Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതിയ ആശുപത്രികൾ നിർമ്മിക്കുന്നതിന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായും പ്രോപ്പർട്ടി ഡെവലപ്പർമാരുമായും സഹകരിക്കാൻ എൻഎച്ച്എസിനെ അനുവദിക്കണമെന്ന ആവശ്യവുമായി ഹെൽത്ത് സർവീസിലെ ഉദ്യോഗസ്ഥർ. എൻഎച്ച്എസിൽ പുരോഗമനത്തിനായി സ്വകാര്യ ധനകാര്യ സംരംഭങ്ങളുടെ ഡീലുകൾ ഉപയോഗിച്ചതിന് കഴിഞ്ഞ ലേബർ ഗവൺമെൻ്റ് കടുത്ത വിമർശനം നേരിട്ടിരുന്നു. ഇത് കോർപ്പറേഷനുകൾക്ക് ഗണ്യമായ ലാഭമുണ്ടാക്കിയിരുന്നു.

എന്നാൽ പുതിയ ഭരണകൂടത്തോട് രാജ്യത്തെ ആരോഗ്യ സേവന ട്രസ്റ്റുകളെ സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുന്നതിൽ നിന്ന് നിയന്ത്രിക്കുന്ന ട്രഷറി നിയമങ്ങൾ ലഘൂകരിക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിൻ്റെ തലവനായ ജൂലിയൻ ഹാർട്ട്‌ലി. ഇത്തരത്തിലുള്ള ധന സഹായങ്ങൾ എൻഎച്ച്എസിൻെറ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ ഹെൽത്ത് കെയർ പ്രൊവൈഡർമാർ, ലോക്കൽ കൗൺസിലുകൾ തുടങ്ങിയ പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, നിലവിലെ സാഹചര്യത്തിൽ എൻഎച്ച്എസിൻെറ സുസ്ഥിരമായ നടത്തിപ്പിന് ഏറെ സഹായകരമായിരിക്കുമെന്ന് ജൂലിയൻ ഹാർട്ട് ലി പറയുന്നു. എന്നാൽ എൻഎച്ച്എസ് തലവൻെറ ആശയത്തിന് കടുത്ത വിമർശനവും ഉയർന്ന് വരുന്നുണ്ട്. അതേസമയം സമീപകാലങ്ങളിൽ എൻഎച്ച്എസും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം വിജയകരമായ ഉദാഹരണങ്ങളായി ജൂലിയൻ ഹാർട്ട് ലി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അത്തരം സഹകരണങ്ങൾ എൻഎച്ച്എസ് സേവനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങി. എക്സിറ്റ് പോളും അഭിപ്രായ സർവേകളും ശരിവെക്കുന്ന രീതിയിൽ ലേബർ പാർട്ടി വൻ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ 236 സീറ്റുകളിൽ ലേബർ പാർട്ടിയുടെ ആധിപത്യമാണ് പ്രകടമായിരിക്കുന്നത്. 44 സീറ്റുകളിൽ കൺസർവേറ്റീവുകൾ മുന്നേറുന്നു.

തിരഞ്ഞെടുപ്പ് നിരീക്ഷകരെ ആകെ അമ്പരപ്പിച്ചു കൊണ്ടുള്ള മുന്നേറ്റം നടത്തിയിരിക്കുന്നത് ലിബറൽ ഡെമോക്രാറ്റിക് ആണ്. നിലവിൽ 27 സീറ്റുകളിൽ ലിബറൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ മുന്നേറുന്നതായുള്ള സൂചനകൾ ആണ് പുറത്തു വന്നിരിക്കുന്നത്.


ചാനലുകൾ പ്രവചിച്ചതു പോലുള്ള ചലനങ്ങൾ സൃഷ്ടികൾ റീഫോം യുകെയുടെ സ്ഥാനാർത്ഥികൾക്ക് ആയിട്ടില്ല . റീഫോം യുകെയുടെ 4 സ്ഥാനാർത്ഥികളാണ് വിജയം കണ്ടിരിക്കുന്നത്. റീഫോം യുകെ ലീഡർ നൈജൽ ഫരാഗ് ആദ്യമായി പാർലമെന്റിലേക്ക് വിജയം കണ്ടു. കൺസർവേറ്റീവ് പാർട്ടിയുടെ മുന്നണി പോരാളിയായിരുന്ന ഡിഫൻസ് മിനിസ്റ്റർ ഗ്രാൻഡ് ഷാപ്പറിന്റെ പരാജയം വൻ ഞെട്ടലാണ് കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടോളം അദ്ദേഹം കൈവശം വച്ചിരുന്ന തെക്കൻ ഇംഗ്ലണ്ടിലെ വെൽവിൻ ഹാറ്റ്‌ഫീൽഡ് മണ്ഡലത്തിൽ ലേബർ പാർട്ടിയുടെ ആൻഡ്രൂ ലെവിൻ ആണ് ഷാപ്‌സിനെ പരാജയപ്പെടുത്തിയത് . ഷാപ്‌സിൻ്റെ 16,078 വോട്ടു ലഭിച്ചപ്പോൾ ലെവിൻ 19,877 വോട്ടുകൾ നേടിയാണ് വിജയം കണ്ടത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ പൊതു തിരഞ്ഞെടുപ്പിൽ ആരാണ് വിജയിക്കുന്നത് എന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. രാത്രി 10 മണിക്ക് തിരഞ്ഞെടുപ്പ് അവസാനിച്ചതിനെ തുടർന്ന് വോട്ടെണ്ണൽ ആരംഭിച്ചു. ബിബിസി, ഐടിവി, സ്കൈ എന്നിവയുടെ എക്‌സിറ്റ് പോൾ പ്രകാരം ലേബർ 170 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കും. എക്സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർത്ഥ്യമാവുകയാണെങ്കിൽ 410 ലേബർ എംപിമാരുമായി സർ കെയർ സ്റ്റാർമർ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.

യുകെയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് ഇന്നലെ കഴിഞ്ഞത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. മലയാളികളുടെ പുതുതലമുറ വളരെ ആവേശത്തോടെയാണ് യുകെയിലെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വന്നത്. മിക്ക മലയാളി യുവതി യുവാക്കളും ആദ്യമായാണ് പൊതു തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വളരെ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് അവർ പ്രതികരിച്ചത്.

വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലി സ്വദേശിയായ മലയാളി പെൺകുട്ടി ആര്യ ഷിബു വളരെ ആവേശത്തോടെയാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. എൻറെ വോട്ട് ഈ രാജ്യത്തെ മാറ്റിമറിക്കും എന്നാണ് ആദ്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ അനുഭവത്തെ കുറിച്ച് ആര്യ മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചത്.

ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സംവാദങ്ങളും ചർച്ചകളും കലാശക്കൊട്ടുകളും പോളിംഗ് ദിനത്തിലെ ദൃശ്യങ്ങളും മുതിർന്നവരോടൊപ്പം ടിവിയിൽ കണ്ടതിന്റെ ഓർമ്മകളുമായാണ് പുതുതലമുറ പോളിംഗ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ യുകെയിൽ ഉടനീളമുള്ള ദൃശ്യങ്ങളും നടപടിക്രമങ്ങളും ഇന്ത്യൻ സാഹചര്യത്തിൽ തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ബഹളവും തിക്കും തിരക്കും ഇല്ലാതെ സാധാരണ ദിവസത്തെ പോലെ തന്നെ പോളിംഗ് ദിനവും കടന്നു പോയി . ചുറ്റും കൊടി തോരണങ്ങളും പാർട്ടി പ്രവർത്തകരും ഒന്നുമില്ലാത്ത പോളിംഗ് സ്റ്റേഷൻ പലർക്കും അത്ഭുതമായിരുന്നു . വോട്ടെടുപ്പിനോടനുബന്ധിച്ച് പൊതു അവധി ഇല്ലായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. സാധാരണ പോലെ ആളുകൾ തങ്ങളുടെ ദൈനംദിന ജോലികൾ ചെയ്യുന്നതിനൊപ്പം ഏതെങ്കിലും സമയത്ത് വോട്ട് രേഖപ്പെടുത്താൻ സമയം കണ്ടെത്തുന്നു. വിദ്യാർഥികളിൽ പലരും തങ്ങളുടെ ക്ലാസുകളിലും പരീക്ഷകളിലും പങ്കെടുത്തിട്ടാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

പുതിയ സർക്കാരിന്റെ നയങ്ങൾ തങ്ങളെ എങ്ങനെ ബാധിക്കും എന്നത് ഒട്ടുമിക്ക മലയാളി കുടുംബങ്ങളെയും അലട്ടുന്ന പ്രശ്നമാണ്. ആദ്യകാലങ്ങളിൽ ഭൂരിപക്ഷം മലയാളികളും എൻഎച്ച്എസിൻ്റെ കീഴിൽ ആണ് ജോലി ചെയ്തിരുന്നത് . എന്നാൽ ഇന്ന് സ്ഥിതി വളരെ വ്യത്യസ്തമാണ്. സ്റ്റുഡൻറ് വിസയിലും കെയർ വിസയിലും ഇവിടെ എത്തിയിരിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം പുതിയ സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ അവരുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകും എന്നത് 100 ശതമാനം ഉറപ്പാണ്.

ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും പുതിയ സർക്കാർ നടിപ്പിലാക്കിയേക്കും . യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.

കെയർ വിസയിൽ എത്തിയവരും പുതിയ സർക്കാർ നയങ്ങൾ തങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ വളരെ ആശങ്കയിലാണ് . യുകെയിൽ എത്താൻ വേണ്ടിയുള്ള പാലമായാണ് പലരും ലക്ഷങ്ങൾ മുടക്കി കെയർ വിസ സംഘടിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസ അനുവദിക്കുന്ന നയം സർക്കാർ പിൻവലിച്ചത്. കുടിയേറ്റം കൂടിയതാണ് ഋഷി സുനക് സർക്കാരിന് ജനപ്രീതി ഇടിയാൻ ഒരു പ്രധാന കാരണമായത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പൊതുതിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് ശതമാനം. 1945 നു ശേഷം ഉള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് ഈ വർഷം രേഖപെടുത്തിയിരിക്കുന്നത്. പ്രാദേശിക സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ കെട്ടിടങ്ങളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനുകൾ ഇന്ന് രാവിലെ 7 മണി മുതൽ രാത്രി 10 വരെ തുറന്നിരിക്കും. പൊതു തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വിജയ പ്രതീക്ഷയിലാണ് ലേബർ പാർട്ടി. സർവേകൾ എല്ലാം തന്നെ ലേബർ പാർട്ടിക്ക് അനുകൂലമായ വിധിയാണ് എഴുതിയിരിക്കുന്നത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലൻഡ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലായാണ് പോളിംഗ് സ്‌റ്റേഷനുകൾ ഉള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഫലപ്രഖ്യാപനം വന്നു തുടങ്ങും. പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് യോർക്ക്ഷെയറിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ വടക്കൻ ലണ്ടനിൽ വോട്ട് ചെയ്തു. ആറാഴ്ച നീണ്ട പ്രചാരണത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് ഇന്ന് നടന്നത്.

തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിച്ചിരിക്കുന്ന കെയർ സ്റ്റാർമര്‍ വോട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച തിരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ ക്യാബിനറ്റ് ഉടന്‍ വിളിക്കുമെന്നും വ്യക്തമാക്കി. അതേസമയം കണ്‍സര്‍വേറ്റീവ് പാർട്ടിക്ക് ഏറെ ആശങ്കയുടെ സമയമാണ് ഇപ്പോൾ. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മുന്‍പുള്ള അവസാന അഭിപ്രായ സര്‍വേയും ലേബറിന് വന്‍വിജയം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ തോൽവിയുടെ ആഴം എത്രമാത്രം ആയിരിക്കുമെന്ന ആശങ്കയിലാണ് പാർട്ടി അംഗങ്ങൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വേ ഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്ത് ഉടനീളം ഇന്ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ദശലക്ഷകണക്കിന് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. പ്രാദേശിക സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് വോട്ടുകൾ രേഖപ്പെടുത്താനുള്ള സമയം.


ഏകദേശം 46 ദശലക്ഷം വോട്ടർമാർക്കാണ് വോട്ടവകാശം ഉള്ളത്. 650 എംപിമാർ ആണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. നാളെ രാവിലെ മുതൽ ഫലപ്രഖ്യാപനം നടക്കും. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തിന് 326 സീറ്റുകൾ ആണ് നേടേണ്ടത്. വോട്ടർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിൽ 10 പാർലമെൻറ് മണ്ഡലങ്ങൾ കൂടിയിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിലെ മൊത്തം സീറ്റുകളുടെ എണ്ണം 543 ആയി .


വെയിൽസിലും സ്കോട്ട്‌ ലൻഡിലും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. വോട്ടവകാശമുള്ള 18 വയസ്സ് പൂർത്തിയായ ആർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അവസാന തീയതി ജൂൺ 18 -ാം തീയതി ആയിരുന്നു. പാസ്പോർട്ട് , ഡ്രൈവിംഗ് കാർഡ് ഉൾപ്പെടെ 22 സ്വീകാര്യമായ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമായി വേണം വോട്ട് ചെയ്യാൻ പോളിംഗ് സ്റ്റേഷനിൽ എത്തേണ്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചരിത്രം സൃഷ്ടിച്ച് ബ്രിട്ടനിലെ ഈ ഇന്ത്യൻ വംശജ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച വനിതാ കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എട്ടു വയസ്സുകാരിയായ ബോധന ശിവാനന്ദൻ. ലണ്ടനിലെ ഹാരോയിൽ നിന്നുള്ള ബോധന ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന യൂറോപ്യൻ ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ജേതാവായത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുമായി ഏറ്റുമുട്ടിയ ബോധന ഒരു ഇന്റർനാഷണൽ മാസ്റ്ററെ ഉൾപ്പെടെ പരാജയപെടുത്തിയാണ് കിരീടം നേടിയിരിക്കുന്നത്. ഈ വർഷം അവസാനം ഹംഗറിയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിൽ ഇംഗ്ലണ്ട് വനിതാ ടീമിലും ബോധന ഇടം നേടിയിരിക്കുകയാണ്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ബോധന തന്നെ! അടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ 23-കാരിയായ ലാൻ യാവോയാണ്.

ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന യൂറോപ്യൻ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പിലെ “അവിശ്വസനീയമായ” പ്രകടനത്തെ തുടർന്ന് ബോധനയ്ക്കുള്ള അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് സർക്കാരിൻെറ ചെസ്സിനായി പുതിയ ജിബിപി 1 ദശലക്ഷം നിക്ഷേപ പാക്കേജ് അടയാളപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് ക്ഷണിച്ച യുവ ചെസ്സ് പ്രേമികളുടെ കൂട്ടത്തിൽ ബോധനയും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലുടനീളമുള്ള പിന്നോക്ക പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ചെസ്സ് പഠിപ്പിക്കാനും എലൈറ്റ് പ്ലേയ്‌ക്ക് ഫണ്ട് നൽകാനും പാക്കേജ് സഹായിക്കുന്നു.

പാക്കേജിൻ്റെ ഭാഗമായി, അടുത്ത തലമുറയിലെ ലോകോത്തര പ്രതിഭകളെ വികസിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ചെസ്സ് ഫെഡറേഷനിൽ (ECF) GBP 500,000 നിക്ഷേപിക്കുമെന്ന് യുകെയുടെ സാംസ്കാരിക, മാധ്യമ, കായിക വകുപ്പ് (DCMS) പറഞ്ഞു. നിലവിലെ ഗ്രാൻഡ്‌മാസ്റ്റർമാരെയും വരാനിരിക്കുന്ന കളിക്കാരെയും സഹായിക്കുന്നതിന് വിദഗ്ധ പരിശീലനം, പരിശീലന ക്യാമ്പുകൾ, അന്തർദേശീയ ഇവൻ്റുകൾക്കായി അത്യാധുനിക കമ്പ്യൂട്ടർ വിശകലനം എന്നിവയ്ക്കുള്ള പിന്തുണ ഈ ഫണ്ട് നൽകും

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ യിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് മലയാളികൾക്ക് പലപ്പോഴും കീറാമുട്ടിയാണ്. എന്നാൽ റെഡ്ഡിച്ചിൽ ഒരാൾക്ക് 60- മത്തെ തവണ ആണ് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏകദേശം 1400 പൗണ്ട് ആണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി ഇയാൾ ചിലവഴിച്ചത് . കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രാവശ്യം ഡ്രൈവിംഗ് ലൈസൻസിനായി പരീക്ഷകളിൽ പങ്കെടുത്തത് ഈ വ്യക്തിയാണെന്ന റിപ്പോർട്ടുകൾ ആണ് മാധ്യമങ്ങൾ വാർത്തയാക്കിയിരിക്കുന്നത്. യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ ഒരു സ്ലോട്ട്നായി ശരാശരി കാത്തിരിപ്പ് സമയം 18 ആഴ്ചയിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ ഓരോ പ്രാവശ്യവും പരാജയപ്പെടുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ വളരെ വലിയ ഒരു കാലതാമസമാണ് ഉണ്ടാകുന്നത്.

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാകുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതായാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നേഴ്സിംഗ് ഏജൻസികളുടെയും കെയർ ഹോം ഉടമകളുടെയും കടുത്ത ചൂഷണമാണ് കെയർ വിസയിൽ യുകെയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ നേരിടുന്നത് . വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും തരാതിരുന്നതിനെതിരെ പ്രതിഷേധിച്ച കെയറർമാരെ പിടിച്ചുവിടുന്ന നയമാണ് പലപ്പോഴും ഈ കൂട്ടർ സ്വീകരിക്കുന്നത്. ലക്ഷങ്ങളുടെ കടം മേടിച്ച് കെയർ വിസയിൽ യുകെയിൽ എത്തുന്ന നേഴ്സുമാർ അതുകൊണ്ടു തന്നെ ഏജൻസികൾക്കും കെയർ ഹോമുകൾക്കും എതിരെ ശബ്ദിക്കില്ലന്നതാണ് ഈ കൂട്ടർക്ക് വളം ചെയ്യുന്നത്.

എന്നാൽ താൻ നേരിട്ട അനീതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ടെങ്കിലും എംപ്ലോയ്മെൻറ് ട്രൈബ്യൂണലിൽ പരാതി നൽകി അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ കിരൺകുമാർ റാത്തോഡ് . ഇയാൾക്ക് നൽകേണ്ട ബാക്കി വേതനം നൽകാനാണ് കോടതി ഉത്തരവായിരിക്കുന്നത്. ഈ വിധി മലയാളികൾ ഉൾപ്പെടെയുള്ള കെയർ വിസയിൽ എത്തി ചൂഷണം നേരിടുന്നവർക്ക് അനീതിക്കെതിരെ ശബ്ദമുയർത്താൻ തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെയിലെ കെയർ വിസയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ ചൂഷണം നടത്തുന്നതായുള്ള സംഭവങ്ങൾ വളരെ നാളുകളായി മാധ്യമങ്ങളിൽ വാർത്തയായി കൊണ്ടിരിക്കുകയാണ് . ഏജൻ്റുമാർ ഒരുക്കിയ ചതി കുഴിയിൽ പെട്ട് യുകെയിലെത്തി ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്ന നിരാലംബരായ മലയാളികളുടെ ജീവിതകഥ ബിബിസിയും ഗാർഡിയൻ ദിനപത്രവും പുറത്തുകൊണ്ടുവന്നിരുന്നു..

ഇത്തരം കേസുകളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ യുകെയിലെ പോലീസിനും പരിമിതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കാരണം പണം തട്ടുന്ന കുറ്റവാളികൾ ഇന്ത്യയിലായിരിക്കും . തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസ് പല കെയർ ഏജൻസികളുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു . ഇത്തരം സാഹചര്യങ്ങളിലും അവിടെ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്. അടുത്തയിടെ ഇങ്ങനെ ലൈസൻസ് ക്യാൻസൽ ചെയ്ത സംഭവത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനും അല്ലെങ്കിൽ രാജ്യം വിടാനുമാണ് ഹോം ഓഫീസ് നിർദ്ദേശിച്ചതെന്ന് മലയാളം യുകെ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയുമായി ചെന്ന പലരോടും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ പറഞ്ഞതായി ചതിയിൽപ്പെട്ട ഒരു മലയാളി കെയർ വർക്കർ വെളിപ്പെടുത്തി.

ഉണ്ടെങ്കിൽ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഹോം ഓഫീസ് നൽകിയത് മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. കെയർ വിസ തട്ടിപ്പുകളെ കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വരെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കെയർ വിസയിലും വിദ്യാർത്ഥി വിസയിലും വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കില്ലെന്ന യുകെയുടെ പുതിയ കുടിയേറ്റ നയം രൂപീകരിക്കുന്നതിൽ പ്രധാനകാരണം ഈ മേഖലകളിൽ ഉയർന്നുവന്ന നിരവധി പരാതികൾ ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ബിബിസിയിൽ കെയർ വിസ തട്ടിപ്പിനെ കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്തകൾ വന്നിരുന്നു . ബിബിസി പ്രസിദ്ധീകരിച്ച വാർത്തയിലെ തട്ടിപ്പുകാരും തട്ടിപ്പിനിരയായവരും മലയാളികളാണ്. ബിജിഎം കൺസൾട്ടൻസി എന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ് ഏജൻസി വിസക്കായി 6000 പൗണ്ടിനും 10000 പൗണ്ടിനും ഇടയിലുള്ള പണമാണ് വിസകൾക്കായി അനധികൃതമായി കൈപ്പറ്റിയതെന്ന ബിബിസി വാർത്ത ഈ മേഖലയിൽ വൻ നിയന്ത്രണങ്ങളും നടപടികളും എടുക്കാൻ ഹോം ഓഫീസിനെ പ്രേരിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. യുകെ ഗവൺമെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തേക്ക് കെയർ വിസയ്ക്കായി ചിലവാകുന്നത് 551 പൗണ്ട് മാത്രമാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇപ്സ് വി ച്ചിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി ഡോക്ടർ രാമസ്വാമി ജയറാം മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. എന്നാൽ ഇപ്പോഴും മരണകാരണത്തെ കുറിച്ച് ദുരൂഹത തുടരുകയാണ്. മരിച്ചു എന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ പോലീസ് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . കാതറീൻ ആണ് ഡോക്ടർ ജെയറാമിന്റെ ഭാര്യ. ഇവർക്ക് ഒരു മകളാണ് ഉള്ളത്.

ഇപ്സ് വിച്ചിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്ന 54 വയസ്സുള്ള രാമസ്വാമി ജയറാമിനെ ജൂൺ 30 ഞായറാഴ്ച മുതൽഎ\ ആണ് കാണാതായത്. അന്നേദിവസം രാവിലെ 5.45 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഡോക്ടറെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല . ചാരനിറത്തിലുള്ള സിട്രോൺ സി1 എന്ന അദ്ദേഹത്തിൻ്റെ കാർ പിന്നീട് ഇപ്‌സ്‌വിച്ചിലെ റാവൻസ്‌വുഡ് ഏരിയയിൽ കണ്ടെത്തിയത് സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കിയിരുന്നു.

ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, എച്ച്എം കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിൽ – പ്രത്യേകിച്ച് ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു . പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മാരണവിവരം പുറത്തുവന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ അനവധി വിദ്യാർത്ഥികൾക്ക് വലിയതോതിൽ കടബാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നു. വിദ്യാഭ്യാസ വായ്പ എടുത്തതാണ് ഇതിന് കാരണം. 1.8 ദശലക്ഷം വിദ്യാർത്ഥികളുടെ കടം 50,000 പൗണ്ടോ അതിലേറെയോ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സ്റ്റുഡൻറ് ലോൺ കൊടുക്കുന്ന കമ്പനികളിൽ നിന്ന് 250,000 പൗണ്ട് വരെ ലോൺ എടുത്ത വിദ്യാർത്ഥികളും നിലവിലുണ്ട്.

61,000ത്തിലധികം വിദ്യാർത്ഥികളുടെ കടം 100,000 പൗണ്ടിന് മുകളിലാണ്. 50 ഓളം പേരുടെ കടം 200,000 പൗണ്ടിന് മുകളിലാണ്. വിദ്യാർത്ഥികൾ എടുത്തിരിക്കുന്ന ലോണും അവയുടെ തിരിച്ചടവും എത്രയാണെന്നതിനെക്കുറിച്ചുള്ള ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ഈ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. ചിലവേറിയതും ദൈർഘ്യമേറിയതുമായ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ പഠനം പൂർത്തിയാകുമ്പോൾ അവരുടെ തിരിച്ചടവ് ബാധ്യത ചിലപ്പോൾ പുറത്തു വന്നിരിക്കുന്ന കണക്കുകളെക്കാൾ വളരെ കൂടുതലാകാനും സാധ്യതയുണ്ട്.


ഉയർന്ന കടബാധ്യത വിദ്യാർത്ഥികളിൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു . പഠനത്തിനുശേഷം തിരിച്ചടവിന് സുഗമമായ രീതിയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ലഭിച്ചില്ലെങ്കിൽ ഈ കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാവും. ഇത്തരം ഉയർന്ന കടബാധ്യത വിദ്യാർത്ഥികൾക്ക് വരുന്നത് അപകടകരമാണെന്ന് സേവ് ദ സ്റ്റുഡൻസ് എന്ന കൂട്ടായ്മയുടെ പ്രതിനിധിയായ ടോം അല്ലിംഗ്ഹാം പറഞ്ഞു. ജോലി ലഭിച്ചു കഴിഞ്ഞ് കടബാധ്യത അടച്ചു തീർക്കാൻ മാത്രമേ ശമ്പളം തികയുള്ളൂ. അതുകൊണ്ട് തന്നെ നിങ്ങൾ എന്താണ് സമ്പാദിക്കുന്നത് എന്ന് വലിയ ഒരു ചോദ്യചിഹ്നമായി അവസാനിക്കുന്നതായി ടോം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് വിദ്യാർഥികളുടെ കടബാധ്യതയുടെ കാര്യത്തിൽ പ്രധാന പാർട്ടികളെല്ലാം മൗനംപാലിക്കുകയാണെന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് ( എൻ യു എസ് ) കുറ്റപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved