മിഡ്‌ലാന്‍ഡ്‌സ്: വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ മയക്കു മരുന്നിന് അടിമകളായവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ അവ നേരിട്ട് നല്‍കും. ഹെറോയിന്‍ അടിമകളായവര്‍ക്ക് ഡോക്ടര്‍മാര്‍ അവ കുറിച്ചു നല്‍കാനും വൃത്തിയുള്ള സിറിഞ്ചുകള്‍ ഉപയോഗിച്ച് ഡ്രഗ് കണ്‍സംപ്ഷന്‍ മുറികളില്‍ മെഡിക്കല്‍ ജീവനക്കാര്‍ തന്നെ ഇന്‍ജെക്ഷന്‍ നല്‍കാനുമുള്ള പദ്ധതി പ്രദേശത്തെ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണറാണ് അവതരിപ്പിച്ചത്. പ്രാദേശിക മയക്കുമരുന്ന് നയത്തിന്റെ ഭാഗമായാണ് ഇത് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് അടിമകളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതിനേക്കാള്‍ അവരെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഡിസംബറില്‍ ചേര്‍ന്ന റീജിയണല്‍ ഡ്രഗ്‌സ് പോളിസി സമ്മിറ്റില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഈ പരിഷ്‌കാരം.

ഓവര്‍ഡോസ് ട്രീറ്റ്‌മെന്റിനുള്ള നാക്‌സലോണ്‍ പോലീസിന് നല്‍കുകയും നൈറ്റ് ക്ലബുകളില്‍ ഓണ്‍സൈറ്റ് മയക്കുമരുന്ന് പരിശോധനകള്‍ നടത്തുകയുമാണ് മറ്റ് പരിഷ്‌കാരങ്ങള്‍. തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ഡ്രഗ്‌സ് പോളിസിയെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്മീഷണര്‍ ഡേവിഡ് ജാമീസണ്‍ വ്യക്തമാക്കിയത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് ഇവയെന്ന് അദ്ദേഹം പറഞ്ഞു.

2020ല്‍ താന്‍ വിരമിക്കുമ്പോള്‍ ഈ നിര്‍ദേശങ്ങളുടെ ഫലങ്ങള്‍ വ്യക്തമാകുമെന്നും കുറ്റകൃത്യങ്ങളുടെ നിരക്കുകള്‍ കുറയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത്, അസോസിയേഷന്‍ ഓഫ് പോലീസ് ആന്‍ഡ് െൈക്രം കമ്മീഷണേഴ്‌സ് എന്നിവ ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഡ്രഗ് കണ്‍സംപ്ഷന്‍ മുറികള്‍ സ്ഥാപിക്കാനും മയക്കുമരുന്ന് ഉപയോഗത്തിന് നിയമത്തിന്റെ പിന്തുണ നല്‍കാനും പദ്ധതികളൊന്നും ഇല്ലെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്.
മാഗ്നറ്റുകള്‍ കൗമാരക്കാരിലും കുട്ടികള്‍ക്കിടയിലും ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പിയേഴ്‌സിംഗിനു പകരം ഇവ ഉപയോഗിച്ചാല്‍ ശരീരം കുത്തിത്തുളയ്ക്കുകയും വേണ്ട, എന്നാല്‍ കിടിലന്‍ ലുക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇവ സൃഷ്ടിക്കാനിടയുള്ള അപകടങ്ങളേക്കുറിച്ച് കുട്ടികള്‍ ബോധവാന്‍മാരാണോ എന്നതാണ് ചോദ്യം. അപകട രഹിതമെന്ന് കരുതി മൂക്കിനുള്ളിലും കണ്‍പോളകള്‍ക്കുള്ളിലും വായിലുമൊക്കെയാണ് ഇവ ഘടിപ്പിക്കുന്നത്. ഫ്രെഡി വെബ്സ്റ്റര്‍ എന്ന പന്ത്രണ്ടുകാരനുണ്ടായ അനുഭവം ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ്.

ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഡ്രിഫീല്‍ഡ് സ്‌കൂളില്‍ സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിയായ ഫ്രെഡി മാഗ്നറ്റ് ബോളുകള്‍ കവിളില്‍ വെച്ച് നോക്കുന്നതിനിടെ അറിയാതെ വിഴുങ്ങി. വായ്ക്കുള്ളില്‍ വെച്ച മാഗ്നറ്റും കവിളില്‍ സ്ഥാപിച്ചതും ചുണ്ടിനടുത്ത് വെച്ച് തമ്മില്‍ ആകര്‍ഷിച്ച് ചേരുകയും വായിലൂടെ ഉള്ളില്‍ പോകുകയുമായിരുന്നു. പിന്നീട് രണ്ട് മാഗ്നറ്റുകള്‍ കൂടി ഫ്രെഡി വിഴുങ്ങി. ഈ ലോഹ ബോളുകള്‍ പക്ഷേ ഫ്രെഡിയുടെ ചെറുകുടലില്‍ വെച്ച് തുരുമ്പെടുക്കുകയും വലിയൊരു ദ്വാരം സൃഷ്ടിക്കുകയും ചെയ്തു.

കുട്ടിയെ രക്ഷിക്കാന്‍ സര്‍ജന്‍മാര്‍ക്ക് ചെറുകുടലിന്റെ 10 സെന്റീമീറ്റര്‍ നീളം മുറിച്ചു മാറ്റേണ്ടി വന്നു. ഫെബ്രുവരി മൂന്നിന് നടന്ന നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫ്രെഡിയുടെ ജീവന്‍ രക്ഷിക്കാനായത്. ഹള്‍ റോയല്‍ ഇന്‍ഫേമറിയില്‍ എട്ട് ദിവസത്തോളം ചികിത്സയില്‍ കഴിയേണ്ടി വന്നു ഫ്രെഡ്ഡിക്ക്. ഇത്തരം വസ്തുക്കള്‍ കുട്ടികള്‍ക്ക് സൃഷ്ടിക്കാവുന്ന അപകടങ്ങളേക്കുറിച്ച് മറ്റ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഫ്രെഡിയുടെ അമ്മ സാറ. നവംബറിനു ശേഷം ആശുപത്രിയിലെത്തുന്ന സമാനമായ നാലാമത്തെ സംഭവമാണ് ഫ്രെഡിയുടേതെന്നാണ് ആശുപത്രി അറിയിച്ചത്. ഇത്തരം വസ്തുക്കള്‍ വയറ്റിലെത്തുന്നത് അത്യന്തം അപകടകരമാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും സാറ വെളിപ്പെടുത്തി.
ലണ്ടന്‍: ഡീസല്‍ കാറുകളുടെ റോഡ് ടാക്‌സില്‍ വന്‍ വര്‍ദ്ധന വരുത്തിയതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായി പുതുക്കിയ വാഹന നികുതി നിരക്കുകള്‍ പ്രാബല്യത്തിലേക്ക്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ത്രീ ബാന്‍ഡ് ടാക്‌സ് സംവിധാനമാണ് നടപ്പിലാകുന്നത്. ടാക്‌സ് ഫ്രീ ബാന്‍ഡിലേക്ക് പ്രവേശനം ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍. നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. കാറുകളുടെ റോഡ് ടാക്‌സ് 800 പൗണ്ടില്‍ നിന്ന് 1200 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ കാറുകള്‍ വാങ്ങിയവര്‍ക്ക് ആദ്യമായി രണ്ടാം വര്‍ഷ ചാര്‍ജുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതും ഈ പരിഷ്‌കാരത്തിന്റെ പ്രത്യേകതയാണ്.

ആദ്യ വര്‍ഷത്തെ കാര്‍ ടാക്‌സുകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണ്ണയിക്കുക. പരമാവധി 2000 പൗണ്ട് വരെയായിരിക്കും ഈ നിരക്ക്. രണ്ടാം വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 140 പൗണ്ട് മാത്രം റോഡ് ടാക്‌സായി നല്‍കിയാല്‍ മതിയാകും. ഹൈബ്രിഡ്, ബയോ എഥനോള്‍, എല്‍പിജി വാഹനങ്ങള്‍ക്ക് ഇത് 130 പൗണ്ട് മാത്രമായിരിക്കും. സിറോ എമിഷന്‍ വാഹനങ്ങള്‍ക്ക് ഈ തുക നല്‍കേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടാതെ പുതിയ ചില വ്യവസ്ഥകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഡീസല്‍ കാറുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശോധനകളില്‍ യൂറോ 6 മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതില്‍ ടാക്‌സ് ബാന്‍ഡില്‍ ഒരു നില മുകളിലേക്കായിരിക്കും ഇവ കടക്കുക. പുതിയ ഫോര്‍ഡ് ഫോക്കസിന് ആദ്യവര്‍ഷം 20 പൗണ്ട് അധികം നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോര്‍ഷെ കായേന്‍ 500 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഇത് കാറുകള്‍ക്ക് മാത്രമാണ്. വാനുകള്‍ക്കും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും ഈ നിരക്ക് ബാധകമല്ല.

കിലോമീറ്ററിന് 50 ഗ്രാം വരെ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തുവിടുന്ന കാറുകള്‍ പത്ത് പൗണ്ടും 51 മുതല്‍ 71 വരെ ഗ്രാം പുറത്തുവിടുന്നവ 25 പൗണ്ടുമാണ് നല്‍കേണ്ടി വരിക. ഉയര്‍ന്ന നിരക്കായി 2000 പൗണ്ട് വരെ ഈടാക്കും. 40,000 പൗണ്ടില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 310 പൗണ്ട് സര്‍ചാര്‍ജ് അടക്കേണ്ടതായി വരും. വില കുറഞ്ഞ കാര്‍ വാങ്ങി അതില്‍ എക്‌സ്ട്രാകള്‍ ഘടിപ്പിച്ച് മൊത്തം വില 40,000 പൗണ്ടിനു മേലെത്തിയാലും ഈ പ്രീമിയം നല്‍കേണ്ടിവരും. എന്നാല്‍ 40,000പൗണ്ടിനു മേല്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് ഇത് ബാധകമാകില്ല.
ലണ്ടന്‍: പ്ലാനിംഗ് നിയമങ്ങള്‍ ലംഘിച്ച് വീടിന്റെ ഗാരേജ് എക്‌സ്റ്റെന്‍ഷനാക്കി പരിഷ്‌കരിച്ച ദമ്പതികള്‍ക്ക് പിഴയിട്ട് കൗണ്‍സില്‍. ലെസ്റ്റര്‍ഷയറിലെ ഡോക്ടര്‍ ദമ്പതിമാരായ ഡോ.റീത്ത ഹെര്‍സല്ല, ഹമാദി അല്‍മസ്രി എന്നിവര്‍ക്കാണ് ബ്ലാബി ഡിസ്ട്രിക്ട് കൗണ്‍സില്‍ പിഴയിട്ടത്. പിഴയായി 770 പൗണ്ടും കോടതിച്ചെലവിന് 1252 പൗണ്ടും വിക്ടിം സര്‍ച്ചാര്‍ജ് ആയി 77 പൗണ്ടുമാണ് ഇവര്‍ അടക്കേണ്ടി വരിക. ഗാരേജ് പൂര്‍വ്വാവസ്ഥിലാക്കാനും നിര്‍ദേശമുണ്ട്. 2015 ഒക്ടോബറിലാണ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. എന്‍ഡെര്‍ബി, ലെസ്റ്റര്‍യര്‍ എന്നിവിടങ്ങളിലെ രജിസ്ട്രാര്‍മാരും കൗണ്‍സില്‍ അധികൃതരും വീട് സന്ദര്‍ശിച്ചാണ് തെളിവെടുത്തത്.

ഗാരേജ് അനുമതിയില്ലാതെ പുതുക്കിപ്പണിത ദമ്പതികള്‍ അത് മറക്കാനായി ഒരു ഗാരേജ് ഡോര്‍ സ്ഥാപിക്കുകയും പാര്‍ക്കിംഗിന് സ്ഥലമൊഴിച്ചിട്ടുകൊണ്ട് ഫെന്‍സുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്ട്രീറ്റ് പാര്‍ക്കിംഗിനെ തടസപ്പടുത്തിക്കൊണ്ടായിരുന്നു ഇവര്‍ ഫെന്‍സ് സ്ഥാപിച്ചതെന്നും അനധികൃതമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പ്ലാനിംഗ് അതോറിറ്റി വക്താവ് പറഞ്ഞു. ലെസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ദമ്പതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ബി4114 ഡ്യുവല്‍ കാര്യേജ് വേയില്‍ നിന്ന് വീട്ടിലേക്ക് വാഹനം കയറ്റുന്നതിന് സൗകര്യമുണ്ടാക്കിയത് അനധികൃതമായാണെന്നും കോടതി കണ്ടെത്തി.

