദിവസവും ഒന്നിലധികം തവണ ഇവര്‍ പരിശോധിച്ചു. രോഗങ്ങളെയും മരണത്തെയു കുറിച്ചുള്ള ഭയമാണ് താന്‍ ഇങ്ങനെ ചെയ്യാന്‍ കാരണമെന്നാണ് ഇവര്‍ വിശദീകരിച്ചത്. ഈ സംഭവം പിടിക്കപ്പെട്ടതോടെ താന്‍ ഒരു പാഠം പഠിച്ചതായി ഇവര്‍ പാനലിന് എഴുതി നല്‍കി. തന്റെ പദവി ദുരുപയോഗം ചെയ്യുകയും വിശ്വാസ്യത നഷ്ടപ്പെടുത്തുകയുമാണ് ബ്ലോക്‌സ്ഹാം ചെയ്തതെന്ന് പാനല്‍ നിരീക്ഷിച്ചു.

ലണ്ടന്‍: നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച് വന്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പ്. 20 ലക്ഷം പൗണ്ടിന്റെ തട്ടിപ്പാണ് ഏഴംഗ സംഘം നടത്തിയത്. ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെട്രോപോളിറ്റന്‍ പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്. വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ തട്ടിപ്പിനായി ഉപയോഗിച്ചതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കമ്പനികളായ ഇഇ, വോഡഫോണ്‍, ഓ2, ടി-മൊബൈല്‍, ത്രീ, വിര്‍ജിന്‍ എന്നിവയെ കൊള്ളയടിച്ചുകൊണ്ടായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.

വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി അവരെക്കൊണ്ട് ഫോണ്‍ കോണ്‍ട്രാക്റ്റുകള്‍ ഉണ്ടാക്കിയായിരുന്നു ഒരു തട്ടിപ്പ്. ഇതിനായി 300ഓളം വിദ്യാര്‍ത്ഥികളെ ഇവര്‍ ഉപയോഗിച്ചു. ഫുള്‍ഹാമിലെ ഓഫീസിലേക്ക് 50 പൗണ്ടിന്റെ പുതിയ ഫോണിനായുള്ള കോണ്‍ട്രാക്റ്റ് സ്ഥാപിക്കാനായിരുന്നു ഈ വിദ്യാര്‍ത്ഥികളെ ഇവര്‍ ഉപയോഗിച്ചത്. പിന്നീട് ഈ ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യിക്കുകയും വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റുകള്‍ അയക്കുകയും ചെയ്യും. നിലവാരമുള്ളവ ഇവര്‍ വിദേശത്ത് വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.

ഒരു ടെക്‌സ്റ്റ് മാര്‍ക്കറ്റിംഗ് കമ്പനിക്ക് സിംകാര്‍ഡുകള്‍ വിറ്റതിലൂടെയും ഇവര്‍ നിയമവിരുദ്ധമായി പണം നേടി. വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് വന്‍തോതില്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു ഇതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലൂയിസ് ഷീ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുത്തു. വിദ്യാര്‍ത്ഥികള്‍ കമ്പനിയെ വിശ്വസിച്ച് നല്‍കിയ സ്വകാര്യ വിവരങ്ങളും ചിലര്‍ നല്‍കിയ രക്ഷിതാക്കളുടെ വിവരങ്ങളും ഉപയോഗിച്ചായിരുന്നു ഇങ്ങനെ ചെയ്തത്. ഇരകളാക്കപ്പെട്ടവര്‍ വന്‍ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു.

