Main News

ലണ്ടന്‍: നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് പാഞ്ഞു കയറി മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഹാരി റൈസ്, ജോഷ് കെന്നഡി, ജോര്‍ജ് വില്‍ക്കിന്‍സണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരന്റെ പതിനാറാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട സൂഹൃത്തുക്കളായ മൂന്നു പേരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അപകട സമയത്ത് റോഡിന് സമീപത്തായി നില്‍ക്കുകയായിരുന്നു മൂന്നു പേരും. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. മൂവരും അപകട സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. എം4 മോട്ടോര്‍വേയില്‍ ഹേയ്‌സിനു സമീപം ഷെപിസ്റ്റണ്‍ ലെയിനില്‍ വെള്ളിയാഴ്ച രാത്രി 8.41നായിരുന്നു സംഭവമുണ്ടായത്.

അപകടമുണ്ടാക്കിയ ഒാഡി കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് ലണ്ടന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടിച്ച വാഹനം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമേ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. തെളിവെടുപ്പുകള്‍ നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി സംശയമുണ്ട്. ഇയാള്‍ അപകടത്തിനു ശേഷം രക്ഷപ്പെട്ടതായി മെറ്റ് പോലീസ് സൂചന നല്‍കിയെങ്കിലും സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

കുട്ടികളുടെ മരണവിവരം വലിയ ആഘാതമാണ് അവരുടെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാനാവുന്നില്ലെന്ന് ചിലര്‍ പ്രതികരിച്ചു. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി സ്‌കൂളിലെ മറ്റു കുട്ടികള്‍ വെളുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു. നൂറുക്കണക്കിന് ആളുകളാണ് പൂക്കളും ബലൂണുകളുമായി അപകട സ്ഥലത്തെത്തി മരണപ്പെട്ട കുട്ടികള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.

ലണ്ടന്‍: സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ഇംഗ്ലണ്ടിലെ പ്രമുഖമായ ആറ് അക്കാഡമിക് ട്രസ്റ്റുകളാണ് സ്‌കൂളുകളുടെ ഫണ്ട് പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ കുറവ്, നിലവിലുള്ളവര്‍ക്ക് ശമ്പളം നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ പരിപാലിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി പരിദേവനങ്ങള്‍ ഏറെയാണ് ഇവര്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സര്‍ക്കാരിന് കൂനിന്‍മേല്‍ കുരു എന്നപോലെയാകും വര്‍ദ്ധിച്ചു വരുന്ന സ്‌കൂള്‍ ഫണ്ടിംഗ് പ്രതിസന്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെ 13 മുന്‍നിര മള്‍ട്ടി അക്കാഡമി ട്രസ്റ്റുകളില്‍ എട്ടെണ്ണവും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. നാണയപ്പെരുപ്പത്തിന് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാരെ കുറയ്‌ക്കേണ്ട ഗതികേടിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെന്നും ഒരു ട്രസ്റ്റ് അറിയിച്ചു. കെന്റിലെ കെംനാല്‍ അക്കാഡമീസ് ട്രസ്റ്റിന് കഴിഞ്ഞ വര്‍ഷം 124 ദശലക്ഷം പൗണ്ടിന്റെ സര്‍ക്കാര്‍ ഫണ്ടാണ് ലഭിച്ചത്. എന്നാല്‍ 6 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് 41 സ്‌കൂളുകളുടെ പ്രവര്‍ത്തനച്ചുമതലയുള്ള ട്രസ്റ്റിന് 2016-17 വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.

ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചനയെന്നും അത് ട്രസ്റ്റുകളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും എട്ട് ട്രസ്റ്റുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനനുസരിച്ച് ബജറ്റ് തയ്യാറാക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും ഇവര്‍ വ്യക്തമാക്കി.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ നാം കരുതുന്നത് പോലെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണ്ണമായി ബ്രിട്ടന്‍ വിട്ടു പോകില്ലെന്ന് നിരീക്ഷണം. ഫ്രഞ്ച് അള്‍ജീരിയന്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും അന്താരാഷ്ട്ര വിഷയങ്ങളില്‍ വിദഗ്ദ്ധയുമായ കാബില റമദാന്‍ ആണ് ഈ സൂചന നല്‍കുന്നത്. ബിബിസി ഡേറ്റ്‌ലൈനിലാണ് റമദാന്റെ പ്രവചനം. പൂര്‍ണ്ണമായ പിന്‍മാറലിനു പകരം യൂണിയനുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കാനായിരിക്കും സാധ്യതയെന്ന് ഇവര്‍ വിലയിരുത്തുന്നു. ബ്രെക്‌സിറ്റ് നടപ്പിലാകുമെന്ന് പറയപ്പെടുന്ന 2019 മാര്‍ച്ചില്‍ ഒന്നും സംഭവിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