ഇവയുടെ അടിസ്ഥാനത്തില്‍ 1990ലെ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ആക്ടിന്റെ 171ഡി(1) സെക്ഷന്‍ ലംഘിച്ചെന്ന് കാട്ടി ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. 2007ല്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ക്കിംഗ് സൗകര്യവും ഗാരേജും റോഡില്‍ പാര്‍ക്കിംഗ് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ മാറ്റം വരുത്താതെ നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഡ്രൈവ് വേ നിര്‍മിക്കുന്നതിന് വേറെ അനുമതി എടുക്കണമെന്നും പറഞ്ഞിരുന്നു. ഇവ ചൂണ്ടിക്കാട്ടി 2015ല്‍ കൗണ്‍സില്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും 2016ല്‍ പുതിയ നിര്‍മാണങ്ങള്‍ നിലനിര്‍ത്തണമെന്ന് കാട്ടി പുതിയ അപേക്ഷയുമായി കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ അപേക്ഷ തള്ളിയിരുന്നു.
ലണ്ടന്‍: ലോകത്തെ ഏറ്റവും അസന്തുലിതമായ സ്‌റ്റേറ്റ് പെന്‍ഷന്‍ സംവിധാനം ബ്രിട്ടന്റേതാണെന്ന് റിപ്പോര്‍ട്ട്. ഒട്ടും ഉദാരമല്ലാത്ത വിധത്തിലാണ് യുകെയില്‍ പെന്‍ഷനുകള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഗ്രൂപ്പായ ഒഇസിഡി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പ്രതിവര്‍ഷം ശരാശരി ശമ്പളമായി 26,500 പൗണ്ട് ലഭിക്കുന്നവര്‍ക്ക് അതിന്റെ 29 ശതമാനം സ്റ്റേറ്റ് പെന്‍ഷനായി ലഭിക്കുമെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭാവിയില്‍ 85 വയസെങ്കിലും പ്രായമാകാതെ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹോളണ്ട് തങ്ങളുടെ പൗരന്‍മാര്‍ക്ക് വാര്‍ഷിക ശമ്പളം പൂര്‍ണ്ണമായിത്തന്നെ പെന്‍ഷനായി നല്‍കുമ്പോളാണ് യുകെ ഇത്രയും മോശം സമീപനം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ചിലി, പോളണ്ട്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുകെയെക്കാള്‍ മികച്ച സ്‌റ്റേറ്റ് പെന്‍ഷന്‍ പദ്ധതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രഷറി ഗ്രാന്റുകളുടെ സഹായം ലഭിച്ചില്ലെങ്കില്‍ യുകെ പെന്‍ഷനുകള്‍ കൂടുതല്‍ അസന്തുലിതമാകുമെന്നാണ് സര്‍ക്കാര്‍ ആക്ച്വറിയായ മാര്‍ട്ടിന്‍ ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ഇപ്പോള്‍ 30 വയസിനു താഴെ പ്രായമുള്ളവര്‍ സ്റ്റേറ്റ് പെന്‍ഷനുകള്‍ ലഭിക്കണമെങ്കില്‍ 70 വയസ് വരെ കാത്തിരിക്കണമെന്നാണ് വ്യക്തമാക്കപ്പെടുന്നതെങ്കിലും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് യോഗ്യതാ പ്രായപരിധി അതിനും മുകളില്‍ പോകുമെന്നാണ്. ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികളിലൊന്നാണെങ്കിലും അതിന്റെ മുതിര്‍ന്ന പൗരന്‍മാരെ സാമ്പത്തികമായി സംരക്ഷിക്കുന്നതില്‍ പിന്‍നിരയിലാണെ് യുകെയെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്റര്‍ ബാരോണെസ് ആള്‍ട്ട്മാന്‍ പറയുന്നു. എന്നാല്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ആവിഷ്‌കരിച്ചതിലൂടെ പെന്‍ഷനര്‍മാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ലണ്ടന്‍: പ്രമുഖ ചാരിറ്റിയായ ഓക്‌സ്ഫാമിലെ ലൈംഗികാരോപണങ്ങള്‍ പെരുകുന്നു. ചാരിറ്റിയുടെ യുകെയിലുള്ള ഷോപ്പുകളില്‍ വോളന്റിയര്‍മാരായി ജോലി നോക്കുന്ന കൗമാരക്കാര്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി മുന്‍ സേഫ്ഗാര്‍ഡിംഗ് മേധാവിയായിരുന്ന ഹെലന്‍ ഇവാന്‍സ് വെളിപ്പെടുത്തി. വിദേശരാജ്യങ്ങളിലെ ചില വോളന്റിയര്‍മാര്‍ സഹായം നല്‍കുന്നതിനായി ലൈംഗിക ദുപുയോഗം നടത്തിയെന്നും അവര്‍ പറഞ്ഞു. ചാരിറ്റിയില്‍ തന്റെ മേലധികാരികള്‍ താന്‍ നല്‍കിയ തെളിവുകള്‍ അവഗണിച്ചുവെന്നും തന്റെ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നും ആരോപിച്ച ഇവാന്‍സ് ഇതാണ് താന്‍ ഓക്‌സ്ഫാം വിടാന്‍ കാരണമെന്നും വിശദീകരിച്ചു.

