ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ 1.2 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ചീഫ് കരോളിന്‍ ഫാരിബെയണ്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരോളിന്‍ ഇക്കാര്യം അറിയിച്ചത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് ഉരുത്തിരിയുന്നതെങ്കില്‍ അത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെ വില കുറച്ചു കാണരുതെന്ന് അവര്‍ പറഞ്ഞു. യൂറോപ്പില്‍ 1.2 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകും. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ യുകെയ്ക്ക് മാത്രമല്ല ബാധകമാകുക.

യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇക്കാര്യം കണ്ണു തുറന്ന് കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡോവര്‍ തുറമുഖം തകരുമെന്നാണ് എല്ലാവവരും പറയുന്നത്. എന്നാല്‍ അതേ അവസ്ഥ ഫ്രാന്‍സിലെ കാലേയിലും സംജാതമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയിലെ ഗതാഗതത്തിന്റെ ഏറിയ പങ്കും ഇതു വഴിയാണ് നടക്കുന്നത്. ഡച്ച്, ജര്‍മന്‍ പോര്‍ട്ടുകളിലും സമാനമായ അവസ്ഥയുണ്ടാകും. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും യുകെ ശേഖരിക്കേണ്ടി വരും എന്ന ആശങ്കകള്‍ അവര്‍ തള്ളി. എന്നാല്‍ ഏതു സാഹചര്യങ്ങളെയും നേരിടാന്‍ യുകെയിലെ വ്യവസായങ്ങള്‍ സജ്ജമായിരിക്കണമെന്ന് ഗവണ്‍മെന്റ് നിര്‍ദേശം നല്‍കണമെന്ന് അവര്‍ പറഞ്ഞു.

ചെറുകിട, മീഡിയം വ്യവസായങ്ങള്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഇപ്പോഴും സജ്ജമല്ല. കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഒ രു ദുരന്തമാണ് സംഭവിക്കുകയെങ്കില്‍ അത് ഏകപക്ഷീയമായിരിക്കില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ ഒറ്റപ്പെട്ട വിഷയങ്ങള്‍ വിമര്‍ശിക്കുന്ന ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികളെ വിമര്‍ശിക്കാനും അവര്‍ മറന്നില്ല. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റായിരിക്കും ഉണ്ടാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സിബിഐ ചീഫിന്റെ ഈ മുന്നറിയിപ്പ്.
മൈഗ്രെയിന്‍ തടയുന്നതിന് ഫലപ്രദമായ മരുന്നിന് യൂറോപ്പില്‍ അനുമതി. ആദ്യമായാണ് മൈഗ്രെയിന്‍ തടയാന്‍ കഴിയുന്ന മരുന്ന് വിപണിയിലെത്തുന്നത്. മാസത്തില്‍ ഒരിക്കല്‍ എടുക്കുന്ന ഈ കുത്തിവെയ്പ്പിന് യുകെയില്‍ അനുമതിക്കായി നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ബ്രിട്ടനില്‍ ഏഴിലൊന്നു പേര്‍ മൈഗ്രെയിന് അടിമകളാണെന്നാണ് കണക്ക്. അനുമതി ലഭിച്ചാല്‍ എറെനുമാബ് എന്ന ഈ മരുന്ന് അടുത്ത വര്‍ഷം മുതല്‍ എന്‍എച്ച്എസില്‍ ലഭ്യമാകും. മാസത്തില്‍ നാല് തവണയെങ്കിലും മൈഗ്രെയിന്‍ ഉണ്ടാകുന്നവര്‍ക്ക് ഈ മരുന്ന് നല്‍കാനുള്ള അനുമതിയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ മുതല്‍ രോഗികള്‍ക്ക് ഇത് സ്വന്തമായി വാങ്ങാന്‍ കഴിയുമെന്ന് നിര്‍മാതാക്കളായ നൊവാര്‍ട്ടിസ് അറിയിച്ചു. ഈ പുതിയ മരുന്നിന് കടുത്ത മൈഗ്രെയിന്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്നത് അതിശയകരമാണെന്ന് ദി മൈഗ്രെയിന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് വെന്‍ഡി തോമസ് പറഞ്ഞു. മൈഗ്രെയിന്‍ ഒരു വിഷമം പിടിച്ച അവസ്ഥയാണ്. ഛര്‍ദ്ദിയും കാഴ്ച പ്രശ്‌നങ്ങളുമെല്ലാം ഇതിനോട് അനുബന്ധിച്ച് ഉണ്ടാകാം. ഒട്ടേറെപ്പേരില്‍ കാണപ്പെടുന്ന ഈ രോഗത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.

ബ്രിട്ടനില്‍ 6 ലക്ഷത്തോളം ആളുകള്‍ കടുത്ത മൈഗ്രെയിന്‍ രോഗികളാണ്. മൈഗ്രെയിന്‍ അറ്റാക്കുകളില്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്ന കാല്‍സിറ്റോനിന്‍ ജീന്‍ റിലേറ്റഡ് പെപ്‌റ്റൈഡ് എന്ന സിജിആര്‍പിയുടെ പ്രവര്‍ത്തനം തടയുകയാണ് പുതിയ മരുന്ന് ചെയ്യുന്നത്. എയ്‌മോവിഗ് എന്ന പേരിലും അറിയപ്പെടുന്ന ഈ മരുന്ന് മൈഗ്രെയിന്‍ എന്ന രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പ്രാപ്തമാണെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം.. 2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.. കാരണം ഇത്രയധികം മലയാളികൾ എത്തിച്ചേരുന്ന മറ്റൊരു സ്ഥലം യുകെയിൽ ഉണ്ടോ എന്നതിൽ സംശയമുള്ളത് കൊണ്ട് തന്നെ.. താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക് മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് പിന്നീട് കണ്ടത്.. ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും യൂണിറ്റ് പ്രാർത്ഥനകളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു..
ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ
കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക.. എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനവും ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിച്ചിരുന്നു… പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടന്ന ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണങ്ങളുമായ കുർബാനകൾ , യൂണിറ്റ് കുടുംബ കൂട്ടായ്‌മ, സ്നേഹവിരുന്ന് എന്നിവയിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ് പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്‌നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടി എന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. വളർന്ന് വരുന്ന പുതു തലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുവാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ് എന്ന് കണ്ട് സ്റ്റോക്ക് വിശ്വാസസമൂഹത്തിന് ഒരു അച്ചന്റെ സേവനം വാഗ്‌ദാനം നൽകിയിരുന്നു. അങ്ങനെ ഒരു വൈദികന്റെ പൂർണ്ണമായ സാന്നിധ്യം ആഗ്രഹിക്കുന്ന സ്റ്റോക്ക് മാസ്സ് സെന്ററിന് ( പുതിയ മിഷനിൽ ക്രൂ, സ്‌റ്റാഫോർഡ് എന്നിവ കൂടി ചേരുന്നു) ഇന്നലെ ആഗ്രഹ പൂർത്തീകരണമായിരിക്കുന്നു.
സ്റ്റോക്ക് മാസ്സ് സെന്റർ കാര്യനിർവഹണത്തിനായി നിയമിതനായ ഫാദർ ജോർജ് എട്ടുപറയിൽ ഇന്നലെ മാഞ്ചസ്റ്ററിൽ വന്നിറങ്ങിയപ്പോൾ പൂര്‍ത്തിയാവുന്നത് സ്റ്റോക്ക് മലയാളികളുടെ ആഗ്രഹം മാത്രമല്ല സ്രാമ്പിക്കൽ പിതാവിന്റെ പ്രവർത്തനങ്ങളുടെ ഫല പ്രാപ്തികൂടിയാണ്. റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. മാത്യു പിണക്കാട്ട്, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ക്കൊപ്പം ട്രസ്റ്റിയായ സുദീപിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസികളും ചേര്‍ന്ന് സ്‌നേഹനിർഭരമായ ഒരു വരവേൽപ്പ് നൽകുകയുണ്ടായി മാഞ്ചസ്റ്റർ എയർപോർട്ടിൽ.
സെപ്റ്റംബർ ഒന്ന് മുതൽ സ്റ്റോക്ക് പള്ളിയുടെ ചാപ്ലയിൻ ആയി ചുമതല ഏൽക്കുന്നത്തിന് മുൻപേ ഫാദർ ജോർജ് സ്റ്റോക്ക് മലയാളി സമൂഹവുമായി കണ്ടുമുട്ടും എന്നാണ് അറിയുവാൻ കഴിയുന്നത്… തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ വിശ്വാസികളും ഒരുങ്ങി കാത്തിരിക്കുകയായി.
(ഫാദർ ജെയ്‌സൺ കരിപ്പായിയുടെ യാത്രയപ്പ് സമ്മേളനത്തിൽ സ്രാമ്പിക്കൽ പിതാവിനെയും ഒപ്പം വിശ്വാസ സമൂഹത്തെയും വിസ്മയിപ്പിച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ കൊച്ചു കുട്ടികൾ ആലപിച്ച ഗാനം കാണാം)[ot-video][/ot-video]
ബ്രിട്ടനില്‍ നിന്ന് യൂറോപ്പിലേക്കുള്ള റോഡ് ഗതാഗതത്തിന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ ഫ്രാന്‍സ് തടയിട്ടേക്കുമെന്ന് വിദഗ്ദ്ധര്‍. യുകെയില്‍ നിന്ന് ഫ്രാന്‍സിലേക്ക് എത്തുന്ന ലോറികള്‍ക്കും മറ്റും കാലേയില്‍ കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ തലവന്‍ റിച്ചാര്‍ഡ് ബേര്‍നറ്റ് പറയുന്നു. ഇതു മീലം കെന്റില്‍ കടുത്ത ഗതാഗത പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളില്‍ പരിശോധയുണ്ടാകില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും കസ്റ്റംസ് യൂണിയനില്‍ നിന്ന് പുറത്തു പോയാല്‍ അതിനുള്ള സാധ്യതകളുണ്ട്.

ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റംസ് പരിശോധനകള്‍ കാലേയില്‍ നടത്താനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ വാഹനങ്ങളുടെ നിര നീളുകയും കെന്റ് വരെ അതിന്റെ പ്രതിഫലനമുണ്ടാകുകയും ചെയ്‌തേക്കും. ചൊവ്വാഴ്ച പുറത്തു വന്ന ഒരു ഇംപാക്ട് റിപ്പോര്‍ട്ടില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ എം20 ഒരു 13 മൈല്‍ നീളുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ലോറികളുടെ നീണ്ട നിര 2023 വരെയോ ഒരു ബ്രെക്‌സിറ്റ് പരിഹാര മാര്‍ഗം കണ്ടെത്തുന്നതു വരെയോ തുടര്‍ച്ചയായി കാണാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു..

നോ ഡീല്‍ സാഹചര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ ബ്രോക്ക് എന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിലേക്കുള്ള കടല്‍ ഗതാഗതത്തിലും യൂറോടണലിലൂടെയുള്ള ഗതാഗതത്തിലും ബ്രെക്‌സിറ്റിലെ ധാരണയില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ബേര്‍നറ്റ് പറയുന്നു. ഇപ്പോള്‍ അഭയാര്‍ത്ഥി പ്രശ്‌നം മൂലം അതിര്‍ത്തിയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധിയേക്കാള്‍ വലിയ കാലതാമസമായിരിക്കും നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തിലുണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ആസിഡ് ആക്രമണത്തില്‍ 47കാരിയായ കെയറര്‍ കൊല്ലപ്പെട്ട കേസില്‍ 19കാരന് 17 വര്‍ഷം തടവ്. സെനറല്‍ വെബ്സ്റ്റര്‍ എന്ന 19 കാരനാണ് ശിക്ഷ ലഭിച്ചത്. ജോവാന്‍ റാന്‍ഡ് എന്ന 47 കാരി ആഡിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. ആസിഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യമായാണ് ബ്രിട്ടനില്‍ ശിക്ഷ വിധിക്കുന്നത്. കേസില്‍ വെബ്സ്റ്റര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ റീഡിംഗ് ക്രൗണ്‍ കോര്‍ട്ട് കണ്ടെത്തിയിരുന്നു. വെബ്‌സ്റ്ററിന്റെ പ്രവൃത്തിയാണ് റാന്‍ഡിന്റെ മരണത്തിന് കാരണമായതെന്ന് ജഡ്ജ് ആന്‍ജല മോറിസ് പറഞ്ഞു. വിധി പ്രസ്താവത്തിനു ശേഷം വെബ്സ്റ്റര്‍ ജഡ്ജിയെ അസഭ്യം പറയുകയും ചെയ്തു.

ജോവാന്‍ റാന്‍ഡ് ഹൈവൈക്കോമ്പിലെ ഫ്രോഗ്മൂറിലുള്ള ശ്മശാനത്തില്‍ തന്റെ മകളുടെ കല്ലറ സന്ദര്‍ശിച്ചതിനു ശേഷം ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഇതിനു സമീപം മറ്റൊരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്ന വെബ്സ്റ്റര്‍ ബാഗിലുണ്ടായിരുന്ന ആസിഡ് അയാളുടെ ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ലക്ഷ്യം തെറ്റി റാന്‍ഡിന്റെ ശരീരത്തില്‍ വീഴുകയായിരുന്നു. 2017 ജൂണ്‍ 3നാണ് സംഭവമുണ്ടായത്. ശരീരമാസകലം ആസിഡ് വീണ് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പിന്നീട് ഈ വ്രണങ്ങളില്‍ അണുബാധയുണ്ടായി സെപ്റ്റിസീമിയ ബാധിച്ചാണ് റാന്‍ഡ് മരിച്ചത്. ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് റാന്‍ഡിന്റെ മകള്‍ കാറ്റി പിറ്റ് വെല്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ കൈവശമുണ്ടായിരുന്ന ആസിഡിന് ഒരാളെ ഏതു വിധത്തില്‍ പരിക്കേല്‍പ്പിക്കാനാകുമെന്ന് വെബ്സ്റ്റര്‍ക്ക് അറിയാമായിരുന്നുവെന്ന് പിറ്റ് വെല്‍ അഭിപ്രായപ്പെട്ടു. ഒരാളെ ഉപദ്രവിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ ആസിഡ് പ്രയോഗിച്ചത്. എന്നാല്‍ അതിന് ഇരയായത് നിരപരാധിയായ ഒരു വ്യക്തിയായിരുന്നു. ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ അത് മറ്റുള്ളവരെ കൊലപ്പെടുത്താനോ പരിക്കേല്‍പ്പിക്കാനോ സാധ്യതയുള്ള ഒന്നാണെന്ന കാര്യം ഓര്‍മിക്കണമെന്നും പിറ്റ് വെല്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക്
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനിടയിൽ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.68 അടിയാണ് ചൊവ്വാഴ്ച എട്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. എന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.
ജലനിരപ്പ് 2396 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയില്‍ പെരിയാര്‍ തീരവാസികള്‍ ഒഴിഞ്ഞാല്‍ മതിയാകും. 2013-ല്‍ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. പെരിയാര്‍ തീരദേശവാസികള്‍ക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നല്‍കി. ചെറുതോണി മുതല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കരിമണല്‍ വരെയുള്ള 400 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അടിയന്തരഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതില്‍ പറയുന്നത്.
തിങ്കളാഴ്ച രാത്രി 8.10-നാണ് ഡാം സുരക്ഷാ വിഭാഗം ജലനിരപ്പ് 2395 അടി പിന്നിട്ടതായി കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ ഡാം സേഫ്റ്റി ആന്‍ഡ് ഡ്രിപ് ചീഫ് എന്‍ജിനീയര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രാക്ടീസ് മാത്രമാണെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഇതൊരു അറിയിപ്പ് മാത്രമാണ്. ഈ സമയത്ത് ആശങ്കപ്പെടേണ്ടതില്ല. ആളുകളെ മാറ്റിപാര്‍പ്പിക്കണ്ടതുമില്ല. അത്തരം ഘട്ടത്തില്‍ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നല്‍കും. എന്നിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കും.
അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രം തുറന്നാല്‍ മതിയെന്നാണ് യോഗത്തിലെ തീരുമാനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്.
ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തില്‍. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളില്‍ ചെറുബോട്ടുകളുമായി തീര രക്ഷാസേനയുണ്ടാകും
ജോജി തോമസ്
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയില്‍ ഇന്ന് അന്തര്‍ലീനമായി കിടക്കുന്ന പ്രധാന ഭാവം ഭീതിയാണ്. തൊടിയില്‍ വളരുന്ന പേരയുടെയോ ചാമ്പയുടെയോ ഫലങ്ങള്‍ പോലും ഭക്ഷിക്കുവാന്‍ ഭയപ്പെടുകയാണ് ജനങ്ങള്‍. നിപ്പ വൈറസ് ഭീതി വിതച്ചതിന് ശേഷം വിട്ടുമുറ്റത്തെ പഴവര്‍ഗ്ഗങ്ങള്‍ പലവീടുകളിലും പാഴായി പോവുകയാണ്. മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള നാല് മാസങ്ങള്‍ പനിയുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും താണ്ഡവകാലമാണ്. ഇത്തവണത്തെ കാലവര്‍ഷത്തെ ശക്തമായ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളമിറങ്ങി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പതിവിലും വ്യാപകമാവാനുള്ള സാധ്യതകള്‍ ഏറെയാണ്.

ഭയത്തോടെയാണ് ജനങ്ങള്‍ റോഡുകള്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുമെന്ന ഭയത്താല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ന് തിന്‍ മേശയ്ക്ക് അന്യമാണ്. ഇതിനെല്ലാം പുറമെയാണ് കാലവര്‍ഷം ശകുനമാകുമ്പോഴെല്ലാം മുല്ലപ്പെരിയാര്‍ ഡാം എന്ന ഭീതി മുപ്പതുലക്ഷത്തോളം വരുന്ന മലയാളികളുടെ ഉറക്കം കെടുത്തുന്നത്. അടുത്തകാലത്ത് കേരളത്തെ പിടിച്ചുലച്ച നിപ്പാ വൈറസ് കേരളമൊട്ടാകെയും പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല. നിപ്പാ വൈറസ് വവ്വാലുകളാണ് പരത്തുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പേരയ്ക്കാ, ചാമ്പ തുടങ്ങി തൊടിയിലും മുറ്റത്തും സമൃദ്ധമായിരുന്ന പോഷക സമ്പുഷ്ടമായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ മലയാളികള്‍ക്ക് ഭയമായത്.
മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള മൂന്നുനാലു മാസങ്ങള്‍ മലയാളികള്‍ പനിപ്പേടിയിലാണ് കഴിഞ്ഞുകൂടുന്നത്. ഒരോ വര്‍ഷവും പലരൂപത്തിലും ഭാവത്തിലുമുള്ള പകര്‍ച്ചവ്യാധികള്‍ നമ്മളെ പിടികൂടാറുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും പേര് ആദ്യമായാണ് മലയാളികളില്‍ ഭൂരിഭാഗവും കേള്‍ക്കുന്നത് പോലും. കഴിഞ്ഞ വര്‍ഷം ആയിരങ്ങളാണ് പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും മൂലം ചികിത്സ തേടിയത്. നിരവധിപേര്‍ മരണമടയുകയും ചെയ്തു. എല്ലാ വര്‍ഷവും സംവങ്ങള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ ചാനല്‍ ചര്‍ച്ചയും മന്ത്രിമാരുടെ പ്രസ്താവനകളും മുറയ്ക്ക് നടക്കുമെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാകാതിരിക്കാനുമുള്ള യാതൊരു മുന്‍കരുതലും ഉണ്ടാകുന്നില്ല. ശൂചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരുക്കിയ സൗകര്യങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഒരോ വ്യക്തികളും അവരുടെ വീടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലപരിമിതി മൂലം ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇതിന്റെ അനന്തരഫലമെന്നു പറയുന്നത് പൊതുസ്ഥലങ്ങളിലെ പല ഒഴിഞ്ഞ കോണുകളും മാലിന്യ കൂമ്പാരങ്ങളുണ്ടാവുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്നതാണ്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ അപ്രായോഗിക കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ.

മായം ചേര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇത്രയധികം കഴിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ മനുഷ്യശരീരത്തിന് വളരെയധികം ഹാനികരമായ ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതില്‍ പിന്നെ കടല്‍ മത്സ്യം മലയാളികളുടെ തീന്‍ മേശയ്ക്ക് അന്യമാവുകയാണ്. ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ മോര്‍ച്ചറിയിലെ ഉപയോഗത്തിന് ശേഷം മാനലിന്യ പുറന്തള്ളുമ്പോഴാണ് മായം ചേര്‍ക്കലുകാര്‍ ഇത് സംഭരിക്കുന്നതെന്ന കഥകള്‍ കൂടി പ്രചരിച്ചതോടെ തീന്‍മേശയില്‍ മത്സ്യം കാണുന്നത് തന്നെ ആരോഗ്യകാരണങ്ങളാലുള്ള ഭയത്തേക്കാള്‍ ഉപരി അറപ്പും വെറുപ്പുമാണ് ഉണ്ടാകുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്തെങ്കിലും ഉത്തരവാദികള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിരുന്നില്ലെന്ന് തന്നെയല്ല് പലപ്പോഴും മായം കലര്‍ന്ന മത്സംയ തിരിച്ചയക്കുകയും ചെയ്യുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വളരെനാള്‍ കേടാകാതെ ഇരിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഇത് മറ്റൊരു സ്ഥലത്ത് വില്‍ക്കാന്‍ സഹായകരമാകുന്നു.

കേരളത്തിലെ റോഡുകളാണ് മറ്റൊരു പേടിസ്വപ്നം. കടല്‍ക്ഷോഭ സമയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് പോലെ അപകടരമാണ് കേരളത്തിലെ റോഡ് യാത്ര. സുരക്ഷിതമല്ലാത്ത റോഡുകളുടെ അവസ്ഥയും വാഹനപ്പെരുപ്പവും ട്രാഫിക്ക് നിയമങ്ങള്‍ കൂസാത്ത ജനങ്ങള്‍കൂടി ചേരുമ്പോള്‍ കേരളത്തിലെ റോഡുകള്‍ തികച്ചും ഭീതി ജനകമാണ്.
ഇതിനെല്ലാം പുറമെയാണ് ഒരോ കാലവര്‍ഷവക്കാലത്തും കേരള ജനതയുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെയും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെയും സുപ്രീം കോടതിയുടെയും നിലപാടുകള്‍ മൂലം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് സമീപ ഭാവിയിലെങ്ങും ഒരു ശാശ്വത പരിഹാര കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
ഇത്തരത്തില്‍ പലരൂപത്തിലും ഭാവത്തിലുമുള്ള ഭീതിയല്‍പ്പെട്ട് കഴിയേണ്ട ദയനീയാവസ്ഥയാണ് മലയാളികളിന്ന്. ഈ ഭീതികലില്‍ പലതും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കപ്പെടാവുന്നതേ ഉള്ളു. അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് തൊടിയിലെ ഫലവര്‍ഗ്ഗങ്ങളും മാലയാളികളുടെ ഇഷ്ട ഭക്ഷണമായ കടല്‍ മത്സ്യങ്ങളുമെല്ലാം അന്യമാകും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
കടുപ്പമേറിയ സമ്മറിന് ഇടക്കാല ആശ്വാസമായി യുകെയിലെ പലയിടങ്ങളിലും ശക്തമായ മഴ. കാലാവസ്ഥയിലുണ്ടായിരിക്കുന്ന നാടകീയ മാറ്റത്തോടെ ഹോസ്‌പൈപ്പ് ബാനില്‍ നിന്ന് വാട്ടര്‍ കമ്പനികള്‍ പിന്‍വാങ്ങുമെന്നാമണ് കരുതുന്നത്. സമീപകാലത്തെ ഏറ്റവും ചൂടേറിയ സമ്മറായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വാട്ടര്‍ കമ്പനികള്‍ അറിയിച്ചിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ ഹോസ്‌പൈപ്പ് നിരോധനം കൊണ്ടുവരാനായിരുന്നു കമ്പനികളുടെ തീരുമാനം.

നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്. സാധാരണ സമ്മറില്‍ ലഭിക്കുന്നതിനെക്കാളും കൂടിയ നിരക്കിലാണ് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിട്ടത്. അതേസമയം ഹീറ്റ് വേവ് അടുത്ത ദിവസങ്ങളില്‍ തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീറ്റ് വേവ് തിരികെയെത്തുന്നതോടെ ജലക്ഷാമവും ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജലവിതരണ കമ്പനികള്‍ നിര്‍ബന്ധിതരാവും.

യുകെയിലെ ഏറ്റവും വലിയ ജലവിതരണക്കാരായ യുണൈറ്റഡ് യൂട്ടിലിറ്റീസാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 7 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഈ നിയന്ത്രണങ്ങള്‍ 5 മുതല്‍ 10 ശതമാനം വരെ ഉപഭോഗത്തില്‍ കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഏകദേശം 100 മില്യണ്‍ ലിറ്ററിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴ സംഭരണികളിലെ ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് അധികൃതര്‍ പ്രതികരിച്ചു. ഹോസ്‌പൈപ്പ് നിരോധനത്തിന് മുന്‍പ് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റിന്റെ ഭീകര വിരുദ്ധ പദ്ധതിയായ പ്രിവന്റ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്താത്തതാണ് ഭീതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശരിയായ സന്ദേശം സ്റ്റാറ്റിയൂട്ടറി ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ സംശയിക്കുന്ന കമ്യൂണിറ്റികള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡ് ബേണ്‍ഹാമാണ് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രിവന്റിംഗ് ഹെയ്റ്റ്ഫുള്‍ എക്‌സ്ട്രീമിസം ആന്‍ഡ് പ്രമോട്ടിംഗ് സോഷ്യല്‍ കൊഹിഷന്‍ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്.

22 പേര്‍ കൊല്ലപ്പെട്ട മാഞ്ചസ്റ്റര്‍ അറീന ചാവേറാക്രമണത്തിനു ശേഷമായിരുന്നു ഇത്. ജനങ്ങള്‍ തീവ്രവാദത്തിലേക്കും തീവ്രവാദാശയങ്ങളെ പിന്തുണക്കുന്നതിലേക്കും നീങ്ങാതിരിക്കാനുള്ള പദ്ധതിയാണ് പ്രിവന്റ്. തീവ്രവാദാശയങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരെ എംപിമാരും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും നേരത്തേ രംഗത്തെത്തിയിരുന്നു. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും കൂടുതല്‍ ആളുകള്‍ തീവ്രവാദത്തിലേക്ക് തിരിയാനും മാത്രമേ ഈ പദ്ധതി ഉപകരിക്കൂവെന്നായിരുന്നു പ്രധാന വിമര്‍ശനം.

പ്രിവന്റിനെക്കുറിച്ച് ആളുകള്‍ക്ക് വ്യക്തത വരുത്തുകയാണ് വേണ്ടതെന്ന് ബേണ്‍ഹാം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റിളെ ലക്ഷ്യമിടുന്നതായി തോന്നിക്കാതെ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുന്ന വിധത്തില്‍ പ്രാദേശികമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലേക്ക് തിരികെ വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ ഇനി മുതല്‍ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. മസ്തിഷ്‌കത്തിന് സാരമായി പരിക്കേറ്റ് 2017 മുതല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 52കാരന് ദയാ മരണം നല്‍കണമന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ഇദ്ദേഹത്തിന് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും നല്‍കുന്ന ട്യൂബുകള്‍ മാറ്റാന്‍ കുടുംബാംഗങ്ങള്‍ അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഹൈക്കോര്‍ട്ട് ഇതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിധത്തില്‍ പ്രതികരണ ശേഷിയില്ലാതെ കഴിയുന്ന രോഗികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. മിസ്റ്റര്‍ വൈ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രോഗി ഡിസംബറില്‍ മരിച്ചു. ഇന്നലെയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികള്‍ക്ക് ലഭിച്ചിരുന്ന സുപ്രധാന നിയമ പരിരക്ഷയാണ് ഇതിലൂടെ ഇല്ലാതായതെന്ന് അഭിഭാഷകര്‍ വിമര്‍ശിച്ചു.

രോഗികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന തീരുമാനമാണ് ഡോക്ടര്‍മാരും ബന്ധുക്കളും സ്വീകരിക്കുന്നതെങ്കില്‍ അതിന് കോടതിയുടെ അനുവാദം ആവശ്യമില്ലെന്നാണ് ഉത്തരവ്. നിയമ നടപടികള്‍ക്ക് സാധാരണ ഗതിയില്‍ കാലതാമസമുണ്ടാകുകയും ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് അപ്പീലുകള്‍ക്കും മറ്റുമായി പണച്ചെലവുണ്ടാകുകയും ചെയ്തിരുന്നു. ക്ലിനിക്കലി അസിസ്റ്റഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ എന്ന പ്രക്രിയ പിന്‍വലിക്കുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമില്ലെന്ന ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.