കേംബ്രിഡ്ജ്: മനഃപൂര്‍വം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചവര്‍ കുടുങ്ങി. വാഹനത്തിലെ ടെലിമാറ്റിക്‌സ് ബോക്‌സ് രേഖപ്പെടുത്തിയ വിവരങ്ങളില്‍ അപകടം മനപൂര്‍വം വരുത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. കോടതിച്ചെലവായി 70,000 പൗണ്ട് നല്‍കാനും ക്ലെയിമുമായി എത്തിയവര്‍ക്ക് നിര്‍ദേശം നല്‍കി. 2015 ഫെബ്രുവരിയില്‍ ഹ്യുണ്ടായ് കാറും ബിഎംഡബ്ല്യു കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായെന്നും 87.921 പൗണ്ടിന്റെ നഷ്ടമുണ്ടായെന്നുമായിരുന്നു ഹ്യുണ്ടായ് കാര്‍ ഉടമയുടെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലെയിം ചെയ്തത്. ഈ തുകയുടെ ഭൂരിഭാഗവും അപകടത്തിന് ശേഷം മറ്റ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതിന്റെ ചെലവാണ്.
എന്നാല്‍ ഹ്യുണ്ടായ് കാറിന് ഇന്‍ഷുറന്‍സ് നല്‍കിയിരുന്ന ഇന്‍ഷ്വര്‍ദിബോക്‌സ് കമ്പനി കാറില്‍ ഘടിപ്പിച്ചിരുന്ന ടെലിമാറ്റിക്‌സ് ബോക്‌സിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് കൗണ്ടി കോടതിയില്‍ തെളിവായി സമര്‍പ്പിച്ചു. വാഹനങ്ങള്‍ അബദ്ധത്തില്‍ കൂട്ടിമുട്ടിയതല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിവരങ്ങള്‍. കാറില്‍ ഘടിപ്പിക്കുന്ന ബ്ലാക്ക്‌ബോക്‌സിന് സമാനമായ ഈ ഉപകരണം ബ്രേക്കിംഗ് സ്പീഡ്, ആക്‌സിലറേഷന്‍ മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തും. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളേക്കുറിച്ച് വാഹന ഉടമകള്‍ നല്‍കിയ വിവരങ്ങളും ടെലിമാറ്റിക്‌സ് വിവരങ്ങളും തമ്മില്‍ ചേര്‍ച്ചയുണ്ടായിരുന്നില്ല.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വാഹനം മനപൂര്‍വം ഇടിപ്പിച്ചതാണെന്ന് ഹ്യുണ്ടായ് ഓടിച്ചിരുന്ന സ്ത്രീ സമ്മതിച്ചു. വാഹനങ്ങള്‍ തമ്മില്‍ മൂന്ന് തവണ ഇടിച്ചിരുന്നുവെന്ന് ടെലിമാറ്റിക്‌സ് രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ ഇടിയിലുണ്ടായ നാശത്തേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടിയിടികള്‍ വാഹനത്തിന് നല്‍കിയത്. ഇതിനു ശേഷം ക്ലെയിം തുക കൂടുതല്‍ ആവശ്യപ്പെടുന്നതിനായി ചുറ്റിക ഉപയോഗിച്ച് അഞ്ചോ ആറോ തവണ വാഹനത്തില്‍ ഇടിച്ചതായും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു.
വാദങ്ങള്‍ക്കൊടുവില്‍ ബിഎംഡബ്ല്യു ഡ്രൈവറാണ് ഈ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതെന്ന് കോടതി കണ്ടെത്തി. ഹ്യുണ്ടായ് ഡ്രൈവറെ ഇയാള്‍ക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്ന ഹ്യുണ്ടായ് ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി എഴുതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിച്ചെലവായി 70,000 പൗണ്ട് നല്‍കാന്‍ ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. ടെലിമാറ്റിക്‌സ് വിവരങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിം തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാനാകും എന്നതിന് തെളിവാണ് ഈ സംഭവമെന്ന് ഇന്‍ഷ്വര്‍ദിബോക്‌സ് വക്താവ് ഏഡ്രിയന്‍ സ്റ്റീല്‍ പറഞ്ഞു.
മുംബൈ: ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക്. ജിയോ കോയിന്‍ എന്ന പേരില്‍ സ്വന്തമായി വിര്‍ച്വല്‍ കറന്‍സി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി റിലയന്‍സ് 50 പ്രൊഫഷണലുകളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്‌ചെയിന്‍. ഈ രേഖകള്‍ ക്രമത്തിലും ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തിലുമാണ് ഉള്ളത്. ജിയോ കോയിന്‍ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളതെങ്കിലും വിവിധ മേഖലകളില്‍ ഇതിന്റെ ഉപയോഗം സാധ്യമാക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനിക്കായിരിക്കും ജിയോ കോയിന്റെ ചുമതല.
എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ നിര്‍മാണം, വിനിയോഗം മുതലായവ നിയമവിധേയമല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിലാണ് റിലയന്‍സ് ജിയോ വിര്‍ച്വല്‍ കറന്‍സി പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. വിര്‍ച്വല്‍ കറന്‍സി വിനിമയങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം അവ ചെയ്യാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അതിനു ശേഷം 9 പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സര്‍വേ. രാജ്യത്ത് ആറ് ലക്ഷം ക്രിപ്‌റ്റോകറന്‍സി ട്രേഡര്‍മാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ഈ പാനല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.