ഹിതപരിശോധനാ ഫലത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ബ്രെക്‌സിറ്റിനായി അനുവദിച്ചിരിക്കുന്ന സമയം സംബന്ധിച്ച് സര്‍ക്കാരിനുള്ളില്‍ തന്നെ ഭിന്നത പ്രകടമാണ്. ബ്രെക്‌സിറ്റിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന ജേക്കബ് റീസ് മോഗും റിമെയ്ന്‍ പക്ഷക്കാരായ ഫിലിപ്പ് ഹാമണ്ടിനെപ്പോലുള്ളവരും തമ്മില്‍ ശക്തമായ ആശയ സംഘര്‍ഷങ്ങള്‍ നിലവിലുണ്ട്. 2019 മാര്‍ച്ചില്‍ എന്തോ വലിയ സംഭവം നടക്കാനിരിക്കുന്നു എന്നാണ് ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒന്നും നടക്കില്ലെന്നതാണ് വാസ്തവമെന്ന് റമദാന്‍ വ്യക്തമാക്കി.

ട്രാന്‍സിഷന്‍ സമയത്ത് ഒരു കാര്യത്തിലും തീരുമാനമുണ്ടാകില്ല. നയരൂപീകരണങ്ങളില്‍ ബ്രിട്ടന്‍ വലിയ പരാജയമായി മാറും. ഇത് ബ്രെക്‌സിറ്റില്‍ ബ്രിട്ടന്‍ എത്രമാത്രം ആശയശൂന്യമായിരുന്നു എന്ന കാര്യം വെളിവാക്കും. ഇവയൊക്കെ സൂചിപ്പിക്കുന്നത് യൂണിയനുമായുള്ള ബന്ധത്തില്‍ ബ്രിട്ടന്‍ ഒരു പുനര്‍നിര്‍വചനം കൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നാണ്. ഇത് യൂണിയന്‍ വിട്ടുപോകുക എന്ന സങ്കല്‍പനത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു.

ലണ്ടന്‍: കഴിഞ്ഞ 35 വര്‍ഷങ്ങളായി ഡേവിഡ് ബെയിലി നഴ്‌സായി ജോലി ചെയ്തു വരികയാണ്. ശസ്ത്രക്രിയാ വാര്‍ഡുകളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും തന്റെ സേവനം ജനങ്ങള്‍ക്ക് വേണ്ടി നല്‍കി. പക്ഷേ ഇപ്പോള്‍ ഡേവിഡ് ഒരു കാന്‍സര്‍ രോഗിയാണ്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ പ്രവചിച്ചിരിക്കുന്ന ആയുസ്. കീമോതെറാപ്പിയുടെ അവശതകള്‍ക്കിടയിലും ഡേവിഡ് ഇപ്പോള്‍ മറ്റൊരു ഉദ്യമത്തിലാണ്. ടോറികള്‍ എന്‍എച്ച്എസിനെ ഇല്ലാതാക്കുന്നതിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ തന്റെ ശേഷിക്കുന്ന ആയുസ് വിനിയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്‍എച്ച്എസിനെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളുകളിലൊരാളായി അദ്ദേഹവും ശനിയാഴ്ച തെരുവിലിറങ്ങി. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, എന്‍എച്ച്എസിനെ സംരക്ഷിച്ചേ മതിയാകൂ മുന്നു കുട്ടികളുടെ പിതാവ് കൂടിയായ ഡേവിഡ് പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കണം. എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കുക വഴി പൊതു ആരോഗ്യമേഖലയെ തകര്‍ക്കുകയാണ് ചെയ്യുന്നത് അദ്ദേഹം പറയുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനാണ് ഡേവിഡ്. കാന്‍സറിനുള്ള ചികിത്സയ്ക്കിടയിലും ഡേവിഡ് ജോലിയെടുക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് തനിക്ക് അന്നനാളത്തില്‍ കാന്‍സറാണ് എന്ന് തിരിച്ചറിഞ്ഞത്, ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ അനുവദിച്ചിരിക്കുന്ന സമയം. പക്ഷേ കാര്യ ഗൗരവത്തോടെയാണ് അസുഖത്തെ സമീപിക്കുന്നത്. ഒരു മൂലയ്ക്കിരുന്ന് വിധിയെ പഴിക്കുകയല്ല ഈ സമയങ്ങളില്‍ ഞാന്‍ ചെയ്യുന്നത് ഡേവിഡ് പറഞ്ഞു. ജീവിതം എനിക്കു വേണ്ടി മാറ്റിവെച്ചതിനേക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.