യുകെയിലെ ചാരിറ്റി ഷോപ്പുകളുടെ മാനേജര്‍മാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങള്‍ മറച്ചുവെക്കപ്പെടുകയാണെന്നും ബലാല്‍സംഗമാണ് പലയിടത്തും നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. പത്ത് ശതമാനം ജീവനക്കാരും ലൈംംഗികമായി പീഡിപ്പിക്കപ്പെടുകയോ അതിന് സാക്ഷികളാകുകയോ ചെയ്തിട്ടുണ്ടെന്നും ഇവാന്‍സ് പറഞ്ഞു. ഓക്‌സ്ഫാം ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് പെന്നി ലോറന്‍സ് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവെച്ചതിനു പിന്നാലെയാണ് ഇവാന്‍സ് ഈ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. എയിഡ് മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ബ്രിട്ടനിലെ വോളന്റിയര്‍മാര്‍ ക്രിമിനല്‍ പരിശോധനകള്‍ക്ക് വിധേയരാകാറില്ലെന്നുള്ള ഇവാന്‍സിന്റെ പരാതി മുതിര്‍ന്ന ഓക്‌സ്ഫാം മാനോജര്‍മാരും ചാരിറ്റി കമ്മീഷനും ഹോം ഓഫീസും അവഗണിച്ചതായും പരാതിയുണ്ട്. ഇവാന്‍സിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഓക്‌സ്ഫാം എക്‌സിക്യൂട്ടീവുകള്‍ക്കും യുകെയിലെ ചില മുതിര്‍ന്ന ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ചാരിറ്റി പൊതുധനം ഉപയോഗിക്കുന്ന വിഷയത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

എയിഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞിരുന്നു. പീഡനങ്ങള്‍ വ്യക്തമാണെന്നും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വെളിപ്പെടുത്തലുകളിലുള്ളത് മഞ്ഞുമലയുടെ മേല്‍ഭാഗം മാത്രമാണെന്ന് വ്യക്തമാക്കിയ അവര്‍ ഖേലയില്‍ വലിയ തോതിലുള്ള പീഡനങ്ങളാണ് നടക്കുന്നതെന്നും വ്യക്തമാക്കി.
ലണ്ടന്‍: കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ അവരെ ജിപി സര്‍ജറികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും കാണിക്കുന്നതിന് പകരം ഫാര്‍മസിസ്റ്റുകളെ കാണിക്കാന്‍ നിര്‍ദേശിച്ച് എന്‍എച്ച്എസ്. ചെറിയ അസുഖങ്ങള്‍ക്ക് ലോക്കല്‍ കെമിസ്റ്റുകളെ കാണിച്ച് മരുന്ന് വാങ്ങിയാല്‍ മതിയെന്നും ഇതിലൂടെ നിരവധി പേര്‍ക്ക് വളരെ എളുപ്പത്തില്‍ ചികിത്സ ലഭിക്കുമെന്നും എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം കുറയുമെന്നുമാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ വലിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകാന്‍ ഈ രീതി കാരണമാകുമെന്ന ആശങ്കയറിയിച്ച് പ്രമുഖ ചാരിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.
ഹെല്‍ത്ത് സര്‍വീസിനു മേലുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കുട്ടികളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാകരുതെന്നും ചാരിറ്റികള്‍ അഭിപ്രായപ്പെട്ടു. അനാവശ്യമായി എ ആന്‍ഡ് ഇ യൂണിറ്റുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം സ്വീകരിച്ച് വിദഗ്ദ്ധ ചികിത്സ തേടാതിരുന്ന കൗമാരക്കാരന്‍ പനി ബാധിച്ച് മരിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ട സമയത്ത് തന്നെയാണ് പുതിയ ക്യാംപെയിനുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട് രംഗത്തെത്തിയതെന്നതാണ് വിചിത്രം. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളായ 5 ദശലക്ഷം പേരെ ലക്ഷ്യമിട്ടാണ് പുതിയ ക്യാംപെയിന്‍.

18 ദശലക്ഷം ജിപി അപ്പോയിന്റ്‌മെന്റുകളും 2.1 ദശലക്ഷം എ ആന്‍ഡ് ഇ സന്ദര്‍ശനങ്ങളുമാണ് വീട്ടില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖങ്ങള്‍ക്കു വേണ്ടി നടത്തിയത്. എന്നാല്‍ ചെറിയ അസുഖങ്ങളെന്ന് കരുതുന്ന പലതും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമാകാമെന്നും അവ വളരെ വേഗം തന്നെ കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കാമെന്നും ചാരിറ്റികള്‍ പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് അസുഖം ബാധിച്ചാല്‍ സാധ്യമായ വൈദ്യസഹായം അടിയന്തരമായി ലഭ്യമാക്കുകയാണ് വേണ്ടതെന്ന് യുകെ സെപ്‌സിസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ.റോണ്‍ ഡാനിയേല്‍സ് പറഞ്ഞു.
ലണ്ടന്‍: തെംസ് നദിയില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. ഇന്ന് പൂര്‍ണ്ണമായും വിമാനത്താവളം അടച്ചിടുമെന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 16,000ത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് ഇന്നലെ ബോംബ് കണ്ടെത്തിയത്. ഇതോടെ രാത്രി 10 മണിക്ക് വിമാനത്താവളം അടയ്ക്കുകയും ഇത് നീക്കം ചെയ്യാനായി റോയല്‍ നേവിയുടെ സഹായം തേടുകയുമായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു.

ഇന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ 261 അറൈവലുകളും ഡിപ്പാര്‍ച്ചറുകളും റദ്ദാക്കിയെന്ന് വിമാനത്താവള വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സിറ്റിജെറ്റ് സൗത്തെന്‍ഡിലേക്കും അല്‍ഇറ്റാലിയ സ്റ്റാന്‍സ്‌റ്റെഡിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്. കണ്ടെത്തിയ ബോംബ് സുരരക്ഷിതമായി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ മെറ്റ് പോലീസിനും റോയല്‍ നേവിക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് സിഇഒ റോബര്‍ട്ട് സിന്‍ക്ലെയര്‍ പറഞ്ഞു.

214 മീറ്ററില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് സുരക്ഷിത മേഖല രൂപീകരിച്ചാണ് ബോംബ് നിര്‍വീര്യമാക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് ന്യൂഹാം കൗണ്‍സില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബോംബ് സുരക്ഷിതമായി എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികളും മുന്‍കരുതലുകളുമാണ് സ്വീകരിച്ചിരിക്കുന്നതെന്നും മെറ്റ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടി കടന്നുപോകുന്ന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിനും വൂള്‍വിച്ച് ആഴ്‌സനലിനും ഇടയിലുള്ള റെയില്‍ ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പുതിയ വിജിലന്‍സ് ഡയറക്ടറായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നിലവിലെ വിജിലൻസ് ഡയറക്‌ടറും പൊലീസ് മേധാവിയുമായ ലോക്‌നാഥ് ബെഹ്‌റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയർന്നതിനെ തുടർന്നാണ് അസ്താനയുടെ നിയമനം. ഏറെക്കാലമായി ബെഹ്‌റയ്ക്കായിരുന്നു ചുമതല.
ഡിജിപി റാങ്കിലുള്ള അസ്താന 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലൻസ് ഡയറക്‌ടറാക്കാൻ നേരത്തെ സർക്കാർ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദത്തിൽ തുടരാനാണ് താൽപര്യമെന്ന് അസ്‌താന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ബെഹ്‌റ വിവാദം ഉയർന്നു വന്ന സാഹചര്യത്തിലാണ് അസ്താനയെ നിയമിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ചുമതലയിലാണ് അസ്താന. അതേ സമയം ചുമതല സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെന്ന് എന്‍.സി അസ്താന പറയുന്നു. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും അസ്താന പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയാണ് അസ്താനയെ നിയമിച്ചത്. ബെഹ്‌റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയർന്നതിനെ തുടർന്നാണ് പുതിയ നിയമനം.
ഡിജിപി റാങ്കിലുള്ള അസ്താന 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലൻസ് ഡയറക്‌ടറാക്കാൻ നേരത്തെ സർക്കാർ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദത്തിൽ തുടരാനാണ് താൽപര്യമെന്ന് അസ്‌താന സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ബെഹ്‌റ വിവാദം ഉയർന്നു വന്ന സാഹചര്യത്തിലാണ് അസ്താനയെ നിയമിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ചുമതലയിലാണ് അസ്താന.
ലണ്ടന്‍: യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലേതിനേക്കാള്‍ കൂടുതല്‍ പണം ഇന്ധനത്തിന് ഈടാക്കുന്ന മോട്ടോര്‍വേ സര്‍വീസ് സ്‌റ്റേഷനുകള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. ശരാശരി 1.38 പൗണ്ടാണ് സര്‍വീസ് സ്റ്റേഷനുകളില്‍ പെട്രോളിന് ഈടാക്കുന്ന വില. സൂപ്പര്‍മാര്‍ക്കറ്റുകള്‍ 1.19 പൗണ്ട് ഈടാക്കുന്ന സ്ഥാനത്താണ് ഇത്. സര്‍വീസ് സ്റ്റേഷനുകള്‍ 19 പെന്‍സ് അധികം ഈടാക്കുന്നത് ഒരു ഫാമിലി കാറിന് 76 പൗണ്ടെങ്കിലും അധികച്ചെലവ് ഉണ്ടാക്കുന്നുണ്ട്. ഈ അധിക നിരക്ക് ഞെട്ടിക്കുന്നതും ഭയാനകവുമാണെന്നാണ് ആര്‍എസി ഇന്ധനകാര്യ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞത്.
ഈ വിധത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ പ്രത്യേക കാരണങ്ങളൊന്നും ഇല്ലെതാണ് വിചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഇന്ധനം നിറച്ചതിനു ശേഷമായിരിക്കും കൂടുതല്‍ പണം നല്‍കേണ്ടി വരുന്നതിനേക്കുറിച്ച് ഡ്രൈവര്‍മാര്‍ മനസിലാക്കുക. സ്‌കൂള്‍ അവധികള്‍ വരുന്നതിനാല്‍ സര്‍വീസ് സ്‌റ്റേഷനുകള്‍ പെട്രോളിന് 1.38 പൗണ്ടും ഡീസലിന് 1.40 പൗണ്ടുമാണ് ഈടാക്കുന്നതെന്നും ആര്‍എസി പറയുന്നു. മോട്ടോര്‍വേയിലല്ലാത്ത ഗരാഷുകളില്‍ 1.22 പൗണ്ടും 1.24 പൗണ്ടുമാണ് പെട്രോളിനും ഡീസലിനും ഈടാക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ ഇന്ധനവിലയില്‍ തുടരുന്ന മത്സരമാണ് വിലക്കുറവിന് കാരണമായി വിലയിരുത്തുന്നത്. പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.21 പൗണ്ടുമാണ് സൂപ്പര്‍മാര്‍ക്കറ്റ് ഫോര്‍കോര്‍ട്ടുകള്‍ ഈടാക്കുന്നത്. 2016ലെ വിലയെ അപേക്ഷിച്ച് ഇന്ധനവിലയില്‍ ഇപ്പോള്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മിക്ക വാഹനയുടമകളും ഇപ്പോള്‍ മോട്ടോര്‍വേ സ്‌റ്റേഷനുകളെ ഉപേക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.