ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തിങ്കളാഴ്ച 474 കുടിയേറ്റക്കാർ എത്തിയതോടെ 50271 പേരാണ് അനധികൃത കുടിയേറ്റക്കാരായി എത്തിയതെന്ന് കാണിക്കുന്ന കണക്കുകൾ ഹോം ഓഫീസ് പുറത്തുവിട്ടു. അനധികൃത കുടിയേറ്റം കുറയ്ക്കുക എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ലേബർ പാർട്ടിയും പ്രധാനമന്ത്രി കെയർ സ്റ്റാർമറും പുറത്തുവരുന്ന കണക്കുകളുടെ പേരിൽ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്.

യുകെയിലേക്ക് കടക്കാൻ ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചിരുന്നു. യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ്റെ (ഐഒഎം) കണക്കുകൾ പ്രകാരം ഈ വർഷം ചാനൽ കടക്കാൻ ശ്രമിച്ച് കുറഞ്ഞത് 21 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യ കടത്തുകാരെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ചാനൽ കടന്ന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സർക്കാരിൻറെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഹോം ഓഫീസ് പുറത്തുവിട്ട അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്.

അനധികൃത കുടിയേറ്റ വിഷയത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദമാണ് സർക്കാർ നേരിടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ നടത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനായി ഓൺലൈനിൽ പരസ്യം ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതി ഇതിൻറെ ഭാഗമായാണ് നടപ്പിലാക്കിയത്. അഭയാർത്ഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന യുകെ ഹോട്ടലുകൾക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്. അതേസമയം, ഫ്രഞ്ച് പോലീസുമായി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ 300 ലധികം മനുഷ്യ കടത്തുകാരെ അറസ്റ്റ് ചെയ്തതായി എൻസിഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ മാത്രം ഒരു അഫ്ഗാൻ മനുഷ്യക്കടത്ത് ശൃംഖലയിലെ ആറ് അംഗങ്ങൾക്ക് ഫ്രാൻസിൽ ആകെ 26 വർഷവും 10 മാസവും തടവ് ശിക്ഷയും, ആകെ 150,000 പൗണ്ട് പിഴയും ആണ് ലഭിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർക്കെതിരായ അക്രമങ്ങൾ കൂടി വരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ അക്രമങ്ങൾ ഏകദേശം ഇരട്ടിയായിരിക്കുകയാണ്. 2019-ൽ 2,122 സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ നിന്ന് 2024-ൽ റിപ്പോർട്ട് ചെയ്‌ത സംഭവങ്ങളുടെ എണ്ണം 4,054 ആയി ഉയർന്നു. വിവരാവകാശ അപേക്ഷകളിലൂടെയാണ് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ) കണക്കുകൾ ശേഖരിച്ചത്. പരിചരണത്തിനായി ദീർഘനേരം കാത്തിരിക്കുന്നതിൽ നിരാശരായ രോഗികളാണ് പലപ്പോഴും അക്രമങ്ങൾ നടത്തുന്നതെന്ന് ആർസിഎൻ പറയുന്നു.

നേഴ്‌സുമാരെ മർദ്ദിക്കുകയും തുപ്പുകയും ആസിഡ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തോക്കുകൾ ചൂണ്ടുകയും ചെയ്തതായി വരെ റിപ്പോർട്ടിൽ പറയുന്നു. ചികിത്സയിൽ ഉള്ള കാലതാമസം സാധാരണയായി ശാന്തരായ രോഗികളെ പോലും പ്രകോപിപ്പിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രികളിലെ തിരക്ക്, നീണ്ട കാത്തിരിപ്പ്, നേഴ്‌സുമാരുടെ കുറവ് എന്നിവ സംഘർഷങ്ങൾക്ക് കാരണമാകുന്നതായി ആശുപത്രി അധികൃതർ പറയുന്നു. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആർസിഎൻ ആവശ്യപ്പെട്ടു.

2019 നും 2024 നും ഇടയിൽ എ&ഇയിൽ 12 മണിക്കൂറിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഇരുപത് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. ചില ആശുപത്രികൾ കൂടുതൽ ഗാർഡുകളെ നിയമിക്കുക, ജീവനക്കാർക്ക് സ്റ്റാഫ് വെസ്റ്റുകൾ നൽകുക, കൂടുതൽ സിസിടിവി ക്യാമറകൾ വയ്ക്കുക തുടങ്ങിയ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 14.4% ജീവനക്കാർക്കും രോഗികളിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ശാരീരിക അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് സ്റ്റാഫ് സർവേ കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സർക്കാരിൻറെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ റോഡ് അപകടത്തിൽ നാലിലൊന്നിലും ഉൾപ്പെടുന്നത് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർ ഓടിക്കുന്ന വാഹനങ്ങളാണ്. 17 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷ ഡ്രൈവർമാർ മറ്റേതൊരു പ്രായ വിഭാഗത്തേക്കാളും കൂടുതൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . സ്വന്തം പ്രായത്തിലുള്ള യാത്രക്കാരുള്ളപ്പോൾ യുവ ഡ്രൈവർമാർ റോഡിൽ അപകടസാധ്യതകൾ ഉണ്ടാക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് റോഡ് സുരക്ഷാ ചാരിറ്റി ബ്രേക്ക് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസായ യുവ ഡ്രൈവർമാർ സമപ്രായക്കാരായ യാത്രക്കാരെ കയറ്റരുത് എന്നതു പോലുള്ള നിയമങ്ങൾ അവതരിപ്പിക്കുന്നതിന് സർക്കാരിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു.
എന്നാൽ ഈ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നത് യുവ ഡ്രൈവർമാരോട് അന്യായമായ വിവേചനം കാണിക്കുന്നതായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതു കൊണ്ട് ഇത്തരം നടപടികൾ അവതരിപ്പിക്കാൻ പദ്ധതികൾ ഒന്നും ഇല്ലെന്ന് നീതിന്യായ മന്ത്രി അലക്സ് ഡേവീസ് ജോൺസ് പറഞ്ഞു. സർക്കാർ നടപ്പിലാക്കിയ പുതിയ ഗതാഗത നിയമങ്ങൾ സ്വാഗതം ചെയ്യുമ്പോഴും പുതിയ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ജീവൻ സംരക്ഷിക്കാനുള്ള നടപടികളും ഉൾപ്പെടുത്തണമെന്ന അഭിപ്രായമാണ് ഓട്ടോമൊബൈൽ അസോസിയേറ്റ് (എ എ) രേഖപ്പെടുത്തിയത്. നിലവിൽ ഇത്തരം കർശനമായ നടപടികൾ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും വരുംകാലങ്ങളിൽ ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ കാര്യങ്ങൾ നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്ന് ട്രാൻസ്പോർട്ട് വകുപ്പിന്റെ വക്താവ് പറഞ്ഞു.

നിർബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാൽ 70 വയസ്സ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ഗതാഗത നീയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കാഴ്ചശക്തി കുറവുള്ള ഡ്രൈവർമാർ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ യുകെയുടെ ലൈസൻസിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും മോശം എന്ന് കൊറോണർ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട് ലൻഡിലെ നിയമങ്ങൾക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയിൽസിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആളുകൾക്ക് ലൈസൻസിൽ പോയിന്റുകൾ നൽകുക എന്നിവയും പരിഗണനയിൽ ഉണ്ട് . ഉടൻ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ മാറ്റങ്ങൾ ഉൾപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള പല റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമല്ലെന്ന അഭിപ്രായം സർക്കാർ തലത്തിലുണ്ട്. ഓരോ വർഷവും റോഡ് അപകടങ്ങളിൽ 1600 ലധികം ആളുകൾ മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു. ആയിരക്കണക്കിനാളുകൾക്കാണ് റോഡ് അപകടത്തിൽ പരിക്കേൽക്കുന്നത്. ഇതുമൂലം പ്രതിവർഷം 2 ബില്യണിലധികം പൗണ്ട് ആണ് എൻ എച്ച് എസ് ചിലവഴിക്കുന്നത്. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികളും പിഴകളും ചുമത്തി റോഡ് സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെപ്പി ദ്വീപിലെ ലെയ്‌സ്‌ഡൗൺ-ഓൺ-സീയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി മൂന്ന് കുട്ടികളെ അറസ്റ്റ് ചെയ്തു. 16 വയസ്സുള്ള ഒരു പെൺകുട്ടിയെയും 14 ഉം 15 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെയും ആണ് കെൻ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് എട്ടു മണിക്കാണ് തർക്കത്തെ തുടർന്ന് ഒരാൾ ആക്രമിക്കപ്പെട്ടതായുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് വാർഡൻ ബേ റോഡിലേക്ക് ഉദ്യോഗസ്ഥരെയും എയർ ആംബുലൻസിനെയും വിളിച്ചുവരുത്തിയതായി കെന്റ് പോലീസ് പറഞ്ഞു.

40 വയസ്സുള്ള ആൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു എന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പോലീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. അറസ്റ്റിലായ കുട്ടികൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വക്താവ് പറഞ്ഞു. ദൃക്സാക്ഷികളായവരോ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടനിലെ ഡ്രൈവിംഗ് നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുന്നു. നിർബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാൽ 70 വയസ്സ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നത്.

കാഴ്ചശക്തി കുറവുള്ള ഡ്രൈവർമാർ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ യുകെയുടെ ലൈസൻസിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണർ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട്ലൻഡിലെ നിയമങ്ങൾക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയിൽസിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആളുകൾക്ക് ലൈസൻസിൽ പോയിന്റുകൾ നൽകുക എന്നിവയും പരിഗണനയിൽ ഉണ്ട് . ഉടൻ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ മാറ്റങ്ങൾ ഉൾപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പല റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമല്ലെന്ന അഭിപ്രായം സർക്കാർ തലത്തിലുണ്ട്.

ഓരോ വർഷവും റോഡ് അപകടങ്ങളിൽ 1600 ലധികം ആളുകൾ മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു. ആയിരക്കണക്കിനാളുകൾക്കാണ് റോഡ് അപകടത്തിൽ പരിക്കേൽക്കുന്നത്. ഇതുമൂലം പ്രതിവർഷം 2 ബില്യണിലധികം പൗണ്ട് ആണ് എൻ എച്ച് എസ് ചിലവഴിക്കുന്നത്. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികളും പിഴകളും ചുമത്തി റോഡ് സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള പദ്ധതി പ്രശ്നങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യു കെ മലയാളികൾക്ക് വൻ തിരിച്ചടിയാകും. ഇംഗ്ലണ്ടിലും വെയിൽസിലും 2023 മുതലാണ് ഈ പദ്ധതി പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള വിദേശ കുറ്റവാളികളെ ആയിരുന്നു നാടുകടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യ, ബൾഗേറിയ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർതലത്തിൽ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

ഇത് ഏറ്റവും കൂടുതലായി വിദ്യാർത്ഥി വിസയിൽ എത്തിയ യുകെ മലയാളികളെ പ്രതികൂലമായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ലക്ഷങ്ങൾ ബാങ്ക് ലോൺ എടുത്ത് യുകെയിൽ എത്തി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ചെന്നു പെട്ടാൽ പുതിയ നിയമമനുസരിച്ച് തിരിച്ച് കേരളത്തിലേയ്ക്ക് പോരേണ്ടിവരും. കഴിഞ്ഞദിവസം പാർട്ട് ടൈം ജോലി സ്ഥലത്ത് ഒന്നിച്ച് പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത എറണാകുളം സ്വദേശിയായ യുവാവിനെ ശിക്ഷിച്ച വിവരം മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഇയാൾ ഉൾപ്പെടെ ജയിലിൽ കഴിയുന്ന നിരവധി വിദ്യാർത്ഥികളും അല്ലാത്തവരുമായ യു കെ മലയാളികൾ നാടുകടത്തൽ പട്ടികയിൽ ഉണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ജയിലുകളിൽ തിരക്കേറിയതും വിദേശത്തുനിന്ന് വന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകളുമാണ് കുറ്റവാളികളെ നാടുകടത്തുന്നത് വേഗത്തിലാക്കാനുള്ള തീരുമാനം ലേബർ സർക്കാർ എടുത്തിന് പിന്നിൽ . നിശ്ചിതകാല തടവിന് ശിക്ഷിക്കപ്പെട്ട വിദേശ കുറ്റവാളികളെ ശിക്ഷയ്ക്ക് ശേഷം ഉടൻ നാടു കടത്താനും യുകെയിൽ വീണ്ടും പ്രവേശിക്കുന്നത് വിലക്കാനുമുള്ള നിർദ്ദേശങ്ങൾ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് ഞായറാഴ്ച പ്രഖ്യാപിച്ചു. തീവ്രവാദികൾ, കൊലപാതകികൾ തുടങ്ങിയ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കൂട്ടർ നാടുകടത്തലിന് പരിഗണിക്കുന്നതിന് മുമ്പ് യുകെയിൽ അവരുടെ മുഴുവൻ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉയർന്ന ചെലവുകളും സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള അനിശ്ചിതത്വവും ബ്രിട്ടനിലെ പുതിയ നിയമനങ്ങളുടെ എണ്ണത്തെ ക്രമാതീതമായി കുറച്ചെന്ന റിപ്പോർട്ടുകൾ പുറത്ത്. നിയമനത്തിലെ ഈ ഇടിവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണ്. പുതിയ നിയമനങ്ങളിലെ എണ്ണത്തിലുള്ള കുറവും, മന്ദഗതിയിലുള്ള ശമ്പള വർദ്ധനവും മറ്റും തിങ്കളാഴ്ച പുറത്തിറക്കിയ മൂന്ന് വ്യത്യസ്ത സർവേകൾ ചൂണ്ടി കാണിക്കുന്നു.

ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡെവലപ്‌മെന്റ് (സിഐപിഡി) നടത്തിയ ഒരു സർവേയിൽ, സ്വകാര്യ മേഖലയിലെ തൊഴിലുടമകളിൽ 57% പേർ മാത്രമേ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്താൻ പദ്ധതിയിടുന്നുള്ളൂ എന്ന് കണ്ടെത്തി. മറ്റ് വർദ്ധിച്ച് വന്ന ചിലവുകളോടൊപ്പം ഏപ്രിലിൽ അവതരിപ്പിച്ച ദേശീയ ഇൻഷുറൻസ് സംഭാവനകളിൽ (NIC-കൾ) 25 ബില്യൺ പൗണ്ടിന്റെ വർദ്ധനവ് തൊഴിലുടമകൾ നേരിടുന്നുണ്ട്. ഹോസ്പിറ്റാലിറ്റി, കെയർ മേഖലകളെയും ആണ് പുതിയ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സിഐപിഡി പറയുന്നു.

കെപിഎംജിയും റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് കോൺഫെഡറേഷനും (ആർഇസി) നടത്തിയ ഒരു പ്രത്യേക റിപ്പോർട്ടിൽ ജൂലൈയിൽ സ്ഥിരവും താൽക്കാലികവുമായ ജോലികളിലേയ്ക്കുള്ള യുകെ റിക്രൂട്ട്‌മെന്റിൽ കുത്തനെ ഇടിവ് കാണിച്ചു. ഏപ്രിലിനു ശേഷമുള്ള ജോലി ഒഴിവുകളിൽ ഏറ്റവും വലിയ ഇടിവ് സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായും സർവ്വേയിൽ കാണാം. പത്ത് തൊഴിൽ മേഖലകളിൽ ഒമ്പതിലും സ്ഥിരം ജീവനക്കാരുടെ ആവശ്യം കുറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയിൽ മാത്രമാണ് വളർച്ച കാണിക്കുന്നത്. ഒഴിവുകളിൽ ഏറ്റവും വലിയ ഇടിവ് കണ്ടത് ചില്ലറ വ്യാപാര മേഖലയിലാണ്, അതേസമയം നിർമ്മാണ മേഖലയിലാണ് ഏറ്റവും കുറഞ്ഞ ഇടിവ് കണ്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസുമായുള്ള പുതിയ കരാർ ബുധനാഴ്ച പ്രാബല്യത്തിൽ എത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ മനുഷ്യ കടത്തിനാണ് ശനിയാഴ്ച യുകെ സാക്ഷ്യം വഹിച്ചത്. 7 ബോട്ടുകളിലായി 435 കുടിയേറ്റക്കാരാണ് ഒറ്റയടിക്ക് യുകെയിൽ എത്തിയത്. പിടിയിലായ കുടിയേറ്റക്കാരെ ഡോവറിൽ എത്തിച്ചതായി ഹോം ഓഫീസ് അറിയിച്ചു. ഫ്രാൻസുമായുള്ള പുതിയ “വൺ ഇൻ, വൺ ഔട്ട്” കരാർ ബുധനാഴ്ച പ്രാബല്യത്തിൽ വന്നതിനുശേഷം ഇത് ഏറ്റവും ഉയർന്ന ദൈനംദിന സംഖ്യയാണ്.