എന്‍ എച്ച് എസിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം ചെയ്യേണ്ടതുണ്ട്. എന്‍എച്ച്എസുകളിലെ പരിചരണ രീതി ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അത്രയും മനോഹരമായിട്ടാണ് അവര്‍ രോഗികളെ പരിചരിക്കുന്നത്. എന്റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും അത്തരം പരിചരണ രീതി തന്നെ ലഭിക്കണമെന്ന് എനിക്കാഗ്രഹമുണ്ട് ഡേവിഡ് പറയുന്നു. സര്‍ക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറയുന്നു. 20 വര്‍ഷത്തെ നഴ്‌സിംഗ് ജീവിതത്തിനിടയ്ക്ക് എന്‍എച്ചഎസില്‍ ഉണ്ടായിട്ടുള്ള നിരവധി മാറ്റങ്ങള്‍ക്ക് ഡേവിഡ് സാക്ഷിയാണ് പക്ഷേ ഇത്രയധികം പ്രതികൂല മാറ്റങ്ങള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ UKKCA യ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി തോമസ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ യൂണിറ്റിന്റെ പ്രതിനിധിയാണ് തോമസ് ജോസഫ്. കവൻട്രി ആൻഡ് വർവിക്ക്ഷയർ യൂണിറ്റിൽ നിന്നുള്ള ബിപിൻ ലൂക്കോസാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി ലിവർപൂൾ യൂണിറ്റിലെ സാജു ലൂക്കോസും ജോയിൻറ് സെക്രട്ടറി ആയി ഡെർബി യൂണിറ്റിൽ നിന്നും സണ്ണി ജോസഫും ട്രഷറർ ആയി വിജി ജോസഫ് ലെസ്റ്ററും തെരഞ്ഞെടുക്കപ്പെട്ടു. നോട്ടിങ്ങാം യൂണിറ്റിൽ നിന്നുള്ള ജെറി ജെയിംസാണ് ജോയിൻറ് ട്രഷറർ.  ഇന്നാണ് ബെർമ്മിങ്ങാമിൽ തെരഞ്ഞെടുപ്പ് നടന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 യൂണിറ്റുകളിലെ പ്രതിനിധികളാണ് പുതിയ നേതൃത്വത്തെ നിർദ്ദേശിച്ചത്. തെരഞ്ഞെടുപ്പിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ സജി മലയിൽ പുത്തൻപുരയിൽ അച്ചൻ നേതൃത്വം നല്കി.

ലണ്ടന്‍: ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് രോഗികളുടെ പരിചരണത്തില്‍ വീഴ്ചക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മിറ്റി. രോഗികളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും നഴ്‌സുമാര്‍ക്ക് കഴിയുന്നില്ലെന്ന് പരാതി. പത്തിലൊന്ന് നഴ്‌സിംഗ് തസ്തികകളും ഒഴിഞ്ഞു കിടക്കു്‌നതിനാല്‍ രോഗികളുമായി സംസാരിക്കാനോ അവര്‍ക്കൊപ്പം ഒരു ചായ കുടിച്ചുകൊണ്ട് രോഗത്തെക്കുറിച്ച് സംസാരിക്കാനോ കഴിയാറില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഹെല്‍ത്ത് കമ്മറ്റി നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഷിഫ്റ്റുകളുടെ ഇടവേളകളില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാനും കൃത്യമായ ഇടവേളകളില്‍ രോഗികളുടെ അടുത്ത് എത്താന്‍ കഴിയുന്നുണ്ടോയെന്ന് ചീഫ് നഴ്‌സിംഗ് ഒാഫീസര്‍ അന്വേഷിക്കണമെന്ന് ഹെല്‍ത്ത് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷമിക്കുന്ന രോഗികളുമായി സംവദിക്കാനായി നഴ്‌സുമാര്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് എം.പി. ആന്‍ഡ്രൂ സെലസ് പറഞ്ഞു.

നഴ്‌സിംഗ് ജോലികള്‍ ചെയ്യാന്‍ പ്രാപ്തരല്ലാത്ത ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് പല സമയങ്ങളിലും നഴിസിംഗ് ജോലികള്‍ ചെയ്യേണ്ടി വരുന്നതെന്ന് ആശുപത്രി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 60 മണിക്കൂറുകളാണ് നഴ്‌സുമാരുടെ ജോലി സമയം. ഇതില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വളരെ കുറച്ചു സമയമേ ഇവര്‍ക്ക് ലഭിക്കാറുള്ളു. ക്യാന്റീനുകള്‍ വാര്‍ഡുകളില്‍ നിന്ന് അകലെയാണെങ്കില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും മാറി നില്‍ക്കാന്‍ കഴിയുന്നില്ല.

വിശ്രമത്തിനായി 15 മിനിറ്റ് പോലും ഇവര്‍ക്ക് ലഭിക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെപ്പേര്‍ സുരക്ഷിതമല്ലാത്തതും ഒതു തരത്തിലും അംഗീകരിക്കാനാകാത്തതുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക്ക് എന്‍ക്വയറി ചെയര്‍മാന്‍ സര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു. രാജ്യത്ത് മൊത്തം 36,000 നഴ്‌സിംഗ് സ്റ്റാഫുകളുടെ ഒഴിവുള്ളതായാണ് കണക്ക്. 11 മുതല്‍ 15 ശതമാനം വരെ ചിലയിടങ്ങളില്‍ ഒഴിവുള്ളതായി കണക്കുകള്‍ പറയുന്നു.

ലണ്ടന്‍: മെന്‍സ ഐക്യൂ ടെസ്റ്റില്‍ പതിറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ വംശജനായ പത്ത് വയസ്സുകാരന്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ബുദ്ധിശക്തിയേക്കാള്‍ മേലെയാണ് മഹിയെന്ന വിളിപ്പേരിലറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗിന് ഉള്ളതെന്ന് കണ്ടെത്തി. മഹി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മെഹുള്‍ ഗാര്‍ഗ് ആണ് തന്റെ മൂത്ത ജ്യേഷ്ഠന്‍ ധ്രുവ് ഗാര്‍ഗിന്റെ പാത പിന്തുടര്‍ന്ന് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ജേഷ്ഠന്‍ ധ്രുവ് കഴിഞ്ഞ വര്‍ഷം ഇതേ ടെസ്റ്റില്‍ 162 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു.

അതീവ മത്സര ബുദ്ധിയുള്ള കുട്ടിയാണ് മഹി. ഈ പ്രകടനത്തിലൂടെ ജ്യേഷ്ഠനേക്കാള്‍ ഒട്ടും പിറകിലല്ല താനെന്ന് മഹി തെളിയിച്ചിരിക്കുകയാണെന്ന് മഹിയുടെ അമ്മ ദിവ്യ ഗാര്‍ഗ് പറഞ്ഞു. ഉയര്‍ന്ന ഐക്യൂ ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയുടെ അംഗത്വവും ഇതോടെ മഹിക്ക് ലഭിച്ചു. സതേണ്‍ ഇഗ്ലണ്ടിലെ റീഡിംഗ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂളിലാണ് മഹി പഠിക്കുന്നത്. ലോകത്തിലെ ഒരു ശതമാനം പേര്‍ക്ക് മാത്രമെ മഹിയുടെ ഐക്യൂ ലെവലില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളു.

ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ ഐന്‍സ്റ്റീനിന്റെയും സ്റ്റീഫന്‍ ഹൊക്കിന്‍സിന്റെയും ഐക്യൂ ലെവലില്‍ നിന്നും രണ്ട് പോയിന്റ് മുകളിലാണ് മഹി ഇപ്പോള്‍ നേടിയിട്ടുള്ള സ്‌കോര്‍. മഹിയുടെ ഭാഷാ വൈദഗ്ദ്ധ്യം, സാദൃശ്യങ്ങള്‍, നിര്‍വചനങ്ങള്‍, യുക്തിബോധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ടെസ്റ്റ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നതായി ദിവ്യ ഗാര്‍ഗ് പറയുന്നു. പരീക്ഷയുടെ തുടക്കത്തില്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ആദ്യത്തെ ചോദ്യങ്ങള്‍ ഉത്തരം ലഭിച്ചു തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അവന് എളുപ്പമായി തീര്‍ന്നുവെന്ന് മഹിയുടെ അച്ഛന്‍ ഗൗരവ് ഗാര്‍ഗും പറയുന്നു. ഈ ആഴ്ച്ച റിസല്‍ട്ട് വരുന്ന സമയത്ത് ഞാന്‍ കരഞ്ഞു പോയെന്ന് മെഹുല്‍ പറഞ്ഞു.

ഐസ് സ്‌കേറ്റിംഗും ക്രിക്കറ്റുമാണ് മഹിയുടെ ഇഷ്ട കായികവിനോദങ്ങള്‍. പഠന വിഷയങ്ങളില്‍ കണക്കാണ് ഏറ്റവും പ്രിയ്യപ്പെട്ടത്. നൂറ് സെക്കന്‍ഡിനകം റൂബിക്‌സ് ക്യൂബ് പരിഹരിക്കുന്നതിലും മഹി മിടുക്കനാണ്. കൂടാതെ ഡ്രംസ് പഠിക്കുകയും ചെയ്യുന്നുണ്ട്.

ലണ്ടന്‍: മോഷ്ടിച്ചുകൊണ്ടു പോയ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ച 15 കാരന് നാലര വര്‍ഷം തടവ് വിധിച്ച് കോടതി. അതേ സമയം മരിച്ചവര്‍ക്ക് ഈ ശിക്ഷയിലൂടെ നീതി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 88 മൈല്‍ വേഗതയില്‍ പായുകയായിരുന്ന റെനോ ക്ലിയോ ഒരു മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ലീഡ്‌സിലായിരുന്നു അപകടമുണ്ടായത്. രക്ഷപ്പെട്ട 15കാരന്‍ മാത്രമായിരുന്നു സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നത്.

സംഭവത്തില്‍ സഹോദരന്‍മാരായ എല്ലിസ് (12) എലിയറ്റ് ത്രോണ്‍ടണ്‍ കിമ്മിറ്റ് (14), ഡാര്‍ണര്‍ ഹാര്‍ട്ട്(15), റോബി മീറണ്‍ (24), ആന്തണി ആര്‍മര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായി എന്ന കുറ്റത്തിനാണ് പേര് വെളിപ്പെടുത്താത്ത 15കാരന് ശിക്ഷ നല്‍കിയിരിക്കുന്നത്. അതേ സമയം ഇയാള്‍ക്ക് നല്‍കിയ ശിക്ഷ വളരെ കുറവാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അപകടത്തില്‍ മരിച്ചു കിടന്ന തന്റെ സഹോദരന്റെ മുഖമാണ് തനിക്ക് എന്നും ഓര്‍മയിലുള്ളതെന്നും അവന് നീതി ലഭ്യമായില്ലെന്നും ഡാര്‍ണല്‍ ഹാര്‍ട്ടിന്റെ സഹോദരി പറഞ്ഞു.

ലീഡ്‌സിലെ വില്‍ക്കിന്‍സണ്‍ സ്റ്റോറില്‍ നിന്ന് മോഷ്ടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടകരമായ വേഗതയില്‍ നഗരത്തിലൂടെ പാഞ്ഞ വാഹനം റെഡ് ട്രാഫിക് ലൈറ്റുകളില്‍ 80 മൈലിലേറെ വേഗതയില്‍ കടന്നു പോയിരുന്നു. തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ തന്റെ വാഹനത്തിനു നേരെ പാഞ്ഞെത്തുന്നതും മരത്തില്‍ ഇടിക്കുന്നതും കണ്ടതായി ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയിരുന്നു. കാറിലുണ്ടായിരുന്നവര്‍ ചിലര്‍ പുറത്തേക്ക് തെറിച്ചു വീണു. രക്ഷപ്പെട്ട 15കാരന്‍ കാറില്‍ നിന്നിറങ്ങി ഓടിയെങ്കിലും ജനങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഡെവണ്‍: യുകെയില്‍ പടരുന്ന ഓസി ഫ്‌ളൂ ബാധ മൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഡെവണിലെ എക്‌സെറ്റര്‍ സ്വദേശിയായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെന്ന് സ്ഥിരീകരണം. ഓസി ഫ്‌ളൂ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷമാണ് കുട്ടി മരിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. ഈ രോഗബാധ കഴിഞ്ഞയാഴ്ചകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡെവണിലാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് രോഗം നിയന്ത്രണവിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം ചെയ്യുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി.

ഏഴു വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഭയാനകമായ പകര്‍ച്ചവ്യാധിയാണ് ഇതെന്ന് ഡോക്ടര്‍മാരും പറയുന്നു. മാര്‍ച്ച് അവസാനം വരെ ഇതേ അവസ്ഥ തുടരാനാണ് സാധ്യത. ഇപ്പോള്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച ഒമ്പത് വയസുകാരന് പ്രായം കുറവായതിനാല്‍ എന്‍എച്ച്എസിന്റെ സൗജന്യ ഫ്‌ളൂ വാക്‌സിന്‍ ലഭിച്ചിരിക്കാന്‍ ഇടയില്ലെന്നും വ്യക്തമാക്കപ്പെടുന്നു. കുടുംബം ആവശ്യപ്പെട്ടതിനാല്‍ കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും പിഎച്ച്ഇ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച യുകെയില്‍ രേഖപ്പെടുത്തിയ പനി മരണങ്ങള്‍ മുന്‍ വര്‍ത്തേക്കാള്‍ മൂന്നിരട്ടി അധികമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒക്ടോബര്‍ മുതല് 155 പേരാണ് ഈ വിന്ററില്‍ പനി മൂലം മരണപ്പെട്ടത്. ഈ മാസം ആദ്യം ലിവര്‍പൂളില്‍ ഒരു 12കാരന്‍ പനി മൂലം മരിച്ചിരുന്നു. രോഗികളുടെ തിരക്കു മൂലം മിക്ക ആശുപത്രികളിലും ബെഡുകള്‍ ഒഴിവില്ലാതെ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഈ വര്‍ഷം നേരിട്ടത്.

ഹൂസ്റ്റൺ: അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന്‍റെ വളർത്തമ്മയായ സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി. സ്വന്തം മകളെ വിട്ടുകിട്ടണമെന്നും രക്ഷിതാവിന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ഷെറിന്‍റെ വളർത്തമ്മ സിനി മാത്യൂസ് ഇന്ന് കോടതിയിൽ ഹാജരായപ്പോൾ പിൻവലിച്ചത്.

2017 ഒക്ടോബർ 7നാണ് ഇവർ ഇന്ത്യയിൽ നിന്നും ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കാണാതായത്. വീടിനടുത്തുള്ള കലുങ്കിനടിയിൽ നിന്നാണ് പിന്നീട് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. വളർത്തുമകളെ കൊന്ന കുറ്റത്തിന് മലയാളിയായ വെസ്ലി മാത്യൂസ് അമേരിക്കയിൽ വിചാരണ നേരിടുകയാണ്. ഷെറിനെ വീട്ടിൽ തനിച്ചാക്കി പോയ കുറ്റത്തിനാണ് സിനി അറസ്റ്റിലായത്.

വളരെ ഖേദത്തോടെയാണ് രക്ഷിതാവിന്‍റെ ഉത്തരവാദിത്തത്തിൽ പിന്മാറുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിലും തനിക്കെതിരെ ക്രിമിനൽ കേസുള്ളതിനാലുമാണ് കുട്ടിയുടെ നന്മയെക്കരുതി വിഷമകരമായ തീരുമാനമെടുത്തതെന്ന് സിനി പറഞ്ഞു.

ഷെറിന്‍റെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് കഴിഞ്ഞ മാസം ഡള്ളാസ് കോടതി സ്വന്തം കുട്ടിയെ കാണുന്നതിൽ നിന്ന് മാതാപിതാക്കളെ വിലക്കിയത്. വീട്ടിൽ നടന്ന അക്രമം മൂലമാണ് ഷെറിൻ കൊല്ലപ്പെട്ടത്. വളർത്തച്ഛൻ പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ച മൃതദേഹം ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved