Main News

ലണ്ടന്‍: ശരീര സൗന്ദര്യത്തിനും ആകര്‍ഷകണീയത വര്‍ദ്ധിപ്പിക്കാനും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന പ്രവണത കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നു. അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍മാരാണ് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണ് കുട്ടികളെ ഇത്തരം ദോഷകരമായ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ഇമേജ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്‍ഹാന്‍സിംഗ് ഡ്രഗ്‌സ് (IPED) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത് 13 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്.

സോഷ്യല്‍ മീഡിയയാണ് ശരീര സൗന്ദര്യത്തെക്കുറിച്ച് കുട്ടികളില്‍ അമിതമായ ചിന്തയുണര്‍ത്തുന്നത്. മറ്റുള്ളവര്‍ക്കൊപ്പവും സൂപ്പര്‍സ്റ്റാറുകളുടെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടരായും സ്വന്തം ശരീരത്തിന് ആകര്‍ഷണീയത നേടാന്‍ ഇതോടെ കുറുക്കുവഴികള്‍ തേടാനുള്ള പ്രവണത വര്‍ദ്ധിക്കുകയും ചെയ്യും. മസിലുകള്‍ തെളിഞ്ഞ് ശരീര സൗന്ദര്യം നേടാന്‍ ഏറ്റവും എളുപ്പം സ്റ്റിറോയ്ഡുകളായതിനാല്‍ ആണ്‍കുട്ടികള്‍ ഇതിനു പിന്നാലെ പായുകയാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍മാര്‍ വ്യക്തമാക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെയാണ് ഇല്ലാതാക്കുന്നത്. സെലിബ്രിറ്റികളെപ്പോലെയാകാനുള്ള നെട്ടോട്ടത്തില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് പറഞ്ഞു.

പിഎസ്എച്ച്ഇ (പേഴ്‌സണല്‍, സോഷ്യല്‍, ഹെല്‍ത്ത്, ഇക്കണോമിക്) ക്ലാസുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതാണ് ഇതിനുള്ള പ്രതിവിധി. സെലിബ്രിറ്റികളേപ്പോലെ ആകുന്നത് എന്തിനാണെന്നും തങ്ങളുടെ ചിത്രങ്ങളേക്കുറിച്ച് സുഹൃത്തുക്കള്‍ എന്ത് ചിന്തിക്കുമെന്നത് സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളേക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ഈ ക്ലാസുകള്‍ സഹായിക്കും. ആകര്‍ഷകമായ ലുക്ക് കിട്ടാന്‍ ആരോഗ്യം പണയപ്പെടുത്തുന്നത് എന്തിനാണെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

യുകെയില്‍ പത്ത് ലക്ഷത്തിലേറെ ആളുകള്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കായികരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉപയോഗം ശരീരസൗന്ദര്യ രംഗത്താണെന്നും ചില സര്‍വേകള്‍ വ്യക്തമാക്കുന്നു. ശരീരവളര്‍ച്ചയുടെ ഘട്ടമായ കൗമാരപ്രായത്തില്‍ സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിക്കുന്നത് 10 മുതല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലണ്ടന്‍: ഓട്ടിസം, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നീല പാര്‍ക്കിംഗ് ബാഡ്ജുകള്‍ അനുവദിക്കാന്‍ തീരുമാനം. അംഗവൈകല്യമുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായാണ് നീല ബാഡ്ജുകള്‍ നല്‍കുന്നത്. ഈ ആനുകൂല്യം ഓട്ടിസം, ഡിമന്‍ഷ്യ ബാധിതര്‍ക്കും നല്‍കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ദൃശ്യമല്ലാത്ത വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനുള്ള തീരുമാനം ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ളവരെ ഒരേപോലെ കണക്കാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലുള്ള ചട്ടങ്ങള്‍ ഇത്തരക്കാര്‍ക്കു വേണ്ടി ലഘൂകരിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കി. 50 വര്‍ഷം മുമ്പ് നടപ്പാക്കിയ ബ്ലൂ ബാഡ്ജ് സംവിധാനത്തില്‍ വരുത്തുന്ന ഒരു സുപ്രധാന മാറ്റമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 24 ലക്ഷം ആളുകളാണ് ഇംഗ്ലണ്ടില്‍ ബ്ലൂ ബാഡ്ജ് ഉടമസ്ഥരായുള്ളത്. ഇവര്‍ക്ക് തങ്ങളുടെ കാറുകള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയും. യെല്ലോ ലൈനുകളില്‍ മൂന്ന് മണിക്കൂര്‍ വരെയും ഇവരുടെ കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്.

ഭിന്നശേഷിയുള്ളവര്‍ക്ക് ജോലികള്‍ അന്വേഷിക്കുന്നതിനും സുഹൃത്തുക്കളെ കാണുന്നതിനും ഷോപ്പിംഗിനും മറ്റും കൂടുതല്‍ സ്വാതന്ത്രം ബ്ലൂ ബാഡ്ജുകള്‍ നല്‍കുന്നുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ജെസ്സ് നോര്‍മന്‍ പറയുന്നത്. ഈ സൗകര്യങ്ങള്‍ ദൃശ്യമല്ലാത്ത വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും നല്‍കുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശം ഇപ്പോള്‍ രണ്ട് മാസത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന് വിട്ടിരിക്കുകയാണ്.

ലണ്ടന്‍: ചികിത്സാപ്പിഴവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതുള്‍പ്പെടെ സൗത്ത് വെസ്റ്റ് ലണ്ടനിലെ ഹോസ്പിറ്റല്‍ ട്രസ്റ്റ് വരുത്തിവെച്ചത് 70 മില്യന്‍ പൗണ്ടിന്റെ നഷ്ടം. 2012 മുതല്‍ 2017 വരെയുള്ള 5 വര്‍ഷത്തെ കാലയളവില്‍ 67,284,651 പൗണ്ടാണ് ഈ ട്രസ്റ്റിനു വേണ്ടി മാത്രം പൊതു ഖജനാവില്‍ നിന്ന് വിനിയോഗിച്ചത്. ചികിത്സാപ്പിഴവുകള്‍ കൈകാര്യം ചെയ്തതിനും കോടതിച്ചെലവുകള്‍ക്കുമായാണ് ഇത്രയും പണം വിനിയോഗിക്കപ്പെട്ടതെന്നാണ് കണക്ക്. സൗത്ത് വെസ്റ്റ് മേഖലയിലെ 13 ലക്ഷത്തോളം ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ട്രസ്റ്റാണ് ഇത്.

1995ന് മുമ്പുള്ള കാലയളവിലുണ്ടായ ചികിത്സാപ്പിഴവുകള്‍ക്ക് വേണ്ടി മാത്രം 3 മില്യന്‍ പൗണ്ട് നല്‍കേണ്ടി വന്നു. ഇവയില്‍ ഏറെയും പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ചികിത്സാപ്പിഴവുകള്‍ക്ക് നഷ്ടപരിഹാരത്തിനായി സമീപിക്കുന്നവരുടെ എണ്ണത്തില്‍ 2016-17 വരെയുള്ള പത്ത് വര്‍ഷങ്ങള്‍ക്കിടെ 4 മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ പ്രസവ ചികിത്സയിലെ പിഴവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ആകെത്തുകയുടെ മൂന്നില്‍ രണ്ടും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം കേസുകള്‍ 10 ശതമാനമേ ഉണ്ടാകാറുള്ളുവെങ്കിലും നഷ്ടപരിഹാരത്തുക വളരെ ഉയര്‍ന്നതായിരിക്കും.

പ്രസവ സമയത്ത് സംഭവിക്കുന്ന പിഴവുകള്‍ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മസ്തിഷ്‌ക തകരാറുകള്‍ അവരുടെ ആജീവനാന്ത പരിചരണം എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിക്കാറുണ്ട്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇത്തരം കേസുകളില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് മാതാപിതാക്കള്‍ മനസിലാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 1995 ഏപ്രിലിനു മുമ്പുണ്ടായ ചികിത്സാപ്പിഴവുകള്‍ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവുമായി 152 ദശലക്ഷം പൗണ്ടാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നല്‍കിയത.് ഇത് ഇംഗ്ലണ്ടിലെ മാത്രം കണക്കാണ്.

ലണ്ടന്‍: യുകെയില്‍ വാഹന ഇന്‍ഷുറന്‍സ് നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്. ശരാശരി പ്രീമിയം തുക എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 827 പൗണ്ടിലെത്തിയതോടെയാണ് ഇത്. ഈ വര്‍ഷം ശരാശരി പ്രീമിയം തുക 900 പൗണ്ടിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡായിരിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2016 തുടക്കത്തില്‍ രേഖപ്പെടുത്തിയ നിരക്കിനേക്കാള്‍ 23 ശതമാനം അധികമാണ് ഈ നിരക്ക്. അതേ സമയം 2011ല്‍ രേഖപ്പെടുത്തിയ 858 പൗണ്ടെന്ന ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 31 പൗണ്ട് കുറവുമാണ്.

പ്രീമിയം തുക ഇതേ നിരക്കില്‍ തുടരുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുമെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട്‌കോമിന്റെ കാര്‍ ഇന്‍ഷുറന്‍സ് പ്രൈസ് ഇന്‍ഡെക്‌സ് പറയുന്നു. 2016 അവസാന മാസങ്ങളില്‍ പ്രീമിയം തുക 8 ശതമാനം വര്‍ദ്ധനയോടെ 767 പൗണ്ടില്‍ എത്തിയിരുന്നു. ലണ്ടനിലെ വാഹന ഉടമകളായിരുന്നു ഏറ്റവും കൂടുതല്‍ തുക പ്രീമിയം ഇനത്തില്‍ നല്‍കിയത്. ശരാശരി 1283 പൗണ്ട് വരെ ഇവര്‍ക്ക് നല്‍കേണ്ടതായി വന്നു. സ്‌കോട്ട്‌ലന്‍ഡിലായിരുന്നു കഴിഞ്ഞ വര്‍ഷം പ്രീമിയം നിരക്കില്‍ ഏറ്റവും വര്‍ദ്ധനയുണ്ടായത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ 17 ശതമാനവും നോര്‍ത്ത്, ഈസ്റ്റ് മേഖലകളില്‍ 13 ശതമാനവും ഹൈലാന്‍ഡുകളിലും ദ്വീപുകളിലും 11 ശതമാനവും പ്രീമിയം നിരക്കില്‍ വര്‍ദ്ധനയുണ്ടായി. ക്രാഷ് ഫോര്‍ ക്യാഷ് ക്ലെയിമുകളുടെ എണ്ണം വര്‍ദ്ധിച്ചതും ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് ഉയര്‍ന്നതും നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.

ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലണ്ടനിൽ അരങ്ങേറിയത്. എന്താണെന്നല്ലേ?.. സ്വന്തം അനന്തിരവളെ മാനഭംഗം നടത്തിയശേഷം കഴുത്തുമുറിച്ച്‌ ശരീരം ഫ്രീസറിലാക്കി. തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരെ മറ്റൊരാളും സ്വന്തമാക്കാതിരിയ്ക്കാനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഈ യുവാവിന്റെ ചെയ്തികളാണ് ഇപ്പോള്‍ ലണ്ടനിലെ പ്രധാന ചര്‍ച്ചാ വിഷയം.

കഴിഞ്ഞവര്‍ഷം സംഭവിച്ച കേസിന്റെ വിശദാംശങ്ങള്‍ വിചാരണയ്ക്കിടയില്‍ പ്രോസീക്യൂഷനാണ് കോടതിയില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 19-നായിരുന്നു ലോകത്തെ നടുക്കിയ സംഭവം ലണ്ടനില്‍ നടന്നത്.

Related image

സെലിന്‍ ദുഖ്റാന്‍ എന്ന പത്തൊന്‍പതുകാരിയായ ഇന്ത്യന്‍ യുവതിയാണു കൊല്ലപ്പെട്ടത്. ഈ യുവതി ലെബനനില്‍നിന്നുള്ള ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നത്രേ. ഈ ബന്ധത്തെ കുടുംബം അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു മാതാപിതാക്കളുമായി വഴക്കിട്ട യുവതി വീടു വിട്ട് ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ നടന്ന കൊലപാതകം ദുരഭിമാനക്കൊലയാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

Image result for london celine murder case mujahid arshid arrested

ജൂലൈ 19 ന് തെയിംസ് തീരത്തെ ആറുകിടപ്പുമുറികളുള്ള ആഡംബര വസതിയിലാണു സെലിന്റെ മൃതദേഹം കാണപ്പെട്ടത്. ലണ്ടനില്‍ നടന്ന സംഭവത്തിലെ പ്രതി 33 വയസ്സുകാരനായ മുജാഹിദ് അര്‍ഷിദ് ബില്‍ഡറായി ജോലി ചെയ്യുകയാണ്. സറേയിലെ ആഡംബര വീട്ടിലേക്കു കൊണ്ടുവന്നാണ് മുജാഹിദ് അര്‍ഷിദ് കൃത്യം നടത്തിയത്. മാനഭംഗം നടത്തി കഴുത്തുമുറിച്ച ശേഷം മൃതദേഹം ഫ്രീസറിലാക്കി വെയ്ക്കുകയായിരുന്നു.

ലൈംഗികാസക്തിക്ക് അടിമയാണ് കൊലപാതകിയായ അമ്മാവന്‍ എന്നാണ് പ്രോസീക്യൂഷന്‍ പറയുന്നത്. തനിക്കു ലഭിക്കാത്തവരെ മറ്റാര്‍ക്കും ലഭിക്കരുതെന്ന ക്രൂരമായ മനസ്ഥിതിയിലാണ് പ്രതി ക്രൂരക്രൃത്യം ചെയ്തതെന്നു കോടതിയില്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. അനന്തരവള്‍ക്കൊപ്പം മറ്റൊരു യുവതിയേയും തട്ടിക്കൊണ്ടുവന്നു കഴുത്തുമുറിച്ചെങ്കിലും അവര്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

ചില എക്‌സ്‌റ്റെന്‍ഷനുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ തകരാറിലാക്കിയേക്കാമെന്ന് ഗൂഗിള്‍ ക്രോം. ക്രോം ആരാധകര്‍ തങ്ങളുടെ ബ്രൗസറുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന എക്‌സ്‌റ്റെന്‍ഷനുകള്‍ ഹാനികരമായവയാണോ എന്ന് പരിശോധിക്കണമെന്നാണ് നിര്‍ദേശം. മാല്‍വെയര്‍ ആക്രമണങ്ങള്‍ ഇവയിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നാല് എക്സ്റ്റ്ന്‍ഷനുകളാണ് ഉപയോക്താക്കള്‍ക്ക് ദോഷകരമാകുകയെന്നാണ് സുരക്ഷാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ഈ എക്‌സ്റ്റെന്‍ഷനുകള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ പരസ്യ ലിങ്കുകളിലേക്ക് സ്വയം നാവിഗേറ്റ് ചെയ്യും. ഉപയോക്താവ് ക്ലിക്ക് ചെയ്ത് പോകുന്നതു പോലെയാണ് ഇവയുടെ പ്രവര്‍ത്തനം. ഇവ പയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.

എച്ച്ടിടിപി റിക്വസ്റ്റ് ഹെഡര്‍ (HTTP Request He-ader) എന്ന എക്‌സ്റ്റെന്‍ഷനാണ് അവയില്‍ പ്രധാനി. പരസ്യ ലിങ്കിലേക്ക് കമ്പ്യൂട്ടറുകളെ നയിക്കുകയാണ് ഈ എക്‌സ്റ്റെന്‍ഷന്‍ ചെയ്യുന്നത്. ന്യൂഗിള്‍, സ്റ്റിക്കീസ്, ലൈറ്റ് ബുക്ക്മാര്‍ക്‌സ് (Nyoogle, Stickies, and Lite Bookm-arsk) തുടങ്ങിയ എക്‌സ്റ്റെന്‍ഷനുകളും ഇതേ വിധത്തില്‍ ഉപയോക്താക്കള്‍ക്ക് ശല്യക്കാരായ എക്‌സ്‌റ്റെന്‍ഷനുകളാണെന്ന് സെക്യൂരിറ്റി സ്ഥാപനമായ ഐസ്‌ബെര്‍ഗ് വിലയിരുത്തുന്നു. ഈ എക്‌സ്റ്റെന്‍ഷനുകള്‍ 5 ലക്ഷത്തിലേറെത്തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു.

ലോകത്തെ ഏറ്റവും ജനപ്രിയ ബ്രൗസറായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രോം. ഇന്റര്‍നെറ്റ് ബ്രൗസര്‍ വിപണിയില്‍ 58.90 ശതമാനം സാന്നിധ്യമാണ് ക്രോമിന് ഇപ്പോള്‍ ഉള്ളത്. ക്രോമിന്റെ ഏറ്റവും അടുത്ത എതിരാളിയായ മോസില്ല ഫയര്‍ഫോക്‌സിന് 13.29 ശതമാനം വിപണി വിഹിതവും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് 13 ശതമാനം വിഹിതവുമാണ് ഉള്ളതെന്ന് നെറ്റ്മാര്‍ക്കറ്റ്‌ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്‍ഡോസ് 10നൊപ്പം മൈക്രോസോഫ്റ്റ് അവതരിപ്പിച്ച എഡ്ജ് ബ്രൗസറിന് വെറും 3.78 ശതമാനം വിപണി സാന്നിധ്യം അറിയിക്കാനേ കഴിഞ്ഞിട്ടുള്ളു.

മരണം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ കൈവിരലുകള്‍ ചലിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതോടെ കുട്ടി മരിച്ചതായി വിശ്വസിക്കാനാകില്ലെന്ന നിലപാടിലാണ് മാതാപിതാക്കള്‍. ഇസിസ് മെന്‍ഡസ് എന്ന കുട്ടിയുടെ കൈവിരലുകളാണ് മരണശേഷവും ചലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇന്റര്‍നെറ്റില്‍ ഇന്നലെ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളുള്ളത്.

കഡാവറിക് സ്പാസം എന്നറിയപ്പെടുന്ന ഈ ചലനത്തിന് കാരണം പേശികള്‍ കഠിനമാകുമ്പോള്‍ ഉണ്ടാകുന്ന കോച്ചിപ്പിടിത്തമാണെന്ന് വിശദീകരിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണമല്ലെങ്കിലും അപൂര്‍വമായി ഉണ്ടാകാറുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച ശരീരങ്ങളില്‍ സുഷുമ്‌നാ നാഡി പുറപ്പെടുവിക്കുന്ന ന്യൂറോണ്‍ സന്ദേശങ്ങള്‍ പേശികളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

എന്നാല്‍ മരണശേഷം പേശികള്‍ ദൃഢമാകുന്ന റിഗര്‍ മോര്‍ട്ടിസ് അവസ്ഥയില്‍ കാണപ്പെടാറില്ലെന്നും അഭിപ്രായമുണ്ട്. മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരീരം ഈ അവസ്ഥയിലേക്ക് എത്തുക. അമേരിക്കയില്‍ ഉപയോഗത്തിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞയാഴ്ച വൈറലായ ഒരു ക്യാംപെയിനാണ് ടൈഡ് പോഡ് ക്യാംപെയിന്‍. ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കാന്‍ ശ്രമിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു ഇതിന്റെ രീതി. എന്നാല്‍ ഇത് വളരെ അപകടം പിടിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഒനിയന്‍ എന്ന സറ്റയര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചാലഞ്ച് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ഒട്ടേറെ വീഡിയോകള്‍ പിന്നീട് പ്രത്യക്ഷപ്പെടുകയുമായിരുന്നു. ചില വീഡിയോകള്‍ക്ക് ഒന്നര ലക്ഷത്തിലേറെ സന്ദര്‍ശകരെയും ലഭിച്ചു.

ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദ്ധരും പറയുന്നു. ഇവ ജീവന് തന്നെ അപകടകരമായേക്കാം. ടൈഡ് ഡിറ്റര്‍ജന്റില്‍ എഥനോല്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് മുതലായവ അടങ്ങിയിട്ടുണ്ട്. ഇവ വിഷാംശമുള്ളവയായതിനാല്‍ ആദ്യം ഛര്‍ദ്ദി, വയറിളക്കം എന്നിവക്ക് കാരണമാകുകയും ചില സംഭവങ്ങളില്‍ മരണം പോലും ഉണ്ടാകാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

തങ്ങളുടെ ഉല്‍പന്നം വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ മാത്രം ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന ഡിറ്റര്‍ജന്റ് കോണ്‍സണ്‍ട്രേറ്റ് ആണെന്നും അവ തമാശക്ക് പോലും കഴിക്കാന്‍ പാടില്ലെന്നും പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ അപകടകരമായ ക്യാംപെയിനിനെതിരെ അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രോഡക്ട് സേഫ്റ്റി കമ്മീഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

നോര്‍വേ: 2040ഓടെ നിരത്തുകളില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നിരവധി രാജ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പകരം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതികള്‍ തയ്യാറാകുന്നത്. റോഡുകള്‍ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാര്‍ എന്നതിനാല്‍ മറ്റു ഗതാഗത മാര്‍ഗങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണവും ഇല്ലാതാക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. വിമാന എന്‍ജിനുകള്‍ നടത്തുന്ന മലിനീകരണം പൊതുധാരയില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറുമില്ല. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയാണെന്നതിന് തെളിവാണ് സ്‌കാന്‍ഡ്‌നേവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. 2040ഓടെ ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വിമാനങ്ങള്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കാനുള്ള പദ്ധതിക്ക് നോര്‍വേ തുടക്കമിട്ടു.

പൊതു ഉടമസ്ഥതയിലുള്ള ഏവിനോര്‍ ആണ് നോര്‍വേയിലെ സിവില്‍ വിമാന ഗതാഗതത്തിന്റെ ഏറിയ പങ്കും നിയന്ത്രിക്കുന്നത്. വ്യോമഗതാഗതം ഇലക്ട്രിക് ആക്കി മാറ്റിക്കൊണ്ട് ലോകത്ത് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം എന്ന പേര് നേടാന്‍ തയ്യാറെടുക്കുകയാണ് ഏവിനോര്‍ എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഡാഗ് ഫോക്ക് പീറ്റേഴ്‌സണ്‍ പറഞ്ഞു. ഒന്നര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിക്കാനാണ് തുടക്കത്തില്‍ ശ്രമിക്കുന്നത്. നോര്‍വീജിയന്‍ സ്‌പോര്‍ട്‌സ് ഏവിയേഷന്‍ അസോസിയേഷനും പ്രധാനപ്പെട്ട എയര്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് ഇലക്ട്രിക് വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്ക് 2017ല്‍ നോര്‍വേ തുടക്കമിട്ടിരുന്നു.

ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചുകൊണ്ട് 2050ഓടെ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന വിധത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് നോര്‍വേ ശ്രമിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ 2025ഓടെ രാജ്യത്തു നിന്ന് നീക്കം ചെയ്യുമെന്നാണ് നോര്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം യുകെ അതിന്റെ 60 ശതമാനം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ 2030ഓടെ പിന്‍വലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലണ്ടന്‍: യുകെയിലെ ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഡിസംബറില്‍ വര്‍ദ്ധിച്ചതിനു ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളുടെ മത്സരം മൂലം വിലയില്‍ കാര്യമായ വര്‍ദ്ധനവ് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ മത്സരവും ഫലം ചെയ്തില്ല എന്നതാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന വിലവര്‍ദ്ധന സൂചിപ്പിക്കുന്നത്. ലിറ്ററിന് 121.7 പെന്‍സ് ആണ് പെട്രോളിന്റെ പുതിയ വില. മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റ്, നോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് പെട്രോള്‍ വിലകളില്‍ 5.5 പെന്‍സിന്റെ വ്യത്യാസം നവംബറില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇപ്പോള്‍ 3.5 പെന്‍സ് ആയി കുറഞ്ഞിട്ടുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റ് ഇന്ധനവില ബിപി, ഷെല്‍ പോലെയുള്ള കമ്പനികളേക്കാള്‍ കുറവാണെങ്കിലും പ്രദേശങ്ങള്‍ക്കനുസരിച്ച് ഈ വിലയിലും മാറ്റമുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോര്‍ട്ട്‌സ്മൗത്ത് മുതല്‍ ലണ്ടന്‍ വരെ എ3 പരിസരങ്ങളിലുള്ള സെയിന്‍സ്ബറി ഔട്ട്‌ലെറ്റുകളില്‍ 118.9 പെന്‍സ് മുതല്‍ 123.9 പെന്‍സ് വരെയുള്ള നിരക്കുകളാണ് പെട്രോളിന് ഈടാക്കുന്നത്. നോട്ടിംഗ്ഹാംഷയറിലെ മാന്‍സ്ഫീല്‍ഡില്‍ 119.9 പെന്‍സ് ഈടാക്കുന്ന ടെസ്‌കോ, സമീപ പ്രദേശമായ ഒള്ളേര്‍ട്ടണില്‍ 121.9 പെന്‍സ് ഈടാക്കുന്നുണ്ട്.

പെട്രോള്‍ പ്രൈസ് ആപ്പുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഇന്ധനം നിറക്കാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് നിര്‍ദേശം നല്‍കുന്നു. ഇന്ധനവില ലാഭിക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ

$ തിരക്കുള്ള പെട്രോള്‍ സ്‌റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുക. ഇത്തരം സ്റ്റേഷനുകള്‍ വലിയ അളവില്‍ ഇന്ധനം സ്റ്റോക്ക് ചെയ്യാറുണ്ട്. അതു വഴി വിലക്കുറവ് ഉണ്ടാകുന്നതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പെട്രോള്‍ സ്‌റ്റേഷന്‍ അനലിസ്റ്റ്. കാറ്റലിസ്റ്റ് എക്‌സ്പീരിയനിലെ ആര്‍തര്‍ റെന്‍ഷോ പറയുന്നു.

$ വലിയ സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കുക. ഇവിടങ്ങളില്‍ ഹോള്‍ സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിനാല്‍ അതിന്റെ ആനുകൂല്യം ലഭിക്കും.

$ ഒന്നിലേറെ സ്‌റ്റേഷനുകള്‍ ഉള്ളയിടത്തു നിന്ന് ഇന്ധനം വാങ്ങുക. ഒന്നിലേറെ സ്‌റ്റേഷനുകള്‍ സമീപത്തായുണ്ടെങ്കില്‍ ഡ്രൈവര്‍മാരെ ആകര്‍ഷിക്കാനായി ഇവര്‍ വില കുറയ്ക്കാന്‍ ഇടയുണ്ട്.

$ PetrolPrices.com പോലെയുള്ള സൈറ്റുകളില്‍ നിന്ന് വിവിധ പ്രദേശങ്ങളിലെ ഇന്ധനവില സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.

$ സൂപ്പര്‍മാര്‍ക്കറ്റുകള്‍. വിപണി മത്സരത്തിന്റെ ഭാഗമായി പെട്രോള്‍ വിലയിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാര്യമായ മത്സരം നടക്കുന്നുണ്ട്. ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന വൗച്ചറുകള്‍ പരമാവധി ഉപയോഗിക്കുക.

$ ഗ്രാമീണ മേഖലയെ ആശ്രയിക്കുക. വിമാനത്താവളങ്ങള്‍, മോട്ടോര്‍വേകള്‍, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്വാഭാവികമായും ഇന്ധനവില കൂടുതലായിരിക്കും. ഗ്രാമീണ മേഖലകളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ചെറിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.

RECENT POSTS
Copyright © . All rights reserved