യുകെയിൽ ഉടനീളം കുടിയേറ്റത്തിനെതിരെ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയ അതേ ദിവസം തന്നെയാണ് ഈ വാർത്ത പുറത്തുവന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ ബോർഡർ ഫോഴ്‌സും ആർഎൻഎൽഐയും ചേർന്ന് കരയിലെത്തിച്ചു. ഈ വർഷം തുടക്കം മുതൽ ഇതുവരെ ഏകദേശം 25000 അനധികൃത കുടിയേറ്റക്കാർ രാജ്യത്ത് എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. സർക്കാർ വൺ ഇന്‍ വൺ ഔട്ട് പദ്ധതിയിലൂടെ ഡോവറിൽ എത്തുന്ന ചില കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും. ഇതിനു പകരമായി യുകെയിലേയ്ക്ക് വരാൻ നിയമാനുസൃതമായി അവകാശമുള്ള ഫ്രാൻസിൽ നിന്നുള്ള അഭയാർത്ഥികൾ യുകെയിലേയ്ക്ക് വരുകയും ചെയ്യും.

അനധികൃത കുടിയേറ്റ വിഷയത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദമാണ് സർക്കാർ നേരിടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാർ നടത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനായി ഓൺലൈനിൽ പരസ്യം ചെയ്യുന്നവർക്ക് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിലുള്ള നിയമ ഭേദഗതി ഇതിൻറെ ഭാഗമായാണ് നടപ്പിലാക്കിയത്. അഭയാർത്ഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന യുകെ ഹോട്ടലുകൾക്ക് പുറത്ത് നിരവധി പ്രതിഷേധങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്. അതേസമയം, ഫ്രഞ്ച് പോലീസുമായി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ 300 ലധികം മനുഷ്യ കടത്തുകാരെ അറസ്റ്റ് ചെയ്തതായി എൻസിഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ മാത്രം ഒരു അഫ്ഗാൻ മനുഷ്യക്കടത്ത് ശൃംഖലയിലെ ആറ് അംഗങ്ങൾക്ക് ഫ്രാൻസിൽ ആകെ 26 വർഷവും 10 മാസവും തടവ് ശിക്ഷയും, ആകെ 150,000 പൗണ്ട് പിഴയും ആണ് ലഭിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് പതിറ്റാണ്ടിലേറെ ബ്രിട്ടീഷ് ടെലിവിഷൻ, ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന നടൻ റേ ബ്രൂക്സ് (86) അന്തരിച്ചു. ചെറിയ രോഗത്തെ തുടർന്നാണ് റേ ബ്രൂക്സ് ലോകത്തോട് വിടപറഞ്ഞത്. ബ്രൈറ്റണിൽ ജനിച്ച ബ്രൂക്സ്, യുകെയിലെ ഏറ്റവും പ്രശസ്തമായ ടെലിവിഷൻ പരിപാടികളിലെ അഭിനയത്തിനും വ്യത്യസ്തമായ ശബ്ദത്തിനും പ്രശസ്‌തനായിരുന്നു. 1970-കളിലെ കുട്ടികളുടെ പ്രിയപ്പെട്ട ഷോയായ ‘മിസ്റ്റർ ബെന്നിന്റെ’ കഥ പറഞ്ഞതിലൂടെയാണ് അദ്ദേഹത്തെ ലോകം അറിഞ്ഞ് തുടങ്ങിയത് എന്ന് അദ്ദേഹത്തിൻെറ മക്കൾ പറയുന്നു.

1960-കളിൽ ബ്രിട്ടന്റെ ഭവന പ്രതിസന്ധിയെ ഉയർത്തി കാട്ടുന്ന ഒരു ബിബിസി നാടകമായ കെൻ ലോച്ചിന്റെ ‘കാത്തി കം ഹോം’ എന്ന വിപ്ലവകരമായ നാടകത്തിലെ റെഗ് എന്ന കഥാപാത്രത്തിലൂടെ ബ്രൂക്സ് പ്രശസ്തിയിലേക്ക് ഉയർന്നു. ഡേഞ്ചർ മാൻ, ഡിക്സൺ ഓഫ് ഡോക്ക് ഗ്രീൻ, ദി അവഞ്ചേഴ്‌സ്,’റാൻഡാൽ ആൻഡ് ഹോപ്കിർക്ക് (ഡീസഡ്), ഇസഡ് കാർസ് എന്നിവയുൾപ്പെടെ അക്കാലത്തെ ഹിറ്റ് ടിവി ഷോകളിൽ എല്ലാം അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

1980-കളിൽ, ബ്രൂക്സ് രണ്ട് പ്രധാന പ്രൈംടൈം വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതനായി. ബിബിസിയുടെ ‘ബിഗ് ഡീൽ’ എന്ന പരമ്പരയിൽ, ഷാരോൺ ഡ്യൂസിനൊപ്പം റോബി ബോക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട തൊഴിലാളിവർഗ കഥാപാത്രങ്ങളിലൊന്നായി മാറി. പിന്നീട് ഐടിവിയിലെ സിറ്റ്കോം ‘റണ്ണിംഗ് വൈൽഡ്’ എന്ന പരമ്പരയിൽ മാക്സ് വൈൽഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അവസാന നാളുകളിൽ ഡിമെൻഷ്യ ബാധിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കോടതികൾ ശിക്ഷിച്ച ഒട്ടു മിക്ക വിദേശ കുറ്റവാളികളെയും ഉടൻ നാടുകടത്തും. സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം അവരുടെ ജയിൽ ശിക്ഷയുടെ 30% ന് പകരം അവരെ യുകെയിൽ നിന്ന് ഉടൻ നാടുകടത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക വിദേശ തടവുകാരെയും ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച ഉടൻ തന്നെ നാടുകടത്താൻ സർക്കാരിന് അധികാരം നൽകുന്ന നിയമനിർമ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് നിർദ്ദേശിച്ചിരുന്നു.

എന്നിരുന്നാലും അനിശ്ചിതകാല ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികൾ, കൊലപാതകികൾ, മറ്റ് ഗുരുതരമായ കുറ്റവാളികൾ എന്നിവർ നാടുകടത്തലിന് പരിഗണിക്കപ്പെടുന്നതിന് മുമ്പ് യുകെയിൽ തന്നെ അവരുടെ ശിക്ഷ തുടരും എന്നാണ് അറിയാൻ സാധിച്ചത്. ഒരു വിദേശ കുറ്റവാളിയെ നാടുകടത്തുന്നതിനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ഇനി മുതൽ ജയിൽ ഗവർണർമാർക്ക് ഉണ്ടായിരിക്കും. അതായത് കുറ്റവാളി യുകെയുടെ താൽപ്പര്യങ്ങൾക്കോ ദേശീയ സുരക്ഷയ്‌ക്കോ ഗുരുതരമായ ഭീഷണി ഉയർത്തുന്ന ആളാണെങ്കിൽ അവർ ബ്രിട്ടീഷ് ജയിലിൽ തന്നെ തുടരേണ്ടിവരും. നാടുകടത്തപ്പെടുന്ന കുറ്റവാളികൾക്ക് യുകെയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും ഉണ്ടായിരിക്കും.

ജയിലിൽ കഴിയുന്ന വിദേശ കുറ്റവാളികൾക്ക് വേണ്ടി രാജ്യം ചിലവഴിക്കുന്ന പണം കുറയ്ക്കാൻ ഈ നടപടികൾ ഉതകുമെന്നാണ് സർക്കാർ കരുതുന്നത്. മൊത്തം ജയിലിലുള്ളവരുടെ 12 ശതമാനം വിദേശ കുറ്റവാളികളാണ്. ക്രിമിനൽ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്ന യുകെ മലയാളികളെയും പുതിയ നടപടികൾ ബാധിക്കും. നിയമ നിർമ്മാണം സെപ്റ്റംബറിൽ നടന്നാൽ ഇത്തരക്കാരെ ഉടനെ തന്നെ മടക്കി അയക്കാനാണ് സാധ്യത. ജയിലിൽ കുറ്റവാളികളുടെ എണ്ണം കൂടിയതും ഈ നടപടിക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 കെയർ സ്റ്റാർമാർ അധികാരമേറ്റതിനുശേഷം ചില കുറ്റവാളികളെ അവരുടെ ശിക്ഷയുടെ 40 ശതമാനം അനുഭവിച്ചതിനുശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.