നിലവില്‍ 1300 വിര്‍ച്വല്‍ കറന്‍സികള്‍ ലോകമൊട്ടാകെ നിലവിലുണ്ട്. ഇന്ത്യയില്‍ 11 എക്‌സ്‌ചേഞ്ചുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ന്യൂസ് ഡെസ്ക്
യുകെയിലെ പ്രശസ്ത ലോ കമ്പനികളിലെ അഭിഭാഷകരുടെ സംഘം ഇൻഡ്യൻ സുപ്രീം കോടതിയിലേയ്ക്ക്. ഇന്ത്യയിലെ ലീഗൽ മാർക്കറ്റിൽ വിദേശ ലോയേഴ്സിന് അവസരം ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമയുദ്ധത്തിന്റെ വാദം അടുത്ത ആഴ്ച ആരംഭിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി നടക്കുന്ന ഈ നിയമ പ്രക്രിയയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നല്കിയിരിക്കുന്ന അപ്പീലിൽ വാദം നടക്കുകയാണ്. 2012 ൽ സുപ്രീം കോടതി ശരിവച്ച കീഴ്ക്കോടതിയുടെ ഫ്ളൈ ഇൻ ഫ്ളൈ ഔട്ട് അനുമതിയ്ക്കും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതും സംബന്ധിച്ചാണ് വാദം തുടരുന്നത്.
ബ്രിട്ടനിൽ നിന്നുള്ള ക്ലൈഡ് ആൻഡ് കോ, ക്ലിഫോർഡ് ചാൻസ്, ലിങ്ക് ലേറ്റേഴ്സ്, നോർട്ടൺ റോസ് ഫുൾബ്രൈറ്റ്, ആഷ് ഹർസ്റ്റ്, എവർഷെഡ്സ് സതർലാൻസ്, ബേർഡ് ആൻഡ് ബേർഡ് എന്നീ നിയമ സ്ഥാപനങ്ങൾ ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കും. എ കെ ബാലാജി ആൻഡ് ഓർസും ബാർ കൗൺസിലും തമ്മിൽ നടക്കുന്ന നിയമയുദ്ധം ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷന് തടസമാണെന്ന് യുകെയിലെ സ്ഥാപനങ്ങൾ കരുതുന്നു. വിദേശ നിയമ സ്ഥാപനങ്ങൾക്ക് അനുമതി നല്കുന്നത് ഈ കേസിൽ തീരുമാനമുണ്ടായതിനുശേഷം മതി എന്നാണ് ബാർ കൗൺസിൽ നിലപാട് എടുത്തിരിക്കുന്നത്.
വിദേശ നിയമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നതിനും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതിനും അനുമതി നല്കാൻ ഇന്ത്യാ ഗവൺമെന്റ് പല തവണ പദ്ധതിയിട്ടിരുന്നു. എ കെ ബാലാജി കേസിൽ മദ്രാസ് ഹൈക്കോടതി വിദേശ അഭിഭാഷകരെ ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേഷൻ കേസുകൾ നടത്തുന്നതിനും ഇന്ത്യൻ അഭിഭാഷകർക്ക് പരിജ്ഞാനമില്ലാത്ത മേഖലകളിൽ നിയമോപദേശം നല്കുന്നതിനുമുള്ള അനുമതി നല്കിയിരുന്നു. ഈ രണ്ടു കാര്യങ്ങളും അഡ്വക്കേറ്റ് ആക്ട് 1961 അനുസരിച്ച് നിയന്ത്രിക്കേണ്ടതാണെന്നാണ് ബാർ കൗൺസിൽ വാദിക്കുന്നത്.
വിദേശ സ്ഥാപനങ്ങളായ വൈറ്റ് ആൻഡ് കേസ്, ആഷ് ഹർസ്റ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ അനുമതി നല്കിയതിനെ തുടർന്നാണ് ദീർഘകാല നിയമ പോരാട്ടം ആരംഭിച്ചത്. വിദേശ നിയമ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഓഫീസ് തുടങ്ങുന്നത് നിയമപരമല്ലെന്ന് 2009 ൽ ബോംബെ കോർട്ട് വിധിച്ചു. എന്നാൽ വിദേശ അഭിഭാഷകർ ഇന്ത്യയിൽ വിദേശ നിയമം ഓഫീസില്ലാതെ പ്രാക്ടീസ് ചെയ്യുന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം നല്കിയിരുന്നില്ല. ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷൻ സംബന്ധമായ നിർണായകമായ വാദമാണ് അടുത്ത ആഴ്ച സുപ്രീം കോർട്ടിൽ നടക്കുക.
സുഗതന്‍ തെക്കേപ്പുര
ഈ വിഷയത്തെ സംബന്ധിച്ച് ഏകദേശം രണ്ടു വര്‍ഷത്തിന് അപ്പുറം ഇവിടുത്തെ മലയാളി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്തരം ഒരു നീക്കം വിജയകരമായി നടന്നാല്‍ അത് ചൂണ്ടിക്കാണിച്ച് സമാനമായ രീതിയില്‍ മറ്റു രാജ്യങ്ങളിലും പിന്നീട് അവയെ എല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി നോര്‍ക്കയുടെ കീഴില്‍ കൂടി യോജിപ്പിച്ചു ഒരു കേന്ദ്രീകൃത സഭ ഏതാണ്ട് ലോക കേരളസഭയെ പോലെ ഉണ്ടാക്കണം എന്നതായിരുന്നു ഇത് സംബന്ധിച്ചു കൃത്യം ഒരു വര്‍ഷം മുന്നേ മലയാളം യുകെയില്‍ വന്ന എന്റെ ലേഖനം. ഇത്രയും ആധികാരികമായി വളരെ എളുപ്പത്തില്‍ ഈ ആശയം സാധ്യമാകും എന്ന് കരുതിയില്ല. കേരള ഡെവലപ്‌മെന്റ് സ്റ്റഡി സെന്ററിലെ ഡോക്ടര്‍ ഹരിലാലാണ് ഇത്തരം ഒരു ആശയം മുന്നോട്ടുവെച്ച് കേരള ഗവണ്‍മെന്റിനെ കൊണ്ട് പ്രായോഗികതലത്തില്‍ എത്തി ച്ചത്. ഹരിലാലുമായി സംസാരിച്ചതില്‍ നിന്ന് മനസിലായത് ഇത്തരം ഒരു സഭയുടെ പൂര്‍ണമായ ഒരു പ്രവൃത്തിപഥം വരും നാളുകളില്‍ മാത്രമേ ജനത്തിന് പ്രേത്യേകിച്ച് പ്രവാസികള്‍ക്ക് ബോദ്ധ്യ മാകുകയുള്ളൂ.
പ്രവാസി ജനതയുടെ നാട്ടിലെ രാഷ്ട്രീയ തീരുമാനങ്ങളിലെ അന്യതാ ബോധം എങ്ങിനെ മറികടക്കാം എന്നതില്‍ പൂര്‍ണമായമായ ഒരു ധാരണ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അത് മുന്നോട്ടു വെക്കാതിരുന്നത് അത്തരം ഒരു ആശയ സാക്ഷാത്കാരത്തിനു തടസമാകും എന്നും ആയതിനാല്‍ അത് നടപ്പിലാക്കാന്‍ പറ്റിയ യുക്മയിലൂടെ പുറത്തു വരട്ടെ എന്ന് കരുതിയാണ്. അതിനായി യുക്മയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചു എങ്കിലും അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പിന്നീട് ഇതിനു സമാനമായ ഒരു യോഗം അതായതു യുകെയിലെ എല്ലാ മലയാളികളെയും ഉള്‍കൊള്ളുന്ന ഒരു ബോഡി ഔദ്യോഗികമല്ലെങ്കിലും എന്നാല്‍ തികച്ചും യോജിക്കാവുന്നതുമായതു നടന്നത് മലയാളി ബിസിനസ് പ്രമുഖന്‍ ശ്രീ യൂസഫലിക്ക് ലണ്ടനിലെ ഇന്ത്യന്‍ ബ്രിട്ടീഷ് ഹൈകമ്മീഷനില്‍ നടന്ന സ്വീകരണത്തിലാണ്. ആ യോഗത്തെ കുറിച്ച് ഞാന്‍ ഫേസ് ബുക്ക് പോസ്റ്റിട്ടത് തന്നെ ബ്രിട്ടീഷ് മലയാളി പാര്‍ലമെന്റിന്റെ ആദ്യ യോഗംഎന്നായിരുന്നു.
ഈ ആശയം ഉടലെടുത്തത് എന്നില്‍ മാത്രമല്ല. ശ്രീ ഹരിലാലിനോട് സംസാരിച്ചതില്‍ നിന്ന് മാനസിലായത് ഇത്തരം സമാനമായ ചിന്ത പലരില്‍ നിന്നും ഉണ്ടായി എന്ന് മാത്രമല്ല കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു വെച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ഒരു യോഗം പോലും നടക്കുകയുണ്ടായി എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് ഇത്തരം ഒരു ജനസഭയെ കുറിച്ച് ചിന്ത ഉണ്ടായത് എന്ന ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത് രാഷ്ട്രീയ ജനാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കാണ്.
SOCIAL CONTRACT THEORY BY Thomas Hobbs
1789ല്‍ അവസാനിച്ച യൂറോപ്പിലെ റെനൈസന്‍സ് കാലഘട്ടത്തിലാണ് ജനാധിപത്യത്തിനും മറ്റു ലിബറല്‍ ചിന്തകളുടെ പുഷ്ടിപ്പെടുത്തലുകള്‍ ഉണ്ടായത്. ആശയങ്ങളുടെ ആധികാരികതയും ചട്ടങ്ങളില്‍ ഊന്നിയ സ്വീകാര്യതയും കാരണത്തിലധിഷ്ഠിതമായ ബുദ്ധിപരവും താത്വികവുമായ അന്വേഷണവുമായിരുന്നു മനുഷ്യന്റെ സാമൂഹ്യ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ച റിനൈസന്‍സിന്റെആധാരം. യൂറോപ്പില്‍ നിലനിന്നിരുന്ന അധികാര ഘടന പേപ്പല്‍ അധികാരത്തോട് കെട്ടുപിണഞ്ഞ രാഷ്ട്രീയ അധികാരം അഥവാ രാജാവിലോ ചക്രവര്‍ത്തിയിലോ ആയിരുന്നു. ഇതാകട്ടെ യുക്തിരഹിതമായ തത്വങ്ങളുടെ അടിസ്ഥാനത്തിലും. ഇത്തരം യുക്തിരഹിത സിദ്ധാന്തം പുതിയ സിദ്ധാന്തങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നു വീണു. അതുവഴി ആധുനിക ജനാധിപത്യ സാമ്പ്രദായങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണമായി. സോഷ്യല്‍ കോണ്‍ട്രാക്ട് തിയറിയാണ് എടുത്തുപറയേണ്ട സൈദ്ധാന്തികത. അതിനാകട്ടെ യൂറോപ്പില്‍ നേതൃത്വം കൊടുത്ത് പ്രധാനമായും ഇമ്മാനുവല്‍ കന്തും റൂസ്സോയും അതിന് മുന്നേ ജോണ്‍ ലോക്ക്, തോമസ് ഹോബ്‌സ് എന്നിവരാണ്.
എങ്ങിനെയാണ് വ്യക്തികള്‍ക്ക് മേലെ ഗവണ്‍മെന്റുകള്‍ അധികാരം പ്രയോഗിക്കുന്നതിന്റെ ആധികാരികത കൈവരിച്ചത് എന്നാണ് SOCIAL CONTRACT THEORY വെളിവാക്കുന്നത്. അതോടൊപ്പം അത് ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ ആ ആധികാരികത നഷ്ടപ്പെടാം അല്ലെങ്കില്‍ വ്യക്തികള്‍ക്ക് ആ വിധേയത്വം പിന്‍വലിക്കാം എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ വസിക്കുന്ന ജനത്തിന്റെ പകുതിയോട് അടുത്ത ജനസംഖ്യ പല കാരണങ്ങളാല്‍ കേരളത്തിന് വെളിയില്‍ താമസിക്കുകയും കേരളത്തിന്റെ സമ്പദ്ഘടനക്ക് വളരെ നിര്‍ണായകമായ പങ്കു വഹിക്കുകയും ചെയുന്ന പ്രവാസിക്ക്, കേരളത്തിലെ രാഷ്ട്രീയ അധികാര നിര്‍ധാരണത്തിന് യാതൊരു പങ്കും ഇല്ലെന്നത് കേരള ഗവണ്‍മെന്റിനെ സംബന്ധിച്ച് ധാര്‍മ്മികമായി അധികാരത്തിന്റെ ആധികാരികതയുടെ പ്രശ്‌നം തന്നെയാണ്.
മേല്‍പ്പറഞ്ഞ സമൂഹ ഉടമ്പടി സിദ്ധാന്തത്തിന് നിരക്കാത്തത് എന്ന് മാത്രമല്ല നൈതികമായും ശരിയല്ല. അത്തരം ഒരു ധാര്‍മ്മിക നൈതിക അഭാവത്തില്‍ നിന്ന് ഉടലെടുത്ത ഒരു പൊതു കുറ്റബോധത്തില്‍ നിന്നാണ് പലേയിടങ്ങളില്‍ ലോക കേരള സഭയുടെ മാതൃകയില്‍ സമാന സ്വഭാവമുള്ള ചിന്താധാരകള്‍ പുറത്തു വന്നതും ആധികാരികമായി കേരള സര്‍ക്കാര്‍ ശ്രീ. ഹരിലാലിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് രൂപം കൊടുത്ത ആശയത്തിനെ പ്രായോഗിക പഥത്തില്‍ എത്തിച്ചതും. ആദ്യസഭയുടെ സംഘാടനത്തില്‍ പല പാകപ്പിഴകള്‍ ഉണ്ടെന്നുള്ളത് അവിതര്‍ക്കിതമാണ്. എങ്കിലും വരുന്ന രണ്ടു വര്‍ഷങ്ങളില്‍ വിദഗ്ധരുടെയും കേരള ഡെവലപ്‌മെന്റ് പഠന കേന്ദ്രത്തിന്റെയും തുടര്‍ന്നുള്ള ഇടപെടലുകള്‍ കുറ്റമറ്റതാക്കും അതോടൊപ്പം പ്രവാസികള്‍ക്കും അവരുടെ സുചിന്തിതമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം
എന്റെ ചില കാഴ്ചപ്പാടുകള്‍ യുകെ മലയാളി പാര്‍ലമെന്റ് എന്ന ആശയം ഞാന്‍ മുന്നോട്ടു വെച്ചപ്പോള്‍ ക്രമപ്പെടുത്തിയ ഘടന പരിഗണിക്കുവാന്‍ നിര്‍ദേശ രൂപത്തില്‍ കേരള സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചത് വായനക്കാര്‍ക്കായി ഇവിടെ പങ്കുവെക്കാം.
നിര്‍ദേശങ്ങള്‍
ലോക കേരളസഭക്ക് അനുരൂപമായ രീതിയില്‍ എല്ലാ രാജ്യത്തിലും കേരള സഭകള്‍ ഉണ്ടാക്കുക. അതാതു രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ കേരള വംശജരുടെ കണക്കെടുപ്പ് നടത്തി അവര്‍ അടങ്ങുന്ന സാങ്കല്‍പ്പിക ലോകസഭാ മണ്ഡലങ്ങള്‍ ഉണ്ടാക്കുക. ഓണ്‍ലൈന്‍ വോട്ടിങ് സമ്പ്രദായത്തിലൂടെ ജന പ്രതിനിധികളെ അതാതു രാജ്യങ്ങളിലെ ചാപ്റ്റര്‍ സഭകളിലേക്കും ലോക കേരള സഭയിലേക്കും തിരഞ്ഞെടുക്കുക, വിദേശ രാജ്യങ്ങളിലെ സഭാ നേതാവിനെ നേരിട്ടോ MLKS(Member of Loka Kerala Sabha)മാരില്‍ നിന്നോ തെരഞ്ഞെടുക്കാം. അതുപോലെ അതാതു രാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖരെ 25% എങ്കിലും നോമിനേറ് ചെയേണ്ടതാണ്.
വനിതകള്‍ക്ക് ഉചിത സംവരണം ഏര്‍പ്പെടുത്തേണ്ടതാണ്. പ്രയോജനങ്ങള്‍ ചാപ്റ്റര്‍ സഭകള്‍ ഏതാണ്ട് ഭൂമിയില്ലാത്ത സര്‍ക്കാര്‍ പോലെയോ ഭരണഘടനയുടെ പരിമിതി അനുവദിക്കുന്ന വരെയുള്ള കേരള സര്‍ക്കാരിന്റെ പ്രതിനിധി യായോ പ്രവര്‍ത്തിക്കാം. കുറ്റകൃത്യങ്ങള്‍ നടത്തി പ്രവാസ രാജ്യത്തിലേക്കോ കേരളത്തിലേക്കോ കടക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഭയുടെ കീഴിലുള്ള പല സബ്ജക്ടുകളിലെ ക്രൈം സബ്ജക്ട് കമ്മിറ്റിക്കു ലോക കേരളസഭയുടെ കീഴില്‍ ഇപ്പോള്‍ മന്ത്രിമാരും ഉദ്യാഗസ്ഥന്‍മാരും ചേര്‍ന്ന് രൂപം കൊള്ളുന്ന ഗ്രുപ്പുമായി ബന്ധപ്പെടാവുന്നതാണ്.
അതാതു രാജ്യങ്ങളിലെ നിയമത്തിന്റെ മുന്നില്‍ വരാതെ ഇപ്പോള്‍ നിര്‍ബാധം നടക്കുന്നഅനേകം തൊഴില്‍, ചിട്ടി, ട്രാവല്‍ തട്ടിപ്പുകള്‍ നടത്തി രക്ഷപ്പെടുന്നവരെ നിയന്ത്രിക്കാവുന്നതാണ്. ചാപ്റ്റര്‍ സഭയുടെ കീഴിലുള്ള തൊഴില്‍ കമ്മിറ്റിക്കു പുതിയ പ്രവാസ തൊഴില്‍ സാദ്ധ്യതകള്‍ പഠനം നടത്തി കേരള സര്‍ക്കാരിനു അറിയിപ്പു കൊടുക്കാം. അങ്ങിനെ കേരളത്തില്‍ വിദ്യാഭ്യാസ പദ്ധതിക്ക് മാറ്റംവരുത്താം. സാങ്കേതിക കമ്മിറ്റിക്കു വളരെ വിശാലമായ സാധ്യതകളുണ്ട്.
റോഡ് നിയമങ്ങള്‍ വളരെ നിസ്സാരമായ സുരക്ഷാ മാനദണ്ഡങ്ങള്‍, പൊതുസ്ഥലങ്ങളിലെ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ (Crowd Control) തുടങ്ങി കാറ്റ്, തിരമാല, വേലിയേറ്റം മുതലായവയില്‍ നിന്ന് ഉണ്ടാക്കാവുന്ന എനര്‍ജി പ്രൊജെക്ടുകള്‍ അതിനുള്ള സാമ്പത്തിക-സാങ്കേതിക-ജ്ഞാന നിക്ഷേപകരെ കണ്ടെത്തുക ഇവയുമായി ബന്ധപ്പെട്ട ചെറിയ പ്രൊജെക്ടുകള്‍ കേരളത്തിന് സമര്‍പ്പിക്കാവുന്നതാണ്.
പ്രവാസി ചിട്ടികള്‍ കേരള ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയുടെ ചാപ്റ്റര്‍ സഭയുടെ കീഴില്‍ വിപുലമാക്കാം. ഇപ്പോഴുള്ള പരിമിതി മറി കടക്കാവുന്നതാണ്. അതാതു രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ മലയാളി സമൂഹം സമാന്തരമായി പലവിധ സാമൂഹിക കടമകള്‍ നിര്‍വഹിച്ചു വര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ ആധികാരികത ഇല്ലാതെ പല വിധത്തിലുള്ള വിഘടിത ഗ്രുപ്പുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ചാപ്റ്റര്‍ സഭകളുടെ നിര്‍മ്മാണം ഈ രീതിക്കു മാറ്റം വരുത്തും എന്ന് മാത്രമല്ല കേരള സര്‍ക്കാരിനെയോ പോലീസുമായോ ബന്ധപ്പെട്ട സേവനങ്ങള്‍ ചാപ്റ്റര്‍ സഭകള്‍ വഴി നേടാനാകും. അതാതു രാജ്യങ്ങളിലെ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ ഒരു വിര്‍ച്വല്‍ സ്‌പേസില്‍ ഓവര്‍ സിയസ് കേരള സര്‍ക്കാരേ പോലെപ്രവര്‍ത്തിക്കാനാകും.
സാമാന്യമായ ചിന്തയില്‍ അതിശയോക്തി നിറഞ്ഞതായി തോന്നുമെങ്കിലും ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും പ്രവാസ ജീവിതം ഒരു സാധാരണയുള്ള ജീവന രീതിയാകുകയും വിവര സങ്കേതിക മേഖല സങ്കല്പിക്കാനാവാത്ത വിധം നമ്മെ അടുപ്പിക്കുകയും ചെയുമ്പോള്‍ ജനാധിപത്യ പ്രയോഗം പുതിയ തലം കണ്ടെത്തുന്ന അവസ്ഥയാണ് ഇത് വെളിവാക്കുന്നത്. ഒരു പക്ഷെ മുന്‍കാല പ്രവാസികളെ അപേക്ഷിച്ചു ഇപ്പോള്‍ ഉള്ളവരുടെ അടക്കാനാവാത്ത രാഷ്ട്രീയ അധികാര വ്യവഹാര മോഹമോ അതില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമോ അതോ ജനാധിപത്യത്തിന്റെ തന്നെ പുതിയ വളര്‍ച്ചയോ ആയിരിക്കാം ഇന്നത്തെ ലോക കേരള സഭയും നാളത്തെ ചാപ്റ്റര്‍ ലോക കേരള സഭകളും.

സുഗതന്‍ തെക്കെപ്പുര
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം നടത്താനിരുന്ന യുകെ സന്ദര്‍ശനം റദ്ദാക്കി. അമേരിക്കന്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ട്രംപ് എത്താനിരുന്നത്. 750 മില്യന്‍ പൗണ്ട് ചെലവഴിച്ചാണ് പുതിയ എംബസി കെട്ടിടം അമേരിക്ക നിര്‍മിച്ചത്. ഈ മാസം ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ട്രംപ് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന സന്ദര്‍ശനം പ്രതിഷേധങ്ങളെ ഭയന്നാണ് പല തവണയായി മാറ്റിവെക്കുന്നതെന്നാണ് കരുതുന്നത്.
സന്ദര്‍ശനത്തിന് പുതിയ തിയതികളൊന്നും നിശ്ചയിച്ചിട്ടില്ല. ഇത് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള പ്രത്യേക ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുമെന്ന് കരുതുന്നു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഔദ്യോഗികമായി നടത്തില്ലെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇപ്രകാരം നടത്തിയാല്‍ ബ്രിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച പോലും നടക്കില്ല. ബ്രിട്ടനില്‍ ഔദ്യോഗികമായി സ്വീകരണം ലഭിക്കില്ലെന്നതില്‍ ട്രംപ് ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.
പുതുവര്‍ഷത്തില്‍ താന്‍ യുകെ സന്ദര്‍ശിക്കുമെന്നായിരുന്നു ഡിസംബറില്‍ തെരേസ മേയെ ട്രംപ് അറിയിച്ചത്. ട്രംപിന് പകരം എംബസിയുടെ ഉദ്ഘാടനം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നിര്‍വഹിക്കുമെന്നാണ് വിവരം. അതേ സമയം അടുത്തിയ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവ റീട്വീറ്റ് ചെയ്തതിനു ശേഷമാണ് ട്രംപിന്റെ മനസ് മാറിയതെന്നും വിവരമുണ്ട്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് യുകെയില്‍ ഉയര്‍ന്നത്.
വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.
അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.
തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.
ഈസ്റ്റ് സസെക്‌സ്: പുള്‍ അപ്പ് ബാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരന്റെ ജീവനെടുത്തത് സിക്‌സ് പാക്ക് നേടാനുള്ള വ്യായാമമെന്ന് കണ്ടെത്തി. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണ്‍ സ്വദേശിയായ ഹാരി റോക്കിന്റെ മരണമാണ് ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ചത്. എക്‌സര്‍സൈസിനിടെ ഡ്രെസ്സിംഗ് ഗൗണ്‍ സാഷ് കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് കൊറോണര്‍ ജെയിംസ് ഹീലി പ്രാറ്റ് വ്യക്തമാക്കി. 2017 മാര്‍ച്ച് 20നാണ് കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഹാരിയുടെ മെഡിക്കല്‍ രേഖകളില്‍ മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി സൂചനയില്ലെന്ന് ജിപി റിപ്പോര്‍ട്ട് നല്‍കി. ഹാരിയുടെ ഫോണിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു സൂചനയും കണ്ടെത്താനായില്ലെന്ന് പോലീസും അറിയിച്ചു. അവന്‍ സന്തുഷ്ടനായ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യാനുള്ള സാധ്യതകള്‍ ഒന്നുംതന്നെയില്ലെന്ന് മാതാവ് അമാന്‍ഡ റോക്ക് പറഞ്ഞു. അതൊരു ഭയാനകമായ അപകടമാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഹോംസ്‌കൂളിംഗ് നടത്തിക്കൊണ്ടിരുന്ന ഹാരി ജിസിഎസ്ഇ പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. മരണ ദിവസം രാവിലെ ഹാരിക്ക് മതപഠന ക്ലാസ് ഉണ്ടായിരുന്നു. അവന് കൗമാരക്കാരുടേതായ ഉത്കണ്ഠകള്‍ ഉണ്ടായിരുന്നുവെന്ന് ട്യൂട്ടറായ റോവാന്‍ ബ്രൗണ്‍ പറഞ്ഞു. അവന്റെ അച്ഛനും രണ്ടാനമ്മയും അവരുടെ കുട്ടികളുമായി നടത്തിയ യാത്രയില്‍ തന്നെ ഒഴിവാക്കിതില്‍ ഹാരിക്ക് വിഷമമുണ്ടായിരുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു.
ബ്രൗണ്‍ വീട്ടില്‍ നിന്ന് പോയി കുറച്ചു സമയത്തിന് ശേഷമാണ് അമാന്‍ഡ ഹാരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിലത്തിറക്കി സിപിആര്‍ നല്‍കിയെങ്കിലും കുട്ടി മരിച്ചു. ഹാരി ഒപ്പിച്ച ഒരു തമാശയായിരിക്കും ഇതെന്നാണ് താന്‍ ആദ്യം കരുതിയത്. അവന്‍ ചിരിക്കുന്നതായാണ് തനിക്ക് തോന്നിയതെങ്കിലും നാവ് പുറത്തേക്ക് തള്ളി നില്‍ക്കുന്നതാണെ പിന്നീടാണ് വ്യക്തമായതെന്നും അമാന്‍ഡ പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ A516 ക്ലയിറ്റൺ റോഡിൽ നടന്ന കാർ അപകടത്തിൽനിന്ന് മലയാളി അത്ഭുതകരമായി രക്ഷപെട്ടു. മാഞ്ചസ്റ്റർ പാസ്പോർട്ട് ഓഫീസിലേക്ക് രാവിലെ പോകും വഴിയാണ് നിർഭാഗ്യകരമായ ഈ അപകടം സംഭവിക്കുന്നത്. അപകടത്തെത്തുടർന്ന് ക്ലയിറ്റൺ റോഡ് ഭാഗീകമായി ഇന്ന് രാവിലെ ഏറെ നേരത്തേക്ക് അടച്ചിരുന്നു. രാവിലെ 9:30 ത്തോടെ ഹോട്ടൽ ഹോളിഡേ ഇൻനിന് സമീപത്തായിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. നെഞ്ചുവേദന അനുഭവപ്പെട്ട മലയാളിയായ റെജിനോൾഡിനെ സ്ഥലത്തെത്തിയ എമർജൻസി വിഭാഗം പ്രാഥമിക ചികിത്സ നൽകി പറഞ്ഞയക്കുകയായിരുന്നു. അതിനു മുന്പായിത്തന്നെ ആ വഴി കടന്നു വന്ന മലയാളി സുഹൃത്തുക്കൾ വേണ്ട എല്ലാ സഹായവും ചെയ്തിരുന്നു. സ്ഥിരമായി ജോലിക്കുപോകുന്ന വഴിയായിരുന്നു മലയാളിയുടെ യാത്ര.
രണ്ടു കാറുകൾ ഉൾപ്പെട്ട അപകടത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ റെജിനോൾഡ് ഓടിച്ചിരുന്ന ടൊയോട്ട ഓറീസ് കാറിന്റെ മുൻവചം പൂർണ്ണമായി തകർന്നു പോയി. ആദ്യ ഇടിയിൽ തന്നെ എയർബാഗുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിയന്ത്രണം വിട്ട കാർ എതിർവശത്തുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആ സമയത്തു എതിർ ദിശയിൽ വണ്ടികൾ ഒന്നും ഇല്ലാതിരുന്നത് അപകടത്തിന്റെ ഭീകരത കുറച്ചു എന്നതിൽ ആശ്വസിക്കാം . ഹോട്ടലിലേക്ക് സിഗ്നൽ ഇടാതെ പെട്ടെന്ന് തിരിഞ്ഞ കാറിനെയാണ് മലയാളിയുടെ കാർ ഇടിച്ചത്.
ആഴ്ചയിൽ ഒരപകടമെങ്കിലും സ്ഥിരമായി നടക്കുന്ന ഈ റോഡിലെ സ്‌പീഡ് ലിമിറ്റിൽ മാറ്റങ്ങൾ ഏർപ്പെടുത്തിയിരുന്നു. A500 റൗണ്ട് എബൌട്ട് മുതൽ ക്ലയിറ്റൺ റൗണ്ട് എബൌട്ട് വരെയുള്ള ഒരു മൈൽ ദൂരം രണ്ടുമാസം മുൻപ് വരെ ത്രീ ലെയിൻ ഡ്യൂവൽ കരിയേജ് വേ സ്‌പീഡ് ലിമിറ്റായിരുന്നു. ആക്സിഡന്റ് ഹോട്ട് സ്പോട്ടാണ് എന്ന തിരിച്ചറിവും സമീപവാസികളുടെ പരാതിയും ഉയർന്നപ്പോൾ 40Mph ലേക്ക് സ്പീഡ് കുറച്ചിരുന്നു. എന്നാൽ ഈ റോഡിൽ നിന്നും ഹോട്ടലിലേക്ക് തിരിയുന്നതിന് പ്രത്യേക റോഡ് സൈൻ ഒന്നും കൊടുത്തിട്ടില്ല എന്നതും കൂടുതൽ ഡ്രൈവേഴ്‌സ് ഇത്തരത്തിൽ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. നമ്മൾ സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ടുകളിലും അതീവ ജാഗ്രത പുലർത്തേണ്ടതാണ് എന്ന സത്യം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം പരിചിത റോഡുകളിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുക. ആർക്കും അപകടങ്ങൾ സംഭവിക്കാതെയിരിക്കട്ടെയെന്നും ആശിക്കാം..
ന്യൂസ് ഡെസ്ക്
സർജറിക്കിടയിൽ രോഗിയുടെ കരളിൽ ആർഗൺ ബീം ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യലുകൾ എഴുതിച്ചേർത്ത സർജന് പിഴയും കമ്യൂണിറ്റി സർവീസും ശിക്ഷ വിധിച്ചു. 2013 ൽ ബിർമ്മിങ്ങാം ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. സർജറി നടത്തിയ സർജൻ സൈമൺ ബ്രാമോൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് കോടതി കണ്ടെത്തി. 10,000 പൗണ്ട് ഫൈനടയ്ക്കുന്നതിന് പുറമേ 12 മാസം കമ്യൂണിറ്റി സർവീസുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രോഗിക്ക് സർജൻ ബ്രാമോൾ ലിവർ ട്രാൻസ്പ്ലാന്റ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ലിവർ തകരാറിലാവുകയും മറ്റൊരു സർജൻ നടത്തിയ പരിശോധനയിൽ സൈമൺ ബ്രമോളിന്റെ ഇനിഷ്യലായ SB ലിവറിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
2014ൽ ബ്രമോൾ ജോലി രാജി വച്ചിരുന്നു. എല്ലാവരുടെയും ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു സൈമണിന്റെത്. രോഗിയുടെ കരളിൽ പേര് ആലേഖനം ചെയ്തത് പദവിയുടെ ദുരുപയോഗമാണെന്നും മെഡിക്കൽ എത്തിക്സിന് എതിരാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സർജറിയിൽ സഹായിച്ച നഴ്സ് ഇക്കാര്യം ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. താൻ അങ്ങനെ ചെയ്യാറുള്ളതാണെന്ന് സൈമൺ നഴ്സിന് മറുപടി നല്കിയെന്നും കോടതിയിൽ വെളിപ്പെടുത്തപ്പെട്ടു. അപൂർവ്വമായ കേസായാണ് കോടതി ഇതിനെ കണക്കാക്കിയത്. സൈമണിന് പ്രാക്ടീസ് തുടരാനാവുമോ എന്ന കാര്യം ജനറൽ മെഡിക്കൽ കൗൺസിൽ തീരുമാനിക്കും.
ന്യൂസ് ഡെസ്ക്
ഇംഗ്ലണ്ടിൽ താമസക്കാരായ എല്ലാവരെയും അവയവദാന രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായുള്ള കൺസൽട്ടേഷൻ പുരോഗമിക്കുന്നു. 2017 ഒക്ടോബറിൽ ആണ് പ്രധാനമന്ത്രി തെരേസ മെയ് പുതിയ നയം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായ 12 ആഴ്ച നീണ്ടു നിൽക്കുന്ന കൺസൽട്ടേഷൻ 2017 ഡിസംബറിൽ ആരംഭിച്ചു. പുതിയ നയമനുസരിച്ച് എല്ലാവരും ഓർഗൻ ഡോണർ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെടും. അവയവദാനത്തിന് താത്പര്യമില്ലാത്തവർക്ക് രജിസ്റ്ററിൽ നിന്ന് പിൻമാറാനുള്ള അവകാശമുണ്ട്. അതിനായി ഓപ്റ്റ് ഔട്ട് ഓപ്ഷൻ ഏവർക്കും വിനിയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിലെ നിയമമനുസരിച്ച് ഒരാൾ സ്വമേധയാ രജിസ്റ്റർ ചെയ്താൽ മാത്രമേ അവരുടെ മരണശേഷം അവയവങ്ങൾ മറ്റൊരാൾക്കായി എടുക്കുവാൻ പറ്റുകയുള്ളൂ. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരിച്ചവ്യക്തിയുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ മാത്രമേ അവയവങ്ങൾ എടുക്കാൻ അധികാരമുള്ളൂ.
പുതിയനിയമം നടപ്പിലായാൽ ഒരു വ്യക്തി അവയവദാന രജിസ്റ്ററിൽ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്തിട്ടില്ലെങ്കിൽ അയാളുടെ മരണശേഷം അവയവങ്ങൾ എടുക്കാൻ NHS ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിന് അധികാരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം അറിയുകയാണ് കൺസൾട്ടേഷന്റെ ഉദ്ദേശ്യം. അവയവദാന നിരക്ക് ത്വരിതപ്പെടുത്തുകയാണ് പുതിയ നയത്തിന്റെ ഉദ്ദേശ്യം. 2016 മുതൽ 2018 വരെ അവയവദാന രജിസ്റ്ററിൽ പേരുള്ള 1169 പേർ മരണമടഞ്ഞു. അക്കാലയളവിൽ 3293 പേരാണ് അവയവം ലഭിക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരുന്നത്. അവയവങ്ങൾ വേണ്ട സമയത്ത് ലഭിക്കാത്തതിനാൽ പല രോഗികളും മരണമടയുന്ന സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നയം നടപ്പിലാക്കുന്നത്.
ആഫ്രിക്കൻ ഏഷ്യൻ വംശജരാണ് ഓർഗൻ ഡൊണേഷനിൽ പുറകിൽ നിൽക്കുന്നത്. 35 ശതമാനം ആൾക്കാർ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് രജിസ്റ്ററിൽ സമ്മതം നല്കിയിട്ടുള്ളൂ. എന്നാൽ 50 ശതമാനത്തിലേറെ വെളുത്തവംശജർ രജിസ്റ്ററിൽ ഉണ്ട്. കഴിഞ്ഞ വർഷം അവയവം ദാനം ചെയ്ത ഏഷ്യൻ ആഫ്രിക്കൻ വംശജർ 6 ശതമാനം മാത്രമാണ്. അതിനാൽ തന്നെ ആഫ്രിക്കൻ ഏഷ്യൻ വംശജർ വെളുത്ത വംശജരെക്കാൾ ആറു മാസത്തിലേറെ ട്രാൻപ്ലാന്റിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.