താല്‍ക്കാലികാവശ്യങ്ങളുടെ പേരില്‍ പണം നല്‍കുന്നവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറിയാല്‍ ഇത്തരം ചതിക്കുഴികളില്‍ പെടുമെന്ന് ഡിറ്റക്ടീവ് ലൂയിസ് മുന്നറിയിപ്പ് നല്‍കുന്നു. പിന്നീട് വന്‍ കടക്കെണിയില്‍ കടക്കെണിയില്‍ അകപ്പെടുകയും മോശംം ക്രെഡിറ്റ് റേറ്റിംഗ് ലഭിക്കുകയും ചെയ്യും. ഭാവിയില്‍ ബാങ്ക് ലോണുകള്‍ എടുക്കുന്നതിനു പോലും ഇത് ബുദ്ധിമുട്ടായേക്കാം. മൂന്ന് കമ്പനികള്‍ സ്ഥാപിച്ചാണ് ബാത്ത് സ്വദേശിയായ ജോനാഥന്‍ ബൂര്‍മാന്റെ നേതൃത്വത്തില്‍ ഈ ഹൈടെക് കൊള്ള നടത്തിയത്. 2013 ഓഗസ്റ്റിനും 2014 ഓഗസ്റ്റിനുമിടയില്‍ സ്ഥാപിച്ച ജെബിഐ സിസ്റ്റംസ് ലിമിറ്റഡ്, ജെബിഐ ക്യാപിറ്റല്‍ ലിമിറ്റഡ്, നെറ്റ്‌ലിങ്ക് സര്‍വീസസ് യുകെ ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍. പിടിയിലായ ഇയാള്‍ക്ക് 6 വര്‍ഷത്തെ തടവും 10 വര്‍ഷം കമ്പനി ഡയറക്ടറായിരിക്കുന്നതില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അലക്‌സ് കരോണിയാസ്, ലോറ കെയിന്‍, ചാര്‍ലി ഷെല്‍ട്ടന്‍, റോബ് മോറിസണ്‍, ടോം മെയ്‌നാര്‍ഡ്, റെയ്‌സ് റോസണ്‍ എന്നിവര്‍ക്കും ഈ കേസുകളില്‍ വിവിധ കാലയളവുകളിലായി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടം മാത്രമായിരുന്നു കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്നും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഈ സംഘം കബളിപ്പിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ബിനോയ് ജോസഫ്

1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.

സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ്  കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.

സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത്  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ…  ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…

വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.

വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു  മകൻ രാജീവ് ഗാന്ധി.

രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച്  കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.

ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.

ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി.. ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.

ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.

ലണ്ടന്‍: ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലു വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഹോട്ടലിലില്‍ മുറിയെടുത്ത് കാത്തിരുന്ന മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് രഹസ്യപൊലീസിന്റെ കെണിയില്‍ കുരുങ്ങി ജയിലിലായി. സിറ്റി ബാങ്കില്‍ മാനേജരായ ബാലചന്ദ്രന്‍ (38) എന്ന വിവാഹിതനായ യുവാവാണ് പൊലീസ് ഒരുക്കിയ കെണിയില്‍ കുരുങ്ങി 15 മാസം ജയിലിലായത്. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിങ് നടത്തി പ്രതികളെ പിടിക്കുന്ന രഹസ്യപൊലീസാണ് ബാലചന്ദ്രനെ നിരീക്ഷിച്ച് കെണിയൊരുക്കി കുടുക്കിയത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാമെന്നു കരുതി ബാലചന്ദ്രന്‍ കഴിഞ്ഞദിവസം ലണ്ടനില്‍നിന്നും നൂറ് മൈലുകൾ താണ്ടി ബര്‍മിങ്ങാമിലെത്തി ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.

കോണ്ടവും പെര്‍ഫ്യൂമും മറ്റുമായി ഹോട്ടല്‍ മുറിയില്‍ കാത്തിരുന്ന ബാലചന്ദ്രന്റെ മുന്നിലെത്തിയത് പൊലീസ് സംഘമാണ്. ഇതോടെ കെണി മനസിലാക്കിയ യുവാവ് ആദ്യം കുറ്റം നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും ചാറ്റിങ് രേഖകള്‍ കാണിച്ച് പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഈ കേസിന്റെ പ്രത്യാഘാതത്തെപ്പറ്റി പോലീസ് ചോദിച്ചപ്പോൾ ഞാൻ ഇന്ത്യക്കാരാണെന്നും ജോലി നഷ്ടപ്പെടുമെന്നും ഏറ്റുപറഞ്ഞു. ശിക്ഷിക്കപ്പെട്ടാൽ രാജ്യം വിടേണ്ടിവരുമെന്നും കൂടി ബാലചന്ദ്രൻ  പറഞ്ഞതായി യുകെയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത്രയും പറഞ്ഞു ബാലചന്ദ്രൻ പൊട്ടിക്കരയുകയായിരുന്നു. പതിനാലുകാരി പെൺകുട്ടി എന്നത് ഇല്ലാത്ത ഒരാളെന്നും അത് പോലീസ് തന്നെയെന്നും വെളിപ്പെടുത്തിയപ്പോൾ കൂടുതൽ ഒന്നും പറയാൻ ബാലചന്ദ്രന് വാക്കുകൾ ഇല്ലായിരുന്നു.

തുടര്‍ന്ന് ബിർമിങ്ഹാം  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 15 മാസം ജയിലിലടച്ചു. കൂടാതെ ഇയാളെ പത്തുവര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ലിസ്റ്റില്‍പ്പെടുത്തി നിരീക്ഷിക്കാനും ഇത്തരവുണ്ട്. വിധികേട്ട് പൊട്ടിക്കരഞ്ഞാണ് ബാലചന്ദ്രന്‍ ജയിലിലേക്ക് പോയത്.ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പൊലീസിലെ പ്രത്യേക വിജിലന്‍സ് വിഭാഗമാണ് (പീഡോഫയല്‍ ഹണ്ടേഴ്‌സ്) പെണ്‍കുട്ടിയായി ചമഞ്ഞ് ബാലചന്ദ്രനുമായി ചാറ്റു ചെയ്തത്. ഇതു മനസിലാക്കാതെ പെണ്‍കുട്ടിക്കായി ബര്‍മിങ്ങാമിലെത്തിയ യുവാവാണ് കെണിയിലായത്. ബാലചന്ദ്രനെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് സിറ്റി ബാങ്കും അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്.

ബീജിംഗ്: 12 മണിക്കൂര്‍ നീണ്ട ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് അവശശയായ റഷ്യന്‍ മോഡല്‍ കുഴഞ്ഞുവീണ് മരിച്ചു. ചൈനയിലാണ് സംഭവമുണ്ടായത്. വ്‌ളാദ സ്യൂബ എന്ന 14കാരിയാണ് മരിച്ചത്. മെനിഞ്‌ജൈറ്റിസ് രോഗബാധിതയായിരുന്നു ഈ കുട്ടിയെന്ന് കണ്ടെത്തി. രണ്ടു ദിവസം കോമയില്‍ കിടന്ന ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അടുത്ത ഷോയ്ക്കായി റാംപിലേക്ക് കയറാന്‍ തുടങ്ങുമ്പോളാണ് ശരീരത്തിന് ചൂട്കൂടി സ്യൂബ കുഴഞ്ഞുവീണത്.

കരാറില്‍ പറഞ്ഞിതിനേക്കാള്‍ കൂടുതല്‍ സമയം ഈ മോഡലിന് ജോലി ചെയ്യേണ്ടതായി വന്നിരുന്നുവെന്നും വൈദ്യസഹായം ആവശ്യപ്പെടാന്‍ സ്യൂബയ്ക്ക് പേടിയായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായി സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഈ പെണ്‍കുട്ടിക്കെന്നും വിവരമുണ്ട്.

ചൈനീസ് മോഡലിംഗ് ഏജന്‍സിയുമായി കരാറിലെത്തിയതാണ് സ്യൂബ. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ ജോലി എന്നതായിരുന്നു കരാര്‍. റഷ്യയില്‍ നിന്നും സൈബീരിയയില്‍ നിന്നും 14ഉം 16ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കരാറില്‍ ചൈനയിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ട മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോലും ലഭ്യമാകുന്നില്ല എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ ബ്രിട്ടനിലെ റെസ്റ്റോറന്റുകള്‍ക്ക് ഭീഷണിയാകുന്നു. യുകെയിലെ 20 ശതമാനം റെസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിടുകയാണെന്നാണ് അക്കൗണ്ടന്‍സി കമ്പനിയായ മൂര്‍ സ്റ്റീഫന്‍സ് നടത്തിയ പഠനം പറയുന്നത്. 14,800 ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. വായ്പ വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച റെസ്റ്റോറന്റുകളുടെ എണ്ണം 2017 മാര്‍ച്ചിലെ കണക്കനുസരിച്ച് 17 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതാണ് ഈ മേഖലയ്ക്ക് തിരിച്ചടി സമ്മാനിച്ചത്. ഇറക്കുമതിച്ചെലവ് വര്‍ദ്ധിച്ചത് റെസ്റ്റോറന്റുകള്‍ക്ക് കനത്ത ഭാരമാണ് സമ്മാനിച്ചത്. 25 വയസിന് മുകളില്‍ പ്രായമുള്ളവരുടെ നാഷണല്‍ ലിവിംഗ് വേജ് 7.50 പൗണ്ട് ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും മേഖലക്ക് തിരിച്ചടിയായി. ഇതോടെ ലാഭമുണ്ടാക്കാന്‍ ഈ വ്യവസായമേഖല പാട്‌പെടുകയാണെന്ന് മൂര്‍ സ്റ്റീഫന്‍സ് പറയുന്നു.

ബൈറന്‍, പ്രെസോ, ജാമീസ് ഇറ്റാലിയന്‍ തുടങ്ങിയ ചെയിനുള്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടി. ഫാസ്റ്റ്ഫുഡ് ചെിയിനായ ഹാന്‍ഡ്‌മേഡ് ബര്‍ഗര്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ നിരക്ക് ഈ മേഖല നേരിടുന്ന കനത്ത പ്രതിസന്ധിയുടെ തെളിവാണെന്ന് മൂര്‍ സ്റ്റീഫന്‍സിലെ ജെറമി വില്‍മോണ്ട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved