കഴിഞ്ഞയാഴ്ച ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് വന്‍ പ്രതിഷേധമായിരുന്നു. കത്വയില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസും, ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന മതപരമായ അസഹിഷ്ണുതയും മറ്റുമായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ കാരണം. യുകെയിലെ ഇന്ത്യക്കാരും തദ്ദേശീയരായ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റ് രാജ്യക്കാരും ഒക്കെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങളുടെ മറവില്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതും പതാക വലിച്ച് കീറിയതും യുകെയിലെ ഇന്ത്യക്കാരുടെ ഇടയില്‍ വലിയ എതിര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. മോദിയോടും ബിജെപി ഗവണ്മെന്റിനോടും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യന്‍ ദേശീയതയെ അപമാനിക്കാനുള്ള ശ്രമമായി ഇതിനെ കാണണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളുടെ മറവില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പതാക ഉയര്‍ത്തിയിരുന്ന മൈതാനത്തിലെ ഇന്ത്യന്‍ പതാക വലിച്ച് കീറിയത് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ തന്നെ ആയിരുന്നു എന്ന് ഈ സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാന്‍ അനുകൂലികളും ഖലിസ്ഥാന്‍ വാദികളും ആണ് പതാക കീറാന്‍ മുന്‍കൈയെടുത്തത് എന്നും വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഇന്ത്യന്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ മറവില്‍ ഇന്ത്യന്‍ പതാക വലിച്ച് കീറുന്ന വീഡിയോ താഴെ