ലണ്ടന്‍: കത്തിയെരിഞ്ഞ ഗ്രെന്‍ഫെല്‍ ടവറില്‍ നിന്ന് താഴേക്ക് എറിഞ്ഞ കുഞ്ഞിനെ നാടകീയമായി പിടിച്ച് രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത കള്ളമെന്ന് റിപ്പോര്‍ട്ട്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കള്ളമാണെന്ന് തെളിഞ്ഞത്. അത്തരമൊരു സംഭവം നടക്കാന്‍ യാതൊരു സാധ്യയതയുമില്ലെന്ന് ബിബിസി പറയുന്നു. യുകെയിലും, ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ കുഞ്ഞിനെ നാടകീയമായി രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പോലീസോ ആംബുലന്‍സ് സര്‍വീസോ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം ഇത്ര ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്ന കുഞ്ഞിനെ കൈകളില്‍ താങ്ങി രക്ഷിക്കാനാകുമോ എന്ന സംശയം വിദഗ്ദ്ധരും ഉന്നയിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായെന്ന് കരുതുന്നവര്‍ ഇക്കാര്യം ക്യാമറയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനും തയ്യാറായില്ല. ഈ വാര്‍ത്തയ്ക്ക് ആധാരമായെന്ന് പറയപ്പെടുന്ന സംഭവം ജൂണ്‍ 14ന് രാത്രി 10.08ന് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഒമ്പതോ, പത്തോ നിലയില്‍നിന്ന് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ താഴേക്ക് ഇടുന്നതും താഴെ നിന്ന ഒരാള്‍ കുഞ്ഞിനെ പിടിക്കുന്നത് താന്‍ കണ്ടുവെന്നും സമീറ ലംറാനി എന്ന സ്ത്രീ പറഞ്ഞുവെന്നായിരുന്നു പ്രസ് അസോസിയേഷന്‍ നല്‍കിയ വിവരം.
ഇത് ബിബിസിയുള്‍പ്പെടെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയാകുകയും ചെയ്തു. എന്നാല്‍ ബിബിസി ന്യൂസ്‌നൈറ്റ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഈ സംഭവത്തേക്കുറിച്ച് പറയാന്‍ മടിച്ചു. ടവര്‍ ദുരന്തത്തേക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ മങ്ങിയതാണെന്നും അതേക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. ബ്രോഡ്കാസ്റ്ററും ആര്‍ക്കിടെക്റ്റുമായ ജോര്‍ജ് ക്ലാര്‍ക്ക് എന്നയാളായിരുന്നു കുഞ്ഞിനെ പിടിച്ചെടുക്കുന്നത് കണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞ മറ്റൊരാള്‍. ഇദ്ദേഹവും സംഭവത്തേക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ ആഗ്രഹമില്ലെന്നാണ് വ്യക്തമാക്കിയത്.
ലണ്ടന്‍: മൊണാര്‍ക്കിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ ചെലവായ തുക തിരികെപ്പിടിക്കാന്‍ വിമാനയാത്രാക്കൂലി വര്‍ദ്ധിപ്പിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ് (അബ്ട). ടിക്കറ്റുകള്‍ക്ക് ലെവി ഏര്‍പ്പെടുത്തി നഷ്ടമായ തുക തിരികെപ്പിടിക്കാമെന്നാണ് അബ്ട അവകാശപ്പെടുന്നത്. ടുണീഷ്യ, തുര്‍ക്കി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ തീവ്രവാദമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന ന്യായീകരണവുമായി ഒക്ടോബര്‍ 2ന് പുലര്‍ച്ചെയാണ് തങ്ങള്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചതായി മൊണാര്‍ക്ക് അറിയിച്ചത്.
ഈ തീരുമാനത്തില്‍ 2000 പേര്‍ക്കാണ് ഒറ്റയടിക്ക് ജോലി നഷ്ടമായത്. യാത്രകള്‍ക്കായുള്ള ബുക്കിംഗില്‍ ഉപഭോക്തൃ സംരക്ഷണം എന്ന കാര്യം എത്ര മോശമായാണ് പരിഗണിക്കപ്പെടുന്നതെന്നാണ് മൊണാര്‍ക്കിന്റെ തകര്‍ച്ച കാണിക്കുന്നതെന്ന് അബ്ട ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ടാന്‍സര്‍ പറഞ്ഞു. കമ്പനി ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഒക്ടോബര്‍ 15 വരെ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരെ വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 110,000 യാത്രക്കാരാണ് വിവിധയിടങ്ങളിലായി കുടുങ്ങിയത്.
സമാധാനകാലത്ത് ബ്രിട്ടന്‍ നടത്തിയ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമെന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഇടപെടല്‍ തൃപ്തികരമല്ലെന്നായിരുന്നു അബ്ട വിശേഷിപ്പിച്ചത്. വീണ്ടും ഈ വിധത്തിലൊരു കമ്പനി തകര്‍ന്നാല്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് കീഴ്‌വഴക്കം സൃഷ്ടിക്കുന്ന നടപടിയാണ് ഇതിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അബ്ട വ്യക്തമാക്കി.
ലണ്ടന്‍: എന്‍എച്ച്എസ് ശമ്പള നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതായി സൂചന. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധികഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. പക്ഷേ ശമ്പള നിയന്ത്രണം ഇല്ലാതാക്കിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ലേബര്‍ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഹണ്ട് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ ഈ വിവരം പുറത്തു വിടാത്തതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരെ മൊത്തം ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നാണ് ആരോപണം. അടുത്ത വര്‍ഷം മുതല്‍ ശമ്പള വിഷയത്തില്‍ അയവുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് നേരത്തേ പ്രതികരിച്ചത്. എന്നാല്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്ന് ആദ്യമായി സ്ഥിരീകരിക്കുന്നത് ആരോഗ്യ സെക്രട്ടറിയാണ്. ശമ്പളനിരക്ക് നാണ്യപ്പെരുപ്പത്തിന് അനുസൃതമായിരിക്കുമോ അതോ അതിനു മുകളിലായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ഹണ്ട് തയ്യാറായില്ല.
ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനായി എന്‍എച്ച്എസിന് മുഴുവന്‍ ഫണ്ടും നല്‍കാന്‍ ട്രഷറി തയ്യാറാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് ഹണ്ട് ഒഴിഞ്ഞുമാറിയത്. ഉദ്പാദനഷമത വര്‍ദ്ധിപ്പിക്കണമെന്നാണ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ അത് സമ്മതിക്കാനേ തരമുള്ളുവെന്നും ഹണ്ട് പറഞ്ഞു. പോലീസിന്റെയും ജയില്‍ ജീവനക്കാരുടെയും ശമ്പള നിയന്ത്രണം കഴിഞ്ഞ മാസം നീക്കിയിരുന്നു. എന്നാല്‍ നാണ്യപ്പെരുപ്പത്തേക്കാള്‍ കുറഞ്ഞ നിരക്കിലേ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ അധികം വരുന്ന പണം സ്വയം കണ്ടെത്തണമെന്ന നിര്‍ദേശം ഈ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുകയാണ്.
ടിപ്ടനിലെ ആര്‍എസ്എ അക്കാദമിയില്‍ ശനിയാഴ്ച നടന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് പുതിയ അവകാശികള്‍. കലാമേളയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബിസിഎംസി) ആണ് ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹരായത്. പ്രസിഡന്റ് ജോ ഐപ്പ്, സെക്രട്ടറി സിറോഷ് ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്‍റ് സെക്രട്ടറി റെജി വര്‍ഗീസ്, ട്രഷറര്‍ ഷിജു ജോസ്, ലീന ശ്രീകുമാര്‍, സില്‍വി ജോണ്‍സണ്‍ തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ മികച്ച പരിശീലനത്തിലൂടെ മാറ്റ് തെളിയിച്ച കരുത്തരായ ടീമുമായി ആയിരുന്നു ബിസിഎംസി കലാമേളയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ കറുത്ത കുതിരകളായി എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് ഒപ്പം ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ട ബിസിഎംസി ഇത്തവണ കിരീടം തനിച്ച് സ്വന്തമാക്കും എന്ന ദൃഡനിശ്ചയത്തിലാണ് കലാമേള വേദിയില്‍ എത്തിയത്.
ബിസിഎംസിയിലെ കലാകാരന്മാരും കലാകാരികളും കലാമേളയുടെ വേദികള്‍ നിറഞ്ഞാടിയപ്പോള്‍ ആ പ്രതീക്ഷ തെറ്റിയുമില്ല. മിക്ക മത്സരങ്ങളിലും തന്നെ സമ്മാനിതരായവര്‍ ബിസിഎംസിയുടെ താരങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലം മത്സരങ്ങള്‍ ക്രമാതീതമായി നീണ്ടു പോയപ്പോള്‍ ഫലപ്രഖ്യാപനവും സമ്മാന ദാനവും കുഴഞ്ഞു മറിയുകയായിരുന്നു. ബുക്ക് ചെയ്തിരുന്ന ഹാളില്‍ അനുവദിച്ച സമയം തീര്‍ന്നതിനെ തുടര്‍ന്ന് തിരക്കിട്ടു നടത്തിയ ഫലപ്രഖ്യാപനത്തിലും മറ്റും പിഴവുകള്‍ സംഭവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോയിന്‍റ് നിലയില്‍ രണ്ടാമത് ഉണ്ടായിരുന്ന എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ വിജയികളായും മൂന്നാം സ്ഥാനത്ത് ആയിരുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ രണ്ടാം സ്ഥാനക്കാരായും പ്രഖ്യാപിക്കുകയായിരുന്നു. വ്യക്തിഗത ചാമ്പ്യന്മാര്‍, കലാതിലകം, പ്രതിഭ തുടങ്ങിയ സ്ഥാനങ്ങള്‍ പ്രഖ്യപിക്കാനുമായില്ല.
എന്നാല്‍ മികച്ച വിജയ പ്രതീക്ഷയുമായി കലാമേളയ്ക്ക് എത്തിയ ബിസിഎംസി താരങ്ങള്‍ പ്രതിഷേധവുമായി സമീപിച്ചപ്പോള്‍ ആണ് സംഘാടകര്‍ തെറ്റ് മനസ്സിലാക്കിയത്. എന്നാല്‍ അപ്പോഴേക്കും ലഭിച്ച ട്രോഫികളുമായി മറ്റ് അസോസിയേഷനുകള്‍ വേദി വിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് സംഘാടകര്‍ തെറ്റ് തിരുത്തി യഥാര്‍ത്ഥ വിജയികളെ പ്രഖ്യാപിച്ചത്. അപ്പോഴും ഇക്കാര്യം എല്ലാ മാധ്യമങ്ങളെയും അറിയിക്കാതെ ഒതുക്കത്തില്‍ ആണ് അറിയിച്ചത്. കഴിഞ്ഞ നാഷണല്‍ കലാമേളയിലും ബിസിഎംസി സമാനമായ അവസ്ഥയിലൂടെ കടന്നു പോയിരുന്നു.
വൈകിയാണെങ്കിലും തങ്ങളുടെ അര്‍ഹതയ്ക്ക് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ബിസിഎംസിയിലെ കലാകാരന്മാരും ഭാരവാഹികളും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലിവര്‍പൂളില്‍ നടന്ന വടംവലി മത്സരത്തിലെ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ കലാകായിക രംഗങ്ങളില്‍ യുകെയിലെ ഏറ്റവും മികച്ച മലയാളി അസോസിയേഷന്‍ തങ്ങളാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ബിസിഎംസി ഓരോ ദിവസവും മുന്നേറുന്നത്.
കലാമേളയുടെ ദിവസം പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്ന കലാതിലകം, പ്രതിഭ സ്ഥാനങ്ങളും വ്യക്തിഗത ചാമ്പ്യന്‍മാരെയും ഇന്നലെ പ്രഖ്യാപിച്ചു. എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള താരങ്ങളായ ആഞ്ജലീന ആന്‍ സിബി കലാതിലകമായപ്പോള്‍ ആഷ്‌ലി ജേക്കബ് കലാപ്രതിഭയായി. കിഡ്സ് വിഭാഗത്തില്‍ ആതിര രാമന്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ആഷ്നി ഷിജു, ജൂനിയര്‍ വിഭാഗത്തില്‍ ആഞ്ജലീന ആന്‍ സിബി, സീനിയര്‍ വിഭാഗത്തില്‍ ശ്രീകാന്ത് നമ്പൂതിരി എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍ ആയത്.
ലണ്ടന്‍: ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധി എന്‍എച്ച്എസിന്റെ അന്ത്യം കുറിക്കുമെന്ന് വിദഗദ്ധര്‍. ബ്രിട്ടന്റെ ലോകം പ്രശംസിച്ച ആരോഗ്യ സംരക്ഷണ സംവിധാനം അതിന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മാറ്റിവെക്കുന്ന ഓപ്പറേഷനുകള്‍ വര്‍ദ്ധിച്ചു വരുന്നതും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്. ആശുപത്രികളിലും കെയര്‍ ഹോമുകളിലും കിടക്കകള്‍ ലഭിക്കാനില്ലെന്ന അവസ്ഥയുമുണ്ട്.
ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷത്തോടെ എന്‍എച്ച്എസ് അന്ത്യശ്വാസം വലിക്കുമെന്നാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ജീവനക്കാരുടെ കുറവും രോഗികളുടെ വര്‍ദ്ധനയും എന്‍എച്ച്എസിന് പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന പ്രായമായ രോഗികളില്‍ ശരാശരി എട്ട് പേരെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കാതെ മടങ്ങുന്നുണ്ടെന്ന് കമ്മീഷന്‍ പറയുന്നു.
21-ാം നൂറ്റാണ്ടിന് അനുസൃതമായ എന്‍എച്ച്എസ് രൂപീകരിക്കണമെന്ന ആവശ്യമാണ് കമ്മീഷന്‍ ഉന്നയിക്കുന്നത്. സോഷ്യല്‍ കെയറിലും പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്‍എച്ച്എസ് ഡോക്ടര്‍മാരുടെയും ഡെന്റിസ്റ്റുകളുടെയും ഒഴിവുകള്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 40 ശതമാനം വര്‍ദ്ധിച്ചു. ടോറികള്‍ നടപ്പാക്കിയ ഫണ്ട് വെട്ടിക്കുറയ്ക്കലുകളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ക്യാംപെയിനര്‍മാര്‍ കുറ്റപ്പെടുത്തുന്നത്.
രാജന്‍ പന്തല്ലൂര്‍
ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി ശ്രീ അശോക് കുമാര്‍ ചരിത്രം തിരുത്തിയെഴുതി. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവര്‍ക്ക് ഒരു പ്രചോദനം ആയിത്തീരും അശോക് കു മാറിന്റെ ജീവിതം.
ഈ കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടികയറിയത്. 2014ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നീ ഹാഫ് മരത്തോണുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു
ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ കഴിഞ്ഞ കാലയളവില്‍ ലണ്ടനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ അദ്ദേഹം നല്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം എടുത്തുപറയേണ്ടതാണ്. 26 വര്‍ഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗര്‍ണ്ണമി ആര്‍ട്‌സ് എന്നപേരില്‍ ഒരു നൃത്തവിദ്യാലയവും ക്രോയ്‌ഡോണ്‍ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുണ്ട്.
B.M.E Forum വൈസ് ചെയര്‍മാന്‍. C.V.A ബോര്‍ഡ് മെമ്പര്‍, ക്രോയ്‌ഡോണ്‍ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ എന്നി നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്
ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇനി മുതല്‍ അമേരിക്കന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് കമ്പനിയുടെ ജീവനക്കാരന്‍. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിഞ്ഞശേഷം കാമറൂണ്‍ ചെയ്യുന്ന സ്വകാര്യമേഖലയിലെ ആദ്യ ജോലിയായിരിക്കും ഇത്. ഇലക്ട്രോണിക് ട്രാന്‍സാക്ഷനുകള്‍ ലോകവ്യാപകമായി കൈകാര്യം ചെയ്യുന്ന ഫസ്റ്റ്‌ഡേറ്റ കോര്‍പറേഷന്‍ എന്ന കമ്പനിയിലാണ് കാമറൂണ്‍ പ്രവേശിച്ചത്. മാസത്തില്‍ മൂന്ന് ദിവസം കാമറൂണ്‍ ഈ കമ്പനിയില്‍ ജോലി ചെയ്യും.
ആഗോളതലത്തില്‍ സ്വാധീനമുള്ള വ്യക്തികളില്‍ പ്രമുഖന്‍ എന്നാണ് ഫസ്റ്റ് ഡേറ്റ കാമറൂണിനെ ഇതു സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശേഷിപ്പിച്ചത്. ആഗോളതലത്തില്‍ നിലവിലുള്ളതും പുതിയതുമായ വിപണികളില്‍ കമ്പനിയുടെ പാദമുദ്ര പതിപ്പിക്കാന്‍ കാമറൂണിന്റെ സാന്നിധ്യം തങ്ങള്‍ക്ക് സഹായകരമാകുമെന്നും കമ്പനി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം 11.6 ബില്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കിയ കമ്പനി 6 ദശലക്ഷം മര്‍ച്ചന്റ് ലൊക്കേഷനുകളിലായി സെക്കന്‍ഡില്‍ 2800 ട്രാന്‍സാക്ഷനുകളാണ് നടത്തുന്നത്.
മന്ത്രിമാര്‍ ചുമതല വിട്ടതിനു ശേഷം സ്വീകരിക്കുന്ന പുതിയ ജോലികള്‍ അംഗീകരിക്കുന്ന അഡൈ്വസറി കമ്മിറ്റി ഓണ്‍ ബിസിനസ് അപ്പോയിന്റ്‌മെന്റ്‌സ് കാമറൂണിന്റെ നിയമനത്തിന് അംഗീകാരം നല്‍കി. എംപി സ്ഥാനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രാജിവെച്ചതിനാല്‍ ഇനി സ്വീകരിക്കുന്ന ശമ്പളം എത്രയാണെന്ന് കാമറൂണിന്ന് ഔദ്യോഗികമായി വെളിപ്പെടുത്തേണ്ടതില്ല. അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന കാമറൂണിന്റെ ഓര്‍മക്കുറിപ്പുകള്‍ക്ക് അഡ്വാന്‍സായി 8 ലക്ഷം പൗണ്ട് അദ്ദേഹം വാങ്ങിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ടെക്‌സാസ്: അമേരിക്കന്‍ മലയാളിയുടെ മൂന്ന് വയസുകാരിയായ മകളെ കാണാതായി. ടെക്‌സാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷെറിന്‍ മാത്യൂസ് എന്ന കുട്ടിയെയാണ് കാണാതായത്. പാല് കുടിക്കാത്തതിന് പിതാവ് കുട്ടിയെ പുലര്‍ച്ചെ 3 മണിക്ക് വീടിനു പുറത്തു നിര്‍ത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കുട്ടിയുടെ പിതാവായ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കായുള്ള തെരച്ചില്‍ പോലീസ് തുടരുകയാണ്. ഇതിനായി റിച്ചാര്‍ഡ്‌സന്‍ പോലീസ് ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.
3.15 ഓടെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. വീടിനു വെളിയില്‍ മരത്തിന്റെ ചുവട്ടില്‍ കുട്ടിയെ നിര്‍ത്തുകയായിരുന്നുവെന്നാണ് വെസ്ലി പോലീസിനോട് പറഞ്ഞത്. പാല് കുടിച്ച് തീര്‍ക്കാത്തതിന് ശിക്ഷയായാണ് കുട്ടിയെ ഒറ്റക്ക് നിര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞു. 15 മിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ അപകടപ്പെടുത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഷെറിന്റെ നാല് വയസുള്ള മൂത്ത സഹോദരിയെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്ത് വീട്ടില്‍ നിന്ന് മാറ്റി. കുട്ടികളെ പീഡിപ്പിച്ചതിന് സര്‍വീസ് മുമ്പും ഈ കുടുംബത്തില്‍ എത്തിയിട്ടുണ്ടെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷമാണ് വെസ്ലി ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വളരെ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല.
ലണ്ടന്‍: ജോലിഭാരം വര്‍ദ്ധിക്കുന്നത് ജിപിമാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഹെലന്‍ സ്റ്റോക്ക്‌സ് ലാംപാര്‍ഡ് ആണ് തന്റെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് പറഞ്ഞത്. അമിതമായ ജോലിക്കിടെ രോഗികള്‍ക്ക് തങ്ങള്‍ ഉപദേശിച്ച ചികിത്സ തെറ്റായിപ്പോയോ എന്ന സംശയങ്ങള്‍ ഉയരുന്നത് ഡോക്ടര്‍മാരുടെ ഉറക്കം കെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു.
ഏതെങ്കിലും രോഗലക്ഷണം ശ്രദ്ധിക്കാതെ പോയിട്ടുണ്ടോ എന്നും മരുന്നുകള്‍ ആവശ്യത്തിനാണോ നല്‍കിയതെന്നുമുള്ള ആശങ്കയാണ് ജിപിമാര്‍ നിത്യവും അനുഭവിക്കുന്നത്. ജിപിമാരെപ്പോലെയുള്ള പ്രൊഫഷണലുകള്‍ക്ക് വീട്ടിലേക്ക് പോകുമ്പോള്‍ തങ്ങളുടെ ജോലി ഓഫീസില്‍ ഉപേക്ഷിച്ച് പോകാനാകില്ല. ഇത് 24X7 ഉത്തരവാദിത്തമാണെന്നും അവര്‍ വ്യക്തമാക്കി. 30നും 40നുമിടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഈ ആശങ്കകള്‍ കൂടുതല്‍ അനുഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കഥകളും ഇവര്‍ പറഞ്ഞതായി പ്രൊഫ. ലാംപാര്‍ഡ് പറഞ്ഞു. പുലര്‍ച്ചെ 3 മണിക്കും 4 മണുക്കുമൊക്കെ തങ്ങളുടെ ചികിത്സയില്‍ പിഴവുണ്ടായോ എന്ന ആശങ്കയില്‍ ഞെട്ടിയുണരാറുണ്ടെന്ന് ചിലര്‍ വെളിപ്പെടുത്തി. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമൂലം അപ്പോയിന്റ്‌മെന്റുകള്‍ കൃത്യമായി പാലിക്കാന്‍ ജിപിമാര്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ വ്യക്തമാക്കി.
പൊന്നി തോമസ്
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായിട്ട് ഒരു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനമാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. ഒരു രൂപതയെന്ന സങ്കല്‍പത്തിലേയ്ക്ക് ബ്രിട്ടണിലെ വിശ്വാസികളെയും സഭാ സംവിധാനങ്ങളെയും രൂപപ്പെടുത്തുകയും അതിനായി ആദ്യ കാലങ്ങളില്‍ സ്വയം സമര്‍പ്പിച്ച ഫാ. ജോസഫ് പൊന്നത്തിനെപ്പോലെയുള്ള വൈദികരുടെ സേവനങ്ങളെ നന്ദിപൂര്‍വ്വം അനുസ്മരിച്ചുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ബന്ധപ്പെട്ട ലേഖനത്തിലെ പല വിലയിരുത്തലുകളോടും നിരീക്ഷണങ്ങളോടും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
പ്രസ്തുത ലേഖനത്തില്‍ ചെയ്യാത്ത കാര്യങ്ങളെ പര്‍വ്വതീകരിക്കുകയും ഒരു രൂപതയെന്ന നിലയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടന്ന കാര്യങ്ങളോടും രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങളോടും മുഖം തിരിക്കുകയോ, തമസ്‌കരിക്കുകയോ ചെയ്തതായി കാണാം. ഒരു വര്‍ഷം മാത്രം വളര്‍ച്ചയെത്തിയ രൂപതാ സംവിധാനങ്ങളെ വിലയിരുത്തുക എന്നത് തോക്കില്‍ കയറി വെടിവെയ്ക്കുന്നതിന് തുല്യമാണെന്ന് പറയാതിരിക്കാനാവില്ല. പുതിയ രൂപതയും രൂപതാധ്യക്ഷനും നേരിടുന്ന വെല്ലുവിളികള്‍ നിസാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ലേഖകന്‍ ആ വെല്ലുവിളികള്‍ നേരിട്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരു വര്‍ഷക്കാലം മുന്നോട്ടുപോയതിലെ നേട്ടങ്ങള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടതായിരുന്നു.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം ബ്രിട്ടണിലെ സീറോ മലബാര്‍ വിശ്വാസികള്‍ കണ്ട ഏറ്റവും വലിയ കൂട്ടായ്മയായ വാല്‍സിംഹാം തിരുന്നാളിലെ തന്റെ സന്ദേശത്തില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെന്തിനാണെന്നും എന്താണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രൂപതാധ്യക്ഷനും അഭിഷിക്തനും വിശ്വാസികളോട് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവ പരിപാലനയാലും കൃപയാലും കിട്ടിയ വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെയും രൂപതാധ്യക്ഷന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. ബ്രിട്ടണ്‍ മുഴുവന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഓടിനടന്ന് വിശ്വാസികളെയും സഭാ പ്രവര്‍ത്തനങ്ങളേയും സംവിധാനങ്ങളേയും പരിചയപ്പെടാനും ഉണര്‍ത്തുവാനുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.
വേറിട്ട പ്രവര്‍ത്തന രീതിയുമായി വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവരുന്ന രൂപതാധ്യക്ഷന്റെ ശൈലി പരക്കെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലേഖനത്തില്‍ എടുത്തുപറഞ്ഞ പ്രധാന ആക്ഷേപം ഇടവക രൂപീകരണം വൈകുന്നുവെന്നാണ്. ഇടവകകള്‍ രൂപീകരിക്കപ്പെടണമെങ്കില്‍ വിശ്വാസികളെ സജ്ജമാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സ്രാമ്പിക്കല്‍ പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മറ്റൊരു വസ്തുത സീറോ മലബാര്‍ സഭയിലെ ബ്രിട്ടണിലെ അല്‍മായര്‍ക്ക് ആവശ്യമായ ആത്മീയ സേവനം നല്‍കാനുള്ള വൈദികര്‍ ഇന്നില്ലെന്നുള്ളതാണ്. ഉള്ള വൈദികരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് രൂപതകളുമായി ബന്ധപ്പെട്ട് ധാരാളം ചുമതലകളുണ്ട്. തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം സീറോ മലബാര്‍ സഭയ്ക്ക് നല്‍കാന്‍ സാധിക്കില്ല എന്ന് ചുരുക്കം. ഇതിനു പരിഹാരമായി സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ വൈദികരേയും സന്യസ്ഥരേയും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇത് അത്ര ലളിതമായ ഒരു കാര്യമല്ല. IELTS പാസാകുക തുടങ്ങി പല കടമ്പകളുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ലേഖകന്‍ കാണുന്നില്ല. കാരണം സഭയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നിശബ്ദമായിട്ടും ആരവങ്ങളില്ലാതെയുമായിരിക്കും. സാമൂഹിക ശാക്തീകരണവും ആത്മീയ ഉണര്‍വും ലക്ഷ്യമിട്ട് ലീഡ്‌സില്‍ നടന്ന ചാപ്ലിയന്‍സി ദിനത്തിന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും വലിയ പതിപ്പുകളാണ് അടുത്ത ദിവസങ്ങളില്‍ പ്രസ്റ്റണില്‍ നടക്കുന്ന ബൈബിള്‍ കലോത്സവവും യുകെ എമ്പാടും നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളും. രൂപത രൂപീകൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ യുകെയിലെ സീറോ മലബാര്‍ സഭയ്ക്ക് മൂന്ന് ദൈവവിളികള്‍ കണ്ടെത്താന്‍ സാധിച്ചത് ആത്മീയമായി ഉണ്ടായ ഉണര്‍വിന് തെളിവാണ്.
പഴമക്കാര്‍ പറയാറുണ്ട് ഇരുന്നിട്ടേ കാല് നീട്ടാന്‍ ശ്രമിക്കാവൂ എന്ന്. ആ അര്‍ത്ഥത്തില്‍ സഭയുടെയും രൂപതയുടെയും ബ്രിട്ടണിലെ പ്രയാണം ശരിയായ ദിശയിലാണ്. രൂപത രൂപീകൃതമായ സമയത്ത് വളരെയധികം ആരോപണങ്ങളും വിവാദങ്ങളും പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നപ്പോള്‍ മലയാളം യുകെയില്‍ ജോജി തോമസിനെപ്പോലുള്ളവര്‍ എഴുതിയ ലേഖനം വിശ്വാസികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസത്തെ ലേഖനം വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലാകാതിരുന്നത് നിര്‍ഭാഗ്യകരമായി.
വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന യുകെയിലെ ആത്മീയ മേഖലയില്‍ മറ്റൊരു വെളിച്ചപ്പാടാകാനാണോ ലേഖകന്‍ ശ്രമിച്ചത് എന്നു സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഇടയലേഖനത്തില്‍ അഭിവന്ദ്യ പിതാവ് ‘വിളിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് സഭ”യെന്ന് ചുണ്ടിക്കാട്ടിയിരുന്നു. രക്ഷകരെ ദൗത്യത്തില്‍ പങ്കെടുക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷാകര ദൗത്യത്തില്‍ പങ്കുചേര്‍ന്ന് സഭയെന്ന കൂട്ടായ്മയുമായി മുന്നേറാന്‍ എല്ലാവരും സഭയോടൊപ്പം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ഇന്നിന്റെ ആവശ്യം.